"മുഹൂർത്തമായല്ലോ; എന്താ പെൺകുട്ടി മണ്ഡപത്തിൽ വരാത്തേ ?"
എന്റെ അമ്മായിയുടെ വകയായിരുന്നു ഈ ചോദ്യം.
ഞാൻ ലക്ഷ്മി. ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷനിൽ അസിറ്റന്റ് അക്കൗണ്ടന്റായി ജോലി ചെയ്യുന്നു.
ഇന്നെന്റെ വിവാഹമാണ്. അമ്മയും മാളുവും മാത്രമാണ് എന്റെ കുടുംബം. അച്ഛൻ ഒട്ടു മിക്ക മലയാളികളെയും പോലെ ദുബായിൽ ആയിരുന്നു.. അഞ്ചു വർഷം മുൻപ് ഒരു ആക്‌സിഡന്റിൽ ഞങ്ങളെ വിട്ടുപോയി.
അച്ഛന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു എന്റെ വിവാഹവും ഞങ്ങളുടെ വീടുപണിയും. അതിൽ ഒരാഗ്രഹം അച്ഛൻ ജീവിച്ചിരിക്കുമ്പോൾത്തന്നെ സഫലമായി. വീടുപണി പൂർത്തിയാക്കി, താമസത്തിനും അച്ഛനുണ്ടായിരുന്നു. അതിനു ശേഷമായിരുന്നു ദുബായിലേക്ക് മടങ്ങിപ്പോയത്. ആ യാത്ര അച്ഛന്റെ അവസാനത്തേ യാത്രയാകുമെന്ന് ഒരിക്കലും കരുതിയില്ല. അച്ഛന്റെ ജീവനറ്റ ശരീരമായിരുന്നു വീട്ടിൽ തിരിച്ചെത്തിയത്.
അച്ഛന്റെ കാലശേഷം എല്ലാ വീടുകളിലെയും പോലെ എന്റെ വീട്ടിലും കാരണവന്മാരുടെ കാര്യമില്ലാത്ത അഭിപ്രായങ്ങളും നിർദേശങ്ങളും വന്നു തുടങ്ങി. പാവം എന്റെയമ്മ. മറ്റു വഴിയൊന്നുമില്ലാത്തതിനാൽ എല്ലാം കേട്ടു നിൽക്കും.
അവരെല്ലാം എന്റെ ഏക സഹോദരി മാളുവിന്റെ പഠിപ്പിനെപ്പറ്റി പല അഭിപ്രായങ്ങളും നിർദേശങ്ങളുമായി വന്നു കൊണ്ടിരുന്നു . എന്നാൽ എന്റെ വിവാഹത്തിലുള്ള കൈകടത്തൽ എനിക്കിഷ്ടപ്പെട്ടില്ല.
എനിക്ക് എന്റേതായ ചില ആഗ്രഹങ്ങളുണ്ടായിരുന്നത് അവരെ അറിയിക്കാതെ തരമില്ലെന്നായി.
വേറൊന്നുമല്ലായിരുന്നു കേട്ടോ. ഒരു സർക്കാർ ജോലി. അത്രേയുള്ളൂ. ഇപ്പോളത്തെക്കാലത്ത് അതൊരു ദുരാഗ്രഹമാണെന്നെനിക്കറിയാം. ചന്ദ്രനിൽപ്പോകാനും സർക്കാരുദ്യോഗത്തിനും ഏകദേശം ഒരേകടമ്പകൾകടക്കണമെന്ന് ഫ്രണ്ട്‌സ് പറയുമായിരുന്നു.
അങ്ങനെയേരിക്കെ "കാണിപ്പയ്യൂർ" പറയുന്നതുപോലെ എന്റെ സർക്കാരുദ്യോഗത്തിന്റെ യോഗം തെളിഞ്ഞു. അപ്പോയ്‌മെന്റ് ലെറ്റർ വന്നു. അന്നുമുതൽ അമ്മുമ്മ രാമനാമം ജപിക്കുന്നതുപോലെ "എന്റെ കല്യാണം, മാട്രിമോണി ജാതകം, പൊരുത്തം" എന്നെല്ലാതെ എന്റെ അമ്മയ്ക്ക് വേറെയോന്നും എന്നോട് പറയാനില്ലായിരുന്നു.
അവസാനം എന്റെ അമ്മാവന്റെ ഭാര്യയുടെ ബന്ധത്തിൽ നിന്ന് എല്ലാംകൊണ്ടും യോജിക്കുന്ന ഒരു ബന്ധം വന്നു. അമ്മായി ഒറ്റക്കാലിൽനിന്ന് ചെറുക്കനെയും വീട്ടുകാരെയും പറ്റിയുള്ള വർണനയായിരുന്നു.
" പയ്യന് നല്ല സ്വഭാവമാ. പണത്തിന്റെ ഒരു അഹങ്കാരവുമില്ല, ഗൾഫിലാ ജോലി. അവനു ഫാമിലി സ്റ്റാറ്റസ് വരെയുണ്ട്. ഇതു നടന്നാൽ നിങ്ങളുടെ ഭാഗ്യം "
എന്തായാലും എന്റെ നിശ്ചയവും കല്യാണത്തിനുള്ള ഡേറ്റ് കുറിക്കുന്നതും കഴിയുംവരെ ഈ പല്ലവി തുടർന്നു കൊണ്ടിരുന്നു.
ആ കല്യാണ ദിവസം ഇന്നാണ്. മുഹൂർത്ത സമയമായി. അതിനുള്ള ധൃതിയാണ് അമ്മായി ഇവിടെ കാണിക്കുന്നത്.
മൊബൈൽ ഇടക്കിടെ നോക്കി ഞാൻ മെസ്സേജ്കൾക്ക് റിപ്ലൈ കൊടുത്തു കൊണ്ടിരുന്നു. എന്റെ കൂട്ടുകാരികളും ബന്ധുക്കളും എന്നെ മണ്ഡപത്തിലേക്ക് കൂട്ടിക്കൊണ്ടു പോകാൻ ധൃതികാട്ടി.
ഞാൻ അതൊന്നും കാര്യമാക്കിയില്ല.
ഇത്രയുമായപ്പോൾ കൂടിനിന്നവരിൽ ചിലർ പരദൂഷണം ആരംഭിച്ചു.
"ഈ പെണ്ണിന് വല്ലാ പ്രേമമൊ മറ്റോ ഉണ്ടോ? വല്ല ചെറുക്കനും വരാൻ കാത്തിരിക്കാണോ?"
അധികം കാത്തിരിക്കേണ്ടി വന്നില്ല. സുന്ദരനും സുമുഖനുമായൊരു ചെറുപ്പക്കാരൻ ടാക്സി ഡ്രൈവർ യൂണിഫോമിൽ എന്നെത്തേടി ആ മണ്ഡപത്തിൽ വന്നു. പിന്നെപ്പറയണോ പുകിൽ ?!..
നമ്മുടെ നാടല്ലേ. അടക്കം പറച്ചിലിന്റെ ശക്തി കൂടി.
"എടീ ഞാൻ പറഞ്ഞില്ല പെണ്ണിന് എന്തോ ചുറ്റിക്കളിയുണ്ട്. നോക്കിയേ, ഇപ്പോൾ ഒരു ചെറുക്കനും വന്നു ഇവൾക്ക് എന്തിന്റെ കേടാ ഒരു പാവം ചെക്കനെ മണ്ഡപം വരെ എത്തിക്കാൻ. വേറെ വല്ലവനെയും പ്രേമിക്കുന്നെങ്കിൽ അവൾക്കു ഈ നാടകത്തിനു നിൽക്കാതെ മുന്നേ പോകാമായിരുന്നല്ലോ. നാണക്കേട് ഇവളെപോലുള്ളവരാ ഈ നാടിന്റെ ശാപം. പാവം ചെക്കൻ അവനെന്തു വിഷമം കാണും"
ഇങ്ങനെ ഗോസിപ്പുകൾ ആ സദസിൽ നിറഞ്ഞു നിന്നു. വന്ന ചെറുപ്പക്കാരൻ ഡ്രസിങ് റൂമിനു പുറത്ത് നിന്നുകൊണ്ട് എന്നോട് പുറത്തേക്കു വരാൻ ആഗ്യം കാണിച്ചു. വേറൊന്നും നോക്കാതെ ഞാൻ അയാളുടെ കൂടെ പുറത്തേക്ക് പോയി. എന്റെ അമ്മയും മാളുവും കൂട്ടുകാരികളും ബന്ധുക്കളും ആശ്ചര്യത്തോടെ നോക്കിനിന്നു. അതിൽ ചിലർ "മിണ്ടാപ്പൂച്ച കലമുടച്ചു " എന്നെ പഴഞ്ചൊല്ല് പറഞ്ഞു ചിരിച്ചു. ഞാൻ കാറിനടുത്തേക്ക് നടന്നു നീങ്ങി.
കണ്ടുനിന്നവർ പരസ്പരം അടക്കം പറയാൻതുടങ്ങി. ഞാൻ ഒന്നും മൈൻഡ് ചെയ്തില്ല. കാറിന്റെ പിന്നിലെ ഡോർ തുറന്നു. അതിൽനിന്നും സുന്ദരിയായ ഒരു ഫിലിപ്പിനോ പെൺകുട്ടി പുറത്തേക്കു വന്നു
"ഹായ് ലക്ഷ്മി. സോറി, ഐ ആം ലേറ്റ് "
"നോ പ്രോബ്ലം സ്റ്റെല്ല. പ്ലീസ് കം വിത്ത് മി "
ഞാൻ അവളുടെ കൈപിടിച്ചു കല്യാണമണ്ഡപത്തിലേക്കു നടന്നു. എന്താണ് നടക്കുന്നതെന്നറിയാതെ കൂടിനിന്നവർ ആകാംക്ഷാഭരിതരായി നോക്കിനിന്നു
അതിനിടയിൽ അടുത്ത ഗോസിപ്പ് വന്നു.
"ഇത് മറ്റേതാടാ നമ്മുടെ നാട്ടിന്റെ പുതിയ സംസ്കാരം; സ്വവർഗരതി. "
ഈ സമയം മണ്ഡപത്തിൽ നിന്ന കല്യാണച്ചെക്കൻ സുനിൽ, സ്റ്റെല്ലയെ കണ്ടതും അത്ഭുതം കൊണ്ട് മിഴിച്ചു നിന്നു.
ഞാൻ അവന്റെ മുന്നിലേക്ക് സ്റ്റെല്ലയെ കൂട്ടിക്കൊണ്ടുവന്നു ചോദിച്ചു
" സുനിലിന് ഇവളെ അറിയാമോ? "
ഇല്ല എന്നെ ഭാവത്തിൽ അവൻ തലയാട്ടി.
ഞാൻ ഒന്നും നോക്കിയില്ല. സർവ്വശക്തിയുമെടുത്ത് സുനിലിന്റെ കരണത്തടിച്ചു.
"എടാ ചെറ്റേ, കഴിഞ്ഞ മൂന്ന് വർഷമായി നിന്റെ ലിവിങ് ടുഗെതർ പാർട്ണർ അല്ലെ ഈ കുട്ടി. നിന്റെ മോഹനവാഗ്ദാനത്തിൽ ജീവിച്ചവളല്ലേ? പാവമാണെന്നറിഞ്ഞിട്ടും എത്ര പ്രാവശ്യം നിന്റെ സ്വാർത്ഥതാല്പര്യത്തിനു വേണ്ടി നിന്നിൽ ഇവൾക്ക് പിറന്ന കുരുന്നുകളെ നശിപ്പിച്ചു? എന്നിട്ടും നീ ഈ ചതി എന്തിനു ചെയ്തു? "
ഒരക്ഷരം അവൻ മിണ്ടിയില്ല. ഞാൻ അവിടെ കൂടിനിന്നവരോട് പറഞ്ഞു-
"ഇവൾ സ്റ്റെല്ല. ഇവനുമായുള്ള എൻഗേജ്മെന്റ് പിക്ചർസ് ഫേസ്ബുക്കിൽ കണ്ടതുകൊണ്ട് ഇവൾ എനിക്ക് ഫ്രണ്ട് റിക്വസ്റ്റ് തന്നു. ഇവന്റെ മ്യുച്ചൽഫ്രണ്ട് ആയതു കൊണ്ട് ഞാണത് അക്‌സെപ്റ്റും ചെയ്തു. പിന്നെ ഇവന്റെ യഥാർത്ഥ മുഖം ഈ പെൺകുട്ടി എനിക്ക് കാട്ടിത്തന്നു. ഇവൾക്ക് ഇന്ന് ഇവിടെ വരാനുള്ള ഏല്ലാ സഹായവും ഞാൻ ചെയ്തുകൊടുത്തത് ഞാനാണ്. ഈ വൃത്തികെട്ടവന്റെ മുഖംമൂടി വലിച്ചു കീറാൻ സ്റ്റെല്ലയുടെ വരവും കാത്തിരിക്കുകയായിരുന്നു ഞാൻ. ഇനി നിങ്ങൾക്കു തീരുമാനിക്കാം ഇവനെ എന്തു ചെയ്യണമെന്ന്."
എല്ലാവരും പരസ്പരം നോക്കി. കാരണവന്മാർ ഒരു തീരുമാനമെടുത്തു.
" ഈ പെൺകുട്ടിയെ ഇവൻ ഇപ്പോൾ കെട്ടണം."
അവരുടെ തീരുമാനം ഞാൻ സ്റ്റെല്ലയോട് പറഞ്ഞു. അവൾ സുനിലിനടുത്തേക്കു നടന്നു. സുനിൽ പശ്ചാത്താപത്തോടെ അവളുടെ മുഖത്തെക്കു നോക്കി
"സ്റ്റെല്ല, ഐ ആം സോറി "
അവന്റെ മുഖത്തെക്ക് കാർക്കിച്ചു തുപ്പിക്കൊണ്ട് അവൾ പറഞ്ഞു,
"ഫക്കിങ് ബസ്റ്റാർഡ് നെവർ ഏവർ കം ടു മൈ സൈറ്റ് "
കണ്ടുനിന്നവർക്കും അതു രസിച്ചുവെന്ന് തോന്നുന്നു കൂവലും വിളിയും കൊണ്ടു കല്യാണ ഓഡിറ്റോറിയം കുറച്ചു സമയത്തേക്ക് പ്രകമ്പനം കൊണ്ടു. "പോയി ചത്തുകൂടെ ചെറ്റേ " എന്നു ചിലർ കൂകി വിളിച്ചുപറഞ്ഞു
മണ്ഡപത്തിന്റെ ഒരു മൂലയിൽ അമ്മായി തലയും കുനിച്ചു നിൽക്കുന്നുണ്ടായിരുന്നു. ഒന്നും മിണ്ടാതെ പോകുന്നത് ശരിയല്ലല്ലോ എന്നു കരുതി ഞാൻ അടുത്തേക്ക് ചെന്നു പറഞ്ഞു
"ഫാമിലി സ്റ്റാറ്റസ് ഇത്രക്ക് പ്രതീക്ഷിച്ചില്ല അമ്മായി"
മുഖം താഴ്ത്തി നിന്നതല്ലാതെ അമ്മായി ഒരക്ഷരം മിണ്ടിയില്ല.
ഞാനും അമ്മയും മാളുവും പിന്നെ ഞങ്ങളുടെ അതിഥി സ്റ്റെല്ലയും ആ ചെറുപ്പക്കാരന്റെ ടാക്സിയിൽ ഞങ്ങളുടെ വീട്ടിലേക്ക് തിരിച്ചു. എന്റെ വരനെ നാട്ടുകാർ കൈകൊണ്ട് ഉപദേശിച്ചുവെന്ന് കേട്ടു.
ഒരാഴ്ച കഴിഞ്ഞ് സ്റ്റെല്ല തിരികെ ദുബായിലേക്കു പോയി.
ഞങ്ങളുടെ ജീവിതം തിരികെ സാധാരണഗതിയിലേക്ക് മടങ്ങി. അമ്മയുടെ നാമജപം തുടർന്നുകൊണ്ടേയിരുന്നു.
ശുഭം
==========സ്ത്രീ, ഏതു നാട്ടുകാരിയായാലും അവളെ സ്ത്രീയായി ബഹുമാനിക്കണം. ഒരല്പനേരത്തെ സുഖത്തിനായി ഒരു സ്ത്രീയെയും അപമാനിക്കരുത്. എല്ലാ നാട്ടിലും സ്ത്രീ അമ്മുമ്മയും, അമ്മയും പെങ്ങളും, ഭാര്യയും, മോളുമൊക്കെയാണ്. ഭാഷയിലും സംസ്കാരത്തിലും വസ്ത്രധാരണത്തിലും വ്യത്യാസം കാണും. പക്ഷെ അവർക്ക് നിങ്ങളിലുള്ള സ്നേഹവും വിശ്വാസവും ഒരിക്കലും നഷ്ടപ്പെടുത്തുവാൻ ശ്രമിക്കരുത്.
Written by
സുർജിത്ത് സുദർശനൻ
Twist polich
ReplyDeleteകഥ നന്നായിട്ടുണ്ട്.എന്നാൽ കഥയുടെ കെട്ടും മട്ടും ഒന്നുകൂടി മിനുക്കി എടുക്കണം.എവിടെയോ ഒരുപറഞ്ഞു തീർക്കൽ അനുഭവപ്പെട്ടു.ആശയങ്ങൾ ചിന്തകളായും ഓർമ്മകളായും കോർത്തിണക്കുകയും വാക്കുകളുടെ ശൈല്പികതയും സൗന്ദര്യവൽക്കരണവും ഒന്നുകൂടി സാധ്യമാക്കേണ്ടതായും തോന്നുന്നു.തുടക്കം എന്ന രീതിയിൽ നന്നായി.വീണ്ടും എഴുതുക.നന്നായി വരട്ടെ!
ReplyDelete