നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പൊങ്ങ്

പൊങ്ങ്.
..............
ഉജാല കുപ്പിയിൽ രണ്ട് തുളയിട്ട് പഴയ ഹവായ് ചെരിപ്പ് മുറിച്ച് ചക്രമാക്കി വൾ ചെടീടെ കൊമ്പ് കൊണ്ട് സ്റ്റിയറിംഗുമാക്കിയപ്പോൾ ഉഷാറൊരു വണ്ടിയായി. അൽപം പത്രാസ് കൂട്ടാൻ ടേപ്പ് റൊക്കോർഡറിൽ കുടുങ്ങിപ്പോയ പഴയ കാസറ്റിന്റെ ഓലയുമെടുത്ത് കെട്ടി.. ഇന്നലെ മനഃപൂർവ്വം കാസറ്റ് കുടുക്കിയതോർത്തപ്പോൾ ചുണ്ടിലൊരു കള്ളച്ചിരി വിടർന്നു.. വല്ല്യാപ്പ അറിഞ്ഞാൽ തല്ല് ഉറപ്പ് തന്നെ..
വണ്ടി ഉരുട്ടിയങ്ങനെ പോവുമ്പോൾ കണ്ടു പ്ലാം തോട്ടിൽ വീട്ടിലെ എളോർ മാവിൽ കുല കുലയായി പച്ച മാങ്ങകൾ തൂങ്ങിക്കിടക്കുന്നു.. ചുറ്റും നോക്കിയപ്പോൾ ആരുമില്ല.. നല്ലൊരു കരിങ്കല്ലിന്റെ ചീളെടുത്ത് വലിയൊരു കുല നോക്കി ഉന്നം പിടിച്ചപ്പോൾ ഓർമ്മ വന്നത് ചന്ദ്രമതി ടീച്ചർ ഇന്നലെ പഠിപ്പിച്ച അർജുനന്റെ കഥയാണ്.. ഓൻ ഒരു സംഭവം തന്നെ .. ദ്രോണാചാര്യർ പറഞ്ഞ പോലെ ലക്ഷ്യം മാത്രം നോക്കി വേണം അമ്പെയ്യാൻ.. അത് പോലൊരു അമ്പും വില്ലും കിട്ടിയിരുന്നെങ്കിൽ.. ആലോചിച്ച് നിന്നാൽ മാങ്ങ വീഴൂല.. ചീറിപ്പാഞ്ഞ കല്ല് കുലയിൽ തന്നെ വീണു.. ഒരെണ്ണമൊഴിച്ച് ബാക്കി മാങ്ങയെല്ലാം അതാ കിടക്കുന്നു തടു പിടേന്നു താഴെ..മാങ്ങകൾ പെറുക്കുമ്പോൾ ഏർവാടിയായി പൊഴിഞ്ഞു പോകാൻ പോവുന്ന ആ ഒറ്റ മാങ്ങയെ വിചാരിച്ച് സങ്കടം തോന്നി..
അടുത്ത ലക്ഷ്യം കോയക്കാനെറെ തേങ്ങ പുരയാണ്... തൊള്ളക്ക് നല്ലോണം ഭാഗ്യമുള്ള സ്ഥലമാണത്.. അവിടവിടെ ചുറ്റിപ്പറ്റി നിന്നാൽ പലതുണ്ട് കാര്യം.. പച്ച തേങ്ങ വെട്ടാണേൽ തേങ്ങ വെള്ളോം തേങ്ങാ പൂളും തിന്നാം.. ഉണക്കാനിട്ട കൊപ്പരയെടുത്ത് ചവക്കാം... ഇതൊന്ന്മല്ലാത്ത വേറൊരു ജഗല് സാധനമുണ്ട്.. പഴയ മുള വന്ന തേങ്ങ വെട്ടുമ്പോഴാണ് അത് കിട്ടുക.. തേങ്ങാ പൊങ്ങ്... വെളുത്ത ആപ്പിൾ പോലെ വല്ലാത്തൊരു രസമാണ് തിന്നാൻ..
തേങ്ങാപ്പുരയെത്തിയപ്പോൾ കണ്ടു.. ഗഫൂർക്കാ ഒരു ഭാഗത്തിരുന്ന് തേങ്ങ വെട്ടുകയാണ്. എന്നെ കണ്ടപ്പോൾ മൂപ്പർ വാത്സല്യത്തോടെ ചിരിച്ചു.. വലിയ കൊടുവാൾ കൊണ്ട് ഒറ്റ വെട്ടിന് തേങ്ങ രണ്ട് കഷണങ്ങളാവും.. വെള്ളമൊരു പാത്രത്തിലേക്കും തേങ്ങ കഷണം മറ്റൊരു ഭാഗത്തേക്കും.. ഭയങ്കര വേഗത്തിൽ ചെയ്യുന്ന ഈ പരിപാടി കാണാൻ നല്ല രസമാണ്..
ഗഫൂർക്ക ആ തേങ്ങാ പുരയിലെ പണിക്കാരനാണ്.. കുട്ടികളില്ലാത്ത അയാൾക്ക് എന്നോട് വലിയ സ്നേഹമായിരുന്നു.. തടിച്ചു വെളുത്ത മൂപ്പരെ കാണുമ്പോൾ തേങ്ങാ പൊങ്ങിനെയാണ് ഓർമ്മ വരിക.. അതോണ്ട് കുട്ടികൾ അയാളെ പൊങ്ങിക്കയെന്ന് കളിയാക്കി വിളിക്കും... ആ വിളി കേട്ട് ഗഫൂർക്ക ഉറക്കെ ചിരിക്കും...
അന്നേതായാലും എനിക്ക് നല്ല കോള് കിട്ടി.. വെട്ടിയ പല തേങ്ങയിലും പൊങ്ങുണ്ടായിരുന്നു.. ഇളം മഞ്ഞ കലർന്ന ചെറിയ പൊങ്ങുകൾക്ക് നല്ല മധുരമായിരിക്കും... അധികം വലുതാണെങ്കിൽ കൊള്ളില്ല... തിന്ന് മടുത്തപ്പോൾ ബാക്കിയുള്ളത് പൊങ്ങിക്ക ഒരു പൊതിയാക്കി തന്നു.. ഇതും കൊണ്ട് വീട്ടിൽ ചെന്നാൽ ഇനി ഞാൻ തന്നെ രാജാവ്..
സ്കൂൾ ഉള്ളതോണ്ട് കുറച്ച് ദിവസം കഴിഞ്ഞാണ് പിന്നെ തേങ്ങ പുരയിൽ പോവാൻ പറ്റിയത്.. പൊങ്ങിക്കയെ അവിടെയൊന്നും കണ്ടില്ല.. പകരം മറ്റൊരാളുണ്ട്.. പിന്നീടറിഞ്ഞു പൊങ്ങിക്കക്ക് സുഖമില്ലെന്ന്.. രണ്ടാഴ്ച കഴിഞ്ഞപ്പോൾ ഒരു ദിവസം പളളിയിൽ നിന്ന് മൈക്കിൽ വിളിച്ച് പറഞ്ഞു.. ''ഇക്കണ്ടിയിൽ ഗഫൂർ മരണപ്പെട്ടിരിക്കുന്നു.. മയ്യത്ത് നിസ്കാരം വൈകിട്ട് 4 ന്.." എനിക്ക് സങ്കടം സഹിക്കാൻ പറ്റിയില്ല.. പൊങ്ങിക്കക്ക് ക്യാൻസർ ആയിരുന്നു പോലും...
കോയക്കാനെറ തേങ്ങ പുരയിൽ പല ജാതി തേങ്ങകൾ പിന്നെയും വന്നു.. ദ്വീപ് തേങ്ങയും മണ്ഡരി തേങ്ങയും.. വലുതും ചെറുതും.. പൊങ്ങുള്ളതും ഇല്ലാത്തതും.. ഒന്നിനും മാറ്റങ്ങൾ ഉണ്ടായില്ല..തേങ്ങകൾ വെട്ടി ഉണക്കി കൊപ്പരയായി ലോറികളിൽ കയറിപ്പോയി.. എങ്കിലും.. എനിക്ക് മാത്രം തോന്നി.. എന്തോ ഒരു മാറ്റമുണ്ട്.. പച്ചോല വെട്ടിയതിൽ കൂമ്പാരമാക്കിയിട്ട തേങ്ങാ മുറികൾക്കിടയിലും..ചണച്ചാക്കിൽ നിറച്ച് കെട്ടിയ കൊപ്പരകൾക്കിടയിലും.. വെളുത്ത് തടിച്ച പൊങ്ങുകൾ ഒരു വലിയ ശൂന്യതയെ ഓർമ്മിപ്പിച്ചു കൊണ്ടിരുന്നു.....
- യൂനുസ് മുഹമ്മദ്.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot