നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കോട്ടക്കൽ സെന്റ്‌ തെരെസാസ് കോളേജിലേക്ക് ഒരു ബ്ലും.... ഭാഗം 7

കോട്ടക്കൽ സെന്റ്‌ തെരെസാസ് കോളേജിലേക്ക് ഒരു ബ്ലും....
ഭാഗം 7
ലിപീസ് കോസ്റ്റ്യൂംസ് .....
******************************
കസ്തൂരിമാൻ സിനിമയിൽ മീര ജാസ്മിന്റെ കോസ്റ്റ്യൂംസ് പോലെ തന്നെയായിരുന്നു എന്റെ കോളേജ് കാലത്തെ കോസ്റ്റ്യൂംസ്. കണ്ടം വെച്ച കോട്ടും, അമ്മേടെ സാരി വെട്ടി തയിച്ച സ്റ്റെപ് ഉടുപ്പും, ചേച്ചിമാരുടെ നെറ്റി ഇറക്കം കുറച്ച്‌ സ്റ്റെയിലാക്കിയ ഓരോ ജാതി മിഡിയും അങ്ങനെയങ്ങനെ ....
എല്ലാ ദിവസവും പുതിയ പുതിയ ഡ്രെസ്സുകൾ അണിയുക എന്നതായിരുന്നു അന്നത്തെ കാലത്തെ എന്റെ ഏറ്റവും വലിയ പൂതി. അതിനായി അടുത്ത വീട്ടിലെ ലിസി ചേച്ചിയുടെ തയ്‌പ്‌ കടയിലെ മാലതി ചേച്ചിയെ ഞാൻ എന്റെ കോസ്റ്റ്യൂംസ് ഡിസൈനറായി നിയോഗിച്ചു. കോളേജിൽ എന്തെങ്കിലും ഫങ്ക്ഷൻ വന്നാൽ അമ്മേടെ ഒരു സാരി ഗോപി !!
സ്വന്തം തലയിൽ മെനഞ്ഞെടുത്ത വേഷ ഭൂഷാദികൾ ആയതു കൊണ്ട് അതു പോലത്തെ യൊരെണ്ണം എനിക്കല്ലാതെ കോളേജിൽ മറ്റാർക്കും ഉണ്ടാകാറില്ലെന്നുള്ളത് എന്റെ അഹങ്കാരത്തെ വാനോളം ഉയർത്തി.പക്ഷെ അത്രയും തന്നെ ദുഃഖ മുണർത്തുന്ന ഒരു കാര്യം എന്താണെന്ന് വെച്ചാൽ... നാട്ടിലെ ഏതെങ്കിലും ഒരുപരിപാടിക്ക് പോയാൽ എന്റെ പാവാടയുടെയോ ഉടുപ്പിന്റെയോ ഒരു പീസ് കണ്ടാൽ മതി അതു ഞാൻ ആണെന്ന് ആൾക്കാർക്ക് പെട്ടെന്ന് മനസ്സിലാവും!.
"ഡി നിന്നെ ഞാൻ ഇരിഞ്ഞാലക്കുട ബസ്സിൽ കണ്ടൂല്ലോ!"
"ചാലക്കുടിക്ക്‌ നീ എന്തിനാ ഇന്നലെ പോയേ?"
"മേലഡൂർ നിന്റെ ആരാ ഉള്ളെ.. കല്യാണത്തിന് കണ്ടൂല്ലോ!"
"ഇന്നലെ നിന്റൊപ്പം സിനിമക്ക് ഉണ്ടായിരുന്നത് ആരൊക്കെയാടി"
എന്നിങ്ങനെയുള്ള സില്ലി സില്ലി കൊസ്റ്റിൻസി നൊക്കെ മറുപടി പറഞ്ഞ്‌ പറഞ്ഞ് എന്റെ നാവ് കഴച്ചു.
കൂടാതെ തരണീമണികളെ പ്രലോഭിപ്പിക്കാനായി ചേച്ചിമാരുടെ ഡ്രെസ്സുകൾ ഞാൻ അടിച്ചുമാറ്റി കോളേജിൽ ഇട്ടോണ്ട് പോകാറുണ്ട്. അവരുടെ ചെരിപ്പ് ഒഴിച്ച്( അവരുടെ കാല് പോലെയല്ല എന്റെ....എന്റെ കാലിന് ഏതാണ്ട് പഞ്ചാബികളുടെ കാലിന്റെയത്രയും നീട്ടം വരും!) ബാക്കി ഡ്രെസ്സ്, ബാഗ് ,കുട ,കമ്മൽ, മാല, സ്ലൈഡ് തുടങ്ങിയ സാധനങ്ങൾ ഒക്കെയിട്ട് ഞാൻ കോളേജിലേക്ക്‌ ഒരു അസ്സൽ പരേഡും നടത്താറുണ്ട്.
"ഈ ലിപിക്ക് എന്തോരം ഡ്രെസ്സാ! " എന്ന് കുട്ടികൾ അസ്സൂയയോടെ മൂക്കത്തു വിരൽ വെക്കുമ്പോൾ എന്റെ മനസ്സിൽ അതിന്റെ കടപ്പാട് മുഴുവൻ എന്റെ ചേച്ചിമാർക്കു ഞാൻ വെച്ച് നീട്ടും. അഞ്ചു ചേച്ചിമാർ ഉള്ളതിന്റെ ആകെ ഒരു മെച്ചം ദേ... ദിതാണ്!!!
അങ്ങനെയിരിക്കെ കോളേജിലെ ഓണ പ്രോഗ്രാമിന് ഞങ്ങടെ പയ്യൻസ് 'രംഗോളി 'എന്ന് പേരിട്ട, ചെയിൻ സോങ് കൊണ്ട് ഒരു ക്യാംപസ് ലൈഫ് അവതരിപ്പിക്കുന്ന ഒരു പ്രോഗ്രാം ചെയ്തു.
ആണായും പെണ്ണായും അഭിനയിക്കുന്നവർ നമ്മുടെ സ്വന്തം പയ്യൻസ് തന്നെ.ഞങ്ങടെ വല്യേട്ടൻ സന്തോഷ്, പ്രാഞ്ചി, ജോജി ഷിന്റോ തുടങ്ങിയവർ ആയിരുന്നു അതിലെ അഭിനേതാക്കൾ എന്നാണ് എന്റെ ഓർമ്മ.പക്ഷെ നായികമാർ ആയി അഭിനയിച്ചത് മീശ വല്ലപ്പോഴും മാത്രം മുളയ്ക്കുന്ന, വെളുത്ത് തുടുത്ത് ചുവന്നിരിക്കുന്ന ഞങ്ങളുടെ പൊന്നോമന കളായ ബിനുവും വിൻസും ആയിരുന്നു.!
"എന്തിനാടാ ചക്കരെ നിന്റെ മുഖത്തീ വളരാത്ത മീശ!!" എന്നും ചോദിച്ചു് "ഞങ്ങൾ ഇത് എടുക്കുവാണേ" എന്നും പറഞ്ഞ് പിള്ളേർ
അവരുടെ മീശയങ്ങു വടിച്ചു.
പുരികമൊക്കെ മഴവില്ലു പോലെ വളച്ചെഴുതി, കണ്ണിൽ ഐ ലൈനർ ഇട്ട്‌ നീറ്റിച്ച് , കാതിൽ പ്രെസ്സ് കമ്മലൊക്കെ ഒട്ടിച്ച്, മാലയൊക്കെ ഇടീച്ച് , വള യൊക്കെ തിരികി കേറ്റി , മിഡിയും ടോപ്പുമൊക്കെ ഇടിച്ച് ഈ ചരക്കുകളെ സ്റ്റേജിൽ കേറ്റി നിർത്തി.ആരു കണ്ടാലും ഒന്നു മോഹിച്ചു പോകും!!.
അവർ ആ സ്കിറ്റ് നല്ലോണം തിമർത്ത് അഭിനയിക്കുകയും അതിലെ പ്രേമ സീനുകൾ പൊളിച്ചടുക്കുകയും ചെയ്തു.
ഈ ഓണ പ്രോഗ്രാമിനെ പറ്റി ഞങ്ങളുടെ ക്ലാസ്സിലെ രഞ്ജിത് കുണ്ടൂർ വനിതയ്ക്ക് റിപ്പോർട്ട് അയച്ചും കൊടുത്ത് ആ പരിപാടി അങ്ങാട് ഫെയിമസ് ആക്കി.
വനിതയിൽ ഫോട്ടോയും റിപ്പോർട്ടും വന്ന ദിവസം ...ക്ലാസ്സ്‌ വിട്ട് ഞാനും പ്രമിതയും നിഷയും കൂടി ചിരിച്ചു മറിഞ്ഞ് വലിയപറമ്പിൽ കൂടി നടന്നു വരികയാണ്.
കടകളിൽ എല്ലാം വനിതകൾ തൂങ്ങി കിടക്കുന്നു.കടക്കാർ മുഴുവൻ ഞങ്ങളെ കണ്ടപ്പോൾ എന്തൊക്കെയോ അടക്കം പറഞ്ഞ് ചിരിക്കുന്നുമുണ്ട്.
"വായേൽ നോക്കികൾ"!!
എന്ന പതിവ് പുച്ഛം രണ്ടു കഷണം അവരുടെ മുഖത്തേക്കെറിഞ്ഞ്‌ അവരെ വക വെക്കാതെ വീട് പിടിച്ചു.
ഞാൻ വീട്ടു മുറ്റത്ത് എത്തിയതും നമ്മടെ അന്നം ടീച്ചർ പുലി മുരുകിയായി എന്റെ മേൽ അമ്പെയ്ത്ത് തുടങ്ങി.
"ഇതിനാണോടി നീ കോളേജിലേക്ക് പോണത്!!കുടുംബത്തിന്റെ മാനം കളയാൻ !!.ഒരുത്തി ഒരുങ്ങി കെട്ടി ഇറങ്ങിയെക്കാ മനുഷ്യന് നാണക്കേടുണ്ടാക്കാൻ!!"
നിന്റെയൊരു ഡാൻസും കൂത്തും!!"
ഇതിപ്പോ എന്താ കഥ!!ഈ അമ്മക്കിത് എന്തു പറ്റി!!"
ഞാൻ പൊളിച്ച വാ പതുക്കെ പൊത്തി മാനത്തേക്ക്‌ എന്റെ രണ്ടു ദൃഷ്ട്ടികളെയും വിട്ടു. അന്നത്തെ ഒരോ നിമിഷത്തെയും ചിക്കി ചികഞ്ഞ് മാന്തി കൊത്തി കീറി....
ഇല്ല.... ഞാൻ അന്ന് ഒരു ചെക്കന്മാരെയും ചീത്ത വിളിച്ചിട്ടില്ല.. ഒരുത്തനുമായി അലമ്പുണ്ടാക്കിയിട്ടില്ല.....പിന്നെയെന്തിന് ഈ സുനാമി ത്തിരകൾ ആർത്തു വിളിച്ചെന്നെ തട്ടി മുട്ടി മുക്കി താഴ്ത്തുന്നു!!
ഞാൻ അമ്മയുടെ വാക്കുകൾ റിവായ്ൻഡ് ചെയ്തു..അതിൽ ഒരു 'ഡാൻസും കൂത്തും' ഇരുട്ടത്ത് ഒളിഞ്ഞിരുന്ന് എന്നെ നോക്കി പല്ലിളിക്കുന്നത് ഞാൻ കണ്ടു.
"ആര് ഡാൻസും കൂത്തും ചെയ്തുന്നാ അമ്മയീ പറയണേ!!??
'അമ്മ ടീപോയിൽ കിടന്നിരുന്ന വനിത എന്റെ നേർക്ക് നീട്ടി.ഇതിൽ ഉണ്ട് നിന്റെ കൂത്ത്!!
ഞാനറിയാതെ എന്റെ കൂത്തെങ്ങനെ വനിതയിൽ!!
ഞാൻ എന്റെ മനസാക്ഷിയെ ദോശ ചുടുന്ന പോലെ തിരിച്ചും മറിച്ചുമിട്ട് പൊള്ളിച്ചു നോക്കി...ഇല്ല ഓർമ്മയുടെ കുമിളകൾ ഒന്നും തന്നെ പൊന്തുന്നില്ല!!,
ഞാൻ ആ വനിത മറിച്ച് മറിച്ച് അതിന്റെ അവസാന ഭാഗം വരെയെത്തി.
കോളേജ് സ്പെഷ്യലിന്റെ ആ പേജിൽ കണ്ടു.... ഞാനേ കണ്ടുള്ളൂ... രഞ്ജിത്തിന്റെ റിപ്പോർട്ട്. അതിന്റെ ഒപ്പം കൊടുത്തിരിക്കുന്ന ആ ഫോട്ടോ..!! ഹോ!! ഞാൻ ഒരു ആൺ കുട്ടിയെ സ്റ്റേജിൽ കെട്ടി പിടിച്ച് ചുംബിച്ചോണ്ടു നിൽക്കുന്നു.!!!
ഞാൻ അമ്മയെ നോക്കി. തീ പാറുന്ന രണ്ട്‌ കണ്ണുകൾ!! ദേഷ്യം കൊണ്ടു വിറക്കുന്ന ചുണ്ടുകൾ. എന്നെ ഓടിക്കാനായി പൊക്കി കുത്തിയിരിക്കുന്ന സാരി......കയ്യിൽ ഊരി പിടിച്ചിരിക്കുന്ന ഒരുവശം തേഞ്ഞ ലുണാർ ചെരിപ്പ്!!
ചതി...വൻ ചതി... !!!
എന്റെ നീല ടോപ്പിട്ട് വെള്ള മിഡിയിട്ട് കൗ ബോയ്‌ തൊപ്പി വെച്ച് പുറകോട്ട് നിന്ന് കെട്ടിപിടിച്ച് ചുംബിക്കുന്നത് ആ പെരുച്ചാഴി അല്ലെ!!...
വിൻസ് !!
പുറകിൽ നിന്നുള്ള ഒറ്റ നോട്ടത്തിൽ ആ ചുംബന സമര നായിക ഞാനായിട്ടെ ഏതൊരാൾക്കും തോന്നുകയുള്ളൂ.!
"എന്റെ അമ്മേ.. അന്നം കുട്ടി... എന്റെ പൊന്നും കട്ടെ... ഇത്‌ നിൻ ഉദരത്തിൽ പിറന്ന കൊളന്തയ് അല്ലയ്‌....ഇത് വേറെ ഏതോ കൊളന്തയ്..!! എൻ ചങ്ക് ബ്രോ.അവന് ഞാൻ എന്റെ ഡ്രെസ്സ് അഭിനയിക്കാൻ വേണ്ടി കടം കൊടുത്തത്!!...തെറ്റിദ്ധരിക്കമാട്ടെ തായെ തെറ്റിദ്ധരിക്കമാട്ടെ !!" എന്നൊക്കെ പറഞ്ഞ് ഒരു വിധം ആ സുനാമി തിരക്ക് ഞാൻ വൻ തടയിട്ടു.!
അന്നാണ് ഞാൻ എന്റെ കോസ്റ്റിയൂമിന്റെ വില തിരിച്ചറിഞ്ഞത്!
കടക്കാരുടെ ആക്കി ചിരിയുടെ പുറകിലുള്ള ആ സത്യം തിരിച്ചറിഞ്ഞത്. തെറ്റിദ്ധാരണയുടെ കനത്ത മനോവ്യഥ തിരിച്ചറിഞ്ഞത്.!
പക്ഷെ എന്നെ തെറ്റിദ്ധരിച്ച എന്റെ അമ്മയടക്കമുഉള്ള എല്ലാ പാപികളോടും ഞാൻ അന്ന് ഒരു നിമിഷം കളയാതെ ക്ഷമിച്ചു. ഓരോരുത്തരെയായി മനസ്സിൽ വിളിച്ചു വരുത്തി ക്ഷമിച്ചു. കാരണം.... എന്തൊക്കെ പറഞ്ഞാലും
തെറ്റിദ്ധാരണ ഒരു പാപം അല്ലല്ലോ!! അല്ലെ?.

Lipi

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot