നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പാരഡൈസിലെ പനിനീർപൂക്കൾ (കഥ)


Best Of Nallezhuth - No 18
ഇന്ന് പുലർച്ചെ 5.30ന് ആ പൂന്തോട്ടത്തിൽ വച്ചാണ് എനിക്ക് മുറിവേറ്റത്. മൂടൽമഞ്ഞിലും ചാറ്റൽ മഴയിലും പെട്ട് ചുറ്റുമുള്ള കാഴ്ചകളൊന്നും കാണാനാവാതെ വിഷമിച്ചിരിക്കുകയായിരുന്നു ഞാനപ്പോൾ. എന്തോ ഒരപകടം എന്നെ ചുറ്റിയൊരു കാറ്റായി കറങ്ങിയടിച്ചപ്പോഴാണ്, പതിവായുള്ള പ്രഭാത നടത്തവും കഴിഞ്ഞു വന്ന അച്ചായനെന്റെ ജീവനെ രണ്ടായി മുറിച്ചെടുത്ത് അകത്തേക്ക് കൊണ്ടുപോയത്...
അച്ചായന്റെ കൈപ്പത്തിയുടെ ചൂടിലമർന്ന് 'പാരഡൈസ് വില്ല' എന്ന പ്രൗഢമായ വീടിന്റെ വലിയ ഹാളിലേക്ക് എത്തുമ്പോൾ ഞാനൊട്ടും അമ്പരന്നില്ല, അവിടെയുള്ള വിലപിടിച്ച ഫർണിച്ചറുകളും പെയിന്റിംഗുകളും മറ്റ് അലങ്കര വസ്തുക്കളും എന്നെ ഭ്രമിപ്പിച്ചില്ല, ചാരനിറത്തിലുള്ള ജനൽ വിരികളിൽ തട്ടി വരുന്ന പുലർ കാറ്റിന്റെ നനുത്ത കുളിരെന്നെ സ്പർശിച്ചില്ല. തണ്ടിൽ നിന്ന് വേർപെട്ട് ജീവൻ പതിയെപ്പതിയെ ഒഴുകിയിറങ്ങുമ്പോഴും ആ ബലമുള്ള കൈപ്പത്തിയോടൊട്ടിച്ചേർന്ന് വേദന സഹിച്ചു ഞാൻ കണ്ണുകളടച്ചിരുന്നു.
ഐശ്വര്യത്തോടെ അനുഗ്രഹം ചൊരിഞ്ഞു നിൽക്കുന്ന കർത്താവിന്റെ തിരുരൂപത്തിന് മുന്നിൽ ഒന്നു വണങ്ങി, അച്ചായൻ എന്നെ ആ ഹാളിന്റെ വലതു വശത്തേക്ക് കൊണ്ടുപോയി. സ്വർണ്ണവർണ്ണത്തിൽ, നല്ല വലിപ്പത്തിൽ ലാമിനേറ്റ് ചെയ്ത ആ ഫോട്ടോയുടെ അടിയിൽ, ഇടതു വശത്തായുള്ള ഭംഗിയുള്ള പൂപ്പാത്രത്തിലേക്ക് അങ്ങനെ ഞാൻ എത്തിച്ചേർന്നു. ആ ഫ്ലവർ വേസിൽ പല പല നിറങ്ങളിൽ പൂത്തുലഞ്ഞ് നിന്നിരുന്ന മറ്റു പനിനീർപ്പൂക്കൾ എന്നെ നോക്കിച്ചിരിച്ചു.
ആ സമയം കൂട്ടത്തിൽ ഏറ്റവും അവശയായ പൂവ് പൂപ്പാത്രത്തിന്റെ ഒരു ഭാഗത്തേക്ക് ചരിഞ്ഞു.
''ഓ നീയും എത്തി അല്ലേ മോളേ... എനിക്ക് പോകാൻ സമയമായി..." വാടിക്കൊഴിഞ്ഞു നിലത്തു വീണ ഇതളുകൾ കൊണ്ട് ഞങ്ങളോടവർ യാത്രാമൊഴി ചൊല്ലി.
താഴെ വീണു കിടന്ന ഇതളുകളും കമ്പും പെറുക്കിക്കളഞ്ഞ്, ആ ചിത്രത്തിലേക്ക് ഒന്നു മിഴി നട്ട്, അച്ചായൻ അകത്തേക്കു പോയി. വേദന കടിച്ചമർത്തി ഞാൻ എല്ലാവരേയും നോക്കി ഒന്നു പുഞ്ചിരിച്ചു.
''നീയൊരു സുന്ദരിയാണല്ലോ!'' പൂപ്പാത്രത്തിലെ പൂക്കൾ എന്നെ ചേർത്തു പിടിച്ച് ഉമ്മ വച്ച് അടുത്തേക്ക് നിർത്തി.
"പ്രാർത്ഥിക്ക് മക്കളെ !"
കൂട്ടത്തിലുള്ള ഏറ്റവും സുന്ദരിയായ പൂവ് പറഞ്ഞു.
''ഇന്നത്തോടെ ഞങ്ങളോരോരുത്തരായി പോകും, അതു കഴിഞ്ഞ് നീയും, അപ്പോഴേക്കും പുതിയ പുതിയ പൂക്കൾ ഇവിടെ വരും. നമ്മുടെയൊക്കെ ജീവന് അത്രേയുള്ളു വില...!, വെറുമൊരു കാഴ്ചയ്ക്കുള്ള വില...! മറ്റുള്ളവർക്ക് ഒരു കൗതുകത്തിനുള്ള വില...! ഒന്നു പൊഴിഞ്ഞു തുടങ്ങിയാൽ... ഒന്നു വാടിപ്പോയാൽ പിന്നെ ചവറ്റുകൊട്ടയിലെത്തുന്ന അത്രയും വില...! കുങ്കുമ നിറമുള്ള വലിയ ഇതളുകൾ പൊഴിഞ്ഞു വീണു തുടങ്ങിയിരുന്നു ആ പൂവിനപ്പോൾ.
''വാടിത്തുടങ്ങുമ്പോൾ തൊട്ട് അവസാനയിതളും പൊഴിയും വരെ കഥകൾ പറയണം... അതാണ് നമ്മുടെയീ പൂപ്പാത്രത്തിലെ നിയമം.'' ഉതിർന്നു വീണ അടുത്ത കുങ്കുമയിതളൊന്ന് മെല്ലെത്തട്ടി, അവരെന്നോട് ക്ഷീണിച്ച ശബ്ദത്തിൽ പാരഡൈസ് വില്ലയുടെ കഥ പറഞ്ഞു തുടങ്ങി.
"ദേ...നമ്മൾ കാവൽ നിൽക്കുന്ന ഈ ഫോട്ടോയിലെ എയ്ഞ്ചലിന്റെ മുത്തച്ഛൻ ഗോൺസാൽവസ് മുതലാളിക്ക് സമ്മാനം കിട്ടിയതാണീ വീട്. ബ്രിട്ടീഷുകാരുടെ തോട്ടം മാനേജരായിരുന്നു അദ്ദേഹം. അന്നൊക്കെ ആനച്ചാൽ എന്ന ഈ സ്ഥലം കൊടും കാടായിരുന്നു... എയ്ഞ്ചലിന്റെ അച്ഛൻ വിൽഫ്രഡ് മുതലാളിയാ ഈ പൂന്തോട്ടവും ഇതിനു ചുറ്റുമുള്ള ഏലത്തോട്ടവും ഇക്കണ്ട വസ്തുക്കളും ഒക്കെ ഉണ്ടാക്കിയത്.'' ഒന്നു നിർത്തി അവരെന്റെ മുഖത്തേക്ക് നോക്കി.
''നിനക്കെന്തു പറ്റി? നന്നായി വേദനിക്കുന്നുണ്ടല്ലേ?"
"ഏയ് ഇല്ല, ഒന്നുമില്ല'' ഞാൻ ഒന്നു മന്ദഹസിച്ചു.
''എന്തു ഭംഗിയായിരുന്നു ഈ എയ്ഞ്ചലിനെ കാണാൻ! ശരിക്കും ഒരു മാലാഖ പോലെ, അല്ലേ? പൂന്തോട്ടത്തിൽ ഇരുന്ന് നമ്മളോട് കിന്നാരം പറയുന്നത് എയ്ഞ്ചലിന് ഒത്തിരി ഇഷ്ടമായിരുന്നു എന്ന് ഇലഞ്ഞി മുത്തശ്ശി പറഞ്ഞ് കേട്ടിട്ടുണ്ട്."
ഞാനത് കേൾക്കാനിഷ്ടമാവാത്ത ഭാവത്തിൽ കുനിഞ്ഞു നോക്കി നിന്നു. ഇതളുകൾ കൂടുതൽ കൂടുതൽ പൊഴിഞ്ഞപ്പോൾ ആ പൂവ് എന്നിലേക്ക് തല ചായ്ച്ചു.
''പൂന്തോട്ടത്തിലെ ചെടികൾ മിക്കതും ഓരോരുത്തരുടെ ഓർമ്മയ്ക്കായി നട്ടതാണ്. വല്യ മുതലാളി മരിച്ചപ്പൊ വിൽഫ്രഡ് മുതലാളി നട്ടതാ നമ്മുടെ ഇലഞ്ഞി മുത്തശ്ശിയെ. വിൽഫ്രഡ് മുതലാളിക്ക് വേണ്ടി എയ്ഞ്ചലും നട്ടു ഒരു പവിഴമല്ലിച്ചെടി. അവിടെക്കാണുന്ന അശോകവും പാരിജാതവുമൊക്കെ ഇവിടുണ്ടായിരുന്ന ഓരോ അമ്മമാരുടെ ഓർമ്മകളാ. എയ്ഞ്ചലിന് ചെടികളും പൂക്കളും ഒത്തിരി ഇഷ്ടമായിരുന്നു പ്രത്യേകിച്ച് നമ്മൾ പനിനീർ പൂക്കളെ. പക്ഷെ അവൾക്കായി ആരും ഒന്നും ചെയ്തില്ല, ഒന്നും...!".
''തെറ്റ്! ആ പറഞ്ഞത് തെറ്റ്! ഏയ്ഞ്ചലിനായി അച്ചായൻ നട്ടതാണെന്നെ...! കഴിഞ്ഞ പന്ത്രണ്ട് വർഷമായി പൂക്കാതെ തളിർക്കാതെ നിൽക്കുന്ന എന്നെ...! പന്ത്രണ്ട് വർഷത്തിനു ശേഷം വിരിഞ്ഞ ഉടൻ മരിക്കാൻ പോകുന്ന എന്നെ...!''
പെട്ടെന്ന് അറിയാതെന്റെ ശബ്ദമുയർന്നു. പൂപ്പാത്രത്തിലുള്ളവർ അവിശ്വസനീയതയോടെ അപ്പോഴെന്നെ നോക്കി.
"ഇനിയുള്ള കഥ ഞാൻ പറയാം, കേൾക്കൂ" ഞാൻ മെല്ലെ, എന്നാൽ ദൃഢമായ ശബ്ദത്തിൽ പറഞ്ഞു തുടങ്ങി.
''വിൽഫ്രഡ് മുതലാളിയുടെ അടുത്ത് ഒരു ജോലിക്കു വേണ്ടി എങ്ങനെയോ വന്നുപെട്ടതാണീ അലക്സച്ചായൻ. അച്ചായന്റെ മിടുക്കും ആത്മാർത്ഥതയും മുതലാളിക്ക് ഇഷ്ടപ്പെട്ടു. എയ്ഞ്ചലും അലക്സിനെ പ്രണയിച്ചു തുടങ്ങി. പക്ഷെ അച്ചായന് ഈ പ്രണയത്തിലൊന്നും ഒരു താല്പര്യവുമുണ്ടായിരുന്നില്ല. എന്നാലും മരണക്കിടക്കയിൽ വച്ച് മുതലാളിക്കു കൊടുത്ത വാക്ക് അച്ചായൻ പാലിച്ചു. പേരിന് മാത്രം വിവാഹമെന്ന ഒരു ചടങ്ങ് നടന്നു. ഒട്ടും പൊരുത്തപ്പെടാതെ കുറേ നാളുകൾ രണ്ടാളും തള്ളി നീക്കി. ഒടുവിൽ രണ്ടു കുട്ടികളായി സന്തോഷമായി കഴിയുമ്പൊ ഏയ്ഞ്ചലിനെ ദൈവം തിരികെ വിളിച്ചു. അതിൽപ്പിന്നെ അച്ചായൻ യാത്രകൾക്കൊന്നും പോയിട്ടില്ല. പുറത്തോട്ടധികം ഇറങ്ങാറില്ല. അയ്യപ്പൻകോവിലിലെ എസ്‌റ്റേറ്റും, കുഞ്ചിത്തണ്ണീലെയും ഇവിടുത്തെയും ഏലത്തോട്ടമൊക്കെ വിറ്റ് മക്കൾക്കു കൊടുത്തിട്ട്, ഈ വീടും പറമ്പും കെട്ടിപ്പിടിച്ചിരിക്കുന്നു, സഹായത്തിന് കുമാരേട്ടനും. അമേരിക്കയിൽ നിന്ന് മക്കൾ രണ്ടും നാളെ വരുന്നുണ്ട്. വല്ലാത്ത മേളമായിരിക്കും അച്ഛനും മക്കളും കൂടി"
അവരുടെ കളിയും തമാശകളും ഒരു ചിത്രമായി മനസ്സിൽ തെളിഞ്ഞപ്പോൾ, നിറഞ്ഞു തുളുമ്പിയ കണ്ണുകൾ ഇറുക്കിയടച്ചു... സന്ധ്യയ്ക്കു മുന്നേ തേടിയെത്തുന്ന മരണത്തെക്കാത്ത്, പൊഴിഞ്ഞു വീഴുന്ന ഇതളുകൾ തടയാൻ വൃഥാ ശ്രമിച്ച് ഞാൻ നിന്നു, എയ്ഞ്ചൽ എന്ന ഞാൻ...!
''ദൈവമേ... ഒന്നടുത്തു കാണാൻ... കുറച്ചു നേരമെങ്കിലുമൊന്നു നോക്കി നിൽക്കാൻ... ഞാനങ്ങയോടിരന്ന് കിട്ടിയ ജൻമല്ലേ ഇത്... എന്നിട്ടും... ഒന്നു കൊതി തീരെ കാണുമുമ്പു എന്നെ നീ കൊണ്ടു പോകുകയാണോ?"
***** ***** *****
അന്നത്തെ സന്ധ്യയിൽ മൂന്നാറിനെ തഴുകി വന്ന കാറ്റിന് ഒരു പ്രത്യേകമണമായിരുന്നു. ആനച്ചാൽ കയറി അത് പാരഡൈസ് വില്ലയിലെത്തിയപ്പോൾ അവിടമാകെ ഇലഞ്ഞിപ്പൂമണം നിറഞ്ഞു.
മൃദുല ചുറ്റും നോക്കി വേഗത്തിൽ നടന്നു. ഔട്ട് ഹൗസിൽക്കിടന്ന കൈസർ തലപൊക്കി ഒന്നു മുരണ്ടു... പിന്നെ മോങ്ങിക്കൊണ്ട് മുൻകാലുകൾക്കിടയിലേക്ക് തല പൂഴ്ത്തി നിശബ്ദനായിക്കിടന്നു.
ചാറ്റൽ മഴയും മഞ്ഞും കൂരാക്കൂരിരുട്ടും ആ വെട്ടു റോഡിനെ തീർത്തും വിജനമാക്കിയിരുന്നു...! കോടമഞ്ഞ് മൂടിപ്പുതച്ച് നിന്ന 'പാരഡൈസ് വില്ലയുടെ' പൂമുഖ വാതിൽ ആരെയോ പ്രതീക്ഷിച്ചെന്നവണ്ണം മലർക്കെ തുറന്നു കിടന്നു. മഴവെള്ളം ഇറ്റുവീഴുന്ന ഇലഞ്ഞിച്ചുവട്ടിൽ ഒരു ഞൊടി നിന്ന് പൂന്തോട്ടമാകെ ഒന്നു നോക്കി മൃദുല ആ വലിയ വീടിന്റെ പൂമുഖപ്പടി കയറി.
ഹാളിനുള്ളിലെ തിരുരൂപം മറികടക്കാതെ, അങ്ങോട്ട് നോക്കാതെ, അകത്തേക്ക് പോകാതെ, അവിടെ നിന്നവൾ ഉറക്കെ വിളിച്ചു...
''അലക്സീ..എവിടെയാ?"
ആ ശബ്ദമാണയാളെ ദീർഘമായ ഉറക്കത്തിൽ നിന്നുണർത്തിയത്. മനസ്സിന്റെ അടിത്തട്ടിൽ ഉറവ കൊണ്ട ഉഷ്ണപ്രവാഹം അയാളെ ശബ്ദം കേട്ട സ്ഥലത്തേക്ക് വേഗത്തിൽ തള്ളിവിട്ടു.
ആദ്യം കാണും പോലെ അയാളവളെ നോക്കി.
ഓർമ്മകളിൽ മുട്ടോളമെത്തുന്ന പാവാടയിട്ട് മുടി രണ്ടായി പിന്നിയിട്ട ഒരു നുണക്കുഴിക്കാരി പുസ്തകസഞ്ചിക്കിടയിൽ നിന്ന് ഒരു മയിൽപ്പീലി അയാൾക്കു നേരേ നീട്ടി... ആ അരപ്പാവാടക്കാരി പെട്ടെന്ന് ഓടി മറഞ്ഞ് പകരം തുളസിക്കതിർ ചൂടിയ കോളജ് കുമാരി അയാളുടെ ചിന്തകളിൽ നഖമാഴ്ത്തി നോവിച്ചു, നുണക്കുഴി കാട്ടി ചിരിച്ചു.
''മൃദൂ... നീ... എങ്ങനെ? ഇവിടെ?''
അവളാ ചോദ്യം കേൾക്കാത്ത മട്ടിൽ അയാളെ അടിമുടി നോക്കി. ആ കൈകൾ കൂട്ടിപ്പിടിച്ച് നെഞ്ചോട് ചേർത്തു. അറുപത് വയസ്സായെങ്കിലും, നന്നായി നരച്ചെങ്കിലും, ആ കുസൃതിയുള്ള കണ്ണുകൾക്ക് ഒരു മാറ്റവുമില്ല. അന്നത്തെ മെല്ലിച്ച ശരീരം ഇന്ന് കുറച്ചു കൂടി ദൃഢമായിരിക്കുന്നു. തന്റെ കവിളിൽ ഉരസിയിരുന്ന പഴുതാര മീശയുടെയും ഊശാൻ താടിയുടേയും സ്ഥാനത്ത് നരച്ച കട്ടിമീശ. സങ്കടം വരുമ്പോൾ മുഖം പൂഴ്ത്തുന്ന നെഞ്ചിലെ രോമക്കാടുകൾ അൽപ്പം നരച്ചിട്ടുണ്ട്. കീഴ്ച്ചുണ്ടിലെ ആ കറുത്ത മറുകു പോലും അതേപടി തന്നെ...!
'ഓ മൃദുലേ...ഹൃദയമുരളിയിലൊഴുകി വാ
നിൻ നിഴലായ് അലയും പ്രിയനെ മറന്നുവോ
മൃദുലേ... മനസ്സും മനസ്സുമകന്നുവോ'...
തന്റെ കിടപ്പുമുറിയിൽ വിയർപ്പിറ്റു വീണ വിരിപ്പിൽ കെട്ടിപ്പുണർന്ന് കിടക്കുമ്പോൾ അലക്സ് ചെവിയിൽ പാടുന്ന ആ പാട്ട് എങ്ങു നിന്നോ വന്നവിടെയെല്ലാം അലയടിച്ചു.
പാട്ടിന്റെ വരികൾ മെല്ലെ മെല്ലെ മൂളി അവൾ അയാളിലേക്കടുത്തു.
'പിരിയുവാനാകുമോ തമ്മിൽ... നിൻ സ്വരം ഒരു തേങ്ങലായെന്നിൽ നിറയും...'
കരഞ്ഞുകൊണ്ടവൾ അയാളുടെ നെഞ്ചോടു ചേർന്നു.
അതു കാണാനുള്ള ശക്തിയില്ലാതെ ഞാൻ തൊഴുകൈയ്യോടെ കണ്ണുകൾ ഇറുകെയടച്ചു. ''ദൈവമേ... എന്നെ പെട്ടെന്ന് വിളിക്കണേ... എനിക്കിതു കാണാൻ വയ്യാ...''
തന്റെ ചുണ്ടുകളിൽ ചുംബിക്കാനാഞ്ഞ മൃദുലയെ അയാൾ വലതു കൈയ്യാൽ തടഞ്ഞു.
"അലക്സീ...''
''മരിച്ചിട്ടും ഇവിടം വിട്ട് പോകാനാകാതെ ഞാൻ പിടിച്ചു നിന്നത് ഈയൊരു ദിവസത്തിനു വേണ്ടിയാണ്... അലക്സിയും ഈ മണ്ണ് വിടുന്ന ദിവസത്തിനു വേണ്ടി...! ഇനിയെങ്കിലും നമുക്ക് ഒരുമിക്കണം. അച്ഛന്റെ വാശി മാറാൻ കാത്തു കാത്തിരുന്ന് ഒടുവിൽ ഒരു മുഴം കയറിൽ എല്ലാം അവസാനിപ്പിച്ചവളാണ് ഞാൻ. ഇനിയെനിക്ക് കാത്തിരിക്കാൻ വയ്യ...! എന്റെ അലക്സിയെ ഞാനാർക്കും പങ്കുവയ്ക്കില്ല... എന്നന്നേക്കുമായി എന്റൊപ്പം കൊണ്ടുപോകാനാണ് ഞാനിങ്ങോട്ടു വന്നത്... ഇവിടെ കാത്തു നിന്നത്...
നമുക്കൊരുമിക്കണം... ആത്മാക്കളായെങ്കിലും!"
വല്ലാത്ത പരവേശത്തിൽ മൃദുല പറഞ്ഞു നിർത്തി.
ഞാനപ്പോൾ അച്ചായനെത്തന്നെ നോക്കി നിന്നു. അദ്ദേഹത്തിന്റെ കണ്ണുകൾ നിറഞ്ഞു വരുന്നതു കണ്ട് എനിക്കും സങ്കടം വന്നു... 'ഒരുവേള അവരൊരുമിച്ചിരുന്നെങ്കിൽ' ചുടുകണ്ണീരിനൊപ്പം എന്റെ ഇതളുകൾ ഒന്നൊന്നായി പൊഴിഞ്ഞു കൊണ്ടിരുന്നു... എന്റെ ശരീരവും വിറച്ചു തുടങ്ങി... എന്തിനെന്നറിയാതെ....
''ശരിയാണ്! നീ പറഞ്ഞതെല്ലാം ശരിയാണ്. ഒത്തിരി സ്നേഹിച്ചിരുന്നു നിന്നെ ഞാൻ. പക്ഷെ ആ രാത്രിയിൽ ഒരു സിനിമാക്കഥ പോലെ, തെറ്റുകാരനായി ഞാൻ പിടിക്കപ്പെടുമ്പൊ, ഒരക്ഷരം മിണ്ടിയില്ല നീ... നിന്റെ അച്ഛന്റെ അഭിമാനം... നിങ്ങളുടെ അന്തസ്സ്...! അന്നതായിരുന്നു നിന്റെ സാഹചര്യം , കുറ്റപ്പെടുത്തുന്നില്ല...! പക്ഷെ ഞാനോ?വെറും ഒളിഞ്ഞുനോട്ടക്കാരൻ... കള്ളൻ... ഞരമ്പുരോഗി...! അവിടുന്ന് ഉടുതുണിക്ക് മറുതുണിയില്ലാതെ നാണംകെട്ട് ഓടിയ എനിക്ക് എല്ലാമെല്ലാമായത് ഈ നാടും, നാട്ടുകാരും, ഇവിടുത്തെ നൻമയും, മുതലാളിയും, എയ്ഞ്ചലും ഇവരുടെ സ്നേഹവുമാണ്"
ഒന്നു നിർത്തി എന്റെ നേർക്ക് കൈ ചൂണ്ടി അദ്ദേഹം തുടർന്നു.
''ദേ എന്റെ മാലാഖയെ നോക്ക്...! ഒന്നു നന്നായി സ്നേഹിച്ചിട്ടില്ല ഞാനവളെ... എന്നും നോവിച്ചിട്ടേയുള്ളൂ... ഒട്ടും സന്തോഷിപ്പിച്ചിട്ടില്ല... പക്ഷെ അവളോ? എല്ലാ മറിഞ്ഞിട്ടും, എന്നെ ഒരുപാട് സ്നേഹിച്ചു... എന്റെ മക്കളെ പ്രസവിച്ചു...
പിന്നെ... പിന്നെ...എത്ര മാത്രം ഞങ്ങൾ സ്നേഹിച്ചിരുന്നുവെന്ന് അവളങ്ങ് പോയപ്പഴാ എനിക്ക് മനസ്സിലായത്".
''ഇവിടെയുണ്ടച്ചായാ.... അച്ചായന്റെ മാലാഖ ഇവിടെയുണ്ട്...ഈ പൂപ്പാത്രത്തിൽ" ഞാൻ ഉറക്കെയുറക്കെ പറയാൻ ശ്രമിച്ചു. പക്ഷെ എന്റെ ശക്തിയെല്ലാം ചോർന്നുപോയ പോലെ. കാഴ്ച തീർത്തും മങ്ങിയപ്പോൾ അച്ചായൻ ഒരു നിഴൽ പോലെ എന്റെ നേർക്ക് നടന്നു വരുന്നത് കണ്ടു. അവസാന ഇതളും പൊഴിഞ്ഞ് ഫ്ലവർവെയ്സിൽ നിന്ന് ഞാനാ കൈകളിലേക്ക് ഊർന്നു വീണു.
''എനിക്കു വേണ്ടി മാത്രം പൂവിട്ട എന്റെയീ മാലാഖയെ ആർക്കും കൊടുക്കില്ല ഞാൻ, ഒരിക്കലും.. ഇനിയൊരിക്കലും'' അച്ചായനെന്നെ ഇറുകെ പുണർന്നപ്പോൾ ഞാൻ ആർത്തലച്ച് ആ നെഞ്ചിലേക്ക് വീണു. നിറഞ്ഞ കണ്ണു തുടച്ച് അദ്ദേഹം മൃദുലയെ നോക്കി ഒന്നു ചിരിച്ചു.
"എനിക്കായി പിറന്ന ഇവളെ ഞാനെങ്ങനെ ഉപേക്ഷിക്കും? ഈ മണ്ണിൽ പൂവായി, കാറ്റായി, പുഴയായി, മഴയായി, മണമായി, കുളിരായി ഞങ്ങളുണ്ടാവും ഇനിയെന്നും...
**** ***** *****
ഇരുട്ടിനെ കീറി മുറിച്ചു കൊണ്ട് കറുത്ത രണ്ട് ബെൻസ് കാർ പാരഡൈസ് വില്ലയുടെ പോർച്ചിലെത്തി. ആദ്യത്തെ ബെൻസിൽ നിന്നിറങ്ങിയ കുമാരേട്ടൻ "അച്ചായാ ദേ അവരിങ്ങെത്തി" എന്നു പറഞ്ഞ് കുറേയേറെ കവറുകളുമായി കിതച്ചു തുള്ളി അകത്തേക്ക് പോയി.
അവിടെ എയ്ഞ്ചലിന്റെ ചിത്രത്തിനരുകിൽ ഒരു വാടിക്കൊഴിഞ്ഞ പൂവ് നെഞ്ചോട് ചേർത്ത് അച്ചായൻ ചാരിയിരുപ്പുണ്ടായിരുന്നു... കണ്ണുകൾ പാതിയടച്ച്...!
കുമാരേട്ടന്റെ അലറിക്കരച്ചിൽ ആ രണ്ടു ബെൻസിനേയും അവധിക്കാലം ചിലവിടാനെത്തിയവരേയും കടന്ന്, മഴ വീണു തുടങ്ങിയ മലമടക്കുകളിൽ തട്ടി പ്രതിധ്വനിച്ചു.
തണുത്ത കാറ്റിനൊപ്പം മഴ ശക്തിയായി പെയ്തു കൊണ്ടിരുന്നു.... ആരോ ആരെയോ ആശ്വസിപ്പിക്കും പോലെ... ആരോ എവിടെയോ കണ്ണുനീരൊഴുക്കും പോലെ...
(അവസാനിച്ചു)
-ഗണേശ് -

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot