നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ശക്തമായ മഴ. നമുക്ക് വേണ്ടത് മുൻകരുതലും ജാഗ്രതയും

Image may contain: Saji Varghese, standing and outdoor

*******"*****""*******""*******
ശക്തമായ മഴ ഇനി അഞ്ചുദിവസത്തേക്കും കൂടി ഉണ്ടാകുമെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ അറിയിപ്പ്.ശക്തമായ ചുഴലിക്കാറ്റിനും സാധ്യതയുണ്ട്.കടൽ തിരമാലകൾ പരമാവധി ഉയരാം. ഇതൊക്കെ കണക്കിലെടുത്ത് തീരപ്രദേശങ്ങളിലുള്ളവർ ജാഗ്രതപാലിക്കേണ്ടതും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറേണ്ടതുമാണ്. സർക്കാരിന്റെയോ സന്നദ്ധ പ്രവർത്തകരുടെ യോ സേവനത്തിനായ് മാത്രം കാത്തു നിൽക്കരുത്.
മലയോരത്തിനും തീരപ്രദേശത്തിനും ഇടയ്ക്ക് താമസിക്കുന്നവർ ജാഗ്രത പുലർത്തുക. പുഴകളിൽ ജലനിരപ്പ് ഉയർന്ന് താഴ്ന്നപ്രദേശങ്ങളിൽ വെള്ളം കയറാം. ഇലക്ട്രിക് ലൈനുകൾ പൊട്ടിവീണ് അപകടമുണ്ടാകാം. മലയോര മേഖലകളിൽ ഉരുൾപൊട്ടൽ ഉണ്ടായി പുഴയുടെ ജലനിരപ്പ് ഉയർന്ന് മധ്യപ്രേദേശമേഖലയിൽ വെള്ളം കയറാം. ഇഴജന്തുക്കളും മറ്റും ഒലിച്ച് വരാവുന്നതാണ്. പുഴയോരത്തുള്ളവർ ജലനിരപ്പ് ഉയരുന്നതും കാത്തിരിക്കാതെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറുക. വയൽപ്രദേശത്ത് വരമ്പിലൂടെ നടക്കരുത്. വെള്ളക്കെട്ടിൽ വീണ് അപകടം സംഭവിക്കാം.
മലയോമേഖലയിലുള്ളവർ ഉരുൾപൊട്ടൽ സാധ്യത കണക്കിലെടുത്ത് ആവശ്യമായ മുൻകരുതൽ എടുക്കണം. മഴ ഇതുപോലെ ശക്തമായ്തുടർന്നാൽ ഉരുൾപൊട്ടൽ ഉണ്ടാകുന്നതാണ്.മലയുടെ മുകളിൽ, താഴ്വാരത്ത് താമസിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കുക. പരമാവധി ഗതാഗത സൗകര്യമുള്ള സുരക്ഷിതമായ സ്ഥാനത്തേക്ക് മാറുന്നതിനുളള മുൻകരുതൽ എടുക്കണം. വനത്തിൽ ഉരുൾപൊട്ടിയാൽ പുഴയിലേക്ക് ശക്തമായ കുത്തൊഴുക്കിന് സാധ്യതയുണ്ട്. പുഴയിൽ ഒഴുകി വരുന്ന തടികൾ, മറ്റ് വസ്തുക്കൾ ശേഖരിക്കുവാൻ ഒരു കാരണവശാലും ഇറങ്ങരുത്. അതുപോലെ മത്സ്യം പിടിക്കുവാനും പോകരുത്. പുഴയോരത്ത് താമസിക്കുന്നവരും പരമാവധി ശ്രദ്ധിക്കുക. കമ്പിപ്പാലം, തൂക്കുപാലം ഇവയിലൂടെയുള്ള നടത്തം പരമാവധി ഒഴിവാക്കുക. വിനോദസഞ്ചാര മേഖലയിൽ പോകുന്നത് ഒഴിവാക്കുക. സാഹസിക ടൂറിസത്തിന്റെ ഭാഗമായ് വെള്ളച്ചാട്ടങ്ങളിൽ സന്ദർശിക്കുന്നത് ഒഴിവാക്കുക.മരങ്ങളുടെ ചുവട്ടിൽ നിൽക്കുകയോ വാഹനങ്ങൾ നിർത്തിയിടുകയോ ചെയ്യരുത്. വൈദ്യുതലൈനുകൾ വെള്ളത്തിൽ പൊട്ടിവീണ് അപകടമുണ്ടാകാം. ഇലക്ട്രിക് ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുമ്പോൾ ശ്രദ്ധിക്കുക.ശക്തമായ ഇടിമിന്നലിന് സാധ്യതയുണ്ട്.മലയോര മേഖയിലുള്ളവർ ഭൂമിയിൽ വിള്ളലോ, വെള്ളം ഭൂമിയിൽ നിന്ന് ശക്തിയായ് പുറത്തേക്ക് മെല്ലെ വരുന്നത് ശ്രദ്ധയിൽപ്പെട്ടാൽ അവിടെ നിന്ന് താമസം മാറ്റണം.
മൊബൈൽ ഫോൺ പരമാവധി ചാർജ് ചെയ്ത് വച്ച് അടിയന്തിരഘട്ടങ്ങളിൽ ഉപയോഗിക്കത്തക്കവിധത്തിൽ ചാർജ് നിലനിർത്തുക.. പവർബാങ്ക് ചാർജ് ആക്കി വയ്ക്കുക. സർട്ടിഫിക്കറ്റുകളും മറ്റ് വിലപ്പെട്ട രേഖകളും ഭദ്രമായ് ഒരുസ്ഥലത്ത് സൂക്ഷിച്ചു വയ്ക്കുക. അടിയന്തിരഘട്ടങ്ങളിൽ വീടുപേക്ഷിച്ച് പോകുമ്പോൾ കൈയിൽ സർട്ടിഫിക്കറ്റുകളും കരുതുക. ആവശ്യമായ എളുപ്പം കേടായിപോകാത്ത ഭക്ഷ്യവസ്തുക്കൾ കരുതിവയ്ക്കുക. പാകം ചെയ്യാനാവശ്യമായ ഗ്യാസ്, വിറക് തുടങ്ങിയവയും കരുതിവയ്ക്കണം.കുട്ടികളെ വെള്ളക്കെട്ടിനടുത്തേക്കോ, മഴയത്തോ ഒറ്റയ്ക്ക് വിടരുത്. പഴയവീടിന്റെ മേൽക്കൂര, ഭിത്തി ഇവയുടെ ഉറപ്പ് പരിശോധിക്കണം. വീട്ടിൽ തളർന്നു കിടക്കുന്നവർ, പ്രായമായവർ, രോഗികൾ തുടങ്ങിയവരെ ഗതാഗത സൗകര്യമുള്ള, ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ ഭവനങ്ങളിലേക്കോ, സർക്കാർ ദുരിതാശ്വാസ കേന്ദ്രങ്ങൾ, ആശുപത്രികൾ എന്നിവിടങ്ങളിലേക്കോ മാറ്റേണ്ടതാണ്. ദ്വീപുകളിൽ താമസിക്കുന്നവർ ജലനിരപ്പ് ഉയരുന്നതു കാത്തുനിൽക്കാതെ സുരക്ഷിതസ്ഥാനത്തേക്ക് മാറേണ്ടതാണ്. ഡാമിന്റെ പ്രദേശത്തെ പുഴയോരത്ത് താമസിക്കുന്നവരും ജാഗ്രത പാലിക്കുക. സർക്കാർ നിർദ്ദേശങ്ങൾ അംഗീകരിക്കുക.
അടിയന്തിര ഘട്ടങ്ങളിൽ അതാത് ജില്ലയിലെ എസ്ടിഡി കോഡ് ചേർത്ത് 1077 ൽ വിളിക്കുക. ജില്ലാഭരണകൂടത്തിന്റെയും ദുരന്തനിവാരണ അതോറിറ്റിയുടെയും ഫോൺ നമ്പർ ശേഖരിച്ച് വയ്ക്കുക.
കഴിഞ്ഞവർഷത്തെ അനുഭവം നമുക്ക് മുന്നിലുണ്ട്.അതുകൊണ്ട് മുന്നറിയിപ്പുകളെയും നിർദ്ദേശങ്ങളെയും പരിഹസിച്ച് തള്ളിക്കളയാതെ ജാഗ്രത പുലർത്തുക.
അപകടം വരുന്നതിനു ശേഷമുള്ള രക്ഷാദൗത്യത്തേക്കാൾ അപകടം വരാതെ നോക്കുകയെന്നതാണ് നമ്മുടെ ഉത്തരവാദിത്വം.
സജി വർഗീസ്
കണ്ണൂർ.മണത്തണ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot