Slider

ഒരു മെയ്മാസപ്പുലരിയിൽ

0

ശരക്ക് വേണമാ?
വലത് കൈ കൊണ്ട് സ്റ്റിയറിംഗ് ഇടയ്ക്കിടയ്ക്ക് ചെറുതായി തട്ടി കൊടുത്ത്, ഇടതു കൈയ്യിലെ ക്വാർട്ടറിൻ്റെ അടപ്പ് കടിച്ചു തുറന്ന് വായിലേക്ക് കമഴ്ത്തുന്നതിനിടയിൽ ഒരു ലോഹ്യം ചോദിച്ചതാണ് നമ്മുടെ നരച്ച കപ്പടാമീശക്കാരനായ അണ്ണാച്ചി. അണ്ണാച്ചിയ്ക്കും എനിയ്ക്കുമിടയ്ക്കിരിയ്ക്കുന്ന ഹെൽപ്പർ ഞങ്ങളെ രണ്ടിനേയും മാറിയും തിരിഞ്ഞും തെരുതെരാ നോക്കിക്കൊണ്ടിരുന്നു.
ഇനി അഥവാ ഞാനെങ്ങാനും വേണമെന്നു പറഞ്ഞാൽ അവനു നഷ്ടമായേക്കാവുന്ന സോമരസത്തെ കൊതിയോടെ നോക്കിയിരിക്കുന്ന ഹെൽപ്പറുടെ കൈയ്യിലേയ്ക്ക്
ഇന്നാടാ മുരുകാ എന്നും പറഞ്ഞ് മീശക്കാരൻ അണ്ണാച്ചി കൊടുത്ത കുപ്പിയിലേയ്ക്ക് വെറുതെ ഒന്നു പാളി നോക്കി, ഏകദേശം അമ്പതുമില്ലിയോളം കറുകറുത്ത ദ്രാവകം കുപ്പിയുടെ അടിയിലായി ഇളകിയാടുന്നു. കൈയിലിരുന്ന കുടിവെള്ള കുപ്പിയിൽ നിന്ന് അല്പം വെള്ളം ചെരിച്ചൊഴിച്ച്, ഒന്നിളക്കി മുരുകൻ തൻ്റെ അണ്ണാക്കിലേയ്ക്ക് ആഞ്ഞൊഴിച്ചതിനൊപ്പം കൈയ്യിലിരുന്ന വെള്ളക്കുപ്പി അണ്ണാച്ചിയുടെ കൈയ്യിലേയ്ക്ക് കൊടുത്തു. അണ്ണാച്ചി മൂന്നാലു കവിൾ വെള്ളം കുടിച്ചതിനു ശേഷം, ഡാഷ്ബോഡിനു മുകളിൽ വച്ചിരുന്ന ബീഡിക്കെട്ടിൽ നിന്ന് ഒരെണ്ണം ഊരിയെടുത്ത് ചുണ്ടിൽ വച്ച് തീ കൊടുത്ത് ആഞ്ഞാഞ്ഞു വലിച്ചു പുകയൂതി പുറത്തേയ്ക്ക് വിട്ടു.
പറയാൻ മറന്നു ഞാൻ നരേന്ദ്രൻ. എർണാകുളത്തുള്ള ഒരു ഇലക്ട്രോണിക്സ് കമ്പനിയുടെ മാർക്കറ്റിംഗ് ഏജൻറ് ആയി വർക്ക് ചെയ്യുന്നു. ഓരോ ദിവസവും ഓരോരോ സ്ഥലങ്ങളിൽ പോയി ഓർഡർ എടുക്കുകയും നേരത്തെ കൊടുത്ത സാധനങ്ങളുടെ കളക്ഷൻ എടുക്കുകയും ചെയ്തു കഴിയുമ്പോൾ രാത്രി ഒരു നേരമാകും. പിന്നീട് രാത്രിയാത്ര മിക്കവാറും ഇതുപോലുള്ള പാണ്ടിലോറികളിൽ ആയിരിക്കും. പാതിരാത്രിയിൽ ലഭിക്കുന്ന ദീർഘദൂര ബസ്സുകൾ രാത്രിനേരം ഞങ്ങളുടെ ഗ്രാമത്തിൽ നിർത്താറില്ല എന്നുള്ളതും ഒരു കാരണമാണ്. ഇന്നു തന്നേ തിരുവല്ല,മാവേലിക്കരയെല്ലാം കറങ്ങിത്തിരിഞ്ഞ് എങ്ങിനെയോ ഹരിപ്പാട് സ്റ്റാൻ്റിൽ എത്തിയപ്പോൾ ഏകദേശം പത്തുപന്ത്രണ്ടര മണി കഴിഞ്ഞു. ഉച്ചയ്ക്കെന്തോ കഴിച്ചതാണ്,
വല്ലാതെ വിശപ്പും തുടങ്ങി. തട്ടുകടയിൽ നിന്നെത്തുന്ന ഓംലറ്റിൻ്റേയും, ദോശയുടേയും മണത്തിനൊപ്പം ചൂടു കല്ലിലേയ്ക്ക് മാവു കോരിയൊഴിക്കുമ്പോളുള്ള ശ് ശീ ശബ്ദങ്ങൾ തന്നെ വേഗത്തിലങ്ങോട്ട് ക്ഷണിക്കുകയാണെന്ന് തോന്നി. പിന്നെ താമസിച്ചില്ല,
അങ്ങോട്ട് വച്ചുപിടിച്ചു. സ്റ്റാൻ്റിൻ്റെ തെക്കുവശത്തുള്ള തട്ടുകടയിലെ ബെഞ്ചിലിരുന്ന് മൂന്നാലു ചൂടുദോശയും, ചമ്മന്തിയും, ഓംലറ്റും കട്ടൻച്ചായയും കഴിച്ചപ്പോൾ രാവിലെ തൊട്ട് തുടങ്ങിയ ഓട്ടത്തിൻ്റെ തളർച്ചയെല്ലാം നന്നായി മാറി. ഇനിയും വീട്ടിലെത്താൻ ഒന്നൊന്നര മണിക്കൂർ യാത്രയുണ്ടെങ്കിലും മടുപ്പൊന്നും തോന്നിയില്ല. കൈയ്യും വായും കഴുകി, ഭക്ഷണത്തിൻ്റെ പൈസയും കൊടുത്തു. ബാക്കി കിട്ടിയ പൈസയിൽ നിന്ന് ഒരു വിൽസ് സിഗരറ്റും വാങ്ങി കത്തിച്ച് ഒന്നുരണ്ടു പുകയെടുത്തതിനു ശേഷം, ബാഗുമെടുത്ത് ദേശീയപാതയുടെ അരികിലേയ്ക്ക് അടുത്ത യാത്രയ്ക്കുള്ള മഹായാനവും കാത്ത് നിലയുറപ്പിച്ചു. മുന്നിലുള്ള ദേശീയപാതയും, മുകളിലുള്ള ആകാശവും തെക്കുവടക്ക് തൻ്റെ ജീവിതം പോലെ നീണ്ടുനിവർന്നു കിടക്കുന്നു, അവിടവിടെയായി മുനിഞ്ഞു കത്തുന്ന സ്ട്രീറ്റ് ലൈറ്റും, ആകാശത്തിലങ്ങിങ്ങു കാണുന്ന കുഞ്ഞുനക്ഷത്രങ്ങളും ഇടയ്ക്കിടയ്ക്ക് തന്നെ നോക്കി കണ്ണു ചിമ്മുന്നതാണോ, അതോ തൻ്റെ കണ്ണിടക്ക് അടഞ്ഞു പോകുന്നതാണോ എന്ന സംശയം തീർക്കുന്നതിന് തൊട്ടുമുമ്പായി തെക്ക് നിന്നു വരുന്ന വാഹനത്തെ നന്നായി ശ്രദ്ധിച്ചു. ഊഹം തെറ്റിയില്ല
അത് ഒരു പാണ്ടി ലോറി തന്നേയാണെന്ന് മനസ്സിലായി. റോഡിലേക്ക് അല്പം ചരിഞ്ഞ് നിന്ന് കൈകാണിച്ചതും, ഒരു മുരൾച്ചയോടെ അശോക് ലെയ്ലാൻ്റിൻ്റെ നാഷണൽ പെർമിറ്റ് ലോറി അല്പം മുന്നോട്ട് മാറി ബ്രേക്കിട്ട് നിർത്തി. പോകേണ്ട സ്ഥലം പറഞ്ഞ് അകത്തു കയറി.
അന്തസ്ഥലമൊന്നും എനക്ക് തെരിയാത്, സ്ഥലത്തുക്ക് കൊഞ്ചം മുന്നാലേ ശൊല്ലിട് അപ്പുറം പാക്കലാം എന്നെന്തൊക്കൊയേ പറഞ്ഞതിന് റൊമ്പ നൻ്റി അണ്ണാ എന്ന് നമുക്കാകെ അറിയാവുന്ന തമിഴും പറഞ്ഞ് മൂന്നാളുകൾക്ക് വിശാലമായി ഇരിയ്ക്കാവുന്ന സീറ്റിനിടത്തു വശത്ത് രാവിലെ തൊട്ട് പറന്നുതളർന്ന ചിറകുകളൊതുക്കി സ്വസ്ഥമായിരുന്നു. അത്ര സുഖകരമൊന്നുമല്ലെങ്കിലും എത്ര സുന്ദരമീ ജീവിതയാത്ര എന്ന് മനസ്സിനെ പറഞ്ഞ് മയക്കിയുള്ള യാത്രയ്ക്കിടയിലുള്ള ചെറുമയക്കം. ഓളങ്ങളിളകാത്ത ഓർമ്മക്കയങ്ങളിൽ ഒരു മാത്രയൊന്നു മുങ്ങിത്തുടങ്ങിയ മാത്രയിൽ ദിഗന്തം മുഴങ്ങുമാറുച്ചത്തിൽ ഉല്ക്കപോലെന്തോ മുന്നിലെ ചില്ലിൽ വന്നുകൊണ്ടെന്നത് ശബ്ദം കൊണ്ട് തിരിച്ചറിഞ്ഞതിനൊപ്പം സഡൻബ്രേക്കിൽ ടയർ കരിഞ്ഞ മണവും ചുറ്റും നിറഞ്ഞു. ചുറ്റും കണ്ണിൽ കുത്തുന്ന ഇരുട്ടല്ലായിരുന്നു എന്ന് തിരിച്ചറിഞ്ഞത് കണ്ണുചിമ്മിത്തുറന്നപ്പോഴാണ്. മുഖം പൊത്തിയിരിക്കുന്ന മുരുകൻ്റെ രണ്ടു കൈയ്യിലേയും വിരലുകൾക്കിടയിലൂടെ കിനിഞ്ഞിറങ്ങുന്ന രക്തത്തുള്ളികൾ . ദുരന്തം കടന്നുവന്ന വഴി പോലെ മുന്നിലെ ഗ്ലാസ്സിലെ വട്ടത്തിലുള്ള പൊട്ടുപാട്, ചിതറിത്തെറിച്ച ചില്ലുകഷ്ണങ്ങൾ ചിന്നിച്ചിതറി കിടപ്പുണ്ടായിരുന്നു മുരുകൻ്റെ മടിയിലും, സീറ്റിനു മുന്നിലും കൂടാതെ ഡാഷ്ബോഡിൻ്റെ മുകളിലും. എന്താണ് സംഭവിച്ചത് എന്നറിയാൻ ഞാനും ഡ്രൈവറണ്ണാച്ചിയും തലപുറത്തേയ്ക്കിട്ടു നോക്കിയ നേരം ഭയം കൊണ്ട് കണ്ണുകൾ ഇറുക്കിയടച്ചു പോയി. വണ്ടിക്കു ചുറ്റുമായി പത്തറുപതുപേർ മിക്കവരും വെളുത്ത വസ്ത്രമണിഞ്ഞവർ. നേരത്തെ വണ്ടി പെട്ടെന്ന് ബ്രേക്കിട്ട് നിർത്തിയപ്പോൾ ഉണ്ടായത് ടയർ കരിഞ്ഞ മണം ആയിരുന്നെങ്കിൽ ഇപ്പോൾ ടയർ കത്തുന്ന മണം.
മുന്നിലുള്ളവരുടെ ഇടങ്കൈയ്യിൽ ടയറിൽ കൊളുത്തിയ തീപ്പന്തങ്ങളും, വലതു കൈയ്യിൽ മുറുക്കിപ്പിടിച്ചിരിയ്ക്കുന്ന കുറുവടികൾ, പിൻനിരയിൽ ഉള്ളവരുടെ കൈയ്യുകളിൽ കൂർത്തു മൂർത്ത കരിങ്കൽ ചീളുകൾ, കന്നാസിൽ നിറയെ വെളുത്ത നിറമുള്ള എന്തോ ദ്രാവകം. കാതു പൊട്ടുന്ന മുദ്രാവാക്യം വിളികൾ, കണ്ണീരിൽ കുതിർന്ന ശാപവചസ്സുകൾ, കാര്യമറിയാതെ ഉഴറുന്ന ഞങ്ങൾ. ഇരുവശങ്ങളിലൂടെ വാതിലുകളിലൂടെ ഞങ്ങളെ പുറത്തേയ്ക്ക് ഇറങ്ങാനനുവദിക്കാതെ ഇരുവശത്തുമായി നിൽക്കുന്നവരുടെ കൈയ്യിലെ തീപ്പന്തങ്ങളിൽ നിന്നുതിരുന്ന കടുത്തചൂടും, എല്ലാം നക്കി തുടയ്ക്കാൻ നാവു നീട്ടിയെത്തുന്ന തീജ്വാലകളുടെ ചുവന്ന വെളിച്ചത്തിൽ തീക്കൂട്ടിലകപ്പെട്ട കിളികളായ്
ഞങ്ങൾ ഒരെരിഞ്ഞsങ്ങലിനായ് സ്വയം
മാനസികമായി തയ്യാറെടുത്തു തുടങ്ങി, എന്തിനാണീ ക്രൂരതയെന്ന ചോദ്യത്തിന് ഉത്തരം പറയാൻ തങ്ങൾ ബാധ്യസ്ഥരല്ലെന്നതോ അതോ അവർ പറയുന്നത് തങ്ങൾക്ക് മനസ്സിലാകാഞ്ഞിട്ടാണോ എന്തോ?.
നരബലിക്കു മുമ്പുള്ള കിരാതനൃത്തം അരങ്ങു തകർക്കുന്നു. പുറകിൽ നിന്നുള്ളവരുടെ കൈകളിൽ നിന്ന് കൈമാറി വന്ന കന്നാസ് മുൻനിരയിലുള്ളവരുടെ കൈകളിൽ എത്തിത്തുടങ്ങി. കന്നാസിലെ ദ്രാവകം മുൻനിരയിലുള്ളവരുടെ കൈകളിലൂടെ വണ്ടിയുടെ ഇരുവശങ്ങളിലും മുകളിലും ഒഴിച്ചതിനു ശേഷം, ലോറിയുടെ ഡോറിനിരുവശവും തീപ്പന്തങ്ങളുമായി നിന്നവർ
അകന്നു മാറുകയും ബാക്കിയുള്ളവർ ക്യാബിനിലു ള്ളിലേയ്ക്ക് ക്യാനിലുള്ള ദ്രാവകം ആഞ്ഞൊഴിക്കുകയും ചെയ്തപ്പോഴാണ് അത് വെറും ദ്രാവകമല്ല പെട്രോൾ ആണെന്ന് തിരിച്ചറിഞ്ഞത്. അകന്നു മാറി നിന്നവർ വൺ ടൂ ത്രീ പറഞ്ഞ് വലിച്ചെറിഞ്ഞ പന്തങ്ങൾ ഒരു നിമിഷം കൊണ്ട് ലോറിയെ മറ്റൊരു കത്തിജ്ജ്വലിക്കുന്ന തീപ്പന്തമാക്കി മാറ്റി. രക്ഷപ്പെടാനുളള വ്യഗ്രതയിൽ
പെട്ടുഴറവേ അലറിക്കരച്ചിൽ നേർത്തു നേർത്തു നിശബ്ദമായി. സ്വന്തം ശരീരം കത്തികരിയുന്ന മണം മൂക്കിലേയ്ക്കടിച്ചു കയറിയപ്പോൾ മൂക്കുപൊത്താനായി കൈയ്യുയർത്തിയപ്പോൾ കൈ തന്നേ കത്തിയടർന്നു മുന്നിൽ വീണു. ഇതൊന്നും കാണാതിരിക്കാനായി കണ്ണുകൾ രണ്ടും കത്തിക്കരിഞ്ഞ രണ്ടു കനൽക്കട്ടകളായി പൊഴിഞ്ഞു വീണു. ആളിക്കത്തിയ തീയെരിഞ്ഞ മർന്നടങ്ങി, അന്തരീക്ഷത്തിൽ
നിറഞ്ഞു നിൽക്കുന്ന കറുത്ത പുകയും, ചൂടും, കരിഞ്ഞ ശവഗന്ധവും മാത്രം.
നേരത്തെയെപ്പോഴോ കറണ്ടു പോയപ്പോൾ നിന്നുപോയ ഫാൻ ഒരു നേർത്ത മുരൾച്ചയോടെ വീണ്ടും കറങ്ങിത്തുടങ്ങി, കണ്ണുതുറന്നപ്പോൾ ബ്രൗൺ നിറമുള്ള ഫാനിൻ്റെ ഇതളുകൾക്ക് വേഗം വർദ്ധിക്കുന്നു, ഇളം കാറ്റിൽ കണ്ണൊന്നു മാടിത്തുടങ്ങിയതും വാതിലിൽ തുടർച്ചയായ മുട്ടുകൾ. വാതിൽ തുറന്നപ്പോൾ തൊട്ടു മുന്നിൽ അച്ഛൻ.
നീയെന്തെല്ലാമോ വിളിച്ചുപറയുന്നതു കേട്ടല്ലോ,
അതാണ് വാതിലിന് മുട്ടി വിളിച്ചത്, അല്ലെങ്കിൽ വെളുപ്പിന് വന്നു കിടന്ന നിന്നെ വിളിച്ചുണർത്തില്ലായിരുന്നു.
അതു സാരമില്ലച്ഛാ, അതെന്തോ സ്വപ്നം കണ്ടതാണ്.
നീ വെളുപ്പിനെ തിരിച്ചെത്തിയത് ബസ്സിനായിരുന്നോ? അതോ
തമിഴന്മാരുടെ ലോറിയിലോ?
ലോറിയിലായിരുന്നു, എന്താണച്ഛാ അങ്ങിനെ എടുത്ത് ചോദിയ്ക്കാൻ കാരണം.
ഒരു കുഴപ്പവും ഇല്ലാതെ വന്നെത്തിയതിന് ദൈവത്തിന് നന്ദി പറയാം. ഇന്ന് വെളുപ്പിന് തമിഴ്നാട്ടിൽ വച്ച് ഇലക്ഷൻ പ്രചരണത്തിനായി എത്തിയ രാജീവ്ഗാന്ധി ബോംബ് സ്ഫോടനത്തിൽ മരണമടഞ്ഞു, അതിനോട് ബന്ധപ്പെട്ട് ഇന്ത്യയിൽ പലയിടങ്ങളിലും തമിഴ്നാട് രജിസ്ട്രേഷൻ ഉള്ള വാഹനങ്ങൾ വ്യാപകമായി തീവച്ച് നശിപ്പിക്കുകയും, യാത്രികരെ സാരമായി ആക്രമിക്കപ്പെടുന്നുണ്ടെന്നും ഇപ്പോൾ റേഡിയോയിൽ വാർത്തയിൽ പറഞ്ഞതേയുള്ളു.
വർഷങ്ങൾക്കു ശേഷവും ആ മെയ്മാസപ്പുലരിയിലെ ഭീതിതമായ സ്വപ്നത്തിലെ ചൂടും,ചൂരും ഇപ്പോഴും ഇടയ്ക്ക് ഉറക്കം നഷ്ടപ്പെടുത്താറുണ്ട്. കറണ്ടു പോകുന്ന രാത്രികളിൽ നിശബ്ദമാകുന്ന ഫാനും, നിശ്ചലമാകുന്ന ഏസിയും പകർന്നു തരുന്ന ചൂടിൻ്റെ കൂടെ പഴയ ചൂടിൻ്റെ ഫണം വിടർത്തിയ നാഗങ്ങൾ മനസ്സിലേയ്ക്ക് ഭീതിതമായ സ്വപ്നങ്ങളായി ഇഴഞ്ഞെത്തുന്ന മെയ്മാസപുലർകാല സ്വപ്നങ്ങൾ.
പി. എസ്സ്.അനിൽകുമാർ,
ദേവിദിയ
01.07.2019
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo