
കഥ : അമ്മ നോവ്
രചന : അജ്മല്‍ സികെ
ഗണേഷാ താനീ കുട്ടിയുടെ പരാതി ഒന്ന് കടലാസിലാക്കിക്കേ എന്നിട്ട് വേഗം അതെന്റെ ടേബിളിലെത്തിക്ക്'
എസ്.ഐ സാര്‍ പറഞ്ഞത് കേട്ട് ഞാന്‍ വേഗം ആ പെണ്‍ കുട്ടിയെ കൂട്ടി എന്റെ ഇരിപ്പിടത്തിലേക്ക് നടന്നു. തൃക്കാക്കര പോലീസ് സ്‌റ്റേഷനില്‍ കോണ്‍സ്റ്റബ്ള്‍ ആയി ചാര്‍ജെടുത്തിട്ട് കുറച്ച് ദിവസങ്ങളേ ആയുള്ളു. എത്രയെത്ര പരാതികളാ ദിനേന കാണുന്നത്. ഞാനപ്പോഴാണ് അവളുടെ മുഖം ശ്രദ്ധിക്കുന്നത്, കരഞ്ഞ് കലങ്ങിയ കണ്ണുകള്‍. അവളുടെ പരാതി ഗൗരവമുള്ളതാണെന്ന് എനിക്ക് തോന്നി.
' സാറേ എന്റെ കുട്ടിയെ അവരെല്ലാവരും കൂടെ കൊല്ലും. എന്തേലും ഉടനെ ചെയ്യണം ഇല്ലെങ്കില്‍ ഞാനും മരിക്കും . എന്റെ കുട്ടിയില്ലാതെ എനിക്ക് ജീവിക്കണ്ട'
' കുട്ടിയൊന്നു കരയാതിരിക്കു. എവിടെയാണ് തന്റെ കുഞ്ഞുള്ളത്. നമുക്ക് പരിഹാരമുണ്ടാക്കാം'
' ഞാന്‍ പ്രഗ്നന്റ് ആണ് സാറേ. ഇപ്പോള്‍ എന്റെ ഭര്‍ത്താവും കുടുംബവും എന്റെ കുഞ്ഞിനെ കൊല്ലാന്‍ നോക്കുകയാ. അവര്‍ക്കീ കുഞ്ഞിനെ വേണ്ടെന്ന്'
' ഓ അപ്പോള്‍ അതാണ് കാര്യം ഭ്രൂണ ഹത്യ. ഇത് നമുക്ക് കൈകാര്യം ചെയ്യാവുന്നതേയുള്ളു. ആട്ടേ അതെന്താ അവര്‍ക്ക് കുഞ്ഞിനെ വേണ്ടാന്ന് പറയുന്നേ'
' അത് സാറേ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഹസ്ബന്റ് എന്നെ ഒരു മള്‍ട്ടി നാഷണല്‍ ഹോസ്പിറ്റലില്‍ ചെക്കപ്പിനെന്ന് പറഞ്ഞ് കൊണ്ടു പോയിരുന്നു. അവിടെ അവര്‍ നടത്തിയത് ചെക്കപ്പായിരുന്നില്ല കുട്ടി പെണ്ണാണോ ആണാണോ എന്നുള്ള ടെസ്റ്റായിരുന്നു'
' അത് ക്രിമിനല്‍ കുറ്റമാണെന്ന നിന്റെ ഭര്‍ത്താവിനറിയില്ലേ? എന്നിട്ട് എന്തുണ്ടായി അത് പറയൂ'
' ടെസ്‌ററില്‍ കുഞ്ഞ് പെണ്ണായിരുന്നത്രെ, അതോട് കൂടി ഭര്‍ത്താവിന്റെം കുടുംബത്തിന്റേം വിധം മാറി. അവര്‍ക്ക് പെണ്‍ കുഞ്ഞിനെ വേണ്ടെന്ന്. അവര്‍ ആരുമറിയാതെ കുഞ്ഞിനെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാ. നോര്‍മല്‍ ചെക്കപ്പിന് പോലും ഹസ്ബന്റിന്റെ കൂടെ പോകാന്‍ എനിക്കിപ്പോള്‍ ഭയമാണ്.'
അവളുടെ പരാതി എഴുതി എസ്.ഐടെ ടേബിളിലെത്തിച്ച് പതിവ് പോലെ ഡ്യൂട്ടി നിര്‍വ്വഹിക്കാന്‍ നിരത്തിലേക്കിറങ്ങി. പല പരാതികളുടെ കൂട്ടത്തില്‍ ഞാന്‍ ആ സംഭവം മറന്നു പോയിരുന്നു. പിന്നീട് 2 വര്‍ഷങ്ങള്‍ക്കപ്പുറം ഒരു ദിവസം മദ്യപിച്ച് വാഹനം ഓടിച്ച് പിടിക്കപ്പെട്ട വ്യക്തിയുടെ മെഡിക്കല്‍ പരിശോധനക്കായി ഗവര്‍ണ്‍മെന്റ് ഹോസ്പിറ്റലില്‍ വന്നപ്പോഴാണ് അവളെ വീണ്ടും കാണുന്നത്. അവളെ ഞാന്‍ തിരിച്ചറിഞ്ഞിരുന്നില്ല. അവളിങ്ങോട്ട് വന്ന് പരിചയം പുതുക്കി. അവളുടെ കരഞ്ഞു കലങ്ങിയ കണ്ണുകള്‍ക്ക് അപ്പോഴും വലിയ മാറ്റമൊന്നും ഉണ്ടായിരുന്നില്ല.
' ശ്രുതിയെന്താ ഇവിടെ, വേണ്ടപ്പെട്ട ആരെങ്കിലും ഹോസ്പിറ്റിലിലുണ്ടോ'?
' ഉണ്ട് സാര്‍, എനിക്ക് വളരേ വേണ്ട പെട്ട ഒരാള്‍, എന്റെ കുഞ്ഞ്. കിഡ്‌നിക്ക് ചെറിയ തകരാറ്. ഇന്ന് സര്‍ജറി വേണമെന്ന് പറഞ്ഞു'
' ഓഹോ, അപ്പോള്‍ ഭര്‍ത്താവും കുടുംബവുമൊക്കെ ഇവിടെയുണ്ടാവുമല്ലോ അല്ലെ?'
' എന്ത് ഭര്‍ത്താവും കുടുംബവും, അവര്‍ക്കീ കുഞ്ഞ് ജീവിച്ചാലും ഇല്ലെങ്കിലുമൊക്കെ കണക്കാണ്. അവര്‍ക്കിപ്പോള്‍ വേണ്ടത് ഡിവോര്‍സ് ആണ്... ഞാനും കുഞ്ഞും എങ്ങനെയെങ്കിലും അവരുടെ തലയില്‍ നിന്ന് ഒഴിഞ്ഞ് പോകണമെന്നാണ് അവര്‍ക്ക്'
' എന്നാ പിന്നെ തനിക്ക് ഡിവോര്‍സ് വാങ്ങി പോകരുതോ? ഒന്നിനും ഉപകരിക്കുന്നില്ലെങ്കില്‍ പിന്നെന്തിനാണ് ഒരു ഭര്‍ത്താവും കുടുംബവും'
' അത് പിന്നെ സാറേ, അമ്മയില്ലാത്ത കുട്ടിയാ ഞാന്‍. അമ്മയുടെ ഫോട്ടോ മാത്രേ കണ്ടിട്ടുള്ളു ഇതുവരെ. അമ്മയുടേയും അച്ഛന്റേയും വാത്സല്ല്യവും ഒട്ടും അനുഭവിക്കാതെ ഞാനെന്റെ വീട്ടില്‍ ജീവിച്ചപ്പോഴുണ്ടായ മാനസ്സിക സംഘര്‍ഷങ്ങള്‍ എനിക്കേ അറിയൂ. ഒരു വാശിയുടെ പുറത്ത് ഞാനിപ്പോള്‍ ഇറങ്ങി പോയാല്‍ എന്റെ മോള്‍ക്കും ആ അവസ്ഥയാകും. അവള്‍ വളര്‍ന്ന് വലുതാവട്ടേ, കാര്യങ്ങള്‍ തിരിച്ചറിയാന്‍ പ്രാപ്തിയുണ്ടാവട്ടെ എന്നിട്ടാവാം ഡിവോര്‍സും പിരിഞ്ഞ് പോക്കുമൊക്കെ'
ഈ കണ്ടു മുട്ടല്‍ കഴിഞ്ഞ് പിന്നെയും വര്‍ഷങ്ങളേറെ പിന്നിട്ടു. ഞാന്‍ കോണ്‍സ്റ്റബ്ള്‍ മൂത്ത് ഡ്യൂട്ടി എസ്.ഐ ആയി ചാര്‍ജെടുത്തു. ഒരു പ്രതിയുമൊത്ത് കൊടതിയിലെത്തിയ എന്റെ മുമ്പില്‍ അവള്‍ വീണ്ടും അവിചാരിതമായി പ്രത്യക്ഷപ്പെട്ടു. ഇത്തവണ അവള്‍ക്കു മുമ്പേ ഞാന്‍ അവളെ തിരിച്ചറിഞ്ഞു.
' സാറായിരുന്നോ? എന്തൊക്കെയുണ്ട് വിശേഷങ്ങള്‍'
സാധാരണ കുശലാന്വേഷണങ്ങള്‍ക്ക് ശേഷമാണ് അവളെന്താ ഇവിടെയെന്ന ചോദ്യം എന്റെ മനസ്സില്‍ ഉയര്‍ന്നു വന്നത്. മറച്ച് വെക്കാതെ എന്റെ സംശയം ഞാനവളോടത് ചോദിച്ചു.
'താനെന്താ ഇവിടെ? പഴയ പ്രശ്‌നങ്ങളൊന്നും ഇതുവരെ തീര്‍ന്നില്ലേ?'
' അത് പിന്നെ ഇന്ന് ഞങ്ങളുടെ ഡിവോര്‍സ് ആയിരുന്നു. കുഞ്ഞ് ആരുടെ കൂടെ പോകണമെന്ന്് വിഷയത്തില്‍ കോടതിയില്‍ ചില തര്‍ക്കങ്ങളൊക്കെ നടന്നു. പക്ഷെ എന്റെ മോളെന്നെ തോല്‍പ്പിച്ചു കളഞ്ഞു'
'എന്തു പറ്റി എന്താ സംഭവിച്ചത്?'
്
' ഇനിയെന്തു സംഭവിക്കാന്‍ അവള്‍ക്ക് അമ്മയുടെ കൂടെ പോകേണ്ടെന്ന്, അച്ഛനെ മതിയെന്ന്'
്
' ഇനിയെന്തു സംഭവിക്കാന്‍ അവള്‍ക്ക് അമ്മയുടെ കൂടെ പോകേണ്ടെന്ന്, അച്ഛനെ മതിയെന്ന്'
അവളുടെ കണ്ണുകളില്‍ കണ്ണുനീരിറ്റ് വീഴുന്നുണ്ടായിരുന്നു. പ്രായത്തിന്റെ അവശതകള്‍ പ്രകടമായിരുന്ന ആ മുഖത്ത് നോക്കി നിന്നപ്പോള്‍ സഹതാപവും, ആ മകളോട് വലിയ തോതില്‍ ദേഷ്യവും വന്നു.
' അവളിപ്പോള്‍ പ്ലസ്റ്റുവിന് പടിക്കുകയാ. അവള്‍ക്ക് കാര്യബോധം ഒക്കെ വന്ന് തുടങ്ങിയപ്പോള്‍ എനിക്ക് ജീവിക്കാന്‍ അറിയില്ലെന്നായി . ഈ പഴഞ്ചന്‍ അമ്മയെ അവള്‍ക്ക് വേണ്ടായിരുന്നെന്ന് അവള്‍ തന്നെ പലപ്പോഴും എന്റെ മുഖത്ത് നോക്കി പറഞ്ഞിട്ടുണ്ട്. എന്നോട് മാത്രം പറഞ്ഞിരുന്നത് അവള്‍ ഇപ്പോള്‍ കോടതി സമക്ഷം നാലാള് കേള്‍ക്കേ പറഞ്ഞു, അത്രമാത്രം. '
എനിക്കവളുടെ വാക്കുകള്‍ അവിശ്വസനീയമായി തോന്നി. എങ്ങനെ ആ കുഞ്ഞിന് ആ അമ്മയെ ഇങ്ങനെ തള്ളിക്കളയാന്‍ സാധിച്ചുവെന്നോര്‍ത്ത് ഒരു പിടിയും കിട്ടുന്നില്ല.
' അപ്പോള്‍ അവളെ വേണ്ടെന്ന് വെച്ച അച്ഛനും കൂട്ടരുമെങ്ങനെ അവള്‍ക്കിത്ര പിയപ്പെട്ടവരായി?'
ഞാനെന്റെ സംശയം മറച്ച് വെച്ചില്ല.
' അവളെ വളര്‍ത്തിയതും പോറ്റിയതും അവളുടെ എല്ലാ ആഗ്രഹങ്ങളും തീര്‍ത്തു കൊടുത്തതും ഞാനായിരുന്നു. പക്ഷെ അവള്‍ വലുതായപ്പോള്‍ ഭര്‍ത്താവും കുടുംബവും ചക്കരവര്‍ത്തമാനങ്ങള്‍ പറഞ്ഞ് അവളെ മയക്കി. അത് അവളോടുള്ള സ്‌നേഹം കൊണ്ടൊന്നുമല്ല അയാള്‍ക്ക് എന്നെയെങ്ങനെയെങ്കിലും തോല്‍പ്പിക്കണം അതിന് വേണ്ടി മാത്രം'
പ്രതിയെ ഹാജര്‍ ആക്കേണ്ട സമയം അതിക്രമിച്ചതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിഞ്ഞില്ല. ശരിയാണ് അവള്‍ക്ക് ജീവിക്കാന്‍ അറിയില്ല. കാരണം, അവള്‍ ജീവിച്ചത് മൊത്തം അവള്‍ടെ മകള്‍ക്ക് വേണ്ടിയായിരുന്നല്ലോ. അതു കൊണ്ടാണല്ലോ അവള്‍ പഴഞ്ചനായത്. ആ മകളും പിന്നീടെപ്പോഴെങ്കിലും പേറ്റു നോവറിയും അന്ന് അവള്‍ ഓര്‍ക്കാതിരിക്കില്ല ആ അമ്മയെ.
പിന്നീടൊരിക്കലും അവളെ കണ്ടുമുട്ടിയില്ല. എങ്കിലും മനസ്സിലെവിടെയോ ഒരു നീറ്റലായി ഇന്നും അവളവശേഷിക്കുന്നു.
.......... ശുഭം..............
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക