Slider

-പ്രണവം-

0
Image may contain: 1 person, beard, tree, outdoor, nature and closeup
നാദം ശുദ്ധഋഷഭത്തെ അതിലോലമായി ഒന്നുകൂടി തലോടിയ ശേഷം മെല്ലെ.. ഷഡ്ജത്തിലേക്ക് വിലയം പ്രാപിച്ചു.
കണ്ണുകൾ തുറക്കാനാവുന്നില്ല ആത്മാവൊരു യാത്രയിലാണ്. എങ്ങോട്ടാണെന്നറിയാത്തൊരു യാത്ര.
ആ ജനാർദ്ദനൻ എഴുന്നേറ്റോ !
ശല്യപ്പെടുത്തണ്ടാന്ന് കുട്ടികളോട് പറഞ്ഞിട്ടുണ്ടാരുന്നു. അതാ ആരും വിളിക്കാതിരുന്നത്.
കുളികഴിഞ്ഞുവരവേ തട്ടില്‍നിന്നും അല്പം ഭസ്മം നുള്ളിയെടുത്ത് നെറുകയിൽ തിരുമ്മിക്കൊണ്ട് പണിക്കർ സാർ പറഞ്ഞു.
രേവതി കേട്ട് ക്ഷീണായില്ലാച്ചാ കൂടെ വന്നോളൂ.. അല്പം ഭൈരവീം കൂടെ ആകാം. സുബ്രഹ്മണ്യസ്വാമീടടുത്ത് ചെറിയൊരു കച്ചേരിയുണ്ട് സന്ധ്യക്ക്. വേഗം കുളിച്ചൊരുങ്ങിക്കോളൂ.
എഴുന്നേൽക്കാൻ പറ്റാത്ത അവസ്ഥയിലായിരുന്നു ഞാനപ്പോഴും. അനുഭൂതിയുടെ പാരമ്യതയില്‍ ..
സാറ് പോയിവരൂ.
ഒരു സ്വപ്നത്തിലെന്നപോലെ പറഞ്ഞൊപ്പിച്ചു.
വരണില്ലെങ്കിൽ വിശ്രമിച്ചോളൂ. ചോദിച്ചുന്നെ ഉള്ളൂ. എനിക്കറിയാം ആ മേളകെട്ടിന് പുറത്തു വരാൻ ജനാർദ്ദനൻ ഇച്ചിരി കഷ്ടപ്പെടേണ്ടി വരുമെന്ന്. അദ്ദേഹം ഒരു കുസൃതി കലര്‍ന്ന പുഞ്ചിരിയോടെ പറഞ്ഞു.
രേവതിയല്ലേ രാഗം! അമ്മയുടെ നാദരൂപം. ശരിയായ ഊർജപ്രവാഹം.
കേട്ടിട്ടില്ലേ "നീസാസാരീ നിനീ..രീസാ... ധിയോ യോന പ്രചോദയാത്" സ്വരത്തിന്റെ ആധാരം കൂട്ടി അദ്ദേഹം ഗായത്രി ചൊല്ലി.
ഗായത്രിയുൾപ്പടെ മിക്ക വേദമന്ത്രങ്ങളും ചിട്ടപ്പെടുത്തിയിരിക്കുന്നത് ഈ മൂന്നു സ്വരങ്ങൾ ആധാരമാക്കിയിട്ടാണ്. അവയാകട്ടെ രേവതി രാഗത്തിന്റെ ജീവസ്വരങ്ങളും..
"കുടജാദ്രിയിൽ കുടികൊള്ളും".. യേശുദാസ് പാടിയത് കേട്ടിട്ടില്ലേ. അത് തന്നെ രേവതി.
എന്നാ കഴിച്ചു കിടന്നോളൂ ചിലപ്പോ കച്ചേരി കഴിയാൻ വൈകും. നാളെ കാലത്തു കാണാം.
പണിക്കർ സാറ് പോയി..
തോർത്തുമുണ്ടുമെടുത്ത് അമ്പലച്ചിറയിലേക്ക് ഞാനും. ലഹരിയിലെന്നപോലെ !
മെഡിറ്റേഷൻറെ എത്രയോ രീതികൾ പ്രാക്ടിസ് ചെയ്തിട്ടുണ്ട്. ഹഠയോഗത്തിലെ പല പ്രയോഗങ്ങളും പരീക്ഷിച്ചു ഫലംകണ്ടിട്ടുമുണ്ട്. പക്ഷെ.. ഈയവസ്ഥ. എന്താപറയാ വാക്കുകൾ കിട്ടുന്നില്ലല്ലോ ഈശ്വരാ അത് വർണിക്കാൻ ...
ഗവേഷണവിഷയം കർണാടകസംഗീതസംബന്ധിയാണെന്നു പറഞ്ഞപ്പോഴേ സുഹൃത്ത് വിനോദ് പറഞ്ഞ പേരാണ് "ജി കെ പണിക്കർ ഭാഗവതർ".
സംഗീതജ്ഞൻ എന്നതിലുപരി ഉപാസകൻ എന്ന് പറയുന്നതായിരിക്കും ശരി. സ്വരങ്ങൾ ദേവതകളാണെങ്കിൽ അവരെ നിത്യോപാസനയാൽ പ്രീതിപ്പെടുത്തിയ മഹാതപസ്വിയാണദ്ദേഹം.
മുഖ്യധാരാസംഗീതവഴികളിൽനിന്നും മാറി തന്റേതായ വഴികള്‍ വെട്ടിത്തുറന്നു മുന്നേറുന്ന ജ്ഞാനി.
യാദൃച്ഛികമായി കര്‍ണാടിക് കൃതികളുടെ മലയാളം അർത്ഥം നോക്കിയത് കാരണമാണ് ഈ വിഷയത്തിലേക്കും അതുവഴി പണിക്കർ സാറിലേക്കും എത്തിയത്.
ശ്രീ ത്യാഗരാജ സ്വാമികളുടെ "മോക്ഷമുഗലദാ"... എന്ന കീർത്തനം പരിശോധിച്ചപ്പോഴേ ഒരു കാര്യം മനസ്സിലായി. സ്വാമികളുടെ സംഗീതം വെറും ഗാനാസ്വാദനത്തിലും പഠനത്തിലും ഒതുക്കേണ്ട ഒന്നല്ല എന്ന സത്യം. മാത്രമല്ല ഒരു പല്ലവിയിൽമാത്രം അടങ്ങിയിരിക്കുന്ന തത്വങ്ങൾ മനസ്സിലാക്കാൻ ഈ ജന്മം മതിയാവില്ല എന്നും.
"പ്രാണശക്തിയും അഗ്നിയും സംയോഗം ചെയ്യുമ്പോള്‍ മോക്ഷപ്രാപ്തി ലഭിക്കുന്നത്പോലെ, പ്രണവനാദത്തിന്റെ ഇഴകളായ സപ്തസ്വരങ്ങളിലൂടെയും ഈ ഭക്തന് മോക്ഷം സാധ്യമാകുമോ". എന്നദ്ദേഹം
‘പ്രാണാനലസംയോഗമുവല്ല പ്രണവനാദമുസപ്തസ്വര“
എന്ന വരികളിലൂടെ ഈശ്വരനോട് ചോദിക്കുന്ന ഭാഗം എത്തിയപ്പോള്‍ ആ പാദങ്ങളിൽ മനസാ നമസ്കരിക്കാനേ സാധിച്ചുള്ളൂ.
അങ്ങനെയാണ് നാദയോഗം എന്ന മാർഗത്തെക്കുറിച്ചു കേട്ടതും കൂടുതലറിയാൻ ഇറങ്ങിപ്പുറപ്പെട്ടതും.
"പണിക്കരു മാഷെ പുതിയ ശിഷ്യനാണത്രെ ..ചെറിയ ലൂസാണെന്നാ കേട്ടെ” .
അലക്കും കുളിയും കഴിഞ്ഞു പോകുന്ന പെണ്ണുങ്ങൾ അടക്കം പറയുന്നത് കേട്ട് മനസ്സില്‍ ചിരിച്ചു..
ചിറയുടെ കുളിർമാറിലേക്കൊരു മുങ്ങാംകുഴി..
**** ******* ******
ജഗത്മിഥ്യ എന്നു പറയുന്നതിന്റെ കാര്യം അറിയോ ജനാര്‍ദ്ദനന്?
പ്രാതല്‍ കഴിഞ്ഞ് കോലായിലിരുന്നു മുറുക്കിക്കൊണ്ടാണ് അദ്ദേഹമത് ചോദിച്ചത്.
ഇല്ല മാഷേ.
അദ്വൈതമാണെങ്കിലും സര്‍വം സംഗീതമയം എന്നും പറയാം. എന്താച്ചാ, പ്രപഞ്ചത്തില്‍ ദ്രവ്യരൂപത്തില്‍ നാം കാണുന്നത് മുഴുവന്‍ ഊരജ്ജതരംഗങ്ങൾ മാത്രം ആണെന്നാണല്ലോ ആധുനിക ശാസ്ത്രവും പറയുന്നത്. അതായത് ഓംകാരരൂപം തന്നെ പ്രപഞ്ചം.
കമ്പനങ്ങള്‍ എന്നുവച്ചാ എന്താ? നാദം തന്നെ. അപ്പൊ സര്‍വം നാദം തന്നെ എല്ലാം സംഗീതം.
“രാമരാമാ”
പ്രാര്‍ത്ഥനയോടെ അദ്ദേഹം തംബുരു എടുത്ത് ശ്രുതി ചേര്‍ത്തു.
അതിലേക്കലിയുവാനുള്ള വ്യഗ്രതയില്‍ ഞാനും.
ജഗന്മോഹിനിരാഗത്തിലുള്ള “ശോഭില്ലു സപ്തസ്വര” എന്ന ത്യാഗരാജകൃതി ആണ് അന്നെടുത്തത്‌.നാദം എങ്ങനെ ശരീരത്തില്‍ സൃഷ്ടിക്കപ്പെടുന്നു എന്ന് “നാഭീഹൃദ്‌കണ്‌ഠരസനാസാദുല” എന്ന വരികളിലൂടെ സ്വാമികള്‍ വിവരിക്കുകയാണ്. അറിയാതെ മനസ്സിലുരുവിട്ടു രാമരാമാ..
മാഷേ എന്താണ് നാദയോഗത്തിന്റെ രീതി?
സന്ധ്യയ്ക്ക് കുളികഴിഞ്ഞ് അമ്പലത്തിലേക്ക്നടക്കുന്ന വഴിയിലാണ് ഞാനത് ചോദിച്ചത്.
തന്ത്രശാസ്ത്രത്തിൽ ഷഡ്‌ചക്രങ്ങളെന്ന പോലെ “നാദയോഗത്തില്‍ സ്വരങ്ങളാണ് മോക്ഷത്തിലേക്കുള്ള പടികള്‍. ഋഷഭം മുതല്‍ പടികളോരോന്നും കടന്നു മുകളിലോട്ട്. അങ്ങനെ പ്രാണന്‍ പ്രണവത്തി ലേക്കലിഞ്ഞുചേരും. അതാണ്‌ സംഗീതോപാസകന്റെ മോക്ഷം. പക്ഷെ അതിനു കറകളഞ്ഞ മനസ്സും പരിശീലനവും പ്രാര്‍ത്ഥനയും ഗുരുപ്രീതിയും നിര്‍ബന്ധം തന്നെ. ഒരുകണക്കിന് അസാധ്യവും. കാരണം ആര്‍ക്കാണിക്കാലത്ത് അത്ര വിശുദ്ധി? പ്രണവത്തോട് ലയിക്കാന്‍ മാത്രം ശ്രുതിശുദ്ധി?’
അതും പറഞ്ഞദ്ദേഹം മിണ്ടാതെ നടന്നു. ഒരു ദീര്‍ഘനിശാസത്തോടെ
**************************
നാദരൂപം പൂണ്ട ഞാനും പണിക്കര്‍സാറും സ്വരങ്ങൾക്കിടയിലൂടെ യാത്ര ചെയ്യുകയായിരുന്നു.പലവിധ സ്വരസംയോഗത്തിലൂടെ രൂപം കൊണ്ട രാഗസഞ്ചയങ്ങളായിരുന്നു ചുറ്റിലും. പെട്ടെന്ന്‍ മുന്നില്‍ നിന്നും മാഷ് ഉച്ചത്തില്‍ വിളിച്ചു. “ജനാര്‍ദ്ദനാ”
എന്താ മാഷെ? ഉറക്കം ഞെട്ടിയ ഞാന്‍ ചാടിയെഴുന്നേറ്റു.
എഴുന്നേറ്റു പോയി കുളിച്ചു വരിക.
അതൊരാജ്ഞയായാണ് തോന്നിയത്. സമയം പുലര്‍ച്ചെ രണ്ട് കഴിഞ്ഞിട്ടേ ഉള്ളൂ. എന്തിനാണെന്ന് ചോദിയ്ക്കാന്‍ തോന്നിയില്ല നേരെ ചിറയിലേക്ക് നടന്നു.
തിരിച്ചുവന്നപ്പോഴേക്കും നടുത്തളത്തില്‍ രണ്ടു നിലവിളക്കുകള്‍ കത്തുന്നുണ്ടായിരുന്നു എഴുവീതം തിരിയിട്ടവ. അവയുടെ നാളങ്ങള്‍ ഏറിയും കുറഞ്ഞും നൃത്തം ചെയ്യുന്നു.ഒരു സ്വരജതി പോലെ മനോഹരം.
പതിവില്ലാത്ത രീതികള്‍ കണ്ട് അന്തം വിട്ടു നില്‍ക്കുകയാണ് മാഷിന്റെ മകള്‍ ദേവിയടത്തി. കണ്ണുകള്‍ കൊണ്ട് അവര്‍ എന്താണെന്ന് ചോദിക്കുമ്പോഴേക്കും മാഷ് തംബുരുവുമായെത്തി.
"ഓം..."
ശരിക്കറിയാന്‍ കഴിയുന്നു അദ്ദേഹത്തിന്റെ നാഭിയില്‍ നിന്നാണിപ്പോള്‍ പ്രണവനാദം ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. തംബുരുശ്രുതിയും ഓംകാരവും വേര്‍തിരിക്കാനാവാത്ത വണ്ണം ഇഴചേര്‍ന്നിരിക്കുന്നു. അത് ഹൃദയത്തെ തഴുകി കണ്ഠനാളം വഴി നാസികയിലൂടെ പ്രകൃതിയിലേക്കലിഞ്ഞു ചേര്‍ന്നു.
അഭൌമമായ അന്തരീക്ഷം. ജന്മസാക്ഷാത്കാരം ഇവിടെയാണോ. ശരീരത്തെ മറന്ന അവസ്ഥ. പ്രാണന്‍ നാദത്തിലേക്കാവാഹിക്കപ്പെടുകയാണ്.
അറിയാതെ ഞാനുമതിലേക്ക് ശ്രുതി ചേർക്കപ്പെട്ടു. സ്ഥിരം സംഭവിക്കാറുള്ള പിഴവുകളെല്ലാം എവിടെയോ പോയ് മറഞ്ഞ പോലെ. തന്റെ ശബ്ദവും ശ്രുതി ചേരുന്നു. വഴിപിഴക്കുമ്പോള്‍ അദ്ദേഹം വന്നരികു ചേര്‍ക്കുന്നു.
"സാ ...". ആധാരഷഡ്ജം. അലയടിക്കുകയാണ്.
അമ്മ വന്ന്‍ നെറുകില്‍ ഉമ്മ വെക്കുന്നപോലെ. കുട്ടിക്കാലത്തേക്ക് തിരിച്ചു പോയ പോലെ.
അച്ഛന്റെ മടിയിലിരിക്കാന്‍ തോന്നുന്നു.കരയാന്‍ തോന്നുന്നു. അല്ല കരയുകയാണ്.
എത്ര നേരമെന്നറിഞ്ഞില്ല കണ്ണ്തുറക്കുമ്പോള്‍ ഏഴുതിരികളില്‍ ഓരോന്നു വീതം കെട്ടുപോയിരുന്നു.
ആലാപനത്തിന്റെ തീവ്രത കൂടുകയാണ് ഇരുന്നിടത്ത് നിന്നും ഇളകുന്നപോലെ. അല്ല ഉയരുകയാണ് ചുറ്റിലും നിറമേഘങ്ങള്‍. താഴെ നിറയെ കാറ്റിലാടുന്ന മയില്‍പ്പീലികള്‍.
അപ്പോഴേക്കും നാദം ഋഷഭത്തിനു വഴിമാറിയിരുന്നു.
ഉയരുകയാണ് ഉയര്‍ന്നു പറക്കുകയാണ്. അകാശത്തിനപ്പുറമനന്തതയില്‍നിന്നെങ്ങോ മുഴങ്ങുന്ന ഡമരുതാളം അതിനു ചേര്‍ന്നോഴുകുന്ന ഋഷഭനാദം. ഓര്‍മകളും ചിന്തകളും കൊഴിഞ്ഞു പോയപോലെ. താഴെ വിളക്കുകളില്‍ രണ്ടു തിരികള്‍ വീതം അണഞ്ഞത് ശരിക്കും കാണാം.
എത്രനേരം കഴിഞ്ഞെന്നറിഞ്ഞില്ല. സ്വസ്ഥമാണ് മനസ്സിപ്പോള്‍. ഓംകാരം ഒരു പുഴപോലെയൊഴുകുന്നു സ്വച്ചന്ദമായി. നെഞ്ചിനു കീഴെ മണിപൂരകത്തിലേക്കൊരുവെളിച്ചം. സൂര്യോദയം പോലെ. മേഘങ്ങള്‍ക്കിപ്പോള്‍ മഞ്ഞനിറമാണ്. ചിന്തകളുണരുന്നു. ശ്രുതിചേര്‍ന്നൊഴുകുന്നത് ഗാന്ധാരമാണ്. ധ്യാനത്തിലെന്നപോല്‍ മാഷിന്റെ മുഖം. ആരാണ് പാടുന്നത്? അല്ല പാടുന്നതല്ല. മേഘങ്ങള്‍ വലയംചെയ്ത പര്‍വതങ്ങളുടെ താഴ്വാരത്തെവിടെയോനിന്നാണത്.
മുന്നില്‍ പടിക്കെട്ടുകളാണ്. അതിവേഗതയില്‍ കമ്പനം ചെയ്തുകൊണ്ടിരിക്കുന്ന പടിക്കെട്ടുകള്‍. അവ ലോകത്തെ പ്രകമ്പനം കൊള്ളിക്കുന്നത് പോലെ തോന്നി. ഓരോന്നിനും ഓരോ നിറങ്ങള്‍ അവയുടെ അറ്റം കാണാനാവാത്തവിധം അനന്തതയിലേക്ക് നീണ്ടിരിക്കുന്നു.
പ്രപഞ്ചം നിറയുന്ന സ്വരതന്ത്രികളാണവ. മാഷിന്റെ ശബ്ദം മന്ത്രധ്വനി പോലെ കാതില്‍ മുഴങ്ങി. അത് കടന്നാലപ്പുറം പ്രണവമാണ് പ്രപഞ്ചനാദം. നീ തേടുന്ന മോക്ഷം. നാദോപാസകരായ പൂര്‍വികര്‍ ചെന്ന്‍ ചേര്‍ന്നിടം. അതിസൂക്ഷ്മതയോടെ വേണം ഓരോ പടികളെയും സ്പര്‍ശിക്കുന്നത് പോലും.
മാത്രമല്ല ഓരോ പടികളിലെത്തുമ്പോഴേക്കും അതേ കമ്പനശ്രുതിയില്‍ നാമെത്തിയിരിക്കണം. ഹൃദയത്തിന്റെ സ്പന്ദനമുള്‍പ്പടെ.
ചെറിയൊരു പിഴവ്മതി, നാം എടുത്തെറിയപ്പെടുന്നത് ജന്മാന്തരങ്ങള്‍ക്ക് പിറകിലെക്കായിരിക്കും ചിലപ്പോള്‍ മനുഷ്യജന്മങ്ങള്‍ക്കും അപ്പുറത്തേക്ക്.
അപ്പോഴേക്കും അദ്ദേഹം മധ്യമം പാടിത്തുടങ്ങി.
ഹൃദയസ്പന്ദനം ഇപ്പോള്‍ അതേ ശ്രുതിയിലാണ് മരതകക്കല്ലുപോള്‍ വെട്ടിത്തിളങ്ങുന്ന പച്ചനിറത്തിലുള്ള ആ പടിയുടെ അതെ കമ്പനശ്രുതിയില്‍. ഹൃദയം കുളിരുന്നു സ്നേഹമൊഴുകുന്നു പ്രപഞ്ചം പച്ച പുതയ്ക്കുന്നു. .
മാഷെവിടെ?
അതാ ആ പടിക്കെട്ടിനടുത്ത് നിന്ന് കൈനീട്ടി വിളിക്കുകയാണ്‌.
മധ്യമസ്വരം. ഹൃദയം കുളിരുകോരുന്ന സ്വനം. ആനന്ദം ഹൃദയാനന്ദം.
തൊട്ടുമുകളില്‍ നീലനിറത്തിലാണ് അടുത്ത പടി. നോക്കാന്‍ പറ്റാത്ത അത്രയും തിളക്കം. അഭൌമമായ ഒരു ശാന്തതയുണ്ടായിരുന്നു അതിലെ നാദപ്രവാഹത്തിന്.
"പഞ്ചമമാണത്" അദ്ദേഹം പറഞ്ഞു. ആധാര ഷഡ്ജത്തോട് ചേർന്ന് നിൽക്കുന്നത്. അത് കൊണ്ട് തന്നെ പിഴവും പറ്റാം. ചെറിയൊരുശ്രുതിഭംഗം മതി തിരിച്ചു വരാൻ പറ്റാത്ത വിധത്തിലുള്ള പതനമായിരിക്കും ഫലം. മാഷ് വിശദീകരിച്ചു.
അദ്ദേഹം പാടി. ആയിരം വസന്തം ഒന്നിച്ചു വന്നത് പോലെ. ആയിരം കുയിലുകൾ ഒന്നിച്ചു ശ്രുതി ചേർത്ത പോലെ. ഗുരുവിന്റെ അരികു ചേർന്ന് ഞാനും പഞ്ചമത്തെ പുണർന്നു.
ഹൃദയതന്ത്രികൾ അതിവേഗതയിലായി ആവൃത്തികൾ താദാത്മ്യം പ്രാപിച്ച ആ അസുലഭനിമിഷത്തിൽ പ്രപഞ്ചനാദത്തിന്റെ പഞ്ചമശ്രുതിയേറി കൂടുകൂട്ടിയ വസന്ത കോകിലങ്ങളായി ഞങ്ങൾ.
അഗാധതയിൽ നിന്നെങ്ങോ ആധാരഷഡ്ജം മുഴങ്ങുന്നുണ്ടായിരുന്നു അപ്പോൾ.
വിളക്കുകളിലെ അഞ്ചാമത്തെ തിരിയും അണഞ്ഞിരിക്കുന്നു.
അനന്തത. സ്വാതന്ത്ര്യം. അനിർവ്വചനീയമായ ആനന്ദം.
മാഷിന്റെ രൂപവും നിറവും മാറിയിരിക്കുന്നു നീല കലർന്ന വയലറ്റ് നിറം. ചുറ്റിനിൽക്കുന്ന മേഘങ്ങളുടെ അതേ നിറം. ഹൃദയവേഗം മനസ്സിലാക്കാനാകാത്തവിധം പഞ്ചമത്തോട് ശ്രുതി ചേർന്നിരിക്കുന്നു.
"ജനാർദ്ദനാ" ..
എവിടുന്നാണാ വിളി? ശബ്ദം അദ്ദേഹത്തിന്റേതാണ് പക്ഷെ അദ്ദേഹം ധ്യാനത്തിലുമാണ്.
സംശയിക്കേണ്ട നാം ആ നാദത്തിൽ വിലയം പ്രാപിച്ചു കൊണ്ടേയിരിക്കുകയാണ് എന്റേതും നിന്റേതുമെന്ന മിഥ്യ ഇവിടെ നശിപ്പിക്കപ്പെടുകയാണ്. പ്രകൃതിയോട് ചേരുകയാണ്.
ഇനി ധൈവതം. അത് നിന്റെ ആജ്ഞാ ചക്രത്തെ ഉണർത്തും ആറാമിന്ദ്രിയം ഉണരും. ശ്രദ്‌ധിക്കുക പിഴക്കാതെ ശ്രുതി ചേർക്കുക മായക്കാഴ്ചയിൽ വീഴാതിരിക്കുക അനന്തതയുടെ വീഥികളിൽ കൈവിട്ടുപോകാതിരിക്കുക.
കുതിരക്കുളമ്പടികൾ, ശീൽക്കാരങ്ങൾ, നിറങ്ങളുടെ വിസ്ഫോടനങ്ങൾ. അതിനിടയിലായിരം കുതിരകൾ ആർത്തുവിളിക്കുന്നതുപോലെ ധൈവതം. ഗുരുനാഥന്റെ ശബ്ദം ശ്രുതി ചേർന്ന് കൂടെപ്പാടി.
ഹൃദയത്തിനിപ്പോൾ കുതിരക്കുളമ്പടിശബ്ദമാണ് ആയിരം ജന്മാന്തരങ്ങളുടെ കാഴ്ചകൾ മിന്നിമറയുന്നു. ആരൊക്കെയോ വിളിക്കുന്നു ഓരോജന്മത്തിലും സ്വന്തക്കാരായവർ ശത്രുക്കളായിരുന്നവർ വളർത്തു മൃഗങ്ങൾ അവർ വിളിക്കുന്നു കണക്കു പറയുന്നു.
ശ്രുതിഭംഗം വരും മുൻപേ ഗുരുനാഥന്റെ കൈകള്‍വന്ന് ചേർത്തുപിടിച്ചു
ഇപ്പോൾ ധൈവതഭൂവിലാണ്. തിളങ്ങുന്ന വയലറ്റ് നിറമുള്ള ആകാശം. അതിനപ്പുറത്തേക്ക് പടികളില്ല ഹിമകണങ്ങൾ അഭൌമ പ്രകാശത്തില്‍ കുളിച്ചുനില്‍ക്കുകയാണ്.
തീക്ഷ്ണതയുണ്ടാ നാദത്തിന്.ഏറ്റവും മുകളിൽ, പ്രകാശം സൃഷ്ടിക്കപ്പെടുന്നത് അവിടെ നിന്നാണെന്നു തോന്നിക്കുന്നതരത്തിലുള്ള വെള്ളിവെളിച്ചം. വര്ണവിസ്മയം.
പതിനായിരം മദയാനകൾ ചിന്നം വിളിക്കുന്നത് പോലെ തോന്നി. നിഷാദമാണ്. പ്രപഞ്ചം വിറകൊള്ളുകയാണ്. മാഷിനെ കാണാൻ പോലും പറ്റാത്ത വിധം ശരീരം മാറിയിരിക്കുന്നു അതിലോലനിസ്വനങ്ങൾ പൊഴിക്കുന്നൊരു പൊൻതംബുരുവായ് മാറിയിരിക്കുന്നു അദ്ദേഹം.
"ഇനി ശ്രദ്ധിക്കുക". അദ്ദേഹത്തിന്റെ ശബ്ദം വീണ്ടും മുഴങ്ങി.
"ഇവിടെ ധൈവതത്തിന്റെ തന്ത്രിയിൽ നിന്ന് നിഷാദം ആലപിച്ചാൽ ശ്രുതിഭംഗമുണ്ടാക്കുന്ന ഋണ തരംഗങ്ങളാൽ അനന്തതയിലേക്ക് വലിച്ചെറിയപ്പെടും. ഇവിടെനിന്നും നാം കുതിക്കണം ആ കുതിപ്പിലൂടെ മുകളിലേക്കെത്തുന്നതിനിടയിൽ നിഷാദം ശ്രുതി ചേർന്നിരിക്കണം. അതോടെ പ്രപഞ്ചനാദത്തിൽ അഥവാ പ്രണവത്തിൽ നാം വിലയം പ്രാപിക്കുകയായി.
"പൂർണമായ മോക്ഷം. പ്രാണനും അനലനും ഒന്ന് ചേരുന്ന പരിപൂർണമോക്ഷം"
അത് പറയുമ്പോഴേക്കും മാഷിന്റെ കണ്ണുകൾ പൂർണമായും അടഞ്ഞിരുന്നു. ഒരു യോഗനിദ്രയിലെന്നപോലെ.
ഹൃദയമിടിപ്പ് മാറുന്നു ശ്രുതിഭേദം വരുമോ?
ശങ്കയേറുന്നു.
ഒരു കുതിപ്പായിരുന്നു. വയ്യ തൊണ്ടയിൽ നിന്ന് ശബ്ദം വരുന്നില്ല.
മുകളിൽ നിന്ന് കേട്ടു. ശ്രുതി ചേർന്ന നിഷാദം. പ്രണവനാദത്തോട് ചേർന്ന നിഷാദം.
അതെ മാഷവിടെയെത്തിയിരിക്കുന്നു.പ്രണവത്തോടലിഞ്ഞുചേർന്നിരിക്കുന്നു.
അതിവേഗത്തിൽ താഴേക്ക് പതിക്കുകയാണിപ്പോൾ. നിറങ്ങളും സ്വരങ്ങളും പ്രകാശധൂളികളെയും കടന്നു താഴേക്ക്. ഒരുൽക്കാപതനത്തിന്റെ അത്രയും വേഗത്തിൽ.
അമ്മേ.
ഏതോ കുളത്തിൽ വീണത് പോലെയാണ് തോന്നിയത്.
ആകെ നനഞ്ഞു.
ആരോ മുഖത്തു വെള്ളം തളിച്ചതാണ് കണ്ണു തുറന്നു.
വീട്ടിൽ നിറയെ ആൾക്കൂട്ടം. പരിഭ്രമിച്ചെഴുന്നേറ്റപ്പോഴാണ് കണ്ടത്. തളത്തിൽ കിടത്തിയിരിക്കുന്ന ചേതനയറ്റ മാഷിന്റെ ശരീരം.
ഹൃദയാഘാതം ആയിരുന്നത്രെ.
മൂലയിലായി കണ്ടു. രണ്ട് ഏഴ് തിരിവിളക്കുകൾ. അതിലൊന്നിൽ അണയാതെ ബാക്കിയായ ഒറ്റത്തിരിയും.
-വിജു കണ്ണപുരം-
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo