നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

തീവണ്ടി (കഥ)


പ്രീത വാച്ചിലേക്ക് നേക്കി. ഇനിയും പത്ത് മിനിറ്റ് കൂടിയുണ്ട് റെയിൽവേ സ്‌റ്റേഷൻ വിടാൻ. ബാഗിൻ്റെ സിബ്ബ് ഊരി. യാത്രയിലെ കൂട്ടുകാരാണ്; ഒന്നു രണ്ട് മാസികകൾ, ഒരു ചെറിയ പുസ്തകം.  അവയെ പുറത്തെടുത്തു: റെയിൽവെ സ്റ്റേഷനിൽ വലിയ ബഹളമൊന്നുമില്ല. മറേറതോ തീവണ്ടി കാത്ത് ഒന്നു രണ്ടു സത്രീകൾ ബഞ്ചിലിരിപ്പുണ്ട്..
 പ്രീത മാഗസിനുകൾ മറിച്ചു നോക്കി. അക്ബർ കക്കട്ടിലിൻ്റെ കഥയനുഭവം :എഴുതാത്ത കഥയിലെ നായകൻ. തനിക്കിഷ്ടമുള്ള എഴുത്തുകാരൻ. നാടിനെയും നാട്ടാരെയുമെല്ലാം രസകരമായി എഴുതി ഫലിപ്പിക്കുന്നത് കാണുമ്പോൾ അസൂയ തോന്നിയിട്ടുണ്ട് .
വായനയിലേക്കിറങ്ങും മുമ്പ് പ്രീത ട്രെയിനിന്നുള്ളിലേക്ക് ചെറുതായി ഒന്ന് കണ്ണോടിച്ചു. പൊതുവെ തിരക്ക് കുറവാണ്. തൻ്റെ എതിർവശത്തെ സീറ്റിൽ ഒരു യുവതി മാത്രം. .മടിയിൽ ഒരു കുഞ്ഞും.
"എവിടെക്കാ " പ്രീത പരിചയത്തിന് തുടക്കമിട്ടു
"ഷൊർണൂർ'' അവർ പുഞ്ചിരിയോടെ മറുപടി നൽകി
"ഞാൻ പ്രീത. കോഴിക്കോട് വരെ "
"ഞാൻ ശ്വേത "
പരിചയപ്പെടലിൻ്റെ ആദ്യ വേലിക്കെട്ട് പൊളിച്ചതിന് ശേഷം സ്വാഭാവികമായുണ്ടാകുന്ന ഇത്തിരി മൗനം:.. ഇനി ആ മൗനം പൊളിക്കണമെങ്കിൽ " എന്തൊരു ചൂടാ ല്ലെ .... എന്തൊരു മഴയാല്ലെ " എന്ന അറുബോറൻ സ്റ്റീരിയോടൈപ്ഡ് ചോദ്യങ്ങളിലേക്ക് നീങ്ങണം .....പ്രീത പതിയെ വായന തുടങ്ങി....
വണ്ടി നീങ്ങാനുള്ള പുറപ്പാടിലാണ് ------ ചുമലിൽ ഒരു ബാഗും കയ്യിൽ ഒരു ചെറിയ പെട്ടിയുമായി അയാൾ അപ്പോഴാണ് ചാടിക്കയറിയത്.... ഓരോയിടത്തും ഇരിക്കാനൊരിടം തേടി അയാൾ അവിടെ എത്തി... പ്രീതയും ശ്വേതയും ഇരിക്കുന്ന ആ കാബിനിൽ .... തൻ്റെ കയ്യിലെ പെട്ടിയും ചുമലിലെ ബാഗും അയാൾ മുകളിൽ വെച്ചു
"ഹായ് മനു നീയിതെങ്ങോട്ടാ "
മനു തിരിഞ്ഞു നോക്കി
"ഹായ് പ്രീത നീയൊ "
"ഞാൻ കോഴിക്കോട്ടേക്ക് "
''ഞാൻ തൃശൂർ വരെ ....അത്യാവിശ്യം ഒരു ക്ലയൻ്റിനെ കാണാനുണ്ട് "
മനു പ്രീതക്കഭിമുഖമായിരുന്നു
" നീ ചായ കുടിച്ചൊ"
"ഇല്ല "
മനു ജനവാതിലിൻ്റെ അഴികൾക്കിടയിലൂടെ കയ്യിട്ട് പുറത്തേക്ക് വിളിച്ചു പറഞ്ഞു
"രണ്ട് ചായ "
ചായ ഒന്ന് പ്രീതക്ക് കൊടുത്തു. ഒന്ന് മനുവും കുടിച്ചു. പെട്ടെന്നാണ് തൊട്ടപ്പുറത്തിരിക്കുന്ന ശ്വേതയെ മനു കണ്ടത്
"ഹോ സോറി ചായവേണമായിരുന്നൊ"
"വേണ്ട താങ്ക്സ് "
ശ്വേത ഒരു പുഞ്ചിരിയോടെ പറഞ്ഞു
" അതേയ് നീയെന്താ പ്രീതെ പെട്ടെന്ന് കോഴിക്കോട്ടേക്ക് "
"കഴിഞ്ഞാഴ്ച നീ വിളിച്ചപ്പോൾ ഞാൻ സൂചിപ്പിച്ചിരുന്നില്ലെ.... അമ്മയുടെ ഷോൾഡർ പെയിൻ .... ഒരു എം ആർ ഐ ചെയ്യണം.... സൊ ഒരാഴ്ച ലീവെടുത്തു "
"നീ എന്നാ ഈ വായിക്കുന്നെ''
പ്രീത തൻ്റെ കയ്യിലെ മാഗസിൻ മനുവിന് കൊടുത്തു.... മനു അലക്ഷ്യമായി മറിച്ചു നോക്കി തിരിച്ചു കൊടുത്തു
" നിൻ്റെ വർക്ക് എങ്ങനെയുണ്ട്''
''ഒന്നും പറയണ്ടന്നെയ്... ഇപ്പൊ അപ്രെയ്സൽ നടന്നുകൊണ്ടിരിക്കയാ.... എല്ലാം കൂടി സ്ട്രെസ് ഭയങ്കരമാ"
മനു പുറത്തേക്ക് നോക്കി പറഞ്ഞു.....
" ഭക്ഷണത്തിൻ്റെ കാര്യം നീ ശ്രദ്ധിക്കണംകെട്ടൊ.... പിന്നെ വ്യായാമം മറക്കരുത്.... നീയാകാര്യത്തിൽ മടിയനാ....."
പ്രീതയുടെ വാക്കു കേട്ട മനു ഒന്ന് ചിരിച്ചു...
. ഒരു ചെറിയ മൗനത്തിന് ശേഷം പ്രീതയും മനുവും വാ തോരാതെ സംസാരിച്ചുകൊണ്ടിരുന്നു..... ഇടക്കിടക്ക് പൊട്ടിച്ചിരിയും കൊച്ചു കൊച്ചുവഴക്കുകളും അവർക്കിടയിൽ നടന്നു കൊണ്ടിരുന്നു.... ശ്വേതക്ക് പ്രീതയുടെയും മനുവിൻ്റെയും ആ കൂട്ട് കണ്ടപ്പോൾ വല്ലാത്തൊരു കൗതുകം തോന്നി ---- അവർ പറയുന്നതെല്ലാം കേട്ടിരിക്കാൻ വല്ലാത്ത ഒരു രസം. --- എത്ര നല്ല സൗഹൃദമാണ് അവർ തമ്മിൽ .....
തൃശൂർ എത്താറായപ്പോൾ മനു എഴുന്നേറ്റു ..... മുകളിൽ നിന്ന് തൻ്റെ പെട്ടിയെടുത്ത് ചുവട്ടിൽ വെച്ചു ... ..
പെട്ടി തുറന്ന് ഒരു പാക്കറ്റ് ഉണ്ണിയപ്പം പുറത്തേക്കെടുത്തു
"ന്നാ നിനക്ക് ഉണ്ണിയപ്പം വലിയ ഷ്ടമല്ലെ .... ഇന്നലെ നമ്മുടെ സാമി ബേക്കറിയിൽ നിന്ന് മൂന്ന് പാക്കറ്റ് മേടിച്ച താണ് ..... "
"ടാ മനു രണ്ട് പാക്കറ്റ് എനിക്ക് താടാ.... പ്ലീസ്"
"അയ്യടാ ..... അങ്ങനെയിപ്പം വേണ്ട.... ആക്രാന്തം കാണിച്ച് ഒറ്റയടിക്ക് തീർക്കണ്ട.... കോഴിക്കോട് എത്തുന്നത് വരെ കയ്യിൽ കാണണം"
പെട്ടിയും ബാഗുമെടുത്ത് മനു ഇറങ്ങുന്നതിന് മുമ്പായി ശ്വേതയുടെ മടിയിലിരിക്കുന്ന കൊച്ചിൻ്റെ കവിളിൽ തട്ടി
"ദേ ഒരു ഉണ്ണിയപ്പം ഈ കൊച്ചിനും കൊടുക്കണെ"
മനു തൃശൂർ സ്‌റ്റേഷനിൽ ഇറങ്ങി . നിമിഷങ്ങൾക്കകം തൃശൂരിനോട് യാത്ര പറഞ്ഞ് തീവണ്ടി മുന്നോട്ട് കുതിച്ചു: പ്രീത ഉണ്ണിയപ്പത്തിൻ്റെ പാക്കറ്റ് പൊട്ടിച്ച് ശ്വേതക്കും കുഞ്ഞ് മോൾക്കും നൽകി
"നിങ്ങൾ ഭയങ്കര കൂട്ടാണല്ലെ...."ശ്വേത പ്രീതയോടായി ചോദിച്ചു
" ഞാൻ ശ്രദ്ധിച്ചിരിക്കയായിരുന്നു .... എന്ത് രസാ നിങ്ങൾ രണ്ടു പേരും കൂടി സംസാരിച്ചിരിക്കുന്നത് കേൾക്കാൻ ..... നല്ല സൗഹൃദങ്ങൾ ഒരു വലിയ അനുഗ്രഹമാല്ലെ
പ്രീത ഒന്നു ചിരിച്ചു -
"മനുവിനെ എത്ര നാളായി അറിയാം"
ശ്വേതയുടെ ആകാംക്ഷ കെട്ടടങ്ങിയില്ല.
"ഏതാണ്ട് നാലു വർഷമായി അറിയാം"
"ഒരുമിച്ചു പഠിച്ചതാണൊ "
" അല്ല " ഒരു ഉണ്ണിയപ്പം കടിച്ചു കൊണ്ട് പ്രീത തുടർന്നു
" നാലുവർഷം മുമ്പാണ് ഞങ്ങളുടെ വിവാഹം നടന്നത്
കഴിഞ്ഞ വർഷം ഞങ്ങൾ ഡൈവോഴ്സ് ചെയ്തു. ഇപ്പൊ മനു എൻ്റെ ഏറ്റവും നല്ല സുഹൃത്താ "
എന്ത് പറയണമെന്നറിയാതെ ഒരു നിമിഷം ശ്വേത തരിച്ചിരുന്നു പോയി.... പ്രീതയോട് ഒന്നും ചോദിക്കാൻ പറ്റാത്തത് പോലെ
"ശ്വേത ആകെ കൺഫ്യൂസ്ഡ് ആയെന്ന് തോന്നുന്നു " പ്രീത രണ്ടാമതൊരു ഉണ്ണിയപ്പം കൂടി കയ്യിലെടുത്ത് തുടർന്നു
" മനു വളരെ നല്ലവനാണ്. വിവാഹത്തിന് ശേഷം ഞങ്ങൾ നല്ല സുഹൃത്തുക്കളെ പോലെയായിരുന്നു... ന്നാൽ കുറെ കഴിഞ്ഞപ്പോൾ ഈ ഭാര്യ ഭർത്താവ് എന്ന ടെർമിനോളജിയിൽ പെട്ട് ഞങ്ങളുടെ ആ നല്ല സൗഹൃദം നശിക്കുന്നത് പോലെ ഞങ്ങൾക്ക് തോന്നി. കുറെ ഞങ്ങൾ ആലോചിച്ചു ....നല്ല സുഹൃത്തുക്കളായി ജീവിക്കണൊ അതൊ ഈ ഒരു ബന്ധത്തിൻ്റെ പേരിൽ കോംപ്രമൈസുകൾക്ക് വഴങ്ങി വഴങ്ങി
ഈ ഒരു സൗഹൃദം നശിപ്പിക്കണൊ... നശിപ്പിക്കണ്ട എന്ന് ഞങ്ങൾ ഒരുമിച്ചൊരു തീരുമാനമെടുത്തു - ഇന്ന് ഞങ്ങൾ നല്ല സുഹൃത്തുക്കളാ.... ഞാൻ ഏത് പാതിരാത്രിയിലും എന്താ വിശ്യത്തിന് വിളിച്ചാലും അവൻ ഓടിയെത്തും.... തിരിച്ച് ഞാനും....."
കുറച്ച് നേരത്തേക്ക് ശ്വേത ഒന്നും മിണ്ടിയില്ല -
"എനിക്കിങ്ങനെയുള്ള സൗഹൃദങ്ങൾ ഒന്നുമില്ല: അതിൽ ഞാനെന്തൊ വലിയ പരാജയമാ''ശ്വേത സ്വൽപ്പം വിഷമത്തോടെ പറഞ്ഞു
"സൗഹൃദങ്ങൾ സൃഷ്ടിക്കുന്നതിൽ "
"ന്നാ ഇനി വിഷമിക്കണ്ട..... എന്നെ ഒരു നല്ല സുഹൃത്തായി എടുത്തൊ " പ്രീതയുടെ വാക്കുകൾ കേട്ട ശ്വേത പുഞ്ചിരിച്ചു: അവർ പരസ്പരം നമ്പരുകൾ കൈമാറി....
വാട്സ പ്പി ലും ഫേസ് ബുക്കിലും അവർ സൗഹൃദങ്ങൾ പങ്കുവെച്ചു
" ഹോ ശ്വേത കവിതയൊക്കെ എഴുതുമല്ലെ ..... എന്നിട്ടാണോ സൗഹൃദത്തിന് ക്ഷാമം"
"ഞാൻ കുറെ ആൺസുഹൃത്തുക്കളെയും പെൺസുഹൃത്തുക്കളെയും പരിചയപ്പെടുത്തി തരാം ട്ടൊ -
കുറച്ചു നേരം ഇരു വരും പരസ്പരം ഫേസ് ബുക്കിലൂടെ നേരം കളഞ്ഞു
ഷൊർണ്ണൂർ എത്താറായപ്പോൾ ശ്വേത ഇറങ്ങാനുള്ള ഒരുക്കൾ തുടങ്ങി
" ഞാൻ ചോദിക്കാൻ വിട്ടു പോയി ശ്വേതയുടെ ഹസ്ബൻ്റ് എവിടെയാ "
ശ്വേത പെട്ടെന്ന് മറുപടി പറഞ്ഞില്ല .....
പിന്നെ പതിയെ മന്ത്രിച്ചു
"ജീവിച്ചിരിപ്പില്ല..... കഴിഞ്ഞ വർഷം... ഒരു ബൈക്ക് ആക്സിഡൻറ് "
" ഹൊ ഐ ആം സോറി "
കുറച്ചനേരത്തെ മൗനത്തിന് ശേഷം പ്രീത ശ്വേതയുടെ കുഞ്ഞിനെ കയ്യിലെടുത്തു ഓമനിച്ചു
" ശ്വേത കുറെക്കൂടി റിഫൈൻഡ് അകാനുണ്ടെന്ന് തോന്നുന്നു... എവിടെയൊ ഒരു ധൈര്യക്കുറവുണ്ടല്ലെ.... സൗഹൃദങ്ങൾ നഷ്ടപെടുന്നതും അവിടെയായിരിക്കും :എന്തായാലും ശ്വേതയെ ഞാനൊന്ന് മെരുക്കിയെടുക്കും"
ഷൊർണ്ണൂർ എത്തിയപ്പോൾ ശ്വേതയാത്ര പറഞ്ഞ് പുറത്തിറങ്ങി ........
.............
വീടിനു മുന്നിലെ പേരമരത്തിലേക്കും നോക്കി ഉമ്മറപ്പടിയിൽ കാലും നീട്ടി യിരിക്കുമ്പോഴാണ് മെസ്സഞ്ചറിൽ ആ ബീപ്പ് സൗണ്ട് വന്നത് .ശ്വേത നോക്കി... വിശ്വസിക്കാൻ കഴിഞ്ഞില്ല. സായ് കൃഷ്ണ.
ഓൺലൈൻ സാഹിത്യ ലോകത്തെ പേരെടുത്ത എഴുത്തുകാരൻ - തനിക്ക് മെസ്സേജയക്കുകയൊ ... ശ്വേത ഒന്നുകൂടി കണ്ണ് തിരുമ്മി നോക്കി.... അതെ സായ് കൃഷ്ണ തന്നെ.
"ഹായ് ശ്വേത "
"ഹായ് സർ"
" കടലിനോട് പറയാനുള്ളത് എന്ന കവിത ഞാൻ വായിച്ചു: വ്യക്തിപരമായി അഭിനന്ദിച്ചെപറ്റു എന്നെനിക്ക് തോന്നി "
"സാർ ഇത് എനിക്ക് കിട്ടിയ ഒരു വലിയ അംഗീകാരമായി ഞാൻ കാണുന്നു.... എനിക്ക് എന്ത് പറയണമെന്ന് അറിഞ്ഞു കൂട"
"എഴുത്ത് നിർത്തരുത്. തുടരണം പറ്റുകയാണെങ്കിൽ ചെറിയ ചെറിയ കഥകൾ എഴുതാൻ ശ്രമിക്കു"
"ഞാൻ ട്രൈ ചെയ്യാം സർ"
സായ് കൃഷണ ഓഫ് ലൈനായി
വല്ലാതെ എക്സൈറ്റഡ് ആയ ശ്വേത ഉടനെ തന്നെ പ്രീതയെ ഫോണിൽ വിളിച്ചു
" പ്രീതാ ഇന്നൊരു അത്ഭുതം സംഭവിച്ചു;
"നീയെന്താ രണ്ടാമതും കെട്ടാൻ തീരുമാനിച്ചൊ"
" ഛെ അതല്ല: ഇന്ന് സായ് കൃഷണയില്ലെ...."
"ഹോ എനിക്കി കൃഷ്ണനെയും രാമനെയും ഒന്നുമറിഞ്ഞുകൂടാ
" പ്രീതാ പേരെടുത്ത കഥാകാരനാണ് - ഇന്ന് എൻ്റെ കവിത വായിച്ച് എന്നെ ഒരു പാടഭിനന്ദിച്ചു....താങ്ക് യു പ്രീത.... നിന്നിലൂടെയാണ് ഞാൻ സൗഹൃദത്തിൻ്റെ പല ബാലപാഠങ്ങളും പഠിച്ചത്: ഒരു പാട് നല്ല സൗഹൃദങ്ങളെ കണ്ടെത്താൻ കഴിഞ്ഞത്: പ്പോളിതാ അത് സായ് കൃഷ്ണയിൽ വരെ എത്തി നിൽക്കുന്നു: "
"അതിങ്ങനെ പറഞ്ഞാ പോര ചെലവ് ചെയ്യണം "
" ഷുവർ ടാ ഞാൻ പിന്നെ വിളിക്കാമെ: ഐം ആം റിയലി എക്സൈറ്റഡ് "
ശ്വേതയുടെ കഥകളും കവിതകളും വളർന്നു. അവളുടെ സൗഹ്യദങ്ങളോടൊപ്പം: ആ സൗഹൃദങ്ങൾ അവൾക്കൊരു പുതിയ ജന്മം നൽകുകയായിരുന്നു .......
മാസങ്ങൾക്ക് ശേഷം ഏതാണ്ട് രാത്രി പതിനൊന്ന് മണിയായിക്കാണും ബെഡ് റൂം ലാംപിൻ്റെ വെളിച്ചത്തിൽ പ്രീത വായിച്ചു കൊണ്ടിരിക്കുമ്പോഴാണ് ശ്വേതയുടെ ആ മെസ്സേജ് വാട്ട്സ പ്പിൽ വന്നത്.....
"ഹായ് പ്രീത ഞാനൊരു സർപ്രൈസ് തരാൻ പോകയാണ് കെട്ടൊ.... "
പ്രീതയുടെ നെറ്റി ചുളിഞ്ഞു ....
" ഞാൻ വിവാഹം ചെയ്യാൻ തീരുമാനിച്ചു..... ഇതിന് എൻ്റെ മനസ്സിനെ പാകപ്പെടുത്തിയെടുത്തതിൽ പ്രീതക്കും സായ്കൃഷണക്കും ഒരു വലിയ പങ്കുണ്ട്:
ഞാൻ ഇൻവിറ്റേഷൻകാർഡ് അയക്കുന്നു"
വാട്ട്സ പ്പിൽ വന്ന ഇൻവിറ്റേഷൻ കണ്ട പ്രീതയുടെ കണ്ണുകൾ വിടർന്നു
ശ്വേത
വെഡ്സ്
മനു
പിറകെ ശ്വേതയുടെ മെസ്സേജും
"മനുവിൻ്റെ ഒരേ നിർബ്ബന്ധമായിരുന്നു .... പ്രീതക്ക് ഒരു കിടിലൻ സർപ്രൈസ് കൊടുക്കണമെന്ന് ....അത് കൊണ്ടാണ് ഞാനത് മൂടി വെച്ചത്.... ഒന്നും തോന്നരുത് ... എല്ലാ കാര്യങ്ങളും ഞാൻ വിശദമായി പിന്നീട് പറയാം...
മനുവുമായി FB വഴി ഒരു നല്ല സൗഹൃദം ഉണ്ടാക്കിയതും പിന്നീടത് പ്രണയമായി മാറിയതുമെല്ലാം .... ഞാൻ നേരിൽ കാണുമ്പോ പറയാം :മനപൂർവ്വമല്ല "
എല്ലാ വിധ ആശംസകളും ശ്വേത ---- മനു തീർച്ചയായും നിനക്ക് ഒരു നല്ല കൂട്ടായിരിക്കും .....പ്രീത മനസ്സിൽ പറഞ്ഞു
.........
അന്ന് ഒരു ഞായറാഴ്ച :..അവധി കഴിഞ്ഞ് പ്രീത കോഴിക്കോട്ട് നിന്ന് എറണാകുളത്തേക്ക് യാത്രയായി ..... പ:തിവുപോലെ കൂട്ടിന് കുറച്ച് മാസികകളും പുസ്തകങ്ങളും.... യാത്രയിൽ ഒരു ബോണസ് പോലെ ലഭിക്കുന്ന കാറ്റും കൊണ്ട് മയങ്ങിയതറിഞ്ഞില്ല.
"ചായെ ചായെ എന്ന വിളി കേട്ട പ്രീത കണ്ണ് തുറന്നു ഷൊർണ്ണൂർ എത്തി
യാത്രക്കാർ ഇറങ്ങാനും കയറാനും തിരക്ക് കൂട്ടുന്നു ..... കയ്യിൽ ബാഗും കൊച്ചുമായി ശ്വേത കയറി വന്നപ്പോൾ പ്രീത അറിയാതെ പറഞ്ഞു പോയി
"വാട്ട് എ സർപ്രൈസ് "
ബാഗ് മുകളിൽ വെച്ച് ഇരുവരും വിശേഷങ്ങൾ പങ്കുവെച്ചു
ശ്വേത പ്രീതയുടെ എതിർ വശത്തായി ഇരുന്നു'
"മനു വന്നില്ലെ"
"ഇല്ല മനുവേട്ടന് ലീവൊട്ടും ഇല്ല ... എറണാകുളത്ത് സ്റേറഷനിൽ വരും''
"എങ്ങിനെയുണ്ട് ദാമ്പത്യ ജീവിതം"
പ്രീത കുഞ്ഞിൻ്റ കവിളിൽ തലോടിക്കൊണ്ട് ശ്വേതയോടായി ചോദിച്ചു
"മനുവേട്ടന് എന്നെ ഒത്തിരി ഷ്ടാ..... ഒരു നല്ല കൂട്ടാണ് എനിക്ക് "
ശ്വേതയുടെ വാക്കുകൾ കേട്ട പ്രീത പുഞ്ചിരിച്ചു
"മനു നല്ലവനാണ്: ഒരു നല്ല മനസ്സിൻ്റെ ഉടമയാണവൻ: ശ്വേതക്ക് അവൻ എന്നും ഒരു നല്ല കൂട്ടായിരിക്കും "
കുറച്ചു നേരത്തെ മൗനത്തിന് ശേഷം ശ്വേത തുടർന്നു
" സായ് കൃഷ്ണ വിവാഹത്തിൽ വരാഞ്ഞതിൽ എനിക്ക് ഒരു പാട് വിഷമായി... " ശ്വേത പ്രീതയോടായി പറഞ്ഞു
"എന്ത് പറ്റി "
" അമ്മക്ക് ഒട്ടും വയ്യ എന്നിങ്ങനെ കുറെ കാരണങ്ങൾ പറഞ്ഞു... അടുത്ത കഥയുടെ പേര് "തീവണ്ടി" എന്നാണത്രെ "
ശ്വേതയുടെ വാക്കുകൾ കേട്ട
പ്രീത ഒരു പുഞ്ചിരിയിലൂടെ മറുപടി ഒതുക്കി
"ഞാൻ വായിക്കാൻ കാത്തിരിക്കയാണ് "
പുറത്തെ കാഴ്ചകളും നോക്കി നേരം കളയുന്നതിന്നിടയിൽ ഏതാനും വരികൾ മാത്രം ബാക്കിയുള്ള തൻ്റെ കഥ പ്രീത പൂർത്തിയാക്കി..... "തീവണ്ടി" .... ടൈം ലൈനിൽ പോസ്റ്റ് ചെയ്തു.....
നോട്ടിഫിക്കേഷൻ ശബ്ദം കേട്ട ശ്വേത മൊബൈലിലേക്ക് നോക്കി
"ദൈവമെ പറഞ്ഞു തീർന്നില്ല. ദേ സായ് കൃഷ്ണയുടെ പുതിയ കഥ ''തീവണ്ടി"
ശ്വേത ആ കഥയിലേക്ക് ഊർന്നിറങ്ങി: ..... കാറ്റിൻ്റെ തലോടലിൽ പ്രീത പാതി മയക്കത്തിലേക്ക് വീണു:
തീവണ്ടി ആ കഥയുടെ താളത്തിനൊപ്പിച്ച് പാളത്തിലൂടെ മെല്ലെ മുന്നോട്ട് നീങ്ങി.... പ്രീതയെയും സായി കൃഷണയെയും ശ്വേതയെയും കൊണ്ട് .... മനസ്സിൽ നിറയെ സൗഹൃദങ്ങളുമായി
(അവസാനിച്ചു)
സുരേഷ് മേനോൻ
11 8 2020

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot