"ചെക്കന് കുട്ടിയോട് എന്തെങ്കിലും സംസാരിക്കണമെങ്കിൽ ആവാം ട്ടോ"
പെൺവീട്ടുകാരിൽ ആരോ ഒരാൾ പറയുന്നത് കേൾക്കേണ്ട താമസം അവൻ ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റു.
അവൻ്റെ ധൃതി ശ്രദ്ധിച്ച് കൂടെ വന്നവർ ഒരു നോട്ടം കൊണ്ടവനെ നിയന്ത്രിച്ചു.
"എന്തിനാടാ ഇത്രയും ധൃതി,ആ കുട്ടിയോട് നിൻ്റെ പഴമ്പുരാണം വല്ലോം പറഞ്ഞ പിന്നെ നീ വീട്ടികേറണ്ടാ"
അമ്മയുടെ വക താക്കീത് വേറെയും
അവൻ പതിയെ വീടിനകത്തേക്ക് കയറി,ഒരു ചെറിയ ഓട് വീടാണ്,അയൽവക്കത്തെ ചേച്ചിമാരാണെന്നു തോന്നുന്നു അടുക്കള ഭാഗത്തു പതുങ്ങി നിൽപ്പുണ്ട്,ഇടനാഴിയിൽ നിന്നും കേറിചെല്ലാവുന്ന ഒരു മുറിയിൽ പെൺകുട്ടി നിൽപ്പുണ്ട്.നേരത്തെ ചായ കൊണ്ടുതന്നപ്പോൾ കണ്ടതാണ്.അവൻ ആ മുറിയിലേക്ക് കടന്നു ചെന്നു.പെൺകുട്ടി ഒന്ന് അനങ്ങി നിന്ന് വിനയം കാണിച്ചു.
അവർ പരസ്പരം നോക്കി
"എന്നോട് എന്തെങ്കിലും പറയാനുണ്ടോ ?"
അവൻ ചോദിച്ചു
അവൾ ഒന്ന് അമ്പരന്നു,ആദ്യമായാണ് പെണ്ണുകാണാൻ വന്ന ഒരാൾ,ആദ്യം തന്നെ തനിക്ക് പറയാനുള്ളത് കേൾക്കാൻ താല്പര്യം കാണിക്കുന്നത്.എല്ലാരും വന്നപടി പേരടക്കം കുറെ ചോദ്യങ്ങൾ തൻ്റെ നേരെ പ്രയോഗിക്കലാണ് പതിവ്.അവൾ ചുറ്റും ഒന്നുനോക്കി.ആ മുറിയിൽ നിന്നും സ്വകാര്യം പറഞ്ഞാൽ പോലും അപ്പുറത്തും ഇപ്പുറത്തും ഉള്ള എല്ലാർക്കും കേൾക്കാം.അതിൻ്റെ ഒരു അതൃപ്‌തി അവളിൽ ഉണ്ട്, അത് അവനും തോന്നി.അവൻ മുറിക്ക് പുറത്തേക്ക് തലയിട്ട് നോക്കി.തങ്ങളുടെ സംസാരം കേൾക്കാനായി ശ്വാസം അടക്കിപ്പിടിച്ചു നിൽക്കുന്നവർ.
" നമുക്കൊന്ന് പുറത്തേക്ക് നിന്നാലോ" അവൻ ചോദിച്ചു
അവൾ സമ്മതിച്ചു തലയാട്ടി
അവൻ മുറിയിൽ നിന്നിറങ്ങി അടുക്കളവഴി പുറത്തേക്ക് നടന്നു പുറകെ അവളും.അടുക്കളയിൽ കൂടിനിൽക്കുന്നവരുടെ ഇടയിൽകൂടി കടന്നു പോവാൻ അവൾ ഒന്ന് മടിച്ചു.
അവൾ പുറത്തേക്ക് ഇറങ്ങി വരുമ്പോൾ കാണുന്നത് എന്തോ കണ്ടു അമ്പരന്നു നിൽക്കുന്ന അവനെ ആണ്.
നോക്കെത്താദൂരത്ത് നീണ്ടുനിവർന്നുകിടക്കുന്ന വയൽ ആണ്,പച്ച പരവതാനി പോലെ,ഇടക്കിടക്ക് വരമ്പുകളിൽ തലയെടുപ്പോടെ നിൽക്കുന്ന തെങ്ങുകൾ
"എന്താ എന്തുപറ്റി" അവളുടെ ചോദ്യം കേട്ട് അവൻ തിരിഞ്ഞു നോക്കി
"എന്നാ ഭംഗിയാടോ ഇത്,ഹോ അടിപൊളി,നമ്മുക്ക് ആ പാടത്തോട്ട് പോയാലോ,ബുദ്ധിമുട്ടാവുമോ "
"ഏയ് ഇല്ല"
എന്ന വാ എന്നുംപറഞ്ഞവൻ നടന്നു തുടങ്ങി
"എൻ്റെ പേര് അറിയാവോ തനിക്ക്" അവൻ ചോദിച്ചു
"മനു എന്നല്ലേ"
"അതെ,തൻ്റെ പേര് എന്താ"
"അനു"
അവൻ തിരിഞ്ഞു അവളെ ഒന്ന് നോക്കി,പേരിലെ കൗതുകം കൊണ്ടാണ്.അവനു വിശ്വാസം വന്നില്ല എന്ന് കണ്ടു അവൾ ഒന്നുറപ്പിച്ചു പറഞ്ഞു
"ആണെന്നേ,എൻ്റെ എല്ലാ സർട്ടിഫിക്കറ്റിലും അനു എന്ന് തന്നെയാ"
അവർ ഒരു പാടവരമ്പത്തെ തെങ്ങിൻ ചോട്ടിൽ നിലയുറപ്പിച്ചു
"ഹാ എന്തൊരു സാമ്യത അല്ലെ മനു ..അനു .."
"അല്ല ഞാൻ ചോദിച്ചതിന് മറുപടി പറഞ്ഞില്ല,തനിക് എന്നോട് എന്തേലും പറയാനുണ്ടോ?"അവൻ വീണ്ടും ഓർമ്മപെടുത്തി
"ഞാൻ എന്ത് പറയാനാ,സാധാരണ വരുന്നവരാണ് സംസാരിക്കാറ്,ഞാൻ മറുപടി പറയും അത്രതന്നെ.ഇതാദ്യാമായാ ഇങ്ങനെ ഒരാൾ ചോദിക്കുന്നെ ഇതറിഞ്ഞേൽ ഞാൻ എന്തേലും ചോദ്യം കരുതിയേനെ "
അവൻ്റെ സംസാരവും പെരുമാറ്റവുമൊക്കെ ഒരു പെണ്ണുകാണൽ ചടങ്ങിൻ്റെ കൃത്രിമ ഔപചാരികത അവളിൽ നിന്നും മാറ്റി.അവൾ ഒരു കൂട്ടുക്കാരിയോടെന്ന പോലെ സംസാരിച്ചുതുടങ്ങി.
"ഞാൻ എത്രാമത്തെ ആളാ"
"ഫിഫ്ത്"
"ഓ അപ്പൊ നാല് ആളുകൾ തന്നെ വീട്ടി കേറി വായ്നോക്കി അല്ലേ ?,എനിക്കിഷ്ടമല്ല ഈ ഏർപ്പാട്,എന്തൊരു ബോർ ആണ്"
"സത്യം എനിക്കും മടുത്തു,ഇതിനേക്കാൾ നല്ലതു ബസ് സ്റ്റോപ്പിൽ നിൽക്കുന്നതാ ഇഷ്ടപെട്ടില്ലേൽ പോടാ എന്നെങ്കിലും വിളിക്കാം " അവൾക്ക് പരിഭവം
"നിങ്ങൾ പെണ്ണുങ്ങൾ നിന്ന് കൊടുത്തിട്ടല്ലേ"
"അല്ലാതെ എന്ത് ചെയ്യാനാ,കല്യാണം നടക്കണ്ടേ അതിനു ഇതൊക്കെ വേണം"
"ങും ...."അവൻ ഒന്ന് ഇരുത്തി മൂളി
"നിങ്ങൾ വലിയ പണക്കാർ ഒന്നുമല്ല പക്ഷെ നിങ്ങൾ മക്കളെ നിങ്ങളുടെ അച്ഛൻ നല്ല പോലെ പഠിപ്പിച്ചിട്ടുണ്ടല്ലേ"
"ങും" അവൾ മൂളി
"അതെ എനിക്കൊരു പ്രേമം ഉണ്ടാരുന്നു,അവൾ തേച്ചിട്ടു പോയി ഞാൻ അതിൻ്റെ ഫീലിൽ ആയിരുന്നു.'അമ്മ തന്നോട് പറയേണ്ട എന്ന് പറഞ്ഞതാ"
"പോയവൾ പോട്ടെ" അവൾ വളരെ നിസാരമായി പറഞ്ഞു
അവരുടെ സംസാരം തുടർന്നുകൊണ്ടേ ഇരുന്നു.
പെട്ടെന്ന് അവന്റെ ഫോൺ റിങ് ചെയ്തു.അമ്മയാണ് ,അവൻ ഫോൺ എടുത്തു
'അമ്മ :"എവിടെയാ നിങ്ങൾ എത്ര നേരമായി വാ നമ്മുക് പോണ്ടേ "
മനു:"നിങ്ങൾ പൊയ്ക്കോ ഞാൻ വന്നേക്കാം"
അവന്റെ മറുപടി കേട്ട് അവൾ പുഞ്ചിരിച്ചു.
കുറെ നേരം കാത്തിരുന്നിട്ടും ചെക്കനേയും പെണ്ണിനേയും കാണാഞ്ഞതിനാൽ വീട്ടുകാർ പുറത്തേക്കിറങ്ങി നോക്കി.അകലെ പാടങ്ങൾക്ക് നടുവിൽ ഒരു പൊട്ട് പോലെ വീട്ടുകാർ അവരെ കണ്ടെത്തി
കൂട്ടത്തിൽ ആരോ പറഞ്ഞു "എന്നാ പിന്നെ രണ്ടിനെയും കെട്ടിക്കുവല്ലേ"......
BY Sumesh Madhav @ Nallezhuth
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക