നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

റീത്ത്മരം

Woodland, Taiwan, Dead Wood, Mountain 櫸
************
ഉച്ചവെയിലിന്റെ കാഠിന്യം മുഴുവനായും തലയിൽ താങ്ങിയാണ് , 'റീത്ത് മരത്തിന്റെ' നില്പ്. ഇനിയും പൂക്കാൻ 'റീത്തുകൾ' എത്തില്ലെന്നത് കൊണ്ടോ എന്തോ സായാഹ്നമെത്തും മുൻപേ റീത്ത്മരത്തിന്റെ ഇലകൾ കൂമ്പിവാടി ഉറങ്ങിത്തുടങ്ങി.
ജീർണ്ണിച്ചതും വാടിയുണങ്ങിത്തുടങ്ങുന്നതുമായ അനേകം റീത്തുകൾ, മേലേ കൊമ്പുകൾ വരെ അലങ്കരിച്ചിരിക്കുന്നു. ആത്മാക്കളുറങ്ങുന്ന മണ്ണിൽ അവശിഷ്ടമായി മാറുന്ന
റീത്തുകൾ. ഓരോ റീത്തും ഓരോ ആത്മാക്കളെ പേറുന്നുണ്ടെന്ന് തോന്നിപ്പോവും. ചില്ലയൊഴിയാതെ നിറഞ്ഞുനിൽക്കുന്ന റീത്തുകൾ.
നാല് ദിവസം മുൻപേ വന്ന കുഞ്ഞുറീത്തിലെ അരളിപ്പൂക്കളിപ്പോഴും വാടാതെ നിൽക്കുന്നു. അന്ന് ആ കുഞ്ഞുശവപ്പെട്ടി സെമിത്തേരിയിൽ വന്നതിൽ പിന്നെയാണ് അയാളെ തികച്ചും അസ്വസ്ഥനായി കണ്ടുതുടങ്ങിയത്. അല്ലെങ്കിലും ആ കാഴ്ച ആരുടെയും കരളലിയിക്കുന്നതായിരുന്നല്ലോ. ഏതൊരു ശവപ്പട്ടിയും കുഴിയിലിറക്കുമ്പോഴും ആളുകളൊഴിഞ്ഞു പോവാൻ വെപ്രാളം കൊണ്ടിരുന്ന അയാൾ ആ പിഞ്ചുശരീരം കുഴിയിലിറക്കുമ്പോൾ ദൂരെ മാറി കറുത്ത ഗ്രാനൈറ്റിട്ട കല്ലറയ്ക്കടുത്ത് ശാന്തനായിരിക്കുകയായിരുന്നു.
എന്ന് മുതലാണ് അയാളെ ശ്രദ്ധിച്ചു തുടങ്ങിയത്. ഒരുപക്ഷെ ഈ ഫ്ലാറ്റിൽ വന്ന അന്ന് മുതൽക്കേ അയാളും റീത്തുമര സെമിത്തേരിയും കണ്ണുകൾക്ക് സ്വന്തമാവുകയായിരുന്നു.
റീത്ത്മര സെമിത്തേരി...പേര് കൊണ്ട് തന്നെ കൗതുകമാണിവിടം. സെമിത്തേരിയെയും ഫ്ലാറ്റിനെയും തമ്മിൽ വേർതിരിക്കുന്ന കുഞ്ഞിടവഴിക്ക് പോലും ശ്മശാനമൂകതയാണെപ്പോഴും. വരിവരിയായി നിരന്ന് കിടക്കുന്ന വെളുപ്പും കറുപ്പും നിറഞ്ഞ കുരിശുപൂക്കൾക്ക് തണലേകി സെമിത്തേരിയുടെ ഓരത്തായുള്ള, 'റീത്ത് മരം' എന്ന ഉറക്കംതൂങ്ങിമരം.
നരച്ചവെയിൽച്ചീളുകൾക്ക് എത്തി നോക്കാൻ പോലുമാവാത്ത വിധം പരന്നൊഴുകി, റീത്തുകൾ നിറഞ്ഞ ആ മഴമരം, മൂന്നാം നിലയിലെ അടുക്കളക്കാഴ്ചയിലേക്ക് പോലും തണൽക്കാറ്റേകാനെത്താറുണ്ട്.
അന്ന് ശ്യാമേട്ടനേറെ ഇഷ്ടപ്പെട്ട വെണ്ടക്കമെഴുക്കുപുരട്ടി ഉണ്ടാക്കുമ്പോഴാണ് കരിഞ്ഞുണങ്ങിയ അപ്പൂപ്പൻതാടി പോലെ എന്തോ ഒന്ന് ജനവാതിലിലൂടെ അടുക്കളപാതകത്തിൽ വന്ന് വീണത്. ഉറക്കംതൂങ്ങിയുടെ ഉണങ്ങിക്കരിഞ്ഞ പൂ. അന്ന് തൊട്ട് പള്ളിമണികളുടെയും പ്രാർത്ഥനാഗീതങ്ങളുടെയും അകമ്പടിയോടെ
കാഴ്ചയുടെ നിത്യസന്ദർശകരായെത്താറുണ്ട് റീത്ത് മരവും റീത്തുകളും പിന്നെ അയാളും .
ഓരോ പുലരിയിലും പൂജാമുറിയിലെ കത്തിച്ചുവച്ച വിളക്കുകൾക്കൊപ്പം പള്ളിയിൽ നിന്നും എത്തുന്ന പ്രാർത്ഥനാഗീതങ്ങളിൽ മതിമറന്ന്, പഴയ കോൺവെന്റ് സ്കൂൾകാരിയായി കൈകൂപ്പിനിൽക്കുന്ന എന്നെ ശ്യാമേട്ടന്റെ രൂക്ഷ നോട്ടങ്ങൾ വിമർശിക്കാറുണ്ടായിരുന്നു.
''ഹോ...ഇതാ ഈ പള്ളിയുടെ അടുത്തൊക്കെ താമസിച്ചാലുള്ള കുഴപ്പം. മനുഷ്യന് നേരെ ചൊവ്വേ പ്രാർത്ഥിക്കാൻ കൂടി പറ്റില്ല. പോരാത്തതിന് അടുക്കളഭാഗത്തായൊരു സെമിത്തേരിയും..നമുക്ക് വേറെ ഏതെങ്കിലും ഫ്ലാറ്റ് നോക്കാം മിത്രാ''
തികഞ്ഞ ഈശ്വരവിശ്വാസി അല്ലെങ്കിലും മാറിമറിയുന്ന സ്റ്റോക് എക്സ്ചേഞ്ച് നിലവാരപ്പട്ടികകൾക്കൊപ്പം ദൈവങ്ങളുടെ പ്രോഫിറ്റും ലോസും കൂട്ടിച്ചേർത്ത് വായിക്കാറുള്ള ശ്യാമേട്ടനും, അടുക്കളപാത്രങ്ങളോട് മല്ലിട്ട്, ഉപ്പ് ഭരണിയോട് കെറുവിച്ച് ഏലയ്ക്കാ സുഗന്ധത്തിൽ മതിമറന്നിരിക്കാറുള്ള എനിക്കുമിടയിൽ പള്ളിമണികൾ മുഴങ്ങുന്നതെന്നും രണ്ട് ധ്രുവങ്ങളിലായിരിക്കും.
''ആ ജനൽ അടച്ചിട്ടൂടേ മിത്രാ. ശവപ്പറമ്പ് നോക്കി വച്ചുണ്ടാക്കിയത് കഴിക്കാന്ന് വച്ചാ അത്ര സുഖല്ല. പിന്നെ ആ ഭ്രാന്തനും ഫുൾടൈം അവിടെ കാണും. ആ ഭ്രാന്തനെ നോക്കി നേരം കളയുന്ന നേരത്ത് നിനക്ക് വല്ല ഓൺലൈൻ ബിസിനസ് തുടങ്ങിക്കൂടെ. നല്ല പ്രോഫിറ്റ് കിട്ടുന്ന പണിയാ. തനിക്ക് കുക്കിംഗ് ഇഷ്ടം അല്ലെ അങ്ങനെ എന്തെങ്കിലും നോക്ക്. എത്ര സ്ത്രീകൾ ആണ് ഇപ്പോ ഇങ്ങനെ പണം സമ്പാദിക്കുന്നത്."
എന്തിലും ഏതിലും ബിസിനസ് കണ്ണുള്ള ശ്യാമേട്ടന്റെ ശാസനകൾക്കൊന്നും എന്റെ ലോകത്തെ കാഴ്ചകൾ കൊട്ടിയടക്കാനുള്ള ശക്തി ഇല്ലായിരുന്നു. പുതിയ പുതിയ വിഭവങ്ങൾ ആ ജാലകക്കാഴ്ചയിലെ സെമിത്തേരിയ്ക്കും സേഞ്ചോ എന്ന ആ ഭ്രാന്തനും ഒപ്പം പിറവി കൊണ്ടേയിരുന്നു.
സേഞ്ചോ...റീത്ത് മരത്തിലെ റീത്തുകൾക്കുത്തരം തേടിപ്പോയപ്പോൾ എത്തിച്ചേർന്നതാണ് സേഞ്ചോയിൽ. ആളൊഴിഞ്ഞ സെമിത്തേരിയിൽ കാവൽക്കാരനെപ്പോലെ എന്നും അയാളുണ്ടാകും. തെല്ലിടനേരത്തേക്ക് പോലും അവിടെ നിന്ന് മാറാതെ. മഴയും വെയിലും അയാൾക്കൊരുപോലയായിരുന്നു. അയാൾ ഭക്ഷണം കഴിക്കുന്നത് പോലും ഇത് വരെ കാണാനായിട്ടില്ല.
അവിചാരിതമായെത്താറുള്ള മരണമണികളിൽ ആനന്ദം കണ്ടിരുന്ന അയാളോട് ആദ്യമൊക്കെ വെറുപ്പും ദേഷ്യവുമായിരുന്നു. മരണം വിളിച്ചോതുന്ന മണിമുഴക്കത്തിനൊപ്പം ഉച്ചത്തിൽ ഓരിയിട്ട് സെമിത്തേരിയിൽ തലങ്ങും വിലങ്ങും ഓടി നടക്കുന്ന അയാളുടെ പരാക്രമങ്ങൾ, ആരെങ്കിലും വന്ന് ആട്ടിയോടിക്കുന്നത് വരെ തുടർന്നുകൊണ്ടേയിരിക്കും.
കൂറ കുത്തിയ ഷർട്ട്, വയറിൽ കുറുകെ മുറുക്കിക്കെട്ടിയ കയർ, നീളമൊക്കാത്ത പാന്റ്, ജട പിടിച്ച താടിയും മുടിയും, ലഹരി മദിച്ച രക്തമയമായ കണ്ണുകൾ.... അയാൾക്ക് നേരെ വീണ്ടുമൊരു നോട്ടമെറിയാൻ ആരും മടിക്കും. പക്ഷെ സെമിത്തേരിയുടെ വലത് വശത്തെ അതിരിനടുത്തായുള്ള കറുത്ത ഗ്രാനൈറ്റിട്ട കല്ലറ, സദാ സമയവും തുടച്ചു വൃത്തിയാക്കാറുള്ള അയാളിൽ എന്റെ നോട്ടങ്ങളെന്നും ഇറങ്ങിച്ചെല്ലാറുണ്ടായിരുന്നു.
നിത്യശയനത്തിനായെത്തുന്ന മൃതശരീരങ്ങളുടെ അന്ത്യകർമ്മങ്ങൾ കഴിഞ്ഞ് ആളൊഴിയുന്നത് വരെ അയാൾ റീത്ത് മരത്തിനെ ചുറ്റി അതിനെ തൊട്ടും തലോടിയും നടക്കും. പിന്നെ മരത്തിന് മുകളിലേക്ക് നോക്കി അവ്യക്തമായ് എന്തൊക്കെയോ പറയും. ആളുകളൊഴിയുമ്പോൾ കല്ലറയ്ക്കരികിലുള്ള റീത്തുകൾ എടുത്ത് തോളിൽ കോർത്ത് റീത്ത് മരത്തിനടുത്തെത്തി മുകളിലേക്ക് നോക്കി വീണ്ടും എന്തൊക്കെയോ പറയും. അതിന് ശേഷം അരയിലെ കയറഴിച്ചെടുത്ത് മരത്തിനൊപ്പം ചുറ്റിക്കെട്ടി, തികഞ്ഞ അഭ്യാസിയെപ്പോലെ മരത്തിൽ പിടച്ചുകയറും. അപ്പോഴും റീത്തുകൾ തോളത്ത് ഭദ്രമായിരിക്കും. അവ ഏതെങ്കിലും ചില്ലയിൽ കൊരുത്തിട്ട് കൊച്ചുകുട്ടിയെപ്പോൽ കൈകൊട്ടിച്ചിരിക്കും. പിന്നെ ഏറ്റവും താഴെയുള്ള കൊമ്പിൽ വന്നിരുന്ന് താഴേക്ക് ചാടും.
ഈ ചാട്ടം കൊണ്ട് അയാൾ വീണു പോകുമോ എന്ന് പലപ്പോഴും ഞാൻ ഭയന്നിരുന്നു. എന്റെ ആശങ്കയോടെയുള്ള നോട്ടം അയാളൊരിക്കൽ ജനവാതിലിലൂടെ കണ്ടു പിടിച്ചു. അന്ന് മുതൽ റീത്ത് ചാർത്തിക്കഴിഞ്ഞ ഓരോ ഇറക്കത്തിലും അയാൾ ജനലിലേക്ക് നോക്കി ചിരിച്ച് കൈകൂപ്പിക്കൊണ്ട് താഴേക്ക് ചാടും.
കല്ലറയ്ക്കരികിലെ മരണഗന്ധമകന്നിട്ടില്ലാത്ത റീത്തുകളുടെ അപഹരണത്തിൽ അന്ത്യോപചാരത്തിനെത്തുന്നവരിൽ നിന്നും ചിലപ്പോഴൊക്കെ അയാൾക്ക് പ്രഹരവുമേൽക്കാറുണ്ട്.
രണ്ടു മാസം മുൻപുള്ളൊരു ശനിയാഴ്ച ശ്യാമേട്ടന്റെ നോർത്തിന്ത്യൻ ഫ്രണ്ട്സിനായി ക്യാരറ്റ് ഹൽവ ഉണ്ടാക്കിക്കൊണ്ടിരിക്കുമ്പോഴാണ് സെമിത്തേരിയിൽ ബഹളം കേൾക്കുന്നത്. കല്ലറയ്ക്കരികിൽ നിന്ന് റീത്ത് എടുത്തുകൊണ്ടോടിയതിന് സേഞ്ചോയെ മൂന്നാല് പേർ ചേർന്ന് അടിക്കുകയും ഇടിക്കുകയും ചെയ്യുന്നതിന്റെ ബഹളമായിരുന്നു.
'ഓ ആ സെമിത്തേരിയിൽ ഒരു ഭ്രാന്തനുണ്ട്. വലിയ ശല്യമാണ്. കാര്യമാക്കണ്ട'
ഷെയർ ട്രേഡിങ്ങിന്റെയും,ഓഫീസ് ഗോസിപ്പുകളുടേയും അട്ടഹാസങ്ങൾക്ക് തടസ്സമായ സെമിത്തേരിയിലെ ബഹളത്തിൻ കാരണം ശ്യാമേട്ടൻ കൂട്ടുകാരെ ഹിന്ദിയും ഇംഗ്ലീഷും കലർന്ന ഭാഷയിൽ പറഞ്ഞു മനസ്സിലാക്കി കൊടുക്കുമ്പോൾ,
കല്ലറയ്ക്ക് മുകളിൽ തല ചായ്ച്ചു കിടക്കുന്ന ഭ്രാന്തൻ രൂപത്തിന്റെ ഭൂതകാലം വരച്ചിടുകയായിരുന്നു എന്റെ മനസ്സപ്പോൾ.
ഫ്ലാറ്റിലേക്ക് കുടിവെള്ളബോട്ടിലുമായി വരാറുള്ള പോളി ചേട്ടൻ പറഞ്ഞ കഥകൾക്ക് നിറം നൽകിയപ്പോൾ ആ ഭ്രാന്തൻ രൂപത്തിൽ മറഞ്ഞിരിക്കുന്ന സെൻ ജോൺ എന്ന മിടുക്കനായ എഞ്ചിനീയറിങ്ങ് വിദ്യാർത്ഥിയെ കണ്ടു, മൂന്ന് മിനിറ്റ് വ്യത്യാസത്തിൽ അവനൊപ്പം പിറന്ന സഹോദരി സെറിനെ കണ്ടു. അപ്പന്റെയും അമ്മയുടെയും മൃതശരീരത്തിൽ നോക്കി കരയുന്ന ആ സഹോദരങ്ങളുടെ അനാഥത്വം കണ്ടു.
ആ മൃതശരീരങ്ങൾക്ക് മേൽ അർപ്പിച്ച റീത്തുകൾ കണ്ട് സ്ഥിരബോധം നഷ്ടപ്പെട്ട് ഭ്രാന്തിയെപ്പോലെ പരാക്രമം കാണിക്കുന്ന പതിനഞ്ചുകാരിയെയും അവളെ അനുനയിപ്പിക്കാൻ ശ്രമിക്കുന്ന സഹോദരനെയും കണ്ടു. വിഭ്രാന്തി നിറഞ്ഞ അവളുടെ ജീവിതത്തിന്റെ കാവലാളായി മാറിയ സഹോദരന്റെ സ്നേഹം കണ്ടു. ഒടുവിൽ ഒരു മുഴം കയറിൽ ജീവനൊടുക്കി അവനെ ഏകാന്തതയിലേക്ക് തള്ളിയിട്ട്
കറുത്ത ഗ്രാനൈറ്റ് കല്ലറയിലെ നിത്യതയിലേക്ക് അവൾ യാത്രയായപ്പോൾ അവനിലവശേഷിച്ച ഭ്രാന്തമായ സഹോദരസ്നേഹവും കണ്ടു. ഉറ്റവരെയെല്ലാം കവർന്നെടുത്ത, മരണത്തിനും റീത്തുകൾക്കും ഒരേ ഗന്ധമാണെന്ന തോന്നലിൽ അവയെ കശക്കി എറിയുവാനുളള അവന്റെ ആവേശം ഇന്ന് വളർന്ന് ഒരു വൻവൃക്ഷമായി മാറിയതും കൺമുന്നിൽ കണ്ടു.
റീത്തുകൾക്ക് മരണഗന്ധമാണോ എന്നറിയില്ല. പക്ഷെ ഇന്നാദ്യമായി
അടുക്കളജനവാതിൽക്കലെത്തിയ കുഞ്ഞിളംകാറ്റിന് മരണത്തിന്റെ ഗന്ധമാണ്. രാവിലെ തന്നെ മനസ്സും ശരീരവും ഒരുപോലെ മരവിപ്പിച്ച ജനൽക്കാഴ്ച കണ്ണിൽ തറഞ്ഞുനിൽക്കുന്നു.
കുഞ്ഞുറീത്ത് ചാർത്തിയ മരക്കൊമ്പിൽ തൂങ്ങിയാടുന്ന ഭ്രാന്തൻ രൂപം. അതിന്റെ അരയിൽ കെട്ടിയിരുന്ന കയറ് ഇന്ന് സ്ഥാനം മാറി കഴുത്തിലായിരുന്നു മുറുക്കി ഇരുന്നത്.
ഇനിയൊരു റീത്ത് പോലും അണിയാനാവില്ലെന്ന് റീത്ത് മരത്തെ ഓർമ്മിപ്പിച്ചു കൊണ്ട് സേഞ്ചോയുടെ മരണം വിളിച്ചോതുന്ന മണിയൊച്ചകൾക്കൊപ്പം ഒഴുകിയെത്തുന്ന ഗാനം....
'സ്വന്തബന്ധങ്ങൾ വിട്ടു പോന്നപ്പോൾ
നൊന്തുനീറിയോ നിൻമനം
ശങ്ക കൂടാതെ ചൊല്ലീ ഞാൻ
കർത്താവേ ഇല്ല തെല്ലുമേ
എത്തി ഞാനെത്തി സന്നിധേ
ഇത്ര നാൾ കാത്ത സന്നിധേ'
സേഞ്ചോയുടെ ശരീരവും വഹിച്ചെത്തുന്ന ശവമഞ്ചം സെമിത്തേരിയിലേക്ക് കടക്കുമ്പോൾ ആ കറുത്ത ഗ്രാനൈറ്റ് കല്ലറ തുറക്കപ്പെട്ട നിലയിലായിരുന്നു. പള്ളി സെമിത്തേരിയും റീത്ത് മരവും റീത്തുകളും നിശ്ചലമായ കാഴ്ച. ചില കാഴ്ച്ചകൾ നിശ്ചലമാകുന്നത് മനസ്സിനെ ശൂന്യതയിലേക്ക് തള്ളിവിട്ട് കൊണ്ടായിരിക്കും.
ആ കല്ലറയ്ക്ക് മുകളിൽ സമർപ്പിക്കപ്പെടുന്ന റീത്തുകളെക്കുറിച്ച് ആശങ്കപ്പെട്ടുകൊണ്ട് ശൂന്യത തളം കെട്ടി നിൽക്കുന്ന അടുക്കളയുടെ ജനവാതിൽ ഞാൻ എന്നെന്നേക്കുമായി അടച്ചിട്ടു.
(അവസാനിച്ചു)
ബിനിത
Binitha Sain

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot