Slider

അയാൾ തുറന്നെഴുതുകയാണ്

0
Image may contain: 1 person

പെൺകുട്ടികൾ പോലും, തങ്ങളുടെ ആദ്യാനുഭവങ്ങൾ തുറന്നെഴുതുന്ന ഈ കാലത്ത്... അതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടുകൊണ്ട്, എന്റെ ജീവിതത്തെ മാറ്റി മറിച്ചതും, എന്നാൽ ലജ്ജ കൊണ്ട് ഇതുവരെ പറയാൻ ധൈര്യം ലഭിക്കാതിരുന്നതുമായ ഒരു അനുഭവത്തെക്കുറിച്ച് ഞാൻ ഇന്നിവിടെ മറയില്ലാതെ എഴുതുന്നു...!
ഒരു പക്ഷെ നിങ്ങളിൽ പലരും ഈ അവസ്ഥയെ അഭിമുഖീകരിച്ചിട്ടുണ്ടാകാം ... സ്ത്രീ പുരുഷ ഭേദമന്യേ, ആരുടെ ജീവിതത്തിലും നടക്കാവുന്ന ഒന്നാണിത്... പക്ഷെ പലരും ഇതിന്റെ ഗുണത്തേക്കുറിച്ച് പറയാൻ മടി കാണിക്കുന്നു...! ഇത് മൂലം ചെറിയ ക്ഷീണവും, തളർച്ച ഒക്കെ ഉണ്ടായേക്കാം... പക്ഷെ ചെയ്ത് കഴിഞ്ഞപ്പോൾ എനിക്ക് ലഭിച്ച ആത്മ സംതൃപ്തി...അത് വർണ്ണനാതീതമായിരുന്നു ...!
ആ ... അവസരത്തിൽ അനുഭവിച്ച വൈകാരിക പിരിമുറുക്കത്തിന്റെ തീവ്രത വാക്കുകളിലൂടെ... ഇതാ ഇവിടെ നിങ്ങളുമായ് ഞാനിന്ന് പങ്ക് വെക്കുന്നു:
തൊണ്ണൂറ്റിയാറിന്റെ തുടക്കകാലത്ത്... പ്രീഡിഗ്രി പഠനശേഷമുള്ള, ഇടവേളയിലെ ഒരു ദിവസമായിരുന്നു എന്റെ ആദ്യാനുഭവം അരങ്ങേറിയത്.
ഞങ്ങൾക്കിടയിലെ, പ്രായത്തിൽ മുതിർന്നവനും, എൻറെ ആത്മ- സുഹൃത്തുമായ ''നൗഫു" വിന്റെ പ്രേരണയിലാണ്... ഞാൻ ആദ്യമായ് ഇതിന് മുതിർന്നത്...!
ഇതുവരെ ഈ കാര്യത്തിൽ എനിക്ക് മുൻ പരിചയമൊന്നുമില്ലെന്നും, ഒന്ന് രണ്ട് തവണ അവസരമുണ്ടായിട്ടും... ഭയം കൊണ്ട് ഞാൻ ചെയ്തില്ലെന്നും ... ഒരു ചമ്മലോടെ അവനോട് വെളിപ്പെടുത്തിയപ്പോൾ... ഒന്നൂറി ചിരിച്ചിട്ട് അവൻ എന്നോട് ചോദിച്ചു:
"നീ എന്തൊരു മൊയന്താണ്...! ഇക്കാലത്തും അന്നെ പോലുള്ള മനുഷ്യമ്മാരുണ്ടോ...?. നീ ഒരാൺകുട്ടി അല്ലെ...? ഇങ്ങനൊക്കെ വേണ്ടേ നമ്മള് കരുത്ത് തെളിയിക്കാൻ...!
ദേ ഇപ്പം ഒരു ചാൻസ് ഒത്ത് വന്നിട്ടുണ്ട്... കഴിഞ്ഞ ദിവസം എന്റെ ചങ്ങാതി ഫൈസല് ഒരു കേസ് പറഞ്ഞിരുന്നു... അവന്റെ പരിചയത്തിലുള്ള ആളാണ് ... ചെന്നാമതി കാര്യം നടത്തിയിട്ട് പോരാം. പേടിച്ചിരുന്നിട്ട് ഒരു കാര്യവുമില്ല മോനേ...അതൊരു വേറെ സുഖമാണ് ... ആ സന്തോഷോം, സുഖോം പറഞ്ഞറിയിക്കാൻ പറ്റൂല്ല !. "
''എന്നാലും.... അത് വേണോ...?... എന്തേലും കുഴപ്പമുണ്ടാകുമോ ...? ... വല്ല അസുഖോം വരുമോ...? "
സംശയം നിഴലിക്കുന്ന കണ്ണുകളോടെ...ഞാൻ അവനോട് ചോദിച്ചു.
" നീ ബേജാറാകാതിരി മോനെ... ഇത്തവണ നീ കരുത്ത് തെളിയിച്ചിരിക്കും... ഒരു കുഴപ്പവുമുണ്ടാകില്ല."
ഇങ്ങനെ പറഞ്ഞ് എനിക്ക് ധൈര്യം തന്ന അവൻ, അടുത്തുള്ള ബൂത്തിൽ കയറി ആരെയോ ഫോണിൽ വിളിച്ചു....അവന്റെ സംസാരം വെളിയിൽ നിന്ന് ... അരികും മൂലയുമായി അവിടിവിടെ കേട്ട എനിക്ക് ദേഹത്ത് കൂടി എന്തൊക്കെയോ തരംഗങ്ങൾ പായും പോലെ തോന്നി...!
അല്പസമയത്തിന് ശേഷം ബൂത്തിൽ നിന്നും വെളിയിൽ വന്ന് അവൻ എന്നോട് പറഞ്ഞു:
'' നാളെ ഒൻപത് മണീടെ വണ്ടീല് നീ... ടൗണില് ചെല്ലണം. എന്നിട്ട് ഓട്ടോ സ്റ്റാൻഡിനരികിലെ മാളൂസ് ലോഡ്ജിന്റെ മുന്നില് ചെന്ന് നിക്കണം ... അവിടുന്ന് ഫൈസല് കൊണ്ടോക്കോളും... ഞാൻ എല്ലാ കാര്യവും പറഞ്ഞിട്ടുണ്ട് ...പറഞ്ഞ് വന്നപ്പം അവന് നിന്നെ അറിയാം...! കുഞ്ഞാപ്പാടെ കല്ല്യാണത്തിന് വന്ന് കണ്ട് പരിചയവും ഉണ്ട്. നിനക്കും ആളെ കാണുമ്പം മനസ്സിലാവും..."
ഇങ്ങനെയൊക്കെ പറഞ്ഞ അവനോട് മനസ്സിൽ തിരയടിച്ച ഭീതിയോടെ ഞാൻ ചോദിച്ചു :
''എടാ സംഭവം ഭയങ്കര വേദനയുള്ള കാര്യമാണോ?... കഴിയുമ്പം വല്ലാത്ത തളർച്ച ഉണ്ടാകുമോ..? അങ്ങനെ ഒക്കെ ഞാൻ ഒരു ബുക്കില് വായിച്ചാരുന്നു."
"എടാ മരത്തലയാ... നീ ആവശ്യമില്ലാത്ത ഓരോന്നൊക്കെ വായിച്ച് വേണ്ടാത്തതൊക്കെ മനസ്സിലാക്കി വച്ചിട്ടാ ഇങ്ങനെ ചോദിക്കുന്നത്... ഒരു തവണ ചെയ്യുമ്പോൾ നിന്റെ എല്ലാ തെറ്റിധാരണയും മാറും...!.
ആ രാവ് വെളുക്കുവോളം പെരുമ്പറ കൊട്ടുന്ന മനസ്സുമായി കട്ടിലിൽ തിരിഞ്ഞു - മറിഞ്ഞ് കിടന്ന ഞാൻ, പിറ്റേന്ന് കാലത്ത് തന്നെ ടൗണിലേക്ക് ബസ്സ് കയറി ... അവിടെ എത്തി മാളൂസ് ലോഡ്ജിന് മുന്നിൽ കാത്ത് നിന്ന എന്നെ തിരക്കി അല്പസമയം കഴിഞ്ഞപ്പോൾ ഫൈസലെത്തി... അവനോടൊപ്പം ലോഡ്ജിനരികിലെ ഇടവഴി താണ്ടിയ ഞാൻ എത്തിച്ചേർന്നത് കോളനിയിലുള്ള നിറം മങ്ങിയ ചുവന്ന ചായം പൂശിയ ഒരു വീടിന് മുൻപിൽ ആയിരുന്നു ... അവിടിരുന്ന ഒരു സൈക്കിൾ എടുത്ത് എന്നെയും പിന്നിലിരുത്തി അവൻ ഒരു വലിയ കെട്ടിടത്തിലേക്ക് പോയി ... അതിന്റെ മൂന്നാം നിലയിലെത്തിയ ശേഷം അവൻ അവിടെ കണ്ടൊരു വാതിലിൽ ഒന്ന് രണ്ട് തവണ മുട്ടി...
അല്പ സമയത്തിന് ശേഷം വാതിൽ തുറന്ന് വെളുത്ത സാരി ഉടുത്ത ഒരു സുന്ദരി പുറത്തേക്ക് വന്നു ... എന്നിട്ട് എന്നോട് പറഞ്ഞു ... "ആ ബെഡ്ഡിലേക്ക് കിടന്നോളൂ ...! കുറച്ച് സമയം എടുക്കും.. ഗ്രൂപ്പ് B+ve.. ആണല്ലോ അല്ലെ... ? "
അങ്ങനെ അന്ന് ഞാൻ ആദ്യമായ് എന്റെ രക്തം ദാനം ചെയ്തു ...!
( തുറന്നെഴുത്ത് എന്ന പേരിൽ ഇന്ന് വരുന്ന ഒട്ടുമിക്ക രചനകളും ഇത്തരത്തിൽ ഊതിപെരുപ്പിച്ച് ആടിനെ പട്ടി ആക്കുന്ന വിഭാഗത്തിൽ പെടുത്താം... ! പെട്ടെന്ന് പ്രശസ്തി ആഗ്രഹിക്കുന്നവർ തേടുന്ന കുറുക്ക് വഴികളാണ് ഇതൊക്കെ. ചിന്തിക്കുക ... തുറന്ന് കാട്ടാൻ വേണ്ടി മാത്രം എഴുതി പിടിപ്പിക്കുന്നതാവരുത് തുറന്നെഴുത്ത് ... ആവശ്യമെങ്കിൽ മാത്രം വിഷയത്തോട് കാട്ടുന്ന നീതിപൂർവ്വമായ സുതാര്യതയാവണം അത്.)
അരുൺ -
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo