നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഒപ്പനയും ഞാനും എന്റെ തട്ടവും...

ഒപ്പനയും ഞാനും എന്റെ തട്ടവും...
========================
കഥ നടക്കുന്നത് അഞ്ചാം ക്ലാസിൽ വെച്ചാണ്. എൽ.പി.സ്കൂളിൽ നിന്നും കരകയറി വലിയ സ്കൂളിൽ എത്തിയതിന്റെ സന്തോഷവും ഒരു പൊടിക്ക് അതിന്റെ അഹങ്കാരവും ഒക്കെ ആയി നടക്കുന്ന കാലം.
മാഹിയിൽ മൂപ്പൻസായിവിന്റെ കുന്നിന്റെ
ഭാഗത്തായിരുന്നു മാഹി ഗേൾസ് സ്കൂൾ. ഗേറ്റ് കടന്ന് കയറുമ്പോൾ വലതുഭാഗത്ത് പുതിയ ബ്ലോക്ക് ആണ്. ഇടതു ഭാഗത്ത് നടുമുറ്റം പോലെയൊക്കെ ആയി ഓടിട്ട പഴയ കെട്ടിടവും. രണ്ടു ചെറിയ ഗ്രൗണ്ട് ഉണ്ടായിരുന്നു. പഴയ കെട്ടിടത്തിന് ഗ്രൗണ്ടും പിന്നെ ഒരു ഗാലറിയും ഉണ്ടായിരുന്നു. അതായിരുന്നു എനിക്കേറെ ഇഷ്ടപ്പെട്ടത്. കളിച്ചു മദിച്ചു നടക്കാൻ പറ്റിയ സ്ഥലം.
അങ്ങനെ എൽ.പി സ്കൂളിലെ
മാഞ്ചുവട്ടിൽ നിന്നും എന്റെ കുരുത്തക്കേട് ഈ ഗാലറിയിലേക്ക് പറിച്ചു നട്ടു, ഈ ഞാൻ തന്നെ.
ഈ ഗാലറിയുടെ അതിരൊക്കെ മതിൽ കെട്ടി വേർതിരിച്ചിട്ടുണ്ട്. മതിലിനപ്പുറം ഇടയ്ക്ക് ചില തലകൾ പൊങ്ങി വരുന്നത് കാണാം, മീശ മുളച്ചു വരുന്ന ആൺപ്രജകളുടെ. ഞങ്ങൾ പീക്കിരീസ് 'കള്ളന്മാർ' എന്നും പറഞ്ഞു പേടിച്ചോടും. അതിനൊരു കാരണം ഉണ്ടായിരുന്നു, ആ സ്കൂളിൽ എത്തിയപ്പോൾ കുറെ പ്രേത കഥകൾ കേട്ടു, ആരാ അതിലെ കഥാ നായകൻ എന്നറിയണ്ടേ സാക്ഷാൽ ടിപ്പു സുൽത്താൻ. പണ്ട് ടിപ്പുവിന്റെ പട്ടാളം ഈ മൂപ്പൻ സായിവിന്റെ കുന്നിൽ തങ്ങിയിരുന്നെന്നും ടിപ്പുവും പണ്ട് അവിടെ വന്നിരുന്നെന്നും പറയുന്നത് കേട്ടിട്ടുണ്ട്. ആ ടിപ്പുവിന്റെ പ്രേതം ഇടയ്ക്ക് മൂപ്പൻ സായിവിന്റെ കുന്നിൽ വരാറുണ്ടെന്നും ആ സൈന്യത്തിലെ ചിലരുടെ ആത്മാക്കളെ കണ്ടവർ ഉണ്ടെന്നും ക്ലാസ്സിലെ കൂട്ടുകാരികൾ പറഞ്ഞു തന്നു. അവരൊക്കെ ആ പരിസരവാസികൾ ആയതു കൊണ്ട് ഇതൊക്കെ ഞാൻ അപ്പാടെ വിശ്വസിച്ചു. ടിപ്പുവിനെ കാണാനുള്ള ആഗ്രഹം കൊണ്ട് ഗാലറിയിലെ ഏറ്റവും മുകളിലെ തട്ടിൽ കയറി ആ വലിയ മതിലിൽ വലിഞ്ഞു കയറി ആ കാട്ടിലേക്കും നോക്കി കുറെ നിന്നിട്ടുണ്ട്. അഥവാ ടിപ്പൂന് പകല് വരാൻ തോന്നിയലോ...
പിന്നീടാണ് ഈ ഉയർന്നു വരുന്ന തലകൾ കള്ളനോ പ്രേതമോ ഒന്നും അല്ല എന്നും
താഴെ ബോയ്സ് സ്കൂളിലെ വിരുതന്മാർ ചേച്ചിമാരെ ലൈൻ അടിക്കാൻ വരുന്നതാണ് എന്നും കുറെ നാൾ കഴിഞ്ഞു ഒരു ചേട്ടനെ ടീച്ചർമാർ കയ്യോടെ പൊക്കിയപ്പോൾ ആണ് മനസിലായത്.
പത്താം ക്ലാസ്സിലെ ചേച്ചിമാരെ കാണുമ്പോൾ അവരെ പോലെ വേഗം വലുതായെങ്കിൽ എന്നൊക്കെ ആഗ്രഹിക്കും. വേറെ ഒന്നും കൊണ്ടല്ല, ഞങ്ങൾ പീക്കിരി പിള്ളേരെ ഒന്നും അവർക്ക് വലിയ മൈൻഡ് ഉണ്ടാവില്ല. വേഗം വലുതായാൽ ഇതൊന്നും കാണാണ്ടാലോ. ഞങ്ങളെ ഒന്നും ഒരു വിലയുമുണ്ടാവില്ല ചേച്ചിമാർക്ക്.
അങ്ങനെ ഒരു നവംബർ മാസം,
സ്കൂളിൽ ഏകദിന ബാലകലാമേള അനൗൺസ് ചെയ്തു. ഇതിൽ നിന്നും സെലക്ഷൻ കിട്ടിയാൽ ബാലകലാമേളയിൽ
പങ്കെടുക്കാം. ഞങ്ങൾ മാഹിക്കാർക്ക് യുവജനൊത്സവം ജില്ലാതലം വരെ മാത്രമേ ഉള്ളൂ.
അങ്ങനെ ഏതൊക്കെ ഐറ്റം ഉണ്ടോ അതിനൊക്കെ പേര് കൊടുത്തു. ഡാൻസ് ഐറ്റം ഒപ്പനയും. പദ്യം ചൊല്ലൽ, പ്രസംഗം, മോണോആക്ട് ., ഒന്നും അറിയില്ലെങ്കിലും പേര് കൊടുത്തു, തകൃതിയായി പരിശീലനവും തുടങ്ങി. വീട്ടിൽ എന്റെ അമ്മയുടെ ഉറക്കവും പോയി, അയൽക്കാർക്ക് സമാധാനവുമായി. അടങ്ങി ഒതുങ്ങി കുറച്ചു ദിവസം ഞാൻ വീട്ടിൽ ഇരുന്നതിനു.
അങ്ങനെ പരിപാടി ദിവസം എത്തി. രാവിലെ പദ്യം ചൊല്ലൽ ഒക്കെ ആണ്.
വിറച്ചു കൊണ്ട് സ്റ്റേജിൽ കയറി . മാമ്പഴം പദ്യമാണ് കൂട്ടുകാരുടെ മുന്നിൽ വെച്ചു പാടി കേൾപ്പിച്ചത്. അവരൊക്കെ അതു കേൾക്കാൻ ആകാംക്ഷയിൽ ഇരിക്കുന്നു.
ഞാൻ പറയാൻ തുടങ്ങി.
"മാന്യ സദസ്സിനു വന്ദനം,ഞാനിവിടെ ചൊല്ലാൻ പോവുന്നത്....."
എന്റെ ശബ്ദം വിറച്ചു, പണി പാളി , സംഭവം ഞാൻ മറന്നു പോയി. നിർത്തി ഇറങ്ങിപ്പോയാൽ നാണക്കേടും. കുട്ടികൾ മുഖത്തോട് മുഖം നോക്കുന്നു 'കുഞ്ഞേ തുള്ളാൻ സമയമില്ലിപ്പൊൾ എന്ന പദ്യമാണ്, ചൊല്ലാൻ പോവുന്നത്,
കവിയുടെ പേര് പറഞ്ഞോ എന്നു ഓർമ്മയില്ല,
മൈക്കിൽ കൂടി ഇതു കേട്ടതും കൂട്ടുകാരി ജാസ്മിൻ തലയിൽ കൈവെച്ചു. എന്റെ കൂട്ടുകാരികൾ മുഖത്തോട് മുഖം നോക്കുന്നത് കാണാം, ചിലർ ദേഷ്യപ്പെട്ടു നോക്കുന്നുണ്ട്, ഹൗസ്ടീമിന്റെ ലീഡർ കണ്ണു മിഴിച്ചു പേടിപ്പിച്ചു. ഒറ്റ ശ്വാസത്തിൽ പാടി തീർത്തു ഇറങ്ങിയതും
ഞാൻ ഓടി ക്ലാസ്സിലേക്. പിടി കൊടുത്തില്ല.
അവർ ക്ലാസ്സിൽ എത്തുമ്പോഴേക്കും ഉച്ചയ്ക്ക് ശേഷമുള്ള ഒപ്പനയ്ക്ക് മേക്കപ്പ് ഇടാൻ, മേക്കപ്പ് ഇടുന്ന ചേട്ടന്റെ മുന്നിൽ അടങ്ങി ഒതുങ്ങി വിനയത്തോടെ ഞാൻ ഇരിക്കുന്നതാണ് കണ്ടത്. കുറച്ചു നേരത്തേക്ക് എനിക്ക് രക്ഷ കിട്ടി.
അങ്ങനെ മേക്കപ്പ് കഴിഞ്ഞു, എനിക്ക് മണവാട്ടിയാകാൻ ഭയങ്കര മോഹം, മറ്റൊന്നുമല്ല സ്റ്റെപ് ഒന്നും ഇല്ലാല്ലോ വെറുതെ ഇരുന്നു കൊടുത്താൽ മതിയല്ലോ. പക്ഷെ ആ മോഹം എന്റെ ചെവിക്ക് പിടിച്ചു ഉഷ ടീച്ചർ നുള്ളിക്കളഞ്ഞു.
അങ്ങനെ ഞങ്ങൾ സ്റ്റേജിൽ എത്തി. കർട്ടൻ ഉയർത്താൻ ആയില്ല. എല്ലാരും ഓരോ സ്ഥാനത്ത് നില ഉറപ്പിച്ചു. അന്ന് ഓഡിയോ കാസറ്റ് ആണല്ലോ. കാസറ്റ് പ്ലേ ആവും മുന്നേ കർട്ടൻ ഉയർന്നു, മുന്നിലെ കാഴ്ച കണ്ടു ഞാൻ ഞെട്ടി. സകല ടീച്ചറും കുട്ടികളും കണ്ണും മിഴിച്ചു സ്റ്റേജിൽ നോക്കിയിരിക്കുന്നു. കയ്യും കാലും വിറച്ചു. എന്തും വരട്ടെ കളിക്കാം, ചുണ്ടിൽ നല്ല 100 വോൾട്ടു ചിരിയും വെച്ചു കളി തുടങ്ങി.
ഏകദേശം അവസാന ഭാഗത്തോട് അടുക്കാറായി. അടുത്ത സ്റ്റെപ് മുന്നോട്ട് പോയി തിരിഞ്ഞു പിന്നിലേക്ക് കൈ ഉയർത്തി കൊട്ടിയിട്ടു നടന്നു പോവണം. എല്ലാരും തെക്കോട്ടു കയ്യും കൊട്ടി പോയപ്പോൾ ഞാൻ കയ്യും കൊട്ടി
വടക്കോട്ടേക്ക് പോവുന്നു, എന്റെ തലയിലെ കുഞ്ഞു തട്ടവും പാറി പാറി വടക്കോട്ടേക്ക് പോയി സ്റ്റേജിന്റെ സ്റ്റെപ്പിൽ പോയി വീണു.
വടക്കോട്ട് പോവണോ തെക്കോട്ട് പോവണോ എന്നു അറിയാതെ വായും പൊളിച്ചു നിന്ന എന്നോട് സീത ടീച്ചർ കൈ കൊണ്ട് തട്ടം എടുത്തോ എടുത്തോ എന്നു പറഞ്ഞു കൊണ്ടേ ഇരുന്നു. അതു കണ്ടതും ഒറ്റ ചാട്ടത്തിന് ചാടിയിറങ്ങി തട്ടമെടുത്തു സ്റ്റേജിൽ ഓടി കയറി ഉമ്മൂമ്മമാർ
തട്ടം ചുറ്റി ഇടും പോലെ ഇട്ടു കളി തുടർന്നു.
സ്റ്റേജിൽ നിന്നും ഇറങ്ങിയതും ഗ്രൂപ്പ് ലീഡർ ചേച്ചി പിടിച്ചു വലിച്ചു ക്ലാസ്സിൽ കൊണ്ടു പോയി
"എന്ത് പണിയാ ഇഞ്ഞി കാണിച്ചേ. ഞമ്മക്ക് കിട്ടേണ്ട പോയിന്റ് കുറഞ്ഞില്ലേ ഇഞ്ഞി കാരണം"
"ഇന്നോടാരാ തട്ടം എടുക്കാൻ പറഞ്ഞേ" ജാസ്മിൻ ആണ്. അവൾ ദേഷ്യം പിടിച്ചു നിൽക്കുകയാണ്.
"അതു സീത ടീച്ചർ പറഞ്ഞിറ്റല്ലേ" ഞാൻ തലയും താഴ്ത്തി പറഞ്ഞു
"പൊട്ടത്തി, ടീച്ചർ പറഞ്ഞത് എടുത്തോ എടുത്തോ എന്നല്ല, കളിച്ചോ കളിച്ചോ എന്നാണ്. നിർത്തേണ്ട എന്ന്, മനസിലായോ" ആ ചേച്ചി എന്റെ തലയ്ക്ക് ഒരു കൊട്ടും തന്നു അതു പറയുമ്പോൾ കണ്ണും മിഴിച്ചു വാ തുറന്നു നിൽപ്പായിരുന്നു ഞാൻ ആ തട്ടവും പിടിച്ചു കൊണ്ട്....
അതോടെ സ്റ്റേജിൽ കയറൽ നിർത്തി... (നിർത്തിച്ചു)...
✍️സിനി ശ്രീജിത്ത്

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot