നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

യുദ്ധത്തിന്റെ ശേഷിപ്പുകൾ

Soldiers, Military, Usa, Weapons, War, Fight, Defense
ആയിരത്തിത്തൊള്ളായിരത്തി തൊണ്ണൂറാമാണ്ട് ആഗസ്ത് മാസം രണ്ടാം തീയ്യതി വെളുപ്പിന് രണ്ടുമണിയോടെയാണ് കുവൈറ്റിനെയും ലോകത്തെ മുഴുവനും ഞെട്ടിച്ചുകൊണ്ട് ഇറാക്ക് അധിനിവേശം ആരംഭിച്ചത്. തലേന്ന് രാത്രിയിൽ, നല്ലൊരു നാളെ സ്വപ്നം കണ്ട്, പ്രാർത്ഥിച്ചും അല്ലാതെയും ഉറക്കം പൂകിയ സ്വദേശികളും വിദേശികളും, എല്ലാം ഒരേപോലെ വെളുപ്പിനേയുള്ള വെടിശബ്‍ദങ്ങളും, ഇറാഖി പട്ടാളവണ്ടികളുടെ റോന്തു ചുറ്റലും കണ്ട് ഞെട്ടിവിറച്ചു.
യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചത് എന്നറിയാതെ വിദേശികൾ എല്ലാവരും സാധാരണ പോലെ ജോലിക്കായി പുറപ്പെട്ടു. റോഡിൽ എല്ലാവരെയും ഒരുപോലെ പരിശോധിക്കപ്പെട്ടു. ഐഡി കാർഡുകൾ സസൂക്ഷ്മം നിരീക്ഷിച്ചു. സ്വദേശികളെ കണ്ടെത്തേണ്ട വേണ്ടിയാണു പരിശോധന എന്നും വിദേശികൾക്ക് ആപത്തില്ല എന്നും അഭ്യൂഹങ്ങൾ പരന്നെങ്കിലും വിദേശികളായ പലർക്കും പല വിധത്തിലുള്ള നഷ്ടങ്ങൾ സംഭവിച്ചു. മണിക്കൂറുകളോളം തടഞ്ഞു വയ്ക്കപ്പെട്ടു, ആരെയൊക്കെയോ ഉന്നം വച്ചുള്ള വെടിയുണ്ടകൾ പാഞ്ഞു കയറി ജീവഹാനി സംഭവിച്ചു, ക്രൂരരായ പട്ടാളക്കാരുടെ മർദ്ദനങ്ങൾ ഏറ്റു, അങ്ങനെ സാധാരണ ജീവിതം ഒരു ദിവസം വെളുപ്പിന് മുതൽ ദുസ്സഹമായി.
ജോലി, വീട്, വീട്ടുസാധനങ്ങൾ, തുടർന്നുള്ള ജീവിതായോധനം എന്നിവയോർത്തു പലരും സ്ത്രീകളെയും കുട്ടികളെയും മാത്രം നാട്ടിലേക്കു പറഞ്ഞയച്ചു. കുറെ നാളുകൾ കഴിഞ്ഞപ്പോൾ വീടും ദുസ്സഹമായ ജീവിതം നിമിത്തം എല്ലാം ഉപേക്ഷിച്ചു ഓടേണ്ടി വന്നു. തകർന്നു വീഴുന്ന കെട്ടിടങ്ങൾ, പൊട്ടിത്തെറിക്കുന്ന മൈനുകൾ, തീ പടർന്നു ആളിക്കത്തുന്ന എണ്ണക്കിണറുകൾ, തോക്കുമായി പട്ടാളക്കാർ അതിക്രമിച്ചു കയറുന്ന വീടുകൾ................ആളുകൾ ഉടുത്ത വസ്ത്രവുമായി ജീവനെ രക്ഷിക്കാൻ ഓടുകയായിരുന്നു. ആ പോക്കിലും കൈയിൽ കൊള്ളാവുന്ന സാധനങ്ങൾ എടുത്തവർ കൊള്ളയടിക്കപ്പെട്ടു.
എല്ലാം നഷ്ടപ്പെട്ടവരായി നാട്ടിലെത്തിയവർക്കു മുൻപിൽ ഉപജീവനം ഒരു ചോദ്യചിഹ്നമായി.
ദൈനംദിന ആഹാര്യം, വസ്ത്രം, പാർപ്പിടം, കുട്ടികളുടെ പഠിപ്പ്, രോഗത്തിന് മരുന്ന്............ എല്ലാമെല്ലാം............ അതുവരെ സമ്പാദിച്ചതൊക്കെയും കാർന്നു തിന്ന ഇത്തിൾ കണ്ണികൾ, ആപത്തിൽ ആർത്തു ചിരിച്ചു. അവഗണിച്ചു.
അവസാനം ഏഴു മാസങ്ങൾക്കു ശേഷം, ഫെബ്രുവരിയിൽ ഇറാഖിന് കുവൈറ്റിൽ നിന്നും പിൻവാങ്ങേണ്ടി വന്നു. അതുവരെയും കെട്ടിടങ്ങളുടെ ബേസ്‌മെന്റിലും ഭൂഗർഭ അറകളിലും വിദേശ നാടുകളിലും അഭയം പ്രാപിച്ചിരുന്ന സ്വദേശികൾ സാധാരണ ജീവിതം തിരിച്ചു പിടിക്കാൻ തുടങ്ങി. കെട്ടിപ്പടുത്തതൊക്കെ വിട്ടു പോകാൻ മടിച്ചു ഇവിടെ തന്നെ പറ്റിപിടിച്ചിരുന്നവർ യുദ്ധമുഖത്തുനിന്നും പെറുക്കിയെടുത്തവ കൂട്ടിവച്ചു സ്വരുക്കൂട്ടാൻ തുടങ്ങി. പൊട്ടാതെ കിടന്നിരുന്ന മൈനുകളെയും ബോംബുകളെയും അവഗണിച്ചും, ശ്മാശാന ഭൂമിക്കു സമം കിടന്ന മരുഭൂമിയിലൂടെ ചുറ്റി നടന്നു അവർ കമ്പനിയുടെ അടിസ്ഥാനമിട്ടു.
പതുക്കെ പതുക്കെ വിട്ടുപോയവരും ഓടിപ്പോയവരുമായർ തിരിച്ചു വരാൻ തുടങ്ങി.
തിരിച്ചു വന്നവർക്കെല്ലാം ജോലി കിട്ടി. പലർക്കും നല്ല ശമ്പളമുള്ള ജോലി തന്നെ കിട്ടി.
എന്തായാലും, കുവൈറ്റ് അതിന്റെ പഴയ പ്രതാപം വീണ്ടെടുത്തു. യുദ്ധസമയത്തു ഇവിടെ ഉണ്ടായിരുന്ന എല്ലാവർക്കും, സ്വദേശികൾക്കും വിദേശികൾക്കും നഷ്ടപരിഹാരം കൊടുത്തു. മൂന്ന് തവണയായിട്ടാണ് നഷ്ടപരിഹാരം കൊടുത്തത്. കുടുംബമായി ഉണ്ടായിരുന്നവർക്കു അതിനനുസരിച്ചും ഒറ്റയ്ക്ക് ഉണ്ടായിരുന്നവർക്കു വേറെ രീതിയിലും ആണ് കിട്ടിയത്. എന്തായാലും ആളുകൾ പൊതുവെ സന്തോഷവാന്മാരായി. പിന്നീടങ്ങോട്ട് വിദേശികളുടെ ഒഴുക്കായി.
അപ്പോഴാണ്, കുവൈറ്റ്, ഇറാഖിനോട് പകരം വീട്ടിയത്.... രണ്ടായിരത്തി മൂന്നിൽ, സാധാരണ ജനങ്ങളുടെ ജീവിതം വീണ്ടും ദുരിതത്തിലായി. അമേരിക്കയുടെ കൂട്ടുപിടിച്ചു ഇറാഖിനെ നിലം പരിശാക്കി.... വൈകാതെ സദ്ദാമിനെ പിടിച്ചു തടവിലാക്കി വിചാരണ ചെയ്തു തൂക്കിലേറ്റി. അതോടെ യുദ്ധം അവസാനിച്ചു. കുവൈറ്റ് വീണ്ടും സാധാരണ ജീവിതത്തിലേക്ക്...............
*****************************
അതെല്ലാം കഴിഞ്ഞു ഏതാണ്ട് ഒരു വർഷത്തിന് ശേഷമാണു ഈയുള്ളവൾ കുവൈറ്റിൽ കാലുകുത്തുന്നത്. കല്യാണം കഴിഞ്ഞു കെട്ട്യോനെ പിരിഞ്ഞു രണ്ടരവർഷം നാട്ടിൽ, ശേഷം മൂന്നുമാസത്തേക്കു കിട്ടിയ ഒരു വിസിറ്റ് വിസ. മംഗഫിൽ ഒരു കോട്ടയംകാരൻ അച്ചായന്റെ ഫ്ലാറ്റിൽ, ഷെയറിങ് താമസം ആയിരുന്നു, ഞങ്ങൾ. രണ്ടു ബെഡ്‌റൂമിൽ ഒന്ന് അവർക്കും മറ്റേതിൽ ഞങ്ങളും. ഹാൾ, ബാത്റൂം, അടുക്കള എല്ലാം കോമൺ.
ആദ്യത്തെ കുറേ നാളുകൾ ഞങ്ങൾ രണ്ടുപേരും മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ. നീണ്ട വിരഹത്തിനു ശേഷമുള്ള സംഗമം.............. പ്രണയവും പിണക്കങ്ങളും ഇണക്കങ്ങളുമായി രാവും പകലും ഞങ്ങൾ ആഘോഷിച്ചു. ഒടുവിൽ ഒന്നര മാസത്തിനു ശേഷം ഒരു നാൾ അവരെത്തി, നാട്ടിലെ വെക്കേഷൻ കഴിഞ്ഞു അച്ചായനും കുടുംബവും.
അച്ചായനും ഭാര്യയും മകളും. നല്ല സ്നേഹമുള്ള അച്ചായനും ആന്റിയും. മകൾക്കു ഒരു ഇരുപതു വയസ്സ് കാണും, നല്ല കുട്ടി. ഇവിടെ ജനിച്ചു വളർന്നതിന്റെ ഒരു ജാടയും ഇല്ല.
കുറച്ചു ദിവസങ്ങൾക്കു ശേഷമാണു ആന്റി ആ കഥ പറഞ്ഞത്, കുവൈറ്റ് യുദ്ധത്തിനിടയിൽ എല്ലാമുപേക്ഷിച്ചു ജീവനും കൊണ്ടോടിയ കഥ.
**************************
കാതടപ്പിക്കുന്ന വെടിശബ്ദം കേട്ടാണ് അന്ന് വെളുപ്പിനെ ഉറക്കമുണർന്നത്, ജനലിലൂടെ നോക്കിയപ്പോൾ റോഡിലൂടെ പട്ടാള വണ്ടികൾ റോന്തു ചുറ്റുന്ന കണ്ട് പകച്ചു പോയി. എന്നാലും എന്താണ് സംഭവിച്ചത് എന്നറിഞ്ഞത് നല്ല പോലെ നേരം വെളുത്തതിന് ശേഷമാണു. അച്ചായൻ പതിവുപോലെ ജോലിക്കു പോകാനിറങ്ങിയപ്പോൾ ബിൽഡിങ്ങിന്റെ മുന്നിൽ വച്ച് തന്നെ പട്ടാളക്കാർ ഐഡി കാർഡ് പരിശോധിച്ചു, അപ്പോഴും അത് കുവൈറ്റിന്റെ പട്ടാളം അല്ല എന്ന് മനസിലായില്ല. പിന്നീടങ്ങോട്ട് വഴിയിലുടനീളം നിറയെ പട്ടാളക്കാർ, പട്ടാളവണ്ടികൾ, പരിശോധനകൾ, വെടിശബ്ദങ്ങൾ, ആക്രോശങ്ങൾ...............
അവസാനം ആരോ പറഞ്ഞു, "ഇറാക്ക് കുവൈറ്റിനെ പിടിച്ചെടുത്തു......... വേഗം നാട്ടിലേക്കു രക്ഷപ്പെടുന്നതാണ് നല്ലത്."
ടിക്കറ്റ് എടുക്കാനും രക്ഷപ്പെടാനും ആളുകൾ പരക്കം പാഞ്ഞു, കമ്പനിയിൽ പാസ്പോര്ട്ട് കിട്ടിയാലല്ലേ പോകാനൊക്കൂ............ അവർ പറഞ്ഞത് വിദേശികൾക്ക് കുഴപ്പം ഒന്നും ഇല്ല. ജോലിയൊക്കെ സാധാരണ പോലെ നടക്കും. കുവൈറ്റിന് പകരം ഇറാഖി ഗവണ്മെന്റ് ഭരിക്കും എന്നേയുള്ളൂ. കൂട്ടത്തോടെ അവധിയെടുക്കാനും ആരെയും അനുവദിച്ചില്ല. പല കമ്പനി ഓഫീസുകളും പട്ടാളം പിടിച്ചെടുത്തു. ചിലർ സ്ത്രീകളെയും കുട്ടികളെയും നാട്ടിലേക്കു വിട്ടു. അപ്പോഴേക്കും വിമാനസർവീസും നിർത്തിവച്ചു. വിമാനത്താവളം അടച്ചു.
രാത്രിയോ പകലോ എന്നില്ലാതെ പട്ടാളക്കാർ വീടുകളിൽ കയറി പരിശോധന നടത്തും, രാത്രി രണ്ടു മണിക്കും മൂന്നു മണിക്കും പോലും അവർ കയറി വരും, വാതിൽ തുറക്കാൻ താമസിച്ചാൽ വാതിൽ ചവുട്ടി പൊളിക്കും. സ്വദേശികളായ ആരെങ്കിലും ഒളിച്ചിരിക്കുന്നുണ്ടോ എന്നറിയാനാണ് പരിശോധന. വിദേശികളെ, പ്രത്യേകിച്ച് ഇന്ത്യക്കാരെ ഒന്നും ചെയ്യരുത് എന്ന് മുകളിൽ നിന്നും ഉത്തരവുണ്ട്, എന്ന് പറയുന്നു എന്നാലും പട്ടാളക്കാരുടെ പ്രവർത്തികൾ എല്ലാവരെയും ചകിതരാക്കി.
ഇരകളുടെ നേർക്ക് പല്ലും ദംഷ്ട്രയും കാണിച്ചു പേടിപ്പിക്കുന്ന വന്യമൃഗങ്ങളുടെ മുന്നിലെന്നപോലെ ആളുകൾ പേടിയുടെ ഗർത്തത്തിൽ വീണു.
കടകളിൽ ആഹാരസാധനങ്ങൾ കിട്ടാതായി. പട്ടാളക്കാർ അവർക്കാവശ്യമുള്ള സാധനങ്ങൾ എടുത്തു കൊണ്ട് പോകും. അത് വീടായാലും കടകൾ ആയാലും. വീടുകളിലെ പണവും സ്വർണവും വരെ പലയിടത്തു നിന്നും കൊണ്ടുപോയി. സ്വദേശികളെ അനേഷിച്ചു വരുന്ന അവർ അലമാരയും കട്ടിലിന്റെ കീഴിലും എന്ന് വേണ്ട എല്ലായിടവും തെരയും.
ഒരു പകലിൽ, റോഡിനപ്പുറത്തുള്ള ഫ്ലാറ്റിലേക്ക് കുറെ പട്ടാളക്കാർ കയറി പോകുന്നത് കണ്ട് ജനലിലൂടെ നോക്കിനിന്നു, അവിടെ ഒരു സ്ത്രീ മാത്രമേ ഉണ്ടായിരുന്നുള്ളു. അവരുടെ ഭർത്താവു പുറത്തേക്കു പോയിരിക്കുന്നു. പട്ടാളക്കാർ അവിടെ മുഴുവൻ തെരഞ്ഞു, ആരും കാണാതെ തിരികെ പോകാൻ നേരം ഒരുത്തൻ ആ പെണ്ണിനെ കയറി പിടിച്ചു. അവർ നിലവിളിച്ചപ്പോൾ അയാൾക്ക്‌ ഹരം കയറി എന്ന് തോന്നുന്നു. അവളുടെ വസ്ത്രങ്ങൾ വലിച്ചു കീറി, അവളെ ബലാൽക്കാരമായി ഭോഗിച്ചു, അവന്റെ ഊഴം കഴിഞ്ഞപ്പോൾ അടുത്തവൻ അങ്ങനെ മൂന്നോ നാലോ പേർ.............
പട്ടാളക്കാർ പോയിക്കഴിഞ്ഞപ്പോൾ അടുത്ത വീടുകളിലെ സ്ത്രീജനങ്ങൾ അവിടേക്കു ചെന്നു, ജീവൻ മാത്രം ബാക്കിയായ ആ ശരീരം അവർ താങ്ങിയെടുത്തു, ആരുടെയോ വണ്ടിയിൽ ഹോസ്പിറ്റലിൽ എത്തിച്ചു. അപ്പോഴാണ് മനസിലായത് അവർ അഞ്ചു മാസം ഗർഭിണി ആയിരുന്നു. ആ കുഞ്ഞിനെ അവർക്കു നഷ്ടമായി, സുന്ദരിയായ ഒരു അറബിപെണ്ണ്, അവളുടെ ആദ്യത്തെ കുഞ്ഞായിരുന്നു അത്............
അതോടെ ആളുകൾ ഒറ്റയ്ക്ക് താമസിക്കുന്നത് നിർത്തി, കൂട്ടമായി ഏതെങ്കിലും വീട്ടിലോ, ബേസ്‌മെന്റ് ഹാളിലോ താമസിക്കാൻ തുടങ്ങി. ആളുകൾ ജോലിക്കു പോകാതായി. കമ്പനികൾ അടച്ചു തുടങ്ങി. അമ്മാനിൽ നിന്നും ജോർഡനിൽനിന്നും എയർ ഇന്ത്യയുടെ വിമാനത്തിൽ നാട്ടിലേക്കു കൊണ്ട് പോകും എന്നാണ് എംബസി പറഞ്ഞത്. എന്നാൽ അവിടേക്കു എത്തിപ്പെടാൻ ബസിൽ പോകണം, മരുഭൂമിയിലൂടെ കിലൊമീറ്ററുകളോളം യാത്ര ചെയ്തു അവിടെ എത്തണം.
അത്യാവശ്യ രേഖകളും ഒരു ബാഗിൽ കൊള്ളാവുന്ന സാധനങ്ങളും മാത്രം എടുത്തു, അതുവരെ സമ്പാദിച്ച പലതും പ്രിയപ്പെട്ട പത്രങ്ങൾ ഗ്ലാസ്സുകൾ, മറ്റു വീട്ടുപകരണങ്ങൾ, വസ്ത്രങ്ങൾ എല്ലാം ഉപേക്ഷിച്ചു, ജീവൻ രക്ഷിക്കാനായി മാത്രം, യാത്ര തിരിച്ചു. കൊടും ചൂടിലും പൊടിക്കാറ്റിലും, വെടിമരുന്നിന്റെയും ചോരയുടെയും മണമുള്ള വഴികൾ താണ്ടി, പട്ടാളവണ്ടിയുടെ തടഞ്ഞു വയ്ക്കലും പരിശോധനകളും വിശപ്പും ദാഹവും എല്ലാം അതിജീവിച്ചു അവസാനം അമ്മാനിൽനിന്നും ബോബെയിലേക്കു. അവിടെ നിന്നും നാട്ടിലേക്കു.
അവിടെ, നാട്ടിൽ............... പകുതിക്കു വെച്ച് മുറിഞ്ഞു പോയ കുട്ടികളുടെ പഠനം വീണ്ടെടുക്കാൻ, ദൈനംദിന ചെലവുകൾക്ക് പൈസ കണ്ടെത്താൻ എല്ലാം ബുദ്ധിമുട്ടി. വീട് നേരെത്തെ വച്ചതു കൊണ്ട് കേറിക്കിടക്കാൻ ആരുടെയും ഔദാര്യം വേണ്ടിവന്നില്ല. നേരത്തെ അടുപ്പത്തിലായിരുന്നു ബന്ധുജനങ്ങളുടെ എണ്ണം കുറഞ്ഞു. പരിഹസിക്കുന്നവരുടെയും സഹതപിക്കുന്നവരുടെയും മുഖം വേദനയുളവാക്കി.
എല്ലാം ശാന്തമായി, വീണ്ടും ഇങ്ങോട്ട് വരാൻ വിസ കിട്ടിയപ്പോൾ, ഓടിവന്നു. താമസിച്ചിരുന്ന വീട് അവിടെത്തന്നെയുണ്ട്. പക്ഷെ ആരൊക്കെയോ കൊള്ളയടിച്ചിരിക്കുന്ന അവസ്ഥയിൽ..................... ആശിച്ചു മോഹിച്ചു വാങ്ങി വച്ചിരുന്ന ഡിന്നർ സെറ്റുകൾ, ഗ്ലാസ് പാത്രങ്ങൾ, ഷോകേസ് ഐറ്റംസ്, വസ്ത്രങ്ങൾ, ഫ്രിഡ്ജ്, ടി വി, സോഫ സെറ്റി, മൈക്രോ വേവ് അവൻ, എന്നുവേണ്ട എല്ലാം ആരൊക്കെയോ എടുത്തുകൊണ്ടുപോയിരിക്കുന്നു, ആർക്കും വേണ്ടാതെ കിടക്കുന്ന കുറെ പുസ്തകങ്ങളും, പേപ്പറുകളും കീറിയ ബെഡും മറ്റും അലോങ്കോലമാക്കിയ ആ ഫ്ലാറ്റിൽ കണ്ണീരോടെ ഇരിക്കാൻ സാധിച്ചുള്ളൂ..
ചപ്പുചവറുകളും മറ്റും വരിക്കളഞ്ഞു, ഉപയോഗ്യയോഗ്യമായ ചില വസ്തുക്കൾ പെറുക്കിയെടുത്തപ്പോൾ അടുത്ത കടമ്പ, അവിടെ താമസിക്കാൻ പറ്റില്ലത്രേ, ആ ബിൽഡിങ് ഇപ്പോൾ പുതിയ ഉടമസ്ഥന്റെ കൈവശമാണ്, അയാൾക്ക്‌ ഇവർ പറഞ്ഞതൊന്നും വിശ്വാസമില്ല. കെട്ടിടം തട്ടിയെടുത്തവന് പഴയ താമസക്കാരെ വിശ്വസിക്കേണ്ടത് അത്യാവശ്യം അല്ലാലോ. വെറും കൈയോടെ അവിടെ നിന്നും ഇറങ്ങേണ്ടി വന്നു.
"അതിനെന്തേ, നിങ്ങൾക്ക് മൂന്നും നാലും ഇരട്ടിയായി ഗവണ്മെന്റ് തിരിച്ചു തന്നില്ലേ. നഷ്ടം മുഴുവൻ നികത്താനും ബാക്കി സേവ് ചെയ്യാനും പറ്റിയില്ലേ?"
അതിനു മറുപടി ഒരു പൊട്ടിക്കരച്ചിലായിരുന്നു. അവർ പലപ്രാവശ്യം, യുദ്ധസമയത്തു ഇവിടെ ഉണ്ടായിരുന്നു എന്ന് തെളിയിക്കാനായി രേഖകൾ സമർപ്പിച്ചിട്ടും അവർക്കു ഒരു ദിനാർ പോലും കിട്ടിയില്ല. എല്ലാവരും കിട്ടിയ കാശിന്റെ കണക്കുകൾ പറഞ്ഞു ബാങ്ക് ബാലൻസിന്റെ വലുപ്പം കൂട്ടിയപ്പോൾ അവർ കണ്ണീരോടെ ഇരുന്നു. ബാച്‌ലർ ആയിരുന്നവർക്കു വരെ ഫാമിലി ആണെന്ന രീതിയിൽ നഷ്ടപരിഹാരം കിട്ടിയിട്ടും അർഹതയുള്ള ഇവർക്ക് ഒന്നും കിട്ടിയില്ല.
പിന്നീട്, ഉറുമ്പിനെ പോലെ ഒരു ദിനാറും കൂട്ടിവച്ചു മക്കളുടെ പഠിത്തവും മറ്റും ചെലവുകളും നടത്തി അവർ ജീവിച്ചു. മക്കളുടെ കല്യാണം കഴിഞ്ഞു അതികം വൈകാതെ അവർ നാട്ടിൽ സെറ്റിൽ ചെയ്തു. ഇന്ന് മക്കളും മരുമക്കളും കൊച്ചുമക്കളുമായി സന്തോഷത്തോടെ നാട്ടിൽ ജീവിച്ചിരുപ്പുണ്ടാകും അവർ............
ഒരു യുദ്ധം ഇനിയും ഉണ്ടാകാം എന്ന് കേൾക്കുമ്പോൾ വിറയ്ക്കുന്ന മനസ്സുമായി ജീവിക്കുന്ന പ്രവാസികൾക്ക് സമർപ്പിക്കുന്നു.
(പറഞ്ഞു കേട്ട അറിവ് വെച്ച് എഴുതിയ വിവരണം ആണ്. യാഥാർഥ്യവുമായി പൊരുത്തമില്ലാതെ എന്തെങ്കിലും ഉണ്ടെങ്കിൽ സദയം ക്ഷമിക്കുക............. ഞാൻ നേരിട്ടറിഞ്ഞ ഒന്നും ഇതിൽ ഇല്ല. കേട്ടറിവ് മാത്രം ആണ്.)
സ്നേഹപൂർവ്വം
ട്രിൻസി ഷാജു, 
കുവൈറ്റ്

 

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot