Slider

കുഞ്ഞുങ്ങൾ

0
Image may contain: 1 person, smiling, fire and night

"ടീച്ചർ മാത്രം എന്താ എന്റെ കുറ്റങ്ങളൊന്നും പറയാതിരുന്നേ?"
ചില്ലുപെട്ടിയിൽ മരിച്ച് മരവിച്ച് കിടക്കുന്ന ആ കുഞ്ഞു ശരീരം കാണാനുള്ള കരുത്തെനിക്ക് ഇല്ലായിരുന്നു. ഒന്നു പൊട്ടിക്കരയണമെന്ന് തോന്നി.സാരിത്തലപ്പ് കൊണ്ട് മുഖം മറച്ച് അവിടുന്ന് നടന്നു നീങ്ങിയപ്പോഴും അവന്റെ ശബ്ദം മാത്രമായിരുന്നു കാതിൽ.
ടീച്ചർ മാത്രം എന്താ എന്റെ കുറ്റങ്ങളൊന്നും പറയാതിരുന്നേ?
രാവിലത്തെ ഇന്റർവെല്ലിന് സ്റ്റാഫ് റൂമിലേക്ക് എന്നെ തേടി വന്ന യദുവിന്റെ കണ്ണുകൾ അപ്പോഴും നിറഞ്ഞൊഴുകുന്നുണ്ടായിരിന്നു..
"ബാ, നീ ഇവിടിരിക്ക് "
സ്നേഹത്തോടെ അവന്റെ കൈയ്യിൽ പിടിച്ച് ,അടുത്തുള്ള കസേരയിലേക്ക് ഇരുത്തി. കൈയിലൊക്കെയും അടി കൊണ്ട് ചുവന്ന് കല്ലിച്ച പാടുകൾ.തോരാത്ത കണ്ണുനീർ അവന്റെ കവിളിലൂടെ ഒഴുകിക്കൊണ്ടേ ഇരുന്നു. ആരോടും കൂട്ടുകൂടാത്ത, ചിരി വിരിയാത്ത ആ കുഞ്ഞു മുഖം കുറേ നാളുകളായ് മനസിൽ വല്ലാത്തൊരു മുറിവ് ഉണ്ടാക്കിയിട്ട്. അതോണ്ട് തന്നെയാവും അവനെ വേദനിപ്പിക്കാൻ മനസ് അനുവദിക്കാഞ്ഞത്.
"മോനെ ആരാ ഇങ്ങനെ തല്ലിയെ?"
"അമ്മ"
എന്റെ മുഖത്തേക്ക് നോക്കാത്ത അവൻ പറഞ്ഞ് ഒപ്പിച്ചു.
കൂടുതൽ എന്തെങ്കിലും ചോദിക്കാൻ അന്നേരം തോന്നിയില്ല. അല്ലെങ്കിൽ തന്നെ കൂടുതൽ ചോദിച്ചവനെ കുത്തിനോവിക്കുന്നതിൽ അർത്ഥം ഇല്ലല്ലോ.
ഇന്നലത്തെ പാരന്റ്സ് മീറ്റിംഗിൽ അവന്റെ കുഞ്ഞുകുഞ്ഞു കുറവുകൾ വരെ പെരുക്കി പറഞ്ഞ് മറ്റു മാതാപിതാക്കളുടേയും അധ്യാപകരുടേയും മുന്നിൽ വച്ചവനെ കോമാളിയാക്കി ഞെളിഞ്ഞ് നിന്ന റീത്ത ടീച്ചറുടെ കരണം നോക്കി ഒന്നു പൊട്ടിക്കാൻ തോന്നിയിരുന്നു.. എന്റെ സഹപ്രവർത്തകയും സീനിയർ അധ്യാപികയും ആയിപ്പോയി ഇല്ലേൽ രണ്ട് വാക്ക് പറഞ്ഞേനെ. അതെങ്ങനാ എണ്ണി വാങ്ങുന്ന ശമ്പളത്തിൽ മാത്രമാണല്ലോ അവരുടെ കണ്ണ്.
ചില അധ്യാപകർ അങ്ങനെയാ കുഞ്ഞുങ്ങളുടെ മനസ്സ് വേദനിപ്പിച്ച് ആനന്ദം കണ്ടെത്തുന്നവർ. രണ്ട് അടി കൊടുത്താൽ ആ വേദന കുറച്ച് കഴിഞ്ഞ് പോകും, പക്ഷെ അനാവശ്യമായി അപമാനിക്കുമ്പോൾ കുഞ്ഞു മനസിനേൽക്കുന്ന ആഘാതമുണ്ടല്ലോ അത് ഒരിക്കലും മാറില്ല.. .
"ടീച്ചറെന്താ എന്നോടൊന്നും മിണ്ടാത്തെ "
എന്റെ ചിന്തകളെ തടഞ്ഞു കൊണ്ടവൻ ചോദിച്ചു.
" ഒന്നുല്ല മോനെ, നീ വിഷമിക്കണ്ടാട്ടോ ,നന്നായ്ട്ട് പഠിച്ച്
മിടുക്കനായാൽ ആരും നിന്നെ വഴക്ക് പറയില്ലാട്ടോ. ഇന്നലെ റീത്ത ടീച്ചർ പറഞ്ഞതൊന്നും മനസിൽ വയ്ക്കണ്ട. മോന്റെ അമ്മയെ ഞാൻ വിളിച്ച് സംസാരിച്ചോളാം "
അവന്റെ കൈയ്യിൽ പതുക്കെ തലോടി ആശ്വസിപ്പിച്ചപ്പോൾ ചെറിയൊരു ചിരി ആ ചുണ്ടിൽ വിരിഞ്ഞു.
" ഞാൻ ശ്രമിക്കാത്തതുകൊണ്ട് അല്ല ടീച്ചറെ ,എന്നെ കൊണ്ട് പറ്റുന്നില്ല"
നിരാശയോടെ ആ മുഖം മങ്ങിത്തുടങ്ങി.
"ഹാ, സാരുല്ലന്നെ. പറ്റുന്ന പോലെയൊക്കെ മതിന്നെ. ഇനി എന്തു വിഷമം ഉണ്ടേലും എന്നോട് വന്ന് പറയണേ."
ഒരു വിധം സമാധാനിപ്പിച്ച് അവനെ ക്ലാസിലേക്കയച്ചു. പഠനവൈകല്യം നേരിടുന്ന അവനെപ്പോലുള്ള കുഞ്ഞുങ്ങൾ പലപ്പോഴും ക്ലാസ് മുറികളിലും മീറ്റിങ്ങുകളിലും ചില അധ്യാപകരുടെ ഒരു പരിഹാസ കഥാപാത്രമാവുന്നല്ലോ എന്നോർത്തപ്പോൾ അധ്യാപനത്തോട് വല്ലാത്ത മടുപ്പ് തോന്നി.
പിന്നീടുള്ള ദിവസങ്ങളിൽ പലപ്പോഴും അവൻ എന്നെ തേടി വന്നു. കൂട്ടുകാരുടേയും അധ്യാപകരുടേയും വീട്ടുകാരുടേയും കുറ്റപ്പെടുത്തലുകളും "മണ്ടൻ" എന്ന വിളി കേൾക്കുമ്പോഴുള്ള സങ്കടവും എല്ലാം എന്നോട് പങ്ക് വച്ച് മനസ്സിന്റെ ഭാരം ഇറക്കി വച്ചു.
പഠന വൈകല്യങ്ങൾ നേരിട്ടവർ അറിയപ്പെടുന്ന വ്യക്തികൾ ആയി മാറിയ കഥകൾ പറഞ്ഞു കൊടുക്കുമ്പോൾ വല്ലാത്തൊരു ആത്മവിശ്വാസം അവനിൽ നിറയുമായിരുന്നു. ചിരിയില്ലാത്ത മുഖം ദിവസം കഴിയുന്നോറും കൂടുതൽ പ്രസന്നമായി.
ജന്മനാട്ടിലേക്ക് ആഗ്രഹിച്ച് കിട്ടിയ ട്രാൻസ്ഫർ ഓഡർ കൈയ്യിൽ എത്തിയപ്പോൾ അവനോടൊപ്പം ഞാനും കുറേ കരഞ്ഞു. വളരെ കുറച്ച് ദിവസങ്ങൾ കൊണ്ട് തന്നെ പിരിയാൻ പറ്റാത്തൊരു ആത്മബന്ധം ഞങ്ങൾ തമ്മിൽ ഉടലെടുത്തിരുന്നു.
പുതിയ സ്കൂളിലേക്ക് മാറിയതിൽ പിന്നെ ഇടയ്ക്കിടക്ക് അവനെ വിളിക്കാൻ ശ്രമിച്ചിരുന്നുവെങ്കിലും അവനോട് സംസാരിക്കാൻ സാധിച്ചില്ല.
ഇന്നു രാവിലെ രാധിക ടീച്ചറാണ് വിളിച്ച് പറഞ്ഞത് " അവൻ പോയെന്ന് " .
താരതമ്യപ്പെടുത്തൽഇല്ലാത്ത, മത്സരങ്ങളോ പരിഹാസങ്ങളോ ഇല്ലാത്ത ലോകത്തേക്ക് അവൻ ഒരു മുഴം കയറിന്റെ സഹായത്തോടെ ഓടിയെത്തി ഒന്നാമനായെന്ന്.
NB :അനുഭവകഥയല്ല ഇത് ,പക്ഷെ ദിവസേന പഠന വൈകല്യം നേരിടുന്ന ഒരു പാട് കുട്ടികളെ കാണുന്നുണ്ട്, അവരുടെ പരിമിതികൾ മനസിലാക്കാതെ തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കുന്ന മട്ടിലുള്ള രക്ഷിതാക്കളേയും കാണുന്നുണ്ട്, മണ്ടനെന്ന് വിളിച്ച് അവരെ തളർത്തുന്ന സഹപാഠികളെയും ചുരുക്കം ചില അധ്യാപകരെയും കാണുന്നുണ്ട്..
ഉണ്ണിമായ നാലപ്പാടം
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo