നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കന്യാസ്ത്രീയുടെ സംശയം (കഥ)

 
റ്റ്രർണീം....... റ്റ്രർണീം...... റ്റ്രർണീം...... റ്റ്രർണീം...... റ്റ്രർണീം...... റ്റ്രർണീം...... ലാൻഡ് ഫോണിന്റെ നീട്ടിയുള്ള മണിനാദം നിർത്താതെ കേട്ടപ്പോൾ ഞാനോടിച്ചെന്നു ഫോണെടുത്തു.
“ഹലോ”
“ഡീ പെണ്ണേ, നിനക്ക് സുഖമാണോ?”
“ഉം.. സുഖമാണ്. ചേട്ടനോ?”
“ഉം കുഴപ്പമില്ല മോളെ. കുഞ്ഞെന്തേടീ?”
“അവളുറങ്ങാ ചേട്ടാ... ഇപ്പൊ പാലുകുടിച്ചുറങ്ങിയുള്ളൂ.”
“ങേ പാലുകുടിച്ചോ...? ഇനിയെന്നാടീ ഞാനിതൊക്കെ കാണാ.”
“എന്ത്?”
“അവള് പാലുകുടിക്കണതും ഉറങ്ങണതും ഒക്കെ.”
“അത് മാത്രം കണ്ടാമതിയോ?”
“ഏയ്, അവളുറങ്ങിക്കഴിയുമ്പോ.... പിന്നെ....”
“എന്നാലേ ഇനിം അഞ്ചു മാസം കഴിഞ്ഞാൽ ലീവെടുത്തു പോരാൻ നോക്കിക്കോ. ഇപ്പൊ വന്നാലേ ഒന്നും നടക്കില്ല. എന്റെ മുറിയുടെ ഏഴയലത്ത് വരാൻ അമ്മ സമ്മതിക്കില്ല. ഇരുപത്തെട്ട് കഴിഞ്ഞട്ടേയുള്ളൂ. കൊച്ചിന് ആറുമാസം ആകാതെ ഒന്നും നടക്കില്ല മോനെ.”
“ഉം... എന്ന പിന്നെ നവംബറിൽ വരാൻ നോക്കാം. ആ പിന്നെ എന്റെ ഒരു കൂട്ടുകാരൻ വന്നിട്ടുണ്ട്. അവന്റെ വീട് ആ ഇറിഗേഷൻ ക്വാർട്ടേഴ്സിന്റെ അടുത്താണ്. അടുത്താഴ്ച അവൻ തിരിച്ചുവരും. അവന്റെ കൈയിൽ നീ മോളുടെ ഫോട്ടോസ് കൊടുത്തയക്കണം. കാണാൻ കൊതിയാവാ.”
“ആഹാ കൊച്ചിന്റെ ഫോട്ടോ മാത്രം മതിയോ?”
“അല്ലെൻറെ പൊന്നേ, എന്റെ ഈ സുന്ദരിക്കോതയുടെയും വേണം.”
“ഉം...മ്മ്. എന്നിട്ടെന്തിനാ?”
“അത് ഒരു കാര്യം ഉണ്ട്. ഇപ്പൊ പറയാൻ പറ്റില്ല. ഇവിടെ എന്റെ കൂട്ടുകാരൻ ഉണ്ട്. നാട്ടിൽ വരുമ്പോൾ ചെയ്തുകാണിച്ചുതരാം.”
“ശ്ശ്യോ....പോ അവിടന്ന്.....”
ഞാനാകെ പൂത്തുലഞ്ഞു. ചുവന്നു തുടുത്തു. അവനും. ഒരു നിശ്വാസമുതിർത്തുകൊണ്ടു അവൻ പറഞ്ഞു.
“ഞാൻ വയ്ക്കട്ടെ മോളെ, ഫോട്ടോസ് കൊടുത്തയക്കണേ.”
“ചേട്ടാ ചക്ക വരട്ടിയത് ഇരിപ്പുണ്ട് കൊടുത്തയക്കാമോ? അവര് സമ്മതിക്കോ?”
“ഒരു കിലോ വരെ കൊടുത്തയാക്കാൻ കുഴപ്പം ഉണ്ടാവില്ല. ഞാൻ നമ്പർ പറയാം, 2379845 അവനോടു ഒന്ന് വിളിച്ചു ചോദിച്ചിട്ടു മതി. ശരി എന്നാ, ഒരു ഉമ്മ തന്നെടീ”
ഉമ്മ ഉമ്മ ഉമ്മ ശരി ചേട്ടാ.”
“ബൈ മോളെ”
“ബൈ”
ടക് ടക്. അപ്പുറത്ത് ഫോൺ വച്ച് കഴിഞ്ഞും ഞാൻ ഇത്തിരി നേരം അങ്ങനെ തന്നെ നിന്നു. പിന്നെ പറഞ്ഞതോർത്തു ഞാൻ പുളകം കൊണ്ടു. മോളെ ഒരു മാസം വയറ്റിലായപ്പോൾ പിരിഞ്ഞതാണ്. പിന്നെ ഈ ഫോൺ വിളിയും കത്തും മാത്രം. പ്രസവം ഓപ്പറേഷൻ ആയിരുന്നു. അന്നൊക്കെ വേദന കൊണ്ടു പുളയുമ്പോൾ ചേട്ടൻ ഒന്നടുത്തുണ്ടായിരുന്നെങ്കിൽ എന്ന് ചിന്തിക്കും. പക്ഷെ....
“ആഹാ നീ സ്വപ്‍നം കണ്ടു നിക്കാണോ? ദേ കൊച്ചെഴുന്നേറ്റു.”
അമ്മയാണ്. ഞാൻ ചിന്തയിൽ നിന്നും ഉണർന്നു. റിസീവർ വച്ച് വന്നു കുഞ്ഞിനെ കൈയിൽ വാങ്ങി. കുഞ്ഞിന്റെ മുഖത്തു നോക്കി ചരിച്ചുകൊണ്ടു പറഞ്ഞു.
“അമ്മേടെ ചക്കരമോള് എണീറ്റോ, ഇത്ര വേഗം എണീറ്റോ, അപ്പ വിളിച്ചല്ലോ... കുഞ്ഞിന്റെ കാര്യം ചോച്ചല്ലോ..... കുഞ്ഞിനെ കാണാൻ കൊതിവരണൂന്നു പറഞ്ഞല്ലോ... കുഞ്ഞിനെ കാണാൻ അപ്പ വരൂലോ...”
“അവൻ വരണുണ്ടോടീ.. അപ്പൊ മാമ്മോദീസ നടത്തണല്ലോ.”
“ഏയ് ഇപ്പൊ വരണില്ല അമ്മേ. നവംബറിലാ വരണേ.”
“ആഹാ.... പിന്നെന്താ ഇന്നൊരു വിളി സാധാരണ വെള്ളിയാഴ്ചയല്ലേ വിളി”
“ആ അത് അടുത്ത ശനിയാഴ്ച ഒരു കൂട്ടുകാരൻ തിരിച്ചു പോണുണ്ട്ന്നു, ഇവിടെ ഇറിഗേഷൻ ക്വാർട്ടേഴ്സിന്റെ അവിടെയാ വീട്. കുഞ്ഞിന്റെ ഫോട്ടോസ് കൊടുത്തയക്കാൻ പറഞ്ഞതാ.”
“അവനവിടെ ഇരിക്കപ്പൊറുതി ഉണ്ടാവില്ല. അപ്പച്ചൻ വരുമ്പോൾ ഫോട്ടോസ് എടുക്കാൻ പറയാം. ക്യാമറ ഉണ്ടായതു ഭാഗ്യം. അല്ലെങ്കി സ്റ്റുഡിയോയിൽ പോകേണ്ടി വന്നേനെ.”
“അതന്നെ. ഇത് കൊണ്ടുകൊടുക്കാൻ എന്ത് ചെയ്യും അമ്മേ. അപ്പച്ചനും ചേട്ടനും ഒരു ഒഴിവും ഇല്ല. രണ്ടുപേര്ക്കും ജോലിത്തിരക്കാണ്. പാതിരാ ആവും വരുമ്പോ. എന്ത് ചെയ്യും?”
“എന്നാ കൊടുക്കണ്ടേ?”
“അടുത്ത ശനിയാഴ്ചയാ പോണേ. തലേന്നെങ്കിലും കൊണ്ടുകൊടുക്കണ്ടേ. ഇത്തിരി ചക്ക വരട്ടിയത് കൊടുക്കമൊന്നു ചോദിക്കണം. അങ്ങനെയാണെങ്കിൽ അത് ലഗേജ്ൽ പാക്ക് ചെയ്യണ്ടേ.”
“ഇന്ന് വ്യാഴം. ഫോട്ടോ ഇന്നെടുത്താൽ, നാളെ കൊണ്ടുകൊടുത്താലും, ശനിയാഴ്ചക്കു കഴുകി കിട്ടോ? അങ്ങനെയാണെങ്കി ഞായറാഴ്ച്ച ചേട്ടന്റ കൈയിൽ കൊടുത്തയക്കാം.”
“അതെങ്ങനെ അമ്മേ, ഒന്നാമത് ശനിയാഴ്ച അവർ തുറക്കില്ല. ശനിയും ഞായറും അവർക്കു കല്യാണതിരക്കല്ലേ. മാത്രമല്ല ചേട്ടന് അന്നല്ലേ ചേച്ചിടെ ഒരു ബന്ധുവിന്റെ കല്യാണം.”
“അഹ് അത് ശരിയാണല്ലോ. ആ എന്തേലും വഴിയുണ്ടാക്കാം നീ തല്ക്കാലം കുഞ്ഞിന്റെ തുണി മാറ്റി അതിന്റെ മേല് കഴുകിക്കു, ഇരുട്ടവനേന് മുൻപ്.”
“ശരിയമ്മേ. ചക്കരെ നമുക്ക് കുളിക്കണ്ടേ.. മേല് കഴുകണ്ടേ, പൗഡറിടണ്ടേ...”
അവൾ കുഞ്ഞിളം ചുണ്ടുകൾ പിളർന്നു ചിരിച്ചു. അമ്മയുടെ കൊഞ്ചൽ മനസിലായിട്ടോ എന്തോ..... കൈയും കാലും ഇളക്കി കളിച്ചു. അമ്മയുടെ പഞ്ചാരയുമ്മകൾ ഏറ്റുവാങ്ങി സന്തോഷിച്ചു.
അടുക്കളയിൽ പോയ അമ്മ ശരവേഗത്തിൽ തിരിച്ചുവന്നു. എന്നിട്ടു പറഞ്ഞു.
“ഡീ ഇരുപത്തെട്ട് കഴിഞ്ഞില്ലേ. നീ പോയി കൊടുത്തിട്ടു വാ.”
“എങ്ങനെ പോവും?”
“ഒരു ഓട്ടോറിക്ഷ വിളിക്കാം, ആ നസീറിനെ വിളിക്കാം. പോയി കൊടുത്തിട്ട്, ആ ഓട്ടോയിൽ തന്നെ തിരിച്ചു വരാം.”
“അങ്ങനെ പോരാൻ പറ്റുമോ. ഇത്തിരി നേരം അവിടെ ഇരിക്കേണ്ടി വരില്ലേ?”
“ഒരു ചായ കുടിക്കാന്ള്ള നേരം അല്ലെ വേണ്ടൂ. പിന്നെ കുഞ്ഞ് വീട്ടിലാണെന്നു പറഞ്ഞട്ട് നിനക്ക് വേഗം പോരാനും പറ്റും.”
“അഹ് എന്നാ അങ്ങനെ ചെയ്യാം.”
അങ്ങനെ ഫോട്ടോയെടുപ്പും കഴുകിക്കലും ഒക്കെ ആഘോഷപൂർവം നടന്നു. കുഞ്ഞിന്റെ കൂടെ ഇരിക്കണതും കിടക്കണതും ഒക്കെ എടുത്തു. നാലു പേജുള്ള ഒരു പ്രണയലേഖനവും എഴുതി. ബുധനാഴ്ച ആയപ്പൊളേക്കും എല്ലാം പാക്ക് ചെയ്തു. പ്രണയലേഖനവും ഫോട്ടോസും കൂടി ഇരുന്നൂറ്റിയമ്പത്തിരണ്ട്‌ ഗ്രാം. ബാക്കി എഴുന്നൂറ്റിനാപ്പത്തെട്ടു ഗ്രാം ചക്ക വരട്ടിയത്. ഓട്ടോറിക്ഷ വന്നു, കുഞ്ഞിനോട് യാത്ര പറഞ്ഞ് പുറപ്പെട്ടു. അമ്മ നസീറിക്കയോട് പറഞ്ഞു.
“നസീറെ, സൂക്ഷിച്ചു പോയ്‌കൊള്ളൂട്ടോ, പ്രസവം കഴിഞ്ഞട്ടു ഇരുപത്തെട്ട് കഴിഞ്ഞട്ടേയുള്ളൂ.”
“ഞാൻ നോക്കിക്കൊള്ളാം ചേച്ചി പേടിക്കേണ്ട.”
കൂട്ടുകാരന്റെ വീട് കണ്ടുപിടിച്ചു. അവിടെ ചെന്ന് സാധനങ്ങൾ കൊടുത്തു. ചായ വയ്ക്കണ നേരത്തു കുറച്ചു വിശേഷങ്ങൾ പങ്കുവച്ചു. അവടത്തെ കുട്ടികൾ അടുത്ത് വന്നു തൊട്ടു നോക്കി. ബാഗിലെ ചോക്ലറ്റ് എടുത്തു കൊടുത്തപ്പോൾ അവർക്കു സന്തോഷമായി. ചായയൊക്കെ കുടിച്ചു കഴിഞ്ഞപ്പോൾ യാത്ര പറഞ്ഞെഴുന്നേറ്റു. അപ്പോൾ കൂട്ടുകാരൻ പറഞ്ഞു.
“അതെ നിങ്ങൾ ടൗണിലേക്കല്ലേ പോണേ, എന്റെ പെങ്ങൾ കന്യാസ്ത്രീ ഇവിടെയുണ്ട്, നിങ്ങടെ കൂടെ വന്നാൽ ടൗണിൽ ഇറക്കമോ?”
“ഓ അതിനെന്താ.. വന്നോട്ടെ”
അപ്പോൾ ഒരു മുറിയിൽനിന്നും ഒരു കന്യാസ്ത്രീ ഇറങ്ങി വന്നു. അധികം പ്രായം തോന്നിക്കില്ല. നല്ല വെളുത്ത മുഖം, എന്നാൽ ഏറ്റിപ്പിടിച്ചുള്ള ഒരു ഭാവം.
നമ്മളീ കന്യാസ്ത്രീകളുടെ കൂടെ കുറേ വർഷങ്ങൾ ഉണ്ടായിരുന്നതിനാൽ ഇതുങ്ങളുടെ മുഖം കണ്ടാലറിയാം ഏതാ തരമെന്ന്‌. പഠിച്ചതും ജോലിചെയ്തതും ഒക്കെ കന്യാസ്ത്രീകൾ നടത്തുന്ന സ്ഥാപനങ്ങളിൽ ആണല്ലോ. ആഞ്ഞ് അവരോടൊപ്പം ഞാനും ഓട്ടോയിൽ കയറി. അവിടെ നിന്നും പുറപ്പെട്ടു കഴിഞ്ഞപ്പോൾ അവർ ചോദ്യങ്ങൾ ചോദിയ്ക്കാൻ തുടങ്ങി. ഒരു സ്കൂൾ കുട്ടിയോട് എച്എം ചോയ്ക്കണ പോലെ.
“എന്താ കുട്ടിയുടെ പേര്?”
“ചിഞ്ചു”
“ജിത്തുക്കുട്ടനെ എങ്ങനാ പരിചയം?”
“ങ്ഹേ ഏതു ജിത്തുക്കുട്ടനെ?”
“കുട്ടിയ്ക്ക് എത്ര ജിത്തുക്കുട്ടനെ അറിയാം?”
“എനിക്ക് കുറെ ജിത്തുനെ അറിയാം. ഒന്നെന്റെ ഭർത്താവാ”
“ആ എന്റെ ആങ്ങള ജിത്തുക്കുട്ടനെ എങ്ങനെ അറിയാമെന്ന ചോദിച്ചേ?”
“എന്റെ ഭർത്താവിന്റെ കൂട്ടുകാരനാ. കുവൈറ്റിൽ അവർ ഒരു സ്ഥലത്താ ജോലി.”
“ഉം... കുട്ടി ജോലി ചെയ്യുന്നുണ്ടോ?”
“ഉണ്ടായിരുന്നു. ഗർഭിണിയായപ്പോ നിർത്തി. എനിക്ക് റെസ്റ്റ് ആയിരുന്നു.”
“ഉം..... ഇപ്പോഴത്തെ പെണ്ണുങ്ങൾക്ക് എന്നും റെസ്റ്റാ. മര്യാദയ്ക്ക് പണിയെടുക്കില്ല അതാ, ദേഹം അനങ്ങാൻ പറ്റില്ല.”
ഉം പിന്നെ സിസ്റ്ററിനു എന്തോരം എക്‌സ്‌പീരിയൻസാ... ഗർഭിണിയായപ്പോ പണിയെടുത്തു നടക്കായിരുന്നല്ലോ. ഞാൻ മനസ്സിൽ പറഞ്ഞു.
“എന്താ ഒന്നും മിണ്ടാത്തേ.”
“ഏയ് ഒന്നുമില്ല.”
“കുഞ്ഞിന് എത്ര വയസ്സായി.”
“വയസ്സായിട്ടില്ല. ഇരുപത്തെട്ട് കഴിഞ്ഞേയുള്ളൂ”
“ആഹാ അപ്പോഴേക്കും കറക്കം തുടങ്ങിയോ?”
“അല്ല ആവശ്യം വന്നാൽ പോകാണ്ട്‌ പറ്റോ?”
“ഹം ഇതാണ് ഇപ്പോഴത്തെ പെണ്ണുങ്ങടെ കുഴപ്പം, പ്രസവം കഴിഞ്ഞാലും കുറച്ചുനാൾ അടങ്ങി കിടക്കില്ല. തോന്ന്യവാസം തന്നെ. ഇതൊക്കെ സമ്മതിക്കണ കാരണവന്മാരെ പറഞ്ഞാൽ മതിയല്ലോ.”
ഉവ്വ.. എന്റെ കാരണവന്മാരെ പറഞ്ഞാൽ തള്ള വിവരമറിയും. ഒരു തള്ള് തന്നാൽ ഓട്ടോയിൽ നിന്നും തെറിച്ചുവീഴും പറഞ്ഞേക്കാം. എന്റെ ചെലവിൽ ടൗണിലേക്ക് യാത്ര ചെയ്തിട്ട് എന്റെ കാരണവന്മാരെ പറയുന്നോ. വീണ്ടും ഞാൻ മനസ്സിൽ പറഞ്ഞു.
“നിന്റെ ഭർത്താവു എന്നാ പോയെ?”
“കല്യാണം കഴിഞ്ഞിട്ട് രണ്ടു മാസം ആയപ്പോൾ പോയതാ”
“എത്ര നാളായി കല്യാണം കഴിഞ്ഞിട്ട്?”
“മൂന്ന് വർഷം.”
“അതിപ്പിന്നെ വന്നിട്ടില്ലേ”
“ഇല്ല”
സിസ്റ്റർ എന്നെ ഒന്ന് നോക്കി. ഞാനും നോക്കി ചിരിച്ചു. അവർ കഴുത്തിലെ കുരിശുമാലയിൽ പിടിച്ചു. പിന്നെ ഒന്നുകൂടെ എന്നെ നോക്കി ചോദിച്ചു.
“അപ്പൊ കുഞ്ഞിന് എത്ര വയസ്സായി എന്നാ പറഞ്ഞേ? രണ്ടര വയസ്സോ?”
“അല്ല സിസ്റ്ററെ ഒരു മാസം ആയിട്ടുള്ളൂ”
സിസ്റ്ററിന്റെ തലയിൽ നിന്നും കിളികൾ പറന്നു പോയി. നക്ഷത്രങ്ങൾ ആ തലയ്ക്കു മുകളിൽ ചുറ്റി പറന്നു. അതുവരെ മുഖത്തു നോക്കാതെ വർത്തമാനം പറഞ്ഞ അവർ ഇടയ്ക്കിടെ എന്നെ നോക്കാൻ തുടങ്ങി. ഞാൻ വളരെ ഗൗരവത്തിൽ മുന്നോട്ടു നോക്കിയിരുന്നു. ടൗണിൽ എത്തിയപ്പോൾ ഞാൻ ചോദിച്ചു.
“സിസ്റ്ററെ എവിടെയാ ഇറങ്ങണ്ടേ? ടൌൺ എത്തി.”
അവർ എന്നെ നോക്കിയിരിപ്പുണ്ട് പക്ഷെ അനക്കമില്ല. ഞാൻ വീണ്ടും ചോദിച്ചു.
“എവിടെയാ ഇറങ്ങണ്ടേ?”
അനക്കമില്ല. പണ്ടാരം ചത്തോ? പണിയായോ ദൈവമേ? ഞാൻ അവരെ തൊട്ടു. നോ രക്ഷ ഒരു അനക്കവും ഇല്ല. കുലുക്കി വിളിച്ചു.
“സിസ്റ്റർ, എവിടെയാ ഇറങ്ങണ്ടേ? ടൌൺ എത്തി.”
“ഹ് എന്താ... അഹ്”
“ടൌൺ എത്തി, എവിടെയാ ഇറങ്ങണ്ടേ?”
“ആ എത്തിയോ.. എന്നെ പള്ളി സ്റ്റോപ്പിൽ ഇറക്കിയാൽ മതി.
ഞാൻ തലകുലുക്കി. എന്നിട്ടു നസീറിക്കയോട് പറഞ്ഞു.
“ഇക്കാ... പള്ളിസ്റ്റോപ്പിൽ”
പള്ളിസ്റ്റോപ്പെത്തി. അവർ സ്വപ്നത്തിലെന്ന പോലെ ഇറങ്ങിപ്പോയി. കുറച്ചുനേരം കഴിഞ്ഞു ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ അവർ അവിടെ തന്നെ അങ്ങനെ നോക്കി നിൽപ്പുണ്ട്. പ്രേതം ബാധിച്ചമാതിരി. എനിക്ക് ചിരിവന്നു.
“ഇക്കാ സിസ്റ്ററിന്റെ കിളിപോയി...”
“എന്റേം കിളി പോയി മോളെ, അവൻ ഇതുവരെ ഇങ്ങോട്ടു വന്നില്ലെങ്കിൽ പിന്നെ എങ്ങന്യാ ഇപ്പൊ?”
“അത് ഞാൻ അങ്ങോട്ട് പോയില്ലേ ഇക്കാ, വിസിറ്റ് വിസയ്ക്ക്? ചേട്ടൻ ഇങ്ങോട്ടു വന്നില്ല എന്നല്ലേയുള്ളൂ....”
“അത് ശരി ഞാൻ പേടിച്ചുപോയിട്ടാ”
“ഞാൻ അവിഹിതം നടത്തി എന്ന് വിചാരിച്ചു അല്ലെ. പേടിക്കേണ്ട, ഞാൻ മൂന്നു മാസം ചേട്ടന്റെ കൂടെ കുവൈറ്റിൽ ആയിരുന്നു.”
“അത് ശരി, അപ്പൊ... മല അബ്ദുള്ളയുടെ അടുത്ത് പോയി അല്ലെ?“
“അല്ലപിന്നെ, അബ്ദുള്ള മലയുടെ അടുത്ത് വന്നില്ലേൽ മല അബ്ദുള്ളയുടെ അടുത്ത് പോവും. ഉം.... എന്നെ മലയാക്കി അല്ലെ?
“ഹാഹാഹ് അല്ല മോളെ ആ സിസ്റ്ററിനോട് അത് പറയാരുന്നില്ലേ? അത് ആകെ സ്ക്രൂ ഇളകിയ മാതിരി ആയിപ്പോയല്ലോ”
“അതെ മനഃപൂർവം പറയാതിരുന്നതാ. കേറിയപ്പോ മുതല് ഒരു മാതിരി ചോദ്യം ചെയ്യലും ഇപ്പോഴത്തെ പെണ്ണുങ്ങളെ കുറ്റം പറയലും ഒക്കെ. പിന്നെ എന്റെ അപ്പനേം അമ്മയേം കുത്തിപ്പറഞ്ഞത് എനിക്കൊട്ടും ഇഷ്ട്ടായില്ല. അവരിത്തിരി സ്ക്രൂ പോയിത്തന്നെ ഇരിക്കട്ടെ.”
“ഹഹഹഹ അത് കലക്കി. അവർക്കു ഇത്തിരി കൂടുതലാണെന്നു എനിക്കും തോന്നി.”
“ഇത്തിരിയല്ല, കുറെ കൂടുതലാണ്, ഇത്രേം വിശേഷം ചോദിച്ച ആൾക്ക് ബാക്കി കൂടിയല്ലേ സംശയവും ചോദിച്ചൂടെ..... ചുമ്മാ ഓരോന്ന് മനസ്സിൽ വിചാരിച്ചു കൂട്ടി അപവാദം ചിന്തിക്കാതെ.”
“ശരിയാ മോളെ, ആളുകളിങ്ങനെയാ... പകുതി കേൾക്കും പകുതി ചോദിച്ചറിയും. പിന്നെ മനസ്സിൽ ഓരോന്ന് വിചാരിച്ചുകൂട്ടി അതും ചേർത്ത് മറ്റുള്ളോരോട് വിളമ്പും.”
അപ്പോഴേക്കും വീടെത്തി, അമ്മാമയും മോളും അവളെയും കാത്ത് ഉമ്മറത്തുതന്നെ ഉണ്ടായിരുന്നു.
“മോള് മിടുക്കിയാട്ടോ...”
ചിരിച്ചുകൊണ്ട് ഇതും പറഞ്ഞു നസീറിക്ക പോയപ്പോൾ അമ്മ കണ്ണുമിഴിച്ചു. വിശേഷങ്ങളുടെ കെട്ടഴിച്ചുകൊണ്ടു അവൾ കുഞ്ഞിന് പാലുകൊടുത്തു. അമ്മ ചിരിച്ചു ചിരിച്ചു കുന്തം മറിഞ്ഞു.
സ്നേഹപൂർവ്വം
ട്രിൻസി ഷാജു
കുവൈറ്റ്

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot