Slider

എന്റെ ഡയറിക്കുറിപ്പുകൾ.... ഭാഗം -2

0

എന്റെ ഡയറിക്കുറിപ്പുകൾ.... ഭാഗം -2
---------------------------------------------
നേരം പുലർന്നിരിക്കുന്നു. അമ്പലത്തിലെ പാട്ട് കേൾക്കുന്നുണ്ട്. രാത്രി ഏറേ വൈകിയപ്പോൾ ഒന്ന് മയങ്ങി. ശരിക്കൊന്ന് ഉറങ്ങാൻ പറ്റിയില്ല. വെറുതെ കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടന്നു. പുലർച്ചേ മുത്തശ്ശി കത്തിക്കുന്ന വിളക്ക് ആരാവും കത്തിച്ചത്. അറിയില്ല. മാമന്റെ മക്കളുണ്ട്, മുത്തശ്ശി ഹോസ്പിറ്റലിൽ ആയത് കൊണ്ട് വന്നിരിക്കുന്ന അടുത്ത ബന്ധുക്കളുമുണ്ട്.വീട് മാറികിടന്നത് കൊണ്ടും, ലൈറ്റിന്റെ വെളിച്ചം ഉള്ളത് കൊണ്ടുമായിരിക്കാം അവരും ഉറക്കമില്ലാതെ തിരിഞ്ഞും, മറിഞ്ഞും കിടക്കുന്നത് കണ്ടു.
എഴുന്നേറ്റ് പുറത്ത് വന്നെങ്കിലും വീട്ടിലെ മൗനത്തിനൊന്നും ഒരു മാറ്റവും ഉണ്ടായില്ല. ഇന്നലത്തെ പോലെ തന്നെ. അടുക്കളയിലാണെങ്കിൽ പലഹാരമൊന്നും ഉണ്ടാക്കുന്നുമില്ല. ട്യൂഷന് പോകാനായി ഒരുങ്ങുമ്പോൾ മാമി പറഞ്ഞു ഇന്ന് പോകണ്ട മുത്തശ്ശിക്ക് സുഖമില്ലാത്തതല്ലേ എന്ന്. അടുത്ത വീട്ടിലെ ലക്ഷ്മിയേച്ചി അവരുടെ വീട്ടിൽ നിന്ന് ദോശയും, കറിയും കൊണ്ടുവന്നു. ഞങ്ങൾ കുട്ടികൾ അത് കഴിച്ചു.
അമ്മ മുത്തശ്ശിയെ കാണണം എന്ന് പറഞ്ഞ് വാശി പിടിക്കുന്നു, കരയുന്നുമുണ്ട്. അപ്പോൾ മാമൻ അമ്മയോട് പറയുന്നുണ്ട് ''ഐ സി യു വിലാണ് നീ പോയാലും കാണില്ല എന്തായിത് കുഞ്ഞുങ്ങളെ പോലെ മിണ്ടാതിരുന്നാട്ടേ എന്ന്.'' മാമന്റ ആ പറച്ചിലിലും എന്തോ സങ്കടം ഉള്ളതായി എനിക്ക് തോന്നി.
മുത്തശ്ശിയുടെ കൂടെ ഹോസ്പിറ്റലിൽ മൂത്തമ്മയും, ഒരു മാമനും ഉണ്ട്. ഇടവിട്ടിടവിട്ട് വീട്ടിലുള്ള മാമന് ഫോൺ വരുന്നുണ്ട്. മാമന് എന്തൊക്കെയോ അറിയാം.പക്ഷെ മാമൻ വീട്ടിൽ പെണ്ണുങ്ങളോട് ഒന്നും പറയുന്നില്ല. പുറത്ത് വരാന്തയിൽ ഇരിക്കുന്ന ചേട്ടൻമാരോടൊക്കെ മാമൻ സംസാരിക്കുന്നുണ്ട്.പോണ്ടിച്ചേരിയിലുള്ള മാമനേയും ഫോണിൽ വിളിച്ച് സംസാരിക്കുന്നുണ്ട്. മാമൻ നാട്ടിൽ വരുന്നുണ്ട് എന്ന് പറയുന്നത് കേട്ടു.
ഇന്നലത്തെ പോലെ ബന്ധുക്കൾ വന്ന് പോയി കൊണ്ടിരിക്കുന്നു. പുറത്ത് പോയി കളിക്കാനും പറ്റുന്നില്ല. ആകെ ഒരു മൗനം.ലക്ഷ്മിയേച്ചി ഞങ്ങൾ കുട്ടികളെ എല്ലാവരേയും കൂട്ടി അവരുടെ വീട്ടിലേക്ക് പോയി. വീട്ടിലെ മൗനമായ അന്തരീക്ഷത്തിൽ നിന്ന് ഒരു മാറ്റം. അത് എനിക്ക് ആശ്വാസമായി തോന്നി. കുറച്ച് സമയം മുറ്റത്തും പറമ്പിലും നടന്നു മാമന്റെ മക്കളും വന്നതല്ലേ എല്ലാവരും കൂടിയായപ്പോൾ കളിയും, ചിരിയുമായി സമയം പോയതറിഞ്ഞില്ല.
ലക്ഷ്മിയേച്ചി ഞങ്ങളെ ഭക്ഷണം കഴിക്കാൻ വിളിച്ചു. ഞങ്ങൾ കൈ കഴുകി വന്ന് ലക്ഷ്മിയേച്ചി വിരിച്ച പുൽപായയിൽ നിരന്നിരുന്നു. ലക്ഷ്മിയേച്ചി ഞങ്ങൾക്ക് ചോറ് വിളമ്പി തന്നു. മാമന്റെ മോൾ (പ്രവിദ) പറഞ്ഞു''ഞാനാദ്യം, ഞാനാദ്യം'' എന്ന്. പിന്നെ അങ്ങോട്ട് മത്സരമായി. ഓരോരുത്തരും വേഗം ഭക്ഷണം കഴിച്ചു.ലക്ഷ്മിയേച്ചിയും ഭക്ഷണം കഴിച്ചതിന് ശേഷം ഞങ്ങളെയും കൂട്ടി വീട്ടിലേക്ക് വന്നു. വീട്ടിലെത്തിയപ്പോൾ എല്ലാരും കഞ്ഞി കുടിക്കുന്നുണ്ടായിരുന്നു.
മുത്തശ്ശിയുടെ കണ്ടീഷൻ മോശമാണെന്ന് ആരോ പറയുന്നത് കേട്ടു. കുറച്ച് സമയം കഴിഞ്ഞതിന് ശേഷം മൂത്തമ്മയും, മാമനും കാറിൽ വന്നിറങ്ങി.ഞാൻ നോക്കീട്ട് മുത്തശ്ശിയെ മാത്രം കണ്ടില്ല.മൂത്തമ്മ കരഞ്ഞുകൊണ്ട് വീട്ടിൽ കയറി വന്നു.പിന്നെ കൂട്ടക്കരച്ചിലായിരുന്നു. മുത്തശ്ശി പോയെന്നും പറഞ്ഞാണ് കരയുന്നത്. എനിക്ക് ഒന്നും മനസ്സിലായില്ല. മുത്തശ്ശി എവിടെ പോകാനാണ്.ഇവർ മുത്തശ്ശിയെ കൂട്ടാതെ വന്നിട്ട് എന്തൊക്കെയാ പറയുന്നത്.
ആളുകൾ കൂടുതലായി വന്ന് പോയി കൊണ്ടിരിക്കുന്നു. വന്നവരിൽ ആരോ പറയുന്നുണ്ട് ഇന്ന് രാവിലെ മരിച്ചതാണ് മോൻ പോണ്ടിച്ചേരിയിൽ നിന്ന് പുറപെട്ടിട്ടുണ്ട് നാളെ രാവിലെ എത്തും ബോഡി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. പോസ്റ്റ്മോർട്ടം കഴിഞ്ഞ് നാളെ 2 മണിക്ക് എത്തും എന്ന്.ബന്ധുക്കളിൽ ചിലർ പോകാതെ നിൽക്കുന്നുമുണ്ട്.
അമ്മയും, മൂത്തമ്മയും കിടക്കുന്ന മുറിയിൽ ഭയങ്കര കരച്ചിലും അടുത്ത ബന്ധുക്കളും അവിടെ ഉണ്ട്.ഞാൻ ആ മുറിയിൽ കയറിയപ്പോൾ മുത്തശ്ശി പോയിമോളെ എന്ന് പറഞ്ഞു അമ്മ കരയുന്നുണ്ട്.ഞാൻ അവിടുന്ന് ഒഴിഞ്ഞ് മാറി അടുത്ത മുറിയിൽ പോയി. പിന്നെ ഞാനാമുറിയിൽ കയറിയില്ല. ഞാനും മാമന്റ മക്കളും തൊട്ടടുത്ത മുറിയിൽ കട്ടിലിൽ ഇരുന്നു.വൈകുന്നേരം സ്കൂൾ വിട്ടപ്പോൾ എന്റെ കൂട്ടുകാരികൾ വീട്ടിൽ വന്നു. കുറച്ച് സമയം അവിടെ നിന്നു പിന്നെ അവരുടെ വീട്ടിലേക്ക് പോയി.
ലക്ഷ്മിയേച്ചിയുടെ വീട്ടിൽ നിന്നാണ് കാപ്പിയും, കഞ്ഞിയും ഉണ്ടാക്കുന്നത്. സന്ധ്യ നേരത്തിന് ശേഷം ലക്ഷ്മിയേച്ചി കഞ്ഞി കൊണ്ട് വന്ന് എല്ലാവർക്കും നൽകി. എല്ലാവരും മുറിയിൽ തളർന്നിരിക്കുകയായിരുന്നു. നാളെയാകാൻ കാത്തിരിക്കുകയാണ് ബന്ധുക്കളൊക്കെ.മാമൻ വരുന്നതും മുത്തശ്ശിയെ കൊണ്ടുവരുന്നതും നാളെയാണ്.മുത്തശ്ശിയെ വേഗം ഒന്ന് കാണാൻ എനിക്കും ആകാംക്ഷയായി.
ഒരു മരണവീട്ടിലും ഞാനിതുവരെ പോയിട്ടില്ല. കൂട്ടുകാർ പറഞ്ഞു കേട്ടിട്ടുണ്ട് അവരുടെ മുത്തശ്ശിയും മുത്തച്ഛനും മരിച്ചപ്പോൾ വെള്ളതുണിയിൽ പൊതിഞ്ഞാണ് കിടത്തിയത്, ഉറങ്ങുന്നത് പോലെയാണ് ഉണ്ടാവുക എന്ന്. ഉറങ്ങിക്കിടക്കുന്ന മുത്തശ്ശിയെ വെള്ളതുണിയിൽ പൊതിഞ്ഞിരിക്കുന്നത് മനസ്സിൽ കണ്ടു ഞാനും കിടന്നു. എന്തോ ഒരു പേടി തോന്നി. ഉറക്കവും വന്നില്ല. പ്രവിദ പറഞ്ഞു മുത്തശ്ശി പ്രേതമായിട്ട് വരുമെന്ന്.കട്ടിലിലും, തറയിൽ പുൽപായ വിരിച്ചും എല്ലാരുംമുറിയിൽ നിരന്ന് കിടന്നു .തിരിഞ്ഞും മറിഞ്ഞും കിടന്നു ഉറക്കമില്ലാതെ നേരം വെളുപ്പിച്ചു.
ലക്ഷ്മിയേച്ചി തന്ന ബിസ്ക്കറ്റും കാപ്പിയും കുടിച്ച് മുറിയിൽ തന്നെയിരുന്നു. അപ്പോളേക്ക് ആളുകൾ വീണ്ടും വന്ന് തുടങ്ങി.പോണ്ടിച്ചേരിയിൽ നിന്ന് മാമൻ എത്തി.മാമൻ കയറി വന്നപ്പോൾ കൂട്ടക്കരച്ചിലുയർന്നു. ആളുകൾ വന്ന് കൊണ്ടേയിരുന്നു. തെക്കേ പറമ്പിൽ മുത്തശ്ശിക്കായ് കുഴി ഒരുക്കുന്നതിന്റെ ഒച്ച കേൾക്കുന്നുണ്ട്.
മാമന്റെ സുഹൃത്തുക്കൾ ആരോക്കെയോ കോഴിക്കോട് പോയിട്ടുണ്ട്.ലക്ഷ്മിയേച്ചി ഇടക്ക് കഞ്ഞി വെള്ളവുമായി വന്ന് വേണ്ടുന്നവർക്ക് കൊടുക്കുന്നുണ്ട്. ആളുകൾ തിങ്ങി നിറഞ്ഞു.
ഒരു വണ്ടി വന്ന് നിറുത്തുന്ന ശബ്ദം കേട്ടു .കൂടി നിന്നവർ പറയുന്നത് കേട്ടു എത്തിയിരിക്കുന്നു എന്ന്. പിന്നെ വിളക്കും, കിണ്ടിയും എടുക്കാൻ പറയുന്നത് കേട്ടു.മുത്തശ്ശിയെ കൊണ്ടുവന്ന് നടുമുറ്റത്ത് മേശയിൽ കിടത്തിയിരിക്കുന്നു.
കൂട്ട നിലവിളിയായ് വീട് മുഴുവൻ ആരോക്കെയോ ചേർന്ന് അമ്മയെയും മൂത്തമ്മയെയും കൂട്ടികൊണ്ടു പോയി മുത്തശ്ശിയെ കാണിക്കുന്നു. അടുത്ത ബന്ധുക്കളും പോയി മുത്തശ്ശിയെ കണ്ട് പ്രദക്ഷിണം വച്ച് കാല് തൊട്ട് നെറ്റിയിൽ വെക്കുന്നു. ലക്ഷ്മിയേച്ചിയും, മാമിയും ചേർന്ന് ഞങ്ങൾ കുട്ടികളെ കൂട്ടികൊണ്ടു പോയി മുത്തശ്ശിയെ കാണിച്ചു. ഞങ്ങളും പ്രദക്ഷീണംവച്ച് കാൽതൊട്ട് നെറ്റിയിൽ വച്ചു.
ലക്ഷ്മിയേച്ചിയും മാമിയും കരയുന്നുണ്ട്. മുത്തശ്ശി ആകെ മാറിയിരിക്കുന്നു. മുഖം കറുത്തിരിക്കുന്നു. നെറ്റിയിൽ വെള്ള തുണി തലയടക്കി കെട്ടിയിരിക്കുന്നു.മൂക്കിൽ വെള്ള പഞ്ഞി വച്ചിരിക്കുന്നു. വെള്ളപുതച്ച് ഉറങ്ങിക്കിടക്കുന്ന മുത്തശ്ശിയെ കണ്ടപ്പോൾ ഞാനും കരഞ്ഞു പോയി. ആദ്യമായി ഞാൻ കണ്ട ശവശരീരം എന്റെ മുത്തശ്ശിയുടേതായിരുന്നു.
മുത്തശ്ശിയെ കാണാൻ ആളുകൾ തിക്കും തിരക്കുമാക്കിയപ്പോൾ ആരോ പറയുന്നുണ്ട് കണ്ടവർ മാറി നിൽക്കൂ. തിരക്ക് കൂട്ടണ്ട എല്ലാവർക്കും കാണാം എന്നൊക്കെ. എല്ലാരും പോയി മുത്തശ്ശിയെ കണ്ടതിന് ശേഷം എന്തൊക്കെയോ കർമ്മങ്ങൾ ചെയ്തു. പിന്നെ മുത്തശ്ശിയെ ആളുകൾ ചേർന്ന് എടുത്ത് തേക്കേ പറമ്പിലേക്ക് നടന്നു.
മുകളിലെ റൂമിൽ പോയി ജനാലയിലൂടെ നോക്കിയപ്പോൾ മുത്തശ്ശിയെ കിടത്തി വിറക് വച്ചിരിക്കുന്നു. ആ കുഴിമാടത്തിന് ചുറ്റും മാമൻമാർ നടക്കുന്നു. കർമ്മങ്ങൾ ചെയ്യുന്നതാണെന്ന് പ്രവിദ പറഞ്ഞു.മൂന്ന് തവണ പ്രദക്ഷിണം വച്ചതിന് ശേഷം തീകൊളുത്തി. പുകവരാൻ തുടങ്ങിയപ്പോൾ എല്ലാരും മുറ്റത്തേക്ക് വന്നു.
മുതിർന്ന ഒരാൾ എന്തൊക്കെയോ സംസാരിച്ചതിന് ശേഷം പറഞ്ഞു ഇന്നത്തെ ചടങ്ങുകൾ ഇവിടെ അവസാനിച്ചിരിക്കുന്നു. മൂന്ന് ദിവസം ഇവിടെ നിൽക്കുന്നവർക്ക് നിൽക്കാം. അല്ലാത്തവർക്ക് പിരിഞ്ഞു പോകാമെന്ന്. അത് കേട്ടപ്പോൾ കുറേ ആളുകൾ പിരിഞ്ഞു പോയി.
ലക്ഷ്മിയേച്ചിയും, മാമിയും ചേർന്ന് കാപ്പി ഉണ്ടാക്കി എല്ലാവർക്കും കൊടുത്തു. ഓരോരുത്തരായി കുളിച്ചു വന്നു.അടുക്കളയിൽ ആരോക്കെയോ കഞ്ഞി ഉണ്ടാക്കി.ലക്ഷ്മിയേച്ചി കഞ്ഞി തണിച്ചു എല്ലാരും ആ കഞ്ഞി കുടിച്ചു. ആളുകൾ ഓരോരുത്തർ ഇടവിട്ട് വന്ന് കൊണ്ടിരിക്കുന്നു. രണ്ട് ദിവസമായി ശരിയായ ഉറക്കം ഇല്ലാത്തത് കൊണ്ടാവാം കഞ്ഞികുടിച്ച് മുറിയിൽ കിടക്കുന്നവരൊക്കെ നല്ല ഉറക്കത്തിലാണെന്ന് തോന്നുന്നു. മുത്തശ്ശിയെ കുറിച്ചുള്ള ഓർമ്മകളുമായി ഞാനും കിടന്നു. കഥ പറഞ്ഞ് തരുന്ന മുത്തശ്ശിയുടെ ഓരോ ഭാവങ്ങളും മനസിലൂടെ മിന്നി മാഞ്ഞു കൊണ്ടേയിരുന്നു.
ബേബിസബിന
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo