Slider

മുറിവുകൾ

0
Image may contain: 3 people, people smiling, people standing


**************
ദീർഘ നേരത്തെ അലസമായ കിടപ്പവസാനിപ്പിച്ചു നിരഞ്ജൻ എഴുന്നേറ്റു കണ്ണാടിയുടെ മുമ്പിലെത്തി. തന്റെ പ്രതിബിംബം നോക്കി നിൽക്കെ അവിടവിടെയായി വെള്ളി വീണു തുടങ്ങിയ മുടിയിഴകൾ കണ്ടപ്പോൾ ചുണ്ടിണയിലൊരു ചിരി വിടർന്നു. കട്ടി മീശ ഒന്നു തടവി താഴോട്ടാക്കി വെച്ചു. മുറിയിലേക്ക് കടന്നു വന്ന കമല നിമിഷ നേരം തന്നെ നോക്കി നില്കുന്നത് നിരഞ്ജന് കാണാമായിരുന്നു.
"ഇന്ന് പോണില്ലാന്ന് തീരുമാനിച്ചിട്ടു തന്നെയാണോ? "
കമല സംസാരിക്കുമ്പോൾ വലത്തേ കണ്ണിന്റെ പുരികക്കൊടികൾ ചലിച്ചു കൊണ്ടേയിരിക്കും. നിരഞ്ജൻ കമലയോട് സംസാരിക്കുമ്പോൾ എപ്പോഴും വീക്ഷിക്കുന്നത് ചലിച്ചു കൊണ്ടിരിക്കുന്ന പുരികക്കൊടികളാണ്.
"എന്തേ, എന്നെയിവിടെ മടുത്തോ? "
നിരഞ്ജന്റെ ചോദ്യം കമലയിൽ നീരസമുളവാക്കി. മുഖത്ത് രോഷം പ്രകടിപ്പിച്ചു കമല മിണ്ടാതെ നിന്നു.
"എന്റെ കമലക്കുട്ടീ, ഇരുപത്തി രണ്ടാമത്തെ വയസിൽ തുടങ്ങിയ ചര്യകളല്ലേ, എനിക്കും വേണ്ടേ ഒരു വിശ്രമം, ഇതങ്ങനെ ഉള്ള ഒരു മടിയാ "
നിർത്തിയിട്ട് വീണ്ടും തുടർന്നു.
"നാളെ ന്തായാലും പോണം "
മനസ്സ് കമല നിരീക്ഷിക്കുമോ എന്ന ഭയത്തിൽ തല വെട്ടിച്ചാണത് പറഞ്ഞത്.
കമലയെ വീണ്ടും നോക്കവേ നിരഞ്ജന്റെ ഹൃദയം തരളിതമായി. കൈകൾ പിടിച്ചു നെഞ്ചിലോട്ടടുപ്പിക്കവേ കമല കുതറി.
"ആദ്യം പോയി കുളിച്ചു കാപ്പി കുടിക്കാൻ നോക്കൂ"
പ്രണയാർദ്രമായ ഒരു പുഞ്ചിരിയോടെ നീങ്ങി നിന്നു.
"കമലാ, ഞാനിന്നലെ ഒരു കവിതയെഴുതി. ദാ, അവിടിരിപ്പുണ്ട്."
മേശക്കരികിലേക്ക് കണ്ണെറിഞ്ഞു നിരഞ്ജൻ പറഞ്ഞു.
"പിന്നെ, കവിത, എനിക്കിതൊന്നും വായിച്ചാൽ മനസിലാവില്ല. അതൊക്കെ തന്നെത്താനെ നോക്കിയാൽ മതി "
"എന്നാലും ന്റെ കമലോ, ഒന്നും മനസിലായില്ലേലും നിനക്കൊന്ന് വായിച്ചൂടെ"
തന്റെ നിരാശ മറച്ചു വെക്കാതെയാണ് നിരഞ്ജൻ അത് പറഞ്ഞത്.
"അതേ, എപ്പഴും ഞാൻ പറയുന്നതല്ലേ, എനിക്ക് അതിനുള്ള കഴിവില്ല, വായിക്കാനും തോന്നില്ല"
കമല അനായാസേന പറഞ്ഞെങ്കിലും നിരഞ്ജന്റെ ഹൃദയത്തിൽ ഒരു പിടച്ചിലുണ്ടായി.
കമല ഒന്നൂടി അമർത്തി ചിരിച്ചു കടന്നു പോയപ്പോൾ നിരഞ്ജൻ മേശപ്പുറത്തിരുന്ന പേപ്പർ കയ്യിലെടുത്തു ഒന്നു കണ്ണോടിച്ചു, വടിവൊത്ത അക്ഷരങ്ങളിൽ പിറന്ന തന്റെ കവിത. പിന്നെ അടുത്തിരിക്കുന്ന പുസ്തകത്തിനിടയിൽ നിന്ന് ഒരു പാസ്പോർട്ട്‌ സൈസ് ഫോട്ടോ എടുത്തു, പുസ്തകമടച്ചു വെച്ചു.
അമീന.
"അരുതുകളുടെ കൂടെയാണ് നിരഞ്ജൻ നിന്റെ യാത്ര, ആ ഫോട്ടോ വലിച്ചു കീറി ചവറ്റു കുട്ടയിലെറിയൂ "
തന്റെ മനസിന്റെ ആവർത്തിച്ചുള്ള മന്ത്രണം കേൾക്കാമെങ്കിലും നിരഞ്ജന് അതിനായില്ല.
പകരം ആ ഫോട്ടോയിലേക്ക് തന്റെ അധരങ്ങൾ ചേർത്ത് വെച്ച് രോമകൂപങ്ങളിൽ വിടർന്ന പ്രകമ്പനങ്ങൾ ആസ്വദിച്ചു നിന്നു.
**************************************************
സ്കൂൾ വരാന്തയിലൂടെ അധ്യാപക റൂമിലേക്ക്‌ നടക്കവേ നിരഞ്ജൻ നാലായി മടക്കിയ കവിത എഴുതിയ കടലാസ് പോക്കറ്റിലുണ്ടെന്ന് ഉറപ്പിച്ച ശേഷം പേനയെടുത്തു. രജിസ്റ്ററിൽ ഒപ്പിടുമ്പോഴാണ് സ്മിത ടീച്ചർ അടുത്തു വന്നത്.
"മാഷേ, നിങ്ങളിതെന്തു ഭാവിച്ചാ? "
"എന്താ ടീച്ചറെ?" കുസൃതിയോടെ ഒറ്റക്കണ്ണിറുക്കി നിരഞ്ജൻ ചോദിച്ചു.
"എന്റെ മാഷേ, നിങ്ങൾ ആസൂത്രണം ചെയ്ത പദ്ധതി പ്രകാരാ ഞങ്ങളൊക്കെ പോണത്, ന്നിട്ടിപ്പോ നിങ്ങടെ ഇംഗ്ലീഷാണല്ലോ ഏറ്റവും പിറകിൽ. പദ്ധതിയൊക്ക പൊട്ടി പോവോ "
"അതൊക്കെ ഞാൻ ശെരിയാക്കാം ന്റെ ടീച്ചറെ, കൊറച്ചു വിശ്രമം വേണമെന്ന് തോന്നി, എങ്കിലും എല്ലാം ശെരിയാവും "
"എന്റെ ക്ലാസ്സിലെ കുട്ടികൾക്ക് ഒരു പ്രത്യേക പരിഗണന കൊടുക്കണേ "
സ്മിത ടീച്ചർ രഹസ്യമെന്നോണം പറഞ്ഞപ്പോൾ നിരഞ്ജൻ ഒരു നേർത്ത ചിരിയോടെ സ്മിത ടീച്ചർക്ക്‌ നേരെ കൈ കൂപ്പി.
സ്മിത ടീച്ചർ നിരഞ്ജന്റെ കയ്യിലൊന്ന് പിച്ചി നടന്നു പോയി.
ഇംഗ്ലീഷ് പാഠപുസ്തകവുമെടുത്തു നിരഞ്ജൻ 10ബിയെ ലക്ഷ്യമാക്കി നടന്നു.
നാലു ദിവസത്തെ അവധി പത്താം തരത്തെ സംബന്ധിച്ച് വളരെ വിലയേറിയതാണ്. ഭാസ്കരൻ മാഷിനെ കാണാത്തതു ഭാഗ്യം. അധിക ക്ലാസുകൾ വെച്ച് തീർക്കേണ്ടി വെരും ഇനി. കണക്കു കൂട്ടലുകളോടെ നിരഞ്ജൻ ക്ലാസ്സിലേക്കെത്തി.
വിദ്യാർത്ഥികളെ അഭിസംബോധന ചെയ്തു. രണ്ടാമത്തെ ബെഞ്ചിലെ ആദ്യമിരിക്കുന്ന അമീനയെ നിരഞ്ജൻ ഒന്നു നോക്കി. ഒരാഴക്കടൽ അവളുടെ ദൃഷ്ടികളിൽ കാണാം. ഒരു നോട്ടമെറിഞ്ഞതിന് ശേഷം ബാക്കി സമയമെല്ലാം അതവഗണിക്കുവാൻ നിരഞ്ജൻ ശ്രമിച്ചു. എങ്കിലും ഒരു നൂറു ചോദ്യത്തോടെ തനിക്കു നേരെ വരുന്ന മിഴിമുനകളെ ഒടിച്ചു കളയുവാൻ നിരഞ്ജനായില്ല.
ഇംഗ്ലീഷ് ഭാഷയിലെ നൈപുണ്യമുപയോഗിച്ചു ക്ലാസ്സ്‌ മുന്നോട്ടു നീങ്ങി. അടുത്ത ദിവസം സ്പെഷ്യൽ ക്ലാസ്സ്‌ ഉണ്ടെന്നും അതിനു വേണ്ടി തയാറാക്കേണ്ട ഭാഗങ്ങളും ഏല്പിച്ചു കൊടുത്തു.
ക്ലാസ്സ്‌ കഴിഞ്ഞു വരാന്തയിലൂടെ അധ്യാപക റൂമിലേക്ക്‌ നടക്കുമ്പോൾ പിറകിൽ അമീന വന്നു.
"മാഷേ,"
"ആ, എന്താ അമീന? "
"മാഷെന്താ സ്കൂളിൽ വരാതിരുന്നത്? "
"കുറച്ച് കാര്യങ്ങളുണ്ടായിരുന്നു"
"മാഷിന് പറഞ്ഞിട്ട് പോകാമായിരുന്നില്ലേ, ഞാൻ കൊറേ വിഷമിച്ചു "
അവളുടെ കണ്ഠമിടറി. അധ്യാപകനിൽ നിന്നും പ്രണയിദാതാവിലേക്ക് പരിണമിക്കുന്നത് നിരഞ്ജൻ അറിയുകയായിരുന്നു.
"അമീന ക്ലാസ്സിലേക്ക് ചെല്ലൂ"
ചുറ്റുവട്ടം നിരീക്ഷിച്ചു കൊണ്ട് നിരഞ്ജൻ പറഞ്ഞു.
തിരിഞ്ഞു നടന്നു തുടങ്ങിയ അമീനയെ നിരഞ്ജൻ വിളിച്ചു.
"പിന്നെ അമീന, ഇതെന്റെ പുതിയ കവിതയാണ്. വായിച്ചിട്ടു അഭിപ്രായം പറയൂ " പോക്കറ്റിൽ നിന്ന് കടലാസെടുത്തു അമീനക്ക് നേരെ നീട്ടി.
അമീനയുടെ കണ്ണുകൾ വികസിച്ചതും പെയ്യാൻ തുടങ്ങിയ മഴത്തുള്ളികൾ അലിഞ്ഞില്ലാതായതും നിരഞ്ജൻ കണ്ടു.
"അപ്പോ മാഷിന് ദേഷ്യമില്ല അല്ലേ "
നിരഞ്ജൻ ചിരിച്ചു. കൗമാരക്കാരിയുടെ ഭാവങ്ങൾ,ഇഷ്ടങ്ങൾ. കാലമുരുളുന്തോറും മാറി വരുന്ന ആഗ്രഹങ്ങൾ. അഭിരുചികളായിരിക്കാം തന്നെ അമീനയിലേക്കടുപ്പിച്ചത് എന്നു നിരഞ്ജൻ ഒരു കാരണമുണ്ടാക്കി. എങ്കിലും താനും പലപ്പോഴും അതേ കൗമാരത്തിലെത്തിപ്പെടുന്നത് നിരഞ്ജൻ അറിഞ്ഞു.
****************************************************
സ്കൂൾ മുറ്റത്തേക്കു ഒരു ഓട്ടോറിക്ഷ വന്നു നിന്നു, അതിൽ നിന്ന് അമീന ഇറങ്ങുന്നത് നിരഞ്ജൻ കണ്ടു. ഡ്രൈവർ അമീനയോടെന്തോ പറയുകയും അവൾ മറുപടി പറഞ്ഞു നടന്നു നീങ്ങിയതും നിരഞ്ജന് നേരിയ ഒരു സന്ദേഹം ഉളവാക്കി. എങ്കിലും നിരഞ്ജൻ ആ ചിന്ത മാറ്റി നിർത്തി ശാന്തമായ സ്കൂൾ അങ്കണത്തിലേക്ക് നോക്കി തന്റെ ഇരിപ്പ് തുടർന്നു. അവധി ദിവസങ്ങളിൽ ഈ അന്തരീക്ഷത്തിന്റെ നിശബ്ദത അപാരമാണ്. ഒന്നും ഓർക്കുവാനില്ലാതെ മനസ്സും ശരീരവും മേയാൻ വിട്ടു അങ്ങനെ ഇരിക്കുക.
സമയത്തെ കുറിച്ചുള്ള ബോധം വന്നപ്പോൾ നിരഞ്ജൻ ക്ലാസ്സിലേക്ക് നടന്നു.
"അവധി ദിവസമായതിനാലാണോ എല്ലാർക്കും ഒരു മൂകത, ബഹളമൊന്നുമില്ലലോ ഇന്ന് "
ആമുഖത്തോടെ ക്ലാസ്സ്‌ തുടങ്ങി, നർമ്മ സംഭാഷണങ്ങളിലൂടെ ക്ലാസ്സിന്റെ ചാരുത നിരഞ്ജന് തിരിച്ചെടുക്കാനായി. കഥകളിലൂടെയും കവിതകളിലൂടെയും ഓരോ കുട്ടിയെയും രസിപ്പിച്ചിരുത്തുന്നതാണ് നിരഞ്ജന്റെ അധ്യാപനം.
തുടർച്ചയായ രണ്ടു മണിക്കൂർ ക്ലാസ്സവസാനിപ്പിച്ചു ഒരു ഇടവേള നൽകി നിരഞ്ജൻ അധ്യാപക റൂമിലെത്തി. പിന്തുടർന്ന് അമീനയും.
"മാഷേ, കവിത തിരിച്ചു വേണ്ടേ? "
"എന്താ അമീനക്കുട്ടി, കവിത വായിച്ചോ? "
"ഉം, വായിച്ചു, നന്നായിട്ടുണ്ട് മാഷേ "
അമീന കടലാസ് നിരഞ്ജന് നേരെ നീട്ടി.
"വേറെ അഭിപ്രായമൊന്നുമില്ലേ, എന്തെങ്കിലും തിരുത്തുകൾ? "
കടലാസ് വാങ്ങി നിവർത്തി നോക്കുമ്പോൾ നിരഞ്ജൻ ചോദിച്ചു.
"എനിക്ക് ഒന്നും തോന്നിയില്ല "
അമീനയും നിരഞ്ജനോട് ചേർന്ന് നിന്ന് കടലാസിലേക്ക് നോക്കി.
നിരഞ്ജന് എവിടെയോ ഒരു ഉടക്ക് വീണു.
"അമീന ഇരിക്ക്" നിരഞ്ജൻ തന്റെ കസേരയിൽ ഇരുന്ന് മേശയുടെ എതിർവശത്തെ കസേരയിലേക്കു കണ്ണുകൾ കാണിച്ചു പറഞ്ഞു.
കുറച്ച് നിമിഷങ്ങൾ അമീനയെ നോക്കിയിരുന്നു നിരഞ്ജൻ.
"അമീന ഇന്ന് വന്നത് ആരുടെ കൂടെയാ? "
അമീനയുടെ മുഖം മങ്ങി. "അതെന്റെ മാമന്റെ മോനാ "
"എന്നു വെച്ചാ മുറച്ചെറുക്കൻ, അല്ലേ " നിരഞ്ജൻ ചിരിച്ചു.
"പത്താം ക്ലാസ്സ്‌ കഴിഞ്ഞാൽ എന്നെ അയാളെക്കൊണ്ട് കല്യാണം കഴിപ്പിക്കും "
ശിരസ്സ് കുനിച്ചാണവൾ അത് പറഞ്ഞത്.
"അപ്പോ അമീനയെ ഞാനിഷ്ടപ്പെട്ടിട്ട് കാര്യമില്ല അല്ലേ " നിരഞ്ജൻ മുന്നോട്ടൊന്നാഞ്ഞിരുന്നു.
"അതിന് മാഷ് കല്യാണം കഴിച്ചതല്ലേ, പിന്നെങ്ങനാ " സങ്കടം അവളുടെ വാക്കുകളെ ആത്മാർത്ഥമാക്കി.
നിരഞ്ജൻ കസേരയിൽ നിന്നെണീറ്റു പിറകിലൂടെ അമീനയുടെ ചുമലിൽ അമർത്തിപിടിച്ചു കുലുക്കി.
"ഇത്ര നാളായിട്ടും അമീനക്കുട്ടിക്ക് അതു മനസിലായില്ലേ എനിക്കിഷ്ടമാണെന്ന് "
അമീന അർദ്ധ ബോധാവസ്ഥയിലെന്ന പോലെ നിരഞ്ജന്റെ കൈകളിലേക്ക് ചാഞ്ഞു.
**********************************************
കടുത്ത വെയിലിനെ അവഗണിച്ചു കമല കാത്തു നിന്നു. കോടതി വരാന്തയിലൂടെ രണ്ടു പോലീസുകാരുടെ അകമ്പടിയോടെ നിരഞ്ജൻ വരുന്നത് കണ്ടപ്പോൾ അവളങ്ങോട്ട് നടന്നു.
നേർക്കുനേർ വന്നു നിന്നപ്പോൾ കമല അറിഞ്ഞു ആറിത്തണുക്കുന്ന തന്റെ രൗദ്രം.
"എങ്ങനെയുണ്ട്? " വളരെ പതിഞ്ഞ സ്വരത്തിൽ, പോലീസുകാരുടെ പരിഹാസമേറിയ നോട്ടം പരിഗണിക്കാതെ കമല ചോദിച്ചു.
"കമല, എനിക്ക് പറയാനുണ്ട് "
"വേണ്ട നിരഞ്ജൻ, ഇനിയിവിടുന്നങ്ങോട്ട് തിരക്കായിരിക്കും, കോടതിയും കേസും ബഹളവും
അതിന്റെ കൂട്ടത്തിൽ ഒരെണ്ണം കൂടി ഉണ്ടാവും നമ്മുടെ വിവാഹമോചനത്തിന്റെ. ഒരിക്കലും ഇനി നമ്മൾ കണ്ടുമുട്ടാതിരിക്കട്ടെ."
ദൃഢമായിരുന്നു കമലയുടെ ശബ്ദം.
നിശ്ചലമായി നിൽക്കുന്ന നിരഞ്ജനെ ഒന്നു കൂടി നോക്കി കമല നടന്നു നീങ്ങി.
******************************-*******************
കമലയുടെ മുമ്പിൽ അമീന ഇരുന്നു, ചിന്തകളുടെ പാപഭാരവും പേറി കമലയും.
ഏറെ ആഗ്രഹിച്ചും പ്രാർത്ഥിച്ചും കാത്തിരുന്നിട്ടും ആ വിത്ത് മുളച്ചത് ഇതാ ഇവിടെയാണ്. തന്റെ കൈകൾ അതിന്റെ വേരിനെ നശിപ്പിക്കണം.
മേശവലിപ്പിൽ നിന്ന് ഗുളികകൾ എടുത്തു കഴിക്കേണ്ട രീതി എഴുതി അവളെ ഏൽപ്പിക്കുമ്പോൾ കമലയുടെ കൈയും മനസ്സും വിറച്ചു.
അമീന പറഞ്ഞു.
"മാഷൊരു തെറ്റും ചെയ്തിട്ടില്ല ഡോക്ടറേ "

by: Saleena Chakkiyathil
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo