നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മുത്ത്:-

മുത്ത്:-
അച്ഛാ അച്ഛാ അച്ഛാ അച്ഛന്റെ
വിരലൊന്നു തന്നേ
അച്ഛ മുത്തിനെന്തിനാ അച്ഛന്റെ വിരൽ
അതേ അച്ഛാ ഈ വാതിലിന്റെ ഇടയിൽ ഒന്നു വച്ചേ ഒരു സൂത്രം കാട്ടിത്തരാം.
എന്തു സൂത്രമാണു മുത്തേ എന്ന് ചോദിച്ചു കൊണ്ട് ഞാൻ വിരൽ, മുത്ത് തുറന്നു പിടിച്ചിരിക്കുന്ന വാതിലിന്റെ ഇടയ്ക്ക് വച്ചതും മുത്ത് വാതിലടച്ചതും പെട്ടെന്നായിരുന്നു.
ഹ ഹ ഹ
അച്ഛനു നൊന്തോ?
ഉം ചെറുതായിട്ട്,
മൂന്നു വയസ്സുകാരി മുത്തിനോട് എന്തു പറയാനാണ്, എങ്കിലും ചോദിച്ചു
അതെന്തിനാ മുത്ത് അച്ചനെ
നോവിച്ചേ?
അതേ അച്ഛാ ഞാനുണ്ടല്ലോ അച്ഛാ അറിയാതെയുണ്ടല്ലോ അച്ഛാ വാതിലിന്റെ ഇടയ്ക്ക് വിരലുവച്ച് അടച്ചപ്പോളുണ്ടല്ലോ അച്ഛാ
മുത്തിനും നൊന്തു .
അതേതായാലും നന്നായി നിങ്ങൾ കുറെ പ്രാർത്ഥിച്ചതല്ലേ നക്ഷത്ര കണ്ണുള്ള ഒരു കുറുമ്പി കുഞ്ഞാവയേ കിട്ടണേ, അത് എപ്പോഴും നക്ഷത്ര കണ്ണുകൾ ചിമ്മി നിങ്ങളേ നോക്കി ചിരിയ്ക്കണമെന്ന്. എന്നിട്ടിപ്പോൾ നിങ്ങളെക്കൊണ്ട് നക്ഷത്രമെണ്ണിക്കുന്നുണ്ടല്ലോ.
പ്രിയതമയുടെ കിളിമൊഴി.
എനിക്കിപ്പോൾ ഒരു സംശയം നിങ്ങളുടെ കുരുത്തക്കേടുകൾ കൊച്ചിനു കിട്ടിയതാണോ അതോ കൊച്ചിന്റെ കുരുത്തക്കേടുകൾ നിങ്ങൾക്കു കിട്ടിയതാണോ.
ഏതായാലും ലോകത്തെങ്ങു മില്ല ഇതുപോലത്തെ ഒരച്ഛനും മോളും.
ശരിയാണ് രാത്രി മുത്തിനെ ഒന്നുറക്കാനായി നാറാണത്തുഭാന്തൻ കവിത നാല്പതു വട്ടം ചൊല്ലിയാലും, കണ്ണടച്ച് തോളിൽ ഉറങ്ങി കിടക്കുന്ന മുത്ത് കട്ടിലിൽ കിടത്തിയാൽ കണ്ണും തുറന്ന് കളിയ്ക്കാൻ റെഡി ആയി ഇരിയ്ക്കും.
അതിനി അച്ചന്റെ കാളരാഗ കവിത നിർത്തിയാലല്ലേ ഉറങ്ങാൻ പറ്റൂ എന്ന് പറയുന്നതാന്നോ എന്നു പോലും തോന്നിയിരുന്നു.
എന്നിട്ട് പിന്നെ എപ്പോഴോ ഉറങ്ങിയിട്ട് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ
ഉണർന്നെണീറ്റ് കാത്തിരിക്കും എന്നെ ഉച്ചയ്ക്ക് ഉറക്കാതിരിക്കാൻ.
പിന്നീട് ഞാൻ ചെല്ലുന്ന നേരം വരേ കിച്ചണിൽ ആണ് പുള്ളിയുടെ പാചക പരീക്ഷണങ്ങൾ. അമ്മ ഉണ്ടാക്കുന്ന കറിപോലെ മുത്തിന് എല്ലാം ഉണ്ടാക്കണം.
നുറുക്കണ പച്ചക്കറിയുടെ എല്ലാം ഓരോ കഷ്ണവും ഇടുന്ന പൊടിയുടേയും ഓരോ ഭാഗവും വെള്ളവും ചേർത്ത് ഇളക്കിയിളക്കി കറിയുണ്ടാക്കുകയാണ് അടുത്ത ഘട്ടം.
അമ്മേ കുമ്മപ്പൊടിയും കൂടെ വേണം.
കുരുമുളകുപൊടിയാണ് മുത്തിന്റെ കുമ്മപ്പൊടി. അമ്മയുടെ കൈയിൽ നിന്ന് അല്പം കുമ്മപ്പൊടിയും കൂടെ വാങ്ങി അതും ചേർത്ത് ഒന്നും കൂടെ ഇളക്കി അടച്ചു വച്ചാൽ
മുത്തിന്റെ കറി റെഡി.
അതിനു ശേഷം അമ്മ കുളിപ്പിക്കാൻ എണ്ണ പുരട്ടി തുടങ്ങുമ്പോഴേ പറയും എന്നെ
അച്ചൻ കുളിപ്പിച്ചാൽ മതിയെന്ന് പറഞ്ഞ് അച്ഛനെ കാത്തു നിൽക്കുന്ന മുത്ത്.
കാത്തിരിപ്പിന്റെ ഒടുക്കം കടന്നു ചെല്ലുന്ന എന്നോട്
അത്രയും നേരം അടക്കി വച്ച
അച്ഛവിളി തുടങ്ങുകയായി
അച്ഛമുത്ത്.
എന്നിട്ടുണ്ടല്ലോ അച്ചാ, ഞാനുണ്ടല്ലോ അച്ഛാ, അച്ഛനുണ്ടല്ലോ അച്ഛാ കറിവച്ചിച്ചുട്ടുണ്ടേ. വന്ന ഡ്രസ്സ് പോലും മാറ്റാൻ സമ്മതിക്കാതെ എന്നേയും വിളിച്ചു കൊണ്ടുപോയി മുത്തുണ്ടാക്കി വച്ചിരിക്കുന്ന
കറിയുടെ ടേസ്റ്റ് നോക്കിക്കാനുള്ള യാത്രയാണ്.
ഇത്തിരി ടേസ്റ്റ് നോക്കിയിട്ട്
മുത്തേ മുത്തിന്റെ കറി സൂപ്പർ.
അമ്മേടെ കറി പൊട്ട എന്നു പറയുമ്പോൾ ആ നുണക്കുഴിക്കവിളിൽ വിരിയുന്ന പുഞ്ചിരി മധുരം
മറക്കാനാവാത്തതാണ്.
ഓ ഒരച്ഛനും മുത്തും
എഴുന്നേറ്റപ്പോൾ മുതൽ എന്റെ പുറകെ നടന്നിട്ട് ഇങ്ങിനെ ആയിരത്തൊന്നു വട്ടമൊന്നും അമ്മേയമ്മേ എന്ന വിളിയൊന്നും ഞാൻ കേട്ടില്ലേ. പ്രിയതമയുടെ സ്നേഹപരിഭവമൊരു ചെറു ചിരിയിലൊളിപ്പിച്ചു മുത്ത്.
അടുത്താഴ്ച മോളുടെ ബർത്ത് ഡേ ആണല്ലേ, മോൾ ഞങ്ങളെയെല്ലാം വിളിച്ചിട്ടുണ്ട്.
വഴിയിൽ വച്ച് കണ്ട കൂട്ടുകാർ പറഞ്ഞപ്പോൾ ശരി, വരണം
എന്നല്ലാതെ മറ്റൊന്നും പറയാനായില്ല. ഇന്നലെ ഞങ്ങൾ വീട്ടിൽ മുത്തിന്റെ ബർത്ത്ഡേ ആണ് വീട്ടിൽ ട്യൂഷൻ പഠിക്കാൻ വരുന്ന കുട്ടികളെ എല്ലാം വിളിക്കാം എന്നു പറഞ്ഞിരുന്നു. അത് കേട്ട മുത്ത് ഇന്ന് വൈകിട്ട് വാതിൽ തുറന്ന് പുറത്ത് നിന്നപ്പോൾ അതിലെ പോയ ഞങ്ങളുടെ എല്ലാ മലയാളി സുഹൃത്തുക്കളേയും ജന്മദിനത്തിന് ക്ഷണിച്ചു.അങ്ങിനെ വീട്ടിൽ ട്യൂഷൻ പഠിയ്ക്കാൻ വരുന്ന പത്തു കുട്ടികൾക്ക് മാത്രമായി നടത്താനിരുന്ന ജന്മദിനാഘോഷം എകദേശം നൂറ്റി പത്ത് ആൾക്കാരു പങ്കെടുത്ത ജന്മദിനാഘോഷമാക്കിയ മുത്താണ് മുത്തേ മുത്ത്.
ഏതായാലും ആ വർഷം മലയാളം മാത്രമറിയാവുന്നതുകൊണ്ട്
മുത്ത് മലയാളികളെ മാത്രമാണ് ജന്മദിനത്തിന് ക്ഷണിച്ചത്. അടുത്ത വർഷം ആയപ്പോഴേയ്ക്കും ട്യൂഷന് വന്ന ബംഗാളിപ്പിള്ളേരോട് സംസാരിച്ച് ബംഗാളിയും ഇംഗ്ലീഷും എല്ലാം സംസാരിക്കാൻ പഠിച്ചു.
അങ്ങിനെ മുത്തിന്റെ കുസൃതികൾ തുടർന്നു കൊണ്ടേയിരുന്നു.
പി.എസ്.അനിൽകുമാർ
ദേവിദിയ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot