Slider

ഗോപിക

0

ആ വീടിനു മുന്നിലെത്തിയപ്പോൾ വല്ലാത്ത അത്ഭുതമായിരുന്നു. ഇത്രയും വലിയ വീട്ടിൽ നിന്നാണോ അവൾ വരുന്നത്. പടിപ്പുര കഴിഞ്ഞാൽ വളരെ വിശാലമായ ഒരു പറമ്പിലാണ് ആ ഇരുനില വീട്. വലിയ ഒരു നടുമുറ്റം ഉണ്ട്. ക്ലാസ്സിൽ ടീച്ചർ പറഞ്ഞ ജന്മികൾ ആണെന്ന് തോന്നുന്നു ഇവർ. ഞാൻ മെല്ലെ വിഷ്ണുവിൻറെ മുഖത്തേക്ക് നോക്കി. അവനും  അത്ഭുതത്തിൽ തന്നെയാണ്. ഞങ്ങളുടെ രണ്ടാളുടെയും കൈയിൽ സ്കൂൾ ബാഗ് ഉണ്ട്. ഇത്രയും വലിയ ഓടിട്ട വീട് വേറെ n ഇതുവരെ ഞങ്ങളുടെ നാട്ടിൽ കണ്ടിട്ടില്ല.

**
"എണീക്കെടാ..."
ഒരു ചോക്ക് കൃത്യമായി എൻറെ തലയിൽ തന്നെ വന്നു വീണു. നോക്കിയപ്പോൾ രശ്മി ടീച്ചർ എന്നെ തന്നെ നോക്കി ഇരിക്കുകയാണ്.
"നിന്നോടും കൂടിയാണ് പറഞ്ഞത്"
ഭാഗ്യം വിഷ്ണുവിനെയും പൊക്കി.
"നിങ്ങളോട് പറഞ്ഞതല്ലേ ക്ലാസ്സിൽ സംസാരിക്കരുതെന്ന്"
ടീച്ചർ നല്ല ദേഷ്യത്തിൽ തന്നെയാണ്. ഞാൻ ഒന്നും സംസാരിച്ചിരുന്നില്ല. സത്യത്തിൽ വിഷ്ണു ആണ്‌ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നത്. പക്ഷേ എനിക്കറിയാമായിരുന്നു അത് ടീച്ചർ പൊക്കും എന്നും നിരപരാധിയായ ഞാനും പെടുമെന്നും .
"എന്താടാ ഒരു ചതുരത്തിന്റെ പരപ്പളവ് കാണാനുള്ള സമവാക്യം"
ടീച്ചർ എന്നെ നോക്കി. എ യും ബി യും ഒക്കെ ഉള്ള എന്തോ ഒരു കളിയാണ്. കൂടുതലൊന്നും അറിയാത്തതുകൊണ്ട് ഞാൻ തല താഴ്ത്തി. ആൺകുട്ടികൾ അധികവും തലതാഴ്ത്തി ഇരുപ്പാണ്. എന്നോട് ചോദിക്കൂ എന്ന അർത്ഥത്തിൽ കുറേ പെൺകുട്ടികൾ ഇരിക്കുന്നുണ്ട്. മുൻപിൽ ഉള്ള ബഞ്ചിലെ ഒന്നാമത്തെ പെൺകുട്ടിയായിരുന്നു ഗോപിക. അവൾ ക്ലാസ്സിൽ വന്നിട്ട് കുറേ ദിവസമായി. ദിവസവും രണ്ട് അടിയെങ്കിലും അവൾ മേടിച്ചു തരാറുണ്ട്. ക്ലാസ് ഇല്ലാത്ത സമയത്ത് ക്ലാസിൽ സംസാരിക്കുന്ന ആളുകളുടെ പേര് എഴുതി വെക്കലാണ് അവളുടെ പണി.
"വിഷ്ണു.. നീ പറ.."
"ടീച്ചർ പരപ്പളവ് ഒന്ന് ഇംഗ്ലീഷിൽ ആക്കാമോ.."
നാലാംക്ലാസ് വരെ അവൻ ഇംഗ്ലീഷ് മീഡിയത്തിലാണ് പഠിച്ചത്. അതിൻറെ ഒരു ചെറിയ അഹങ്കാരം അവന് ഉണ്ടായിരുന്നു.
"ഓഹോ! ഏരിയ.. എന്നാൽ പറ"
എന്തോ ഒരു സംഭവം അവൻ പറഞ്ഞു. എന്താണേലും ഞങ്ങളെ രണ്ടാളെയും അപ്പോൾ തന്നെ ക്ലാസ്സിൽ നിന്ന് പുറത്താക്കി. സ്റ്റാഫ് റൂമിന് അടുത്ത് ആയതുകൊണ്ടുതന്നെ ടീച്ചർമാരുടെ സംസാരം നല്ലപോലെ കേൾക്കാമായിരുന്നു.
"ആ കുട്ടിയുടെ കാര്യം വലിയ പ്രശ്നമാണല്ലോ"
"ആ ഗോപികയുടെ അല്ലേ.."
"അതേ...ഏതോ ഒരു ക്ഷേത്രത്തിൽ പോയതായിരുന്നു...അവിടെ നിന്ന് പേടിച്ചു പോയതാ"
"ഇനി ക്ലാസ്സിൽ വരില്ല .. പരീക്ഷയ്ക്ക് മാത്രമേ വരൂ എന്ന് അവളുടെ അച്ഛൻ പറഞ്ഞിരുന്നു"
ലിനി ടീച്ചറും അനിൽ മാഷും ആണ്‌ സംസാരിക്കുന്നത്. അപ്പോഴാണ് ഗോപികയ്ക്ക് എന്തോ പ്രശ്നം പറ്റിയെന്ന് മനസ്സിലായത്. അവൾക്ക് എന്താണ് പറ്റിയത് എന്ന് കൃത്യമായി എനിക്കും മനസ്സിലായില്ല.തോട് കഴിഞ്ഞാൽ അപ്പുറത്ത് ഒരു ചെറിയ വഴിയുണ്ട്. അതിലൂടെ നടന്നാൽ അവളുടെ വീടിന് അടുത്ത് എത്താം.
വഴിയൊക്കെ വിഷ്ണു കണ്ടുപിടിച്ച തരും എന്ന് എനിക്കറിയാമായിരുന്നു

****
"വാ മക്കളെ ഇങ്ങോട്ട് കയറി ഇരിക്കൂ .."
അവളുടെ അമ്മയാണ്. സ്കൂളിൽ വച്ച് കണ്ട പരിചയം ഉണ്ട്.
ഞങ്ങളാ വീടിന്റെ ഭംഗി ആസ്വദിച്ച് ഇരിക്കുകയായിരുന്നു. ഞങ്ങളെ കണ്ടപ്പോൾ അവരുടെ മുഖത്ത് ഒരു വല്ലാത്ത സന്തോഷം ആയിരുന്നു. ഗോപികയുടെ ചെരുപ്പ് പുറത്ത് കാണാം. അമ്മ ഞങ്ങളെ കോലായിലെ കസേരകളിൽ ഇരുത്തി. നല്ല ഒരു തണുപ്പ് ആയിരുന്നു അവളുടെ വീടിനകത്ത്. അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ ഗോപിക പുറത്തേക്ക് വന്നു.

അവളുടെ കണ്ണുകൾ ആകെ ക്ഷീണിച്ച് നീര് വെച്ച പോലെയുണ്ട്. ഞങ്ങളെ കണ്ടപ്പോൾ പകുതി സങ്കടവും പകുതി സന്തോഷവും ഉള്ള ഒരു ചിരി ചിരിച്ചു. വല്ലാത്തൊരു ദയനീയത ആയിരുന്നു അവളുടെ മുഖത്ത്. അമ്മ അമ്മ അടുക്കളയിൽ ആണെന്ന് മനസ്സിലായപ്പോൾ അപ്പോൾ അവൾ അടുത്തു വന്ന് എന്താണ് പറ്റിയത് എന്ന് മെല്ലെ പറഞ്ഞു.

"ഞങ്ങൾ കണ്ണൂരിന് അടുത്തുള്ള ഒരു അമ്പലത്തിൽ പോയിരുന്നു.. പക്ഷേ അന്ന് അവിടെ കയറാൻ പറ്റിയില്ല"
"എന്തുപറ്റി?"
"തലേന്ന് രാത്രി ക്ഷേത്രക്കുളത്തിൽ അവിടെയുള്ള ഒരാൾ മുങ്ങി മരിച്ചു.."
അത് കേട്ടപ്പോൾ ഒന്ന് പേടിച്ചു ഞാനും വിഷ്ണുവും പരസ്പരം നോക്കി.
"ആ മരിച്ച ആൾ ഒരു കഥകളി വേഷക്കാരൻ ആണ്.. അന്ന് ഞങ്ങൾ തിരിച്ചു പോന്നു..
വീട്ടിലെത്തിയപ്പോൾ തന്നെ എനിക്ക് നല്ല പനി പിടിച്ചു.."
അവൾ വല്ലാതെ പേടിച്ചു പോയെന്ന് മുഖത്ത് നിന്ന് തന്നെ മനസ്സിലാക്കാം. അവളുടെ ചിരിയിൽ പോലും ഒരു ഭീതി ഉണ്ടായിരുന്നു. ഞങ്ങളെ കണ്ടപ്പോൾ അവൾക്ക് നല്ല സന്തോഷമായി. അവളെ സന്തോഷിപ്പിക്കാൻ ഒരു കാര്യം കൂടി ചെയ്തിരുന്നു.

ഞാൻ അവളുടെ ഒരു ചിത്രം വരച്ചിരുന്നു. എനിക്ക് വരക്കാൻ വളരെ ഇഷ്ടം ആയിരുന്നു. ഒരു ചിത്രം വരച്ചു തരുമോ എന്ന് അവൾ പലവട്ടം ചോദിച്ചിരുന്നു. അതുകണ്ടപ്പോൾ  പെട്ടെന്ന് തന്നെ അവൾ അത് പിടിച്ചുവാങ്ങി. അവളുടെ കൈ കൈ തട്ടിയപ്പോൾ വല്ലാത്ത ഒരു ചൂട് തോന്നി. എന്തോ തീക്കനലിൽ തൊട്ട പോലെ. നല്ല പനി ഇപ്പോഴുമുണ്ട്.
എന്താണെങ്കിലും കുറേ ചായയും പലഹാരങ്ങളും ഒക്കെ തന്നിട്ടാണ് അവളുടെ അമ്മ ഞങ്ങളെ പറഞ്ഞയച്ചത്.

**

വിഷ്ണുവിനെ വീട്ടിലേക്ക് യാത്രയാക്കി ഞാനും വീട്ടിലേക്ക് നടന്നു. കയ്യിൽ ആകെ ഒരു നീറ്റൽ പോലെ. നോക്കിയപ്പോൾ എന്തോ ഒരു പച്ച കളർ. പെയിൻറ് പോലെ എന്തോ ഒന്ന്. വീട്ടിലെത്തിയപ്പോൾ മുതൽ എന്തോ ഒരു വല്ലായ്മ. ശരീരം ആകെ തണുക്കുന്നത് പോലെ തോന്നി.
വേറൊരു കാര്യം ചിന്തിച്ചപ്പോൾ എനിക്ക് വല്ലാത്ത ഒരു പേടി തോന്നി. കയ്യിൽ പറ്റിയ ആ ചായം കഥകളി വേഷക്കാരൻ ഉപയോഗിക്കുന്നത് ആണോ. അന്ന് ആകെ മൊത്തം ഒരു പേടിയായിരുന്നു. അമ്മയുടെ ഒപ്പം തന്നെ കുറെ നടന്നു. രാത്രിയായി തുടങ്ങിയപ്പോൾ തലകറങ്ങുന്നതുപോലെ പോലെ തോന്നി.
ഗോപികയുടെ വീട്ടിൽ പോയ കാര്യം അമ്മയോട് പറയണം എന്നുണ്ടായിരുന്നു പക്ഷേ അതിനൊന്നും ഒരു അവസരം കിട്ടിയില്ല.
രാത്രി നല്ല പനി പിടിച്ചു. വയ്യായ്ക മാറുന്നില്ല. കണ്ണടച്ചാൽ ഒരു ചെണ്ടയുടെ ശബ്ദം കേൾക്കുന്ന പോലെ. ആകെ ദുസ്വപ്നങ്ങൾ നിറഞ്ഞ ഒരു രാത്രി.
കൈകാലുകൾ അനക്കാൻ പറ്റാത്ത അവസ്ഥയിൽ തന്നെയാണ്. എപ്പോഴും ആരൊക്കെയോ അടുത്തുനിന്ന് സംസാരിക്കുന്നതുപോലെ. മെല്ലെ കണ്ണു തുറന്നാൽ വാതിലിന്റെ അടുത്തു ആരൊക്കെയോ മിന്നിമറയുന്ന പോലെ ഒരു തോന്നൽ

*
മൂന്നു ദിവസം ആയി  മാങ്ങാ അച്ചാറും, ചൂടുള്ള കഞ്ഞിയും ആണ് ഇപ്പോഴും ഉള്ള ഭക്ഷണം. വൈദ്യരെ കാണിച്ച് മരുന്നൊക്കെ വാങ്ങിയിട്ടുണ്ട്. പക്ഷേ പനി വിട്ടുമാറുന്നില്ല.
"നീ അറിഞ്ഞോ വിഷ്ണുവിനും അസുഖമാണ് അവൻറെ അമ്മ പറഞ്ഞത് ആണ്.."
അമ്മ അടുത്തു വന്നിരുന്നു പറഞ്ഞു.
"അവന് എന്തു പറ്റി?"
"അവന് ചിക്കൻപോക്സ് ആണത്രേ.. കിടപ്പിൽ തന്നെയാണ്.."
അസുഖം അല്ലായിരുന്നെങ്കിൽ അവൻ കാണാൻ വരുമായിരുന്നു. അവൻ വന്നില്ലെങ്കിലും എന്നെ അത്ഭുതപ്പെടുത്തികൊണ്ട് ഗോപിക അവളുടെ അച്ഛനെയും കൂട്ടി കാണാൻ വന്നിരുന്നു. സന്തോഷത്തിൽ കൂടുതൽ എനിക്ക് പേടിയായിരുന്നു തോന്നിയത് കാരണം അവളെ കണ്ടപ്പോൾ ആണല്ലോ എനിക്ക് ഈ ഗതി വന്നത്.
അവളുടെ മുഖത്ത് നിന്ന് ക്ഷീണം മാറിയിരുന്നു..
അന്നത്തെ പോലെ തന്നെ അവൾ മെല്ലെ പറഞ്ഞു
"നമ്മൾ പറഞ്ഞാൽ ആരും വിശ്വസിക്കുക ഇല്ല.. പക്ഷേ ഒരാൾ നമ്മളുടെ കൂടെ കൂടിയിട്ടുണ്ട് എന്നത് സത്യമാണ്"
അത് കേട്ടപ്പോൾ എനിക്ക് ഉള്ളിൽ വല്ലാത്ത ഒരു പേടി തോന്നി. അവൾ പറയുന്നതിലും കാര്യമുണ്ട്. അവൾ‌ തുടർന്നു..
"എനിക്ക് പലപ്പോഴും ചെണ്ടയുടെ ശബ്ദം കേൾക്കാം.. നല്ല ഒരു തരം ഗന്ധം റൂമിൽ ഇടയ്ക്ക് വരും.. ആരോ നമ്മുടെ അടുത്തു കൂടെ സഞ്ചരിക്കുന്നത് പോലെ.."
അവൾ പറഞ്ഞത് സത്യമാണ് എനിക്കും തോന്നിയിട്ടുണ്ട്. ആരോ മുറിയിലൂടെ മിന്നിമായുന്നതുപോലെ. ആ കഥകളിക്കാരൻ ആയിരിക്കുമോ. സ്വപ്നത്തിൽ ഞാൻ പലവട്ടം കണ്ടതാണ് മുഖത്ത് ചായം പുരട്ടുന്ന അയാളെ. ഞങ്ങളുടെ രണ്ടുപേരുടെയും അടുത്ത് ഞങ്ങളെയും നോക്കി പൂർണ്ണമായ കഥകളി വേഷത്തിൽ അയാൾ ഇരിക്കുന്നുണ്ടാകാം. ഗോപിക ഉത്തരത്തിലേക്ക് നോക്കുന്നത് കണ്ടു. ഇനി അയാൾ അവിടെ ആയിരിക്കുമോ.. എന്താണെങ്കിലും ഈ സംഭവം കൊണ്ട് ഞങ്ങൾ രണ്ടുപേരും അടുത്ത സുഹൃത്തുക്കളായി മാറി. എൻറെ ഏറ്റവും വലിയ സംശയം വിഷ്ണുവിനും ഇതേ പ്രശ്നം ആയോ എന്നായിരുന്നു..
അതിനു മറുപടി അവൾ തന്നെ തന്നു.
"എനിക്ക് ഇപ്പോൾ അത്ര പ്രശ്നമില്ല.. പനി മാറിയിട്ടുണ്ട്.. വിഷ്ണുവിന് വരാൻ സാധ്യതയില്ല"
അതെന്താ അങ്ങനെ പറഞ്ഞത് എനിക്ക് മനസ്സിലായില്ല. ഇപ്പോൾ എനിക്ക് മാത്രമാണോ പ്രശ്നം ഉള്ളത്.
പോകുന്നതിനു മുന്നേ അവൾ ഒരു കാര്യം കൂടി എൻറെ ചെവിയിൽ പറഞ്ഞു.
"ആ കഥകളിക്കാരന് ചിത്രങ്ങൾ വളരെ ഇഷ്ടമാണ്.... നന്നായി ചിത്രം വരയ്ക്കുന്ന ആക്കാരെയും......"
ഒരു നിമിഷത്തിന്റെ മൗനത്തിന് ശേഷം അവൾ‌ വീണ്ടും തുടർന്നു...
മരിച്ച ആളുകൾ അങ്ങനെ ആണ്. . ജീവിച്ചിരിക്കുമ്പോൾ അവരുടെ ഉള്ളിൽ ഉള്ള ഇഷ്ടങ്ങൾ മരണ ശേഷവും കാണും.. ആ ഇഷ്ടങ്ങളെ സ്നേഹിക്കുന്ന മനുഷ്യരുടെ ഒപ്പം കൂടാൻ ആണ് അവർക്ക് ഇഷ്ടം . മുത്തശ്ശി പറഞ്ഞത് ആണ്......
അതും പറഞ്ഞ് അവൾ‌ എന്നെ നോക്കി. ഒരു നിമിഷം ഞാൻ ഇല്ലാതെ ആകുന്ന പോലെ തോന്നി . എന്നെ നോക്കി ഒന്ന് ചിരിച്ചുകൊണ്ട് അവൾ‌ മെല്ലെ പുറത്തിറങ്ങി .
...
( അവസാനിച്ചു)

By: Bobish MP
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo