Slider

പൊട്ടൻ്റെ പെണ്ണ്.


ഓർമ്മ വച്ച നാൾക്കു മുന്നേ അച്ഛൻ പോയിരുന്നു.പക്ഷെ ആ കുറവ് അവൾ അറിഞ്ഞിരുന്നില്ല തണലായ് ഏട്ടനുണ്ടായിരുന്നു അവൾക്ക്. പന്ത്രണ്ട് വയസ്സ് പ്രായമായപ്പോഴാണ് അമ്മയെ ക്യാൻസർ എന്ന മഹാവ്യാധി കാർന്നുതിന്നു തുടങ്ങിയത്. രോഗം മൂർച്ചിച്ചു തുടങ്ങിയപ്പോൾ പതിമൂന്നുകാരിയുടെ ചുമലിൽ അടുക്കള ഭരണത്തിൻ്റെ ഭാണ്ഡം ഏറ്റേണ്ടി വന്നു. അടുക്കളയിലെ ജോലി ഒതുക്കി അമ്മയെ പരിചരിച്ച് പള്ളിക്കൂടത്തിലെത്തുമ്പോൾ ദേഹത്ത് അവിടവിടെ പിടിച്ചിരിന്ന ചട്ടിയുടെയും കലത്തിൻ്റെയും കരിയടയാളം കണ്ട് കൂട്ടുകാർ കളിയാക്കിച്ചിരിച്ചപ്പോൾ ആ എട്ടാം ക്ലാസ്സുകാരി അവരെ നോക്കി പുഞ്ചിരിച്ചേ ഉള്ളു. മൃദുലമായ കൈത്തണ്ടിലെ ചെറിയ ചെറിയ തീപ്പൊള്ളലുകൾ കണ്ട് കൂട്ടുകാർ സഹതാപത്തോടെ നോക്കിയപ്പോഴും അവൾക്ക് വേദന തോന്നിയില്ല.
പതിമൂന്നാമത്തെ വയസ്സിൽ ചേട്ടനെയും അവളെയും ബാക്കിയാക്കി അമ്മയും വിട്ടു പോയപ്പോൾ ആ ഹൃദയം വേദനിച്ചു. എങ്കിലും തണലായി തൻ്റെ ഏട്ടനുണ്ടല്ലോ എന്നാശ്വസിച്ചു.
ബന്ധുക്കളുടെ നിർബന്ധത്തിൽ ഏട്ടൻ്റെ കൈ പിടിച്ച് ഒരു പെണ്ണ് ആ വീട്ടിലെത്തിയപ്പോൾ അവൾ ഏറെ സന്തോഷിച്ചു . "ഏട്ടത്തിയമ്മ " അമ്മയുടെ സ്ഥാനം തന്നെ അവൾ ആ സ്ത്രീക്കും നൽകി. ഏറെ ഇഷ്ടമായിരുന്നു ഏട്ടത്തിയമ്മയ്ക്കവളെ... ഒരു മകളെ പ്പോലെ അവർ അവളെ കണ്ടു. പിന്നീട് അവൾക്ക് കരിപുരണ്ട ദേഹത്തോടെ സ്കൂളിൽ പോവേണ്ടി വന്നില്ല. മൃദുലമായ കൈത്തണ്ടിലെ ചെറിയ ചെറിയ തീപ്പൊള്ളൽ നോക്കി ആർക്കും സഹതപിക്കേണ്ടി വന്നില്ല.സ്കൂളിലേക്ക് പോവ്വാൻ തയ്യാറായി വരുമ്പോൾ അമ്മയെപ്പോലെ തന്നെ ഏട്ടത്തിയമ്മയും അവളുടെ ചോറും പാത്രം നിറച്ചു വച്ചിട്ടുണ്ടാവും.
ദിനങ്ങൾ കടന്നു പോയിക്കൊണ്ടിരുന്നു. ഏട്ടത്തിയമ്മയുടെ ഭാവവും മാറിത്തുടങ്ങി അവരും ഒരമ്മയായി അവരുടെ കൊച്ചു കുടുംബത്തിൻ്റെ സ്വകാര്യതയ്ക്കു നടുവിൽ അവൾ ഒരധികപ്പറ്റായി അവർക്കു തോന്നിത്തുടങ്ങി.
പത്താം ക്ലാസ്സോടെ പഠിപ്പു നിർത്തി തീർത്തും ആ വീടൻ്റെ അടുക്കളപ്പുറത്തവൾ ഒരടുക്കളക്കാരിയായി മാറുകയായിരുന്നു. ആദ്യമൊക്കെ സഹതാപത്തോടെ നോക്കിയിരുന്ന ഏട്ടൻ്റെ മുഖത്തു നിന്നും ആ ഭാവം മങ്ങിത്തുടങ്ങിയിരുന്നു. ആ വീട്ടിൽ അവൾ തീർത്തും ഒരു വേലക്കാരിയായി മാറി.
സൗഹൃദങ്ങൾ എല്ലാം അവളെ വിട്ടു പോയി. യൗവ്വനയുക്തയായ അവളുടെ മുന്നിലൂടെ സുഹൃത്തുക്കളിൽ പലരും തങ്ങളുടെ ഭർത്താവിൻ്റെ കൈ കോർത്ത് തോളോടുതോളുരുമിപ്പോകുന്ന കാഴ്ച ആകാംഷയോടെ അവൾ നോക്കി നിൽക്കുമായിരുന്നു. യൗവ്വനയുക്തമായ അവളുടെ മനസ്സും കൊതിച്ചിരിക്കണം ആണൊരുത്തൻ്റെ കൈ കോർത്ത് തോളോട് തോൾ ചേർന്ന് നടക്കുവാനും നെഞ്ചിലെ ചൂടേറ്റു മയങ്ങുവാനും. ആരും അവളുടെ മനസ്സ് കാണാനുണ്ടായിരുന്നില്ല. യൗവനം മദ്ധ്യാഹ്നത്തിലേക്ക് ചുവടുവച്ചു തുടങ്ങിയപ്പോൾ അവൾ തൻ്റെ മോഹങ്ങളെയും അടച്ചു വച്ചു.
* * * * * * * * * * * * * * * * * * * * * * *
" അവരുടെ കാലം കഴിഞ്ഞാ ആ ചെക്കനെ നോക്കാൻ ഒരാൾ അവർക്കത്രേ വേണ്ടൂ."
ഉമ്മറത്ത് ആരുടെയോ സംസാരം കേട്ടാണ് അവൾ അടുക്കളയിൽ നിന്നെത്തി നോക്കിയത്.
മൂന്നാൻ നാരയണേട്ടനായിരുന്നു അത്. അയാൾ പോയി അല്പസമയത്തിനുള്ളിൽ മുറിക്കുള്ളിൽ നിന്നും ഏട്ടൻ്റെയും ഏട്ടത്തിയമ്മയുടെയും അടക്കിപ്പിടിച്ചുള്ള സംസാരം കേട്ടപ്പോൾ അവൾക്ക് മനസ്സിലായി തൻ്റെ കല്യാണകാര്യമാണ്.
" അത് ശരിയാവില്ല. ഒരു ബുദ്ധിവികസിക്കാത്ത ചെക്കനെ കൊണ്ട് കെട്ടിക്കാ എന്നു വച്ചാൽ... "
"എന്നു വച്ചാൽ എന്താ പെണ്ണിന് വയസ്സ് മുപ്പത്തിയാറ്കഴിഞ്ഞു. ഇനി വേറെ ആര് കെട്ടിക്കൊണ്ട് പോവ്വാനാ. ദേ ഇതങ്ങ് ഉറപ്പിച്ചാൽ മതി."
"എടീ അത് പിന്നെ... "
"ഓ... ഒരു പിന്നെയുമില്ല. നിങ്ങടെ അനിയത്തിയെ കെട്ടാൻ ഇനി ആരു വരാനാ. പിന്നെ നമ്മുടെ മോൾക്കും വയസ്സ് ഇരുപത്തി ഒന്നു കഴിഞ്ഞു. ഈ നാശം പിടിച്ചവൾ ഇങ്ങനെ നിന്നാൽ നമ്മുടെ കുഞ്ഞിനൊരു നല്ല ആലോചന വരുമെന്നു തോന്നണുണ്ടാ."
അടുക്കളയിലെ എച്ചിൽ പാത്രങ്ങൾ കഴുകുന്നതിനിടെ ഏട്ടൻ്റെയും ഏട്ടത്തിയുടെയും സംസാരം കേട്ട് കണ്ണിലെ നീരുറവ പൊട്ടിയൊഴുക്കുന്നത് അവൾ അറിയുന്നുണ്ടായിരുന്നില്ല.
രാമു അതായിരുന്നു അയാളുടെ പേര്. അവളും സുമംഗലിയാവാനൊരുങ്ങി.
ആരൊക്കെയോ അണിയിച്ചൊരുക്കി നമ്രശിരസ്കയായി മുല്ലപ്പന്തലിലേക്കിറങ്ങവേ ആരുടെയോ നാവിൽ നിന്നും ആരുടെയോ കാതിലേക്കൊഴുകിയ അടക്കം പറച്ചിൽ അവളുടെ കാതിൽ പതിഞ്ഞു.
"ചെക്കൻ പൊട്ടനാണ്. ..."
വിവാഹപ്പന്തലിൽ ചെക്കൻ്റെ അരക്കെട്ടിലെ മുണ്ടഴിഞ്ഞ് വീണത് കണ്ട് കാണികൾ ചിരിച്ചപ്പോൾ അവൾ കണ്ണീർ പുറത്തു വരാതെ അടക്കിപ്പിടിച്ചു നിന്നു. ഭക്ഷണം കാണാത്ത കുട്ടിയെപ്പോലെ സദ്യവട്ടത്തിനു മുന്നിലിരുന്നയാൾ വലിച്ചു വാരി തിന്നപ്പോൾ എല്ലാവരും കാഴ്ചക്കാരായി അയാളെ നോക്കിച്ചിരിച്ചു. വായിൽ തിരുകിയ ഭക്ഷണവുമായി മൊരണ്ട പല്ലുകാട്ടി അയാൾ ചിരിച്ചപ്പോൾ അവൾക്ക് വല്ലാത്ത ഈർശ്യ തോന്നി.
ആദ്യരാത്രിയിൽ നിറഞ്ഞ പാൽഗ്ലാസ്സുമായി അയാളുടെ അരുകിലെത്തിയപ്പോൾ അതു വാങ്ങി കിറിക്കിരുവശത്തൂടൊഴുക്കി ആർത്തിയോടെ വലിച്ചു കുടിച്ച അയാളെ അവൾ ദയനീയമായി നോക്കി നിന്നു.
മുല്ലപ്പൂ വിതറിയ മെത്തയിലോട്ട് കമഴ്ന്ന് കിടന്നുറങ്ങിയ അയാളുടെ മുഖത്തേക്ക് അവൾ നോക്കി . ഒരു കൊച്ചു കുട്ടിയുടെ നിഷ്കളങ്കത ആ മുഖത്ത് കാണാമായിരുന്നു.
നെഞ്ചോട് ചേർന്ന് കിടന്ന താലിയിൽ
മുറുകെപിടിച്ച്കട്ടിലിനൊരരികിൽചാരിയിരുന്നവൾ തൻ്റെ വിധിയെ പഴിച്ചു.
എപ്പോഴോ അവൾ പോലുമറിയാതെ ആ കട്ടിലിൻ്റെ ഒരു മൂലയിലായി അവളും മയങ്ങി.
ദേഹത്ത് എന്തോ നനവു പടർന്നപ്പോഴാണ് അവൾ ഉണർന്നത്. മുറിയിൽ നിറഞ്ഞു നിന്ന ദുർഗ്ഗന്ധത്തിൽ അവളറിഞ്ഞു ആറുയസ്സുകാരൻ്റെ ബുദ്ധിയുള്ള അയാൾ മെത്തയിൽ മൂത്രമൊഴിച്ചിട്ടുണ്ടെന്നത് .
അറപ്പോടെ ചാടിയെഴുന്നേറ്റ് പുറത്തു വന്ന അവളെ കണ്ട് തെല്ല് ജാള്യതയോടെ അമ്മ ചോദിച്ചു.
"മോളേ അവൻ ഇന്നും മെത്തയിൽ.. " പറഞ്ഞത് പാതിയിൽ നിർത്തവെ ആ അമ്മയുടെ കണ്ണുകൾ നിറഞ്ഞു.
"സാരല്ലമ്മേ " അവരെ ആശ്വസിപ്പിച്ചു കൊണ്ടവൾ കുളിമുറിയിൽ കയറി. തുറന്നിട്ട ഷവറിനു താഴെ നിന്നു നനഞ്ഞ അളുടെ കണ്ണുകൾ നിറയുന്നുണ്ടായിരന്നു. ഹൃദയം വിങ്ങുന്നുണ്ടായിരുന്നു. ഒന്നവൾ മനസ്സിനെ പഠിപ്പിച്ചു തനിക്ക് കിട്ടിയത് ഒരു ഭർത്താവിനെയല്ല. ആറുവയസ്സുള്ള ഒരു മകനെയാണെന്ന്.
അവൾ അന്നു മുതൽ രാമുവിന് ഒരമ്മയുടെ വാത്സല്യവും സ്നേഹവും പരിചരണവും കൊടുത്തു തുടങ്ങി.
അവൾ അവനായി കുരുത്തോലത്തൊപ്പിയും ഓലപ്പന്തും ഓല പീപ്പിയും മെടഞ്ഞു. അവനോടൊപ്പം കൊത്തം കല്ലും കണ്ണാരം പൊത്തിയും കളിച്ചു.
മറ്റുള്ളവർ പൊട്ടൻ്റെ പെണ്ണ് എന്ന് ആക്ഷേപിച്ച് പറയുമ്പോഴും അവൾ അത് കേട്ടതായി നടിക്കാറില്ല. രാമുവിനും അവളില്ലാതെ പറ്റില്ലെന്നായി.
* * * * * * * * * * * * * * * * ** ** **
തുലാവർഷം ആർത്തട്ടഹസിച്ച രാത്രി. ആകാശത്തിൽ ഇടക്കിടെ വെളളി വേരുകൾ പടർന്നിറങ്ങിയ പോൽ മിന്നൽ പിണർ ചില്ലു ജാലകത്തിലൂടെ കാണാമായിരുന്നു. പെട്ടെന്ന് കൂരിരുളിനെ മുറിച്ച് ഘോര ശബ്ദം മുഴക്കി കടന്നു പോയ ഇടിമിന്നൽ കണ്ട് പേടിച്ചരണ്ട അയാൾ അവളെ ചുറ്റിപ്പിടിച്ചു.
ആരാത്രി.... അവളുടെ ജീവിതത്തെ മാറ്റി മറിച്ചു. കാമ ശരമേറ്റപോൽ....
അയാൾ പോലുമറിയാതെ അയാളിലെ പൗരുഷം ഉണരുകയായിരുന്നു അവളിലെ സ്ത്രീ എന്ന വികാരത്തെ അയാൾ തിരിച്ചറിയുകയായിരുന്നു. പിറ്റേന്ന് കുളിമുറിയിലെ ചുവരിൽ തൂങ്ങിക്കിടന്ന കണ്ണാടിയിൽ കണ്ട സ്ത്രീ രൂപത്തെ അവൾ അല്പനേരം അഭിമാനത്തോടെ നോക്കിനിന്നു.
ദിനങ്ങൾ കടന്നു പോയി തൻ്റെ ഉദരത്തിലെ ജീവൻ്റെ തുടിപ്പവൾ അറിഞ്ഞു. അവൾ അമ്മയായി. അങ്ങനെ പൊട്ടൻ്റെ പെണ്ണും അമ്മയായി.
പക്ഷെ രാമുവിനൊരിക്കലും ഒരച്ഛനാകാൻ കഴിഞ്ഞിരുന്നില്ല. ആദ്യമൊക്കെ അവൾക്കരുകിലെ കുഞ്ഞിനെ വലിയ ഇഷ്ടത്തോടെ നോക്കി എങ്കിലും അവളുടെ സ്നേഹം പകുത്തു പോവുന്നത് അവന് സഹിക്കാവുന്നതിനുമപ്പുറമായിരുന്നു. അവൾക്കരുകിലെ കുഞ്ഞിനെ അവന് സ്നേഹിക്കാനായില്ല.
ഒരു നാൾ കുഞ്ഞിനെ ഉപദ്രവിക്കുന്നത് കണ്ട അയാളെ ഒരമ്മയുടെ സ്വാർത്ഥതയാൽ അവൾ ശകാരിച്ചു. ഒരു കൊച്ചു കുട്ടിയെ പ്പോലെ അയാൾ ആ മുറി വിട്ടിറങ്ങിപ്പോയി.
പിന്നെ അയാൾ ആ വഴി വന്നില്ല.
നേരം സന്ധ്യയോടടുത്തപ്പോൾ അമ്മയുടെ കരച്ചിൽ കേട്ട് കുഞ്ഞിനേയും തോളിലിട്ടവൾ മുറ്റത്തേക്കോടിയിറങ്ങി.
തെക്കേ കുളക്കടവിൽ കൂടി നിന്ന ആൾക്കൂട്ടത്തെ വകഞ്ഞു മാറ്റിയപ്പോൾ ആ കാഴ്ച കണ്ട് അവൾ നടുങ്ങിപ്പോയി. കുളക്കടവിൽ പാതിവെള്ളത്തിൽ കമിഴ്ന്നു കിടക്കുന്ന രാമുവിൻ്റെ ശരീരം.
കുഞ്ഞിനെ നെഞ്ചിലടക്കിപ്പിടിച്ച് അവൾ വാവിട്ടു നിലവിളിച്ചു. ആരൊക്കെയോ താങ്ങി അവളെ വീടിൻ്റെ ഉമ്മറത്തിണ്ണയിലിരുത്തി.
" പൊട്ടൻ മരിച്ചു. "
ആരോ പറഞ്ഞത് അവളുടെ കാതിൽ പതിഞ്ഞു.
അതെ അവളെ വിധവയാക്കി അവനും പോയി.
കാലം കടന്നു പോയി എങ്കിലും ഇന്നും നാട്ടാർക്ക് അവൾ മരിച്ചു പോയ പെട്ടൻ്റെ പെണ്ണ് തന്നെ.
(ജിസ്സാ ജോയ് പട്ടണക്കാട്)
both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo