
അഞ്ചാം ക്ലാസ്സിലെ ഉറങ്ങിത്തീർത്തിരുന്ന ഉച്ചകളിലൊന്ന്. അടുത്തിരുന്ന് അനീഷ കുശുകുശുക്കുന്നു.
"ഓൾക്കും കൊടുക്കാം, ഓളൊരു പാവാ "
മറ്റൊരുത്തി "ആള് കൂടിയാ പ്രശ്നാകുംട്ട "
അനീഷ "ഓളെന്തായാലും കൂട്ടാം "
അനീഷ മനോഹരമായ ചിരിയോടെ ഒരുപിടി മുട്ടായികൾ തന്നു. കടിച്ചാ പറിച്ചി, തേന് നിലാവ്, പുളിയിഞ്ചി, അങ്ങനെ അനീഷയുടെ പക്കൽ അനവധി തരങ്ങളിൽ മുട്ടായികൾ ഉണ്ടായിരുന്നു. ഞാനും എന്നെപോലെ അഞ്ചാറ് പേരും അനീഷയുടെ ചുറ്റിനും എപ്പോഴും കാത്തു നിന്നു.
ഉച്ചക്ലാസ്സുകളിലും ചെറ്യേതുവിന്റെ പീടികയുടെ പിറകിലും പാറപ്പുറത്തും ഇരുന്ന് ഞങ്ങൾ ദിവസവും മുട്ടായികൾ തിന്നു. അനീഷയുടെ പുസ്തകത്താളുകളിൽ എപ്പോഴും പത്തിന്റെയും ഇരുപതിന്റെയും നോട്ടുകൾ ഒളിഞ്ഞിരുന്നു. സമ്പന്നയായ അവളെകുറിച്ചോർത്തു ഞങ്ങൾ അഭിമാനം കൊണ്ടു.
മുട്ടായിയുടെ ഒരു പങ്ക് അനീഷ ബുഷ്റക്ക് വേണ്ടി കരുതി വെക്കുകയും തഞ്ചം പോലെ കൈമാറുകയും ചെയ്തിരുന്നു.
"ഓൾക്കെന്തിനാ എപ്പളും കൊടുക്കണേ, ഓള് മുട്ടായി വേങ്ങാൻ വേരൂലാലോ"?
ഒരു ദിവസം അക്ഷമയോടെ ഞാൻ ചോദിച്ചു.
ഒരു കള്ളചിരിയോടെ അനീഷ പറഞ്ഞു. "ഓളാ ഇതിനൊക്കെ പൈസ തെരുന്നേ".
അത് ഞങ്ങൾക്ക് സമ്മതവുമായിരുന്നു, കാരണം ബുഷ്റയുടെ വാപ്പ ദുബായിലാണെന്ന് എല്ലാവർക്കുമറിയാം. പൈസയെ കുറിച്ചുള്ള ആശങ്കകൾ മാറി നിന്നു. മാത്രമല്ല, ബുഷ്‌റ കൈമാറുന്നത് അമ്പത്തിന്റെയും നൂറിന്റെയും നോട്ടുകളാണെന്ന് ഞങ്ങൾ മനസിലാക്കുകയും ചെയ്തു.
അങ്ങനെ രണ്ടു വർഷം പിന്നിട്ടു. ഉന്നത വിജയം നേടി എല്ലാവരും ഏഴിലെത്തി, മാർക്ക് ഉള്ളത് കൊണ്ടല്ല, തോറ്റവർക്കിരിക്കാൻ സ്ഥലമില്ലാത്തത് എല്ലാവരും ജയിച്ചു. ആ ഗ്രാമത്തിലെ ഏക വിദ്യാലയമാണ്.
സംഘബലം കൂടി പതിനഞ്ച് ആൾകാർ വരെയായി. എല്ലാർക്കും ചെറ്യേതുവിന്റെ പീടികയിലെ മുട്ടായികൾ മടുത്തു തുടങ്ങി.
അവിടെയാണ് പുതിയ ആശയങ്ങൾ പിറക്കുന്നത്. സ്കൂളിലെ അധ്യാപകർക്കും മുതിർന്നവർക്കും വേണ്ടി അടുത്ത് ഒരു ചായക്കട ഉണ്ടായിരുന്നു. ചായക്കടയുടെ മുമ്പിലെ ചില്ലു കൂട്ടിലെ പലഹാരങ്ങളിലായി ഞങ്ങളുടെ നോട്ടം.
"നേരെ പോയാ മാഷ്മ്മാർ പൊക്കും, അതൊർപ്പാ " അനീഷ.
"ഒരു വയിണ്ട്, മ്മക്ക് ചോറ്റും പാത്രത്തി ബേക്കിലൂടെ മാങ്ങിയാലോ "? ജിതിഷ
"മ്മക്ക് ഉച്ച കയ്ഞ്ഞിട്ടുള്ള പീരീഡ് കട്ടാക്കാം, ന്നട്ട് പോകാം " ഞാൻ
ആദ്യത്തെ ദിവസം ഞാനും അനീഷയും കൂടി പോയി. ചായക്കടയിലെ ഇക്കാക്ക് സന്തോഷം, സ്വയം പര്യാപ്തരായ സ്ത്രീ ജനങ്ങളെ പലഹാരങ്ങൾ ഒളിച്ചു കടത്താൻ പഠിപ്പിച്ചു. ആരുമറിയാതെ പഴംപൊരിയും ഉണ്ടംപൊരിയും പിന്നീട് പൊറോട്ടയും മുട്ടക്കറിയും ഞങ്ങൾ ആസ്വദിച്ചു കഴിച്ചു. ബാക്കിയുള്ള പൈസ കൊണ്ട് തവണകളായി ഓരോരുത്തർക്കും ജോമെട്രി ബോക്സ്, സ്റ്റിക്കെർസ്, പേനകൾ എന്നിവയൊക്കെ വാങ്ങി. ദിവസങ്ങൾ പിന്നെയും നീങ്ങി.
ഒരു ദിവസം പൈസ വന്നില്ല. എല്ലാവരും അസ്വസ്ഥരായി.
പിന്നെയും രണ്ടു മൂന്ന് ദിവസങ്ങൾ കഴിഞ്ഞപ്പോൾ അനീഷ
"ബുഷ്‌റ ഓൾടെ ഉമ്മാന്റെ പൈസ കട്ടതാ, അതോണ്ട് ഇനി പൈസ കിട്ടൂല "
പിന്നെയും രണ്ടു മൂന്ന് ദിവസങ്ങൾ കഴിഞ്ഞപ്പോൾ അനീഷ
"ബുഷ്‌റ ഓൾടെ ഉമ്മാന്റെ പൈസ കട്ടതാ, അതോണ്ട് ഇനി പൈസ കിട്ടൂല "
അനീഷക്ക് അവളുടെ പ്രഭാവം മങ്ങുന്നതിൽ ഈർഷ്യയായി, അനീഷയും ബുഷ്‌റയും തമ്മിൽ തെറ്റി.
"ഞാനോളുടെ വീട്ടി പറയും, ഓള് പൈസ കട്ടതാണെന്ന് "
ബുഷ്‌റ കുലുങ്ങിയില്ല.
"ഞാൻ നാളെ ഓൾടെ വീട്ടീ പോകും, ആരൊക്കെണ്ട് ഇന്റെ കൂടെ "?
അനീഷ ചോദിച്ചപ്പോൾ എല്ലാരും സമ്മതിച്ചു. ഇല്ലെങ്കിൽ രഹസ്യങ്ങൾ എല്ലാരുടേം വീട്ടിൽ എത്തുമെന്ന് ഭയന്നു.
ആ ദിവസമാണ് ബുഷ്‌റ ഒരു വെളിപ്പെടുത്തൽ നടത്തിയത്. പൈസ ബുഷ്‌റ അല്ല കൊണ്ടു വരുന്നത്, ശ്യാമള, ഈ കലാപരിപാടികളുമായി ഒരു ബന്ധവുമില്ലാത്ത ഒരു കുട്ടി.
എല്ലാവരും അന്ധാളിപ്പിലായി. ശ്യാമളയെ ബുഷ്‌റ സംഘത്തിലേക്ക് വിളിപ്പിച്ചു.
"അനക്കോടന്നാ പൈസ "? അനീഷ.
"ഞാനൊന്നല്ല കൊണ്ടന്നത്, ബുഷ്‌റ നൊണ പറയാ " ശ്യാമള.
"ഇജ്ജല്ലേ ഇന്ക് പൈസ തെരുന്നെ"? ബുഷ്‌റ.
ആകെ ബഹളം, അനീഷ കട്ടകലിപ്പിൽ.
എല്ലാരും കൂടെ തീരുമാനിച്ചു എന്തായാലും ശ്യാമളയുടെ വീട്ടിൽ അറിയിക്കണം.
ഒരു വൈകുന്നേരം ക്ലാസ്സ് കഴിഞ്ഞു ഒരു ജാഥയായി ശ്യാമളയുടെ വീട്ടിലേക്ക്. ആർക്കും ഒരു ദയയുമില്ല, ശ്യാമളയെ കുറ്റവാളിയായി പ്രഖ്യാപിച്ചുകഴിഞ്ഞു. അന്നുവരെ പൈസയുടെ പങ്ക് പറ്റിയവർ തന്നെ അവളെ ഒറ്റുകൊടുത്തു.
അനീഷ കാര്യം പറഞ്ഞു "ഇങ്ങളെ മോളെഹ്, എന്നും സ്കൂളിൽക്ക് നൂറുറുപ്യ കൊണ്ടരും, ഓൾക് ഇങ്ങള് കൊടുക്കണതാ "?
ശ്യാമളയുടെ അമ്മ "ഇവ്ട്ന്നാരും പൈസ കോടതിറ്റില്ല "
"ഇന്നാലെ ഓലച്ചൻ വരുമ്പോ പറയേണം, ഓളച്ചന്റെ പൈസെന്നാ പറഞ്ഞത് ". അനീഷ.
"ഞാമ്പറയാം, അച്ഛന്റെ പൈസ പോയതായിട്ട് പറഞ്ഞു കേട്ടിട്ടില്ല " ശ്യാമളയുടെ അമ്മ.
അങ്ങനെ കുറെ സത്യങ്ങൾ അനീഷ അവിടെ അവതരിപ്പിച്ചു. ഞങ്ങളൊക്കെ തല കുലുക്കി ഐക്യദാർഢ്യംപ്രഖ്യാപിച്ചു, വിജയശ്രീലാളിതരായി തിരിച്ചു പോയി.
പിറ്റേ ദിവസം ശ്യാമളയുടെ അച്ഛൻ സ്കൂളിൽ വന്നു. ഞങ്ങളിൽ പലരെയും അധ്യാപക റൂമിലേക്ക് വിളിപ്പിച്ചു. പൈസയുടെ ഉറവിടത്തെ കുറിച്ച് ചോദ്യം ചെയ്യലുകൾ, ശ്യാമള ബുഷ്റക്ക് പൈസ കൊടുക്കുന്നത് ഞങ്ങൾ ആരും തന്നെ കണ്ടിട്ടില്ല, അതോണ്ട് വ്യക്‌തമായ മറുപടികൾ ആരും തന്നെ കൊടുത്തില്ല.
അധ്യാപകർക്കും ശ്യാമളയെ കുറിച്ചോ ബുഷ്‌റായെകുറിച്ചോ ഒരു പരാതിയുമില്ല, അനീഷയെ ഒരു തല്ലിപൊളിയാണെന്ന് അവർ നേരത്തെ മുദ്ര വെച്ചിരുന്നു. മാത്രമല്ല, ശ്യാമളയുടെ അച്ഛൻ ഉറപ്പിച്ചു പറഞ്ഞു അവൾക്കു ഇത്രയും പൈസ കിട്ടാൻ ഒരു വഴിയുമില്ലെന്ന്.
അനീഷ നുണ പറയുകയാണെന്ന് അധ്യാപകർ കല്പിച്ചു, ആരും തന്നെ അതു തിരുത്തിയതുമില്ല. അങ്ങനെ ആ സംഭവം അവിടെ തീർന്നു.
ഒരു ദിവസം അനീഷ ഒരു രഹസ്യം പറഞ്ഞു.
"ഓൾകേ, ഒരു ചെക്കൻ കൊടുക്കണതാ ഈ പൈസയൊക്കെ ".
അനീഷ ഈ രഹസ്യം പലരോടും പറഞ്ഞു, ആ ചെക്കൻ അവളുടെ വല്യച്ഛന്റെ മോനാണെന്നും അവളുടെ വീടിനടുത്തു ആശാരിപ്പണിക്ക് വന്ന ചേട്ടൻ ആണെന്നും അങ്ങനെ പലതും.
ശ്യാമള ഒരിക്കലും ആ രഹസ്യം ആരോടും പറഞ്ഞില്ല, അന്നൊന്നും അതറിയണമെന്ന ഉൽക്കടമായ ആഗ്രഹം ഉണ്ടായിരുന്നുമില്ല. ഇന്ന് ആ ഓർമ്മകൾ മനസിന്റെ വിങ്ങലാണ്, ആർക്കൊക്കെയോ തിരുത്താൻ കഴിയുമായിരുന്നില്ലേ ?
By: SaleenaChakkiyathil
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക