
"ഇതേതാ ഈ പുരാവസ്തു? മുമ്പ് ഇവിടെ കണ്ടിട്ടില്ലല്ലോ. ഇത്ര വയസ്സായിട്ടും അകത്തെങ്ങാനും ഒതുങ്ങിക്കഴിയാതെ ഇങ്ങനെ വടിയും കുത്തിപ്പിടിച്ച്..."
സ്ഥിരമായി യാത്രചെയ്യാറുള്ള മെയിൻറോഡിനരികിലെ പാലത്തിനടുത്തുള്ള ആളൊഴിഞ്ഞ വീട്ടിൽ, കുറെ നാളുകൾക്കുശേഷമാണ് ഞാൻ ആ വൃദ്ധയെ കണ്ടത്. 80-85 വയസ്സ് പ്രായം തോന്നിക്കുന്ന, വെളുത്ത് കൊലുന്നനെയുള്ള ശരീരപ്രകൃതി. കൈയ്യിൽ ഊന്നുവടിയുമായി ,വെളുത്തതെങ്കിലും മുഷിഞ്ഞ മുണ്ടും ഇറക്കംകൂടിയ ബ്ലൗസുമിട്ട്, കൺതടങ്ങളിൽ പോയകാലത്തിന്റെ കഷ്ടപ്പാടുകളുടേതെന്ന് തോന്നുംവിധം കറുത്തപാടുകൾ അവശേഷിക്കുന്ന അവരുടെ കാതിൽ വലിയ തോടകൾ അണിഞ്ഞിരുന്നു.
കുറെ നാളുകൾക്ക് മുൻപ് അവിടെ ഒരു യവാവിനെ മാത്രമേ കണ്ടിട്ടുള്ളൂ. ഏതോ ഒരു ഗുഡ്സ് വാൻ കഴുകുന്നത് കാണാമായിരുന്നു. മുൻപ് റോഡിനോട് ചേർന്ന സ്ഥലവും വീടുമായിരുന്നുവെങ്കിലും പാലം പണിതതോടെ വീട് താഴെയും റോഡ് മേലെയുമായി. ഇപ്പോൾ ആ വീട്ടിലേക്ക് പോകണമെങ്കിൽ ഏകദേശം ഒന്നര കിലോമീറ്റർ വളഞ്ഞുപോകണം. അതുകൊണ്ടുതന്നെ അങ്ങോട്ടുള്ള ആൾസഞ്ചാരവും കുറവാണെന്ന് ഒറ്റനോട്ടത്തിൽ ആർക്കും മനസ്സിലാകുംവിധം അവിടേയ്ക്കുള്ള പാത പുല്ലുനിറഞ്ഞു നില്പുണ്ട്.
ഒന്നോ രണ്ടോ തവണമാത്രം ആ യുവാവിനെ കണ്ടപ്പോൾ അവിടെ വാടകയ്ക്ക് താമസിക്കുന്ന ആരെങ്കിലുമായിരിക്കും എന്നാണ് കരുതിയത്. മുറ്റവും പരിസരവും ഒരിക്കലും വൃത്തിയായി കണ്ടിട്ടില്ല. എന്നാൽ ഇന്ന് ആ സ്ത്രീയെക്കൂടി കണ്ടതൊടെ അതൊരു വാടകവീടാണെന്നത് തെറ്റിദ്ധാരണയാണെന്ന് മനസ്സിലായി.
മഴപെയ്ത് നനഞ്ഞ മുറ്റത്തും പറമ്പിലും വീണുകിടക്കുന്ന മാങ്ങ വളരെ കഷ്ടപ്പെട്ട് പെറുക്കിയെടുക്കുകയാണ് ആ സ്ത്രീ. ആർക്കുവേണ്ടിയാവാം ഇതെല്ലാം പെറുക്കിയെടുക്കുന്നത്? മറ്റാരെങ്കിലും അവിടെ ഉണ്ടാകില്ലേ? ആ യുവാവ് അവരുടെ മകനായിരിക്കുമോ? അയാൾക്ക് മാമ്പഴക്കൊതിയനായ ഒരു കൊച്ചുമിടുക്കൻ ഉണ്ടാകുമോ? എങ്കിൽ അവരുടെ അമ്മയെവിടെ? ഇതിനുമുമ്പ് ഒരിക്കലും അങ്ങനെ ആരെയും അവിടെ കണ്ടിട്ടില്ലല്ലോ? ചിലപ്പോൾ അവർ മറ്റൊരു വീട്ടിലാകാം താമസിക്കുന്നത്. വല്ലപ്പോഴും ഇവിടെ അമ്മയെ കാണുവാൻ വരുന്നതാകാം.
അപ്പോൾ ആ വയസ്സായ അമ്മ തനിയെയായിരിക്കുമോ ഇത്രയും വലിയ വീട്ടിൽ താമസിക്കുന്നത്? ആരുടേയും സഹായമില്ലാതെ അവർക്ക് ഇവിടെ താമസിക്കുവാനാകുമോ, അതും ഇക്കാലത്ത്. അങ്ങനെ ഒരു നൂറ് സംശയങ്ങൾ എന്റെ മനസ്സിൽ ഉദയംചെയ്തു.
വീണ്ടും എന്റെ കണ്ണുകളിൽ ആ വൃദ്ധയുടെ രൂപം തെളിഞ്ഞുവന്നു. പ്രായമേറെയായിട്ടും അവരുടെ ഓരോ ചുവടുവെയ്പ്പുകളും ശക്തമായിരുന്നു. അവരുടെ കണ്ണുകളിൽ പെയ്തൊഴിഞ്ഞ മഴയുടെ തോരാത്തകണ്ണീർ ഞാൻ കണ്ടു. തീയിൽ കുരുത്ത് വെയിലേറ്റാൽ വാടാത്ത ജീവിതാനുഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച ഒരു ധീരവനിത അവരുടെയുള്ളിൽ ഒതുങ്ങിയിരിപ്പുണ്ട്.
വർഷം പെയ്തുതുടങ്ങിയതോടെ ആ വീട് കൂടുതൽ കാടുപിടിച്ചതുപോലെ കാണപ്പെട്ടു. വലിയ പറമ്പിനുള്ളിൽ പാലത്തിനേക്കാൾ പഴക്കമുള്ള, പഴയൊരു വീട്. വർഷങ്ങളായി അവിടെ വീടിന്റെ അറ്റകുറ്റപ്പണികൾ യാതൊന്നും നടന്നിട്ടില്ല. റോഡിലൂടെ നോക്കിയാൽ കാണുന്ന വീടിന്റെ അതിരുകളിലെല്ലാം വയസ്സൻ ശീമക്കൊന്ന ശാഖോപശാഖകളായി വളർന്നു നില്ക്കുന്നുണ്ട്. അവയിൽ ചിലത് പുവിട്ടുനില്പുണ്ട്. ആ വീടിനപ്പുറം ഒഴിഞ്ഞ സ്ഥലങ്ങളാണ്. അതുകഴിഞ്ഞാൽ പുഴ. ഒരു വാഹനത്തിന് കടന്നുപോകുവാനുള്ള വഴി ആ സ്ഥലത്തോടുചേർന്ന് കാണാമെങ്കിലും കൊന്നയുടെ ശാഖകൾ വഴിമുടക്കികളായി നിലകൊള്ളുന്നു. എപ്പോഴെങ്കിലും ഒരു വാഹനം അതുവഴി കടന്നുപോയിരുന്നുവെങ്കിൽ തീർച്ചയായും കൊന്നമരങ്ങൾ അങ്ങനെ കാണപ്പെടില്ലെന്ന് നിശ്ചയം.
ഒരു കാൽനടപ്പാതയൊഴിച്ചാൽ വഴിയുടെ ഇരുവശവും തൊട്ടാർവാടിയും കുറുന്തോട്ടിയും ഊരോത്തുംകായും മറ്റുപുല്ലുകളും നിറഞ്ഞുനില്ക്കുന്നു. പാമ്പോ, മറ്റുവല്ല ഇഴജന്തുക്കളോ ഒളിഞ്ഞിരുന്നാലും കാണാത്ത അവസ്ഥ. പുഴയുടെ തീരപ്രദേശമായതിനാൽ തെങ്ങിനും മറ്റും നനയ്ക്കേണ്ട ആവശ്യമില്ല. വിളഞ്ഞതും കരിക്കും മെച്ചിലും കൂടാതെ വിളഞ്ഞുണങ്ങി തെങ്ങിൽ കടിച്ചുതൂങ്ങിയതുപോലെ ഏതാനും കുലകളും, കാറ്റിൽ ആടിയുലയുന്ന ഉണങ്ങിയ ഓലയും മടലുമെല്ലാം താഴേക്ക് വീഴാതെ തെങ്ങിൽ ചേർന്നുകിടക്കുന്നു. താഴെ ഉണങ്ങിയതും ദ്രവിച്ചുതുടങ്ങിയതുമായ ഓലയും നാളികേരവും ആരേയും കാണാതെ മണ്ണോടുചേരുവാൻ തയ്യാറെടുക്കുകയാണ്.
മുറ്റത്ത് ഒന്നോ രണ്ടോ നാട്ടുമാവുകളുണ്ട്. അതിൽ ഇപ്പോൾ മാമ്പഴം കുറവാണ്. എങ്കിലും കറുത്ത പുള്ളികളോടെ ഏതാനും ചിലവ ഇപ്പോഴും മാവിന് അലങ്കാരമായി കിടപ്പുണ്ട്. അണ്ണാനും കാക്കയും കൊത്തിയതോ, കാറ്റിലും മഴയിലും വീണതോ ആയ ചിലത് മാവിന്റെ ചുവട്ടിൽ കിടപ്പുണ്ട്.
വർഷങ്ങൾക്കുമുൻപ് ഒരുപക്ഷെ ആ വൃദ്ധയോ അവരുടെ ഭർത്താവോ ആയിരിക്കാം അതിനെ നട്ടുനനച്ചു വളർത്തിയത്. മാവിന്റെ വളർച്ചയോടൊപ്പം അവരുടെ സ്വപ്നങ്ങളും പ്രതീക്ഷകളും വളർന്നിരിക്കാം. മാവ് വളർന്നു വലുതായപ്പോൾ അവരുടെ മക്കളും അതിൽ ഊഞ്ഞാലുകെട്ടി ആടിയിരിക്കാം.
"ആദ്യം ഞാൻ ആടാം. എന്നിട്ട് ഉണ്ണിക്ക്."
"വേണ്ടവേണ്ട. എനിക്ക് ആദ്യം ആടണം. എന്നിട്ട് ചേട്ടന്."
"എന്നാ നമ്മക്ക് ഒരു കാര്യം ചെയ്യാം. ആദ്യം ഉണ്ണി പത്തുപ്രാവശ്യം ആടണം. പിന്നെ ചേട്ടൻ പത്തുപ്രാവശ്യം. "
"ആ.."
"രണ്ടുഭാഗത്തും മുറുക്കിപ്പിടിച്ചോ ട്ടോ.
വീണാൽ അമ്മേടെ അടികിട്ടുന്നത് ചേട്ടനാവും."
വീണാൽ അമ്മേടെ അടികിട്ടുന്നത് ചേട്ടനാവും."
"ഞാൻ വീഴൂല.."
കയറുകൊണ്ടു കെട്ടിയ ഊഞ്ഞാലിൽ ഓലമടൽ മുറിച്ചെടുത്ത് ഇരിക്കുവാൻതക്ക അളവിലാക്കി ഇരുവശത്തും ചെറിയ ഗ്യാപ് ഉണ്ടാക്കി മടൽ വീഴാതിരിക്കാൻ അവരും ശ്രദ്ധിച്ചിരിക്കാം.
ഒറ്റയ്ക്കും പിന്നെ ഉണ്ണിയെ മടിയിലിരുത്തിയും അവർ ഊഞ്ഞാലാടിയിട്ടുണ്ടാവാം. മാവിൽനിന്ന് അല്പം താഴോട്ടുചാഞ്ഞ് മുന്നിലായി നില്ക്കുന്ന ചില്ലകളിലൊന്നിൽ ഊഞ്ഞാലാടിക്കൊണ്ട് പാദങ്ങളാൽ സ്പർശിക്കുവാൻ അവരും ശ്രമിച്ചിരിക്കാം. ഒടുവിൽ ഊഞ്ഞാലിൽനിന്ന് താഴെവീണ് ഉണ്ണി വലിയവായിൽ കരഞ്ഞിട്ടുണ്ടാകാം.
"കരയാതെ ഉണ്ണിക്കുട്ടാ. അമ്മ കണ്ടാൽ ഉണ്ണിക്കുട്ടനെ തട്ടിയിട്ടുവെന്നുപറഞ്ഞ് അമ്മ ഏട്ടനെ അടിക്കും. ചക്കരക്കുട്ടനല്ലേ കരയാതെ. ഏട്ടൻ നാളെ സ്ക്കൂളിൽനിന്ന് വരുമ്പോൾ നാരങ്ങാമിഠായി കൊണ്ടുത്തരാം." എന്ന് ആ പാവം ഏട്ടൻ ഭയത്തോടെ പറഞ്ഞുവോ?
പിറ്റേന്നുമുതൽ ഞാൻ അവിടെയെത്തുമ്പോൾ ആദ്യം നോക്കുക ആ വൃദ്ധ അവിടെയുണ്ടോ എന്നാണ്. ആ വൃദ്ധയെ അവിടെ കണ്ടില്ലെങ്കിൽ എന്തോ ഒരു നഷ്ടബോധമാണ്. ചില ദിവസങ്ങളിൽ അവർ ചിലപ്പോൾ നീളമുള്ള കമ്പുകൊണ്ട് മുറ്റത്ത് വീണുകിടക്കുന്ന ഉണങ്ങിയതും പഴുത്തതുമായ ഇലകൾ കുത്തിയെടുക്കുന്നത് കാണാമായിരുന്നു. മറ്റാരും ആ വീട്ടിലില്ലെന്ന് എനിക്ക് വ്യക്തമായി. മുറ്റമടിക്കുവാനോ കുമ്പിട്ടുജോലിചെയ്യുവാനോ അവർ അശക്തയാണെന്നു വ്യക്തം.
ആദ്യം ഒരു പുരാവസ്തു എന്നൊക്കെ പരിഹസിച്ചുവെങ്കിലും പോകപ്പോകെ ആ വൃദ്ധയെ, അല്ല അമ്മയെ വീടിന്റെ മുറ്റത്ത് കാണാതാവുമ്പോൾ എന്തോ ഒരു ശൂന്യതയാണ് മനസ്സിൽ. എനിക്ക് അമ്മയോടോ, അമ്മയ്ക്ക് എന്നോടോ എന്തൊക്കെയോ പറയുവാനുണ്ടെന്ന് മനസ്സ്.
പകലിന്റെ ചിത്രങ്ങൾക്ക് മാറ്റങ്ങൾസംഭവിച്ചു. ഇരുണ്ട പ്രഭാതങ്ങളും നനഞ്ഞ പകലുകളും സന്ധ്യയുടെ നേരത്തെയുള്ള വരവുകളും, ഇരുൾ മൂടിയ രാത്രിയ്ക്ക് വർണ്ണങ്ങളും പെരുമ്പറ ശബ്ദങ്ങളും അകമ്പടിയായി. പുറത്തിറങ്ങുവാൻ മടിതോന്നുംവിധം മഴയും തണുപ്പും. കിണറിലും കുളങ്ങളിലും വയലുകളിലും തോടുകളിലുമെല്ലാം വെള്ളം നിറയുവാൻ തുടങ്ങി. ഒപ്പം പുഴയും അതിർത്തി ഭേദിക്കുവാൻ ശ്രമിക്കുന്നുണ്ട്.
പുഴയിലെ ജലവിതാനം ഇനിയും കൂടുവാനിടയുണ്ട്. അങ്ങനെവന്നാൽ അമ്മയുടെ കാര്യം...! കുറച്ചു ദിവസമായി വീടിന്റെ വാതിൽ അടഞ്ഞുകിടക്കുകയാണ്. അമ്മയ്ക്ക് അസുഖം വല്ലതുമായിരിക്കുമോ? കാലാവസ്ഥ മാറിയില്ലേ... പനിയോ മറ്റോ.. അവിടെവരെ ഒന്നു പോയി നോക്കിയാലോ.. മനസ്സ് അങ്ങനെ ഒരു യാത്രയ്ക്ക് തയ്യാറായിക്കഴിഞ്ഞു. എന്നെ അറിയാത്ത, ഞാൻ അറിയാത്ത ആ അമ്മയുടെ അടുത്തേക്ക് ഒരു യാത്ര.
അന്ന് ഞായറാഴ്ചയാണ് ഞാൻ അങ്ങോട്ട് പുറപ്പെട്ടത്. അവധിദിനമായതിനാൽ ആ വീട്ടിൽ ഏതെങ്കിലും സന്ദർശകർ വരുന്നുണ്ടെങ്കിൽ അറിയാം. ഒരുപക്ഷെ, അമ്മയുടെ മക്കൾ ആരെങ്കിലും!
പാലംകഴിഞ്ഞ് അങ്ങോട്ടുള്ള ചെമ്മൺ പാതയിലൂടെ ഞാൻ സ്ക്കൂട്ടറിൽ ആ വീടിനരികിലെത്തി. വഴിയിലേക്ക് കൊന്നയുടെ ശാഖകൾ ചാഞ്ഞുകിടക്കുന്നതിനാൽ സ്കൂട്ടർ ഒരിടത്ത് വെച്ച് ഞാൻ നടന്നു. താഴെ വളർന്നു വലുതായ പുൽച്ചെടികൾ എന്റെ കാലുകളെ പുണരുന്നുണ്ടായിരുന്നു. തൊട്ടാർവാടികൾ എന്നെ കണ്ടില്ലെന്നുനടിച്ച് ഒതുങ്ങിക്കൂടി. കൊന്നയുടെ ചില ചില്ലകൾ കൈകൊണ്ട് ഒടിച്ചുമാറ്റി ഞാൻ വീട്ടുമുറ്റത്തേക്ക് നടന്നു.
അപ്പോഴാണ് ഒരു കാര്യം ഞാൻ ഓർമ്മിച്ചത്. ആ പറമ്പിലേക്ക് ഒരു കാൽനടവഴി ഉള്ളതുപോലെ ഒരു നടപ്പാത എതിർദിശയിലേക്കും പോകുന്നുണ്ട്. അതു ചെന്നെത്തുന്നത് പുഴയോരത്തേക്കാണ്. തോടും ചിറയുമൊക്കെയായി ആ പ്രദേശം പുഴവരെ പുല്ലുനിറഞ്ഞുനില്ക്കുകയാണ്. ഓരോ ചിറയിലും ഇടവിട്ടിടവിട്ട് കേരവൃക്ഷങ്ങൾ നില്പുണ്ട്. അതിനിടയിലൂടെ നടന്നാൽ ശാന്തമായൊഴുകുന്ന പുഴ.
ഒരുപാട് തവണ ഒരുപക്ഷെ ആ അമ്മയും അവരുടെ ഭർത്താവും ആ പുഴയുടെ തീരത്തിരുന്ന് സങ്കടങ്ങളും സന്തോഷങ്ങളും പങ്കുവെച്ചിരിക്കാം. പരസ്പരം കണ്ണിൽക്കണ്ണിൽ നോക്കിയിരുന്നിരിക്കാം. അവരുടെ വിരസമായ ദിവസങ്ങളിൽ പുഴയോട് സങ്കടം പറഞ്ഞിരിക്കാം. പുഴയിലെ ഓളങ്ങളിൽ തിളങ്ങുന്ന വെള്ളിമണികളെക്കണ്ട് കോരിയെടുത്ത് പരസ്പരം വാരിയെടുത്തെറിഞ്ഞിരിക്കാം.
പുഴയും അവരോട് സല്ലപിച്ചിട്ടുണ്ടാവില്ലേ? മനസ്സിൽ പുഴയോരത്തിരിക്കുന്ന ഒരു യുവാവിന്റെയും യുവതിയുടെയും രൂപം തെളിഞ്ഞുവന്നു. അവർ തൊട്ടുരുമ്മി ആ പുഴയിലേക്കുനോക്കി എന്തോ പറയുന്നുണ്ട്. പൂർവ്വകാലസ്മൃതികൾ അയവിറക്കുകയാണോ? പുഴയോട് നന്ദി പറയുകയുമാവാം. പട്ടിണിയിൽ പുഴയിലെ മീനുകളേയും കക്കയും നൽകി വിശപ്പടക്കാൻ സഹായിച്ചതിന് കഷ്ടതകൾക്കറുതി വരുമ്പോൾ എന്തു പകരം നൽകണമെന്ന് ചോദിച്ചതാണോ? കടവിൽ കെട്ടിയിട്ട കളിത്തോണി കാറ്റിൽ അഴിഞ്ഞുപോയതിന് പരിഭവം പറഞ്ഞതുമാകാം. അതോ, അവരുടെ കുഞ്ഞുമക്കളെ കാത്തോളണമേയെന്ന് അപേക്ഷിച്ചതാണോ?
നിലാവുള്ള നിശകളിൽ പുഴയുടെ തീരത്ത് മലർന്നുകിടന്ന് വിണ്ണിലെ താരകങ്ങളോട് കളിപറഞ്ഞിരിക്കാം. വാനിലെ പൗർണ്ണമിത്തിങ്കൾ താഴത്തുതിച്ചതുകണ്ട് അമ്പരന്നിരിപ്പാണോ? നാളെയുടെ സ്വപ്നങ്ങൾ നെയ്തെടുക്കുകയാവാം.
നാലുപാളികളുള്ള ഉമ്മറവാതിൽ അപ്പോഴും അടഞ്ഞുകിടക്കുകയായിരുന്നു. വന്നത് വെറുതെയാകുമോ എന്നൊരു സംശയം എന്നിൽ ഉടലെടുത്തുവെങ്കിലും അമ്മയെ കണ്ടിട്ടേ തിരിച്ചുപോകൂവെന്ന് ഞാൻ തീരുമാനിച്ചു.
പുഴ എന്തായിരിക്കും അവരോട് ചോദിച്ചത്? വേലിയേറ്റവും വേലിയിറക്കവും കണ്ട് ഭയപ്പെടരുതെന്നാണോ?
എപ്പോഴെങ്കിലും അവർ പിണങ്ങുവാനിടയായി ആരെങ്കിലും ആ പുഴയിൽ ജീവിതം അവസാനിപ്പിക്കാമെന്ന് കരുതിയിരിക്കുമോ?
"നീ എന്തിനാ ഇങ്ങനെയൊക്കെ ചെയ്യുന്നത്? നീ പോയാൽ എനിക്കുപിന്നെ കൂട്ടിനാരാണുള്ളത്" എന്ന് അമ്മയോട് അച്ഛൻ ചോദിച്ചിരിക്കുമോ? തെറ്റ് ക്ഷമിക്കണമെന്ന് ഏറ്റുപറഞ്ഞ് അമ്മ നിറമിഴികളാൽ അച്ഛന്റെ പാദം കഴുകിയിരിക്കുമോ?
മരണംവരെ ഞാൻ കൂടെയുണ്ടാകുമെന്ന വാക്കുകേട്ട് ഒരു മനസ്സും രണ്ടുടലുകളുമായി ഒരു നല്ലജീവിതപങ്കാളികളായി ഒരുമയോടെ അവർ ജീവിച്ചിരിക്കാം.
പുഴയോരത്തുനിന്ന് ഒരു തണുത്തകാറ്റ് എന്നെ തഴുകിയതുപോലെ തോന്നി. അമ്മയെ കണ്ടുസംസാരിച്ച് ഒരിക്കൽക്കൂടി അമ്മയോടൊപ്പം ആ പുഴയോരത്തു പോകണം. അമ്മയുടെ നാവിൽനിന്നുതന്നെ അവരുടെ ജീവിതകഥകൾ ഒഴുകിവരുന്നത് കാണണം. ഒറ്റയ്ക്കല്ല കൂട്ടിനായി ഞാനുമുണ്ടെന്ന് ബോദ്ധ്യപ്പെടുത്തണം.
ഞാൻ വീണ്ടും വീട്ടിലേക്കു നടന്നു. വീടിന്റെ വാതിലും വശങ്ങളിലെ ഇരു ജാലകങ്ങളും അടഞ്ഞുകിടക്കുന്നു. വാതിലിനരികിലായി ചുമരിൽ എന്തോ എഴുതിയ ചെറിയ ബോർഡുണ്ട്. വീടിന്റെ പേരെഴുതിയ ബോർഡാകുമെന്ന് ഞാൻ ഊഹിച്ചു. ദൂരക്കാഴ്ച കുറവായതിനാൽ ഞാൻ കണ്ണടയെടുത്തുവെച്ച് നോക്കി.
"വീട് വില്പനയ്ക്ക്" എന്നെഴുതിയ പഴയൊരു ബോർഡ്. അതിലെ എല്ലാ അക്ഷരങ്ങളും വ്യക്തമല്ലായിരുന്നു. വളരെ പഴക്കമുള്ള ഒരു ബോർഡാണെന്ന് വളരെ വ്യക്തം.
ഞാൻ ചുറ്റും നോക്കി. മുറ്റം നിറയെ ചപ്പുചവറുകൾ നിറഞ്ഞു കിടപ്പുണ്ട്. അത്രയധികം ചപ്പുചവറുകൾക്കിടയിലൂടെയാണ് ഞാൻ നടന്നതെന്ന് അപ്പോഴാണ് അറിഞ്ഞത്. വീടിന്റെ മുകളിലെ നില ഓടുമേഞ്ഞതാണ്. എട്ടുകാലികൾ വല നെയ്തു നിറച്ചിട്ടുണ്ട്. വീടിന്റെ അകത്തേക്ക് എത്തിനോക്കുവാനെന്നവണ്ണം അടർന്നുവീണ ഒരു ജനൽപ്പാളിയുടെ ചില്ല് താഴെ പൊട്ടിച്ചിതറി കിടപ്പുണ്ട്. അതിലൂടെ ഞാൻ അകത്തേക്ക് നോക്കി.
വലിയൊരു ഹാളിലേക്കാണ് ഉമ്മറവാതിൽ. അകത്ത് മരത്തിൽ പണിതീർത്ത ഏതാനും ഫർണിച്ചറുകൾ മാത്രം. ഭിത്തിയിൽ മുകളിലായി കുറെ ഫോട്ടോകൾ കൊളുത്തിയിട്ടിട്ടുണ്ട്. പലതും അവ്യക്തമാണെങ്കിലും ഞാൻ വെറുതെ എല്ലാമൊന്നു കണ്ണോടിച്ചു. അപ്പോഴാണ് അമ്മയുടേതെന്ന് തോന്നിപ്പിക്കുന്ന പൊടിപിടിച്ച ഒരു ബ്ലാക്ക് ആന്റ് വൈറ്റ് ഫോട്ടോ അതിനിടയിൽ കണ്ടത്. തൊട്ടടുത്ത് ഞാൻ മുൻപൊരിക്കൽ കണ്ട യുവാവിന്റെയും. എന്നാൽ അവ രണ്ടും മാല ചാർത്തിയ വളരെ പഴയ ഫോട്ടോ ആയിരുന്നു.
അപ്പൊ ഞാൻ കണ്ടതൊക്കെ. .?
"ഏയ് എനിക്ക് തെറ്റിയതാകും.."
തിരിച്ചു സ്കൂട്ടറിടുത്തേക്ക് എത്തിയപ്പോഴാണ് ഞാൻ ഒരു കാര്യം മനസ്സിലാക്കിയത്, ഞാൻ നടക്കുകയല്ല, ഓടുകയായിരുന്നു എന്ന സത്യം!
***മണികണ്ഠൻ അണക്കത്തിൽ***
02/07/2019
Copyright protected.
Copyright protected.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക