Slider

വിലാപങ്ങൾ

0
വിലാപങ്ങൾ
-----------------------
''മോളെ .. ജാനു... അച്ഛന് തൊണ്ട നനക്കാൻ ചിരി ചായന്റെ വെള്ളം താടി...'' കോരൻ അകത്തേക്ക് നീട്ടിവിളിച്ചു പറഞ്ഞു.
''പഞ്ചാര ഇല്ല്യാ... കുട്ടിയെൾടെ അച്ഛൻ... പൈസ അയച്ചിട്ടില്ല... ഇന്നലെ വിളിച്ചിരുന്നു.. ബോംബലാത്രേ.. പണിയില്ല പോലും.. നാളെ തിന്നാനൊന്നും ഇല്ല.. അപ്പോഴാ ചായ... ഇവിടൊരുത്തി ഗർഭായി നിൽക്കുന്നെന്നു ആ മനുഷ്യന് ഒരു ആധിയും ഇല്ല... അടുത്ത ആഴ്‍ചത്തെ ഡോക്ടറെടുത്ത് എങ്ങനെ പോവും... സ്കാനിങ് ഉണ്ടത്രേ ... പൈസല്യ ... ആരോട് ചോദിക്കും ... അയലക്കത്തോരോട് മുഴുവൻ കടം വാങ്ങി... ഇനി ആരോട് ചോയിക്കും ന്റെ തേവരെ... മനുഷ്യന് മടുത്തു .. ഈ വയ്യാത്തോടത്ത്.. ള്ള പണി യെല്ലാം പേറി ന്റെ നടുവൊടിഞ്ഞു... '' അകത്തു നിന്നുള്ള മരുമകളുടെ ദേഷ്യപെട്ടുള്ള സംസാരം കേട്ടപ്പോൾ കോരൻ നിശബ്ദനായി.
രാവിലെ തുടങ്ങിയതാണ് മഴ. തുലാവർഷം കഴിയാൻ സമയത്താണ് നിർത്താതെ ചാറി പെയ്യുന്ന മഴ. '' പണ്ടത്തെ കാലം മാറി. ഇനി മഴ കാലം തെറ്റി പെയ്യും. മനുഷ്യന്മാര് മരങ്ങൾ എല്ലാം വെട്ടി മുറിച്ചില്ലേ ചായക്കടക്കാരൻ കുഞ്ഞു മൊയ്തീന്റെ ലോക വിവരത്തെ കോരൻ ഓർത്തു.
ഇടയ്ക്കിടെ വരുന്ന തണുപ്പുള്ള പടിഞ്ഞാറൻ കാറ്റ് ഷർട്ടിടാത്ത കോരന്റെ മെലിഞ്ഞുണങ്ങിയ ഉടലിനെ വിറപ്പിച്ചിരുന്നു. കോരൻ കാലുകൾ അടുപ്പിച്ചു ഓല ചുമരിനോട് ചേർന്ന് ഗർഭപാത്രത്തിലെ ശിശുവിനെ പോലെ ഇരുന്നു.
പാടത്തിന്റെ കരയിലുള്ള ഈ വീട്ടിലേക്കു പണ്ടത്തെ മഴയായിരുന്നെങ്കിൽ വെള്ളം കയറിയിരുന്നേനെ കോരൻ ഓർത്തു. അന്നത്തെ മഴകളിൽ, ചീരുവിനെയും മക്കളെയും, വെട്ടിയും, പായയും എടുത്തു മേനോൻ തറയിലുള്ള അമ്മാവന്റെ പുരയിൽ ഒരാഴ്ച നിൽക്കും, പിന്നെ മഴ തോർന്നാൽ വരും. പുരക്കുള്ളിലാണെങ്കിൽ വള്ളിജാതികളും, തെങ്ങിന്റെ അരിപ്പയും, പൂക്കിലകളും, ബാക്കിയായ മഴവെള്ളവും അങ്ങിങ്ങായി കെട്ടികിടപ്പുണ്ടാവും. പിന്നെ വൃത്തിയാക്കി, ഉണങ്ങി ശെരിക്കൊന്നു കിടക്കാനും അടുപ്പിൽ തീ പുകയാനും ആകുമ്പോഴേക്കും രണ്ടു ദിവസം പിടിക്കും. അത് വരെ വെപ്പ് പുറത്താണ്.
കോരൻ അരയിലെ മടിക്കുത്തിൽ നിന്ന് ഇളം നനവ് പടർന്ന കാജാ ബീഡി എടുത്തു ചുണ്ടിൽ വെച്ചു, തീപ്പെട്ടി ഉരസി കത്തിച്ചു ഒന്നാഞ്ഞു വലിച്ചു. പുക അകത്തു ചെന്ന മാത്രയിൽ ചുമയും, കൂടെ കെട്ടിക്കിടന്ന കഫവും ഒരു ഗോലിയുടെ ആകൃതിയിൽ വായിലൂടെ മുറ്റത്തേക്കെറിഞ്ഞു.
കാജാ ബീഡി വലിച്ചു കൂടുമ്പോൾ കോരന്റെ ഉടൽ ചൂടാകുന്നതിനു അനുസരിച്ചു മനസ്സും ചൂട് പിടിക്കാൻ തുടങ്ങി.
ചീരു ഇടയ്ക്കിടെ പറയാറുള്ളതാണ് നമുക്ക് ഈ പുര അങ്ങ് വിറ്റിട്ട് വല്ല കുന്നും പുറത്ത് താമസമാക്കിയാലോ. എല്ലാ വർഷകാലങ്ങളിലും ചീരുവിന്റെ ആവർത്തിച്ചുള്ള ചോദ്യത്തിന് കോരൻ നിശബ്ദത പാലിക്കും.
പല വർഷങ്ങളായി ചോദിയ്ക്കാൻ ചീരു ഇല്ലാതായിട്ട്, ഇപ്പോൾ മരുമകളാണ്, ചോദ്യങ്ങൾക്കു പകരം കുത്ത് വാക്കുകൾ. കോരൻ തോളിലെ തോർത്ത് മുണ്ടു കൊണ്ട് കണ്ണ് തുടച്ചു.
നാരായണൻ നായർ ഇഷ്ടദാനമായി പാടത്തിന്റെ കരയിലുള്ള പത്തു സെൻറ് പുരയിടത്തിനു സ്ഥലം തരുമ്പോൾ തംബ്രാന്റെ മനസ്സിന്റെ പുണ്യത്തെ വാനോളം പുകഴ്ത്തി. സ്വന്തമായി ഒരു സ്ഥലം കിട്ടിയതിലുള്ള ആന്ദവും.
ഇഷ്ടദാനമായി തന്നതിന്റെ രഹസ്യം കാര്യസ്ഥൻ കേളു കള്ളുഷാപ്പിലിരുന്നു കള്ളിന്റെ ലഹരിയിൽ പറഞ്ഞപ്പോഴല്ലേ തേവരെയും, തമ്പാറാനോടും ഈർഷ്യ തോന്നി.
നാരായൺ നായരുടെ മനയിൽ സ്ഥിരം അനിഷ്ടങ്ങൾ നടന്നിരുന്നു. നാരായണൻ നായരുടെ ഭാര്യ കിണറ്റിൻ കരയിൽ ഊരകുത്തി വീണു കിടപ്പിലായതും, മകളുടെ കെട്ട് നടക്കാത്തതും, മകൻ താന്തോന്നിയായതും, കർക്കിടകത്തിലെ മഴക്ക് മരം വീണു മനയുടെ ഒരു ഭാഗം പൊളിഞ്ഞതും.
കൃഷ്ണ കണിയാർ പ്രശനം വെച്ച് പറഞ്ഞു. സർപ്പ ദോഷമത്രെ. നാരായണൻ നായർക്ക് അരവിന്ദൻ മേനോൻ പണം കൊടുക്കാനുണ്ട്. നാരായൺ നായരുടെ സ്ഥിരം ശല്യം സഹിക്കാനാവാതെ മോനോൻ സ്ഥലം എഴുതി കൊടുത്തു. സർപ്പക്കാവുള്ള പറമ്പ്. കൊടുക്കുന്നതിനു മുൻപ് മേനോൻ എന്തോ മന്ത്രവാദം ചെയ്‌തുവച്ചത്രേ...
കണിയാർ വിധിച്ചു പ്രധിവിധി ഒന്നോ ഉള്ളു. ആർകെങ്കിലും ഇഷ്ടദാനമായി കൊടുക്കുക. വിൽക്കാൻ പറ്റില്ല. വിറ്റാലും പ്രശനം മാറില്ല. ആര് വിറ്റാലും അവർക്കും അതുപോലെ തന്നെ.
''മുത്തച്ഛാ..'' ഒറ്റമുണ്ട് ഉടുത്ത് മകന്റെ ആറു വയസ്സുള്ള മകൾ വിളിച്ചപ്പോൾ കോരൻ ചിന്തയിൽ നിന്നുണർന്നു. തന്റെ വിരലുകൾക്കിടയിൽ ഇരുന്ന ബീഡിയുടെ തീ കെട്ടുപോയന്നു കോരൻ ശ്രദ്ധിച്ചു.
''എന്താ... മോളെ...''
''മുത്തച്ഛൻ... നാളെ..നിക്ക് കടല മുട്ടായി വാങ്ങിച്ചേരോ...'' ചിണുങ്ങി കൊണ്ട് അയാളോട് ചോദിച്ചു.
മേൽചുണ്ടിലേക്കു ഒലിച്ചിറങ്ങിയ ചീരാപ്പു കോരൻ വിരൽ കൊണ്ട് പിഴിഞ്ഞു ദൂരേക്ക് കളഞ്ഞു.
''മുത്തച്ഛൻ കൊണ്ട് വരാട്ടോ...'' കുട്ടി സന്തോഷം കൊണ്ട് തുള്ളി ചാടി.
''ഓഹ് ... നിന്റെ മുത്തച്ഛൻ കൊണ്ടരും.. കാത്തിരുന്നോ.. കേറിവാടി അകത്തേക്ക് അവളുടെ ഒരു കൊഞ്ചൽ...'' അകത്തു നിന്ന് മരുമകൾ കലി തുള്ളി പറഞ്ഞു.
അടുത്തു ഉണ്ടായിട്ടും പേരക്കുട്ടിയെ താലോലിക്കാൻ കഴിയാനാവാതെ പോകുന്നതിൽ കോരന് വ്യസനം തോന്നി. ദൈവം കടങ്ങൾ തിരിച്ചു തരുകയാണെന്നും തിരുത്താൻ പാറ്റാത്ത അവസ്ഥയിൽ എത്തിക്കുക്കയാണെന്നും കോരൻ ചിന്തിച്ചു.
മരുമകൾ കൊണ്ടുവന്ന കഞ്ഞിയും പപ്പടം ചുട്ടതും ചേർത്ത് കഴിക്കുമ്പോൾ 'ഇന്നു തിന്നോ... നാളെ പച്ചവെള്ളം കുടിക്കാം' എന്ന മരുമകളുടെ കുറ്റപ്പെടുത്തി കൊണ്ടുള്ള ഓരോ വാക്കുകളും കഞ്ഞിക്കൊപ്പം ഇടക്കിടക്ക് കോരന്റെ തൊണ്ടയിൽ കുരുങ്ങി വീർപ്പു മുട്ടി.
കോരൻ തന്റെ ഉടലിനെ ഉഴിഞ്ഞു നോക്കി. മെലിഞ്ഞു ഉണങ്ങിയതെങ്കിലും എല്ലുകൾ പുറമെ കാണാത്ത മസിലുകൾ നിറഞ്ഞ ഉടൽ. ഒട്ടിയ വയർ. ചെറുപ്പകാലത്തുണ്ടായിരുന്ന ഉടലിൽ ആട്ടം തുടങ്ങിയതായി കോരൻ നിരീക്ഷിച്ചു.
'ഇതെന്താ ഇരുമ്പു പോലുണ്ട് എവിടെ തൊട്ടാലും..'ഇരുട്ടിലൂടെ തന്റെ ഉടലിലേക്കു ഇഴഞ്ഞു കയറിയിരുന്ന ചീരുവിന്റെ വാക്കുകളെ കോരൻ ഓർത്തപ്പോൾ ചുണ്ടിൽ ചിരി പടർന്നു.
കാജാ ബീഡികൾ പുകച്ച്, ചുമച്ച് കോരൻ രാവിന്റെ ഏതോ അന്ത്യയാമത്തിൽ ഉറങ്ങി.
ഉറക്കത്തിൽ അയാൾ ചീരുവിനെ സ്വപ്നം കണ്ടു. കുടിലിന്റെ ഇറയത്ത്‌ കിടക്കുന്ന അയാളുടെ അരികിൽ ചീരു വന്നു കുലുക്കി വിളിച്ചു. കല്യാണം കഴിച്ചു കൊണ്ട് വരുമ്പോഴുള്ള അതെ പ്രായവും, വസ്ത്രങ്ങളുമായിരുന്നു ചീരു ധരിച്ചിരുന്നത്. ഒരു മാലാഘയെ പോലെ. അവൾക്കു ചുറ്റിലും പുകയുണ്ടായിരുന്നു. പുഞ്ചിരിച്ചു കൊണ്ട് അവൾ കോരന് നേരെ കൈകൾ നീട്ടി. കോരൻ ഒരേ സമയം അവളുടെ കൈകൾ എത്തിപ്പിടിക്കാൻ ശ്രമിച്ചു കൊണ്ട് എഴുന്നേറ്റതും പിടികിട്ടാതെ മറിഞ്ഞു വീണു. കണ്ണ് തുറന്നു നോക്കുമ്പോഴാണ് താൻ മഴ നനഞ്ഞ മുറ്റത്താണ് കിടക്കുന്നതും, കണ്ടത് മുഴുവൻ സ്വപനമാണെന്നു കോരന് മനസ്സിലായി എന്നാൽ അതെ സമയം പള്ളിയിലെ ബാങ്ക് വിളിയും താൻ ഉണരുന്നതും ഒരേ സമയത്താണെന്നു കോരൻ ശ്രദ്ധിച്ചു. കോരൻ തന്നോട് തന്നെ ചോദിച്ചു. പുലർച്ച സ്വപനം ഫലിക്കുമോ...?
ഈ നാട്ടിലെ തന്നെ പരിചിതനല്ലാത്ത തെങ്ങുകളോ, മരങ്ങളോ ഉണ്ടായിരിക്കില്ലന്നും അവകൾ തന്നെ ചതിക്കില്ലന്നും കോരന് ഉറപ്പുണ്ടായിരുന്നു. തുരുമ്പെടുക്കാൻ പോകുന്ന വെട്ടുകത്തി അയാൾ കല്ലിലിട്ടു മൂർച്ച കൂട്ടി. മൂർച്ച നോക്കാൻ ഉയർത്തി പിടിച്ചപ്പോൾ മഴ പോയ മാനത്ത് നിന്ന് വെയിലിന്റെ രശ്മികളാൽ വെട്ടുകത്തി വെട്ടി തിളങ്ങി.
''എന്താ കോരാ...'' മുടിയും താടിയും വെള്ളപടർന്ന ഉമ്മറത്തെ ചാരു കസേരയിൽ കിടന്നു ഹാജിയാർ ചോദിക്കുമ്പോൾ വായിലെ മുറുക്കാൻ ചുണ്ടിന്റെ കോണിലൂടെ ഒലിച്ചിറങ്ങി താടിയിലേക്കു നനഞ്ഞു. തോർത്ത് മുണ്ടു കൊണ്ട് ചിറി തുടച്ചു ഹാജിയാർ മുറുക്കാൻ ചണ്ടി മുറ്റത്തേക്കു കാറി തുപ്പി.
''രണ്ടീസം മുന്നേ മരത്തിന്റെ ഇല കൊയ്യാൻ ആളെ വേണന്നു പറഞ്ഞിരുന്നു... ഞാൻ വെട്ടാം...''
''അന്ന കൊണ്ട് കയ്യോ... മരത്തിമ്മേ കേറാൻ...ഇജ്ജ് ആൾക്ക് പണി ണ്ടാക്കോ കോരാ...'' ഹാജിയാർ പൊട്ടിച്ചിരിച്ചു കൂടെ തടിച്ച ഉടലും കസേരയിൽ കിടന്നു കുലുങ്ങി.
''ക്ക്... കയ്യും ഹാജിയാരെ..'' കോരൻ ഉറപ്പിച്ചു പറഞ്ഞു.
''ഉം... തെക്കേ പുറത്തുള്ള അയ്‌നിയാ...ചെല്ല്''
"ഇക്കും കാണണം മരം വെട്ടുന്നത്... " ഹാജിയാരുടെ ആറു വയസ്സുള്ള പേരക്കുട്ടി കോരന്റെ കൂടെ കൂടി. ഹാജിയാരുടെ വിലക്കുകളെ കുട്ടി അവഗണിച്ചു.
അവൻ ചോദ്യങ്ങൾ ചോദിക്കുമ്പോൾ ഉത്തരം പറയാൻ കോരന് ആവേശമായിരുന്നു. മനസ്സ് വാത്സല്യം തുളുമ്പുന്ന ഒരു ആർത്തി.
കോരൻ നനഞ്ഞു കുതിർന്ന മരത്തെ തെട്ടു വന്ദിച്ചു. വെട്ടു കത്തി കൈകളിൽ മുറുകെ പിടിച്ചു കാലിൽ താളപ്പിട്ടു മരത്തിലേക്ക് കയറി.
"നോക്കുട്ടാ.... " കുട്ടിയുടെ മുന്നറിയിപ്പിനെ കോരൻ അവഗണിച്ചു ചിരിച്ചു.
ഓരോ ചില്ലിയും, കൊമ്പുകളും വെട്ടി വീഴ്ത്തുമ്പോൾ കോരന് ആവേശമായി. തനിക്കു വയസ്സായില്ലന്നും, താനിപ്പോൾ ചെറുപ്പമാണെന്നും കോരന് തോന്നി.
മരത്തിന്റെ ഏറ്റവും തുഞ്ചത്തിൽ കോരൻ തന്റെ ഗ്രാമത്തെ മുഴുവൻ കണ്ടു.
ഒരു കൊമ്പിൽ നിന്ന് അടുത്ത കൊമ്പിലേക്കു ചാടി ചാടി വെട്ടുമ്പോൾ ഒരു വെള്ളി വെളിച്ചം പോലെ ചീരു പൊട്ടി വിടർന്നു കോരന് മുന്നിൽ. ഒറ്റക്കാലിൽ നിന്ന് കോരൻ ചീരുവിനെ നോക്കി ചിരിച്ചു. ചീരു മാലാഘയെ പോലെ.
"എന്താ കോരേട്ടാ... ആരേ നോക്കി ചിരിക്കൂന്നേ... " ഹാജിയാരുടെ പേരക്കുട്ടിയുടെ വാക്കുകൾ അയാളുടെ ചെവികളിൽ എത്തിയില്ല.
ചീരു കോരന് നേരെ കൈ നീട്ടി വിളിച്ചു. ചീരുവിന്റെ കൈകളെ പിടിക്കാൻ കാലൊന്നു ശെരിയാക്കി വെക്കാൻ തുനിഞ്ഞപ്പോൾ കോരന്റെ കാൽ തെന്നി വീഴാൻ തുനിഞ്ഞപ്പോൾ ചീരു അയാളുടെ കൈകളെ പിടിക്കാൻ ശ്രമിച്ചു. എന്നാൽ ചീരുവിന്റെ കൈകളിൽ പിടി കൊടുക്കുവാനാകാതെ അയാളുടെ ശരീരം മരക്കൊമ്പുകളിലൂടെ തട്ടി തട്ടി മണ്ണിലേക്ക് പതിച്ചു.
കിടന്ന കിടപ്പിൽ കോരൻ കണ്ടു ചീരു ഒരു ചിത്രശലപ്പമായി പറന്നു അയാളുടെ അരികിൽ വന്നു. പുഞ്ചിരിച്ചു കൊണ്ട് അവൾ കോരനു നേരെ കൈകൾ നീട്ടി. കോരൻ അവളുടെ കൈകളെ മുറുകെ പിടിച്ചു. അവൾ കോരനെ പിടിച്ചു ഉയർത്തി.
ഹാജിയാരുടെ പേരക്കുട്ടി കോരന്റെ അരികിൽ വന്നു വിളിച്ചു. തൊട്ടു വിളിച്ചു. കോരൻ വിളി കേട്ടില്ല.
കോരന്റെ കണ്ണുകൾ തുറന്ന് പിടിച്ചു കിടന്നു, കണ്ണുകൾ ആകാശത്തിന്റെ നീല നിറമായിരുന്നു. വെട്ടി തിളങ്ങി.
------------------------
നിഷാദ് മുഹമ്മദ്.......
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo