Slider

ആയമ്മ

0
Image may contain: 1 person, closeup


- - - - - - - - - -
ദിവസങ്ങളായി തോരാതെ പെയ്യുന്ന മഴയായിരുന്നു. ഒന്ന് പുറത്ത് ഇറങ്ങാൻ പോലുമാവാതെ മുറിയിൽ തന്നെ അവൾ ഒതുങ്ങി കൂടി.
ഈയിടെയായ് ഉറക്കകുറവ് അതൊരു പതിവായിരിക്കുകയാണ്.
പുറത്ത് മഴ ആർത്ത് തിമർക്കുമ്പോൾ കരിമ്പടം പുതച്ചങ്ങനെ ദിവാസ്വപ്നവും കണ്ട് കിടന്ന് എപ്പോഴോ നിദ്രയുടെ ലോകത്തേക്ക് വഴുതി വീഴുന്ന പകൽനേരങ്ങൾ. അത്കൊണ്ട് തന്നെ രാത്രിയിലെ ഉറക്കമില്ലായ്മയെ വലിയൊരു കാര്യമായി എടുക്കാറുമില്ല.
പുലർച്ചേ അമ്പലത്തിൽ നിന്ന് ഉള്ള രാമായണ പാരായണം കേട്ടുകൊണ്ട് ആ ദിവസത്തിനും തുടക്കം കുറിച്ചു. അയൽ വീടുകളിൽ നിന്നും ഒന്നൊന്നായി തെളിഞ്ഞു വന്ന വെട്ടവും അടക്കം പറച്ചിലും കേട്ട് മുറിയിൽ നിന്ന് അവൾ പുറത്തേക്കിറങ്ങി.
മക്കളും മരുമക്കളുമായി ഓരോ വീടുകളിലെയും അംഗസംഖ്യയും കൂടി കൂടി വന്നു കൊണ്ടിരുന്നു.കൂടി ചേരലിന്റെയും ഒത്തൊരുമയുടെയും നല്ലൊരു ദിനം എന്ന് വിളിച്ചറിയിക്കുന്ന രീതിയിലുള്ള കാഴ്ചകളായിരുന്നു ആ ചുറ്റുപാടുകളിൽ.
മൺമറഞ്ഞു പോയ പിതാമഹൻമാർക്ക് ഒരുരുള പിണ്ഡച്ചോർ നിവേദിക്കാനായി ധൃതികൂട്ടുന്ന മക്കളും മരുമക്കളും.
ബലിതർപ്പണത്തിന് മാത്രമായിട്ടെന്നോണം പ്രകൃതിയും കനിവു കാട്ടിയതാവാം. മഴ പാടേ വഴി മാറി. ആകാശം പതിയെ പതിയെ തെളിഞ്ഞു വന്നു.
അമ്മുവിന് എല്ലാം പുതുമ നിറഞ്ഞ കാഴ്ചകളായിരുന്നു. ഏറേ കൗതുകത്തോടെ അവളും ഓരോന്നും നിരിക്ഷിക്കുകയും ആസ്വദിക്കുകയും ചെയ്തു.
വിദേശത്ത് ജോലി ചെയ്യുന്ന അച്ഛനും അമ്മയും. കുഞ്ഞുനാളിലെ അവളെയും ആലോകത്തേക്ക് പറിച്ചുനടുകയായിരുന്നു. നാടും നാട്ടാരും അവൾക്ക് തികച്ചും അന്യമായിരുന്നു. തറവാട് വീട്ടിലെ ആ ദിനങ്ങൾ ഏറേ ആനന്ദകരമായി അവൾക്ക് തോന്നി.
ഈ സമയത്ത് തനിക്ക് കിട്ടാവുന്നതിൽ വച്ച് ഏറ്റവും സന്തോഷകരവും ഓഫീസ് തിരക്കുകളെ അപേക്ഷിച്ച് സമാധാനപരവുമായ ചുറ്റുപാടും വല്യമ്മയുടെ സ്നേഹവായ്പും കൂടി ആയപ്പോൾ ഒരു സ്വർഗം തന്നെയായി ആ വീട്.
ബാലു വിളിച്ചപ്പോഴോക്കെ തനിക്കിവിടം സ്വർഗമാണെന്ന് നൂറാവർത്തി പറഞ്ഞു കഴിഞ്ഞു. അതിൽ ബാലുവും സംതൃപ്തനായിരുന്നു. സ്നേഹനിർഭരമായ ആ ചുറ്റുപാടിൽ തന്നെ തന്റെ കുഞ്ഞ് പിറക്കട്ടെ എന്നവനും ഏറേ ആശിച്ചു.
ബലിതർപ്പണവും കഴിഞ്ഞ് സദ്യയ്ക്കുള്ള ഒരുക്കങ്ങൾ കൂട്ടുന്നതിനിടയിലാണ് ആയമ്മ അത് വഴി വന്നത്. ആയമ്മയെ കണ്ടപ്പോൾ തന്നെ ശാരദാപ്പച്ചി ഓടി വന്ന് സ്വീകരിച്ചിരുത്തി.
'അമ്മാളു അമ്മേ ഇന്നത്തെ ചോറ് ഇവിടുന്നാകാം'
ഇങ്ങനെ പറഞ്ഞ് ശാരദാപ്പച്ചി അടുക്കളയിലേക്ക് പോയി. സദ്യയുടെ ഒരുക്കങ്ങൾക്ക് തിടുക്കം കൂട്ടി.
പിന്നെ വല്യമ്മയും ആയമ്മയും തമ്മിലുള്ള സംഭാഷണത്തിന്റെ കെട്ടയിക്കുകയായിരുന്നു.
'മ്മളെ അമ്മൂട്ടിനെ കാണണം ന്ന് നീരിച്ചാ ഇങ്ങോട്ട് കേറിയെ'
'മാസം തേഞ്ഞു നിക്കണ കുഞ്ഞല്ലേ
കടിഞ്ഞൂകാരത്തിയാ ഒന്നും അങ്ങട് തിരുവാടില്ല'
'ഇടക്കിടെ വിളിച്ചോണ്ടിരിക്യാ.
ഇന്ന് കറുത്തവാവാ. നൊമ്പരം കിട്ടാനേതു ഒന്നും വേണ്ട.'
'ഇന്നത്തേടം കഴിഞ്ഞു കിട്ടട്ടേ'
'കറുത്ത പക്ഷവും പോരാഞ്ഞിട്ട് പൂയ്യം നക്ഷത്രവും.'
'വടക്കേലേ ശാന്ത രണ്ടാമത്തെ ചെക്കനെ പെറ്റത് പൂയ്യം നക്ഷത്രത്തിലാ.'
'കറുത്ത പക്ഷം
ചെക്കന് വയസ് മൂന്നായപ്പോ ചെക്കന്റ കാരണോർ വണ്ടി തട്ടി ചത്തേ.'
'ചെക്കൻ അരയോളം വണ്ണം ആയേര്യയാ അച്ഛനും ചത്തേ.'
'എന്ത് അന്ധവിശ്വാസാ അമ്മളു അമ്മേ ഇങ്ങളി പറയുന്നേ'
എന്ന് ശാസന കലർന്ന സ്വരത്തിൽ വല്യമ്മ പറഞ്ഞെങ്കിലും ആശയുടെയും ആനന്ദത്തിന്റെയും പൂത്തിരി കത്തികൊണ്ടിരുന്ന കണ്ണുകളിൽ വിഷാദത്തിന്റെ കാളിമ പടരുന്നത് അവളറിഞ്ഞു.
അമ്മാളു അമ്മ എന്നായിരുന്നു അവരുടെ പേര്.നാട്ടിലെ എന്തൊരു ആഘോഷമായാലും ആയമ്മയുടെ അഭിപ്രായത്തിനായിരുന്നു മുൻതൂക്കം.
ആ നാടിന്റെ സന്തോഷത്തിലും ദുഃഖത്തിലും ഒരുപോലെ പങ്ക് ചേരുകയും പരോപകാരിയും ആയിരുന്നു ആയമ്മ.
സ്നേഹത്തോടെയും വാത്സല്യത്തോടെയും പരിസരവാസികൾ വിളിച്ചിരുന്നത് ആയമ്മ എന്നായിരുന്നു. ആ വിളിയിൽ സന്തോഷവതിയായിരുന്നു ആയമ്മ.
പണ്ടേങ്ങോ ആ നാട്ടിൽ ജോലി തേടി വന്നതായിരുന്നു രാമുണ്ണി.കൂടെ ഭാര്യയും ഒരു മോനും. ഒരു കൊച്ചു വീട് വാങ്ങി അവർ ആ വീട്ടിൽ താമസിച്ചു പോന്നു. മകൻ വളർന്ന് ജോലി തേടി വിദേശത്തേക്ക് പോയി. വിവാഹവും കഴിച്ച് കുടുംബത്തോടൊപ്പം താമസിക്കുന്നു. വർഷത്തിൽ വിരുന്നു വരുന്ന അഥിതി മാത്രമായിരുന്നു മോനും കുടുംബവും.
കാലങ്ങൾക്ക് ശേഷം രാമുണ്ണിയും മറ്റൊരു ലോകത്തേക്ക് യാത്രയായപ്പോൾ തനിച്ചായി പോയ ആയമ്മ ചുറ്റുപാടുള്ള വീടുകളിൽ തന്നാലാവുന്ന വിധം സഹായങ്ങളൊക്കെ ചെയ്തു വന്നു. ആ നാട്ടിലെ ഏത് വീട്ടിൽ ആയാലും ആയമ്മയ്ക്കുള്ള ഭക്ഷണം എന്നും കരുതിയിരിക്കും.
അത്യാവശ്യ വേളകളിൽ പരിസരവാസികൾക്ക് ഒത്ത് കൂട്ടുപോകാനും ജോലിക്ക് പോകുന്നവർ ഏൽപിച്ച് പോകുന്ന കുഞ്ഞുങ്ങളെ സ്നേഹത്തോടെയും ലാളനയോടെയും പരിപാലിച്ചും ഒറ്റപെടലിന്റെ നോവു പോലും അറിയാതെ ആ നാടിന്റെ ആയമ്മയായി അവർ കഴിഞ്ഞു.
സമൂഹത്തിലെ മുതിർന്ന സ്ത്രിയും അനുഭവസ്ഥയും ആയത് കൊണ്ട് ആ യമ്മയുടെ വാക്കുകൾക്ക് കുറച്ചൊന്നുമല്ല വില കൽപ്പിച്ചിരുന്നത്. ആയമ്മയുടെ കണക്ക് കൂട്ടലുകളൊന്നും ഒരിക്കലും പിഴക്കാറുമില്ല.
ശാരദാപ്പച്ചിയും വല്യമ്മയും മുഖാമുഖം നോക്കുന്നതും ആ മുഖങ്ങളിൽ ഭീതി പടരുന്നതും കണ്ട ആയമ്മ വീണ്ടും വീണ്ടും പറഞ്ഞു കൊണ്ടിരുന്നു.
'എല്ലാം ജോഗം പോലങ്ങ് നടക്കും.
കാവിലമ്മക്ക് ദീപം നെറത്താൻ ഞാനങ്ങ് നേർന്നിന്.'
'ഇന്നങ്ങ് കഴിഞ്ഞ് മൊടക്കോംന്നും ഇല്ലാതെ ന്റെ അമ്മൂട്ടിന്റെ കൊടലൊഴിഞ്ഞാമതിയാർന്നു .'
ആയമ്മയുടെ പ്രാർത്ഥന പോലെ ആ ദിവസവും കടന്ന് പിറ്റേന്നാൾ അമ്മൂട്ടി ഒരാൺകുഞ്ഞിന് ജന്മം നൽകി.
ബേബിസബിന
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo