Slider

തീ പൊരി പിണക്കം

0
തീ പൊരി പിണക്കം
ഞാനും കെട്ടിയോളും കൂടെ ഒരു ഷോപ്പിങിനു ടൌണിൽ പോയി ഷോപ്പിങ് കഴിഞ്ഞപ്പോൾ അവൾക്കൊരു പൂതി ബിരിയാണിയൊന്നു കഴിക്കണമെന്ന് തൊട്ടടുത്ത് കണ്ട ഹോട്ടലിൽ കയറി നല്ലൊരു തലശ്ശേരി മട്ടൻ ബിരിയാണി ഓർഡർ ചെയ്തു
ബിരിയാണി ടേബിളിലെത്തിയതും ഞാനും ഭാര്യയും മുഖത്തോട് മുഖം നോക്കി വെട്ടി വിഴുങ്ങാൻ തുടങ്ങി ആ നേരത്താണ് അവൾ പറഞ്ഞത് '' അപ്പൊ നിങ്ങൾക്ക് കുറ്റമൊന്നും പറയാതെ കഴിക്കാനൊക്കൊ അറിയാം അല്ലേ എന്ന്
അവളുടെ ആക്കിയ ചോദ്യം കേട്ട് തൊട്ടടുത്ത് കിടന്ന മട്ടനിൽ ഒരു പിടി പിടിച്ചവളെ ഞാൻ നോക്കി...
ഭക്ഷണത്തിലെ യുദ്ധം കഴിഞ്ഞ് ഞാനവളുമായി പുറത്തിറങ്ങും നേരത്താണ്
മുന്പൊന്നു പ്രണയിച്ചവൾ ഒരു ചിരി കിലുക്കി കൊണ്ടതിലേ വരുന്നത് ഞാൻ കണ്ടത്
അവളെ കണ്ടതും ഞാൻ ഭാര്യയുടെ അടുത്തേക്ക് ചേര്‍ന്ന് നിന്ന് കണ്ടില്ലെന്ന മട്ടിൽ പിറകോട്ട് തിരിഞ്ഞു നിന്നു
അത് കണ്ട് ഭാര്യ എന്നെ അന്തംവിട്ട് നോക്കി
ആ നേരത്താണവൾ അടുത്തു വന്നു ചോദിച്ചത് "" എന്താ അറിയോ എന്ന്"" അവളുടെ ചോദ്യം കേട്ടപ്പോഴെ ഭാര്യ അവളുടെ ഉണ്ടക്കണ്ണുകൾ കൊണ്ടെന്നെ തുറിച്ചൊന്നു നോക്കി
അവളുടെ അസ്ഥാന ചോദ്യം കേട്ട് ഞാൻ ഒന്നു പരുങ്ങി മറുപടി പറഞ്ഞു '' പിന്നെ അറിയാതെ ഇപ്പോ എവിടെയാണ് "" എന്ന് ചോദിച്ചു
അവൾ പറഞ്ഞു '' ഞാൻ ഇപ്പോ ഹസ്സിന്റെ കൂടെ ദുബായിയിലാണ് എന്ന്
ഞാൻ വീണ്ടും വദന പുഞ്ചിരി വിടർത്തി ചോദിച്ചു '' സുഖമല്ലേ 'എന്ന്
അവൾ ലംകൃത പുഞ്ചിരിയിൽ മറുപടി പറഞ്ഞു' സുഖം എന്ന്
ഇതിനിടയിൽ ഭാര്യ എന്നെ വെച്ചിട്ടുണ്ട് എന്ന മട്ടിൽ നോക്കുന്നുണ്ടായിരിന്നു
ഞാൻ വേഗം ഭാര്യയെ അടുത്തേക്കു ചേർത്ത് നിർത്തി പറഞ്ഞു' ഇതെന്റെ ഭാര്യയാണ് എന്ന്
അവൾ സന്തോഷത്തോടെ അവളോട് പേര് ചോദിച്ചു' വിശേഷം ചോദിച്ചു' എങ്ങനെ പോകുന്നു എന്ന് ചോദിച്ചു' അവസാനം ആളെ ഒന്നു സൂക്ഷിച്ചോളണം കെട്ടോ എന്നൊരു തീ പൊരിയും ഭാര്യയുടെ ഉള്ളിലേക്കെറിഞ്ഞു കൊടുത്താണ് അവൾ അടി വെച്ച് നടന്നു പോയത്
ഒരു ചവിട്ടു വെച്ച് കൊടുക്കാനന്നേരം തോന്നിയതാണ്....
സീനാകെ മാറി മാറിഞ്ഞു പിന്നെ അതുവരെ ഇല്ലാത്ത മുഖഭാവത്തിലാണെന്റെ ഭാര്യ കൂടെ നടന്നു വന്നത് ഇടക്ക് സാരിയുടെ തുമ്പു പിടിച്ചു ഞെരിച്ചെന്നോടുള്ള ദേഷ്യം അവൾ കാണിക്കുന്നത് ഞാൻ കണ്ടിരുന്നു....
വണ്ടിയിൽ കയറിയതും അവൾ വാ തുറന്നു അവളേതാ?? എന്ന ചോദ്യവുമായി
ഞാൻ എന്തു പറയണമെന്നാലോചിച്ചു പിന്നീട് സത്യം തന്നെ പറയാം എന്ന് കരുതി ഇല്ലേളവൾ അതും ഇതും ചോദിച്ചെന്നെ കുടുക്കും പിന്നെ ഞാൻ പെടാപ്പാട് പെടുമെന്നറിഞ്ഞ് പറഞ്ഞു
'' ഞാൻ മുമ്പ് ഒന്നു വലയെറിഞ്ഞവളാടി പക്ഷേ അവൾ വലയിലൊതുങ്ങിയില്ല കല്യാണത്തിന് കണ്ടതാ പിന്നെ ഇപ്പോഴാണ് കാണുന്നത് എന്ന്..
അവളുടെ മുഖം പൂര പറമ്പിലെ മത്തങ്ങ ബലൂൺ പോലെ വീർത്തു വന്നു...
അന്നേരം തന്നെ ഞാൻ കരുതിയിരുന്നു ഇനി രക്ഷയില്ല എന്ന്..
ഞാൻ വണ്ടി എടുക്കാൻ നേരം അവളോട് ചോദിച്ചു '' ഇനി വല്ലതും വാങ്ങാനുണ്ടോ എന്ന് '' 'ഇല്ല എന്നൊരു അലർച്ചയോടെ എന്നെ നോക്കിയവൾ പല്ലു ഞെരിച്ചു
പിന്നെ അന്നുവരെ എന്നോട് ചിരിച്ച സകല പെണ്ണുങ്ങളുടേയും ലിസ്റ്റവൾ നിരത്തി പറഞ്ഞു ദുഷ്ടനാണ് നിങ്ങളെന്ന്
ഈ നേരത്ത് ഞാൻ ഒന്നു പറഞ്ഞാൽ അവൾ പത്ത് പറയും എന്ന് മനസ്സിലാക്കി ഞാൻ മൗനത്തിലിരുന്നു
അവൾ ഇടിച്ചു കുത്തി പെയ്തു കൊണ്ടേയിരിന്നു
കമാ എന്നൊരക്ഷരം മിണ്ടാതെ ഞാനും ഇരിന്നു...
വീടെത്തി ഞാനവളുടെ കെട്ടിയോനാണെന്ന വില പോലും തരാതെ മുഖം കൊണ്ട് ഒരാട്ടും തന്ന് അവൾ അകത്തേക്ക് കയറി പോയി
വീട്ടിലിരിന്നു വൈകിട്ടത്തെ പതിവ് ചായയില്ല ചിരിയില്ല പരാതിയില്ല ബഹളമില്ല
ഇനി രണ്ടു ദിവസത്തേക്ക് അവളുടെ സഹായം പ്രതീക്ഷിക്കുകയും വേണ്ടെന്നെനിക്ക് മനസ്സിലായി വാശിയുടെ കാര്യത്തിൽ അവളൊട്ടും മോശമല്ല
പണ്ടിത് പോലെരു ദിവസം എന്തിനോ ഒന്നു പിണങ്ങിയപ്പോൾ പിണക്കം തീർക്കാൻ ഞാൻ ഒന്നു കെട്ടിപിടിച്ചതാ അന്ന് കൈ മുട്ട് വെച്ച് എന്റെ മൂക്കിനിട്ട് കുത്തിയവളാ പിണക്കം അതോടെ മാറിയെങ്കിലും വേദന ഇന്നും പോയിട്ടില്ല അതൊക്കെ ഒന്നോർത്ത് എരിപിളി കൊണ്ടു
നേരം പാതി രാത്രി ആയി ചോറില്ല സാമ്പാറില്ല അവൾ റൂമിന് പുറത്തേക്കും വന്നില്ല
വിശന്നു പണ്ടാരമടങ്ങിയപ്പോൾ ഞാൻ അടുക്കള വരെ ഒന്ന് പോയി നോക്കി അവളുടെ സ്വഭാവം പോലെ ഒന്നുമല്ലല്ലോ അടുക്കള എന്ന് തോന്നിപ്പോയി '' നല്ല അടുക്കും ചിട്ടയും കാണാനുണ്ട് അടുക്കളയിൽ.
ഞാൻ ചോറിൻ കലം തുറന്നു നോക്കി കാലിക്കലമെന്നെ നോക്കി ഇളിച്ചു
കുറച്ചു നേരത്തെ നോക്കിയിരുന്നേൽ പുറത്ത് പോയി വല്ലതും കഴിക്കാമായിരുന്നെന്ന് തോന്നി
പിന്നെ കുറച്ചു വെള്ളം കുടിച്ച് റൂമിലേക്ക് കയറി ചെന്നു ഉടനെയവൾ ഇങ്ങനെ ഒരു പ്രണയം ഉള്ളത് മുമ്പെന്നോട് പറഞ്ഞില്ലെന്നും പറഞ്ഞ് എന്നെ തള്ളി റൂമിന് പുറത്താക്കി അവൾ കതകടച്ച് ലോക്കിട്ടു കളഞ്ഞു.
ഇനി രക്ഷയില്ലെന്നറിഞ്ഞ ഞാൻ ഒരു അളിഞ്ഞ ചിരിയോടെ ഹാളിലേക്ക് നടന്നു ടിവി ഓണാക്കി സോഫയിലിരുന്നു വിശന്നു കുടലു ചീത്ത വിളിക്കുന്നത് കൊണ്ട് ഇരിപ്പുറച്ചില്ല വീണ്ടും അടുക്കളയിൽ പോയി നോക്കി സകല ഇടവും അരിച്ചു പെറുക്കി അവസാനം ഭരണിയിലിട്ട് വെച്ച ഒരു പിടി മിച്ചർ കിട്ടി വേഗം ഒരു കട്ടനുണ്ടാക്കി ഹാളിലേക്ക് നടന്നു
ടി വി നല്ല ശബ്ദത്തിൽ വെച്ച് ഫുട്‌ബോൾ കളി കണ്ടു കൊണ്ടിരിന്നു ഇടക്കിടെ മിച്ചറും കട്ടനും സേവിച്ചു കൊണ്ടിരിന്നു
ടിവിയിലെ ശബ്ദമാണോ? ഞാനും ഭാര്യയും അടി കൂടുകയാണോ? എന്നറിയാൻ അയൽക്കാർ ജനാല തുറന്നു നോക്കുന്നത് ഞാൻ കണ്ടിരുന്നു ഞാൻ അതൊന്നും കണ്ടില്ലെന്ന് നടിച്ച് ശബ്ദം ഒന്നു കുറച്ചു
കുറച്ചു കഴിഞ്ഞപ്പോൾ ഭാര്യ കതകിന്റെ ലോക്ക് തുറക്കുന്ന ശബ്ദം ഞാൻ കേട്ടു 'ഇണക്കത്തിന്റെ ഒന്നാം ഘട്ടമാണതെന്നറിഞ്ഞ ഞാൻ മൈന്റ് ചെയ്തില്ല
കുറച്ചു കഴിഞ്ഞപ്പോൾ അവൾ വാതിൽ തുറന്നിട്ടു ! ഇണക്കത്തിന്റെ രണ്ടാം ഘട്ടത്തിലേക്ക് കടന്നു ഞാൻ അതും മൈന്റ് ചെയ്തില്ല
കുറച്ചു നേരം കൂടി കഴിഞ്ഞപ്പോൾ അവൾ കൊറ്റി തലയിട്ടു നോക്കണ പോലെ പുറത്തേക്ക് തലയിട്ടു നോക്കി! ഇണക്കത്തിന്റെ മൂന്നാം ഘട്ടം അതും ഞാൻ മൈന്റ് ചെയ്തില്ല
കുറച്ചു കഴിഞ്ഞപ്പോൾ അവൾ പുറത്തേക്ക് ഭൂമി കുലുങ്ങുമാറ് നടന്ന് വന്ന് ടിവി ഓഫ് ചെയ്ത് എന്റെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് പറഞ്ഞു '' വെറുതെ അയലത്തു കാരെ കൊണ്ട് പറയിപ്പിക്കാൻ പാതി രാത്രിയിൽ നിങ്ങളുടെ ഒരു ടിവി കാണൽ എന്നും പറഞ്ഞ് അവൾ എന്നെ റൂമിലേക്ക് കൊണ്ട് പോയി തള്ളിയിട്ടു
അവൾ കതകിന്റെ ലോക്കിട്ട് എന്റെ മുഖത്തേക്ക് തന്നെ നോക്കി എനിക്കുമൊരു ലോക്കിട്ട് കൊണ്ടവൾ പറഞ്ഞു കണ്ട പെണ്ണുങ്ങളോട് ഇനി ചിരിക്കാനോ കിളിക്കാനോ നിന്നാൽ ഞാനന്നു പെട്ടിയെടുക്കും നിങ്ങളെയും കൊന്നിട്ട് എന്ന്
ഇതും പറഞ്ഞവൾ കട്ടിലിൽ നിന്നുമെന്നെ തള്ളി താഴെയിട്ടു
എന്റെ മനസ്സപ്പോഴും പറയുന്നുണ്ടായിരിന്നു മുമ്പൊന്നു വലയെറിഞ്ഞെന്ന് വെച്ച് നീ എന്നെ മറിച്ചിടരുത് നീയില്ലെങ്കിൽ പിന്നെ ഞാനുമില്ലെന്ന് നിന്നോളം ആർക്കാണറിയുക പെണ്ണേ...
ഒരു നറു നിലാവ് വന്നെത്തി നോക്കും പോലെ അവൾ വന്നെന്നെ വിളിച്ചുണർത്തുമ്പോൾ ഞാൻ അവളെ ചേര്‍ത്തു പിടിച്ചിരുന്നു അടുത്ത പിണക്കത്തിലേക്കവളെ വിടാതെ...
എ കെ സി അലി
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo