നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ജൽസ (കഥ)


ശിവദ സെന്റ് യു എ ഫ്രണ്ട് റിക്വസ്റ്റ്.
ഫേസ്ബുക്കിൽ നിന്നും വന്ന നോട്ടിഫിക്കേഷൻ കണ്ടു ഞാൻ ആ പ്രൊഫൈലിൽ വെറുതെ ഒന്ന് കയറി നോക്കി.
ഏതോ ഒരു നർത്തകി പുറം തിരിഞ്ഞു നിൽക്കുന്ന ഫോട്ടോ ആണ് പ്രൊഫൈൽ ചിത്രം.
ബാക്കിയെല്ലാം ലോക്ക് ചെയ്തു വെച്ചിരിക്കുകയാണ്. ഈയിടെയായി തന്റെ ഐഡിയിലേക്ക് ഊരും പേരുമില്ലാത്ത ഐഡികളിൽ നിന്നും ഫ്രണ്ട് റിക്വസ്റ്റ് വരുന്നുണ്ട്. എല്ലാം പ്രൊഫൈലുകൾ പൂട്ടി കെട്ടിയവ.
ഓൺലൈനിൽ എഴുതാൻ തുടങ്ങിയിട്ട് മൂന്ന് വർഷം പിന്നിടുകയാണ്. തന്റെ എഴുത്തിൽ ആകൃഷ്ടരായ പലരും തനിക്ക് റിക്വസ്റ്റ് അയക്കാറുണ്ട്. കുറെ പേര് ഇൻബോക്സിൽ മെസ്സേജുകൾ അയക്കാറുമുണ്ട്.
അത്‌ പോലെ ഒരെണ്ണം ആയിട്ടാണ് ആ റിക്വസ്റ്റ് എനിക്ക് തോന്നിയത്. അത്‌ കൊണ്ട് തന്നെ അത്‌ അസെപ്റ്റ് ചെയ്യാതെ തലേന്ന് പോസ്റ്റ്‌ ചെയ്ത കഥയുടെ കമെന്റുകൾ ഒന്ന് ഓടിച്ചു വായിച്ചു ഞാൻ വീണ്ടും ഓഫീസ് കമ്പ്യൂട്ടറിലേക്ക് മുഖം പൂഴ്ത്തി.
പിന്നീട് അങ്ങോട്ട് ഞാൻ എഴുതുന്ന എല്ലാ കഥകൾക്കും ശിവദയുടെ വളരെ ഹൃദയ സ്പർശിയായ കമെന്റുകൾ ഉണ്ടായിരുന്നു. എല്ലാം എന്റെ ഹൃദയ വികാരങ്ങളോട് ചേർന്ന് നിൽക്കുന്നവ.
' മനു എന്നെ മറന്നു അല്ലെ '?.
അവിചാരിതമായാണ് അവളുടെ ആ മെസ്സേജ് ഞാൻ കണ്ടത്. വളരെ അടുപ്പമുള്ളവർ മാത്രമാണ് എന്നെ മനു എന്ന് വിളിക്കാറുള്ളത്. മനോജ്‌ മാധവൻ എന്നാണ് എന്റെ ഫേസ്ബുക്ക്‌ ഐഡി. മനോജ്‌ എന്നും മാധവൻ എന്നുമാണ് കൂടുതൽ പേരും എന്നെ വിളിക്കാറുള്ളത്.
അവളുടെ റിക്വസ്റ്റ് സ്വീകരിച്ചതും ഇൻബോക്സിൽ അവളുടെ മെസ്സേജ് വന്നു.
ഒരു മൊബൈൽ നമ്പർ ആയിരുന്നു അത്‌.
ഇത് ഏതോ ആരാധിക തന്നെയാണെന്ന് ഞാൻ ഉറപ്പിച്ചു. ചില പെൺകുട്ടികളുണ്ട്. കഥകൾ വായിച്ചു കഥാകാരനെ ഇഷ്ടപ്പെടുന്നവർ. നന്മ നിറഞ്ഞ കഥകൾ എഴുതുന്നവരെയും കുറച്ചധികം പ്രേമ സുരഭിലമായ പൈങ്കിളികൾ പടച്ചു വിടുന്നവരെയും അവർ കൂടുതൽ ഇഷ്ടപ്പെടുന്നു.
എഴുത്തുകാരന്റെ മാനസിക നിലയനുസരിച്ചു അവൻ എഴുതി വിടുന്നതെല്ലാം നെഞ്ചേറ്റി അവനെ തീവ്രമായി ആരാധിക്കും ചിലർ. എനിക്കും അങ്ങനെ കുറച്ചു ആരാധികമാരുണ്ട്. ഞാൻ പടക്കുന്ന നായികമാരേക്കാൾ പൈങ്കിളികളായ ചില വായനക്കാരികൾ.
രാത്രി കിടക്കാൻ നേരമാണ് അവളുടെ മെസ്സേജ് വീണ്ടും വന്നത്.
മനുവിന്റെ ഒരു വിളി ഞാൻ പ്രതീക്ഷിച്ചു.
എന്തോ അവളെ വിളിക്കാമായിരുന്നു എന്നെനിക്ക് ആദ്യമായി തോന്നി.
ആ നമ്പർ എടുത്തു ഞാൻ ഡയൽ ചെയ്തു.
ശിവദം ശിവ നാമം ശ്രീ പാർവതേശ്വര നാമം എന്ന് തുടങ്ങുന്ന ഗാനമായിരുന്നു അവളുടെ ഡയലർ ടോൺ.
അപ്പുറത്ത് ഫോൺ എടുത്തതും വളരെ നേർത്ത ഒരു നിശ്വാസം മാത്രമാണ് ഞാൻ കേട്ടത്.
'ഹെലോ '.
എന്റെ സ്വരം കേൾക്കാൻ കാത്തു നിന്നത് പോലെ അപ്പുറത്ത് നിന്നും അവളുടെ സ്വരം കേട്ടു.
' മനൂ '.
കാൽ വിരൽ തുമ്പിൽ നിന്നും ഒരു പെരുപ്പ് പടർന്നു കയറുന്നത് ഞാൻ അറിഞ്ഞു. അത്‌ ശിവദ ആയിരുന്നില്ല. ശിവൻ ആയിരുന്നു.
പണ്ട് തൃശൂരിൽ മാർക്കറ്റിങ് സ്റ്റാഫ്‌ ആയി ജോലി ചെയ്യുമ്പോൾ എന്റെ ഏറ്റവും അടുത്ത കൂട്ടുകാരനായിരുന്നു ശിവൻ.
'ശിവാ നീ എവിടെ '?.
'മനു എന്നെ മറന്നില്ലല്ലോ. എനിക്ക് അത്‌ മതി '.
'ശിവാ നീ എവിടെ '?.
അപ്പോഴേക്കും മൊബൈൽ കട്ട് ആയിരുന്നു. ഉടനെ തന്നെ ആ നമ്പർ വീണ്ടും ഡയൽ ചെയ്തു നോക്കി. സ്വിച്ചഡ് ഓഫ്‌ എന്നാണ് പറഞ്ഞത്.
ഉറക്കം സാവധാനം എന്നെ വിട്ട് പോവുന്നത് ഞാൻ അറിഞ്ഞു. പതിന്നാലു വർഷങ്ങൾക്ക് ശേഷം ശിവ എന്നെ തിരക്കി വന്നിരിക്കുന്നു.
ഓർമ്മകൾ പിറകിലേക്ക് അനുസരണയില്ലാതെ പറക്കുകയാണ്.
തൃശൂർ റൗണ്ടിലുള്ള ഒരു ഫാൻസിയിൽ വെച്ചാണ് ആദ്യമായി ഞാൻ ശിവയെ കാണുന്നത്.
ഒരു കോസ്മെറ്റിക് ബ്രാന്റിന്റെ റെപ് ആയിരുന്നു ഞാൻ.
തൃശൂർ നഗരത്തിലെ സൂപ്പർ മാർക്കറ്റുകളും ഫാൻസികളും ഏറെ കുറെ വിസിറ്റ് ചെയ്തതിനു ശേഷമാണ് ഞാൻ ആ ചെറിയ ഫാൻസി കാണുന്നത്.
സാധാരണ അത്തരം ചെറിയ ഫാൻസികളിൽ എന്റെ വിലയേറിയ ബ്രാൻഡ് പോവാൻ സാധ്യത ഇല്ലാത്തത് കാരണം അവിടെ ഞാൻ അങ്ങനെ കയറാറില്ല.
മടിച്ചു മടിച്ചാണ് ഞാൻ അങ്ങോട്ട് കയറി ചെന്നത്. ഉച്ചനേരം ആയത് കൊണ്ട് കടയിൽ കസ്റ്റമേഴ്‌സ് ഒന്നും ഉണ്ടായിരുന്നില്ല. വിടർന്ന കണ്ണുകളുള്ള വെളുത്തു തുടുത്ത ഒരു പയ്യനായിരുന്നു അവിടെ ഉണ്ടായിരുന്നത്.
അവന്റെ സ്വരത്തിലും ഭാവത്തിലും നിറഞ്ഞ സ്ത്രീ ഭാവമാണ് എന്നെ ആകർഷിച്ചത്.
വളരെ ശ്രദ്ധയോടെ ഞാൻ പരിചയപ്പെടുത്തിയ സാധനങ്ങൾ എല്ലാം അവൻ ശ്രദ്ധിച്ചു കേട്ടു. ഇടക്കിടെ അവന്റെ സംശയങ്ങൾ കേട്ടപ്പോൾ അവനു മേക്കപ്പ് സാധനങ്ങളെ കുറിച്ചു നല്ല അറിവുണ്ടെന്നു എനിക്ക് മനസ്സിലായി.
ഒരു ചെറിയ ഓർഡർ എടുത്തു ഞാൻ മടങ്ങിയതിനു ശേഷവും അവന്റെ സംസാരവും രൂപവും എന്റെ ഓർമകളിൽ നിറഞ്ഞു നിന്നു.
അടുത്ത തവണ ഞാൻ അവിടെ പോയപ്പോൾ അവൻ ഉണ്ടായിരുന്നില്ല. അവൻ ഡിഗ്രിക്ക് പഠിക്കുകയാണെന്നും ഇടക്കിടെ മാത്രമാണ് ഇവിടെ വരുന്നത് എന്നുമാണ് കടയുടമ എന്നോട് പറഞ്ഞത്.
പിന്നീട് രാഗം തീയേറ്ററിൽ ചോക്ലേറ്റ് എന്ന സിനിമക്ക് വരി നിൽക്കുമ്പോഴാണ് ഞാൻ അവനെ വീണ്ടും കണ്ടത്.
കൂട്ടുകാരുടെ കൂടെ സിനിമക്ക് വന്നതായിരുന്നു അവൻ. മനോഹരമായ ഒരു പുഞ്ചിരി സമ്മാനിച്ച് അവൻ അവരുടെ കൂടെ നടന്നു പോവുമ്പോൾ ആ നടത്തത്തിന് വല്ലാത്ത ഒരു ചന്തമായിരുന്നു.
പിന്നെയും അവനെ ഞാൻ കണ്ടു. വൈകുന്നേരം നെഹ്‌റു പാർക്കിൽ അലക്ഷ്യമായി കടലയും കൊറിച്ചു ഇരിക്കുമ്പോൾ ആയിരുന്നു അത്‌.
ഇത്തവണ പക്ഷെ അവന്റെ മുഖം ചുവന്നു തുടുത്തിരുന്നു. കണ്ണുകൾ കലങ്ങി കറുത്ത മുടി പാറിപറന്നു ഒരു വല്ലാത്ത രൂപത്തിലായിരുന്നു അവൻ.
എന്നെ കണ്ടതും അവന്റെ മുഖത്ത് ഒരു വരണ്ട പുഞ്ചിരി വിടർന്നു. എന്റെ അരികിൽ എന്നാൽ മനപ്പൂർവം എന്ന വണ്ണം കുറച്ചേറെ അകലമിട്ട് അവൻ ഇരുന്നു.
മുൻപിലൂടെ നടന്നു പോയവരിൽ രണ്ട് മൂന്ന് പേര് അവനെ ശൃങ്കാരത്തോടെ നോക്കുന്നത് കണ്ട് അവന്റെ മുഖത്ത് വിരിഞ്ഞത് വല്ലാത്ത അസഹ്യതയായിരുന്നു.
' നമുക്ക് അങ്ങോട്ട് മാറി ഇരുന്നാലോ? '.
ആളുകൾ ഒഴിഞ്ഞ ഇടത്തെ ഇരിപ്പിടം ചൂണ്ടി കാട്ടി അവൻ ചോദിച്ചു. ആൾക്കൂട്ടത്തെ പേടിക്കുന്ന പോലെ ആയിരുന്നു അവന്റെ പെരുമാറ്റം.
അവന് അന്നൊരു പാട് കാര്യങ്ങൾ പറയാനുണ്ടായിരുന്നു.
ഇട്ടു മൂടാൻ സ്വത്തുള്ള പേര് കേട്ട തറവാടിൽ ജനിച്ച നാലു പെങ്ങന്മാരുടെ ഒരേ ഒരു കുഞ്ഞാങ്ങള.
നാട്യ ശാസ്ത്രത്തിൽ അതീവ സമർത്ഥരായ ചേച്ചിമാരുടെ പിറകെ അനിയനും ചെറുപ്പത്തിലേ ചിലങ്ക അണിഞ്ഞപ്പോൾ എല്ലാവർക്കും സന്തോഷമായിരുന്നു.
പക്ഷെ വലുതാവും തോറും അവന്റെ സ്ത്രൈണത കൂടി കൂടി വന്നു. ഒളിച്ചും പതുങ്ങിയും ചേച്ചിമാരുടെ ഡ്രെസ്സുകൾ അണിയാൻ തുടങ്ങിയപ്പോഴാണ് അവനിൽ ഒളിച്ചിരിക്കുന്ന പെണ്മനസ്സ് അവരെ അലോസരപ്പെടുത്താൻ തുടങ്ങിയത്.
കോളേജ് അധ്യാപകരായ മാതാപിതാക്കൾക്കും സർക്കാർ ഉദ്യോഗസ്ഥരായ മക്കൾക്കും മരുമക്കൾക്കും ഒരിക്കലും അംഗീകരിക്കാൻ കഴിയാത്തതായിരുന്നു ശിവയുടെ മാറ്റം.
ഹോർമോൺ തകരാറു മൂലം ആൺ ശരീരത്തിൽ ഒളിഞ്ഞിരുന്ന പെണ്മനസ്സ് എപ്പോഴൊക്കെ പുറത്ത് വരാൻ ശ്രമിച്ചുവോ അപ്പോഴൊക്കെ അവർ ആസ്വസ്ഥരാവുകയും അവനെ വാക്കുകൾ കൊണ്ട് മുറിവേൽപ്പിക്കുകയും ചെയ്തു.
നൃത്തമായിരുന്നു അവന്റെ ജീവൻ. ഒരു നാൾ അവന്റെ ചിലങ്കയും വേഷങ്ങളും കാണാതായി. അവൻ ഒളിപ്പിച്ചു വെച്ചതൊക്കെയും അവനു അന്യമായി.
അഭ്യസ്‌ത വിദ്യരായ വീട്ടുകാർ അവനെ മന്ത്രവാദികളുടെ അടുത്ത് കൊണ്ട് പോയി. ഒന്ന് രണ്ട് പേര് അവനെ ശാരീരികമായി ചൂഷണം ചെയ്യാൻ കൂടെ ശ്രമിച്ചതോടെ അവൻ മാനസികമായി കൂടുതൽ തളർന്നു പോയി.
അപ്പോഴും പഠിക്കാൻ അവൻ സമർത്ഥനായിരുന്നു.
പക്ഷേ സഹപാഠികളിൽ നിന്നും ചില അദ്ധ്യാപകരിൽ നിന്നും നേരിട്ട ദുരനുഭവങ്ങൾ അവനെ കൂടുതൽ അന്തർമുഖനാക്കി.
'ഞാൻ ചത്തു കളയും മനൂ.'.
പിരിയാൻ നേരം എന്റെ കൈകൾ കൂട്ടിപ്പിടിച്ചു കൊണ്ട് അവൻ വിതുമ്പി.
'എനിക്കാരുമില്ല. എന്നെ ആരും മനസ്സിലാക്കുന്നില്ല '.
അവൻ കരയാൻ തുടങ്ങുകയാണെന്നു കണ്ട് എന്റെ മനസ്സ് ആസ്വസ്ഥമാവാൻ തുടങ്ങി.
'അമ്പലത്തിൽ പോലും ഞാനിപ്പോ പോവാറില്ല. ആണും പെണ്ണുമല്ലാതെ എന്നെ ഉണ്ടാക്കിയ ദൈവത്തോട് എനിക്ക് വെറുപ്പാണ് '.
ജീവിതം വെറുത്തു പോയ ഒരാളുടെ മാനസിക സമ്മർദ്ദം ആയിരുന്നു അത്‌. സ്നേഹിക്കാനും എല്ലാം തുറന്നു സംസാരിക്കാനും തോളിൽ തട്ടി അശ്വസിപ്പിക്കാനും ഒരാളില്ലാതെ ഒറ്റപ്പെട്ടു പോയവന്റെ വേദന.
എന്റെ തോളിൽ മുഖം പൂഴ്ത്തി അവൻ കരയാൻ തുടങ്ങിയപ്പോ എന്റെ കൈകൾ അറിയാതെ അവനെ പൊതിഞ്ഞു.
'ഏയ്. ഇതൊന്നും ഇവിടെ നടക്കില്ല. വല്ല ലോഡ്ജിലും പോടാ '.
അപ്പുറത്ത് കൂടെ നടന്നു പോയ ഒരാൾ ആക്രോശിച്ചപ്പോഴാണ് അവൻ ഞെട്ടി എന്നിൽ നിന്നും അകന്നു മാറിയത്.
'ശവങ്ങള് '.
ഒന്ന് കാറി തുപ്പി അയാൾ നടന്നു പോവുന്നത് അപമാനം കൊണ്ട് താണ മുഖത്തോടെ അവൻ നോക്കി നിന്നു.
പിന്നീട് എല്ലാ ദിവസവും ഞങ്ങൾ കാണുമായിരുന്നു.
'എന്റെ ഏറ്റവും വലിയ ആഗ്രഹം എന്താണെന്നറിയുമോ മനുവിന്? '.
അലക്ഷ്യമായി തേക്കിൻ കാട് മൈതാനത്തു കൂടെ നടന്നു പോവുമ്പോഴാണ് അവൻ തിരക്കിയത്.
'ഓപ്പറേഷൻ നടത്തി പൂർണ്ണമായും ഒരു പെണ്ണായി മാറണം. എന്നിട്ട് എനിക്കിഷ്ടമുള്ള പോലെ ജീവിക്കണം '.
എന്റെ മുഖത്തെ അവിശ്വസനീയത കണ്ട് അവൻ ഒന്ന് പുഞ്ചിരിച്ചു.
'എനിക്ക് വേറെ മാർഗമില്ല മനു. ഞാൻ ഒരു ട്രാൻസ് ആണ്. ഓരോ നിമിഷവും ഞാനൊരു സ്ത്രീ ആയി മാറി കൊണ്ടിരിക്കുകയാണ്. '.
ഞാൻ ഒന്നും മിണ്ടിയില്ല. എനിക്ക് പരിചയമുള്ള കുറെ സുഹൃത്തുക്കൾ ഉണ്ട്. പെൺവേഷം അണിയുന്നവരും നൃത്തം ചെയ്യുന്നവരും സ്ത്രൈണ ഭാവങ്ങൾ ഉള്ളവരും ഒക്കെയായിട്ട്.
അവരിൽ പലരും കല്യാണം കഴിക്കുകയും കുട്ടികൾ ജനിക്കുകയും കുടുംബജീവിതം തുടരുകയും അതെ സമയം രഹസ്യമായി ആരും കാണാതെ വേഷങ്ങൾ കെട്ടി ആടുകയും ചെയ്യാറുണ്ട്. അവരെ പോലെ ഒരാൾ എന്ന് മാത്രമേ ശിവയെ ഞാനും കരുതിയുള്ളൂ.
'മനു വിചാരിച്ച പോലെ അല്ല ഞാൻ '.
എന്റെ മനസ്സ് വായിച്ചറിഞ്ഞത് പോലെ അവൻ പറയാൻ തുടങ്ങി.
'ഏറെ കാലമായി ഞാൻ എടുത്ത തീരുമാനമാണ്. വീട്ടുകാരും നാട്ടുകാരും അംഗീകരിച്ചു തരില്ല. എനിക്കറിയേണ്ടത് മനുവിന്റെ അഭിപ്രായം മാത്രമാണ് '.
'അതൊക്കെ നടക്കുമോ. ഭയങ്കര ചിലവും കുറെ ഓപ്പറേഷനും ഒക്കെ വേണ്ടി വരില്ലേ? '.
രണ്ട് മൂന്ന് നിമിഷം അറിയാതെ അവൻ മൗനിയായി.
'വേണം. പക്ഷെ ഒരു പുരുഷന് സ്ത്രീ ആവാൻ താരതമ്യേനെ എളുപ്പമാണ്. ആദ്യം കുറെ കൗൺസലിംഗ്. എന്റെ ആവശ്യം ജനുവിൻ ആണെന്ന് ബോധ്യപ്പെട്ടാൽ പിന്നേ പരിശോധനകൾ. സങ്കീർണമായ കുറച്ചു ഓപ്പറേഷനുകൾ. അത്രയും മതി. '.
പണം?.
'പണം ജീവേട്ടൻ തരാം എന്ന് പറഞ്ഞിട്ടുണ്ട് '.
വിടർന്ന മിഴികളോടെ അവൻ പറഞ്ഞു.
ജീവൻ എന്ന ജീവേട്ടൻ അവന്റെ ബന്ധത്തിൽ ഉള്ള ഒരാളാണെന്നും അവനെ ഇഷ്ടമാണെന്നും സന്തോഷത്തോടെയാണ് അവൻ പറഞ്ഞത്. ലിംഗമാറ്റം കഴിഞ്ഞാൽ വിവാഹം കഴിക്കാമെന്നും കുഞ്ഞിനെ ദത്തെടുക്കാമെന്നും അയാൾ പറഞ്ഞതായും അവൻ പറഞ്ഞു.
വീട്ടിൽ നിന്നും ഇറങ്ങി ജീവന്റെ കൂടെയാണ് പിന്നീട് അവൻ താമസിച്ചത്. പിന്നീട് ശിവയെ കാണുന്നത് അപൂർവമായിരുന്നു.
രണ്ട് മൂന്ന് മാസങ്ങൾ കഴിഞ്ഞപ്പോൾ ശിവ ഒരു രാത്രിയിൽ എന്നെ തേടി വന്നു.
'ആ പട്ടി എന്നെ ചതിക്കുകയായിരുന്നു മനു '.
കരഞ്ഞു കൊണ്ട് അവൻ പറഞ്ഞു.
ജീവേട്ടൻ എന്ന ആൾ എത്ര പെട്ടെന്നാണ് പട്ടിയായി മാറിയത് എന്നാലോചിക്കുകയായിരുന്നു ഞാൻ.
'അയാൾക്ക് വേണ്ടത് എന്റെ ശരീരമായിരുന്നു. അത്‌ മടുത്തപ്പോ എന്നെ വേണ്ടാതായി. അയാൾക്ക് വേറെയും പെണ്ണുങ്ങളുമായി ബന്ധമുണ്ട് '.
ആ പൊട്ടിക്കരച്ചിൽ ഉണ്ടാക്കിയ നീരസം പുറത്ത് കാണിക്കാതെ ഞാൻ അവനെ ആശ്വസിപ്പിച്ചു.
പിന്നീട് അവൻ കൂടുതൽ ഒന്നും സംസാരിക്കാതെ ഇറങ്ങി പോവുകയായിരുന്നു.
അതിനു ശേഷം അവനെ കാണുമ്പോഴൊക്കെ അപരിചിതരായ കുറെ ആളുകൾ അവന്റെ കൂടെ ഉണ്ടാവുമായിരുന്നു. സാവധാനം അവൻ എന്നിൽ നിന്നും അകന്നു പോവുന്നത് ഞാൻ അറിഞ്ഞു.
ഏറ്റവും ഒടുവിൽ അവനെ കണ്ടത് സിറ്റി സെന്ററിൽ വെച്ചായിരുന്നു. ഒരു വല്ലാത്ത കാഴ്ച്ച ആയിരുന്നു അത്‌.
എന്റെ മുന്നിലൂടെ മറ്റൊരാളുടെ കൈ പിടിച്ചു ടോയ്‌ലറ്റിലേക്ക് കയറി പോയത് അവനാണെന്നു വിശ്വസിക്കാൻ എനിക്ക് കഴിഞ്ഞില്ല.
നാലഞ്ചു മിനുട്ട് കഴിഞ്ഞു വിയർത്തു കുളിച്ചു അവൻ ഇറങ്ങി വന്നു വാഷ് ബേസിനിലേക്ക് കാർക്കിച്ചു തുപ്പി നോക്കിയത് എന്റെ മുഖത്തേക്കായിരുന്നു.
ഇത്രയും ദയനീയമായ ഒരു നോട്ടം അതിനു മുൻപോ ശേഷമോ ഞാൻ കണ്ടിട്ടുണ്ടായിരുന്നില്ല. അവന്റെ കണ്ണിൽ നിന്നും ഒലിച്ചിറങ്ങിയ ഒരു തുള്ളി കണ്ണീരിനു ഒരു പാട് കഥകൾ എന്നോട് പറയാൻ ഉണ്ടായിരുന്നു.
തിരിഞ്ഞു നടക്കാനാണ് എനിക്ക് തോന്നിയത്. കുറച്ചു നടന്നു നോക്കുമ്പോൾ അവൻ അതെ നിൽപ്പ് നിൽക്കുകയായിരുന്നു അവിടെ.
അതായിരുന്നു അവസാനത്തെ കൂടി കാഴ്ച. പിന്നീട് അവന്റെ ഒരു വിവരവും ഉണ്ടായിരുന്നില്ല. പിന്നീട് ഇപ്പോഴാണ് അവന്റെ നനുത്ത ഓർമ്മകൾ കണ്ണു നിറയിക്കുന്നത്.
മൊബൈലിൽ വന്ന ഒരു വീഡിയോ കാൾ ആണ് എന്നെ ഓർമയിൽ നിന്നുണർത്തിയത്.
അത്‌ ശിവ ആയിരുന്നു.
'ഞാനിപ്പോ പൂർണ്ണമായും ഒരു പെണ്ണായി മാറി മനൂ '.
മൊബൈൽ സ്‌ക്രീനിൽ കണ്ട രൂപത്തിലേക്ക് ഞാൻ ഒന്ന് കൂടെ സൂക്ഷിച്ചു നോക്കി.
ശരിക്കും ഒരു പെൺകുട്ടി തന്നെ. രൂപത്തിലും ഭാവത്തിലും എല്ലാം.
'എന്റെ ജൽസ അടുത്ത സൺ‌ഡേ ആണ്. പുറത്ത് നിന്നു മനുവിനെ മാത്രമാണ് ഞാൻ ക്ഷണിക്കുന്നത്. മനു വരില്ലേ? '.
'വരാം '.
ഏറെ നേരം സംസാരിച്ചാണ് ശിവ ഫോൺ വെച്ചത്. അതിനുള്ളിൽ അവൾ അത്‌ വരെയുള്ള എല്ലാ കാര്യങ്ങളും ചുരുക്കി പറഞ്ഞിരുന്നു.
ശരിക്കും എനിക്ക് അവളോട് ഒരു ബഹുമാനം തോന്നി തുടങ്ങിയിരുന്നു. ഒരു പാട് ത്യാഗം സഹിച്ചായാലും അവൾ ഒടുവിൽ ലക്ഷ്യം നേടിയല്ലോ.
അപ്പോഴാണ് മറ്റൊരു ചോദ്യം എന്നെ അലോസരപ്പെടുത്താൻ തുടങ്ങിയത്.
ശരിക്കും ശിവ എനിക്കാരായിരുന്നു.
അറിയില്ല.
ചില ബന്ധങ്ങൾ അങ്ങനെയാണ്. ഒരിക്കലും നിർവചിക്കാൻ കഴിയാത്ത വിധം നമ്മളോട് ചേർന്നങ്ങനെ നിൽക്കും അത്‌.
ഒരു ചെറിയ നോവ് പോലെ.
(അവസാനിച്ചു ).
വായനക്ക് നന്ദി.
സ്നേഹപൂർവ്വം
ഹക്കീം മൊറയൂർ
ജൽസ -
. ഒരു ട്രാൻസ്ജെൻഡർ ശാരീരികമായും മാനസികമായും സ്ത്രീയായി മാറുന്ന ചടങ്ങാണ് ജൽസ. 41 ദിവസത്തെ വ്രതത്തിനു ശേഷം ഒരു രാത്രി ആരംഭിച്ച് പുലർച്ചെ വരെ നീളുന്ന ചടങ്ങാണ് ജൽസ.
ശസ്ത്രക്രിയയ്ക്ക് വിധേയായ ശേഷമാണ് ജൽസ ചടങ്ങുകൾ ആരംഭിക്കുന്നത്.11 ദിവസം ‘തണ്ണി’ എന്ന ചടങ്ങ് നടക്കും. ഈ സമയത്ത് ജൽസ നടത്തുന്ന വ്യക്തി പുരുഷൻമാരുടെ മുഖം കാണരുതെന്നാണ് വിശ്വാസം. തുടർന്ന് 21–ാം ദിവസം കുളിക്കുന്ന ചടങ്ങ് നടക്കും.
41–ാം ദിവസം നടത്തുന്ന ചടങ്ങിൽ അർധരാത്രിയിൽ ജൽസ നടത്തുന്നയാൾ പച്ച വസ്ത്രം ധരിച്ച് തലയിൽ പാൽ നിറച്ച കുടം ചുമന്ന് ജലാശയത്തിൽ ഒഴുക്കിയ ശേഷം പ്രാർഥിച്ച് വീട്ടിലേക്ക് മടങ്ങും. തുടർന്ന് ദേവീ പൂജ നടത്തുന്നതോടെ ജൽസ പൂർത്തിയാകും. ഇതോടെ ജൽസ നടത്തിയയാൾ പൂർണമായി സ്ത്രീയായി മാറുമെന്നാണു വിശ്വാസം.
വിവരങ്ങൾ - ഗൂഗിൾ.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot