നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

തെളിഞ്ഞു കാണാം ഇന്നുമാ കണ്ണുകളിൽ.

(കാവ്യാങ്കണം മത്സരം 2018....... മാതൃസ്മൃതി.)
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
തെളിഞ്ഞു കാണാം ഇന്നുമാ കണ്ണുകളിൽ.
ഓലമേഞ്ഞ വീടിന്റെ
ചെരിച്ചുകെട്ടിയ അടുക്കളയുടെ
ഓരത്തു കെട്ടിയ ചായ്പ്പിന്റെ മുന്നിൽ
അടുപ്പ് കൂട്ടാറുണ്ടെന്റുമ്മ.
കാലിയായ കഞ്ഞിക്കലത്തിൽ
പച്ച വെള്ളം നിറച്ച്
അടുപ്പിന് മുന്നിൽ
കരിയിലകൾ കൂട്ടിയിട്ട്
വഴിയിലേക്ക് നോക്കിയിരിക്കും എന്റുമ്മ.
വൈകിയെത്തുന്ന ഉപ്പയുടെ
കൈയിൽ പിടയ്ക്കുന്ന മീനുണ്ടാകും.
ചൂടുള്ള കറിയും ഏട്ട മീനിന്റെ മുട്ടയും
രുചിയില്ലാത്ത റേഷനരിയെ
രുചിയുള്ളതാക്കും എന്റുമ്മ.
വൈകിയെത്തുന്ന അരിയും കാത്ത്
മെടഞ്ഞ ഓലയിൽ മലർന്നു കിടക്കവേ
ആകാശത്തിന് തൂണില്ലാത്തതെന്തെന്ന്
ചോദിക്കാറുണ്ട് ഞാൻ.
ഉത്തരം കിട്ടാത്ത ചോദ്യത്തിന്
'ഉത്തരമുള്ള' വരിക്കച്ചക്കയുടെ ചുള
വായിൽ വച്ച് തന്ന് താരാട്ട് പാടി -
യുറക്കാറുണ്ടെന്റുമ്മ.
വൈകിയെത്തുന്ന ഉപ്പയെ കാത്ത്
വീർത്തവയറുമായിരിക്കുന്ന ഉമ്മ.
ഉപ്പാന്റെ കൈയിലെ പൊതിയിലേക്ക് നോക്കി
എത്ര നെടുവീർപ്പിട്ടിട്ടുണ്ടാകും.
വിശന്ന് തളർന്ന് ചുരുണ്ടുകൂടി -
ക്കിടക്കുന്ന എന്നെ തട്ടിയുണർത്തി,
ചായക്കടയിലെ പഴകിയ ഉണ്ടപ്പൊരി
വായിൽ വച്ച് തരുമ്പോൾ
എത്ര കണ്ണീരൊഴുക്കിയിട്ടുണ്ടാകും എന്റുമ്മ.
വീർത്തവയറിൻ ഭാരം നോക്കാതെ
ആഴമുള്ള കിണറ്റിലെ വെള്ളം
എന്റെ തലയിലൂടൊഴിക്കുമ്പോൾ
എത്ര നിർവൃതി പൂണ്ടിട്ടുണ്ടാകും എന്റുമ്മ.
പെരുമഴക്കാലത്ത് ജോലിക്കായ്
അലയുന്ന ഉപ്പ.
ഓല മേഞ്ഞ കോലായിന്റെ
മണ്ണ് പാകിയ തറയിൽ
രാത്രി ഏറെ വൈകിയും
വഴിക്കണ്ണുമായ് കാത്തിരിക്കുന്നു ഉമ്മ.
നായയുടെ കുര കേട്ട്
എന്നെ വാരിയെടുത്തോടിയത്
ഞാൻ ഉണരാതിരിക്കുവാനായിരുന്നത്രെ.
പട്ടിണിയുടെ പാരമ്യതയിൽ
വീർത്തവയറുമായി
എന്നെയും തോളിലേറ്റി
പാടത്തേക്കിറങ്ങിയത്
ഞാറ് നടുവാനായിരുന്നില്ല,
എന്നെ ഊട്ടുവാനായിരുന്നു.
അന്നെന്റെ സുന്നത്ത് കല്യാണമായിരുന്നു.
അന്നെന്നെ കുളിപ്പിച്ചത് ആരാണെന്നറിയില്ല.
അന്നെന്നെ പുതുവസ്ത്രങ്ങൾ
അണിയിച്ചതും ആരാണെന്നറിയില്ല.
അന്ന് പറമ്പിലെ പൊടിയണ്ണി മരത്തിൽ
കോളാമ്പി സ്പീക്കർ പാട്ട് പാടിയിരുന്നു.
ഞാൻ പുതുവസ്ത്രങ്ങൾ അണിഞ്ഞത്
ഉമ്മ കണ്ടോ എന്നറിയില്ല.
കോളാമ്പിയിലെ പാട്ട് ആരുടെ
കല്യാണത്തിനാണെന്നും അറിയില്ലായിരുന്നു.
പുതുവസ്ത്രങ്ങൾ കാണിക്കാനായി
ഞാൻ ഉമ്മയെ തിരഞ്ഞെങ്കിലും
ആ തിരച്ചിലിന് അധികം ആയുസ്സുണ്ടായിരുന്നില്ല.
ആ ഇരുണ്ട നാലഞ്ചു
മണിക്കൂറുകൾക്കു ശേഷം
ഞാൻ കണ്ണുതുറന്നപ്പോൾ
ആരവമൊഴിഞ്ഞിരുന്നു.
ആളുകളൊഴിഞ്ഞിരുന്നു.
കോളാമ്പിയിലെ പാട്ട് നിലച്ചിരുന്നു.
ഇനി വരാനുള്ള കുഞ്ഞോൾക്ക്
ഉറങ്ങാനുള്ള തൊട്ടിൽ
എന്റെ ശരീരത്തിന് മുകളിലായിസ്ഥാപിച്ചിരിക്കുന്നു.
ഞാൻ ഉണരുന്നതും കാത്ത്
തളർന്ന മുഖവുമായി
താടിക്ക് കൈയും
കൊടുത്തിരിക്കുന്നു ഉമ്മ.
നടുമുറിയിലെ നേരിയ വെളിച്ചത്തിൽ
കണ്ടു ഞാൻ ഉമ്മയെ.
ശക്തമായ വേദനയിലെന്റെ
സങ്കടം അണപൊട്ടിയൊഴുകി.
എന്നെ ആശ്വസിപ്പിക്കാൻ കഴിയാതെ
ഉമ്മയും കരയുകയായിരുന്നോ?.
ഞാനന്ന് പുതുവസ്ത്രങ്ങൾ അണിഞ്ഞത്
മാറി നിന്ന് കണ്ടിട്ടുണ്ടാകും ഉമ്മ.
പക്ഷേ, അന്നാദ്യമായി
ഉമ്മ സന്തോഷിച്ചിട്ടുണ്ടാകും.
അന്നാണല്ലൊ എന്റ വയറ് നിറഞ്ഞത്.
കടുത്ത ദാരിദ്ര്യത്തിന്റെ
അഗാധഗർത്തങ്ങളിൽ
ആണ്ടു പോയ കുടുംബത്തിന്റെ
അടയാളമായിരുന്നു ഞാൻ.
അന്നായിരുന്നു ഞാൻ ആദ്യമായി
കളിപ്പാട്ടങ്ങൾ മാറോടണക്കിയത്.
തെളിഞ്ഞു കാണാം
ഇന്നുമാ കണ്ണുകളിൽ
ദാരിദ്ര്യത്തിന്റെ കുഴിയടയാളങ്ങൾ.
തിരിച്ചുനൽകുവാനാകുമോ
ആ നഷ്ട യൗവ്വനകാലം
മൂന്നര ദശാബ്ദങ്ങൾക്കിപ്പുറം.
ഇല്ല ഇല്ല, എനിക്കാവുകയില്ല.
ഞാനോ മൃതപ്രായനായിരുക്കുന്നു.
ശൂന്യമാണെന്റെ കൈവെള്ള.
ഉമ്മയുടെ കണ്ണുനീരിന്റെ
ഉപ്പുപാടകളാൽ ചിതമ്പലുകളായിരിക്കുന്നു
എൻ ഹൃദയവും.
ഹുസൈൻ എം കെ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot