Slider

മണ്ണുണ്ണീം മരക്കുടുക്കേം മുുത്തശ്ശി കഥ

0
മണ്ണുണ്ണീം മരക്കുടുക്കേം
മുുത്തശ്ശി കഥ
''മുത്തശ്ശീ, ഒരു കഥ പറയൂന്നേയ്. ''
''കഥേഓ, എന്തു കഥ്യാ വേണ്ടേ,ന്റെ ഉണ്ണിക്ക്?''
''എന്തെങ്കിലും. ഒരിക്കലൊരുണ്ണീണ്ടാര്‍ന്നു ന്ന് മതി''
''ങ്ആ, അത് ന്നലെ പറഞ്ഞതല്ലേ?''
''ന്നാ ,വേറെ ഉണ്ണീടെ മതി. അമ്പിളിമ്മാമനെ കാണാന്‍ പോയ്യേ മണ്ണുണ്ണീടെ കഥ''
മുത്തശ്ശി എന്തോ ഓര്‍ത്തെടുക്കുന്നതൂ പോലെ മൗനിയായി.
''പറയൂ, മുത്തശ്ശീ'' ഉണ്ണിക്ക് ധൃതിയായി.
'' മണ്ണുണ്ണിക്ക് ഒരൂസം അവന്റമ്മ അമ്പിളിമ്മാമനെ കാട്ടിക്കൊടത്ത് മാമു കൊടുക്കാര്‍ന്നു.'' ഉണ്ണിയുടെ മുടിയില്‍ വിരലോടിച്ചുകൊണ്ട് മുത്തശ്ശി കഥ പറയാന്‍ തുടങ്ങി.
''അകലെ കിഴക്കു കിഴക്ക് മാനത്തു ഒരു നീല വര പോലെ കാണണ കാടില്യേ, അത്ന്റെ അപ്രത്ത് അമ്പിളിമ്മാമന്‍ മണ്ണുണ്യേ നോക്കി അങ്ങനെ ചിറിച്ചുംകൊണ്ട് നിക്കാര്‍ന്നു. അമ്പിളിമ്മാമന്റെ കൊട്ടാരത്തിലെന്നും പാല്‍പ്പായസണ്ടാവും, നിലാവു വിരിച്ച കോസറീണ്ടാവൂം, നക്ഷത്രവെളക്ക്കള്ണ്ടാവും.
അയ്യയ്യോ,മണ്ണുണ്ണിക്ക് അങ്ങടൊന്നും പുവ്വാന്‍ പാടില്യ.കാട്ടില് ഉണ്യോളെ തിന്നണ സിംഹോം ,പുലീം കരടീം ഒക്കെണ്ട്.
മണ്ണുണ്ണിക്ക് അമ്പിളിമ്മാമനെ പോലെ നല്ല കുഞ്ഞുണ്യമ്മാമന്‍ ണ്ടലോ.
മണ്ണുണ്ണിക്കുണ്ടോ, വല്ല പേടീം? ഒരൂസം ആരോടും പറയാണ്ടെ മണ്ണുണ്ണി അങ്ങ്ട് പോയി കാട്ടല്ക്ക്. കൊറേങ്ങനെ നടന്നപ്പോ വഴീല്ണ്ട് മുമ്പിലെ കാലു രണ്ടും നീട്ടി നാവോണ്ട് മൂക്ക് തലോടി അങ്ങനെ കെടക്കണൂ ഒരു സിംഹം.
''മണ്ണുണ്ണീ മണ്ണുണ്ണീ നിന്നെ ഞാന്‍ തിന്നട്ടെ?'' തല കൊടഞ്ഞെണീറ്റും കൊണ്ട് സിംഹം ചോദിച്ചു.
മണ്ണുണ്ണിയെ സിംഹം തിന്നാലോ എന്ന് ഉണ്ണി പേടിച്ചു.അവന്‍ മുത്തശ്ശിയെ കെട്ടിപ്പിടിച്ച് കുറെക്കൂടി ചേര്‍ന്നു കിടന്നു. '' ന്നട്ട്?'' ശ്വാസം അടക്കിക്കൊണ്ട് അവന്‍ കഥക്ക് കാതോര്‍ത്തു.
'' അപ്പൊ മണ്ണുണ്ണി പറഞ്ഞേയ് '' മുത്തശ്ശി കഥ തുടര്‍ന്നു.''അയ്യോ ന്റെ സിംഹേ, ഞാനമ്പിളിമ്മാമനെ കണ്ട്, പാല്‍പ്പായസോണ്ട്, നക്ഷത്രവെളക്കും പിടിച്ച് ങ്ങട് വരുമ്പോ തിന്നോ!''
അമ്പിളിമ്മാമനെ കാണാന്‍ പോണ കുട്യോളെ തിന്നണത് പാപല്ലേ?. കുട്യോളടെ മോഹല്ലേ? സിംഹത്തിന് പാവം തോന്നി. '' ങ്ഊം . ഇപ്പൊ പൊക്കോ.വേഗം വരണം. നിക്ക് ഉണ്ണിമാംസം തിന്നാന്‍ കൊത്യാവുണു.'' സിംഹം പറഞ്ഞു.'
സിംഹത്തിനെ പറ്റിച്ച പോലെ പുല്യേം കരട്യേം സൂത്രക്കാരന്‍ കുറുക്കനേം ഒക്കെ പറ്റിച്ച് മണ്ണുുണ്ണി അമ്പിളിമ്മാമന്റെ കൊട്ടാരത്തിന്റെ പടിപ്പരേലെത്തിപ്പോ..........''
കഥക്കൊപ്പം ഉണ്ണി മൂളാത്തതുകൊണ്ട് മുത്തശ്ശി ഒന്നു നിര്‍ത്തി. ഉണ്ണി ഒറങ്ങീട്ടൊന്നൂണ്ടാര്‍ന്നല്യ. കഥേടെ രസത്തില് കണ്ണടച്ചു കിടക്കുകയായിരുന്നു.
'''ന്നട്ടെന്താണ്ടായ്യേ?'' അവന്റെ ഉത്സാഹം കൂടി വരികയായിരുന്നു
'' ന്നട്ടോ,'' മുത്തശ്ശി കഥയുടെ രസച്ചരട് മുറുക്കികൊണ്ട് തുടര്‍ന്നു.''അമ്മാമന്‍ ങ്ങനെ കൊമ്പനാനപ്പൊറത്ത് മണ്ണുണ്ണു്യേം കാത്ത് നിക്കാണ് പടിക്കല്. ''
''ന്നട്ടോ?''
''ന്നട്ടെന്താ? സുഖായീല്യേ മണ്ണുണ്ണിക്ക്! നക്ഷത്രവെളക്കു വെച്ച് നെയ്യും പരിപ്പും നാലുകൂട്ടം കറീം പാല്‍പ്പായസോം ഉണ്ണാ, കൊമ്പനാനപ്പുറത്ത് കേറി അമ്മാമന്റെൊപ്പം മാനം മുഴുവന്‍ ചുറ്റി നടക്കാ .....അങ്ങനെ സുഖായി കൊറെ കാലം കഴിഞ്ഞപ്പോ മണ്ണുണ്ണിക്ക് അമ്മേം അച്ഛനേം കാണാന്‍ വെെകി. കാട്ട്ക്കൂടെ പോയൃാ സിംഹോം കരടീം കടിച്ചു തിന്നും. മണ്ണുണ്ണിക്ക് പേടിയായി.
''നിന്നെ ഞാനൊരു മരക്കുടുക്കേലാക്കി വീട്ടിലേക്ക് ഉരുട്ടി വിടാം.നിയ്യ് ഒളിച്ചിരിക്കണത് സിംഹൊം പുലീം കരടീം അറിയില്ല. '' അമ്പിളിഅമ്മാമന്റ സൂത്രം മണ്ണുുണ്ണിക്കും ഷ്ടായി്.
'' മരക്കുടുക്കേല് ഉരുണ്ടു പുവ്വാന്‍ നല്ല രസാവും,ല്ലേ'' ഉണ്ണി സ്വയം പറഞ്ഞു.
''ങ്ആ,കുഞ്ഞുണ്ണ്യമ്മാമോട് പറഞ്ഞോ നെണക്കും മരക്കുടുക്ക വേണന്ന്.
നെണക്ക് ഒറക്കം വര്ണ്ല്യേ.നി ഒറങ്ങീക്കോ. ബാക്കി നാളെ പറയാം.''
''വേണ്ട, പ്പത്തന്നെ പറയണം'' ഉറക്കം കണ്പീളകളില്‍ കനം തൂങ്ങിയിരുന്നെങ്കിലും ഉണ്ണി മുത്തശ്ശിയെ വിട്ടില്ല.
'' മരക്കുടുക്കങ്ങനെ കാട്ടു കോടെ ഉരുണ്ടുരുണ്ട് പുവ്വുമ്പോ വഴീലങ്ങനെ നിക്ക്ണൂ പുലി.ദെന്താ ഒരു മരക്കുടുക്ക വരണേ? പുലിക്ക് സംശായി.
'' മരക്കുടുക്കേ, മരക്കുടുക്കേ,നീയ്യെന്റെ മണ്ണുണ്ണൃേ കണ്ടോ?' പുലി ചോദിച്ചു.''ഞാന്‍ നിന്റെ മണ്ണുണ്ണ്യേം കണ്ട്ല്യ നിന്നെ കണ്ട്ല്യ. ന്നെ ഒന്നങ്ങട് ഉരുട്ടീക്കോ'' പുലിയേയും കരടിയേയുംം സിംഹത്തേയും പറ്റിച്ച് മരക്കുടുക്ക വീട്ടു പടിക്കലെത്തുന്നതിനു മുമ്പ് ഉണ്ണി ഉറങ്ങിക്കഴിഞ്ഞിരുന്നു. എന്നിട്ട് മണ്ണുണ്ണിം അമ്മേം സുഖായിട്ടിരുന്നുവെന്ന് മുത്തശ്ശി പറഞ്ഞത് അവന്‍ കേട്ടില്ല.

Paduthol
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo