Slider

ആത്മഹത്യ (കഥ)

0

ഏഴാമത്തെ വയസ്സിലാണ് ശരീരത്തിന്റെ ഭാരം അവൾ ആദ്യമായി തിരിച്ചറിഞ്ഞത്... കഥപറയാൻ മടിയിലിരുത്തിയ ചെറിയച്ഛൻ കൈവിരലുകൾ കൊണ്ട് ശരീരത്തിലാകെ ഇക്കിളിയിട്ടപ്പോൾ അവളാദ്യം പൊട്ടിച്ചിരിച്ചു. പോകെപ്പോകെ തീവണ്ടിച്ചൂളം പോലെ ആ ചിരി കുറഞ്ഞു കുറഞ്ഞു പേടിയുടെയും വേദനയുടെയും ആഴങ്ങളിൽ പിടഞ്ഞസ്തമിച്ചു. ഒരുപാട് വർഷങ്ങൾ അതേ ഇക്കിളിക്കൈകൾ അവളെ ചിരിപ്പിക്കാതെ കടന്നുപോയി. ഒടുവിൽ ഒരു സന്ധ്യാനേരം ബ്ലൗസിനടിയിൽ പൊതിഞ്ഞു വെച്ച കത്തിയാൽ അവൾ ചെറിയച്ഛന്റെ കയ്യിൽ ആഞ്ഞു കുത്തി. അതോടെ പേടിപ്പെടുത്തുന്ന ഇക്കിളികൾ അവളുടെ ജീവിതത്തിൽ നിന്നോടി മറഞ്ഞു...
വർഷങ്ങൾ പിന്നെയും കടന്ന് പോകവേ അവളിൽ പ്രണയം ചേക്കേറി. തടയാൻ ശ്രമിക്കുംതോറും തലങ്ങും വിലങ്ങും ചില്ലകളായി പിരിഞ്ഞ് അവളുടെയുള്ളിൽ അതങ്ങനെ പൂത്ത് തളിർത്ത് നിന്നു. അയാൾ അവളെ ചേർത്ത് പിടിക്കുമ്പോഴൊക്കെയും പഴയ ഇക്കിളികൾ അവളെ ശ്വാസം മുട്ടിച്ചിരുന്നു.. എങ്കിലും പ്രണയത്തെ മുറുകെപ്പിടിക്കാൻ അവൾ നിശ്വാസങ്ങളടക്കം ചഷകങ്ങളിൽ നിറച്ച് അയാൾക്ക്‌ നേരെ നീട്ടി. അങ്ങനെയവൾ പിഴച്ചവളായി.. കുടുംബത്തിന്റെ മാനം കെടുത്തിയവളായി...ശാപമായി... അവൾ ശരീരം മാത്രമായി...
അന്നവൾ ജീവിക്കാൻ വേണ്ടി ആത്മഹത്യ ചെയ്തു... ശരീരത്തിന്റെ ഭാരം പേറാതെ ആത്മാവായി മാത്രം ജീവിക്കാൻ...മനസ്സിന്റെ ചിറകേറി പറക്കാൻ...
ആത്മാവിന് അതിരുകളില്ലല്ലോ .. നഗ്നതയും തറവാടിത്തവുമില്ല ...
കന്യകാത്വം തെളിയിക്കേണ്ടതുമില്ല...

Written by Daniya Najiha
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo