നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

• *ചുരുൾ മുടി *

• *ചുരുൾ മുടി *
“ ഏടി റിനിയേ.. എന്നാ വേഷവാടീ ഇത്..ഈ ആണുങ്ങടെ വേഷവിട്ടാണോടീ കല്ല്യാണത്തിന് വരുന്നെ..”
ബന്ധുവായ റെയ്ച്ചലിൻറെ കല്ല്യാണത്തിന് പോകാൻ ജീൻസും ഷർട്ടും ഇട്ടിറങ്ങാൻ തുടങ്ങിയ റിനിയെ ത്രേസ്യാമ്മച്ചി പുറകീന്നു വലിച്ചു.
“ എൻറമ്മച്ചീ.. ഇതാണുങ്ങടെ വേഷവാന്നു അമ്മച്ചിയോടാരാ പറഞ്ഞെ.. ഇത് പെൺകുട്ടികളുടെ വേഷം തന്നെയാ.. ഇതു ലേഡീസ് ജീൻസും ഷർട്ടുവാ…സംശയമുണ്ടെങ്കിൽ ഇതൊന്നു സെബിനോടിട്ടു കാണിക്കാൻ പറഞ്ഞേ..”
റിനി കുതറി നോക്കി..
“പിന്നേ..ഈർക്കിലു പോലത്തെ നിൻറേതെങ്ങനെ അവനു കേറാനാ..അതിനെങ്ങനാ വയറു നെറഞ്ഞ് വല്ലതും തിന്നണ്ടായോ.. പെമ്പിള്ളേരായാ ഇച്ചിരി വണ്ണവൊക്കെയൊണ്ടേലേ ഒരു ചൊവ്വൊള്ളൂ..”
അമ്മച്ചി വിടാൻ ഭാവമില്ല
“ എൻറെ കൊച്ചേ ബൈബിളേലു വരെ പറഞ്ഞിട്ടൊണ്ട് ആണുങ്ങടെ വേഷവൊന്നും പെണ്ണുങ്ങളും പെണ്ണുങ്ങടെ വേഷവൊന്നും ആണുങ്ങളും ഇടരുതെന്ന്..”
“ആരാ അമ്മച്ചീ അത് പറഞ്ഞേ..എവിടെയാ പറഞ്ഞേക്കുന്നേ..”
.”ആരാ എവിടെയാ എന്നൊക്കെ അറിഞ്ഞിട്ടെന്നാ നീയത് തിരുത്തിക്കാൻ പോണൊന്നുവില്ലല്ലോ…”
“ എൻറെ പൊന്നമ്മച്ചീ..ബൈബിളേലങ്ങനൊന്നും കാണുകേല… അമ്മച്ചി.. ദേയാ രൂപത്തേലേക്കു നോക്കിയേ.. വിരലു കത്രിക പോലെ പിണച്ചു വെച്ച് നിക്കുന്ന ഈശോടേം കൈ കൂപ്പി നിക്കുന്ന മാതാവിൻറേം പടത്തിലെ ഉടുപ്പ് രണ്ടും ഒരേ പോലല്ലേ.. കളറു വിത്യാസവല്ലേയുള്ളൂ… രണ്ടാടേം ഉടുപ്പേലെ ലൗ ചിഹ്നത്തിൻറെ ഡിസൈൻ വരെ ഒരുപോലാ..”
തിരുഹൃദയത്തിൻറെ പടത്തെ ലൗ ചിഹന മാക്കിയത് കേട്ട് സെബിൻ വാ പൊത്തി ചിരിച്ചു.. പടത്തിലു നോക്കി ആലോചിച്ചു നിന്ന അമ്മച്ചീടെ കൈ പതുക്കെ വിടുവിച്ചു റിനി ഓടാൻ നോക്കി..
“അങ്ങനങ്ങു പോയാലോ..”
എത്തി പിടിച്ച അമ്മച്ചിക്ക് കിട്ടിയത് റിനിയുടെ പോണിടെയ്ൽ.
“ എൻറെ മുടീ….മുടീന്നു വിടമ്മച്ചീ..വേദനിക്കണു..” റിനി ചിണുങ്ങി
“ പിന്നേ.. മുടി.. ഇതിനെയൊക്കെ ആരേലും മുടിയെന്നു പറയുവോ.
കുതിര വാലിതിലും ഭേദവാ… അതിനൊക്കെ എൻറെ അന്നക്കൊച്ച്..അമേരിക്കായിലാണേലെന്നാ..ഇപ്പളുവൊണ്ട് മുട്ടറ്റം മുടി..സാരിയിലല്ലാതെ ഞാനവളെ കണ്ടിട്ടേയില്ല…”
“ അവരമേരിക്കയിലെങ്ങനാ നടക്കുന്നേന്നൊന്നും അമ്മച്ചിക്കറിയത്തില്ലല്ലോ..എന്നാ ഒരു കാര്യം ചെയ്യാം..അമ്മച്ചീടെ ഒരു ചട്ടേം മുണ്ടും ഇങ്ങെട്..ഞാനതിടാം.. മതിയോ..”
“ ആ..അതാ ഇപ്പൊ ട്രെന്റ് ചേച്ചീ..” സെബിൻ ചിരിയടക്കാൻ പാടു പെട്ടു.
“ ഓ.. നിനക്കതൊന്നും പാകവാകുകേല..ഈർക്കിലിപരുവവല്ലിയോ..” അമ്മച്ചി കട്ടക്കാണ്
“ റിനി ചേച്ചിയേ.. പപ്പ ഹോണടി തുടങ്ങി.. ഒന്ന് പോയി ഡ്രസ് മാറ്.. അല്ലേലിനി പോവലുണ്ടാവൂല” സെബിൻ പറഞ്ഞു.
“ ശ്ശൊ…എൻറെ റെംഗ്ളേർസിൻറെ ഷർട്ടും ലെവിസിൻറെ ജീൻസും..വെറുതെയല്ല സ്ത്രീകളുടെ സ്വാതന്ത്ര്യം സ്ത്രീകളു തന്നാ കളയുന്നതെന്നു പറയുന്നെ”
മനസില്സാ മനസോടെ ചവിട്ടി ക്കുത്തി റിനി ഡ്രസ് മാറാൻ പോയി.
അമ്മച്ചിക്ക് റിനി ഡയറ്റിംഗ് ചെയ്യുന്നതും മുടി നീട്ടാത്തതും പാന്റും ഷർട്ടും ഇടുന്നതും ഒന്നും ഇഷ്ടമല്ല..അതു കാണുമ്പോൾ തുടങ്ങും അന്നയുടെ വിവരണം. കുറേ വർഷങ്ങൾക്ക് മുമ്പ് അയൽപക്കത്തെ വീട്ടിൽ താമസിച്ചിരുന്നവരായിരുന്നു അന്നയുടെ കുടുംബം.. ഒരു വീടു പോലെ കഴിഞ്ഞവർ..അന്ന പാകത്തിന് വണ്ണവും മുട്ടറ്റം മുടി യും ഒക്കെയുള്ള ഒരു സുന്ദരിയായിരുന്നു.. ത്രേസ്യാമ്മച്ചിയായിരുന്നു അവൾക്ക് എണ്ണ കാച്ചി കൊടുത്തിരുന്നെ.. അത് തലയിൽ തേച്ചു കൊടുത്തിരുന്നതും അവരു തന്നെ ആയിരുന്നു.അന്നയുടെ പപ്പക്ക് സ്ഥലം മാറ്റം ആയപ്പോൾ അവരു വേറെ സ്ഥലത്ത് പോയി..അന്ന കല്ല്യാണം കഴിഞ്ഞ് അമേരിക്കയിൽ പോയി.. നാട്ടിൽ വരുമ്പോൾ ഒക്കെ അവളമ്മച്ചിയെ കാണാൻ വരാറുണ്ട്.
വേറെ നിവൃത്തിയില്ലാതെ റിനി പോയി ചുരിദാർ ഇട്ടു വന്നു.പപ്പാ ഹോണടി തുടങ്ങിയിരുന്നു..
“എന്നാ ഒരുക്കവാടീ ഇത്..മണിക്കൂർ രണ്ടായല്ലോ..കല്ല്യാണപ്പെണ്ണിനു കാണുവേല ഇത്രേം ഒരുക്കം..” മമ്മി കണ്ണുരുട്ടി.
“ ദേ മമ്മിയേ… ഞാൻ വല്ലതും പറഞ്ഞാലൊണ്ടല്ലോ.. ഈ അമ്മച്ചി കാരണവാ..എന്നിട്ടിരിക്കുന്ന നോക്കിയേ..എന്നാ പാവവായിട്ടാന്നു..”
റിനിക്ക് കാലിന്റെ പെരുവിരലീന്നു ദേഷ്യം അരിച്ചു കേറി
കല്ല്യാണവീടെത്തിയപ്പോൾ റിനി പറഞ്ഞു
“ ദേ അമ്മച്ചീ .. ഒരു കാര്യം പറഞ്ഞേക്കാം..കല്ല്യാണചെക്കൻ വല്ല ഷെർവാണിയുവാ ഇട്ടേക്കുന്നെയെങ്കീ ...ഇത് ചുരിദാറാ… പെണ്ണുങ്ങടെ വേഷവൊന്നും പറഞ്ഞു നാണം കെടുത്തിയേക്കരുത്..”
അമ്മച്ചീടെ “ അതെന്തുവാ..” എന്ന ചോദ്യം കാറിന്റെ ഡോർ തുറക്കുന്ന ഒച്ചയിൽ മുങ്ങി പോയി
ചെറുക്കനെന്തായാലും കോട്ടും സ്യൂട്ടും ആയിരുന്നു വേഷം.
പിറ്റേന്ന് രാവിലെ ചാരുകസേരയിൽ ഇരുന്ന് അമ്മച്ചി ശാലോം ടിവി കാണുമ്പോഴാണ് ഫോൺ ബെല്ലടിച്ചത്.
“എടിയേ..ആ ഫോണൊന്നെട്..ചെവിതല കേക്കുന്നില്ല..”
“അമ്മച്ചിക്കെടുത്താലെന്നാ..” റിനിക്ക് തലേ ദിവസത്തെ കലിപ്പ് തീരുന്നില്ല
“ ഞാനെടുത്തിട്ടെന്നാത്തിനാ..എന്തുവായാലും എന്നെയാരും വിളിക്കാനില്ല..”
റിനി പോയി ഫോണറ്റൻഡു ചെയ്തു.
“ അമ്മച്ചിയേ…അമ്മച്ചീടെ സീമന്തപുത്റിയാ…അന്നക്കൊച്ച്.. അമേരിക്കയിൽ നിന്നു വന്നെന്നു..നാളെ പുന്നാര അമ്മച്ചിയെ കാണാൻ വരുന്നൊണ്ടെന്ന് പറയാനാ വിളിച്ചേ..”
“അതേ.. ചേച്ചീ…ഈ സീമന്ത പുത്രി എന്നു വെച്ചാൽ എന്നാ അർത്ഥം..?”
സെബിൻ കറക്ട് സമയത്ത് പ്രത്യക്ഷപ്പെട്ടു
“ പോടാ.. ഞാൻ മാനസപുത്രി എന്നാ ഉദ്ദേശിച്ചത്.. അമ്മച്ചീ…അമ്മച്ചി നോക്കിക്കോ അവരു മുടിയൊക്കെ ബോബ് ചെയ്തു ജീൻസൊക്കെ ഇട്ടാരിക്കും വരിക..”
“ ഒന്നു പോടീ..അതിനെൻറെ അന്നകൊച്ചല്ലാതിരിക്കണം.”
അന്നു രാത്രി സ്വപ്നത്തിൽ മുഴുവൻ അമ്മച്ചി അന്നക്കൊച്ചിൻറെ മുടി ചീകി പിന്നി കൊടുക്കുകയായിരുന്നു.
പിറ്റേന്നു രാവിലെയും ചാരുകസേരയിൽ ഇരുന്ന് ശാലോം ടിവി കണ്ടെങ്കിലും അമ്മച്ചീടെ മനസ് അന്നക്കൊച്ചിൻറെ അടുത്തായിരുന്നു.ഒരു കാറു വന്നു നിന്ന ഒച്ച കേട്ട് അവർ വാതിൽക്കൽ വന്നു നോക്കി.കാറു തുറന്ന് മെലിഞ്ഞു മുടിയൊക്കെ ബോബ് ചെയ്തു ജീൻസും ഷർട്ടും ഒരു ജാക്കറ്റും ഒക്കെ ഇട്ടു ഒരു സ്ത്രീ ഇറങ്ങിയതും”ഇതിൻറെയൊക്കെയൊരു കോലം “ എന്ന് പിറുപിറുത്തു അമ്മച്ചി നേരെ ശാലോമിലേക്ക് മടങ്ങി പോയി..
വന്നവർ അകത്തേക്ക് കയറി..ആ സ്ത്രീ അമ്മച്ചിയുടെ അടുത്ത് വന്നു വിളിച്ചു
“ അമ്മച്ചീ…”
അയ്യോ..എൻറെയന്നക്കൊച്ചിൻറെ പോലത്തെ ഒച്ച..അമ്മച്ചിയവളെ സൂക്ഷിച്ചു നോക്കി..അന്നക്കൊച്ചു മെലിഞ്ഞ പോലൊണ്ട് കാണാനും..ഇതാരാ..മനസിലാവണില്ലല്ലോ
“ നീയേതാ കൊച്ചേ..അന്നക്കൊച്ചിൻറെ ആരേലുവാണോ..!”
“ അമ്മച്ചീ..ഞാൻ…...ഞാൻ അന്നയാ അമ്മച്ചീ..” അവരുടെ സ്വരം ഇടറി.
അമ്മച്ചിക്ക് തല കറങ്ങുന്നത് പോലെ തോന്നി.. ഇതോ..ഇതന്നക്കൊച്ചോ.. ഹേയ് അവളിങ്ങനത്തെ കോപ്രായവൊന്നും കാണിക്കുകേല.. ഇനി റിനിയെങ്ങാൻ പറ്റിക്കാൻ ഒപ്പിച്ച പണിയാണോ..
ആ സ്ത്രീ അമ്മച്ചിയുടെ കൈയിൽ പിടിച്ചു.
“.അമ്മച്ചിക്കെന്നെ മനസിലായില്ലേ..?അമ്മച്ചീടെ അന്നക്കൊച്ച്”
പകച്ചിരിക്കുന്ന അമ്മച്ചിയെ കണ്ടപ്പോൾ റിനിയുടെ കണ്ണു വരെ നിറഞ്ഞു.
ത്രേസ്യാമ്മച്ചി പതുക്കെ എഴുന്നേറ്റു തന്റെ മുറിയിലേയ്ക്ക് പൊയി..ജനലരുകിലെ ചാരുകസേരയിൽ ഇരിക്കുമ്പോൾ മനസ് ഒരു പാട് വർഷം പുറകിലായിരുന്നു.. രണ്ട് ആൺമക്കളായരുന്നു ത്രേസ്യാമ്മച്ചിക്ക്.. ഒരു പെൺകുഞ്ഞിനെ ഒരുക്കാനും, മുടി ചീകിക്കാനും പൊട്ടു തൊടീക്കാനുമൊക്കെയുള്ള ആഗ്രഹം അവരു തീർത്തത് അന്നയിലായിരുന്നു.. പഠിക്കാൻ വേണ്ടി ഹോസ്റ്റലിൽ പോയപ്പോൾ നവധാന്യങ്ങളും അണ്ടിപ്പരിപ്പും ബദാമും ഒക്കെ ചേർത്ത് വറുത്ത് പൊടിച്ചതും തലയിൽ തേച്ചു കുളിക്കുക്കാൻ എണ്ണ കാച്ചി കൊടുത്തതും അമ്മച്ചി തന്നെയാരുന്നു.. നാട്ടിൽ നിന്നും പോയെങ്കിലും അവളിടക്കു വരുമ്പോഴൊക്കെ ഇത്യാദി സാധനങ്ങൾ അവർ കൊടുത്തു വിട്ടിരുന്നു.കല്ല്യാണം കഴിഞ്ഞ് അമേരിക്കയിൽ പോകുന്നതിന് മുമ്പ് അമ്മച്ചിയുടെ അടുത്ത് വന്നപ്പോഴും അമ്മച്ചിയവളെ പിടിച്ചിരുത്തി മുടിയൊക്കെ ചീകി പിന്നിക്കൊടുത്തു.. ഇടക്കു ലീവിനു വരുമ്പോൾ അമ്മച്ചിയെ കാണാൻ മറക്കാറില്ല അവൾ..
കാലിലൊരു സ്പർശനമറിഞ്ഞവർ വികാരങ്ങളിൽ നിന്നും തിരിച്ചു വന്നു.. ഒന്നും കാണാൻ പറ്റുന്നില്ല..ആകെയൊരു മൂടൽ..കണ്ണു തുടച്ചപ്പോഴാണ് താനിത്രയും നേരം കരയുകയായിരുന്നെന്നവർക്കു മനസിലായത്.
“ അമ്മച്ചീ…”
അമ്മച്ചിയുടെ മുന്പിൽ മുട്ടു കുത്തിയിരുന്ന് അന്ന വിളിച്ചു
“ എന്നാലും ..നീയാ മുടിയെന്തിനാടീ പെണ്ണേ കളഞ്ഞേ..എന്നാ കോലവാടീ ഈ കെട്ടിയേക്കുന്നെ…?”
അമ്മച്ചിക്ക് ചോദിക്കാതിരിക്കാനായില്ല.
കുറച്ചു നേരം അമ്മച്ചിയുടെ കണ്ണുകളിൽ നോക്കി ഇരുന്നിട്ട് അവൾ പതിയെ പറഞ്ഞു..
“ മുടി മുറിച്ചതല്ലമ്മച്ചീ.. കീമോ ചെയ്തപ്പൊ പോയതാ..”
വിറക്കാത്ത കൈകളോടെ അവൾ തൻറെ “മുടി” എടുത്തു മാറ്റിയപ്പോൾ വിറച്ചു പോയതമ്മച്ചിയുടെ മനസായിരുന്നു..
അമ്മച്ചിയുടെ മടിയിൽ തല വെച്ചവൾ പറഞ്ഞു
“ മുടിയെല്ലാം പോയി കഴിഞ്ഞും കുളി കഴിഞ്ഞ് ഓർക്കാതെ ചീപ്പെടുത്തു ഞാൻ കണ്ണാടിയുടെ മുമ്പിൽ ഇരിക്കും.. കണ്ണാടിയിലെ എൻറെ രൂപം കണ്ണു നിറഞ്ഞു കാണാതാവുമ്പോൾ.. എനിക്ക് അമ്മച്ചിയെ കാണാൻ തോന്നും…എന്നെക്കാളേറെ എൻറെ മുടിയെ സ്നേഹിച്ചതമ്മച്ചിയായിരുന്നല്ലോ.. ഇനിയും നീട്ടി വച്ചാൽ ഒരു പക്ഷെ ആരെയും കാണാൻ കഴിയില്ല എന്ന് തോന്നിയപ്പോൾ …. ”
പൂർത്തിയാക്കാനാവാതെ പൊട്ടിക്കരഞ്ഞ അന്നയെ കസേരയിൽ നിന്നും ഊർന്നിറങ്ങി വീണ അമ്മച്ചി കെട്ടിപ്പിടിച്ചു… ഹൃദയം മുറിഞ്ഞൊഴുകിയ അമ്മച്ചിയുടെ ചുടു കണ്ണീർ തലയിൽ വീണപ്പോൾ അവൾക്ക് പക്ഷേ കുളിർമയാണനുഭവപ്പെട്ടത്.. നെഞ്ച് കുത്തിപ്പ്റിക്കുന്ന വേദനയിലേക്കമ്മച്ചി അന്നക്കൊച്ചിൻറെ മുഖം ചേർത്തു വെച്ചു… അമ്മച്ചിയുടെ നെഞ്ചിൽ മുഖമമർത്തി അവൾ തേങ്ങി..” മുടി മാത്രമല്ലമ്മച്ചീ….എനിക്ക്….പ..ലതു..മില്ല…”
അമ്മച്ചിയുടെ കൈകളവളെ വരിഞ്ഞു മുറുക്കിക്കൊണ്ടിരുന്നു..
കടപ്പാട്: കഥയുടെ നൂലു കടം തന്ന Alex John ന്

Anisha

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot