പഴുത്തിലകൾ.....
“ബസ്സ് വരുന്ന ലക്ഷണമൊന്നും കാണുന്നില്ലല്ലോ?” പ്രഭാകരേട്ടന്‍ അക്ഷമനായി ഒരു റബ്ബര്‍ പന്തുപോലെ ആ ചെറിയ ചായക്കടയുടെ തിണ്ണയിലും അതിനോട് ചേര്‍ന്നുള്ള ട്രാവല്‍ ഓഫിസിലും, മഴവെള്ളം കുതിര്‍ത്ത ഹൈവേയുടെ വശത്തുള്ള നടപ്പാതയിലും തെറിച്ചു വീണുകൊണ്ടിരുന്നു. അല്‍പ്പനേരം മുന്‍പുവരെ പിറുപിറുത്തുകൊണ്ടിരുന്ന അയാളുടെ ആത്മഗതങ്ങള്‍ ഇപ്പോള്‍ ഉച്ചത്തിലുള്ള രോഷപ്രകടനങ്ങളായി മാറിതുടങ്ങി.
“ബോംബേയില്‍നിന്നു രാവിലെ ആറുമണിക്ക് പുറപ്പെടുമെന്ന് പറഞ്ഞതാണ്. പതിനൊന്നു മണിക്ക് പൂനെയില്‍ എത്തുമെന്നും . ഇപ്പോള്‍ ഒരുമണിയാകാറായി.
അന്തരീക്ഷത്തില്‍ സ്വീകരിക്കാനാളില്ലാതെ കുഴങ്ങിനിന്ന വാക്കുകളെ ഏറ്റെടുത്തു മനോജ് അയാളെ ആശ്വസിപ്പിക്കാനെന്നവണ്ണം പറഞ്ഞു.
“നമ്മളെന്തു ചെയ്യാനാ പ്രഭാകരേട്ടാ, മഴ കാരണം ലോണാവാല-ഖണ്ടാലാ ചുരം മുഴുവന്‍ ട്രാഫിക് ജാമായിരിക്കും. ഇനി എന്തായാലും അധികം വൈകില്ല.”
“ഹാഫ് ഡേ ലീവ് മാത്രമേ ഞാനെടുത്തിട്ടുളൂ. ഇനിയും വൈകിയാല്‍ സ്വതവേ ചിരിക്കാത്ത മാനേജരുടെ കറുത്ത മുഖം കൂടി കാണേണ്ടിവരും.” പറയുമ്പോള്‍ അയാളുടെ മുഖത്ത് ദേഷ്യവും സങ്കടവും കലര്‍ന്ന ഭാവം.
ഇതൊന്നും തന്നെ ബാധിക്കുന്നില്ലെന്ന മട്ടില്‍ ഇരിക്കുന്ന പാര്‍വതിയമ്മ അടക്കിയ സ്വരത്തില്‍ പറഞ്ഞു. “ഇത്തിരി ചായെന്റെ വെള്ളം കിട്ടിയാല്‍ തരകേടില്ലായിരുന്നു.” അതുകേട്ടു പ്രഭാകരെട്ടന്റെ ഒച്ച ഉയര്‍ന്നു. “ചോറിന്റെ സമയമായില്ലേ അമ്മെ, അതിനിടയില്‍ എന്തിനാ ഒരു ചായ.” ചിരിയടക്കുന്ന കടക്കാരന്റെ മുഖത്തുനോക്കി വൃദ്ധ നെടുവീര്‍പ്പിട്ടു.
ഇവര്‍ക്കിടയില്‍ ഞാനെങ്ങനെ പെട്ടെന്നെല്ലേ? ഒറ്റയ്ക്ക് നാട്ടിലേക്ക് ഒരു ബസ് യാത്രയും പ്ലാന്‍ ചെയ്തിരിക്കുമ്പോഴാ സുഹൃത്തായ മനോജ്, നാട്ടിലേക്ക് പ്രഭാകരേട്ടന്റെ അമ്മ കൂടെ ഉണ്ടെന്നു പറഞ്ഞത്. ഞങ്ങളുടെ കമ്പനിയുടെ അടുത്തു തന്നെയുള്ള മറ്റൊരു സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ആളാണ് മനോജിന്റെ ബന്ധു കൂടിയായ പ്രഭാകരേട്ടന്‍. ഒറ്റക്കൊരു യാത്ര ഒരിക്കലും വിരസമായിരുന്നില്ല. മറിച്ചു ഒരാനന്ദമായിരുന്നു. ഒരു ബന്ധനവുമില്ലാതെ ഒറ്റയ്ക്ക് സഞ്ചരിക്കുക, പലതരം ആളുകളെ കാണുക, കനവുകളില്‍ മുഴുകാം, വഴിക്ക് വച്ച് യാത്ര നിര്‍ത്തുകയോ വേറെ ലക്ഷ്യത്തിലേക്ക് മാറ്റുകയോ വരെ ചെയ്യാം. ഈ സ്വാതന്ത്ര്യങ്ങളെല്ലാം ഒരാള്‍ കൂടെ വരുന്നതോടെ ഇല്ലാതാവുന്നു.
എങ്കിലും മനോജിന്റെ ആവശ്യം തള്ളിക്കളയാന്‍ എനിക്കു തോന്നിയില്ല. ഒരു രാത്രിയുടെ കാര്യമല്ലേ ഉള്ളൂ.
പ്രഭാകരെട്ടന്റെ വെപ്രാളം കണ്ട് മനോജ് പറഞ്ഞു. “നിങ്ങള്‍ വേണമെങ്കില്‍ ഓഫീസിലേക്ക് പൊയ്ക്കോള്ളൂ . ഇവരെ ഞാന്‍ ബസ് കയറ്റി വിട്ടോളാം. “കേള്‍ക്കാന്‍ കാത്തുനില്‍ക്കുന്നത് പോലെ അയാള്‍ ചാടിയിറങ്ങി എന്നോടു പറഞ്ഞു. “വഴിചിലവിനുള്ള പണം ഞാന്‍ അമ്മയുടെ കയ്യില്‍ കൊടുത്തിട്ടുണ്ട്. പിന്നെ അവശ്യമില്ലാത്തതൊന്നും വാങ്ങിച്ചു കൊടുക്കേണ്ട. അനന്തേട്ടനോടു ഞാന്‍ വിളിച്ചു പറയാം ബസ് സ്റ്റോപ്പില്‍ കാത്തു നില്‍ക്കാന്‍. ട്രാവല്‍ ഓഫീസില്‍ അന്വേഷിച്ചു സമയത്ത് അവിടെ എത്തിക്കൊള്ളും. നാളെ ഞായറാഴ്ച ആയതുകൊണ്ട് ചേട്ടന്‍ വീട്ടില്‍ തന്നെ കാണും. അഥവാ സ്റ്റോപ്പില്‍ കണ്ടില്ലെങ്കില്‍ വിളിച്ചാല്‍ മതിയെന്ന് പറഞ്ഞു ഫോണ്‍ നമ്പരും തന്നു. പിന്നെ ചാറ്റല്‍ മഴയില്‍ റെയിന്‍ കോട്ടും തൊപ്പിയും വച്ച് ഒരു വലിയ വവ്വാലിനെ പോലെ സ്കൂട്ടര്‍ സ്റ്റാര്‍ട്ട് ചെയ്ത് അയാള്‍ ധൃതിയില്‍ പറന്നകന്നു.
ഊണ് കഴിഞ്ഞു ഒരു നാല് മണിയായ് ബസ് വന്നപ്പോള്‍. അമ്മ ഉള്ളത് കൊണ്ട്ട് ഇനി പുകവലിയും ബിയറും ഒന്നും നടക്കില്ല. ഈ യാത്ര മുഴുവന്‍ നല്ല കുട്ടിയായിരിക്കാം എന്ന് വിചാരിച്ചിരിക്കുമ്പോളാണ് അടുത്ത സ്റ്റോപ്പില്‍ നിന്നും പ്രകാശന്‍ കയറിയത്. ഒരു ടയര്‍ വര്‍ക്സില്‍ ജോലി ചെയ്യുന്ന പരിചയക്കാരനാണ്. അത്യാവശ്യം മദ്യപാനത്തിന് കൂടുന്നവനാണ്. ഇനി എങ്ങിനെ നാട്ടിലെത്തുന്നത് വരെ പിടിച്ചു നില്‍ക്കുമെന്ന് എനിക്ക് ആധിയായി. പെട്ടെന്ന് തന്നെ അവനു കാര്യങ്ങള്‍ മനസ്സിലാവാന്‍ വേണ്ടി അമ്മയെ പരിചയപ്പെടുത്താന്‍ ഞാന്‍ മുന്‍കൈ എടുത്തു. പറഞ്ഞു വന്നപ്പോള്‍ പ്രകാശനും അവരും ഒരേ നാട്ടുകാരായിരുന്നു . അതു കൊണ്ടായിരിക്കാം അവന്റെ മുഖത്ത് ഒരു സന്തോഷം തെളിഞ്ഞതും. എന്നെപ്പോലെ തന്നെ അവരുടെ കാര്യത്തില്‍ അവനും ശ്രദ്ധാലുവായത് എന്തായാലും എനിക്കു വലിയ ഒരാശ്വാസമായി.
പ്രഭാകരേട്ടന്‍ ഉള്ളപ്പോള്‍ ഒന്നും മിണ്ടാതെ പേടിച്ചു ഒതുങ്ങിയിരുന്ന അമ്മ, മകന്‍ പോയതോടെ നിറയെ സംസാരിച്ചു തുടങ്ങി. ബസിനകത്തു കയറിയതും അവര്‍ പലതും പറഞ്ഞു കൊണ്ടേയിരുന്നു. സാധാരണ അമ്മമാരെപ്പോലെ തന്നെ മക്കളെ കുറിച്ചായിരുന്നു അതില്‍ അധികവും . മൂത്ത മകന്‍ അനന്തന്‍ നാട്ടില്‍ അറിയപ്പെടുന്ന ഒരു വക്കീലാണ്. രണ്ടാമത്തവന്‍ ഇവിടെയും. പിന്നെ ഒരു പെണ്ണ് ഉള്ളത് ഭര്‍ത്താവിന്റെ കൂടെ ബംഗ്ലൂരിലാണ്. അവന്‍ അവിടെ എന്തോ വലിയ കമ്പ്യൂട്ടര്‍ ഉദ്യോഗസ്ഥനാണു. ആരുടെ കൂടെ കഴിഞ്ഞാലും എനിക്കു നല്ല സുഖമാണ് എന്നും മറ്റുമുള്ള അവരുടെ സംസാരം എന്തോ എനിക്കും പ്രകാശനും വിരസമായി തോന്നിയില്ല. മറ്റു യാത്രക്കാര്‍ക്കു ഒരു ചെറിയ ശല്യമായിരിക്കും എങ്കിലും പ്രായം കണക്കിലെടുത്ത് ആവാം ആരും ഒന്നും മിണ്ടിയില്ല.
അടുത്ത ചുരത്തിന്റെ താഴെ എത്തുമ്പോഴേക്കും ഇരുട്ടു വീണു തുടങ്ങിയിരുന്നു. ഇനി കയറ്റം കഴിഞ്ഞ് മുകളിലെ ഹോട്ടലില്‍ ആയിരിക്കും രാത്രി ഭക്ഷണം. ഒരു ചെറുപ്പക്കാരനെപ്പോലെ ഓടിയിരുന്ന ബസ്, കയറ്റം തുടങ്ങിയതുമുതല്‍ കിതച്ചു തുടങ്ങിയിരുന്നു.മുന്നിലെ ട്രക്കുകളെ കണ്ടപ്പോള്‍ ചുരം ഏകദേശം കഴിയാറായി എന്ന് മനസ്സിലായി. താഴെ വളഞ്ഞു പുളഞ്ഞു ഒരു വലിയ ശഖു വരയന്‍ പാമ്പിനെപ്പോലെ ഇരുളും വെളിച്ചവും ഇടവിട്ട് മെല്ലെ നീങ്ങുന്ന വാഹനങ്ങളുടെ നിര. ഹൈവേയുടെ വല്ലാതെ അപകടം പിടിച്ച ഒരു ഭാഗമാണിത്. ഒരു തവണ ബൈക്കില്‍ പോകുമ്പോള്‍ “അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇവിടെ ഇത്രപേര്‍ മരിച്ചു അടുത്തത് നിങ്ങളാവരുത്” എന്ന ബോര്‍ഡ് വായിച്ചതോര്‍ക്കുന്നു. ഇരുട്ടു മൂടിയതിനാല്‍ വശങ്ങളിലെ കൊക്കയുടെ ആഴം സംസാരിച്ചും ഉറങ്ങിയുമിരിക്കുന്ന യാത്രക്കാര്‍ അറിയാതെ പോയി. ചിലപ്പോള്‍ ചുറ്റുപാടുകളെ കുറിച്ചുള്ള അറിവില്ലായ്മ ഒരു അനുഗ്രഹമാകുന്നു.
പറഞ്ഞതുപോലെ തന്നെ അടുത്ത ചെറിയ ടൌണില്‍ നിര്‍ത്തി.
പറഞ്ഞതുപോലെ തന്നെ അടുത്ത ചെറിയ ടൌണില്‍ നിര്‍ത്തി.
“അര മണിക്കൂറോളം സമയമുണ്ട്. എല്ലാവരും ഇറങ്ങിക്കോളൂ” എന്ന് പറഞ്ഞു ചാടിയിറങ്ങിയ ഡ്രൈവറെ ഞാന്‍ ഒരു ദൈവത്തെ കാണുന്നപോലെ നോക്കി. അന്‍പതോളം പേരുടെ ജീവന്‍ ഇയാളുടെ കൈകളിലാണു ഉള്ളതെന്ന് അത്ഭുതത്തോടെ ഓര്‍ത്തു. പലപ്പോഴും സന്ദര്‍ഭങ്ങള്‍ ആളുകളെ ദൈവവും ചെകുത്താനുമാകുന്നു.
അമ്മ കൂടെയുള്ളതുകൊണ്ട് ഞങ്ങള്‍ ബാര്‍ അറ്റാച്ച് ഹോട്ടെലിനെ ഇടം കണ്ണു കൊണ്ട് നോക്കി. അടുത്തു തന്നെയുള്ള വെജിറ്റേറിയന്‍ റസ്ടോരന്റിലേക്ക് നീങ്ങി. ഞങ്ങളെ അത്ഭുതപ്പെടുത്തി കൊണ്ട് അമ്മ പറഞ്ഞു “എനിക്കെന്തായാലും ചിക്കന്‍ ബിരിയാണി തിന്നണം. നിങ്ങള്‍ക്ക് വേണമെങ്കില്‍ ഓരോ ബിയറും കുടിക്കാം. പിന്തിരിപ്പിക്കാന്‍ നോക്കുമ്പോഴേക്കും അവര്‍ മുന്നോട്ടു നടന്നു കഴിഞ്ഞിരുന്നു. വീട്ടമ്മയെ പോലെ നിന്ന വെജിറ്റേറിയന്‍ റസ്ടോരന്റ് വിട്ട് കാമുകിയെപ്പോലെ അണിഞ്ഞൊരുങ്ങി നിന്ന ബാറിനുള്ളിലേക്ക് ഞങ്ങള്‍ കയറി. വിളമ്പുകാരന്‍ വന്ന് എന്താണ് കഴിക്കുന്നതെന്നു ചോദിച്ചപ്പോഴും ഞാനും പ്രകാശനും ഒരു വൃദ്ധയെയും കൊണ്ട് ബാറില്‍ കയറിയതിന്റെ മൌഡ്യത്തിലായിരുന്നു. “ഇവര്‍ക്ക് രണ്ടു ബിയറും എനിക്കൊരു ചിക്കന്‍ ബിരിയാണിയും” മലയാളിയായ അവനോടു അമ്മ തന്നെ ഓര്‍ഡര്‍ ചെയ്തു. തള്ളയുടെ ചിലവില്‍ കള്ളുകുടിക്കുന്ന മക്കള്‍ എന്ന ഒരു പുച്ഛച്ചിരി സമ്മാനിച്ചുകൊണ്ട് അവന്‍ അകത്തേക്ക് പോയി. പിന്നീട് ഭക്ഷണം കഴിച്ചു പുറത്തു വന്നപ്പോള്‍ “ഞാനിത്തിരി അടയ്ക്ക ചവയ്ക്കട്ടെ” എന്നും “പുകവലിക്കണമെങ്കില്‍ ബസ്സ് പുറപ്പെടുന്നതിനു
മുന്പ് തന്നെ ആയികോളൂ” എന്നും പറഞ്ഞപ്പോള്‍ ഞങ്ങള്‍ക്കവരെ തീരെ മനസ്സിലായില്ല.
മുന്പ് തന്നെ ആയികോളൂ” എന്നും പറഞ്ഞപ്പോള്‍ ഞങ്ങള്‍ക്കവരെ തീരെ മനസ്സിലായില്ല.
തണുപ്പില്‍ അല്പം മാറിനിന്ന് സിഗരറ്റിനു തീ പിടിപ്പിക്കുമ്പോള്‍ പ്രകാശന്‍ മന്ത്രിക്കുന്നത് ഞാന്‍ വ്യക്തമായി കേട്ടു. “ഇവരുടെ മക്കളെത്ര ഭാഗ്യവാന്മാര്‍”.
പിന്നീടുള്ള യാത്രയിലും അമ്മയുടെ നാവിനു വിശ്രമമില്ലയിരുന്നു. പിറകിലെ സീറ്റിലെ പെണ്‍കുട്ടി ഇടവിട്ടിടവിട്ട് ഫോണില്‍ സംസാരിക്കുന്നതു കണ്ട് അവര്‍ പറഞ്ഞു “ഒന്നുകില്‍ പുതുമോടി അല്ലെങ്കില്‍ പ്രേമം” പിന്നെ തന്റെ പ്രണയ വിവാഹത്തെ പറ്റിയായി സംസാരം. ഭര്‍ത്താവിനെ ആദ്യമായി കണ്ടതും, കണ്ടപ്പോള്‍ തന്നെ പ്രണയം മനസ്സില്‍ ഇളവെയിലായി പടര്‍ന്നതും മറ്റും പറയുമ്പോള്‍, എഴുപതുവയസ്സുള്ള അവര്‍ പതിനെഴുകാരിയായി. പിന്നെ സ്വകാര്യമായി പറഞ്ഞു
“കല്യാണം കഴിക്കുമ്പോള്‍ തന്നെ നന്ദു എന്റെ വയറ്റിലുണ്ടായിരുന്നു”. അല്പം ഉറക്കെയുള്ള ഈ സ്വകാര്യം കേട്ട് ഡ്രൈവറും പ്രകാശനും കാബിനിലിരുന്നു ചിരിച്ചു. മൂത്തമകനെപ്പറ്റി പറയുമ്പോള്‍ അവരില്‍ കുറച്ചധികം വാത്സല്യവും അഭിമാനവും നിറയുന്നുണ്ടോ? ഇടക്ക് സംസാരം നിലച്ചപ്പോള്‍ അവര്‍ ഉറക്കം പിടിച്ചെന്നു മനസ്സിലായി.
ഒരു പുകയിടാന്‍ വേണ്ടി ഞാന്‍ കാബിനിലേക്ക് നീങ്ങി. താഴെ പത്രം വിരിച്ച് ഇല്ലാത്ത സ്ഥലത്ത് പട്ടുമെത്തയിലെന്നപോലെ പ്രകാശന്‍ കൂര്‍ക്കം വലിച്ചുറങ്ങുന്നു. പുകവലിക്കാരുടെയും മദ്യപരുടെയും ഇടയില്‍, പെട്ടെന്ന് മുളപൊട്ടുന്ന സൗഹൃദം കൊണ്ടാവണം ഡ്രൈവര്‍ പറഞ്ഞു “സിഗരറ്റും തീപ്പെട്ടിയും പുറകിലെ എഫ് എ ബോക്സിലുണ്ട്, ഒന്നിങ്ങെടുത്തോളി ഒന്നെനിക്കും വേണം”. ഒന്നു ഞാനെടുത്തു, പാക്കറ്റും തീപ്പെട്ടിയും അയാള്‍ക്ക് കൊടുത്തു. എണ്പതു തൊണ്ണൂറു സ്പീഡില്‍ പോകുന്ന ബസ്സില്‍ രണ്ടു കാല്‍മുട്ടുകൊണ്ടും സ്റ്റിയറിംഗ് ബാലന്‍സ് ചെയ്ത് അയാള്‍ തീപ്പെട്ടിയുരച്ചു. കത്തിയത് എന്‍റെ നെഞ്ചിനുള്ളിലായിരുന്നു. ഈശ്വരാ അയാളുടെ കാല്‍മുട്ടൊന്നു വിറച്ചാല്‍..... എന്‍റെ പേടികണ്ടു അയാള്‍ ചിരിച്ചു. “ഇതൊന്നുമല്ല മാഷെ, നൂറ്റി ഇരുപതില്‍ പോകുമ്പോള്‍ രണ്ടു കൈയുംവിട്ട് ഞാന്‍ അഞ്ചു മിനിറ്റ് ഓടിച്ചിട്ടുണ്ട്. അന്ന് ഈ കാബിനിലുള്ളവര്‍ നിലവിളിയായിരുന്നു. ശ്രദ്ധ സംസാരത്തിലായതുകൊണ്ടാവം റോഡ് ഡിവൈഡറിനടുത്തേക്ക് ബസ് ഒന്നു പാളി. ഞാന്‍ മാത്രമല്ല ഇപ്പോള്‍ അയാളും നല്ലവണ്ണം പേടിച്ചു. ഇളിഭ്യനായതുകൊണ്ടാവാം പിന്നീട് അയാള്‍ ഒന്നും സംസാരിച്ചില്ല. മാത്രമല്ല വളരെ ശ്രദ്ധിച്ചാണ് ഇപ്പോള്‍ അയാള്‍ ഡ്രൈവ് ചെയ്യുന്നത്. ചിലപ്പോള്‍ ഒരു നിമിഷം മതി വിശ്വാസങ്ങള്‍ നശിക്കാനും ജനിക്കാനും.
കുറച്ചു ദൂരം മാത്രമേ റോഡ് കാണുന്നുള്ളൂ. അതിനപ്പുറം ഇരുട്ടിനെ മുറിച്ച് വഴി വെട്ടിയുണ്ടാക്കുകയാണ് ബസ്സിന്റെ ഹെഡ് ലൈറ്റുകള്‍. ഇവിടെ നിന്നാല്‍ എനിക്കു രാവിലെ വരെ ഉറങ്ങാന്‍ പറ്റില്ല. ഞാന്‍ തിരിച്ചു സീറ്റിലേക്കു പോയി. അമ്മ ചെറിയ ഒരുറക്കം കഴിഞ്ഞിരുന്നു. “നീ ഇവിടെ കിടന്നോ” ഞങ്ങള്‍ രണ്ടുപേര്‍ മാത്രമേ ആ ലോങ്ങ് സീറ്റില്‍ ഉള്ളൂ. അഡ്ജസ്റ്റ് ചെയ്ത് കിടക്കാന്‍ തുടങ്ങിയപ്പോള്‍ മടിയില്‍ തലവച്ചോളാന്‍ പറഞ്ഞത് ഞാന്‍ ചെവിക്കൊണ്ടില്ല. പക്ഷെ അവര്‍ ബലമായി പിടിച്ചു അവരുടെ മടിത്തട്ട് എനിക്കു തലയണയായി തന്നു. അമ്മയുടെ മടിയില്‍ കുഞ്ഞുങ്ങള്‍ എന്താണ് എളുപ്പം ഉറക്കം പിടിക്കുന്നതെന്നോര്‍ത്ത് അത്ഭുതപ്പെടാനുള്ള സമയം എനിക്കു കിട്ടിയില്ല, അതിനു മുന്‍പേ ഞാന്‍ മയങ്ങിപ്പോയിരുന്നു.
ഇനിയും അല്‍പസമയം കഴിഞ്ഞാല്‍ അവര്‍ക്കിറങ്ങേണ്ട സ്ഥലമാകും. ഡൈവര്‍ പറഞ്ഞു “അവിടെയാണ് നമ്മുടെ ഉച്ചഭക്ഷണം. നിങ്ങള്‍ക്കിവരെ യാത്രയാക്കാനൊക്കെ ഇഷ്ടം പോലെ സമയമുണ്ടാകും”. രാവിലെ ബ്രൈക്ക്ഫാസ്റ്റിന്‍റെയും മറ്റും തിരക്കുകള്‍ക്കിടയിലും അവര്‍ കുളിക്കാന്‍ സമയം കണ്ടിരുന്നു. ചോദിച്ചപ്പോള്‍ പറഞ്ഞു “ഞാന്‍ മുഷിഞ്ഞതിട്ടു നടക്കുന്നതു അനന്തനു ഇഷ്ടാവൂല്ല” ഇറങ്ങേണ്ട സമയമടുത്തപ്പോള്‍ ചെറിയ വിഷമം. ഇത്തിരി നേരത്തെ ബന്ധങ്ങളാണെങ്കിലും വേര്‍പിരിയല്‍ വേദന തന്നെ.
`
അവിടെ എത്തിയപ്പോള്‍ സ്റ്റോപ്പിലും ട്രാവല്‍ ഓഫിസിലുമൊക്കെ അമ്മയുടെ കണ്ണുകള്‍ മകനെ തിരഞ്ഞു. പിന്നാലെ ഞാനും പ്രകാശനും നോക്കിയെങ്കിലും ആരും വന്നില്ല. “സാരമില്ല ഫോണ്‍ നമ്പര്‍ ഉണ്ടല്ലോ വിളിച്ചു നോക്കാം” ഞാന്‍ പറഞ്ഞു. ഫോണെടുത്തത് വക്കീലിന്റെ ഭാര്യയാണെന്നു തോന്നുന്നു “അമ്മ വന്നിട്ടുണ്ട് സ്റ്റോപ്പിലേക്ക് ആരെങ്കിലും വന്നാല്‍ എന്റെ ഉത്തരവാദിത്തം കഴിയുമായിരുന്നു.” ഞാന്‍ അറിയിച്ചു. അവര്‍ പറഞ്ഞു “ബസ് സ്റ്റോപ്പില്‍ നിന്ന് വീട്ടിലേക്കു വരാനുള്ള വഴിയൊക്കെ അമ്മയ്ക്ക് നന്നായി അറിയാം, അവര്‍ വന്നു കൊള്ളും. അനന്തേട്ടനെ ഉച്ചയുറക്കത്തില്‍ നിന്നും വിളിച്ചാല്‍ നല്ല ദേഷ്യം വരും. നിങ്ങള്‍ പേടിക്കാതെ പൊയ്ക്കോള്ളൂ” അവര്‍ ഫോണ്‍ കട്ട് ചെയ്തു.
റിസീവര്‍ പിടിച്ചു നെറ്റിയില്‍ കൈയും വെച്ച് ഒന്നും മിണ്ടാതെയിരിക്കുന്ന എന്നെ കണ്ട് പ്രകാശന്‍ ചോദിച്ചു. “എന്തു പറ്റി, ആരെങ്കിലും പെട്ടെന്ന് വരില്ലേ? കാര്യം പറഞ്ഞപ്പോള്‍ അവന്‍ ഫോണെടുത്ത് റീഡയല്‍ ചെയ്തു. വീണ്ടും അതേ സ്ത്രീ ശബ്ദം. “നിങ്ങളോട് ഇങ്ങനെ പറയാന്‍ എല്പ്പിച്ചിട്ടാണ് ചേട്ടന്‍ ഉറങ്ങാന്‍ പോയത്”. പിന്നെ “ഇവര്‍ക്കെന്തു പറഞ്ഞാലും മനസ്സിലാവില്ല” എന്ന്‍ ഒരു പുരുഷന്റെ ഉയര്‍ന്ന ശബ്ദവും അടുത്തു നിന്ന ഞാന്‍ വ്യക്തമായി കേട്ടു. പ്രകാശന്‍റെ മുഖം മാറിവരുന്നത് കണ്ട് ഞാന്‍ ചാടിക്കയറി ഫോണ്‍ കട്ട് ചെയ്തു. ഫോണ്‍ ബൂത്തില്‍ നിന്നും പുറത്തിറങ്ങിയപ്പോള്‍ ഒന്നും അടക്കി വെക്കാനറിയാത്ത പ്രകാശന്‍റെ നാവില്‍ നല്ല പൂത്തിരി കത്തി. ഞാന്‍ പറഞ്ഞു “പതുക്കെ, അവര്‍ അടുത്ത് തന്നെയുണ്ട്” മകന്റെ കുറ്റങ്ങളും കുറവുകളും കേള്‍ക്കുന്നത് എതൊരമ്മയ്ക്കും ദുഃഖം തന്നെയായിരിക്കും.
`
അവിടെ എത്തിയപ്പോള്‍ സ്റ്റോപ്പിലും ട്രാവല്‍ ഓഫിസിലുമൊക്കെ അമ്മയുടെ കണ്ണുകള്‍ മകനെ തിരഞ്ഞു. പിന്നാലെ ഞാനും പ്രകാശനും നോക്കിയെങ്കിലും ആരും വന്നില്ല. “സാരമില്ല ഫോണ്‍ നമ്പര്‍ ഉണ്ടല്ലോ വിളിച്ചു നോക്കാം” ഞാന്‍ പറഞ്ഞു. ഫോണെടുത്തത് വക്കീലിന്റെ ഭാര്യയാണെന്നു തോന്നുന്നു “അമ്മ വന്നിട്ടുണ്ട് സ്റ്റോപ്പിലേക്ക് ആരെങ്കിലും വന്നാല്‍ എന്റെ ഉത്തരവാദിത്തം കഴിയുമായിരുന്നു.” ഞാന്‍ അറിയിച്ചു. അവര്‍ പറഞ്ഞു “ബസ് സ്റ്റോപ്പില്‍ നിന്ന് വീട്ടിലേക്കു വരാനുള്ള വഴിയൊക്കെ അമ്മയ്ക്ക് നന്നായി അറിയാം, അവര്‍ വന്നു കൊള്ളും. അനന്തേട്ടനെ ഉച്ചയുറക്കത്തില്‍ നിന്നും വിളിച്ചാല്‍ നല്ല ദേഷ്യം വരും. നിങ്ങള്‍ പേടിക്കാതെ പൊയ്ക്കോള്ളൂ” അവര്‍ ഫോണ്‍ കട്ട് ചെയ്തു.
റിസീവര്‍ പിടിച്ചു നെറ്റിയില്‍ കൈയും വെച്ച് ഒന്നും മിണ്ടാതെയിരിക്കുന്ന എന്നെ കണ്ട് പ്രകാശന്‍ ചോദിച്ചു. “എന്തു പറ്റി, ആരെങ്കിലും പെട്ടെന്ന് വരില്ലേ? കാര്യം പറഞ്ഞപ്പോള്‍ അവന്‍ ഫോണെടുത്ത് റീഡയല്‍ ചെയ്തു. വീണ്ടും അതേ സ്ത്രീ ശബ്ദം. “നിങ്ങളോട് ഇങ്ങനെ പറയാന്‍ എല്പ്പിച്ചിട്ടാണ് ചേട്ടന്‍ ഉറങ്ങാന്‍ പോയത്”. പിന്നെ “ഇവര്‍ക്കെന്തു പറഞ്ഞാലും മനസ്സിലാവില്ല” എന്ന്‍ ഒരു പുരുഷന്റെ ഉയര്‍ന്ന ശബ്ദവും അടുത്തു നിന്ന ഞാന്‍ വ്യക്തമായി കേട്ടു. പ്രകാശന്‍റെ മുഖം മാറിവരുന്നത് കണ്ട് ഞാന്‍ ചാടിക്കയറി ഫോണ്‍ കട്ട് ചെയ്തു. ഫോണ്‍ ബൂത്തില്‍ നിന്നും പുറത്തിറങ്ങിയപ്പോള്‍ ഒന്നും അടക്കി വെക്കാനറിയാത്ത പ്രകാശന്‍റെ നാവില്‍ നല്ല പൂത്തിരി കത്തി. ഞാന്‍ പറഞ്ഞു “പതുക്കെ, അവര്‍ അടുത്ത് തന്നെയുണ്ട്” മകന്റെ കുറ്റങ്ങളും കുറവുകളും കേള്‍ക്കുന്നത് എതൊരമ്മയ്ക്കും ദുഃഖം തന്നെയായിരിക്കും.
റോഡിന്റെ ഓരത്ത് എടുക്കാനാളില്ലാത്ത അവസാന ഉരുപ്പടി പോലെ അവര്‍ നില്‍ക്കുന്നു. കുളി കഴിഞ്ഞിരുന്നെങ്കിലും മുഖത്ത് യാത്രാക്ഷീണവും പിന്നെ ആരും വരാത്തതിന്‍റെയാവാം ഒരു വല്ലായ്മയും. അവര്‍ക്ക് എല്ലാം മനസ്സിലായെന്നു തോന്നി എനിക്ക് തോന്നി. “വീട്ടില്‍ ആരും ഫോണെടുക്കുന്നില്ലല്ലോ” പെട്ടെന്ന് മനസ്സില്‍ തോന്നിയ വാചകം. “സാരമില്ല മോനെ, കനാലിന്റെ സൈഡില്‍ കൂടി നടന്നാല്‍ പത്തു മിനിറ്റുകൊണ്ടു വീടെത്തും, നിങ്ങള്‍ പൊയ്ക്കോള്ളൂ”. അതു ശരിയല്ലെന്ന ഭാവത്തില്‍ ഞാന്‍ പ്രകാശനെ നോക്കി. ഉടന്‍ അവന്‍ സ്റ്റോപ്പില്‍ നിന്ന് ഒരു ഓട്ടോ വിളിച്ചു. പൈസയെടുക്കാന്‍ വേണ്ടി ഞാന്‍ പോക്കറ്റില്‍ കൈയിട്ടപ്പോള്‍ അവന്‍ പറഞ്ഞു. “അതൊന്നും വേണ്ട ചേട്ടാ, നിങ്ങള്‍ ധൈര്യമായി പൊയ്ക്കോള്ളൂ. ഇവരെ വീട്ടിലെത്തിക്കലാണ് എന്റെ ആദ്യത്തെ ജോലി.”
ബസ്സില്‍ കയറുമ്പോള്‍ ഭക്ഷണത്തിന്റെ കാര്യം ഓര്‍മ്മ വന്നെങ്കിലും വിശപ്പുകെട്ടുപോയിരുന്നു. ഇനി എന്തെങ്കിലും കഴിക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല. ബസ്സ് പോയിട്ടു പോകാമെന്ന് കരുതിയാവണം ഓട്ടോ അവിടെ തന്നെ നില്‍ക്കുന്നുണ്ട്. അതിനടുത്തു തന്നെ ഉണ്ടായിരുന്ന പ്രകാശനെ കുറച്ചു നേരം ഞാന്‍ കണ്ടില്ല. പിന്നെ ബസ് സ്റ്റാര്‍ട്ട് ചെയ്യുമ്പോഴേക്കും അവന്‍ ജനലിനടുത്ത് പ്രത്യക്ഷപ്പെട്ടു. “കുറച്ചു പഴവും ഓറഞ്ചുമൊക്കെയാണ്, നിങ്ങള്‍ ഒന്നും കഴിച്ചില്ലല്ലോ?” എന്ന് പറഞ്ഞു കൈയിലുള്ള പ്ലാസ്റ്റിക്ക് സഞ്ചിയും ഒരു മിനറല്‍ വാട്ടറും അവന്‍ എന്റെ കൈയില്‍ പിടിപ്പിച്ചു. ഇതിന്റെ കാശ് എന്തായാലും നീ വാങ്ങണം എന്ന് പറയുമ്പോഴേക്കും അവന്‍ നടന്നു കഴിഞ്ഞിരുന്നു. ഇടയില്‍ അവന്‍ വിളിച്ചു പറഞ്ഞു “നമ്മള്‍ ഇനിയും കാണേണ്ടവരല്ലേ മാഷേ, അപ്പോള്‍ പറയാം ബാക്കി.കണക്കുകളെല്ലാം തീർക്കേണ്ട !”
ഈ യാത്രയില്‍ അമ്മയെയും വക്കീലിനെയും മാത്രമല്ല ഇവനെയും എനിക്കു മനസ്സിലാവുന്നില്ലല്ലോ!
. . . . . . . . .
തലശ്ശേരി സ്റ്റാന്‍ഡില്‍ എത്തിയപ്പോഴേക്കും സന്ധ്യയാകാറായി. ഒരു മൂലയില്‍ എന്റെ ഗ്രാമത്തിലേക്കുള്ള ബസ്സ് കണ്ടപ്പോള്‍ യാത്രാ ക്ഷീണമെല്ലാം മറന്നു. അര മണിക്കൂര്‍ കഴിഞ്ഞേ ബസ്സ് പുറപ്പെടുകയുള്ളൂ. അവസാനത്തെ ട്രിപ്പ് ആയതിനാലാവാം നാലഞ്ചുപേര്‍ ഇപ്പഴേ കയറി ഇരിപ്പുറപ്പിച്ചിട്ടുണ്ട്. ബസ്സില്‍ കയറുമ്പോഴേക്കും അമ്മയുടെ ഫോണ്‍ വന്ന്. പതിവ് പരാതികള്‍ തന്നെ, “നീയെന്താ മൂന്നാലു ദിവസായി വിളിക്കാത്തത്, എനിക്കു ഫോണ്‍ ചെയ്യാനൊന്നും ശരിക്കറിയില്ലെന്ന് നിന്നോടു എത്ര തവണയാ വിസ്തരിക്കേണ്ടത്, ഇത് തന്നെ അപ്പുറത്തെ വീടിലെ പയ്യനെക്കൊണ്ട് ഡയല്‍ ചെയ്യിച്ചതാ.”
ഈ യാത്രയില്‍ അമ്മയെയും വക്കീലിനെയും മാത്രമല്ല ഇവനെയും എനിക്കു മനസ്സിലാവുന്നില്ലല്ലോ!
. . . . . . . . .
തലശ്ശേരി സ്റ്റാന്‍ഡില്‍ എത്തിയപ്പോഴേക്കും സന്ധ്യയാകാറായി. ഒരു മൂലയില്‍ എന്റെ ഗ്രാമത്തിലേക്കുള്ള ബസ്സ് കണ്ടപ്പോള്‍ യാത്രാ ക്ഷീണമെല്ലാം മറന്നു. അര മണിക്കൂര്‍ കഴിഞ്ഞേ ബസ്സ് പുറപ്പെടുകയുള്ളൂ. അവസാനത്തെ ട്രിപ്പ് ആയതിനാലാവാം നാലഞ്ചുപേര്‍ ഇപ്പഴേ കയറി ഇരിപ്പുറപ്പിച്ചിട്ടുണ്ട്. ബസ്സില്‍ കയറുമ്പോഴേക്കും അമ്മയുടെ ഫോണ്‍ വന്ന്. പതിവ് പരാതികള്‍ തന്നെ, “നീയെന്താ മൂന്നാലു ദിവസായി വിളിക്കാത്തത്, എനിക്കു ഫോണ്‍ ചെയ്യാനൊന്നും ശരിക്കറിയില്ലെന്ന് നിന്നോടു എത്ര തവണയാ വിസ്തരിക്കേണ്ടത്, ഇത് തന്നെ അപ്പുറത്തെ വീടിലെ പയ്യനെക്കൊണ്ട് ഡയല്‍ ചെയ്യിച്ചതാ.”
“അമ്മ ഫോണ്‍ വച്ചോ , ഇനി ഒന്നര മണിക്കൂര്‍ കൊണ്ട് ഞാന്‍ വീടെത്തും, ഓണം കഴിയുന്നത് വരെ ലീവ് ഉണ്ട്.”
അമ്മയുടെ മുഖത്തെ സന്തോഷം ഞാന്‍ മനസ്സില്‍ കണ്ടു. എങ്കിലും ഫോണില്‍ പരിഭവം “അപ്പോള്‍ നീ തലശ്ശേരി എത്തി അല്ലെ? നിനക്ക് നേരത്തെ വിളിച്ചു പറഞ്ഞാലെന്താ? ഇവിടെ ഒന്നു മണക്കാന്‍ കൂടി ഇന്ന് മീന്‍ കിട്ടിയിട്ടില്ല. സാരമില്ല, ഞാന്‍ അച്ഛനോട് ഉണക്കമീനെന്തെങ്കിലും വാങ്ങാന്‍ പറയാം.”
അമ്മ ഇപ്പോഴും അങ്ങിനെയാണ് സന്തോഷവും സങ്കടവും തുടങ്ങി എന്തും പ്രകടിപ്പിക്കാനും മറച്ചുവയ്ക്കാനും ഭക്ഷണത്തെ കൂട്ട് പിടിക്കും. അവധിക്കു വരുമ്പോള്‍ ഇഷ്ടമുള്ള ഭക്ഷണങ്ങള്‍ ഉണ്ടാക്കിത്തന്നു സന്തോഷം കാട്ടും. തിരിച്ചു പോകുന്ന ദിവസം രാവിലെ മുതല്‍ അടുക്കളയില്‍ നിന്നിറങ്ങില്ല. എന്തൊക്കെയോ ഉണ്ടാക്കുന്ന തിരക്കഭിനയിച്ചു, അതു ശരിയായില്ല, ഇത് കിട്ടിയില്ല എന്നാ പരാതികളില്‍ മകനെ യാത്രയാക്കുന്ന ദുഃഖം ഒളിക്കും. ഉറങ്ങാന്‍ നേരത്ത് ഒരു മൂലയില്‍ കണ്ണുകള്‍ നിറച്ചിരിക്കുന്ന അമ്മയെ കണ്ടില്ലെന്നു ഞാനും നടിക്കും.
ഇനിയും ഞാന്‍ വളര്‍ന്നു വലുതായാല്‍ അനന്തന്‍ വക്കീലിനെപ്പോലെ ഉച്ചയുറക്കം നഷ്ടപ്പെടുത്തി അമ്മയെ കാത്തിരിക്കാന്‍ മടിയുള്ള ഒരാളായി മാറുമോ? ഏയ് ഇല്ല. ചില കാര്യങ്ങള്‍ അങ്ങിനെ മാറാതെ തന്നെയിരിക്കട്ടെ.
ചെറുതായി വീശുന്ന കാറ്റില്‍ ഏതൊക്കെയോ നാട്ടുപൂക്കളുടെ ഗന്ധം. പുറത്ത് പകല്‍ വെളിച്ചം ഏറെക്കുറെ ഇല്ലാതായിരിക്കുന്നു. തെളിഞ്ഞ ആകാശത്തില്‍ അങ്ങിങ്ങു നക്ഷത്രങ്ങള്‍ പൂവിട്ടുതുടങ്ങി. വീട്ടില്‍ നിന്നുള്ള ഫോണ്‍ വിളിയും വഴിയില്‍ ഇറക്കിവിട്ട ആ അമ്മയെ കുറിച്ചുള്ള ഓര്‍മ്മകളും മറ്റും കൊണ്ടാവണം ആകാശത്തുനിന്നൊഴിഞ്ഞുപോയ കര്‍ക്കിടകം എന്റെ കണ്ണില്‍ പെയ്തിറങ്ങിയത്. ബസ്സില്‍ നിറയെ പരിചയക്കാരുണ്ടാവും. അവര്‍ കാണാതിരിക്കാന്‍ നിറമിഴികള്‍ ഇറുക്കിയടച്ച് ഞാന്‍ സീറ്റിലേക്കു ചാരിക്കിടന്നു. അച്ഛന്‍ ഇപ്പോള്‍ തന്നെ ടോര്‍ച്ചുമെടുത്ത് ബസ്സ് സ്റ്റോപ്പില്‍ ഹാജരയിട്ടുണ്ടാവും. തല്ക്കാലം ഒരു മണിക്കൂര്‍ കൂടി കഴിഞ്ഞാല്‍ ഈ യാത്രയും തീരും. അതുവരെ ഒന്നു മയങ്ങാം. സ്കൂളില്‍ കൂടെ പഠിച്ച കൂട്ടുകാരനാണ് കണ്ടക്ടര്‍. സ്റ്റോപ്പ് എത്തിയാല്‍ അവന്‍ വിളിച്ചുണര്‍ത്തികൊള്ളും........
കഥ ജിതേഷ് പൊയിലൂർ

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക