Slider

തുരുമ്പിച്ച സൈക്കിൾ

0
Bike, Garden, Old, Cycle
°°°°°°°°°°°°°°°°°°°°°°°°°°°°
മുറ്റത്തിൻ്റെ ഒരറ്റത്ത് ഇന്നും ആ തുരുമ്പിച്ച സൈക്കിൾ കിടപ്പുണ്ട്
വീടിനുള്ളിൽ ശൂന്യതയും,നിശബ്ദതയും തളം കെട്ടി നിൽക്കുന്നു
ആ ഇരുനില വീടിന്റെ ഉമ്മറത്തിരുന്ന്
കണ്ണുനീർ തുള്ളികളോടെ
മേരി ചേട്ടത്തി മകൻ ജോണിൻ്റെ ഓർമ്മകളിലൂടെ സഞ്ചരിച്ചു
ഓലപ്പുരയുടെ തിണ്ണയിലിരുന്ന്
അമ്മച്ചീ എനിക്ക് ഒരു സൈക്കിൾ വേണമെന്ന് വാശി പിടിച്ച
ജോണിനോടായി ചേച്ചി ജാനറ്റ് ആണ് മറുപടി പറഞ്ഞത്
എന്നാടാ ജോണിക്കുട്ടി നീയീ പറയുന്നെ ഇവിടെ മൂന്നു നേരം കഞ്ഞി കുടിക്കുന്നതെന്നെ ഭാഗ്യം
അതു കേട്ടപ്പോൾ അവനൊരു വിതുമ്പലോടെ അകത്തേ മുറിയിൽ വെറും നിലത്തു രണ്ടു കണ്ണും പൊത്തി കിടന്നു കരഞ്ഞു
ചാണകം മെഴുകിയ തറയിൽ കിടന്നു കരിപുരണ്ട്
അവൻ ആവശ്യവുമായി വീണ്ടും വന്നപ്പോൾ
അവൻറെ കോലം കണ്ട് മേരിക്കുട്ടി ചിരിയടക്കാൻ പാടുപെട്ടു
പക്ഷേ ജാനറ്റ് അവനെ കണ്ടതും
പൊട്ടിപ്പൊട്ടിച്ചിരിച്ചു
ഒടുവിൽ രണ്ടു പേരും അടിയായി
അപ്പോഴാണ് മാത്യുസിൻ്റെ വരവ്
മേര്യേ എന്ന നീട്ടി വിളി മുളവേലി മാറ്റുന്നതിനു മുൻപേ ഉള്ള പതിവ് വിളി
അപ്പോഴേക്കും ജോണിക്കുട്ടി പെങ്ങളെ വിട്ട് അപ്പൻ്റെ അരികിലേയ്ക്ക് ഓടിയെത്തി
കൈയ്യിലെ പൊതി വാങ്ങിച്ചു
ശശിയേട്ടൻ്റെ തട്ടുകടയിലെ എണ്ണപ്പലഹാരങ്ങൾ ഏതെങ്കിലും ആയിരിക്കും
ജാനറ്റിനും,ജോണിക്കും അവകാശപ്പെട്ടതാണത്
ജോണിക്കുട്ടിക്ക് സുഖിയൻ,ജാനറ്റിനു
പഴംപൊരി
മാത്യുസ് തിണ്ണയിലിരുന്ന് നെറ്റിയിലെ വിയർപ്പൊന്നു തുടച്ചു
തണുത്ത വെള്ളത്തിൽ മുഖം കഴുകുബോഴേക്കും
ചൂട് കാപ്പിയുമായി മേരിക്കുട്ടി അവിടെ എത്തും
അരികിലിരുന്ന് അന്നത്തെ വിശേഷങ്ങൾ പങ്കു വയ്ക്കും
അന്ന്
ജോണിക്കുട്ടിയുടെ സൈക്കിൾ എന്ന ആവശ്യമാണ്
മേരിക്കുട്ടി മാത്യുവിനോട് പറഞ്ഞത്
എല്ലാം കേട്ടു ഒന്നു നെടുവീർപ്പിട്ടു മാത്യുസ് ഒന്നും മിണ്ടാതെ ഇരുന്നു
പിന്നെ മേരിയോടായി പറഞ്ഞു
എന്നാതായാലും നമ്മുടെ കൊച്ചിൻ്റെ ആഗ്രഹം അല്ല്യോടി
നമുക്ക് ഒരെണ്ണം വാങ്ങാം
അപ്പോഴേക്കും ജോണിക്കുട്ടി ഓടി വന്നു അപ്പച്ചന്റെ കഴുത്തിലൂടെ കൈചുറ്റി പിടിച്ചു
പിറ്റേന്ന് ജോണിക്കുട്ടി സ്കൂളിൽ പോയത് അതീവ സന്തോഷത്തോടെ ആയിരുന്നു
കൂട്ടുകാരോട് പുതിയ സൈക്കിൾ വാങ്ങുന്നതിനേക്കുറിച്ച് അവൻ വാതോരാതെ സംസാരിച്ചു
അപ്പോഴാണ് കൂട്ടുകാരൻ അശ്വിൻ അവൻ്റെ പഴയ സൈക്കിൾ എടുത്തോ എന്ന് അവനോടു പറഞ്ഞത്
ബ്രേക്ക് ഉണ്ട് ,സീറ്റ് ഇല്ല
ടയറും തേഞ്ഞു പോയ തുരുമ്പു പിടിച്ചു തുടങ്ങിയ ഒരു സൈക്കിൾ
പുതിയ സൈക്കിൾ
കിട്ടുബോഴേക്കും ചവിട്ടി പഠിക്കാമെടാ
അങ്ങനെ വൈകുന്നേരം അവൻ്റെ വീട്ടിൽ ചെന്നു ആ സൈക്കിളുമെടുത്തവൻ വീട്ടിൽ എത്തി
ഗമയിൽ ഇരുന്ന് സൈക്കിളിൽ വരുന്ന മകനെ കണ്ട് മേരി
പുഞ്ചിരിയോടെ താടിക്ക് കൈയ്യും കൊടുത്തു നിന്നു പോയി
അന്ന് ആരുടെ കൂടെയും കളിക്കാൻ പോവാതെ ആ സൈക്കിൾ എടുത്ത്
വീടിന്റെ മുറ്റത്ത്‌ അങ്ങോട്ടുമിങ്ങോട്ടും ഓടിച്ചു കൊണ്ടേയിരുന്നു
സീറ്റിനു പകരം ഒരു പലക കെട്ടി വച്ചിരുന്നു
ജാനറ്റിനെ ഒന്നു തോടാൻ കൂടി സമ്മതിച്ചില്ല
മാത്യു അന്ന് വരേണ്ട സമയം കഴിഞ്ഞു
സന്ധ്യ ആയിട്ടും അയാളെ കാണാഞ്ഞപ്പോൾ
മേരിക്കുട്ടിയുടെ മനസ്സിൽ ആധി പടർന്നു
ആവലാതിയോടെ അവൾ തിണ്ണയിൽ നിന്ന്
ദൂരേയ്ക്ക് കണ്ണുകളയച്ചു
ജാനറ്റിനും മനസ്സിൽ ഭീതി നിഴലിച്ചു
പക്ഷേ ജോണിക്കുട്ടി പ്രതീക്ഷയിൽ ആയിരുന്നു അപ്പച്ചൻ സൈക്കിൾ എടുത്തു വരാൻ വൈകുന്നതാവുമെന്നവൻ
ചിന്തിച്ചു
ഒരു ഏഴു വയസ്സുകാരൻ്റെ ചിന്തകൾ അത്രയൊക്കെ അല്ലേ എത്തുകയുള്ളു
അന്ന് രാത്രി മാത്യുസ് എത്തിയില്ല
ടൗണിലെ റോഡിൽ ചോരയിൽ കുതിർന്നു നിശ്ചലമായ ആ ശരീരം ഗവൺമെന്റ് ആശുപത്രിയിലെ മോർച്ചറിയിൽ തണുത്തു മരവിച്ചു കിടന്നു
രണ്ടു നാൾ കൂടി കഴിഞ്ഞു
മാത്യുസിനെ പള്ളിപ്പറമ്പിൽ അടക്കം ചെയ്തു
ആളുകൾ പല വഴിക്കായി പിരിഞ്ഞു പോയി
രണ്ടു കുഞ്ഞുങ്ങളുമായി ജീവിതം മുന്നിൽ
പകച്ചു നിൽക്കാൻ മാത്രമേ ആദ്യമൊക്കെ മേരിക്ക് കഴിഞ്ഞുള്ളു
വല്ല്യമ്മച്ചീ ഓടി വന്നു കഴുത്തിലൂടെ കൈചുറ്റി
ജയിംസ് കുസൃതി ചിരിയോടെ വിളിച്ചപ്പോൾ ഓർമ്മകളിൽ നിന്നുണർന്നു
മേരിക്കുട്ടി ചിരിച്ചു
അവനേപ്പിടിച്ചു മടിയിലിരുത്തി
ജോണിക്കുട്ടിയുടെ ഇളയ മകൻ
മൂത്ത മകൻ ജസ്റ്റിൻ വെക്കേഷൻ ആഘോഷിക്കാൻ അമ്മ വീട്ടിൽ പോയിരിക്കുന്നു
ജാനറ്റ് വിദേശത്താണ് ഭർത്താവും മക്കളുമായി
അടുക്കള പണിയൊക്കെ ഒതുക്കി
സ്റ്റെല്ലയും അവർക്കരികിൽ എത്തി
ആപ്പോഴാണ് മുറ്റത്ത്‌ ഒരു ഓട്ടോ വന്നു നിന്നത്
അതിൽ നിന്നൊരു പുത്തൻ സൈക്കിൾ മുറ്റത്ത്‌ എടുത്തു വച്ചപ്പോൾ മേരിക്കുട്ടിയുടെ നെഞ്ചൊന്നു പിടഞ്ഞു
ജയിംസ് ഓടിച്ചെന്നു ആ സൈക്കിളിൽ കയറിയിരുന്നു
ഉടൽ വിറച്ചു ആ വൃദ്ധ അകത്തേയ്ക്ക്
പതിയെ നടന്നു പോയി
ഒരിക്കൽ ഒരു സൈക്കിൾ വാങ്ങാൻ പോയൊരാൾ
വെള്ളത്തുണിയിൽ പൊതിഞ്ഞു കെട്ടി വന്ന ഓർമ്മയിൽ അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകി
അപ്പോൾ മാനത്ത് മഴമേഘങ്ങൾ ഉരുണ്ടു കൂടി പെയ്യാൻ വെമ്പി നിന്നു.....................
രാജിരാഘവൻ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo