Slider

പത്തു രൂപ

0

ഞാൻ പണ്ട് എൻ്റെ ഒരു കസിൻ്റെ തുണി കടയിൽ പോയി ഇരിക്കുമായിരുന്നു. ഒരിക്കൽ ഞാൻ കടയിലേക്ക് കയറി വന്നപ്പോൾ വഴിയിൽ ഒരു നല്ല പ്രായമുള്ള അമ്മുമ്മ എനിക്ക് നേരെ കൈനീട്ടി. ഞാൻ പോക്കറ്റിൽ കൈയിട്ടപ്പോൾ ഒരു പത്തു രൂപ നോട്ടാണ് കിട്ടിയത്. അത് അവർക്കു കൊടുത്തു. അവർ എന്നെ കൈകൂപ്പി ഒന്ന് തൊഴുതിട്ട് അവിടെന്ന് പോയി. അടുത്ത ദിവസവും ഞാൻ കടയിൽ വരുന്ന സമയത്ത് ആള് അവിടെ നിൽപ്പുണ്ടയിരുന്നു. ഞാൻ വീണ്ടും പത്തു രൂപ കൊടുത്തു. അമ്മുമ്മ കൈകൂപ്പി തൊഴുത് യാത്ര പറഞ്ഞു പോയി. ഇത് പിന്നൊരു പതിവായി. ഇടയ്ക്കു ഭിക്ഷ എടുത്തു കിട്ടുന്ന ചില്ലറ പൈസ കൊണ്ട് വരും, ഞാൻ അത് കടയിൽ ബാക്കി കൊടുക്കാൻ ആവശ്യത്തിന് എണ്ണി എടുത്തു, ഒരു പത്തു രൂപ കൂടെ കൂട്ടി നോട്ട് ആക്കി കൊടുക്കും.
ഞാൻ സ്ഥിരം കടയിൽ വരാറ് ഉച്ചസമയത്താണ്. ഞാൻ എത്തുന്നതിന് മുമ്പേ അമ്മുമ്മ അവിടെ ഉണ്ടാകും. കടയിൽ എൻ്റെ കസിനോ അച്ഛനോ ആണ് ഇരിക്കുന്നതെങ്കിൽ അവർ കയറില്ല. പുറത്തു നിന്ന് ഞാൻ എത്തിയോ എന്ന് നോക്കും, എന്നെ കണ്ടാൽ മാത്രം 'മോനെ' എന്നൊന്ന് വിളിച്ചു അകത്തു വരും, ഞാൻ സ്ഥിരമുള്ള പത്തു രൂപ കൊടുക്കും, അമ്മുമ്മ കൈകൂപ്പി യാത്ര പറഞ്ഞു പോകും. അമ്മുമ്മ പുറത്തു നിന്ന് ഞാൻ ഉണ്ടോ എന്ന് കടയിലേക്ക് എത്തി നോക്കുമ്പോഴേ 'പ്രവീണിൻ്റെ ഫ്രണ്ട് വന്നിട്ടുണ്ട്' എന്ന് സ്റ്റാഫ് കളിയാക്കി പറയും.
ഏതാണ്ട് രണ്ടു വർഷത്തോളം ഇത് തുടർന്നു. പിന്നെ ഒരു ദിവസം ആ അമ്മുമ്മ വരാതെ ആയി. ആദ്യം ഒന്നും ഞാൻ ശ്രദ്ധിച്ചില്ല, പിന്നെ ചില്ലറക്ക് കുറവ് വന്നപ്പോഴാണ് എനിക്ക് ഓർമ്മ വന്നത്, ആ അമ്മുമ്മ ഇപ്പോൾ വരാറില്ല എന്ന്. അന്ന് വീട്ടിലേക്ക് മടങ്ങവേ എൻ്റെ മനസ്സിൽ എന്തോ ഒരു ഭാരമായിരുന്നു. അവസാനം കണ്ടപ്പോൾ കാലിൽ എന്തോ മുറിവൊക്കെ കെട്ടി വെച്ചിരുന്നു. ഇനി എന്തെങ്കിലും സംഭവിച്ചു കാണുമോ എന്നൊക്കെ ഞാൻ ചിന്തിച്ചു. എനിക്കങ്ങനെ അമ്മുമ്മയോടു പ്രത്യേകിച്ചു സ്നേഹം ഒന്നും ഇല്ലെങ്കിലും, നമ്മൾ എന്നും കാണുന്ന ഒരാൾ അല്ലെ, പിന്നെ ആ അമ്മുമ്മയുടെ വാത്സല്യത്തോടെയുള്ള 'മോനെ' എന്ന വിളിയും എനിക്ക് ഒരുപാട് ഇഷ്ടമായിരുന്നു. അടുത്ത ദിവസം കടയിൽ എത്തിയ ഉടൻ ഞാൻ കടയിലെ സ്റ്റാഫ് ആയ ദേവൻ ചേട്ടനോട് ആ അമ്മുമ്മയെ പറ്റി ഒന്ന് അന്വേഷിക്കാൻ പറഞ്ഞു. അന്വേഷിക്കാൻ വേണ്ടി അവരുടെ പേര് എനിക്കറിയാമോ എന്ന് ചോദിച്ചപ്പോഴാണ് ഈ രണ്ട് വർഷം എന്നും കണ്ടിട്ടും അവരുടെ പേര് പോലും എനിക്കറിയില്ല എന്ന സത്യം ഞാൻ തിരിച്ചറിഞ്ഞത്. ദേവൻ ചേട്ടൻ എവിടെയൊക്കെയോ പോയി അന്വേഷിച്ചിട്ട് തിരികെ കടയിൽ എത്തി, 'അവർ ആ ബസ് സ്റ്റാൻഡിൻ്റെ അടുത്ത് വലിയ പൈപ്പുകൾ ഇറക്കിയിട്ടിരിക്കുന്നതിൻ്റെ അവിടെ, അതിൽ ഒരു വലിയ പൈപ്പിൽ ആണ് കിടന്നു കൊണ്ട് ഇരുന്നത്. കുറച്ചു ദിവസമായി അവരെ അവിടെ കാണാൻ ഇല്ലെന്നാണ് അവിടെ ഉള്ളവരൊക്കെ പറഞ്ഞതു പ്രവീൺ.' എന്ന് പറഞ്ഞു ദേവൻ ചേട്ടൻ കടയിലേക്ക് കയറി. എനിക്ക് എന്തോ മനസ്സിൽ വിഷമം തോന്നി.
ഞാൻ എന്നും കടയിലേക്ക് വരുമ്പോൾ വഴിയിൽ അമ്മുമ്മ ഉണ്ടോ എന്ന് നോക്കും. കുറച്ചു ദിവസം കഴിഞ്ഞു ഞാൻ കടയിൽ ഇരുന്ന സമയത്ത് പുറത്തേക്ക് നോക്കിയപ്പോൾ അമ്മുമ്മ അവിടെ നിൽക്കുന്നു. എന്നെ നോക്കി കൈകൂപ്പിയാണ് നിൽക്കുന്നത്. ഞാൻ സന്തോഷത്തോടെ പുറത്തേക്ക് ഇറങ്ങി ചെന്നു. ആദ്യം ഞാൻ ചോദിച്ചത് അമ്മുമ്മയുടെ പേരാണ്. 'റോസമ്മ' എന്നായിരുന്നു പേര്. 'തീരെ വയ്യാതെ ആയപ്പോൾ നെടുമങ്ങാടുള്ള കൊച്ചുമകളും മകളുടെ ഭർത്താവും അവരുടെ വീട്ടിലേക്ക് കൂട്ടികൊണ്ട് പോയതാണ്. ഇനി അവർ നോക്കിക്കോളാം എന്ന് പറഞ്ഞു. അത് കൊണ്ട് ഇപ്പോൾ അവിടെ ആണ് താമസം. ഇനി അതുകൊണ്ടു എൻ്റെ ശല്യം ഉണ്ടാകില്ല.' എന്ന് ഒരു പുഞ്ചിരിയോടെ പറഞ്ഞു.
ചികിത്സക്ക് എന്താവശ്യം ഉണ്ടെങ്കിലും ചോദിക്കാൻ മടിക്കരുത് എന്ന് പറഞ്ഞു, ഞാൻ പോക്കറ്റിൽ ഇരുന്ന കുറച്ചു പൈസ അമ്മുയുടെ കയ്യിൽ വെച്ച് കൊടുത്തു. പൈസയിലേക്ക് നോക്കിയിട്ടു, അമ്മുമ്മ അതിൽ നിന്നും ഒരു പത്തു രൂപ എടുത്തിട്ട്, ബാക്കി പൈസ എൻ്റെ കയ്യിൽ വെച്ച് തന്നു. തിമിരം ബാധിച്ച ആ കണ്ണുകളിൽ നിന്ന് കണ്ണുനീർ ഒഴുക്കുന്നത് എനിക്ക് കാണാമായിരുന്നു.
'ഞാൻ പൈസ വാങ്ങാത്തതിൽ മോന് ഒന്നും തോന്നരുത്. പൈസക്ക് വേണ്ടിയല്ല, മോൻ എന്നെ തിരക്കുന്നു എന്ന് ഞാൻ സ്വപ്നം കണ്ടു. മോനെ കാണാനാണു ഞാൻ വന്നത്. ഇനി വരില്ല എന്ന് പറയാനും. അതുകൊണ്ടു മാത്രമാണ് ഞാൻ വന്നത്. ഇനി ചിലപ്പോൾ കാണാൻ പറ്റിയില്ലെങ്കിലോ. മോൻ സ്ഥിരം തരുന്ന പത്തു രൂപ ഞാൻ എടുക്കുന്നു.' എന്ന് പറഞ്ഞു എൻ്റെ കയ്യിൽ ഒന്നു മുറുകെ പിടിച്ചു, കൈകൂപ്പി തൊഴുതു തിരിഞ്ഞ്‌ നടന്നു.
പ്രായം കൊണ്ടുള്ള കൂനും, കാലിലെ മുടന്തുമായി ആ അമ്മുമ്മ പതിയെ നടന്നകന്നപ്പോൾ, ഈ ജന്മത്തിൽ അത് ഞങ്ങളുടെ അവസാനത്തെ കൂടിക്കാഴ്ച്ച ആകും എന്ന തിരിച്ചറിവിൽ ആകാം, എന്റെ കണ്ണിലും ഒരു തുള്ളി കണ്ണുനീർ തളം കെട്ടി. ഒരു തൊണ്ണൂറു വയസ്സുള്ള റോസമ്മ അമ്മുമ്മ എവിടെന്നോ വന്ന്, ഞാൻ അവർക്കു ആരൊക്കെയോ ആണെന്ന് എന്നെ തോന്നിപ്പിച്ചു; അത്രയും കാലം മണ്ടനായ ഞാൻ തെറ്റിദ്ധരിച്ചിരുന്നത്, കുറച്ചു പത്തു രൂപ നോട്ട് കൊണ്ട് ഞാൻ അവരെ സഹായിക്കുകയായിരുന്നു എന്നാണ്.
- പ്രവീൺ പി. ഗോപിനാഥ്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo