നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കഥ വഴിയും,ഒരു ടെലഫോൺ അപാരതയും.

Image may contain: 1 person, selfie, closeup and outdoor
മനസ്സിൽ തടസ്സമായി.
അക്ഷരങ്ങൾ പിണങ്ങിയിരിക്കുവാണ്.
നിവർത്തി വച്ച വെള്ളക്കടലാസ്സ് പരിഭവം പറയാൻ തുടങ്ങിയിട്ട് കുറച്ച് സമയമായി.
മാറിൽ മയങ്ങുന്ന തുറന്ന് വച്ച തൂലികയിൽ നിന്നും,ഒരു തുള്ളി മഷി പോലും അവളിൽ പടരാത്തതിന്റെ പരിഭവം.
എന്തെഴുതണമെന്നുള്ള അവന്റെ ചിന്ത അവൾ അറിയുന്നില്ല.
കുടുംബം, ഇണക്കം, പിണക്കം,
കാമം,ചിരി,വിരഹം, മരണം, പ്രണയം.
ചിന്ത പ്രണയത്തിലെത്തിയപ്പോൾ ഒന്ന് നിന്നു.
പ്രണയം, പ്രായഭേദമെന്യേ എങ്ങനെ എഴുതിയാലും വായനക്കാരന്റെ മനസ്സിൽ തൊടാനുള്ള വിഷയം.
തൂലിക കൈയ്യിലെടുത്തു.
ആരെയെങ്കിലും ഒന്ന് പ്രണയിക്കണമല്ലോ പ്രണയാക്ഷരങ്ങൾ പിറക്കണ്ടേ?
രണ്ട് പേരെ പ്രണയിപ്പിക്കണം.
ഓർമ്മവച്ച നാൾ മുതലുള്ള ചില പ്രണയ മുഖങ്ങൾ മനസ്സിലൂടെ മിന്നി മാഞ്ഞു.
അതിൽ ഒരാളെ തിരഞ്ഞെടുത്തു.
അവളുടെ കണ്ണുകൾ, ചിരി, നടത്തം തൂലികയിലേക്കവളുടെ രൂപം ആവാഹിച്ചു തുടങ്ങി.
പെട്ടെന്നാണ് ഒരു ശബ്ദത്തോടു കൂടെ വാതിൽ തുറന്ന് ഒരാൾ കയറി വന്നത്.
ആഴ്ച്ചയിൽ ഒരിക്കൽ ക്ലീനിംഗ് ജോലിക്ക് വരുന്ന ബംഗ്ലാദേശിയായിരുന്നു.
വെയിലേറ്റ് വിയർത്ത് കുളിച്ചിരുന്നു.അവൻ. പുറത്ത് തീ കത്തും പോലെയാണ് ചൂട്.
റൂമിനുള്ളിലെ എ സി യിലേക്ക് ഇരിക്കാൻ കയറി വന്നതാണ്.
"സഹോദരാ ഞാൻ കുറച്ച് നേരം ഇവിടിരുന്നോട്ടെ?" ഹിന്ദിയിലായിരുന്നു. അവന്റെയീ ചോദ്യം.
അടുത്ത കസേരയിലേക്ക് ഞാൻ കണ്ണുകൾ കൊണ്ട് ആംഗ്യം കാണിച്ചു.
സംസാരിക്കാൻ സമയില്ല.
തൂലികത്തുമ്പിൽ പ്രണയം നിൽക്കുവാണ്. അക്ഷരങ്ങൾ തേടി മനസ്സ് അലയുകയാണ്. സ്ക്കൂൾ കാലത്ത് ചോറ്റ് പാത്രത്തിനാൽ കാൽമുട്ടിൽ ഏറ് കൊണ്ട് ഒരു മുഖം മനസ്സിലേക്കെത്തി.
സുന്ദരിയായിരുന്നവൾ, ഇന്നവൾ എവിടെയായിരിക്കും.?
അവളുടെ രൂപം,കണ്ണുകൾ,മനസ്സിൽ ചിത്രങ്ങൾ ശേഖരിച്ചു.
കടലാസ്സ് കുണുങ്ങി ചിരിച്ചു.
തൂലികയുടെ സ്പർശനത്തിനായി വെമ്പൽ കൊണ്ടു.മഷിയുടെ നനവിനായി അവളുടെ മാറിടം കൊതിച്ചു.
"സഹോദരാ എന്താ ആലോചിക്കുന്നത്?"
"ഛെ... " അസമയത്തുള്ള ബംഗാളിയുടെ ചോദ്യം.
ഞാൻ മറുപടി പറഞ്ഞില്ല.
അവനെ രൂക്ഷമായൊന്ന് നോക്കി.
തിരികെ കടലാസ്സിലേക്കെത്തിയപ്പോൾ കാറ്റിൽ അത് പറന്ന് താഴേക്ക് വീണു.
കൂടെ മനസ്സിൽ കുടിയേറിയ പാവാടക്കാരിയും വയൽ വരമ്പിലൂടെ ഓടി മറയുന്നത് കണ്ടു. അവൾ കാഴ്ച്ചയിൽ നിന്ന് മാഞ്ഞു.
എനിക്ക് ദേഷ്യമായി. ഞാൻ രൂക്ഷമായി ബംഗാളിയെ നോക്കി.
"ഇരിക്കാനിടം തന്നപ്പോൾ എന്റെ മനസ്സിലിരുന്നതിനെ നീ ഓടിച്ചല്ലേ ദുഷ്ടാ.." മനസ്സിൽ ഓർത്തുകൊണ്ട് ഞാനവനെ തുറിച്ചു നോക്കി.
തല മുഴുവൻ കഷണ്ടി കയറിയ പൊക്കം കുറഞ്ഞ ഒരു കുള്ളനായിരുന്നു ബംഗാളി.
നാൽപ്പത് വയസ്സ് ഉണ്ടാകും.
ചൂടത്ത് വിയർത്തൊലിച്ച വിയർപ്പു തുള്ളികൾ അവന്റെ രോമമില്ലാത്ത തലയിലൂടെ താഴേക്കൊഴുകുന്നു.
എന്റെ ദേഷ്യഭാവം കണ്ടിട്ടും അവൻ എന്റെ മുഖത്ത് നോക്കി ചിരിച്ചു.
"ഞാൻ നാളെ നാട്ടിൽ പോകുവാണ്. " സന്തോഷത്തോടെ അവൻ പറഞ്ഞു.
'നാട്ടിൽ പോകുന്നു.'ആ രണ്ട് വാക്കുകൾ കേട്ടപ്പോൾ മനസ്സിലെന്തോ ഒരു തണുപ്പായിരുന്നു.
ഫലമായി ഞാൻ അവനോട് സംസാരിച്ചു തുടങ്ങി.
"നിന്റെ നാട് എവിടെയാണ്?
വീട്ടിൽ ആരൊക്കെയുണ്ട്?
കല്ല്യാണം കഴിച്ചുവോ?
കുട്ടികൾ?"
എന്റെ ചോദ്യങ്ങൾക്ക് ഉത്തരങ്ങളുമായി അവൻ വാചാലനായി.
അതിലുടെ ഞാൻ അവന്റെ നാട് കണ്ടു.
വീട് കണ്ടു. തലമുറകൾ കൈമാറി വന്ന നാല് മുറിയുള്ള അവന്റെ വീട്.
ഒരു ചെറിയ കാടിനുള്ളിലായിരുന്നു.
ഷീറ്റ് മേഞ്ഞ വീടായിരുന്നു. അതിനുള്ളിൽ മുകളിലായി തട്ടു പാകിയിരുന്നത്.
അടുക്കളയിലെ അടുപ്പിലെ തീ കത്തിക്കുന്നതിനായി ശേഖരിച്ച,
വിറകുകൾ കൊണ്ടായിരുന്നു.
പച്ച മരത്തടികൾ ഉണങ്ങിയ മണമായിരുന്നു. അതിനുള്ളിൽ.
മുൻവശത്തെ മരക്കൂട്ടങ്ങൾക്കിടയിലെ ചെറിയ വഴിയിലൂടെ
ഒരു വലിയ കെട്ട് വിറകും, കൈയ്യിലൊരു അഗ്രം വളഞ്ഞൊരു കത്തിയുമായി നടന്നു വരുന്നുണ്ടായിരുന്നു. അവന്റെ ബാപ്പ.
വീടിന് അകത്ത് നിന്നും കറുത്ത പൂക്കൾ നിറഞ്ഞ ചിത്രങ്ങളുടെ സാരി അണിഞ്ഞ അവന്റെ ഉമ്മ ഇറങ്ങി വന്നു.
കൈയിൽ ഒരു സ്റ്റീൽ ഗ്ലാസ്സ് ഉണ്ടായിരുന്നു. അവർക്കരികിലെത്തി തലച്ചുമട് താഴേക്ക് ഇട്ടു. അയാൾ.
സ്റ്റീൽ ഗ്ലാസ്സിലെ പാനീയം അവർ അയാൾക്ക് നൽകി.
അത് വാങ്ങി അയാൾ കുടിക്കുമ്പോൾ വീടിനുള്ളിൽ നിന്നും ഒരു കുഞ്ഞിന്റെ കരച്ചിൽ കേട്ടു.
വീടിലെ മുൻവശത്തെ ഉയരം കുറഞ്ഞ വാതിൽപ്പടിയിലൂടെ തല കുനിച്ച് കൊണ്ട് ഒരു പെൺകുട്ടി ഇടുപ്പിൽ ഒരു കുഞ്ഞുമായി ഇറങ്ങി വന്നു.
വെളുത്ത് മെലിഞ്ഞൊരു പെൺകുട്ടി.
അവൾ അണിഞ്ഞിരുന്ന നീല നിറത്തിലെ ചുരിദാറിന്റെ ഷാൾ തലയിലൂടെ മുടി മറച്ച് അണിഞ്ഞിരുന്നു.
വെള്ളം കുടിച്ച് ഗ്ലാസ്സ് കൊടുത്ത പ്രായം ചെന്ന അവന്റെ ബാപ്പ കുഞ്ഞിനെ കൈകൾ നീട്ടിയെടുത്തു.
തലയ്ക്ക് മുകളിലേക്ക് ഉയർത്തി.
കുഞ്ഞ് കാൽവിരലുകളിൽ ചുണ്ടുകൾ മുത്തി.
കരച്ചിൽ നിർത്തിയ കുഞ്ഞ് ചിരിക്കാൻ തുടങ്ങി.
"മോനാണോ? മോളാണോ?"
പെട്ടെന്ന് ഞാൻ ഇടയിൽ കയറി അവനോട് ചോദിച്ചു.
"മോളാണ്. ഞാൻ ഇതുവരെ കണ്ടിട്ടില്ല. നാളെ ഞാൻ കാണും.രണ്ട് വയസ്സാകാറായി. "
അവൻ പറഞ്ഞ് നിർത്തി.
"ആട്ടെ നിന്റെ കല്ല്യാണം പ്രണയമായിരുന്നോ?" ഞാൻ ചോദിച്ചു.
"അല്ല. നാട്ടിൽ വച്ച് എനിക്കവളെ ഇഷ്ടം തോന്നിയിരുന്നു.
ഇവിടെ വന്നു, ജോലി കിട്ടി. പിന്നെ ബാപ്പയെയും ഉമ്മയെയും അറിയിച്ചു. കല്യാണം ആലോചിച്ചു. അവർക്ക് സമ്മതമായിരുന്നു. കല്യാണം കഴിച്ചു. "
അവൻ പറഞ്ഞ് നിർത്തി.
രോമമില്ലാത്ത വെളുത്ത അവന്റെ തലയിലെ വിയർപ്പുതുള്ളികൾ ഉണങ്ങിയിരുന്നു.
"ആട്ടെ അപ്പൊ നീ പ്രണയിച്ചിട്ടില്ലേ?"
എന്റെ ചോദ്യത്തിന് അവന്റെ മുഖത്തൊരു നാണത്തിന്റെ പുഞ്ചിരി വിടരുന്നത് കണ്ടു.
കൈയിലിരുന്ന ചെറിയ തുണികൊണ്ട് അവൻ വെറുതെ തലയിൽ അമർത്തി തുടച്ചു.
"ഉണ്ട്.പ്രണയിച്ചിരുന്നു.ഞാൻ പറയാം. പക്ഷേ നീ ആരോടും പറയല്ലേ."
"പിന്നെ ബംഗാളി നിന്റെ പ്രേമം ഞാൻ പറയാൻ പോകുവല്ലേ? "
ഞാൻ മനസ്സിൽ പറഞ്ഞത് അവൻ കേട്ടുവോ?
അതൊ അവൻ പറഞ്ഞതിന്റെ അനാവശ്യകത ആലോചിച്ചോ?
അവനും തമാശയോടെ വാ തുറന്ന് ചിരിച്ചിട്ടവൻ കഥ തുടർന്നു.
'' സ്കൂളിൽ ഒൻപതാം ക്ലാസ്സിൽ പഠിച്ചിരുന്ന കാലം.
എന്റെ വീടിന്റെ പുറക് വശത്തായി ചെറിയ കാടാണ്.
അതിന് നടുവിലായി കുറച്ച് തുറസ്സായ സ്ഥലം വെട്ടിത്തെളിച്ചിട്ടുണ്ട്.
ഞങ്ങൾക്ക് കളിക്കാൻ വേണ്ടിയാണത്. അതിന് ഒരു വശത്തായാണ് ജമീന്ദാറുടെ പപ്പായത്തോട്ടം.
നീളത്തിൽ വലുതായി മഞ്ഞ നിറത്തിൽ പഴുത്ത് തൂങ്ങി നിൽക്കുന്ന പപ്പായകൾ നിറഞ്ഞ തോട്ടം.
കളിക്കിടയിൽ ഒരു ദിവസം ഞാനും രണ്ടു കൂട്ടുകാരും കൂടെ തോട്ടത്തിനകത്ത് കടന്നു.
ഉയരം കുറഞ്ഞ ഒരു പപ്പായയുടെ കീഴിൽ എത്തി,
മുകളിൽ പഴുത്ത പപ്പായകൾ ഉണ്ട്.
അവർ രണ്ടു പേർ താഴെ നിന്നു.
ഞാൻ മുകളിലേക്ക് വലിഞ്ഞ് കയറി.
മുഴുത്ത മൂന്ന് പപ്പായകൾ അടർത്തിയെടുത്തു.
പതിയെ പതിയെ താഴെയിറങ്ങി.
നിലത്ത് ഞാൻ കാല് കുത്തിയതും എന്റെ ഷർട്ടിന്റെ കോളറിൽ ഒരു പിടുത്തം വീണു.
തല ഉയത്തി ഞാൻ നോക്കിയപ്പോൾ തോട്ടത്തിനുടമയായ ജമിന്ദാർ.
അവൻമാർ രണ്ട് പേരും ദൂരേയ്ക്ക് ഓടി മറയുന്നത് കണ്ടു.
അയാൾ എന്റെ ഷർട്ടൂരി രണ്ടുകൈകളും കൂട്ടി കെട്ടി.
അടുത്തുള്ള ഒരു മന്ദിറിലേക്ക് കൊണ്ട് പോയി.
ഞാൻ പേടിച്ച് കരഞ്ഞ് എന്റെ മുഖം ഒക്കെ ചുവന്ന് തുടുത്തു.
മന്ദിറിൽ ചെന്നപ്പോൾ ജമിന്ദാറിന്റെ ഭാര്യയും മകളും അവിടെ ഉണ്ടായിരുന്നു.
തന്നെ അവിടെ കെട്ടിവച്ച് ആൾക്കാരെ കൂട്ടാനായിരുന്നു അയാളുടെ പദ്ധതി.
അയാളുടെ മകൾ
പാവാടയും ബ്ലൗസുമിട്ട പന്ത്രണ്ട് വയസ്സ്കാരി പെൺക്കുട്ടി.
നീണ്ട തലമുടി പിന്നിക്കെട്ടി ഇരുവശത്തുമായി മുന്നിലേയ്ക്ക് ഇട്ടിരുന്നു.
സ്വർണ്ണ നിറത്തിൽ തിളങ്ങുന്നതായിരുന്നു. അവളുടെ കുപ്പായം.
അവൾ ജമീന്ദാറുടെ ഭാര്യയുടെ ചെവിയിൽ എന്തോ മന്ത്രിക്കുന്നത് കണ്ടു.
ജമിന്ദാറുടെ ഭാര്യ വന്ന് അയാളോട് എന്തൊക്കെയോ സംസാരിച്ചു.
പിന്നെ അവർ തന്നെ വന്നു എന്റെ കൈയ്യിലെ കെട്ടഴിച്ചു തന്നു.
"പൊയ്ക്കോ ഇനി ഇങ്ങനെ ചെയ്യരുത് കേട്ടോ " അവർ പറഞ്ഞു.
"ഇല്ല " എന്ന് ഞാൻ തല ചലിപ്പിച്ചു.
ജമീന്ദാർ അയാളുടെ ചുവന്ന കണ്ണുകൾ ഉരുട്ടി എന്നെ നോക്കുന്നുണ്ടായിരുന്നു.
ഞാൻ ആ പെൺകുട്ടിയെ നോക്കി.
അവൾ ഒന്ന് ചിരിച്ചു.
കൂടെയാ ചുണ്ടുകൾ ചലിക്കുന്നത് കണ്ടു.
എന്താണ് പറഞ്ഞതെന്ന് കേട്ടില്ല.
ഞാനവിടെ നിന്ന് ഓടിപ്പോയി.
അടുത്ത ദിവസം മുതലാണ് അവളുടെ ചുണ്ടുകൾ ചലിപ്പിച്ച വാക്കുകൾ എന്താണെന്ന് ഞാൻ കേട്ടു തുടങ്ങിയത്.
"ചോർ.. ചോർ.."(കള്ളൻ.. കള്ളൻ) സ്ക്കൂളിലും പിന്നെ എവിടെ വച്ച് കണ്ടാലും അവൾ കള്ളൻ കള്ളൻ എന്ന് വിളിക്കുന്നുണ്ടായിരുന്നു.
എനിക്ക് കലശലായ ദേഷ്യം കയറി തുടങ്ങി. പിന്നെയാണ് ഒരു കാര്യം ഞാൻ ശ്രദ്ധിച്ചത്. അവൾ ഒറ്റയ്ക്ക് ആകുമ്പോൾ മാത്രമെ എന്നെ അങ്ങനെ വിളിക്കാറുള്ളു.
കൂട്ടുകാരികൾ കൂടെയുള്ളപ്പോൾ ഒരു ചിരി സമ്മാനിച്ചവൾ കടന്ന് പോകും.
ചുണ്ടുകൾ അനങ്ങുന്നത് കാണാം.
ശബ്ദം പുറത്ത് വരാറില്ല.
കണ്ണുകളിലൂടെ ചില ഇഷ്ടങ്ങൾ പങ്ക് വച്ച് തുടങ്ങുകയായിരുന്നു.
പിന്നീട് ആറ് വർഷത്തോളം തമ്മിൽ പ്രണയിച്ചു.
നമ്മൾ കൈമാറിയ കത്തുകൾ വീട്ടിൽ ഒരു ഇരുമ്പ് പെട്ടി നിറഞ്ഞു.
അവളിൽ നിന്ന് അവസാനമായി കിട്ടിയ കത്തിൽ ഇങ്ങനെ ഉണ്ടായിരുന്നു.
"എനിക്ക് കല്ല്യാണമായി.
ഹിന്ദുവും, മുസ്ലീമുമായ നമുക്ക് ഒരിക്കലും ഇവിടെ ഒരുമിച്ച് ജീവിക്കാൻ കഴിയില്ല.
എല്ലാം മറക്കാൻ നമുക്ക് ശ്രമിക്കാം.
മറിച്ചൊരു തീരുമാനമാണ് നിനക്കുള്ളതെങ്കിൽ മാത്രം മറുപടി എഴുതിയാൽ മതി.
ഞാൻ എന്തിനും നിന്റെ കൂടെ ഉണ്ടാകും.
നിനക്ക് അതിന് കഴിഞ്ഞില്ലെങ്കിലും എന്നും നീയെന്റെ മനസ്സിൽ ഉണ്ടാകും.
നിന്റെ മനസ്സിലും ഞാനുണ്ടാകണം.
നീ എന്നെ മറക്കരുത്."
"ഇതായിരുന്നു ആ കത്ത്. "
അവൻ പറഞ്ഞ് നിർത്തി.
"എന്നിട്ട്.. എന്നിട്ട്.. നീ മറുപടി എഴുതിയില്ലേ?" ആവേശപൂർവ്വം ആയിരുന്നു എന്റെ ചോദ്യം.
"ഇല്ല " എന്നവൻ തലയാട്ടി.
കഥ പറഞ്ഞ് തുടങ്ങിയ സ്വരത്തിലെ ആവേശം അവസാനിപ്പിച്ചപ്പോൾ അവന് നഷ്ടമായ പോലെ തോന്നി.
പറഞ്ഞ് നിർത്തിയവൻ എന്നെ നോക്കിയപ്പോൾ ആ കണ്ണുകൾ നിറഞ്ഞിരിക്കുന്നത് കണ്ടു.
കൈയ്യിൽ കരുതിയ തുണികൊണ്ട് അവൻ കണ്ണുകൾ ഒപ്പി.
ഒരു സാധാരണ പ്രണയം. ഏതൊരു പുതുമയുമില്ല.പ്രായത്തിന്റെ നിസ്സഹായതയിൽ നഷ്ടമായ പ്രണയം.
ഇരുപത്തഞ്ച് വർഷങ്ങൾക്കിപ്പുറവും ആ ഓർമ്മകൾ പങ്ക് വച്ചപ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞതെന്തേ?
ഞാൻ അവന്റെ മുഖത്ത് നോക്കിയിരുന്നു.
തളർന്ന ഒരു ചിരയവൻ സമ്മാനിച്ചു.
"ഭായി ആരെയെങ്കിലും പ്രണയിച്ചിട്ടുണ്ടോ?"
അവന്റെ മറുചോദ്യം വന്നു.
"ഹ ഹ ഞാനോ? ഇല്ലല്ലോ.. "
എന്ന് പറഞ്ഞപ്പോൾ ഉള്ളിൽ ഇരുന്നാരോ ചോർ ചോർ എന്ന് വിളിക്കും പോലെ തോന്നി.
"സമയമായി ഞാൻ പോട്ടെ എന്ന് പറഞ്ഞ് അവൻ യാത്രയായി. "
എനിക്കിനിയും ചോദിക്കാൻ ചോദ്യങ്ങൾ ഒരുപാട് ഉണ്ടായിരുന്നു.
"അവൾ ഇപ്പോൾ എവിടെയാണ്?
പിന്നെ നീ അവളെ കണ്ടിട്ടുണ്ടോ?
നാട്ടിൽ പോകുമ്പോൾ അവളെ കാണാറില്ലേ?" അങ്ങനെയങ്ങനെ..
അറിയാൻ ഒരുപാട് ബാക്കി നിർത്തി അവൻ പോയി.
വെള്ളക്കടലാസ്സിപ്പോൾ സന്തോഷവതിയാണ്.
അറിയാൻ ബാക്കിയായത് ഇനി അവൾ പറയും.
തൂലിക നീല നിറത്തിൽ കുഞ്ഞുറുമ്പുകൾ വരിവയ്ക്കും പോലെ അവളുടെ പുറത്ത് അക്ഷരങ്ങൾ നിരത്തി തുടങ്ങിയിരുന്നു.
നായികയായ ബംഗാളിപ്പെണ്ണിനൊരു രൂപം വച്ചു തുടങ്ങി.
അവൻ പറഞ്ഞത് പോലെ നീണ്ട കണ്ണുകൾ.
ശ്രേയ ഘോഷാലിനെപ്പോലെ
മധുരമാർന്ന ശബ്ദം.
താളത്തിലുള്ള പാദ ചലനങ്ങൾ.
രൂപം നിർമ്മിച്ച് വന്നതിനിടയിൽ
തടസ്സമായി ഫോൺ രണ്ട് വട്ടം ചിലച്ചു.
ശ്രദ്ധിച്ചില്ല.
വിളിക്കുന്നതൊരു അടുത്ത ചങ്കാണ്.
മൂന്നാമതും ശല്ല്യമായപ്പോൾ നിവൃത്തിയില്ലാതെ തൂലിക താഴെ വച്ചു. ഫോൺ എടുത്തു.
കടലാസ്സ് പിണങ്ങിയെന്ന് തോന്നി.
കാറ്റിൽ ഒരു പ്രതിഷേധ ശബ്ദം കേൾപ്പിച്ചു.
ഫോൺ ഞാൻ ചെവിയോട് ചേർത്തു.
"ഹലോ.. "
ചങ്ക്: "ടാ കവി ഈ സ്നേഹം എവിടെ വാങ്ങാൻ കിട്ടും? ലുലു മാളിൽ കിട്ടോ?
നീ വലിയ കവിയല്ലേ മറുപടി പറ."
ആദ്യമെ അവന്റെ ചോദ്യമിതായിരുന്നു.
ഞാൻ:സ്നേഹം വാങ്ങാനോ?
എന്താടാ ഭാര്യയുമായിട്ട് പിണങ്ങിയല്ലേ?
അല്ലാതെ നീയൊന്നും കൂട്ടുകാരെ തിരിഞ്ഞ് നോക്കാറില്ലല്ലോ?
ചങ്ക്: എനിക്ക് ജീവിതം മടുത്തളിയാ
ഞാൻ: എന്താടാ പ്രശ്നം.
ചങ്ക്: എടാ ജീവിതത്തിലെ ഏറ്റവും വലിയ പ്രശ്നമെന്താണെന്നറിയോ?
അത് ദാരിദ്ര്യവും വിശപ്പുമൊന്നുമല്ല.
ഞാൻ:പിന്നെ?
ചങ്ക്:ഓൺലൈനാണളിയാ അത് ഓൺലൈനാണ്.
ഞാൻ:ഓൺലൈനോ?
എന്താ സംഭവം.
ചങ്ക്: ഫോൺ ഓൺ ലൈനിൽ ഉള്ളതിനർഥം
ഞാൻ അത് നോക്കി ഇരുക്കുന്നതല്ലെന്ന് അവളോട് നൂറ് പ്രാവശ്യം പറഞ്ഞിട്ടുണ്ട്.
എന്നാലും അവളെ സംശയം തീരില്ല.
മെസേജിന് മറുപടി അയച്ചില്ല.
നിങ്ങൾ ഓൺലൈൻ ഉണ്ട്.
നിങ്ങക്കിപ്പൊ സ്നേഹമില്ല.
എനിക്ക് സ്നേഹം വേണം.
ഇതൊക്കെ കേട്ടു മടുത്തു.
ഞാൻ ഈ ബന്ധം ഒഴിയാൻ പോകുന്നു."
ഞാൻ: "എന്താടാ നീയീ പറയുന്നേ?
ചെറിയ കാര്യത്തിനൊക്കെ ഡിവേഴ്സോ?
നിന്റെ ഒറ്റമോൾക്ക് ഒരു വയസ്സ് ആയിട്ടില്ലല്ലോ?
നിങ്ങൾ പ്രേമിച്ചൊക്കെ കെട്ടിയതല്ലേ?
രണ്ടു വർഷം പോലുമായിട്ടുമില്ല.
ചങ്ക്: "മോളെ അവൾ വളർത്തിക്കോട്ടെ.
എനിക്കിനി ഇത് സഹിക്കാൻ വയ്യ.
ഇന്ന് രാവിലെ ഫോൺ എടുത്ത് നോക്കിയപ്പോൾ ഇന്നലെ പാതിരാത്രി രണ്ട് മണിക്ക് അവൾ ഇട്ട മെസേജ്.
"ഓൺലൈൻ ഉണ്ടല്ലോ?
ഉം നടക്കട്ട് നടക്കട്ടെന്ന്."
എന്തുവാടേയ് ഇതൊക്കെ
എനിക്ക് മടുത്തു ഇത്.
എനിക്ക് സ്വാതന്ത്ര്യം വേണം.
അവള് പോട്ടെ പുല്ല്."
ഞാൻ: "ടാ അങ്ങനെ ഒന്നും പറയരുത്.
നീ പ്രവാസിയല്ലേ
അവൾ അവിടെ ഒറ്റയ്ക്കല്ലേ?
അതിന്റെ വിഷമങ്ങളും ഒക്കെ അവൾക്കുണ്ടാകില്ലേ?
നിന്റെ കുഞ്ഞിന്റെ അമ്മയല്ലേ?"
ചങ്ക്: "എന്നും പറഞ്ഞ് സഹിക്കുന്നതിന് ഒരു പരിധിയില്ലേ
അവൾ പോയി പണി നോക്കട്ടെ.
എനിക്ക് വേണ്ട.
ഞാൻ ഡിവോഴ്സ് ആകാൻ പോകുവാണ്. "
ഞാൻ: "ആണോ?"
ചങ്ക്: "അതെ. "
ഞാൻ: "തീർച്ചയാണോ?"
അവൻ: "അതേന്ന്."
ഞാൻ: "എന്നാൽ ഡിവോഴ്സ് ചെയ്യളിയാ അവൾക്ക് അത് തന്നെ വേണം.
നിനക്ക് സ്വാതന്ത്ര്യവും കിട്ടും.
ഞാനവളെ നോക്കിക്കോളാം
എനിക്ക് പണ്ടേ അവളെ ഇഷ്ടമായിരുന്നു."
ചങ്ക്:"ങേ.. "
ഞാൻ: "തന്നടാ അവളുടെ നീണ്ട തലമുടിയും,
വിടർന്ന് നീണ്ട കണ്ണുകളും.
ആമ്പൽപ്പൂവ് കണ്ടിട്ടില്ലേ നീ?
ആമ്പൽപ്പൂവിന്റെ ഇതളിന് നടുവിൽ ഞാവൽപ്പഴം വച്ച പോലല്ലേ?
അവളുടെ മിഴികൾ.
പിന്നെ... വിടരാറായ വലിയ താമരമൊട്ടില്ലേ?"
ചങ്ക്: "ടാ നാറീ...കവി മതി.. മതി... "
ഞാൻ: "അല്ലളിയാ നീ കേൾക്ക്.
അവളുടെ ശബ്ദവും മനോഹരമാണ്.
നുമ്മ ഗായിക സുജാത ചേച്ചി സംസാരിക്കുന്നത് കേട്ടിട്ടില്ലേ?
ഓരോ വാക്കിലും ഉണ്ടാകും സ്നേഹം. മാധുര്യമായ സ്വരത്തിൽ."
ചങ്ക്: അതിന് നീ എപ്പൊ അവളോട് സംസാരിച്ചു?
ഞാൻ: ഇന്നലെ എന്നെ വിളിച്ചിട്ടുണ്ടായിരുന്നെടാ.
നിന്നെ വിളിച്ചിട്ട് കിട്ടാത്തത് കൊണ്ട്.
ചങ്ക്: ടാ..അവൾ എന്റെ ഭാര്യയാണ്.
ഞാൻ: ഭാര്യയായിരുന്നതല്ലേ?
നീ ഡിവോഴ്സ് ചെയ്യുവല്ലേ?
പിന്നെന്താ?
നീ പേടിക്കണ്ട.
നിന്റെ മോളെ ഞാൻ പൊന്ന് പോലെ നോക്കി കൊള്ളാം."
ചങ്ക്: "പോടാ കവി തെണ്ടി.
അവൾ എന്റെ കുഞ്ഞിന്റെ അമ്മയാണ്.
അവൾ ഒറ്റയ്ക്ക് ആയോണ്ട് ചില വിഷമങ്ങൾ ഒക്കെ പറഞ്ഞ് പോകുന്നതാണ്.
അത് എനിക്കറിയാം."
ഞാൻ: "ങേ.. അപ്പൊ നീ ഡിവോഴ്സ് ചെയ്യണില്ലേ?"
ചങ്ക്: ഡിവോഴ്സ്, കോപ്പ്, നിന്നോട് ഇതൊക്കെ പറയാൻ വന്ന എന്നെ പറഞ്ഞാൽ മതിയല്ലോ?"
ഫോൺ കട്ടായി.
എനിക്കറിയാം അവനിപ്പോൾ ഭാര്യയെ വിളിക്കുന്നുണ്ടാകും.
"ഇനി അവളെ ശബ്ദം സുജാതച്ചേച്ചിയെ പോലെ തന്നായിരിക്കുമോ?
അതൊ ഇനി ചാളമേരിയെ പോലെ ആകുമോ?
ആർക്കറിയാം, കേട്ടെങ്കിലല്ലേ അറിയൂ.
രണ്ടായാലും ആ ശബ്ദം അവനിപ്പൊ മധുരമായിരിക്കട്ടെ.
എന്റെ നായികക്കൊരു രൂപമായിട്ടുണ്ട്.
കടലാസ്സ് തൂലികയെ വിളിക്കുന്നു.
ഇനിയാരാണ് കഥയുമായി വരുന്നതും നോക്കി വീണ്ടും കാത്തിരിപ്പായി.
ജെ...

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot