നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മനസമ്മതവും മാനസാന്തരവും !

"അച്ചായോ .. മാണിക്കുഞ്ഞ് വിളിച്ചിരുന്നു.."
തെയ്യാമ്മ ആവേശത്തോടെ പൈലിയോട് പറഞ്ഞു .
കുറച്ചു ദൂരത്തായി ഈ അടുത്ത കാലത്ത് അവർ വാങ്ങിയ ഒരേക്കർ പറമ്പിൽ ചീനിയും കുരുമുളക്കമൊക്കെ നടീൽ കഴിഞ്ഞ് വീട്ടിലേക്ക് വന്ന് കയറിയതായിരുന്നു പൈലി.
മിറ്റത്തിന്റെ അതിരിൽ ഉള്ള പൈപ്പിൽ നിന്നും വെള്ളം ഒരു ബക്കറ്റിലേക്ക് തുറന്നു വിട്ടുകൊണ്ട് അയാൾ ചോദിച്ചു
"പശുവിന് വെള്ളം കൊടുത്തോ തെയ്യാമ്മോ?"
"മനുഷ്യാ .. ഞാൻ പറഞ്ഞത് നിങ്ങടെ തിരുച്ചെവീലോട്ട് കേറിയില്ലയോ ? മാണിക്കുഞ്ഞ് വിളിച്ചിരുന്നെന്ന് "
ബക്കറ്റിലെ വെള്ളത്തിൽ കൈയിലും കാലിലും പറ്റിയ ചേറും മണ്ണും കഴുകുന്നതിനിടയിൽ പൈലി ഒന്ന് മൂളി
"ഉം "
"എന്തോന്ന് കും !! നിങ്ങക്കെന്തോ പിടിക്കാത്ത പോലെ "
"നിന്റെ ആങ്ങള നിന്നെ വിളിച്ചു .. അതിനിപ്പം ഞാനെന്നാ വേണ്ടേ തെയ്യാമ്മേ ?"
"യ്യൊടാ ... എന്നാ ഒരു നിഷ്കളങ്കൻ !! ഞാനെന്നാ വേണ്ടേ തെയ്യാമ്മോന്ന് .. അല്ലേലും എന്റെ കുടുംബക്കാരുടെ കാര്യം പറയുമ്പോൾ നിങ്ങക്കൊരു ഏനക്കെടാ .. അവൻ എന്നാത്തിനാ വിളിച്ചേ എന്നൊന്ന് ചോദിച്ചാൽ നിങ്ങടെ വായിൽകിടക്കുന്ന മുത്ത് പൊഴിഞ്ഞു പോവായിരിക്കും "
തെയ്യാമ്മ കലി തുള്ളി
"ശരി .. ന്നാ നീ പറ .. എന്നാത്തിനാ നിന്റെ ഗൾഫ്കാരൻ ആങ്ങള പതിവില്ലാതെ വിളിച്ചേ?"
പൈലി ഒരു കീഴടങ്ങലിന് തയ്യാറായി
" വേണ്ടേ വേണ്ടേ ... നിങ്ങടെ പുജ്ഞം എനിക്കങ്ങോട്ട് മനസിലാവാഴിക ഒന്നുമില്ല കേട്ടോ .. എന്റെ ആങ്ങളയെ ഗൾഫിൽ ചുമ്മാ ഇരിക്കുവല്ല .. അവനവിടേ മുട്ടക്കാട്ടൻ വിസിനസാ വിസിനസ് .. "
"തെയ്യാമ്മോ ബിസിനസ് "
പൈലി തിരുത്തി
"ആ അതൊക്കെ തന്നെയാ ഞാനും പറഞ്ഞെ"
"മാണി എന്നാത്തിനാ വിളിച്ചേ .. നീ അത് പറ "
"അതേ അവന്റെ മൂത്ത പെണ്ണിന്റെ മനസുചോദ്യം ആണ് പോലും .. നമ്മുടെ വലിയപള്ളീൽ വെച്ചാ .. വരുന്ന ഞായറാഴ്ച്ച "
"ആന്നോ .. ന്നാ നീ പൊക്കോ .. ഞായറാഴ്ച എനിക്ക് നമ്മുടെ പള്ളി കമ്മറ്റിയുണ്ട് "
"ദേ മനുഷ്യാ .. ഒരുമാതിരി വർത്താനം പറഞ്ഞാലുണ്ടല്ലോ .. നിങ്ങളേം കൂടി ചേർത്താ അവൻ വിളിച്ചേ . അതിനെടേലാ അങ്ങേരുടെ ഒരു 'പുള്ളി കമ്മറ്റി '.. !"
തൽക്കാലം ഒരു കലാപം ഒഴിവാക്കാനായി പൈലി പറഞ്ഞു
"ഞായറാഴ്ചയിലെ കാര്യമല്ലേ .. നീയിപ്പം ഇച്ചിരി കട്ടനിങ്ങോട്ടെടുക്ക് .. പിന്നത്തെ കാര്യം പിന്നാലോചിക്കാം "
പൈലിയെ അടിമുടി ഒന്ന് കടുപ്പിച്ചു നോക്കീട്ട് തെയ്യാമ്മ അടുക്കളയിലേക്ക് ചവിട്ടി കുലുക്കി പോയപ്പോൾ പൈലി മാണിക്കുഞ്ഞിനെപ്പറ്റി ആലോചിക്കുവായിരുന്നു .
"നാല് പെങ്ങമ്മാർക്ക് ഒറ്റ ആങ്ങളയാ . അപ്പനും അമ്മയും നേരത്തേതന്നെ കർത്താവിങ്കലോട്ട് പോയേപ്പിന്നെ ഈ നാല് പെങ്ങമ്മാരും കൂടി എല്ലുമുറിയെ അദ്ധ്വാനിച്ച് അരവയർ ആഹാരവും കഴിച്ച് വളർത്തിവലുതാക്കിയതാ അവനെ . സ്വന്തം കാലിൽ നിക്കാമെന്നായേൽ പിന്നെ തിരിഞ്ഞു നോക്കാറില്ല പെങ്ങമ്മാരെ ആരെയും . തെയ്യാമ്മേടെ മൂത്തതാ ബാക്കി മൂന്ന് അമ്മാമ്മമാരും.. വയസും പ്രായോം ആയോരാ .. ഗൾഫിൽ നിന്നും നാട്ടിൽ വന്നാലും മാണിക്കുഞ്ഞ് പെണ്ണുമ്പിള്ളേടെ കുടുംബത്തോട്ടെ പോകൂ . ആരെയും അങ്ങനെ കാണാൻ വരലൊന്നും പതിവില്ല . ആ അവനാ ഇപ്പം ഫോണേൽ വിളിച്ച് അവന്റെ മോടെ മനസുചോദ്യം വിളിച്ചിരിക്കുന്നെ .. മാണി കഴിഞ്ഞ ആഴ്ച നാട്ടിലെത്തിയതാ . അവന്റെ പെമ്പറന്നോരുടെ വീട്ടിൽ ഉണ്ട് .. അതൊക്കെ ഞാൻ നേരത്തെ അറിഞ്ഞതാ . കഷ്ടിച്ച് എട്ടു കിലോമീറ്റർ യാത്ര ചെയ്ത് ഇവിടെ വരെ വന്ന് പെങ്ങളോട് പറയാൻ അവന് മേലാ . ഫോണേൽ വിളിച്ചേക്കുന്നു !"
"ന്നാ നിങ്ങടെ കാപ്പി "
തെയ്യാമ്മേടെ ശബ്ദം അയാളെ ചിന്തയിൽ നിന്ന് ഉണർത്തി
"നീ കുടിച്ചാരുന്നോ "
"ആ"
ചൂട് കാപ്പി ഊതിക്കുടിക്കുന്നതിനിടയിൽ കിണറ്റിൽ നിന്നും വെള്ളം കോരുന്ന തെയ്യാമ്മയെ പൈലി നോക്കിയിരുന്നു.
അയാളോടുള്ള കലിപ്പ് തെയ്യാമ്മ കപ്പിയിലും കയറിലും തീർക്കുന്നുണ്ടായിരുന്നു .
നാട്ടാരുടെ മുൻപിൽ സമാധാനത്തിന്റെ മാടപ്പിറാവിനെ പോലെ വെള്ള ചട്ടേം മുണ്ടും ഉടുത്ത തെയ്യാമ്മയുടെ ഉള്ളിലെ ദുർബലമായ കൂടിനുള്ളിൽ തളച്ചിട്ട സിംഹിണിയുടെ കാര്യം പൈലിക്ക് മാത്രം അറിയാവുന്ന രഹസ്യം . നെഞ്ചത്തടി , പ്രാക്ക്, പട്ടിണി സമരം, അടുക്കള ബന്ത്, പൈലിയെ കട്ടിലിൽ നിന്നും ചവിട്ടി നിലത്തിടൽ , തുടങ്ങിയ കലാപരിപാടികൾ അരങ്ങേറാനുള്ള വേദി ഒരുങ്ങുകയാണെന്ന് ഏതാണ്ട് ഉറപ്പായി .
ഒന്നരയേക്കർ പറമ്പിന്റെ ഒത്ത നടുക്ക് വീട് വെക്കാൻ തോന്നിയ തന്റെ നശിച്ച ബുദ്ധിയെ പൈലി ഒരിക്കൽ കൂടി ശപിച്ചു .
ഇപ്പം അയലോക്കക്കാര് കേൾക്കും എന്നുള്ള പേടിയില്ലാതെ തെയ്യാമ്മക്ക് അവരുടെ സകല കലാവൈഭവവും കാഴ്ച വെക്കാം .
എന്തായാലും ഇന്നത്തെ ദിവസം പെരുച്ചാഴി കേറിയ ചീനി കൃഷി പോലെ ആയി !
രാത്രി കഞ്ഞി കുടിക്കാൻ ഇരുന്നപ്പോഴും തെയ്യാമ്മ ഒന്നും മിണ്ടിയില്ല .
ബാക്കി അങ്കം ഉറങ്ങാൻ കിടക്കുമ്പോൾ ആകുമെന്ന് പൈലി ഊഹിച്ചു .
അയാൾ ഒന്നും മിണ്ടാതെ കഞ്ഞിപ്പാത്രത്തിൽ നിന്നും തല ഉയർത്താതെ കഞ്ഞികുടി തുടർന്നു .
തെയ്യാമ്മ ഇടക്കിടക്ക് കഞ്ഞികുടിക്കിടയിൽ ചാഞ്ഞും ചെരിഞ്ഞുമൊക്കെ പൈലിയെ നോക്കുന്നുണ്ടായിരുന്നു .
അത്താഴം കഴിഞ്ഞാൽ മിറ്റത്തുകൂടി കുറച്ചു നടക്കുക പതിവുണ്ട് പൈലിക്ക് .
നടത്തത്തിനിടയിൽ അയാൾക്ക് ലില്ലിയെ ഓർമവന്നു .
"ഒറ്റ മോളാ .. പറഞ്ഞീട്ടെന്താ.. അവൾ അവക്കിഷ്ടമുള്ള ഒരുത്തനെ കെട്ടി അവടെ പാടുനോക്കി പോയി .. അല്ല .. അവള് പോയതല്ല .. തെയ്യാമ്മ അവളെ ഓടിച്ചു വിട്ടു .. അതാവും ശരി ."!
പൈലി ഒരു ബീഡി കത്തിച്ച് ആഞ്ഞു വലിച്ചു
"പ്രീഡിഗ്രി കഴിഞ്ഞപ്പം ഡിഗ്രിക്ക് ടൗണിൽ ഉള്ള കോളേജിൽ ചേരണമെന്ന് പറഞ്ഞപ്പോൾ മനസില്ലാമനസോടെയാ സമ്മതം മൂളിയെ . പക്ഷെ വെട്ടുകാരൻ തൊമ്മിച്ചന്റെ മോൻ ഡേവിഡുമായി അവള് അടുപ്പത്തിലാണെന്നും രണ്ടും കൂടി ഒന്നിച്ചാ കോളേജിൽ പോക്കെന്നുമൊക്കെ പിന്നെയാ അറിഞ്ഞത്. സമാധാനമായിട്ട് രണ്ടെണ്ണത്തിനേം പറഞ്ഞു മനസിലാക്കി ഡേവിഡിനോട് പഠിത്തം കഴിഞ്ഞ് ഒരു പണി ആയിട്ട് വീട്ടിൽ വന്ന് പെണ്ണ് ചോദിച്ചാൽ കെട്ടിച്ചു തരാമെന്നും അതുവരെ തെയ്യാമ്മ ഇതൊന്നും അറിയരുതെന്നും ഒക്കെ പറഞ്ഞ് ശരിയാക്കിയതായിരുന്നു. പക്ഷെ എന്നാ പറയാനാ ..! ആ ഇടക്ക് മാണിക്കുഞ്ഞ് അവധിക്ക് നാട്ടിൽ വന്നപ്പോ അവന്റെ പെമ്പറന്നോരുടെ അങ്ങളെടെ ഒരു തലതിരിഞ്ഞ സന്തതിക്ക് ലില്ലിയെ കെട്ടിച്ചു കൊടുക്കാവോന്നും ചോദിച്ച് വന്നു .. ആ ചെറുക്കാനാണേൽ മുഴുവൻ സമയോം ബാറിലാ .. വെളിവോള്ള ഒരു നേരോം ഇല്ല . പറയുമ്പം ഇട്ടുമൂടാൻ കാശുള്ള വല്യ കൊമ്പത്തെ വക്കീലിന്റെ മോനാ . തെയ്യാമ്മയോട് വല്ലതും പറഞ്ഞാൽ തലേ കേറുവോ. ആങ്ങള കൊണ്ടുവന്ന ആലോചന ആയോണ്ട് അതങ്ങ് ഉറപ്പിച്ച മട്ടിലാ അവൾ . അതിനെടേൽ ഡേവിഡിന്റെ കാര്യോം പറഞ്ഞു ചെന്നാൽ ഒന്നുകിൽ അവള് ചാകും .. അല്ലേൽ അവളെന്നെ കൊല്ലും .നിവൃത്തിയില്ലാതെ ഡേവിഡിനോട് ലില്ലിയെം കൊണ്ട് ഒളിച്ചോടിക്കോളാൻ പറഞ്ഞു . നല്ല വെളിവും വെള്ളിയാഴ്ചെം ഒള്ള പിള്ളേരായോണ്ട് ഇതിന്റെ പിന്നിൽ ഞാനാണെന്ന് ആർക്കും ഇതുവരെ അറിയില്ല . അതോടെ അതുങ്ങടെ രണ്ടിന്റേം പഠിപ്പു നിന്നു . ഡേവിഡ് ടൗണിൽ ഒരു വർക്ഷോപ്പിൽ പണിക്ക് പോകും . തെയ്യാമ്മക്ക് ലില്ലിയോടുള്ള ദേഷ്യം നാളു ചെല്ലുംതോറും കൂടിയതല്ലാതെ കുറഞ്ഞീട്ടില്ല . ഇപ്പം കൊല്ലം മൂന്ന് കഴിഞ്ഞു എന്റെ കൊച്ചീ വീട്ടിൽ കാലു കുത്തീട്ട് .. പാവം."
ഇതൊക്കെ ഓർക്കുമ്പോൾ പൈലിക്ക് മാണിക്കുഞ്ഞിനോടുള്ള ദേഷ്യം ഇരട്ടിച്ചു.
ഇടക്ക് വല്ലപ്പോഴും മാണിക്കുഞ്ഞ് ഫോൺ ചെയ്യുമ്പോൾ തെയ്യാമ്മയുടെ മനസ്സിൽ ലില്ലിക്കുട്ടിയോടുള്ള കോപാഗ്നിക്ക് ആക്കം കൂട്ടാൻ ഇച്ചിരി പെട്രോൾ ഒഴിക്കാൻ മറക്കാറില്ല.
"എന്നാലും എന്റെ അമ്മാമ്മേ .. ആ കൊച്ചിന് ഇതിന്റെ വല്ല കാര്യോം ഒണ്ടാരുന്നോ . നല്ലൊന്നാതരം ഒരു ചെറുക്കനെ വേണ്ടെന്ന് വെച്ചാല്ല്യോ അവളാ വെട്ടുകാരന്റെ സന്തതിയുടെ കൂടെ പോയത് .. ആ ഇനി പറഞ്ഞീട്ടെന്താ .. അമ്മാമ്മക്ക് യോഗമില്ല !"
പിന്നെ അന്നത്തെ കാര്യം കാട്ടുപന്നി തോട്ടത്തിൽ കേറിയ പോലാ . തെയ്യാമ്മ മൊത്തത്തിൽ എല്ലാം ഒന്ന് ഇളക്കി മറിക്കും. ചുരുക്കത്തിൽ മാണികുഞ്ഞിന്റെ ഫോൺ വന്നാൽ പിറ്റേന്ന് ഒന്ന് ചന്ത വരെ പോകേണ്ടിവരും . ചട്ടീം കലോം വാങ്ങാൻ !
ബീഡി കത്തി തീർന്നു .. കൈ പൊള്ളിയപ്പോൾ പൈലി ബീഡിക്കുറ്റി താഴെയിട്ട് ചവിട്ടി കെടുത്തി. മാണിക്കുഞ്ഞിനോടുള്ള ദേഷ്യം ബീഡിക്കുറ്റിയോട് തീർത്ത് അയാൾ അകത്തേക്കു നടന്നു . തെയ്യാമ്മ ഉറങ്ങിയിരുന്നില്ല .
പൈലി അകത്തു കടന്നതും അവർ കട്ടിലിൽ നിന്നും ചാടി എഴുന്നേറ്റ് ആക്രോശിച്ചു
" നിങ്ങള് വരുവോ വരത്തില്ലയോ ?? എനിക്കിപ്പം അറിയണം "
"മനസമ്മതമല്ലേ തെയ്യാമ്മേ ?? നീ പോയാൽ പോരെ ?"
"നിങ്ങളിങ്ങനെ പറയൂ .. അതെങ്ങനാ അതിന്റെ ഒക്കെ ഒരു ചേതം അറിയണമെങ്കിൽ സ്വന്തമായി കൂടപ്പിറപ്പുകൾ ഉണ്ടാവണം. നിങ്ങക്കതില്ലല്ലോ . അപ്പം എന്റെ ദണ്ണം നിങ്ങക്ക് മനസിലാകത്തില്ല"
"ഒച്ച വെക്കാതെ നീ .. നിന്നെ കെട്ടാൻ വന്നപ്പോ തന്നെ ഞാനെല്ലാം പറഞ്ഞതാ തെയ്യാമ്മേ . ആരുമില്ലാത്തൊനാ പൈലി. എന്ന് കരുതി നിനക്കു ഞാൻ എന്നേലും കുറവ് വരുത്തീട്ടുണ്ടോ "
"നിങ്ങളെന്നാ പറഞ്ഞാലും എനിക്കെന്റെ കൂടെപ്പിറപ്പുകളെ കഴിഞ്ഞീട്ടെ ഉള്ളൂ ആരും. അങ്ങനെ വളത്തിയതാ ഞങ്ങളവനെ. നിങ്ങളെന്റെ കെട്ടിയോനാണേൽ എന്നോട് ഇച്ചിരിയേലും സ്നേഹമുണ്ടെൽ എന്റെ ഒരേ ഒരു ആങ്ങളെടെ കൊച്ചിന്റെ മനസമ്മതത്തിന് വരുകേലെന്ന് പറയുവോ "
തെയ്യാമ്മ നെഞ്ചത്തലയും പിറുപിറുക്കലും മൂക്കുചീറ്റലും തുടർന്നു .
പുല്ലുമുളക്കാത്ത തരിശുഭൂമി കാണിച്ചീട്ട് അവിടെ പൊന്ന് വിളയിക്കാൻ പറഞ്ഞാൽ ഈ പൈലി പുല്ലുപോലെ ചെയ്യും ..
കാട്ടീന്ന് ഇറങ്ങുന്ന ഒറ്റകൊമ്പനെ ഒറ്റക്ക് നിന്ന് ഓടിക്കും.
പക്ഷെ തെയ്യാമ്മ കരഞ്ഞാൽ മാത്രം പൈലി തളരും . ഈ ഭൂമിയിൽ അയാൾക് സ്വന്തമായി തെയ്യാമ്മേം ലില്ലിയും മാത്രമേ ഉള്ളൂ!
" കരയണ്ട തെയ്യാമ്മേ .. ഞാൻ വരാം .. ഞാൻ വന്നാലേ നിനക്ക് സന്തോഷമാകത്തൊള്ളേൽ ഞാൻ വരാം "
"സത്യമാണല്ലോ "
"കർത്താവാണേ "
"എന്നാലേ നിങ്ങടെ ആ ഇളം നീല ഷർട്ടും നീല കരയുള്ള മുണ്ടും ഞാൻ തേച്ച് വെച്ചീട്ടുണ്ട്. അതിട്ടാ മതി"
"ഇപ്പഴേ തേച്ച്‌ വെച്ചോ"
" മാണിക്കുഞ്ഞ് ഫോൺ ചെയ്ത ഉടനേ തേച്ചു വെച്ചു "
തെയ്യാമ്മ കണ്ണ് തുടച്ചു ചിരിച്ചു . ഒരു യുദ്ധം ഒഴിഞ്ഞു പോയ ആശ്വാസത്തിൽ പൈലി കട്ടിലിലേക്ക് മലർന്നു .
അങ്ങനെ ആ ദിവസമെത്തി .. ഞായറാഴ്ച!!
തെയ്യാമ്മ വലിയ ഉത്സാഹത്തിലാ ..
"കഴിഞ്ഞ തവണ കുരുമുളക് വിറ്റിട്ട് വന്നപ്പോൾ ഇച്ചായൻ വാങ്ങിക്കൊണ്ട് വന്ന സിൽക്ക് സാരി അലമാരയിൽ എടുക്കാതെ വെച്ചേക്കുവായിരുന്നു . അതേതായാലും നന്നായി "
മണിക്കൂറ് രണ്ടെടുത്തു തെയ്യാമ്മ ഒന്ന് ഒരുങ്ങി ഇറങ്ങാൻ
"സാരി കൊള്ളാം .. അല്ലേലും തെയ്യാമ്മ സാരി ഉടുത്താൽ ഒരു പ്രത്യേക ഭംഗിയാ"
പൈലി ഓർത്തു
മണിക്കുഞ്ഞിന്റെ കാശിന്റെ കൊഴുപ്പ് റോഡ് തൊട്ടേ അറിയാനുണ്ടാരുന്നു. പൂക്കളും ബൊക്കെയും തോരണവും ... ആകെ ജഗപൊക !
പള്ളിയുടെ വാതിൽക്കൽ സ്വീകരിക്കാൻ നിന്നിരുന്ന തരുണീമണി റോസാപ്പൂവു നൽകി എല്ലാരേം പള്ളിക്കകത്തേക്ക് ആനയിച്ചു.
റോസാപ്പൂ വാങ്ങുമ്പം തെയ്യാമ്മ പെങ്കൊച്ചിനോട് ചോദിച്ചു
" നീ ഏതാ കൊച്ചെ ?? മാണിക്കുഞ്ഞിന്റെ പെമ്പറന്നോര് സൂസന്റെ വല്ലോരും ആന്നോ?"
"ആന്റി . ഞങ്ങൾ ഇവന്റ് മാനേജ്‌മെന്റ് സ്റ്റാഫ് ആണ് "
" എവന്റെ മാനെജ്‌മെന്റോ ?"
" വീട്ടുകാർ ക്ഷണിച്ചു വരുത്തിയവരെ വീട്ടുകാർക്ക് ശ്രദ്ധിക്കാൻ സമയമില്ലാത്തോണ്ട് ആ ജോലി കാശു കൊടുത്ത് വേറെ ചിലരെക്കൊണ്ട് ചെയ്യിക്കുന്ന ഒരു ഏർപ്പാടുണ്ട് തെയ്യാമ്മേ .. അതാണ് ഇവന്റ് മാനേജ്‌മെന്റ്"
" അതെന്നാ ഇടപാടാ ... മനസമ്മതം നടക്കാൻ പോകുന്ന കൊച്ചിന്റെ തന്തേം തള്ളേം അല്ലെ വരുന്നവരെ സ്വീകരിക്കണ്ടെ.."
ഇനിയും നീ എന്നാ ഒക്കെ കാണാൻ കിടക്കുന്നു എന്ന് മനസ്സിൽ ഓർത്തുകൊണ്ട് പൈലി തെയ്യാമ്മയുടെ കൈയിൽ പിടിച്ചു പള്ളിക്കകത്തോട്ട് കൊണ്ടുപോയി
" അയ്യോ .. ഇച്ചായാ .. ദേണ്ടെ .. ആ കോച്ച് "
" എന്നാ പറ്റി ?"
" ആ കൊച്ച്‌ ഉടുപ്പ് മുഴുവൻ ഇടാൻ മറന്നെന്ന് തോന്നുന്നു .. "
തെയ്യാമ്മ വെപ്രാളത്തോടെ ഒരു പെങ്കൊച്ചിനെ നോക്കി പറഞ്ഞു
" മറന്നതല്ല .. അത് അത്രേ ഉള്ളൂ "
പൈലി നിസ്സംഗനായി പറഞ്ഞു
അപ്പോഴാണ് തെയ്യാമ്മ അവിടൊള്ള ബാക്കി മഹിളാമണികളെ ശ്രദ്ധിക്കുന്നത് ..
" എന്റെ കർത്താവേ "
സാരിയുടുത്ത കുറച്ചു സ്ത്രീകൾ ആ സമയം ഹാളിലേക്കു വന്നു .. മാന്യമായ വേഷം ധരിച്ച കുറച്ചുപേരെങ്കിലും ഉണ്ടല്ലോ ഭാഗ്യം .. പക്ഷെ ആ ആശ്വാസവും അധികനേരം നീണ്ടുനിന്നില്ല. ഒരു ബ്ലൗസിനൊക്കെ കാൽ മീറ്റർ തുണി മതിയാകും എന്ന് അവരുടെ ബ്ലൗസിന്റെ പുറക് വശം കണ്ടപ്പോൾ തെയ്യാമ്മക്ക് തോന്നി . തെയ്യാമ്മ കണ്ണുതള്ളി പൈലിയെ നോക്കി .
പലചരക്ക് കടയിൽ കയറിയ മൂഷികന്റെ അവസ്ഥയിൽ വായും പൊളിച്ചിരിക്കുന്ന പൈലിയെ ആണ് അവര് കണ്ടത് !
ഒരു തരത്തിൽ മനസമ്മതം കഴിഞ്ഞു .. മാണിക്കുഞ്ഞോ ഭാര്യയോ മക്കളോ ഒരിക്കൽ പോലും തന്നെ ഒന്ന് നോക്കുകപോലും ചെയ്തില്ലെന്ന് തെയ്യാമ്മ ഓർത്തു . തിരക്കായതുകൊണ്ടാവും .. അവര് സ്വയം സമാധാനിപ്പിക്കാൻ ശ്രമിച്ചു
ആഹാരം കഴിക്കാൻ എല്ലാവരും ഇരുന്നപ്പോൾ ഹാളിന്റെ ഒരു കോണിൽ ഒരു വലിയ ബഹളം . ഒരാൾ കുടിച്ചു ബോധമില്ലാതെ ഒരു ടേബിൾ തട്ടിമറിച്ചിട്ടതാണ് . അത് വൃത്തിയാക്കാൻ ചെന്ന സ്വീപ്പറിനെ ആയാൾ കാരണം കൂടാതെ തല്ലി . അകെ ബഹളമായി . കുടിയനെ പിടിച്ചു മാറ്റാൻ ചെന്ന ഒരു പ്രായം ചെന്ന മനുഷ്യനെയും അയാൾ തല്ലി . ആകപ്പാടെ കശപിശ . ഒടുക്കം കുറെപ്പേർ ചേർന്ന് കുടിച്ചു ബോധം ഇല്ലാത്ത ആ ചെറുക്കനെ പൊക്കി എടുത്തോണ്ട് പോയി രംഗം ശാന്തമാക്കി
" ഛെ .. എന്നാ നാണക്കേടാ .. മാണിക്കുഞ്ഞെന്തിനാ ഈ ജാതി കുടിയന്മാരെയൊക്കെ വിളിച്ചു വരുത്തിയെ "
തെയ്യാമ്മ ക്ഷോഭത്തോടെ പൈലിയോട് പറഞ്ഞു
" പിന്നെ വിളിക്കാതെ .. അതാണ് സണ്ണി .. മാണിക്കുഞ്ഞിന്റെ ഭാര്യ സൂസന്റെ മൂത്ത ആങ്ങള കുര്യൻ വക്കീലിന്റെ മോൻ . അതായത് നമ്മുടെ ലില്ലിക്കുട്ടിക്ക് വേണ്ടി നിന്റെ ആങ്ങള കൊണ്ടുവന്ന വിശേഷപ്പെട്ട കല്യാണാലോചന . പിന്നെ അവനെ പിടിച്ചു മാറ്റാൻ വന്ന ആ പ്രായമായ മനുഷ്യനില്ലെ.. അതാ കുര്യൻ വക്കീൽ .. മണിക്കുഞ്ഞിന്റെ കല്യാണത്തിന് നീ കണ്ടീട്ടുണ്ടാവും . ഇപ്പം തടിച്ചു . അതാ മനസ്സിലാവാഞ്ഞെ. സണ്ണി തല്ലിയതെ അവന്റെ സ്വന്തം തന്തയെയാ. നല്ല കുടുംബം "
" നേരോ ??നമ്മുടെ ലില്ലിയെ ഇവനെങ്ങാനും കൊടുത്തിരുന്നേൽ എന്തായേനെ എന്റെ ഈശോയെ "
തെയ്യാമ്മ കൈയിലെടുത്ത കോഴിക്കാല് തിരികെ പ്ളേറ്റിലേക്ക് തന്നെ ഇട്ടു . അവർക്ക് ഒരു വറ്റ് പോലും കഴിക്കാൻ സാധിച്ചില്ല .
മാണിക്കുഞ്ഞോ കുടുംബമോ ഇങ്ങനെ രണ്ട് ക്ഷണിക്കപ്പെട്ട വിശിഷ്ടാതിഥികൾ തെക്കൂന്ന് വന്നോ വടക്കൂന്ന് വന്നോ എന്ന് പോലും അന്വേഷിച്ചില്ല .
ഇവന്റ് മാനേജ്‌മെന്റ് കാരുടെ സ്നേഹാദരങ്ങൾ ഏറ്റുവാങ്ങി
ആരോ ആരുടെയോ മനസമ്മതത്തിന് പോയത് പോലെ തെയ്യാമ്മയും പൈലിയും തിരികെ പൊന്നു .
അന്ന് രാത്രി പൈലിയോട് ചേർന്ന് കിടന്ന് തെയ്യാമ്മ കുറെ കരഞ്ഞു . കരച്ചിലിനൊടുവിൽ അവർ പറഞ്ഞു
" ഇച്ചായോ .. നാളെ നമ്മടെ ലില്ലികൊച്ചിനേം ഡേവിച്ചനേം ഇങ്ങു വിളിച്ചോണ്ട് പോരണം. നിങ്ങള് വിളിച്ചാൽ അവള് വരും . നമ്മളിവിടുള്ളപ്പോൾ അതുങ്ങളിങ്ങനെ കഷ്ടപ്പെടണ്ട കാര്യമില്ലല്ലോ .. നമ്മുടെ എല്ലാം അവക്കുള്ളതല്ലേ "
" ആ നോക്കട്ടെ .. "
പൈലി അലസമായി പറഞ്ഞു
" ദേ മനുഷ്യാ .. ഞാൻ കാര്യമായിട്ടൊരു കാര്യം പറയുമ്പം നിങ്ങടെ ഒടുക്കത്തെ മറ്റേ സ്വഭാവോം കൊണ്ട് വന്നാലുണ്ടല്ലോ .. ഈ തെയ്യാമ്മ ആരാന്ന് നിങ്ങളറിയും "
ഇതു പറയുവേം പൈലിയെ കട്ടിലിൽ നിന്നും തള്ളി താഴെ ഇടുവേം ഒരുമിച്ചു കഴിഞ്ഞു
വെറും നിലത്ത് കമഴ്ന്ന് കിടന്ന് ചിരിച്ചു കൊണ്ട് പൈലി ഓർത്തു
" ഒരു വാരിയെല്ലൊന്നും കൊണ്ട് ഈ സൈസ് സാധനത്തിനെ സൃഷ്ടിക്കാൻ പറ്റില്ല .. ഒരു അഞ്ചാറെണ്ണം എങ്കിലും വേണ്ടി വന്നീട്ടുണ്ടാവും .. അല്ലയോ കർത്താവേ ?? !!"
വന്ദന 🖌

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot