Slider

ഈയിടെ ഞാനൊരു ബന്ധുവിന്റെ കല്യാണത്തിന് പോയപ്പോ

0
ഈയിടെ ഞാനൊരു ബന്ധുവിന്റെ കല്യാണത്തിന് പോയപ്പോ അവിടെ ഉണ്ടായ ഒരു സംഭവമാണ് ഇവിടെ പറയുന്നത് ട്ടോ .
ഞങ്ങൾ ഹാളിൽ എത്തുമ്പോൾ അവിടെ കെട്ട് കഴിഞ്ഞ് കല്യാണ ചെക്കനും പെണ്ണും എത്തീ ണ്ടാർന്നില്ല .ആളുകൾ നിറയെ വന്നും പോയുമിരുന്നു .ഞങ്ങളും ഭക്ഷണം കഴിച്ച് ബന്ധുക്കളും കൂട്ടുകാരുമായി സംസാരിച്ചിരുന്നു .എന്റെ കൂടെ അമ്മയും അനിയത്തിമാരും കുട്ടികളും ഉണ്ടായിരുന്നു.എല്ലാവരും ചെക്കനേം പെണ്ണിനേം കാണാനുള്ള കട്ട വെയിറ്റിംഗിലാണ് .
ഞാൻ കല്യാണ കാഴ്ചകൾ കാണാനായി സാവകാശം ചുറ്റിലും കണ്ണോടിക്കവെ ഒരു കാര്യം എന്റെ ശ്രദ്ധയിൽ പെട്ടു .ഞങ്ങൾ ഇരിക്കുന്നതിന്റെ ഇച്ചിരി മുന്നിലായി കുറച്ച് കുട്ടികൾ എന്നെ നോക്കുന്ന പോലൊരു തോന്നൽ .ഇതെന്റെ തോന്നൽ മാത്രമാണോ എന്നറിയാനായി ഞാനൊന്നൂടെ ശ്രദ്ധിച്ചപ്പോൾ മനസ്സിലായി, ഇത് എന്റെ തോന്നലല്ല, അവർ എന്നെ തന്നെയാ നോക്കുന്നത് .ചിലർ ചിരിക്കുന്നുമുണ്ട് .
ശ്ശെടാ .... ഇതെന്ത് പറ്റി ഈ കുട്ടികൾക്ക് ... ഇവരെന്തിനാ എന്നെ നോക്കുന്നെ, ഇനി എന്നെ കാണാൻ വല്ല അപാകതയുമുണ്ടോ?അവര് കളിയാക്കി ചിരിക്കുന്നതാണോ?
ഏയ് ... അങ്ങനെയാവാൻ വഴിയില്ല ... കാണാൻ നുമ്മ സുന്ദരിയാണല്ലോ😜 പിന്നെന്തിന് കളിയാക്കണം .എന്നാലും സംശയം തീർക്കാനായി ഞാൻ ആമിയോട് (ആമി അനിയത്തീടെ മോളാട്ടോ) ചോദിച്ചു .
"ഡീ ... ആമീ .... ആ കുട്ടികൾ എന്താ വോ എന്നെ നോക്കി ചിരിക്കുന്നെ .എന്നെ കാണാൻ വല്ല കുഴപ്പവുമുണ്ടോ ?
അപ്പോ അവള് പറയാ "ഏയ് ... ഒരു കുഴപ്പവുമില്ലല്ലോ കാണാൻ .പിന്നെ സാധാരണത്തേക്കാളും കുറച്ചൂടെ ഒരു മന്ദബുദ്ധി ലുക്ക് ഇന്ന് ഫീൽ ചെയ്യുന്നുണ്ട് ,അത്രേ ഉള്ളൂ" .ഇതും പറഞ്ഞ് ആ ദുഷ്ടത്തി ഫോണിൽ തോണ്ടിക്കൊണ്ടിരുന്നു .എന്നെ കളിയാക്കീതും പോര, എന്നിട്ട് ഒന്നുമറിയാത്ത പോലുള്ള അവളുടെ ആ ഇരിപ്പുണ്ടല്ലോ, സഹിക്കൂല്ലാട്ടോ😡 അഹങ്കാരി .. വീട്ടിലെത്തട്ടെ,നിന്നെക്കൊണ്ട് ഞാൻ "ബ്ലൂ വെയ്ൽ '' കളിപ്പിക്കുമെടി പട്ടീ ... അല്ല പിന്നെ
അവൾക്കിട്ട് എങ്ങിനൊക്കെ പണികൊടുക്കാന്ന് ആലോചിച്ചിരിക്കെ, ആ കുട്ടികൾ വന്ന് എന്നോട് ചോദിക്ക്യാ ..
" ചേച്ചി ഷീലാ സ്റ്റാൻലിയല്ലേന്ന് "
" അതേല്ലോ .. ഞാൻ തന്നാ ആള് .എന്താ കാര്യം" .
"ഞങ്ങൾ FB യിൽ ചേച്ചീടെ കഥകൾ വായിച്ചൂട്ടോ "
😳ങ് ഹെ ..ന്തൂട്ടാ നിങ്ങൾ പറഞ്ഞെ " .
"ഞങ്ങൾ FB യിൽ ചേച്ചീടെ കഥകൾ വായിച്ചൂന്ന് .സൂപ്പറായിട്ടോ എഴുതീത് .എന്ത് രസാ വായിക്കാൻ .ഞങ്ങൾക്ക് ഭയങ്കര ഇഷ്ടായി" .
ഇത് കേട്ട് കുറച്ച് നേരത്തേക്ക് മൊത്തം റിലേ പോയ അവസ്ഥയിലായി ഞാൻ .. ഇത്തരമൊരവസ്ഥ സ്വപ്നങ്ങളിൽ മാത്രം .ഞാൻ തെല്ല് അഭിമാനത്തോടെ ആമിയെ നോക്കിയപ്പോ അവൾടെ മുഖത്ത് ഒരു ലോഡ് പുച്ഛം😏😏
അവർ എന്റെ എഴുത്തിനെ അഭിനന്ദിച്ചും ഇനീം ചേച്ചി എഴുതണം എന്നൊക്കെ പറഞ്ഞ് ഒരു പാട് ഇഷ്ടത്തോടെ സംസാരിച്ചു .അവർ കോളേജിൽ പഠിക്കുന്ന കുട്ടികളാണെന്ന് തോന്നുന്നു.അവർ പോയപ്പോ ഞാൻ മനസ്സിൽ വിചാരിച്ചു, ഈ പിള്ളേർക്കെന്താ വട്ടോ, ഒന്ന് രണ്ട് തറ കഥകൾ എഴുതിയ എനിക്ക് ഇമ്മാതിരി ഫാൻസോ .ഇവറ്റകളൊന്നും ശരിക്കുള്ള എഴുത്തുകാരെ കണ്ടിട്ടില്ലെന്നും, വായിച്ചിട്ടില്ലെന്നും എനിക്ക് മനസ്സിലായി .നല്ല എഴുത്തുകാരുടെ രചനകൾ വായിച്ചിരുന്നെങ്കിൽ അവർ എന്നോട് ഈ ക്രൂരത കാട്ടില്ലായിരുന്നു .
എന്തായാലും അവരുടെ പുകഴ്ത്തലും പ്രശംസയുമൊക്കെ എനിക്കങ്ങ് വല്ലാതെ സുഖിച്ചു .പെട്ടെന്ന് ഞാനൊരു സ്റ്റാറായതുപോലൊരു ഫീൽ 💃
ഞാൻ ആമിയോട് പറഞ്ഞു " എന്നേം ചിലരൊക്കെ എഴുത്ത് കാരിയായി കാണുന്നുണ്ട് ട്ടോ ... നിനക്കല്ലെ എന്റെ എഴുത്തിനോട് പുച്ഛം ".
" പിന്നേ ... ഒരു എഴുത്ത് കാരി വന്നേക്കുന്നു " .അവൾക്ക് പിന്നേം പുച്ഛം .
അവളോടുള്ള കല്ലിപ്പിലിരിക്കെ ആ കുട്ടികൾ എന്നോട്ട് വന്ന് ചോദിക്ക്യാ .. " ഞങ്ങള് ഒരു സെൽഫി എടുത്തോട്ടേന്ന് " .ഇത് കേട്ടതും ആമി ഒരൊറ്റ ചിരി .. ചിരീന്ന് പറഞ്ഞാ പോര ചിരിച്ച് ചിരിച്ച് അവൾക്ക് കൺട്രോൾ കിട്ടാതായി .ഇത് കണ്ടതോടെ എനിക്ക് ഒന്നു കൂടെ കലിപ്പായി .അന്നേരം അവളെ കുത്തിക്കൊല്ലാനുള്ള ദേഷ്യമുണ്ടായിരുന്നു .ഞാനാ കുട്ടികളോട് "ഫോട്ടോ എടുക്കലൊന്നും വേണ്ടാ ട്ടോ, കണ്ടതിൽ സന്തോഷംന്ന് പറഞ്ഞ് അവരെ പറഞ്ഞ് വിട്ടു .തിരിഞ്ഞ് ആമിയെ നോക്കിയപ്പോ അവളെ ആ പരിസരത്തൊന്നും കാണാനില്ല ..
അങ്ങനെ പരിപാടികളെല്ലാം കഴിഞ്ഞ് എല്ലാരോടും യാത്ര പറഞ്ഞ് തിരിച്ച് വീട്ടിലേക്ക് മടങ്ങവെ വണ്ടിയിൽ വച്ച് ആമിയോട് ഞാൻ ചോദിച്ചു, "നീയെന്തിനാ ആ കുട്ടികൾ പോട്ടെയെടുക്കട്ടേന്ന് ചോദിച്ചപ്പോ ചിരിച്ചത് "😡 അന്നേരം ലവള് പറയാ" എഴുതുന്ന ആളോ ഒരു മന്ദബുദ്ധി, അത് വായിക്കാനായിട്ട് വേറെ കുറെ മന്ദബുദ്ധികളും .എന്റെ പൊന്നോ .. ഇതൊക്കെ വായിക്കണവരെ സമ്മതിക്കണം" .ഇത് കേട്ടതും അമ്മയും അനിയത്തിമാരും കുട്ടികളും ഡ്രൈവറ് ചേട്ടനും എല്ലാരും കൂടി കൂട്ട ചിരി .. ഞാനാണേൽ പവനായി ശവമായി എന്ന അവസ്ഥയിലും .
ഇതെല്ലാം കേട്ടതിന്റെ ക്ഷീണത്തിൽ വീട്ടിൽ വന്ന് കേറിയപ്പോ ഹസ്ബന്റ് ചോദിച്ചു " എങ്ങനി ണ്ടാർന്നു കല്ല്യാണം .. നന്നായോ" .
ഞാൻ എല്ലാ വിശേഷങ്ങളും പറഞ്ഞു. കൂട്ടത്തിൽ ആ കുട്ടികൾ എന്നെ കാണാൻ വന്നതും എഴുത്തിനെ പറ്റി പറഞ്ഞതും ഫോട്ടോ എടുക്കണം ന്ന് പറഞ്ഞതും ആമി കളിയാക്കിയതും എല്ലാം സങ്കടത്തോടെ പറഞ്ഞു😢
ഇത് കേട്ട് ഹസ്ബന്റ് എന്നെ ആശ്വസിപ്പിച്ച് പറഞ്ഞു "എന്റെ പാറൂ .. നീ ഇനിയും എഴുതണം .. നീ എഴുതുന്നത് എത്ര നന്നായാലും മോശമായാലും ഞാൻ വായിച്ച് അഭിപ്രായം പറയാം ... നീ വിഷമിക്കണ്ടാട്ടോ .. തുടക്കത്തിൽ എല്ലാർക്കും പല അബദ്ധങ്ങളും ഉണ്ടാവും ... അതിൽ തളരാതെ തെറ്റ് തിരുത്തി മുന്നേറണം .അതാ വേണ്ടത് " .അത് കേട്ടപ്പോ എന്റെ മനസ്സിലെ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല .
ഇത് വായിച്ചിട്ട് നിങ്ങള് വിചാരിക്കിണ്ടാവും .എജ്ജാതി തള്ളാണപ്പാ ഇത് .സത്യായിട്ടും അല്ലാട്ടോ .ശരിക്കും സംഭവിച്ചതാ .നിങ്ങൾക്ക് എന്നെ വിശ്വാസമുണ്ടെങ്കിൽ മാത്രം ലൈക്കും കമന്റും തന്നാൽ മതീ ട്ടോ .

ഷീല സ്റ്റാൻലി
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo