Slider

ആൾക്കൂട്ടത്തിൽ തനിച്ചാകുന്നവർ ( നീണ്ടകഥ - ആദ്യഭാഗം )ഭവ്യക്ക് ശാരീരിക ബന്ധത്തിൽ യാതൊരുവിധ താല്പര്യവുമില്ല .. ഭർത്താവിനെ താൻ മാനസികമായി പീഡിപ്പിക്കുന്നു..വീട്ടുജോലികൾ ചെയ്യാൻ മടിച്ച് എല്ലാ സമയവും ഫോണിലാണ് ഇതിനെച്ചൊല്ലി ഭർത്താവിന്റെ അമ്മയും പെങ്ങളുമായി എപ്പോഴും വഴക്കാണ്.. ഇതെല്ലാം തിരുത്താവുന്ന തെറ്റുകളാണെന്നും അയാൾക്ക് താൻ തെറ്റുകൾ തിരുത്തി വരണമെന്നുള്ള ആഗ്രഹമുണ്ടെന്നുമാണ് ശ്രീകുമാർ ഇവിടെ വ്യക്തമാക്കിയത് ...എന്താ ഭവ്യക്ക് പറയാനുള്ളത്.."
കുടുംബകോടതിയിൽ വിവാഹമോചന കേസ് ഫയൽ ചെയ്തതിനു ശേഷമുള്ള ആദ്യത്തെ കൗൺസിലിംഗിന്റെ സിറ്റിങ്ങാണ് ഇന്നെനിക്ക് ..
മുൻപിലിരുന്ന വക്കാലത്തും മറ്റ് പേപ്പറുകളും നിവർത്തി മറിച്ചുനോക്കുന്നതിനിടയിലാണ് ഒരു പേപ്പറിലെ കുനുകുനെ എഴുതിയ അക്ഷരങ്ങളിലേക്ക് സൂക്ഷിച്ചുനോക്കി കൗൺസിലർ ചോദ്യമുയർത്തിയത്.
കോടതിഭാഷയിൽ എഴുതി നിറച്ച വക്കാലത്തിലെ എന്റെ പരാതികൾ പോലും മനസിലാക്കി വരാൻ താമസമെടുക്കും എന്ന് ഊഹിച്ച അവരത് വെട്ടിത്തുറന്ന് ചോദിച്ചതും സത്യത്തിൽ എവിടെ നിന്ന് തുടങ്ങണമെന്നറിയാതെ ഞാനൊന്ന് കുഴങ്ങി..
നീണ്ടുകിടക്കുന്ന കോടതിവരാന്തയുടെ ഇങ്ങേയറ്റമുള്ള കുടുസ്സുമുറിയിലേക്ക് നടന്നുവരുമ്പോൾ കൗൺസിലിംഗ് മുറിയുടെ വാതിലിന് മുൻപിലെ ഉരുളൻ തൂണിൽ ചാരി കൂട്ടുകാരൻ അജയന്റെ തോളിൽ കൈവച്ചു സംസാരിച്ചു നിന്ന ശ്രീകുമാറിന്റെ മുഖമാണ് സംസാരിക്കാൻ അക്ഷരങ്ങളോർത്തെടുക്കുമ്പോൾ കൺമുൻപിൽ തെളിയുന്ന ചിത്രം..
" ഡോ താനെന്താ ഒന്നും മിണ്ടാതെ ഇരിക്കുന്നത്.. വിവാഹത്തിനോ ലൈംഗിക ബന്ധത്തിനോ കുടുംബം കുട്ടികൾ ഇതിനൊന്നും താല്പര്യമില്ലായിരുന്നോ തനിക്ക് എങ്കിൽ താനത് എന്തുകൊണ്ട് വിവാഹത്തിന് മുൻപ് വീട്ടിൽ അറിയിച്ചില്ല.."
ചെറിയൊരു മൂളലോടെ കറങ്ങുന്ന പങ്കയുടെ കാറ്റുണ്ടായിട്ടും ഞാനും അവരും വിയർത്തൊലിക്കുന്നുണ്ട്..പഴയ മുറിയുടെയും കടലാസുകെട്ടുകളുടെയും മടുപ്പിക്കുന്ന ഗന്ധം അവിടെയാകെ നിറഞ്ഞു നിൽക്കുന്നു..
എണ്ണമയവും വിയർപ്പും ഇഴുകിച്ചേർന്ന് കൗൺസിലറുടെ മുഖത്തെ കണ്ണട മൂക്കിൻ തുമ്പിലേക്ക് വഴുതി നീങ്ങുന്നു.
ചൂണ്ടാണി വിരൽ കൊണ്ടതിനെ മുകളിലേക്ക് ഉയർത്തിവച്ചശേഷമുള്ള അവരുടെ ചോദ്യത്തിന് ഇത്തവണ നേരത്തേക്കാൾ ഗാംഭീര്യമുണ്ട്.. ശബ്ദമുറച്ചിരിക്കുന്നു.. നോട്ടം കർക്കശമാണ്.
അയാൾ വിസർജിച്ചതല്ല സത്യങ്ങളെന്ന് ഉറക്കെ വിളിച്ചു പറയണമെന്നുണ്ട് പക്ഷേ എന്റെ പരാതികൾക്ക് പ്രതിവിധി കണ്ടെത്താനോ യോജിച്ചുപോകാനോ സാധിക്കാത്തവിധം അയാളോട് ഞാൻ അകന്നിരുന്നു..
ഉത്തരങ്ങൾ തൊണ്ടയിലെത്തി തടഞ്ഞു നിൽക്കുകയാണ്..
മിഴികൾ പാതിവാതിലിലൂടെ പുറത്തിട്ട ബെഞ്ചിൽ കൗൺസിലിംഗിന്റെ അടുത്ത ഊഴം കാത്തിരിക്കുന്ന ദമ്പതികളുടെ കാലുകളിലേക്ക് നീളുന്നു ..
ഇരിക്കുന്നത് ഒരേ ബെഞ്ചിലെങ്കിലും ഒരു കടൽ ദൂരത്തോളം അകലം സൂക്ഷിച്ച രണ്ട് പേർ..
ചിലപ്പോൾ ഈ മുറിയിലേക്ക് വന്ന് പോകുന്നതിന് ശേഷമവർ ഒന്നാകാതെ ഇതുപോലെ ഇരുധ്രുവങ്ങളായി നിന്നേക്കാം അല്ലെങ്കിൽ ഒന്നായി തീരം പുൽകാൻ ഒഴുകിയേക്കാം..
വേണ്ട ! എനിക്കത് വേണ്ട ഇനി ഒരിക്കൽ കൂടി പരീക്ഷണത്തിന് വയ്യ..ഉത്തരം നല്കാൻ പിന്നൊരു നിമിഷം പോലും അമാന്തിച്ചില്ല
"അതേ.എനിക്ക് താല്പര്യമില്ലായിരുന്നു വിവാഹജീവിതം.. വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങിയാണിത് നടന്നത് മേഡം ...യോജിച്ചു പോകാൻ തീരെ സാധിക്കില്ല അതുകൊണ്ട് എനിക്കീ ബന്ധം അവസാനിപ്പിക്കണം..
അയാളുടെ ആവശ്യം എന്തുമായിക്കോട്ടെ ശരിയെന്ന് അയാൾക്ക് തോന്നിയ ചില തെറ്റുകളും കൂടി എന്റെ വിവാഹമോചനഹർജിക്ക് പിന്നിൽ ഉണ്ട് അത് കൊണ്ട് തന്നെ തിരുത്താനും ഞാൻ തയ്യാറല്ല.."
പതിഞ്ഞ ശബ്ദത്തോടെയാണ് ഇത്രയും സംസാരിച്ചതെങ്കിലും അത് ഞാൻ തന്നെയാണോയെന്ന് എനിക്ക് സംശയമായി..
മാസങ്ങളായി എനിക്കെന്റെ സ്വരം നഷ്ടപെട്ടിട്ട്.
സ്വന്തം വീട്ടിൽ പോലും ഭർത്താവിനെ ഉപേക്ഷിച്ചു വന്നു നിൽക്കുന്നവൾക്ക് സംസാരിക്കാനുള്ള അവകാശമില്ലെന്ന് കുഞ്ഞാങ്ങള ഇടയ്ക്കിടെ ഓർമിപ്പിക്കുമായിരുന്നു.
മൗനത്തിന്റെ പുറംചട്ടയണിഞ്ഞ് അവരോടെല്ലാം ഞാൻ മനസ്സ് കൊണ്ട് കലമ്പൽ കൂട്ടും.. സ്വാതന്ത്രത്തോടെയുള്ള എന്റെ ശബ്ദം കേട്ടിട്ട് കാലങ്ങളായി..
ഗുഹാമുഖത്തെ പ്രതിധ്വനിക്ക് കാതോർക്കുന്നവളായി ഞാനെന്റെ സ്വരത്തിന് ചെവിയോർത്തു..
" അങ്ങനെ ചോദിച്ചയുടനെ എടുത്തു തരാനായി ഇതങ്ങനെ ഏടുത്തുവച്ചിട്ടില്ല.. അതിന് അതിന്റേതായ നിയമവശങ്ങളുണ്ട്.. ഭവ്യയുമായി ഒത്തുചേർന്നു പോകണമെന്നാണ് ശ്രീകുമാറിന്റെ ആഗ്രഹം അതിന് നിങ്ങൾ രണ്ടുപേരെയും കാര്യങ്ങൾ മനസിലാക്കിച്ചു മുൻപോട്ടുള്ള ജീവിതത്തിലേക്ക് വഴി സുഗമമാക്കുക എന്നതാണ് എന്നെ ഏൽപിച്ച ജോലി..അതൊന്ന് ഞാൻ ശ്രമിച്ചു നോക്കയെങ്കിലും വേണ്ടേ കുട്ടീ.."
പുഞ്ചിരിച്ചുകൊണ്ടാണെങ്കിലും ഉള്ളിൽ നിന്നെപ്പോലെ കുറെ എണ്ണത്തിനെ കണ്ടിട്ടുണ്ട് മോളെ എന്നൊരു ധ്വനിയുണ്ട് ആ ചിരിയിൽ.
മാസമൊന്ന് തികയും മുൻപേ ഭർതൃഗൃഹത്തിൽ വഴക്കുണ്ടാക്കി ഇറങ്ങിപോന്നവളെന്ന് നാട്ടുകാര് മുഴുവൻ പിറുപിറുക്കുന്നത് കേൾക്കാൻ തുടങ്ങിയ അന്നേ ഇത്തരം ചിരിയുടെ അർത്ഥമറിഞ്ഞതാണ്.
കാര്യകാരണങ്ങൾ പരസ്പരം സംസാരിച്ച് ഉഭയകക്ഷി സമ്മതത്തോടെ ആറുമാസത്തിന് ശേഷം വിവാഹമോചനം നടത്താമെന്ന വാഗ്ദാനത്തിൽ ആറുമാസം കാത്തിരുന്നതാണ്..
ഒടുവിൽ സമയമായപ്പോൾ വാക്ക് മാറ്റി സാധിക്കില്ലെന്ന് പറഞ്ഞ് പരിഹസിച്ചവനോട് ഒരക്ഷരം മറുത്ത് പറയാതെ ഒരു വർഷം കാത്തിരുന്നതും കഴുത്തിൽ കുരുങ്ങിയ ഈ ചങ്ങല അഴിച്ചുമാറ്റാൻ തന്നെയാണ്..
താലി അണിയാനും സിന്ദൂരം തൊടാനും എന്നും കൊതിച്ചവൾ ഭർത്താവിനെ വിട്ടുപോന്നാലും എത്രയോ വട്ടം അറിയാതെ ആവർത്തിക്കുമെന്ന് കേട്ടിരിക്കുന്നു..
പക്ഷെ അന്നും ഇന്നും ശരീരത്തിലോ മനസിലോ അങ്ങനൊരു ചിന്ത പോലും കടന്നുവന്നിട്ടില്ല..
ആ താലി പോലും കഴുത്തിൽ ചുറ്റിയ നാഗത്തെപോലെ എന്റെ ഉറക്കം കളയാറുണ്ട്..ഇനി കടലാസുകളിലെ അയാളുടെ ഭാര്യയെന്ന പദം കൂടി ഇല്ലാതാകണം.
പരിഹസിച്ചാലും ഉപദേശിച്ചാലും മനസ്സ് മാറ്റില്ലെന്ന് ഒന്നുകൂടി ഉറപ്പിച്ച് മുഖമുയർത്തി അവരുടെ കണ്ണുകളിലേക്ക് ഞാൻ നോക്കി..
"എന്റെ പരാതിയിൽ എല്ലാമുണ്ട് മാഡം.. ഈ ബന്ധം മുൻപോട്ട് കൊണ്ടുപോകാൻ എനിക്ക് താല്പര്യമില്ല.. നിയമം അതിന്റെ വഴിക്ക് നടക്കട്ടെ.. വേറൊന്നും എനിക്ക് ബോധിപ്പിക്കാനില്ല."
" ഇയാളുടെ അച്ഛനും അമ്മയും എന്നെ വന്ന് കണ്ടിരുന്നു തനിക്കിത്തിരി എടുത്തുചാട്ടം കൂടുതലാണെന്നാണ് അവരുടെ കണ്ടെത്തൽ.. നോക്കൂ ഒരു ബന്ധം പിരിയാനും മുറിച്ചുമാറ്റാനും എളുപ്പമാണ് നല്ലപോലെ ആലോചിച്ചുവേണം തീരുമാനമെടുക്കാൻ..
എല്ലാവശവും ആലോചിച്ചാകണം താൻ അടുത്തതവണ വരേണ്ടത്.. ഓർക്കേണ്ടത് എന്തെല്ലാം കാരണങ്ങൾ കൊണ്ട് ഒരുമിച്ചുപോകാൻ കഴിയുമെന്നതാണ്
കുട്ടിക്കളി കളിച്ച് നശിപ്പിച്ചുകളയേണ്ട ഒന്നല്ല ജീവിതം."
എഴുന്നേറ്റ് നിന്ന് കൈകൂപ്പി ഇറങ്ങിപോരുമ്പോൾ ഓർത്തത് അച്ഛനും അമ്മയും നാട്ടുകാരും മാത്രമല്ല എന്തൊക്കെ ദുരിതം സഹിച്ചാണെങ്കിലും പെൺകുട്ടികളോട് ഭർത്താവുമായി ഒത്തുപോകാൻ പരമാവധി നിർബന്ധിക്കുകയാണ് കോടതിയും നിയമവ്യവസ്ഥയും പോലും ശ്രമിക്കുന്നത് എന്നാണ്.
പടിക്കെട്ടുകളിറങ്ങി വരുമ്പോൾ കണ്ടു റോഡരികിലെ ആര്യവേപ്പിന്റെ തണലിൽ അജയനുമായി കളിതമാശകൾ പറഞ്ഞു ചിരിച്ചുനിൽക്കുന്ന ശ്രീകുമാറിനെ..
ഇടത് കയ്യിൽ കിടന്ന ഉരുക്കുവള മറുകൈ കൊണ്ട് മുകളിലേക്ക് കയറ്റി ഇട്ട് തിരിച്ച് മുറുക്കുമ്പോഴും അയാളുടെ കണ്ണുകളിൽ നിന്നെ ഞാൻ രക്ഷപെടാൻ അനുവദിക്കില്ലെന്ന ഭാവം.
വീട്ടിൽ അറിയിച്ചിരുന്നെങ്കിലും ആരും അവിടെ നിന്നും വന്നിരുന്നില്ല.. ബന്ധം പിരിയണമെന്നുള്ള വാശി എനിക്ക് മാത്രമാണല്ലോ ..വീട്ടുകാർ കൂടെ നിൽക്കില്ലെന്ന് പലവട്ടം പറഞ്ഞുകഴിഞ്ഞതുകൊണ്ട് ആരോടും ആവശ്യപ്പെട്ടുമില്ല.
കുറച്ച് മാറിയുള്ള ബസ് സ്റ്റോപ്പിലേക്ക് പോകാൻ ഓട്ടോക്ക് കൈ കാണിക്കുമ്പോഴും തനിച്ചാണെന്ന് തോന്നുന്നില്ല.. ഇനിയങ്ങോട്ട് തനിച്ചേ ഉള്ളൂ എന്നൊരു ധൈര്യം മനസ്സിൽ ശക്തമാണ്.
സ്വന്തം വീട് പോലും ഉപേക്ഷിച്ച് ലേഡീസ് ഹോസ്റ്റലിൽ കഴിയുന്ന ഞാൻ എല്ലാവരുടെ മുൻപിലും വഴി പിഴച്ചവളാണ്.. എന്റെ വഴി ശരിയെന്ന് ഉറപ്പിള്ളടത്തോളം ആരെയും നോക്കുന്നില്ല.
പത്തൊൻപത് വയസ്സ് തികഞ്ഞിരുന്നില്ല ശ്രീകുമാറിന്റെ ആലോചന വരുമ്പോൾ.. പഠിക്കണമെന്ന് കരഞ്ഞു കാലുപിടിച്ചിട്ടും അമ്മക്കായിരുന്നു ധൃതി കല്യാണം നടത്താൻ.
സർക്കാർ ജോലിയുള്ള പയ്യനാണ്.. ആവശ്യത്തിലേറെ സാമ്പത്തികഭദ്രതയുള്ള ബാധ്യതകളോ ദുശീലങ്ങളോ ഇല്ലാത്തൊരു ചെറുക്കനും നല്ല കുടുംബവും.
ആലോചന കൊണ്ടുവന്ന ബ്രോക്കറിന് കൈ നിറയെ കമ്മീഷന്റെ മുൻ‌കൂർ തുക നൽകി ഇതെങ്ങനെയെങ്കിലും നടത്തി തരണമെന്ന് അമ്മയും അച്ഛനും കച്ചവടം ഉറപ്പിക്കുന്നത് നെഞ്ച് തകർന്നാണ് അകത്തെ മുറിയിലിരുന്ന് കേട്ടത്.
ഇടത്തരം കുടംബത്തിലെ എന്നെപ്പോലൊരു പെൺകുട്ടിക്ക് സ്വപ്നം കാണാൻ പറ്റാത്ത ബന്ധമാണെന്ന് അമ്മ വീണ്ടും വീണ്ടും എന്നെ ഓര്മപെടുത്തികൊണ്ടിരുന്നു..
പെൺകുട്ടി ജനിച്ചപ്പോൾ മുതൽ സ്വരുക്കൂട്ടി വച്ചതെന്നും കഴിയുന്ന തരത്തിൽ പൊന്നും പണവും നൽകുമെന്നും കല്യാണമുറപ്പിക്കാൻ വന്നവരെ നോക്കി അച്ഛൻ പറഞ്ഞതും അമ്മായിയമ്മയും നാത്തൂനും ചേർന്നെന്നെ ചേർത്തുപിടിച്ചു..
പൊന്നും പണവുമല്ല നല്ലൊരു മനസുള്ള പെൺകുട്ടി മരുമകളായി വരണമെന്ന് മാത്രമാണ് തങ്ങൾ ആഗ്രഹിച്ചതെന്നും ഒരു കടബാധ്യതയും വിവാഹത്തിന് വേണ്ടി വരുത്തരുതെന്നും അതൊന്നും ശ്രീകുമാറിന് ഇഷ്ടമല്ലെന്നും ആ അമ്മ പറഞ്ഞുകേട്ടപ്പോൾ മനസിലെ ഇഷ്ടക്കേടൊക്കെ പതിയെ മായാൻ തുടങ്ങിയിരുന്നു.
വിവാഹനിശ്ചയം കഴിഞ്ഞതുമുതൽ ശ്രീകുമാർ ഫോണിൽ വിളിക്കാനും സംസാരിക്കാനും ആരംഭിച്ചിരുന്നു.
സൗമ്യതയോടെയുള്ള സംസാരവും പഠിപ്പിക്കാമെന്നുള്ള വാഗ്ദാനവും അയാളോടുള്ള ഇഷ്ടം കൂട്ടിയിരുന്നതിനാൽ എന്തും പരസ്പരം സംസാരിക്കാനുള്ള സ്വാതന്ത്രം ഞങ്ങൾക്കിടയിലുണ്ടായിരുന്നു.
എല്ലാ ഇഷ്ടക്കേടുകളും കാറ്റിൽ പറത്തി പൂർണമനസോടെയായിരുന്നു വലതുകാൽ വെച്ചാ വീട്ടിലേക്ക് കയറിച്ചെന്നത്.
ചെറിയ പെൺകുട്ടിയല്ലേ പത്തുവയസ്സോളം പ്രായവ്യത്യാസമുള്ളത് കൊണ്ട് പരസ്പരമറിഞ്ഞ ശേഷം മാത്രം പൂർണമായൊരു ഇഷ്ടത്തോടെ ജീവിതം തുടങ്ങാമെന്ന് ആദ്യരാത്രിയിൽ പറഞ്ഞുകേട്ടപ്പോൾ ഞാനൊരു സ്വർഗത്തിലാണ് എത്തിയതെന്ന് തോന്നി..
എന്റെ വീട്ടിലും ശ്രീകുമാറിന്റെ വീട്ടിലുമായുള്ള ആദ്യത്തെ മൂന്ന് ദിവസവും ഒരു നിമിഷം പോലും വിടാതെ അയാളെന്റെ കൂടെയുണ്ടായിരുന്നു..
കണ്ടുനിൽക്കുന്ന ആർക്കും അസൂയ തോന്നും വിധം ഇഷ്ടം കാണിച്ച് കൊച്ചുകുഞ്ഞുങ്ങളെ പോലെ ലാളിച്ച് കാമുകനെപോലെ പ്രണയിച്ച ആദ്യ മൂന്ന് ദിനങ്ങൾ..
മൂന്ന് ദിവസങ്ങൾക്കപ്പുറം മനസ്സും ശരീരവും ഒന്നായി ഭർത്താവിനെ സ്നേഹിക്കാൻ ഞാൻ ഒരുങ്ങിയിരുന്ന രാത്രിയിലാണ് ശ്രീകുമാറിനൊരു ബൈക്ക് ആക്സിഡന്റ് നടന്നത്..
പരിക്കുകൾ അധികമില്ലെന്നും കാലിന്റെ എല്ലിനൊരു പൊട്ടലുള്ളതുകൊണ്ട് ചെറിയ പ്ലാസ്റ്ററുണ്ട് റെസ്റ്റ് എടുക്കാൻ ഡോക്ടർ പറഞ്ഞിട്ടുണ്ടെന്നും ശ്രീകുമാറിന്റെ കൂട്ടുകാരൻ അജയൻ ഫോണിൽ കൂടി അറിയിച്ചത് നിറകണ്ണുകളോടെയാണ് കേട്ടു നിന്നത്.
അജയൻ ജോലി ചെയ്യുന്ന ഹോസ്പിറ്റലിലേക്കാണ് അപകടം പറ്റിയപ്പോൾ ആളുകൾ ശ്രീകുമാറിനെ എത്തിച്ചിരുന്നത്..
ആത്മസുഹൃത്തായ അവനുള്ളപ്പോൾ ആരും പോകേണ്ട ആവശ്യമില്ലെന്ന് അമ്മയാണ് ആശ്വസിപ്പിച്ചത് ..രാത്രി വൈകുവോളം അവരെത്താനായി ഞങ്ങൾ കാത്തിരുന്നു.
അജയന്റെ കാറിൽ കൊണ്ടുവന്ന ശ്രീകുമാറിനെ താങ്ങിപിടിച്ച് മുറിയിലേക്ക് കൊണ്ടുപോകുമ്പോൾ ആ കൂട്ടുകാരനെ കല്യാണദിവസം കണ്ടത് ഓർമ വന്നു.
പിന്നെയുള്ള ദിവസങ്ങളിൽ മുറിയിൽ ഭർത്താവും ഞാനും മാത്രമുള്ളപ്പോൾ അധികമൊന്നും സംസാരിക്കാത്ത ആൾ കൂട്ടുകാരനോടും അമ്മയോടും പെങ്ങളോടുമൊക്കെ വായ് പൂട്ടാതെ വർത്തമാനം പറയുന്നത് നെഞ്ചിലൊരു നീറ്റലോടെയാണ് ഞാൻ കണ്ടുനിന്നത്.
"മോള് വിഷമിക്കണ്ട.. ജാതകം നോക്കിയിരുന്നില്ലേ ശരിക്കെന്ന് അപകടം പറ്റിയതറിഞ്ഞ് കാണാൻ വന്ന ആരോ അവനോട് ചോദിച്ചിട്ടുണ്ട് അതിന്റെ ഒരു ചെറിയ തെറ്റിദ്ധാരണയാണ്.. പരിഹാരക്രിയകൾ ചെയ്യിപ്പിച്ചിട്ടുണ്ട് അവനും അല്പം സമയം നൽകൂ എല്ലാം മാറിക്കോളും.."
മുറിക്ക് പുറത്തേക്കിറങ്ങിപോകുന്ന അമ്മയൊരു ദിവസം തോളിൽ തട്ടി ചുണ്ടനക്കിയത് ഞെട്ടലോടെയാണ് കേട്ടത്..
അശ്രദ്ധകൊണ്ട് സംഭവിച്ച അപകടം എത്ര നിസ്സാരമായാണ് വന്നുകയറിയ പെൺകുട്ടിയുടെ ജാതകദോഷമെന്ന പേരിൽ തലയിലേക്ക് ചാർത്തിയത്.
ഒരേ മുറിയിൽ വിവാഹം കഴിഞ്ഞുള്ള പുതുമോടിയിലും അന്യരെ പോലെ കഴിയേണ്ടിവരുന്ന ഒരവസ്ഥ..
സന്തോഷമെല്ലാം അസ്തമിച്ചു.. മനസ് തളർന്ന് ഉറക്കമെല്ലാം നഷ്ടപ്പെട്ടിരുന്നു.
അപകടമറിഞ്ഞ് വന്നുപോയ എന്റെ വീട്ടുകാർ പിന്നെ വല്ലപ്പോഴും വിളിച്ചാലും മരുമകന്റെ വിശേഷങ്ങൾ ചോദിച്ച് വിളി അവസാനിപ്പിയ്ക്കും.
ആരോടും മനസ്സ് തുറന്നൊന്ന് മിണ്ടാൻ കഴിയാതെ സങ്കടമെല്ലാം ഉള്ളിലൊതുക്കി കിടന്നൊരു രാത്രിയിലാണ് ജീവിതമാകെ മാറ്റിമറിക്കുന്ന രംഗങ്ങൾ അരങ്ങേറിയത്.
ആരോ പിറുപിറുക്കുന്നതും അമർത്തി ചിരിക്കുന്നതും കേട്ടാണ് ഞാൻ കണ്ണുകൾ തുറന്നത്.. തിരിഞ്ഞു നോക്കിയപ്പോൾ കിടക്കയിൽ അയാളില്ലായിരുന്നു..
വൈകുന്നേരം ബാത്‌റൂമിൽ പോകാൻ വേറൊരാളുടെ സഹായമില്ലാതെ കഴിയാതിരുന്ന ആൾ എവിടെപ്പോകാൻ...പരിഭ്രമത്തെക്കാൾ സംശയത്തോടെയാണ് എഴുന്നേറ്റതും നോക്കിയതും..
മുറിയുടെ മൂലയിലെ ജന്നലരികിൽ കർട്ടൻ കൊണ്ട് മറച്ച് പിടിച്ച ആൾരൂപത്തിൽ നിന്നാണ് ശബ്ദമുണ്ടാകുന്നത്..
ചെവിയരികിൽ തെളിഞ്ഞുനിൽക്കുന്ന നീലവെളിച്ചം.. ആരോടോ ഫോണിലെന്ന് വ്യക്തമാണ്.
" അധികം വൈകില്ല നാടകം.... ഞാൻ പറഞ്ഞോളാം...
എത്ര ദിവസമായി എനിക്കും ധൃതിയായി തന്നെ കാണാൻ.. Miss you dear .."
സംസാരം അവ്യക്തമെങ്കിലും അവിടവിടെ ചിതറിവീഴുന്ന വാക്കുകൾ തലച്ചോറിലും നെഞ്ചിലും നെരിപ്പോടുകൾ തീർക്കുന്നുണ്ട്.
"ആരാ..ആരാ അത് ??"
പുറത്തുനിന്നും ആരും വരാൻ വഴിയില്ലല്ലോ ആളാരെന്ന് വ്യ്കതമാണ് എങ്കിലും പുറത്തേക്ക് വന്നത് ആ വാക്കുകളായിരുന്നു..
എനിക്ക് പകരം ആ ജീവിതത്തിൽ വേറൊരാൾ ഉണ്ടെന്നറിഞ്ഞിട്ടും എങ്ങനെ പ്രതികരിക്കണമെന്നറിയാത്ത വിധം നിസ്സഹായയായി ഞാൻ നിന്നു.
എന്റെ സ്വരം കേട്ടിട്ടാകണം ചെവിക്കരികിലിരുന്ന നീലവെളിച്ചം പതിയെ താഴേക്ക് വന്നതും മറച്ചിരുന്ന ജാലകവിരി മാറ്റി അയാൾ പുറത്തേക്ക് വന്നതും.
എല്ലാം നാടകമായിരുന്നെന്ന് തറയിലുറപ്പിച്ചു നിൽക്കുന്ന കാലുകളെന്നോട് വിളിച്ചു പറയുന്നുണ്ട്..
ഒന്നും ചോദിച്ചില്ലെങ്കിലും ഒരുപാട് പറയാനുള്ളത് പോലെ അയാളെനിക്കരികിലായി ബെഡിൽ വന്നിരുന്നു.
ആളൊഴിഞ്ഞ കെട്ടിടത്തിനുള്ളിലെ ഭയപ്പെടുത്തുന്ന നിശബ്ദത ഞങ്ങൾക്കിടയിലുണ്ട്. മൗനമാര് ഭഞ്ജിക്കുമെന്നോർത്ത് ഇരിക്കുമ്പോൾ എവിടെ നിന്നോ പരിചിതമല്ലാത്ത ഒരു ശബ്ദമുയർന്നു.
" ഭവ്യയോട് ഒന്നും പറയാതെ ഈ വിവാഹം നടത്തിയതിന്
ക്ഷമിക്കണം.. എനിക്കൊരു ഇഷ്ടമുണ്ട് അതൊരിക്കലും എന്റെ വീട്ടുകാർക്ക് അംഗീകരിക്കാൻ സാധിക്കാത്ത ഒരു ബന്ധമാണ്.. മാത്രമല്ല എന്റെ ജോലിയും പെങ്ങളുടെ കുടുംബജീവിതവും എല്ലാം തകർന്ന് വീഴും അതുകൊണ്ട് ഞങ്ങൾക്ക് മുൻപിൽ വേറെ വഴികളില്ലായിരുന്നു.."
കാലിലെ പെരുവിരലിൽ നിന്നൊരു ചൂട് ശരീരമാസകലം പുൽകുന്നത് ഞാനറിഞ്ഞു.. നെഞ്ചിൻ കൂടിനുള്ളിലെ മിടിപ്പ് അടിവയറ്റിലേക്ക് മാറി അതൊരു തീഗോളമായി ചുട്ടുപൊള്ളിക്കുന്നു..
ഒന്നും പറയാനില്ലാതെ സംസാരശേഷി നഷ്ടപെട്ടവളായി ഞാൻ മാറുമോയെന്ന ഭയം..
" ആരാ അത്..? എന്തിനാ എന്നെ..?"
മുൻപ് ചോദിച്ച ചോദ്യം തന്നെയാണ് പിന്നെയുമെന്റെ നാവിൻ തുമ്പിലെത്തിയത്.
"അത് താൻ വഴിയേ അറിയും പക്ഷേ ഒന്ന് മാത്രം തന്റെ ഓർമയിലുണ്ടാകണം ഇയാൾക്ക് ഒരു കുറവും ഇവിടെ ഉണ്ടാകില്ല..എല്ലാ സ്വാതന്ത്രവും സൗകര്യവും ഇവിടെ ഞാൻ തരാം പക്ഷേ ഭർത്താവ് എന്നത് ഈ മുറിക്ക് പുറത്തെ ലോകത്തിന് മാത്രമാണ് ഇതിനകത്ത് ഞാനും താനും സുഹൃത്തുക്കളാണ്..മറ്റുള്ളവർക്ക് മുൻപിൽ എനിക്കും എന്റെ വീട്ടുകാർക്കും കാണിക്കാൻ ഒരു ഭാര്യ വേണം അതിന് താനെന്റെ കൂടെ നിന്നേ മതിയാകൂ.."
അയാളിൽ നിന്നും വരുന്ന ഓരോ വാക്കുകളും മുള്ളാണികൾ പതിച്ച ചാട്ടവാറടികളെക്കാൾ എന്നെ വേദനിപ്പിച്ചുകൊണ്ടിരുന്നു..
ലോകമെന്തെന്ന് അറിയാത്ത , പഠിക്കണമെന്നും ഉയരങ്ങളിലെത്തണമെന്നും ആഗ്രഹിച്ച ഒരുവളെ ഇത്തരുണത്തിൽ നിഷ്കരുണം ചവിട്ടി മെതിക്കാൻ മാത്രം അയാളോട് ഞാനെന്ത് ദ്രോഹം ചെയ്തു..
" എന്നെ..എന്റെ വീട്ടിൽ വിട്ടുകൂടെ എന്തിനാണെന്റെ ജീവിതം നശിപ്പിക്കുന്നത്.. നിങ്ങൾക്ക് ഇഷ്ടമുള്ളവരോടൊപ്പം ജീവിച്ചോളൂ അതിനെന്നെ ബലിയാടാക്കുന്നത് എന്തിനെന്ന് എനിക്ക് മനസിലായില്ല.."
മുന്നോട്ടുള്ള വഴിയും ലോകവും തകർന്ന് സ്വപ്നങ്ങളെല്ലാം ഛിന്നഭിന്നമായി പോയവളുടെ അവസാന പ്രതീക്ഷ പോലെ ഞാനയാളോട് പുലമ്പിക്കൊണ്ടിരുന്നു..
അയാൾക്ക് കാതോർക്കാതെ അസഹനീയമായ വിധം വാക്കുകൾ ആവർത്തിച്ച് ഞാൻ വിതുമ്പിക്കൊണ്ടിരിക്കുന്നതിൽ ദേഷ്യം പിടിച്ചിട്ടാകാം അയാളെന്റെ രണ്ട് ചുമലുകളിലും പിടിച്ചുലച്ച് എന്റെ കണ്ണുകളിലേക്ക് നോക്കി..
" നീയെങ്ങും പോകില്ല.. ഇവിടെ തന്നെയുണ്ടാകും നീയെന്ത് ആരോട് പറഞ്ഞാലും ആരും വിശ്വസിക്കാനും പോകുന്നില്ല അതിന് എനിക്കെന്റെ വേണ്ടപ്പെട്ടവർ എന്റെ കൂടെ നിൽക്കും..എന്റെ നിയമപ്രകാരമുള്ള ഭാര്യ നീയാണ് പിന്നെന്തിന് നീ ഭയക്കണം.."
ഇരുചെവിയും കൈകൾ ചേർത്തുപിടിച്ചടച്ച് ഞാൻ പൊട്ടിക്കരഞ്ഞു.. ഇനിയൊന്നും കേൾക്കാനാവാത്ത വിധം എന്റെ മനസ്സ് തകർന്ന് പോയിരുന്നു..
വാതിൽ തുറന്ന് അയാൾ പുറത്തേക്ക് പോകുന്നതും ഉറക്കച്ചടവോടെ അമ്മ അകത്തേക്കു വരുന്നതും കണ്ണീരിനിടയിലൂടെയും ഞാൻ കണ്ടു.
" മോളെ ഇത് നിന്നോട് എങ്ങനെ പറയുമെന്നോർത്ത് വിഷമിച്ചിരിക്കുകയായിരുന്നു ഞങ്ങൾ.. ഒന്നുമോർത്ത് വിഷമിക്കണ്ട നിന്റെ സ്ഥാനം ഏറ്റെടുക്കാൻ ഇവിടേക്ക് പകരമൊരാൾ വരില്ല.. അവനാ ബന്ധത്തിൽ നിന്നും ഒരിക്കലും പിന്മാറില്ലെന്ന് ഉറപ്പായതുകൊണ്ടാണ് ഞാനീ വഴി തിരഞ്ഞെടുത്തത്.. എനിക്കുറപ്പാണ് മോൾക്ക് അവന്റെ മനസ്സ് മാറ്റാൻ കഴിയുമെന്ന്.. പാവമാണവൻ.."
അതേ അമ്മയും മകനും പാവമാണ് അതുകൊണ്ടാണല്ലോ ഒരു പാവം പിടിച്ച പെൺകുട്ടിയെ കൊണ്ടുവന്ന് കൊല്ലാക്കൊല ചെയ്യുന്നത് അമർഷം മുഴുവൻ ഒരു നോട്ടത്തിലൊതുക്കി ചുവരിലേക്ക് ചാരി നിന്നു..
ആരാണാ സ്ത്രീയെന്ന് അമ്മയും മകനും എന്നോട് പറഞ്ഞില്ല അറിഞ്ഞിട്ടും കാര്യമില്ലെങ്കിലും അറിയാനുള്ള ആഗ്രഹം മനസ്സിലുണ്ടായിരുന്നു..
നാടകമെല്ലാം പൊളിച്ചെഴുതിയ സ്ഥിതിക്ക് പ്ലാസ്റ്റർ സ്വയമൂരി കളഞ്ഞിരുന്നു അയാൾ.. അപൂർവ്വമായെങ്കിലും ഉണ്ടായിരുന്ന സംസാരം പോലും ഇപ്പോഴില്ല..
ഞാനുമായി കൂടുതൽ അടുപ്പം അയാൾ കാണിക്കാൻ തുടങ്ങിയതിൽ കാമുകിക്കുണ്ടായ എതിർപ്പാണ് ആ കാലൊടിയലും പ്ലാസ്റ്റർ നാടകവും.
ആ വീട്ടിൽ ഞാനൊഴിച്ച് ബാക്കിയെല്ലാവരും ഒറ്റക്കെട്ടായിരുന്നു..
വീട്ടിലേക്ക് പോകണമെന്ന ആവശ്യം മുറുകിയപ്പോൾ അയാളെന്നെയും കൊണ്ട് വീട്ടിലേക്ക് വന്നു പക്ഷേ ഒരു നിമിഷം പോലും തനിച്ചു വിടാതെ സ്നേഹിച്ചു കൊല്ലുന്ന ഭർത്താവായി അയാളെല്ലാവർക്കും മുൻപിൽ വേഷം പകർന്നാടി..
എന്റെ നിർവികാരമായ മുഖവും ജീവനില്ലാത്ത മീനിന്റെ കണ്ണുകളും മരുമകനെ സത്കരിക്കുന്നതിനിടയിൽ ആരും ശ്രദ്ധിച്ചില്ല..എന്തിന് നിനക്കവിടെ സുഖമാണോ എന്നൊരു വാക്ക് പോലും ആരിൽ നിന്നും ഉണ്ടായില്ല..
മരുമകളെ കാണാതെ അമ്മയ്ക്കും ഭാര്യയെ കാണാതെ ഭർത്താവിനും ഈ ചുരുങ്ങിയ ദിവസങ്ങളാൽ ഉറക്കം വരാത്തവിധം ലോകം മാറിപോയെന്ന് അറിയിക്കാനായി അമ്മായിഅമ്മ രണ്ട് വട്ടമെങ്കിലും ഫോൺ വിളിച്ചുറപ്പിച്ചു രാത്രിയിലേക്ക് മടങ്ങിയെത്തണമെന്ന്..
എല്ലാ നാടകവും കണ്ട് അമ്മയും അച്ഛനും കുഞ്ഞാങ്ങളയും ഹൃദയം നിറഞ്ഞാണ് ഞങ്ങളെ വൈകുന്നേരം മടക്കിയയച്ചത്..
ഇങ്ങനൊരു മരുമകനെ കിട്ടിയതിൽ അവർ അളവില്ലാത്തവിധം അഹങ്കരിക്കുന്നതിൽ നിന്നും എന്റെ മനസ്സ് തുറന്നവിടെ വച്ചാലും ആരും ശ്രദ്ധിക്കാൻ പോകുന്നില്ലെന്ന് എനിക്ക് വ്യക്തമായി..
രക്ഷപ്പെടാനാവാത്ത വിധമെന്റെ ചുറ്റും കുരുക്കുകൾ മുറുകിക്കഴിഞ്ഞു.. മുറിക്ക് പുറത്തേക്കൊരു ലോകത്തിലേക്ക് കാലെടുത്ത് വെയ്ക്കാൻ പോലും ഞാനറച്ചു..
കരഞ്ഞുകലങ്ങിയ കണ്ണുകളും ചീകിയൊതുക്കാത്ത മുടിയിഴകളും ഉറക്കച്ചടവുള്ള മുഖവും എന്നെയൊരു ഭ്രാന്തിയെപ്പോലെ തോന്നിച്ചിരുന്നു..
കരഞ്ഞും കാലുപിടിച്ചും ജീവിതം കളയാതെ
അവകാശം സ്ഥാപിക്കാൻ അവനെ വശീകരിച്ച് ഒരു കുഞ്ഞിനെയുണ്ടാക്കാൻ പറഞ്ഞ അമ്മായിയമ്മയുടെ മുഖത്തേക്ക് ഞാൻ വെള്ളമിരുന്നിരുന്ന ജാറെടുത്തു എറിഞ്ഞ പകലിലാണ് മനുഷ്യരെന്നോ മൃഗമെന്നോ വിളിക്കാനർഹതയില്ലാത്ത ജന്മങ്ങളും ഈ ലോകത്ത് സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെന്ന് അറിഞ്ഞത്.
തുടരും....
Written by  
ലിസ് ലോന 
Read all parts here :- 
both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo