Slider

വിഗതം (ചെറുകഥ)

"നിങ്ങളൊന്നു എവിടേക്കെങ്കിലും ഇറങ്ങിപ്പോകാമോ?"
മുറിയിലെ ജനാല വഴി ഞാനൊന്നു മുറ്റത്തേയ്ക്ക് തുപ്പിയതായിരുന്നു.
രക്തവും, കഫവും കൂടിക്കലർന്ന തുപ്പൽ ചെന്നു വീണത് മുറ്റത്തെ റ്റൈൽ പാകിയ നിലത്താണ്.
അവൻ സഹപ്രവർത്തകരായ യുവതീയുവാക്കളുമായി വന്നു കയറുമ്പോൾ മുറ്റത്തെ മഞ്ഞയും, ചുവപ്പും കലർന്ന ചലം ഉറുമ്പരിക്കുന്നുണ്ടായിരുന്നു.
അവർ പോയിക്കഴിഞ്ഞപ്പോഴാണ് അവൻ എന്നോടങ്ങനെ ചോദിച്ചത്.
കിടക്കയിൽ നിന്നും ഞാൻ എഴുന്നേറ്റിരുന്നു.
വീടിനുള്ളിലെ മിനുമിനുപ്പുള്ള നിലത്തു പാദങ്ങളൂന്നാൻ ഇന്ന് ശാസനയുടെ ഭയം ഉള്ളിലുദിച്ചിരിക്കുന്നു.
ഉമ്മറത്തെ ചുവരിലെ അവളുടെ ചിത്രം അഭംഗിയായി തോന്നിയത് കൊണ്ടാകണം,
അവളെ അവർ എൻ്റെ മുറിയിലേക്ക് കൊണ്ടു തന്നത്. ഞാനവളുടെ ചിരിക്കുന്ന മുഖത്തേയ്ക്ക് നോക്കിയിരുന്നു.
നെറ്റിയിലെ ചുവന്ന വട്ടപ്പൊട്ടിനു മേലെ പറ്റിയിരിക്കുന്ന മാറാല തുടച്ചു മാറ്റി.

"നീ കേട്ടോ നമ്മുടെ മകൻ പറഞ്ഞത്. "

"മം കേട്ടു അവൻ്റെ ഒരു മോഹമല്ലേ അവനെ വിഷമിപ്പിക്കണ്ട."

ഉത്സവപ്പറമ്പിലെ ബലൂണിന് വേണ്ടിയായിരുന്നു.
അന്നവൻ വാശി പിടിച്ചു കരഞ്ഞത്.
അവൾ പറഞ്ഞത് നിഷേധിച്ചില്ല.
വാങ്ങിച്ചു കൊടുത്തു.
മൂന്നു വീലുള്ള ചെറിയ സൈക്കിൾ ആയിരുന്നു. അടുത്ത മോഹം സാധിച്ച് നമ്മൾ മൂന്നു പേരും സന്തോഷിച്ചത്.
കാലം അവനെ ഉന്നത വിജയങ്ങളിലെത്തിച്ചപ്പോൾ
രണ്ട് വീലുള്ള സൈക്കിളിലും വീണ്ടും നമ്മൾ മൂന്നു പേരും സന്തോഷിച്ചു.
പിന്നെ ഇരുചക്രങ്ങളിൽ യന്ത്രം ഘടിപ്പിച്ചതിൻ്റെ ആഗ്രഹം അവൻ സാധിച്ചെടുത്തത് കടുത്ത മാനസിക സമ്മർദ്ദം സമ്മാനമായി നൽകിയായിരുന്നു.
അന്നു മുതൽ ആഗ്രഹങ്ങളിൽ സന്തോഷം മൂന്നിൽ ഒരാൾക്ക് മാത്രമായി മാറി.
പഠനം കഴിഞ്ഞ് ഒരു ദിവസം അവൻ ഒരു പെൺകുട്ടിയുമായി വന്നപ്പോഴും അവൾ പറഞ്ഞു.
"അവൻ്റെ ആഗ്രഹമല്ലേ?"സാധിച്ചു കൊടുത്തേക്കാൻ.
ഞാനും അവളും ഒരുപാട് സ്വപ്പ്നങ്ങൾ നെയ്ത് കൂട്ടിയ ചെറിയ വീട് പൊളിച്ചു.
അവന് പുതുക്കി പണിയാനും അവൾ സമ്മതിച്ചിരുന്നു.
അവൻ്റെ ആഗ്രഹമായിരുന്നു. അതും.
എന്നിട്ടവൾക്ക് സ്വന്തം വീട്ടിലെ സ്വാതന്ത്ര്യം നഷ്ടമാകുന്നതറിഞ്ഞ് മനസ്സുരുകി തന്നെയായിരുന്നു എന്നെ ഒറ്റയ്ക്കാക്കി പൊയ്ക്കളഞ്ഞത്.
"ഇന്ന് നീ കേട്ടില്ലേ? ഞാൻ എവിടെയെങ്കിലും പോയെങ്കിലെന്നാണ് അവൻ്റെ ആഗ്രഹമെന്ന്."
ഞാനൊരു തുണി സഞ്ചിയിൽ അവളുടെ മണമുള്ള എൻ്റെ പഴകിയ കുറച്ച് വസ്ത്രങ്ങൾ എടുത്തു വച്ചു.
അവളുടെ ചിത്രവും എടുത്തു വയ്ക്കാൻ മറന്നില്ല.
പുറത്തിറങ്ങി ഒരു നിമിഷം ഞാനെൻ്റെ വീട് നോക്കി നിന്നു.
"അവൻ്റെ ആഗ്രഹമല്ലേ പോട്ടെ സാരമില്ല.
നമുക്ക് പോകാം."
എന്നവൾ ചെവിയിൽ മന്ത്രിക്കും പോലെ ഞാൻ കേട്ടു. നേരം പുലരാൻ തുടങ്ങിയിരുന്നു.
പക്ഷികൾ ഉണർന്നു കരഞ്ഞു തുടങ്ങി.
വിജനമായ പാതയിലൂടെ ഞാൻ മുന്നോട്ട് നടന്നു.

ജെ...( Jayachandran)
both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo