Slider

ഒരു ലോക്ക് ഡൗൺ അപാരത (കഥ)

0

വഴിയെ തേരാ പാരാ തെണ്ടി നടന്ന മാലോകരെ ആകെ മൊത്തം,ഞെട്ടിത്തരിപ്പിച്ച് ...പെട്ടെന്ന് പൊട്ടി വീണ ഈ ലോക്ക് ഡൗൺ ദിനങ്ങൾ, വലിയ തട്ട് കേടുകളൊന്നും കൂടാതെ...സ്വ ഭവനത്തിൽ, തട്ടീം, മുട്ടീം തള്ളി നീക്കിയ അഞ്ചാറ് ദിനങ്ങൾക്ക് ശേഷം കടന്ന് വന്ന ഒരു സുപ്രഭാതത്തിലാണ്... " പ്രസ്തുത സംഭവം" അരങ്ങേറുന്നത്!.
പതിവ് പോലെ കാലത്തെഴുന്നേറ്റ ഞാൻ... പ്രഭാതകർമ്മങ്ങൾ അൺലോക്ക് ചെയ്തശേഷം, മുറ്റത്തേക്കിറങ്ങി ഒന്ന് ഉലാത്തുകയായിരുന്നു. അപ്പോളാണ് ഗേറ്റിനു മുകളിലൂടെ താഴേക്ക് വീണ നിലയിൻ കീടനാശിനി തളിച്ച അന്നത്തെ പത്രം കിടക്കുന്നത് ശ്രദ്ധയിൽ പെട്ടത്. പഴയകാല സിനിമകളിൽ ഉമ്മറിന്റെ പിടിയിൽ നിന്നും വഴുതി ഓടിയ ജയഭാരതിയുടെ വസ്ത്രങ്ങളെ അനുസ്മരിപ്പിക്കും വിധം...യഥാക്രമം മുൻ പേജ്, ഉൾപ്പേജ് , ചരമപ്പേജ് എന്ന നിലയിൽ ചിന്നിച്ചിതറിയായിരുന്നു അതിന്റ ആ കിടപ്പ് .
ആ കിടപ്പിൽ നിന്നും, പത്രത്തെ രണ്ട് വിരലുകൊണ്ടെടുത്തുയർത്തിയ ശേഷം ചുറ്റുപാടും ഒന്ന് നോക്കിയ ഞാൻ ... അടുത്ത് കണ്ട ഭിത്തിയിലേക്കത് രണ്ട് വട്ടം ആഞ്ഞടിച്ചു!. എന്റെ ആ അടിയിൽ, പത്രത്തിനിടയിലെങ്ങാനും ഒളിച്ചിരുന്നേക്കാവുന്ന "പത്തൊൻപത്കാരൻ കോവിഡിന്റെ "രണ്ട് കാലും, ഒടിഞ്ഞ് പപ്പടം പോലെ ആയിട്ടുണ്ടാവും എന്ന ചിന്തയോടെ ... പിന്നെ വരാന്തയിലേക്ക് ചെന്ന് ഞാൻ, മനുഷ്യനുമേൽ കൊറോണ നടത്തുന്ന പ്രഹരങ്ങളുടെ ദുരിതങ്ങൾ പേറിയ പത്രം അവിടിരുന്ന് തലങ്ങും വിലങ്ങും അങ്ങ് പാരായണം നടത്താൻ ആരംഭിച്ചു.
ഇതിനിടയിൽ എപ്പോഴോ ഫോണുമായി അകത്ത് നിന്നും പുറത്തേക്ക് വന്ന് സത്പുത്രി എന്നോടിങ്ങനെ ഉര ചെയ്തു... " ദേ അച്ഛയെ ഏതൊ ഒരു "ജെട്ടി " വിളിക്കുന്നു!."
ഒന്ന് ഞെട്ടിയ ഞാൻ ചുളിഞ്ഞ നെറ്റിയുമായ് ഫോൺ അവളുടെ കൈയ്യിൽ നിന്നും വാങ്ങിയ ശേഷം സ്ക്രീനിൽ നോക്കിയിട്ട് പറഞ്ഞു. "എടീ ഇത് ജെട്ടിയല്ല... അച്ഛന്റെ ഒരു പഴയ കൂട്ട് കാരനാ... "ജാഡ തെണ്ടി" എന്നുള്ളതിന്റെ ചുരുക്കെഴുത്തായിട്ടാ ഫോണിൽ അവന്റെ പേര് ഞാൻ "JT Y " എന്ന് സേവ് ചെയ്തിരിക്കുന്നത്.
മേൽ പ്രസ്താവിച്ച മഹാനുഭാവൻ പേര് സൂചിപ്പിക്കും പോലെ തന്നെ... തെണ്ടികളിൽ പരമ ജാഡക്കാരനും, ജാഡക്കാരിൽ പരമ തെണ്ടിയുമായിരുന്നു. ദൗർഭാഗ്യവശാൽ കോളേജ് പഠന കാലത്ത് എന്റെ സഹപാഠിയും, സഹ ബെഞ്ചനും ആയിരുന്ന ഇവൻ... പുറത്തിറങ്ങിയാൽ ഹോർലിക്സിട്ട പാല് മാത്രം കുടിക്കുന്ന,വെയില് കൊണ്ടാൽ കറുത്ത് പോകുന്ന തനി മണ്ണുണ്ണിയുമായിരുന്നു. നല്ല പശുവിൻ പാലിൽ കട്ടൻ ഒഴിച്ചുണ്ടാക്കുന്ന സ്ട്രോംഗ് ചായ കുടിക്കുന്ന ഞങ്ങളെപ്പോലുള്ളവരെല്ലാം അവന്റെ ദൃഷ്ടിയിൽ കൺട്രികളായിട്ടായിരുന്നു. എന്തിനും ഏതിനും അനാവശ്യ സംശയവുമായി ഓരോ ഡിപ്പാർട്ട് മെൻറിലും പുസ്തകവുമായി കയറി ഇറങ്ങുന്ന അവൻ അടുത്ത് നിൽക്കുന്നവരുടെ മുഖത്ത് ഓക്സ്ഫോർഡ് സ്ലാംഗിൽ ഇംഗ്ലീഷ് പറഞ്ഞ് തുപ്പൽ തെറുപ്പിക്കുന്നവനും, കടുത്ത ചൂടിലും ടൈയ്യും ഓവർ കോട്ടും ധരിച്ച് കോളേജിൽ ജാടകാട്ടി വരുന്നവനുമായിരുന്നു!.
അന്ന് പിരിഞ്ഞതിൽ പിന്നെ മറ്റ് ബന്ധങ്ങൾ ഒന്നും ഇല്ലാതിരുന്ന ഇവന്റെ നമ്പർ അടുത്തിടെ ആരോ കോളേജ് വാട്സ് ആപ് ഗ്രൂപ്പിൽ ആഡ് ചെയ്തപ്പോഴാണ് എനിക്ക് കിട്ടിയതും ഇമ്മട്ടിൽ ഞാനത് സേവ് ചെയ്തതും. അടുത്തിടെ FB യിൽ അവന് ഞാൻ ഒരു റിക്വസ്റ്റ് അയച്ചെങ്കിലും... അമേരിക്കയിലെ ഏതോ മൾട്ടി നാഷണൽ കമ്പനിയിൽ ഉയർന്ന ഉദ്യോഗം വഹിക്കുന്ന പ്രൊഫൈൽ ഹിസ്റ്ററി ഉള്ള അവന്റെ ജാഡ കാരണമാവാം... എന്റെ അപേക്ഷയിൽ അവൻ ഉപേക്ഷ കാട്ടിയിരിക്കുകയായിരുന്നു.
അങ്ങനെ ഉള്ള അവൻ, ഈയുള്ളവനെ ഇപ്പോൾ എന്തിനാവും വിളിച്ചതെന്ന് നിരൂപിച്ച് അന്തം വിട്ടിരുന്ന എന്റെ ചിന്തയെ ഉണർത്തിക്കൊണ്ട്.... വീണ്ടും ഫോൺ ചിലച്ചു:
പിന്നീടുണ്ടായ സംഭാഷണം ഈ വിധമായിരുന്നു.
ജാഡ : ഹലോ നിനക്കെന്നെ മനസ്സിലായോ?
ഞാൻ: മനസ്സിലായി.
ജാഡ : ഹ ഹ ഹ വളരെ ബ്രൈറ്റായ ആളുകളെ പെട്ടെന്നാരും മറക്കില്ല.
ഞാൻ: പ്ളിംഗ്...!
ജാഡ : നീ FB യിൽ ഒക്കെ എഴുതാറുണ്ടല്ലെ..?
ഞാൻ: ചെറുതായി ; നീ എങ്ങനെ അറിഞ്ഞു.
ജാഡ : വായിക്കാറുണ്ട്....പിന്നെ ലൈക്കടിക്കാനൊന്നും സമയം കിട്ടാറില്ല.
ഞാൻ: ശരി...
ജാഡ : നിനക്ക് കുറെ ഫ്രെണ്ട്സും ഫോളോവേർസും ഒക്കെ ഉണ്ടല്ലേ...? ചില പോസ്റ്റുകൾ 'വൺ കെ' ഒക്കെ കണ്ടു. ഇതൊക്കെ ഒരു തൊഴിലുമില്ലാതെ ചൊറിയും കുത്തി ഇരിക്കുന്നവർക്ക് പറ്റും. എനിക്കതിനൊന്നും സമയമില്ല.
ഞാൻ: ഹ ഹ ഹ... ഞാൻ അത്ര തിരക്ക് കാരനൊന്നും അല്ലാത്തത് കൊണ്ട് തട്ടീം, മുട്ടീം ജീവിച്ച് പോകുന്നു.
ജാഡ : പിന്നെ... ഞാൻ നിന്നെ വിളിച്ചത് ഒരു കാര്യം പറയാനാ... നീ കൊറോണയെ പറ്റി കേട്ടിട്ടുണ്ടോ...? എന്താണ് കൊറോണ...?
ഞാൻ : അതൊരു വൈറസല്ലേ...?!
ജാഡ : എടാ പൊട്ടാ അത് വൈറസല്ല... അതൊരു സൂചകമാണ്... സൂചകം..
ഞാൻ: ങ്ങേ..! സൂചകമോ...?
ജാഡ : (പ്രത്യേക ശബ്ദത്തിൽ )... എന്റെ ദൈവം നിങ്ങളെ പരീക്ഷിക്കാൻ നിങ്ങളുടെ ഇടയിലേക്കയച്ച സൂചകമാണ് കൊറോണ... ശേഷം അവനിൽ വിശ്വസിക്കുന്നവരെ മാത്രം അവൻ ഇതിന്റെ പിടിയിൽ നിന്നും രക്ഷിക്കും.
ഞാൻ : ആരാ നിന്റെ ദൈവം...?
ജാഡ : പരമകാരുണ്യവാനായ ****** . ആണെന്റെ ദൈവം.
ഈ വിവരങ്ങൾ കാട്ടി നീ ഒരു FB Post ഇടണം... നിന്റെ Post ന് നല്ല റീച്ചുണ്ടാവും.
ഞാൻ: അണ്ണോ വേല മനസ്സിലായി... അടുത്ത തവണ നീ പറഞ്ഞ ആ കാരുണ്യവാനായ ദൈവത്തോട് പറയണം, ഇത്തരം സൂചകങ്ങളെ അയച്ച് ഇമ്മാതിരി പൊട്ടത്തരം ചെയ്യുന്നതിന് പകരം. നിന്നെപ്പോലെ ഉള്ളവർക്ക് വേണ്ടി
"വിഡ്ഡി പുരം " എന്നൊരു നാടുണ്ടാക്കി എല്ലാവനേയും അങ്ങോട്ടേക്ക് മാറ്റിത്താമസിപ്പിക്കാൻ. എന്നാ ശരി ഒ.കെ അല്ലെ.
ജാഡ : നീ ആരോടാ കളിക്കുന്നതെന്നോർമ്മ വേണം.
ഞാൻ :.... നിന്റെ ഡാഷ് അല്ലടാ എന്റെ ഡാഷ് (ലാലേട്ടൻ jpg)
_അരുൺ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo