Slider

ഒരൊന്നൊന്നര കല്യാണം

0


ഈ കഥയും ഇതിലെ കഥാപാത്രങ്ങളും തികച്ചും സാങ്കൽപികമേയല്ല. എല്ലാം ഒറിജിനലാ... 
 
                  ഞാൻ പ്ലസ്ടു പരീക്ഷ കഴിഞ്ഞു ഒരു പണീമില്ലാതെ വീട്ടിൽ ചുമ്മാ ഇരിക്കുന്ന കാലം.കുഞ്ഞീലെ മുതൽ അച്ഛന്റെ വാലിൽ തൂങ്ങി എല്ലാടത്തും പോയി ശീലമുള്ളതുകൊണ്ട്,അത്ര ചെറിയ പ്രായത്തിലെ ഒരുപാട് കാല്യാണങ്ങളും പേരുവിളികളും തുടങ്ങി അടിയന്തിരങ്ങളും സഞ്ചയനങ്ങളും വരെ പങ്കെടുത്ത പരിചയസമ്പന്നത കൈവരിച്ച ആളായിരുന്നു ഞാൻ. അങ്ങനെ ഒരു ദിവസം രാത്രി ഫുഡ്ഡടിടെ സമയത്താണ് അച്ഛൻ പറഞ്ഞത്,
"നാളെ ബഷീർ ഇക്കാന്റെ മോൾടെ കല്യാണം ആണ്. ഞങ്ങൾക്ക് രണ്ട്പേര്ക്കും ജോലി ഉണ്ട്, അപ്പൊ മോളു പോക്വോ കല്യാണത്തിന്...? "
ആവശ്യം ന്യായമായതുകൊണ്ടും എനിക്കിവിടെ പ്രത്യേകിച്ച് ജോലിയൊന്നുമില്ലാത്തതുകൊണ്ടും പോകാം എന്നു മനസ്സിൽ തീരുമാനിച്ച സമയത്താണ് അമ്മേടെ വക ഒരു വാൽകഷ്ണം
"ഇന്ദ്രൻചേട്ടൻ എന്തിനാ അവളോട്‌ അനുവാദമൊക്കെ ചോദിക്കുന്നെ, വേറെ പണിയൊന്നുമില്ലല്ലോ, ഉണ്ടെങ്കിലും അവളതൊന്നും ചെയ്യാനും പോണില്ല. അപ്പൊ പിന്നെ ഇങ്ങനെലും ഒരു ഉപകാരം ആയിക്കോട്ടെ... "
ഓഹോ, അപ്പൊ കാര്യങ്ങൾ അങ്ങനെയാണല്ലേ. ഞാൻ ഒരു പണിയുമില്ലാത്തവലാണെന്നുള്ള അമ്മേടെ തെറ്റുധാരണ മാറ്റാനും, അച്ഛന്റെ മുമ്പിൽ നഷ്ട്ടപ്പെട്ട എന്റെ അഭിമാനം തിരിച്ചെടുക്കാനും വേണ്ടി ഞാൻ പറഞ്ഞു :
"അയ്യോ, അച്ഛാ എനിക്ക് നാളെ തൃശ്ശൂര്ക്ക് പോണം,അമൃത വരുന്നുണ്ട്. അവളെ ഒന്നു കാണേം ചെയ്യാം ഒപ്പം എൻട്രൻസ് നു രണ്ടുപേർക്കും ഒരുമിച്ചു അപ്പ്ലിക്കേഷനും അയക്കാം. "
അമ്മയുണ്ടോ വിടുന്നു,പുള്ളിക്കാരി സർവ്വശക്തിയുമെടുത്തു എന്റെ ആവശ്യത്തിന് പുല്ലുപോലെ തടയിട്ടു. എന്തായാലും ബുദ്ധിപരവും വികാരനിര്ഭരവുമായ എന്റെ പോരാട്ടങ്ങൾക്കൊടുവിൽ കല്യാണത്തിന് പോയി കഴിഞ്ഞു നേരെ തൃശ്ശൂർക്ക് വിട്ടോളാൻ പറഞ്ഞു അച്ഛൻ. പരിപാടികളിൽ മാറ്റം വരുത്താൻ കമ്മിറ്റിക്ക് അധികാരമുള്ളതുകൊണ്ട് അനാവശ്യ ചർച്ചകൾക്ക് മുഖംകൊടുക്കാതെ ഞാൻ വേഗം പോയി കിടന്നുറങ്ങി.
പിറ്റേന്ന് രാവിലെ ഉറക്കത്തിനു വിളിച്ചു എണീപ്പിച്ചു അമ്മ പറഞ്ഞു :
"രണ്ടു മണി ആവുമ്പോളേക്കും കല്യാണത്തിന് പോണം. ബഷീർ ഇക്കയെ കണ്ടു, ഈ കവർ പുള്ളീടെ കയ്യിൽ കൊടുക്കണം. മറക്കരുത്... നിന്നോടാ പറയുന്നേ, കല്യാണത്തിന് പോണംന്നു.. "
"ഓ, ഞാൻ പൊക്കോളാം അമ്മേ "
"പിന്നെ വൈന്നേരം ഞാൻ വരുമ്പോളേക്കും വീട്ടിലുണ്ടായില്ലെങ്കിലാ എന്റെ സ്വഭാവം മാറുന്നെ. കേട്ടല്ലോ ?"
കൂടെ കണ്ണുരുട്ടി ഒരു നോട്ടവും,നേരം വൈകിയതുകൊണ്ട് ബാഗുമെടുത്തു പിടഞ്ഞോണ്ട് ഒരോട്ടവും...
ഇതിനുള്ള മറുപടി വൈകുന്നേരം വന്നിട്ടാവാം എന്നു മനസ്സിൽ ഉറപ്പിച്ചു ഞാൻ വീണ്ടും കിടന്നു.
റെഡി ആയി കഴിഞ്ഞു, അമ്മ മേശപ്പുറത്തു വെച്ച കവർ എടുത്തു ബാഗിലിട്ട് വീടും പൂട്ടി ഇറങ്ങി. വെയിലൊന്നും വകവെക്കാതെ നടന്നു ടി.ഡി.പി ഹാളിലെത്തി. നല്ല തിരക്കുണ്ട്. എല്ലാ കല്യാണങ്ങൾക്കും ഉണ്ടാവാറുള്ള എന്നെപോലെ കുറച്ചുപേർ ഹാളിനു പുറത്തുണ്ടായിരുന്നു. എല്ലാരോടും ഒരു ചിരിയും പാസാക്കി ഞാൻ ഹാളിന്റെ ഉള്ളിലേക്ക് കേറി. സ്റ്റേജിൽ ചെക്കന്റെ ടീമിന്റെ ചടങ്ങുകൾ, പെണ്ണിനെ കാണാനില്ല. പിന്നെ എന്റെ പ്രധാന ഉദ്ദേശ്യം അതല്ലാത്തതുകൊണ്ട് പെണ്ണിനെ കാണാൻ പറ്റാത്ത വിഷമം തല്ക്കാലം മാറ്റിവെച്ചു ഞാൻ ഒഴിയുന്ന കസേര ചാടി പിടിക്കാൻ റെഡി ആയി നിന്നു.അങ്ങനെ അടുത്ത പന്തിയിൽ തന്നേ എന്റെ ധൗത്യം വിജയം കൈവരിച്ചു. നെയ്ച്ചോറും ചിക്കെനും കഴിച്ചു കഴിഞ്ഞതോടെ ബഷീർ ഇക്കയെ കണ്ടു കവറും കൊടുത്തു സ്ഥലം കാലിയാക്കൽ ആയി എന്റെ അടുത്ത ഉദ്ദേശ്യം.പക്ഷെ എത്രനോക്കിയിട്ടും പുള്ളീനെ മാത്രം കണ്ടില്ല... ഇതെന്താപ്പോ സംഭവം, പെണ്ണിന്റെ അച്ഛനില്ലാതെ ഒരു കല്യാണോ ?എന്റെ കയ്യിൽ പാഴാക്കാൻ അധികം സമയമില്ലാത്തതുകൊണ്ട് അടുത്ത് നിന്ന ഒരു ഇത്തയോട് ഞാൻ കാര്യം തിരക്കി :
"ഇത്ത, ഈ.... മണവാട്ടീടെ ഉപ്പാനെ കണ്ടോ ?"
മുഖത്തൊരു ചിരിയൊട്ടിച്ചു,എല്ലാ വിരുന്നുക്കാരോടും ഓടി നടന്നു വിശേഷങ്ങൾ തിരക്കുന്ന ഒരു മെലിഞ്ഞ മനുഷ്യനെ ചൂണ്ടിക്കൊണ്ട് ഇത്ത പറഞ്ഞു :
"ദേ, അതാ പെണ്ണിന്റെ ഉപ്പാ.. "
എനിക്കണോ അതോ ഇവർക്കാനോ തെറ്റിയത് എന്നറിയാൻ ഞാൻ സ്റ്റേജിലേക്ക് ഒന്നു നോക്കി, ബഷീറിക്കാന്റെ മോൾക്ക്‌ പകരം വേറൊരു സുന്ദരിമണവാട്ടി മണവാളനോട് ചേർന്നു നിന്നു ഫോട്ടോക്ക് പോസ് ചെയ്യുന്നു...
അങ്ങനെ ആ കാര്യത്തിൽ ഒരു തീരുമാനമായിന് ഉറപ്പിച്ചു കഴിച്ച നെയ്‌ച്ചോറിനു നന്ദി പറഞ്ഞുകൊണ്ട് ഹാളിനു പുറത്തിറങ്ങിയപ്പോ ദേ റോഡിലൂടെ പോകുന്നു നിർമലവെല്ലിമ്മ.ഇനി ഇങ്ങനെ സംഭവിച്ചൂടാന് ഉറപ്പിച്ചു ഞാൻ തന്നെ മുൻകൈയെടുത്തു വെല്ലിമ്മയോട് ചോദിച്ചു:
"നിര്മലവെല്ലിമ്മ എവിടെ പോകാ?"
"ഞാൻ ചാപ്പാറക്ക് പോകാ,ബഷീറിന്റെ മോൾടെ കല്യാണത്തിന്. വീട്ടിനു ആരാ പോണേ ?"
"എന്നാ ഞാനും വരാം.. "
ഇങ്ങനെ പറഞ്ഞു ഞങ്ങൾ രണ്ടുംകൂടി ഇ. കെ. ഡി ഹാളിൽ ചെന്നപ്പോ ഫ്രെന്റിൽ തന്നെ നിൽക്കുന്നു നമ്മുടെ പൊന്നുപ്പ, ബഷീർ ഇക്ക. എന്നെ കണ്ടാൽ കിണ്ണം കാട്ടൂനു തോന്നാത്തൊണ്ട് മെല്ലെ ആ കവർ എടുത്തു ഇക്കാന്റെ കയ്യിൽവെച്ചുകൊടുത്തു, നിർമലവെല്ലിമ്മക്ക് ഒരു കമ്പനി കൊടുക്കാൻ വേണ്ടി മാത്രം ഇത്തിരി ബിരിയാണീം കൂടി കഴിച്ചു,ചാപ്പാറ എയർപോർട്ടീന് ഞാൻ തൃശൂർ എയർപോർട്ടിലേക്ക് ഫ്ലൈറ്റ് കേറി. അവിടെ എത്തിയപ്പോളേക്കും എന്നെ കാത്തുനിന്നു ദേഷ്യം വന്ന അമൃത,തിരിച്ചു അവളുടെ വീട്ടിലേക്കു പോയതുകൊണ്ട് നേരം കളയാതെ അടുത്ത ബസിനു തന്നെ എനിക്ക് തിരിച്ചു പോരാനും പറ്റി.
ഈ സംഭവം കൊണ്ട് ഞാൻ കുറച്ചു ചമ്മിയെങ്കിലും എന്റെ അമ്മക്കിത് ഇന്നും ഒരു വജ്രായുധമാണ്. അതിനുശേഷം ഏതെങ്കിലും പരിപാടിക്ക് പോകാതെ മടിപിടിച്ചിരുന്നാൽ അമ്മക്ക് പറയാൻ പഞ്ചുള്ള ഒരു ഡയലോഗ് കൂടി ദൈവം കനിഞ്ഞു കൊടുത്തു :
"നിര്ബന്ധിക്കണ്ട ഇന്ദ്രൻചേട്ടാ, അവൾക്കു ക്ഷണിക്കാത്ത കല്യാണങ്ങൾക്ക് പോകാനാ താല്പര്യം... "
ആരെങ്കിലും എന്റെ ഉത്തരവാദിത്തത്തെ പുകഴ്ത്തി പറഞ്ഞാലോ, ഒട്ടും വൈകില്ല :
"ഉത്തരവാദിത്തം ഇത്തിരി കൂടുതലാണ്, ഒരു കല്യാണത്തിന് പോകാൻ പറഞ്ഞാൽ ആ പരിസരത്തുള്ള എല്ലാ കല്യാണത്തിനും പോയി, സദ്യയും കഴിച്ചിട്ടേ വരൂ... അത്രക്ക് ഉത്തരവാദിത്തമാ... "
ഒന്നും പറയാനില്ലാതെ ഞാൻ നിശബ്ധത ആയുധമാക്കുന്ന ചില സന്ദർഭങ്ങളിൽ ഒന്നു മാത്രമാണിത്... 

By: Amritha Indran
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo