Slider

....ഉയരങ്ങളിലേക്ക്....

0
....ഉയരങ്ങളിലേക്ക്....
പന്ത്രണ്ടു നിലകളുള്ള ഒരു വലിയ ആശുപത്രി കെട്ടിടമായിരുന്നു അത്. താഴെ ഇടതു വശത്തായിരുന്നു മോർച്ചറി മുറി. ജീവനില്ലാത്ത ശരീരത്തിനായി കുറച്ചു പേർ അവിടെ കാത്തു നിന്നിരുന്നു..
ഒടുവിൽ മിണ്ടാതെ പൊടുന്നനെ വരുന്ന മരണം.. അന്ധയായ , ബധിരയായ മരണം..
കവിതാ ശകലങ്ങൾ മനസ്സിലേക്കു വന്നു. നിരുപമ പിങ്കലകേശിനിയായ , സുന്ദരിയായ മൃത്യു.. മൂകയായ മൃത്യു...
കൃഷ്ണൻ മാമ്മൻ ഏഴാമത്തെ നിലയിലാണ്.. വാ.
ക്യാഷ്യാലിറ്റിക്കരുകിൽ നിന്നു ജയ വിളിച്ചപ്പോൾ ഞാൻ തല തിരിച്ചു.
ഇടനാഴികളിൽ മരുന്നിന്റെ മണം കെട്ടി നിന്നിരുന്നു. ആദ്യത്തെ നില ചവിട്ടി കേറുമ്പോൾ ജയ ചിരിയോടെ പറഞ്ഞു
ലിഫ്റ്റുണ്ട്...
ഒന്നു വാ.. നീ.. ഒന്നാമത്തെ നിലയിൽ നിന്നും...
അപ്പോഴാണതു ശ്രദ്ധിച്ചത്. അവളുടെ ഇടതൂർന്ന ചുരുണ്ട മുടികൾക്കിടയിൽ പതുങ്ങിയിരിക്കുന്ന ചെറിയ നര .
പടികൾ കയറുമ്പോൾ കിതപ്പോടെ ഞാനവളോടു പറഞ്ഞു. സൂക്ഷിച്ച്... പയ്യെ നടന്നാൽ മതി....
ഒന്നാമത്തെ നില ലേബർ വാർഡായിരുന്നു. അകത്തെ മുറിയിലേക്കു കണ്ണും നട്ടിരിക്കുന്ന കുറച്ചു പേർ. നേഴ്സ് ഇടയ്ക്ക് ചിലരുടെ പേരു വിളിക്കുന്നു.. ചിലർ കണ്ണടച്ചു പ്രാർത്ഥിക്കുന്നു..
കസേരയിൽ അക്ഷമനായിരിക്കുന്ന ചെറുപ്പക്കാരനോടു ലിഫ്റ്റ് എവിടെയാണെന്നു ചോദിച്ചു. ഒന്നും മിണ്ടാതെ വരാന്തയിലെ അങ്ങേ തലയ്ക്കലേക്കയാൾ വിരൽ ചൂണ്ടി..
പല വഴികളിലേക്കു തിരിഞ്ഞു പോകുന്ന വരാന്തയിൽ പല പല മുഖങ്ങൾ.. ചിലതു പ്രതീക്ഷകൾ നശിച്ചഒരുതരം നിർവികാരതയോടെ നടന്നകന്നു.. മറ്റു ചിലർ പുഞ്ചിരിയോടെ..
മുകളിലെവിടെയോ ആയിരുന്ന ലിഫ്റ്റിനായി ബട്ടൺ ഞെക്കി ഞങ്ങൾ കാത്തു നിന്നു.
നീണ്ട കാത്തിരിപ്പിനൊടുവിൽ ലിഫ്റ്റെത്തി. അകത്തു മെലിഞ്ഞു ശോഷിച്ച ഒരു വൃദ്ധൻ. എഴുപതോ എഴുപത്തിയഞ്ചിനോ ഇടയിൽ പ്രായം. കറുത്ത കട്ടിയുള്ള കണ്ണട ഫെയിമിലൂടെ ഞങ്ങളെ നോക്കി.
ഏഴാമത്തെ നിലയിൽ ഞാൻ പറഞ്ഞു.
കൂടെ കയറിയ സ്ത്രീ വേറെതോ നില പറഞ്ഞു.. ഞരക്കത്തോടെ ലിഫ്റ്റ് മുകളിലേക്കു നീങ്ങി... അപ്പോഴേക്കും അയാൾ ഉറക്കം തൂങ്ങി തുടങ്ങിയിരുന്നു.. ആരുമില്ലാതിരുന്നിട്ടുകൂടി ഏതോ നിലയിൽ ലിഫ്റ്റു നിന്നു.പുറത്തെ വെളിച്ചത്തിൽ ആരുമില്ലാത്ത വരാന്ത ഒന്നു കാട്ടിത്തന്നിട്ടതു വീണ്ടും ഞരക്കത്തോടെ മുകളിലേക്കു നീങ്ങി..ആരുടേയോ പകുതിയിൽ മുറിഞ്ഞ നിലവിളി കേട്ടപ്പോൾ ഞാൻ ജയയെ നോക്കി.
ഇങ്ങനെയുള്ള ചില സന്ദർഭങ്ങൾ എനിക്കു ഭയമായതിനാലാവണം ജയ എന്നോടു ചേർന്നു നിന്നു. മുഖത്തു നോക്കി ചിരിക്കാൻ ശ്രമിച്ചു.
ആരെങ്കിലും മരിച്ചുവോ? ഞാൻ ഉറക്കെ ചോദിച്ചു..
ആരും മറുപടി പറഞ്ഞില്ല.. ലിഫ്റ്റിലെ ചുവന്ന അക്കങ്ങൾ കെട്ടു തെളിഞ്ഞു. ഉറക്കത്തിൽ നിന്നുണർന്നയാൾ എന്നെ നോക്കി..
നീണ്ട ഇടനാഴിയിലൂടെ നടക്കവേ തുറന്നു കിടന്ന ജനാലയിലൂടെ താഴോട്ടു നോക്കി. അകലെ റോഡിലൂടെ വാഹനങ്ങൾ ഒഴുകുന്നു.. താഴെ മനോഹരമായ ഒരു പൂന്തോട്ടം. വിടർന്ന പൂവുകൾ.. വിടരുവാൻ തയ്യാറാവുന്ന പൂമൊട്ടുകൾ..
മോർച്ചറിയ്ക്കു മുമ്പിൽ വെളുത്ത തുണിയിൽ പൊതിഞ്ഞ ഒരു മൃതദേഹം വണ്ടിയിൽ കയറ്റുകയാണ്. സാരിത്തലപ്പു കൊണ്ടു മുഖം പൊത്തി ഒരു സ്ത്രീ കരയുന്നുമുണ്ട്..
ഞാൻ ജയയെ നോക്കി.. അവൾ ഒന്നും കണ്ടില്ലെന്നു നടിച്ചു മുന്നിൽ നടന്നു.
കൃഷ്ണൻ മാമ്മൻ കിടക്കുകയായിരുന്നു. മുകളിലെ കുപ്പിയിൽ നിന്നു വെളുത്ത ഏതോ മരുന്നു കൈത്തണ്ടയിലെത്തുന്നുണ്ടായിരുന്നു. ഉയർത്തി വച്ച തലയിണയിൽ തലയുയർത്തി ഒരു രൂപം.
മാമാ... ജയ ആ കൈയ്യിൽ തൊട്ടു പയ്യെ വിളിച്ചു.
അമ്മായി ഉറക്കെ ചോദിച്ചു. ആരാന്ന് മനസിലായോ?
തല ചരിച്ചൊന്നു ജയയെ നോക്കി. പിന്നെ ചിരിച്ചു.
. ന്നെ ഒന്നിരുത്തൂ മോളെ.
ഇതാരാ... മാമ്മൻ എന്നെ നോക്കി ചോദിച്ചു.. അമ്മായി ഉറക്കെ പറഞ്ഞു.ജയയുടെ ഭർത്താവ്.
സംശയത്തിന്റെ ഉയർന്ന പുരികകൊടികൾ ഉയർത്തിയ ചോദ്യം വീണ്ടും.
മ്മള് നേരെത്തേ കണ്ടിട്ടുണ്ടോ?
ചിരിച്ചുകൊണ്ടു ഞാൻ തലയാട്ടി..
മുജന്മത്തിൽ രണ്ടു തിര ചാടി കടന്നു പരാജയപ്പെട്ടു തിരിച്ചു വന്ന ഒരാൾ ... അല്ലേ..?
ഓർമ്മയ്ക്ക് ഇത്തിരി കുറവുണ്ട്.സോഡിയം കുറവാണ്. പറയുന്നതൊന്നും യാതൊരു ബന്ധവുമില്ലാതെയാണ്. ചിലപ്പോൾ തീരെ ഓർമ്മ ഉണ്ടാവില്ല.. അമ്മായി ക്ഷമാപണം നടത്തി..
സൂര്യതാപമേറ്റു തളർന്ന അനുജനെ ചിറകുവിരിയിച്ചു രക്ഷിച്ച ജേഷ്ഠൻ. അവസാനം എന്തായി ചിറകു കരിഞ്ഞ്..... അല്ലേ?
ഞാനുത്തരം പറഞ്ഞില്ല. ഒരു പക്ഷെ പറഞ്ഞതു ശരിയായി രിക്കും.മുജന്മങ്ങളിൽ ?!!!
എന്റെ ഓർമ്മ പെട്ടെന്നു ലിഫ്റ്റിലേക്കു പോയി.. താഴേയ്ക്കു പോകുന്ന ലിഫ്റ്റ്.. താഴെ ജനിച്ചു വീണ ഏതോ കുഞ്ഞിന്റെ നിലവിളി കേൾക്കുന്നുണ്ടോ?
സൃഷ്ടിയുടെ ആദ്യ നിലവിളി. നിറഞ്ഞ കണ്ണോടെ, വേദനയിലും ഏതോ ഒരമ്മയുടെ വാത്സല്യപൂർണ്ണമായ ഒരു നോട്ടം..
മുന്നിൽ മാറി മറയുന്ന ചുവന്ന അക്കങ്ങൾ..
നിങ്ങൾ സംസാരിച്ചിരിക്കൂ..
ഞാനൊന്നു വെറുതെ നടന്നിട്ടു വരാം. അമ്മാവന്റെ ചുമലിൽ കൈ താങ്ങി ജയ തലയാട്ടി.
വരാന്തയിലെ ജനാലയ്ക്കരുകിൽ ഭാഗ്യത്തിനു ആരുമുണ്ടായിരുന്നില്ല.. കുറച്ചു നേരം താഴേയ്ക്കു നോക്കി നിന്നു. മിനുസമാർന്ന തറയിലെ കളങ്ങളെണ്ണി നടന്നു.. ലിഫ്റ്റ് താഴെയെവിടെയോ ആയിരുന്നു.
നീണ്ട കാത്തിരിപ്പിനൊടുവിൽ ലിഫ്റ്റിന്റെ വാതിൽ വീണ്ടും എന്റെ മുന്നിൽ തുറന്നു.
ഉറക്കം തൂങ്ങി ആ വയസ്സൻ സംശയത്തോടെ എന്നെ നോക്കി.
മുകളിലേക്ക്.. ഏറ്റവും മുകളിലേക്ക്...
അയാളുടെ കൈകൾ ബട്ടണിൽ അമർന്നു..
മുകളിൽ സൂര്യതാപമേൽക്കാതിരിക്കാൻ ചിറകുവിരിച്ചു രക്ഷിച്ച ഒരാൾ...
തിരകളെണ്ണി ചാടി പരാജയപ്പെട്ട ഒരുവന്റെ നിസഹായത..
ഉയരുകയാണ്... മുകളിലേക്ക്..
വെളുത്ത തുണിയിൽ മൂടപ്പെട്ട മരവിച്ച ശരീരം.
ആരോ മുഖം പൊത്തിക്കരയുന്നു.. മിണ്ടാതെ അനങ്ങാതെ ഒന്നും കാണാതെയുള്ള യാത്ര..
ചുവന്ന അക്കങ്ങൾ വീണ്ടും.
ഒന്നുറക്കെ കരയുവാനാവാതെ ഞാൻ കണ്ണടച്ചു നിന്നു...
...പ്രേം...
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo