Slider

നക്ഷത്രക്കണ്ണുള്ള രാജകുമാരി.

നക്ഷത്രക്കണ്ണുള്ള രാജകുമാരി.
എന്റെ കൈത്തലമെടുത്ത് സ്വന്തം മാറിടത്തിലമർത്തി സാറ ചോദിച്ചു
"നിനക്കിവിടെ ഒരു മുഴ തടയുന്നില്ലേ ശീതൾ?”
അവളത് ചോദിക്കുന്നതിനു മുൻപേ എനിക്കത് അനുഭവപ്പെട്ടിരുന്നു. ചെറുതല്ല വലിയ ഒരു മുഴയോ തടിപ്പോ അങ്ങനെ ഒന്ന്.
" നീയിത് ഡോക്ടറെ കാണിച്ചില്ലേ സാറ?”
"ഇല്ല, പക്ഷേ എനിക്കറിയാം ശീതൾ ഇത് അവനാണ്. അവൻ എന്നിൽ കുടുകൂട്ടാൻ എത്തിക്കഴിഞ്ഞു “
" ഡോണ്ട് ബി സില്ലി സാറ, ഇത്രയും പഠിപ്പും വിവരവുമുള്ള നീ തന്നെ ഇങ്ങനെ പറഞ്ഞാൽ “
സ്റ്റോക്ക് മരുന്നിന്റെ ഓഡിറ്റ് എടുക്കുകയായിരുന്ന ഞാൻ അതെല്ലാം അവിടെയിട്ട് എഴുന്നേറ്റു.
സാറ എന്റെ പ്രിയ സുഹൃത്ത്.സ്വതവേ ദുർബലയായിരുന്ന എന്റെ പിറകിൽ ഉറച്ച മനസ്സോടെ എനിക്കെന്നും സപ്പോർട്ട് ചെയ്തിരുന്നവൾ. ഞാനിവിടെ ഈ നാട്ടിൽ വന്ന കാലത്തു തുടങ്ങി ഒരുമിച്ച് ജോലി ചെയ്തിരുന്നവർ.
സാറയും റോബർട്ടും വിവാഹം കഴിച്ചിരുന്നില്ല.അവർക്ക് മക്കളും ഇല്ലായിരുന്നു. എന്നാൽ ഏതൊരു ഭാര്യാഭർത്യ ബന്ധത്തേക്കാളും ആഴത്തിലുള്ള സ്നേഹവും വിശ്വാസവും അവർക്കിടയിൽ ഉണ്ടായിരുന്നു. മക്കളില്ലാത്തതിന്റെ വിഷമം തീർക്കാൻ അവർ ബെൻ എന്നു പേരുള്ള ഒരു പട്ടിക്കുട്ടി യെ എടുത്തു വളർത്തി.
രണ്ടു മൂന്നു ദിവസങ്ങൾക്കു ശേഷം ഒരു ദിവസം രാവിലെ സാറ ഓടി വന്ന് കെട്ടിപ്പിടിച്ചു. ടെസ്റ്റ് നെഗറ്റീവ് ആയി കാണണം ഞാൻ മനസ്സിൽ കരുതി.
"നോക്ക് ശീതൾ, എന്റെ സർജറി തീരുമാനിച്ചു.അടുത്ത ആഴ്ച.ടെസ്റ്റ് പോസിറ്റീവ് ആണ്. “
എനിക്ക് എന്തു പറയണമെന്ന് അറിയാതായി.
"സർജറി കഴിഞ്ഞാൽ ഒരു കോഴ്സ് കീമോ. നീയെന്നെ കാണാൻ വരില്ലേ. മുടിയൊന്നും ഇല്ലാതെ എന്നെക്കാണാൻ നല്ല രസമായിരിക്കും.” സാറ ചിരിച്ചു കൊണ്ട് പറഞ്ഞു നിർത്തി.
ഇവരെന്തൊരു സ്ത്രീയാണ്. സങ്കടപ്പെടാൻ തുടങ്ങിയ ഞാൻ എന്തു പറയണമെന്നറിയാതെ കുഴങ്ങി.
അങ്ങനെ ഒരു ദിവസം സാറയെ കാണാൻ ഞാൻ ചെന്നു. ഒന്നു രണ്ടു മോഡൽ വിഗുകളും കുറച്ച് സകാർഫുകളും ഞാൻ ബാഗിൽ കരുതിയിരുന്നു.
സാറ കണ്ണുകളടച്ച് ഏതോ പാട്ടു കേട്ട് കിടക്കകയാണ്.ശരീരം നന്നായി ശോഷിച്ചിരിക്കുന്നു.തലയിലെ മുടിയെല്ലാം കൊഴിഞ്ഞു പോയിരിക്കുന്നു.എന്റെ കണ്ണുകൾ നിറഞ്ഞു.
കാൽപ്പെരുമാറ്റം കേട്ടിട്ടാവണം സാറ പതുക്കെ കണ്ണുകൾ തുറന്നു. കണ്ണു നിറഞ്ഞ് എനിക്ക് സാറയെ കാണാൻ വയ്യാതായി. എന്റെ കൈകൾ പിടിച്ച് സാറ എന്നെ കട്ടിലിലിരുത്തി.
"നോക്ക് ശീതൾ, ഞാൻ എപ്പോഴും പറയാറില്ലേ നമ്മെ കരയിക്കാൻ നമുക്ക് മാത്രേ പറ്റൂ എന്ന്. കണ്ണുനീരെനിക്ക് ഇഷ്ടമില്ല ശീതൾ നീ നിന്റെ കണ്ണുകൾ തുടയ്ക്ക് “
ഞാൻ കണ്ണുകൾ തുടച്ച് പതുക്കെ പുഞ്ചിരിക്കാൻ ശ്രമിച്ചു.
"നോക്ക് ശീതൾ, റോബ് ഫെയ്സ് ബുക്കിൽ എന്തൊക്കെയോ കുത്തിക്കുറിക്കാൻ തുടങ്ങിയിരിക്കുന്നു. അവൻ പറയുന്നത് അവൻ എന്നേക്കുറിച്ച് ഒരു ബുക്ക് എഴുതുമെന്നാണ്. ഞാൻ മരിച്ചു കഴിഞ്ഞേ എഴുതാവു എന്ന് ഞാനവനോട് പറഞ്ഞിട്ടുണ്ട്. അവനീ അടുത്തൊന്നും അത് എഴുതേണ്ടി വരില്ല. അല്ലേ?”
"നീയൊന്ന് അതെടുത്ത് വായിച്ചു നോക്കു ശീതൾ “
ഞാൻ പതിയെ ഫെയ്സ് ബുക്ക് തുറന്നു.അതിൽ റോബ് എഴുതിയിരുന്നു
"സാറയെക്കുറിച്ചുള്ള എന്റെ ആദ്യ ചാപ്റ്റർ. എന്റെ പ്രിയ രാജകുമാരി അവളുടെ പോരാട്ടം തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. അവളുടെ തിളങ്ങുന്ന നക്ഷത്രക്കണ്ണുകൾ വലിയൊരു പ്രതീക്ഷയിലേക്ക് എന്നെ നയിക്കുന്നു.”
"എന്താണ് റോബ് എഴുതിയത് ശീതൾ?”
" നക്ഷത്രക്കണ്ണുള്ള രാജകുമാരി, അവളുടെ പോരാട്ടം" ഞാൻ ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു.
"എന്റെ മൊട്ടത്തല കണ്ടില്ലേ ശീതൾ, എനിക്കിത് വല്ലാതെ ഇഷ്ടപ്പെട്ടു.തലയിൽ നിന്ന് വലിയ ഒരു ഭാരം പോയ പോലെ. നീ റോബിനെ കണ്ടോ? അവനും തല മൊട്ടയടിച്ചിരിക്കുന്നു"
തിരിച്ചു പോരുമ്പോൾ ഞാൻ കൊണ്ടുപോയ വിഗുകളും സ്കാർഫുകളും വെയ്സ്റ്റ് പെട്ടിയിലേക്കെറിഞ്ഞു കളഞ്ഞു ഞാൻ.
കുറച്ചു ആഴ്ചകൾക്കു ശേഷം റോബിന്റെ അടുത്ത ചാപ്റ്റർ ഫെയ്സ് ബുക്കിൽ പ്രത്യക്ഷപ്പെട്ടു.
"ക്യാൻസർ അവന്റെ കൈകൾ സാറയുടെ തലച്ചോറിലേക്കും നീണ്ടിരിക്കുന്നു. ഒരു സർജറി അത്യാവശ്യം.എങ്കിലും എന്റെ രാജകുമാരി പൊരുതാനുറച്ചിരിക്കുന്നു. അവൾ ഒരു പോരാളി തന്നെ.”
ഞാൻ സാറയെ കാണാൻ ചെന്നു.
"നോക്ക് ശീതൾ, കുറച്ചു മുമ്പ് ഞാനിതു ശ്രദ്ധിച്ചിരുന്നെങ്കിൽ ഞാനവനെ നിഷ്പ്രയാസം കീഴ്പെടുത്തിയേനെ. ഞാൻ ശ്രദ്ധിച്ചില്ല ശീതൾ അവൻ നുഴഞ്ഞു കയറിക്കഴിഞ്ഞു. എങ്കിലും ഞാനവനെ അങ്ങനെ വെറുതെ വിടില്ല ശീതൾ “
സാറയ്ക്ക് ആത്മവിശ്വാസം കൊടുക്കാൻ പോയിക്കൊണ്ടിരുന്ന ഞാൻ അവളിൽ നിന്നും വല്ലാത്ത ഒരു പോസറ്റീവ് എനർജിയോടെ ഓരോ പ്രാവശ്യവും തിരിച്ചു വന്നു കൊണ്ടിരുന്നു.
മാസങ്ങൾ വർഷങ്ങൾ കടന്നു പോയി.റോബിന്റെ പല അപ്ഡേറ്റുകളും ഫേയ്സ് ബുക്കിൽ പ്രത്യക്ഷപ്പെട്ടു കൊണ്ടിരുന്നു. സാറക്ക് ആശുപത്രി വീടു പോലെയായി. അവിടെ നടക്കുന്ന തമാശകൾ, സങ്കടങ്ങൾ, ആത്മ സംഘർഷങ്ങൾ എല്ലാം റോബ് ഫെയ്സ് ബുക്കിലൂടെ ലോകത്തോട് പറഞ്ഞു കൊണ്ടിരുന്നു.
മരണത്തെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാടു തന്നെ സാറ മാറ്റിക്കളഞ്ഞു.
ഒരിക്കൽ സാറ ചോദിച്ചു
" മരണാനന്തര ജീവിതത്തിൽ നിനക്ക് വിശ്വാസമുണ്ടോ ശീതൾ '’
"ഇല്ല സാറ, നമ്മുടെ സന്തോഷവും സങ്കടവും നമ്മൾ ഈ ജന്മത്തിൽ തന്നെ ജീവിച്ചു തീർക്കണം" ഞാൻ മറുപടി പറഞ്ഞു.
"ശരിയാണ് ശീതൾ, അങ്ങനെയെങ്കിൽ മരിക്കുന്നതു വരെ നമ്മൾ സന്തോഷത്തോടെ ജീവിക്കണം. എല്ലാവരും മരിക്കും ഇന്നോ നാളെയോ. നമ്മൾ മരണത്തെ എങ്ങനെ സമീപിക്കുന്നു എന്നതിനാണ് പ്രാധാന്യം. ഭീരു പല പ്രാവശ്യം മരിക്കുന്നു ശീതൾ. നീ കേട്ടിട്ടില്ലേ?" ഒരു തത്ത്വജ്ഞാനിയെ പ്പോലെ സാറ പറഞ്ഞു കൊണ്ടിരുന്നു.
മൂന്നു വർഷങ്ങൾക്കു ശേഷം ഒരു ഡിസംബർ. സാറക്ക് വളരെ ഗുരുതരമാണെന്ന് റോബിന്റെ ഫെയ്സ് ബുക്ക് പേജിലൂടെ അറിയാൻ കഴിഞ്ഞു.
സാറയെ കാണാൻ പിന്നേയും ചെന്നു. സാറക്ക് കാഴ്ചക്ക് മങ്ങലേറ്റിരുന്നു. വാക്കുകൾക്ക് വിറയൽ ബാധിച്ചിരുന്നു. എന്റെ കൈകളിൽ പിടിച്ച് സാറ പറഞ്ഞു.
" ശീതൾ എനിക്ക് പോകാൻ നേരമായിരിക്കുന്നു. എങ്കിലും തോറ്റു കൊണ്ടല്ല. എന്റെ ചുറ്റും ഓടിത്തളർന്ന് കിതച്ചു കൊണ്ടിരിക്കുന്ന അവനെ നീ കാണുന്നില്ലേ. ഞാനല്ലേ അവനെ തോൽപ്പിച്ചത്?”
"അതെ സാറ, ഞാൻ കണ്ടതിലേക്കും വച്ച് ഏറ്റവും വലിയ പോരാളിയാണ് നീ" ഞാനവളുടെ നെറ്റിയിൽ ഉമ്മ വച്ചു.
വരാന്തയിലെ കൈവരിയിൽ പിടിച്ച് പുറത്തേക്ക് നോക്കിയിരുന്ന റോബിനോട് ഞാൻ സംസാരിച്ചില്ല.
പിറ്റേ ദിവസം റോബിന്റെ അവസാന അദ്ധ്യായം ഞാൻ ഫെയ്സ് ബുക്കിൽ വായിച്ചു.അതിങ്ങനെയായിരുന്നു.
"സാറയെ കുറിച്ചുള്ള എന്റെ അവസാന ചാപ്റ്റർ. എന്റെ നക്ഷത്രക്കണ്ണുള്ള രാജകുമാരി ഇന്ന് രാവിലെ മരണത്തെ പുൽകിയിരിക്കുന്നു. മരണത്തെ പുഞ്ചിരിയോടെ നേരിട്ട പോരാളി.എന്റെ കൈകളിൽ പിടിച്ച് ബെനിനെ തലോടി വളരെ ശാന്തമായി അവൾ ഈ ലോകത്തിൽ നിന്നും യാത്ര പറഞ്ഞ് പോയിരിക്കുന്നു.”
അതെ നമ്മളാണ് മരണത്തെ തോൽപ്പിക്കേണ്ടത്, ചിരിച്ചു കൊണ്ട് ശാന്തമായി.
( സമർപ്പണം: ക്യാൻസറിനെ തോൽപ്പിച്ചു ജയിച്ച, പൊരുതി മരണത്തെ പുൽകിയ എല്ലാ പോരാളികൾക്കും)
✍️ Dinda Jomon.
both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo