നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അന്നുപെയ്തമഴയിൽ - Part 11


രചന:അഞ്ജന ബിജോയ്
"നിങ്ങൾ എന്നാ  ഇനി അങ്ങോട്ട്?" ജയദേവൻ  ചോദിച്ചു.
"അറിയില്ലെടാ.പ്രിയേച്ചിക്കുവേണ്ടിയാ ഇവിടെ വന്നത്..ചേച്ചിയെ ഇവിടെ ഒറ്റയ്ക്കാക്കിയിട്ട്  അങ്ങോട്ട്  പോകാനും മനസ്സുവരുന്നില്ല..പിന്നെ ഇൻഡെഫിനിറ്റ്  ആയിട്ട് ഇവിടെ നിൽക്കാനും പറ്റില്ലല്ലോ.."ആദിത് പറഞ്ഞു.
"ചേച്ചിയെ ഇട്ടേച്ചു പോവുന്നത് മാത്രമാണോ അതോ .." ജയദേവൻ  വർഷയുടെ റൂമിലേക്ക് നോക്കി ചോദിച്ചു.
"ഒന്ന് പോടാ..എത്തിയില്ല അതിനുമുൻപ് എഫ്.ബി.ഐ പണി തുടങ്ങി.. "ആദിത് കപട ദേഷ്യത്തോടെ  അവനെ നോക്കി.
"എന്തായാലും നീ പെട്ടെന്ന് അങ് വാ..നീ  ഇല്ലാതെ അവിടെ ഒരു രസ്സവുമില്ലടാ.."ജയദേവൻ പറഞ്ഞു.
"വരാം..ഇപ്പൊ പ്രിയേച്ചിയുടെ കാര്യമാടാ  എന്റെ പ്രയോറിറ്റി...അവിടെ ആയിരുന്നപ്പോഴത്തെ  കണ്ടിഷൻ നിനക്ക് ഓർമ്മയുണ്ടല്ലോ..ഇറ്റ് വാസ് ഹൊറിബിൾ! സഹിക്കാൻ വയ്യാതായപ്പഴാ  മുംബൈയിലേക്ക് കൊണ്ടുവന്നതും സത്യങ്ങളെല്ലാം പറഞ്ഞ് സതിയാന്റിയെ കൂട്ടിന് വിളിച്ചതും..ആ സമയം നാട്ടിലേക്ക് കൊണ്ടുവന്നിരുന്നെങ്കിൽ..  മുത്തശ്ശി അറിഞ്ഞിരുന്നെങ്കിൽ.. തകർന്നുപോയെനേം ആ പാവം.ഞങ്ങളെന്ന്  വെച്ചാ ജീവനാ മുത്തശ്ശിക്ക്....പിന്നെ നാട്ടുകാരുടെ ചോദ്യവും പറച്ചിലും ഒക്കെ ഉണ്ടാവും..."ആദിത് വേദനയോടെ  പറഞ്ഞു.
"എന്തായാലും ആ കുട്ടി കൊള്ളാം .നമ്മുടെ പ്രിയേച്ചിക്ക് ഇത്രയും മാറ്റം വരാൻ ആ കുട്ടിയല്ലേ കാരണം. കാണാനും വലിയ കുഴപ്പമില്ല.നിനക്ക് താൽപ്പര്യം ഇല്ലെങ്കിൽ  ഞാൻ എടുത്തോളാം.."ജയദേവൻ ആദിത്തിനെ   നോക്കി പറഞ്ഞു.
"കൊല്ലും ഞാൻ.."ആദിത് ചിരിച്ചുകൊണ്ട്  അവന്റെ തോളത്ത് ഇടിച്ചു .
"അങ്ങനെ വഴിക്ക് വാ മോനെ..നിന്നെ വിറ്റ  കാശ് എന്റെ കൈയിൽ  ഉണ്ട്..നിന്നെ ഞാൻ ഇന്നും ഇന്നലെയും അല്ലല്ലൊ  കാണാൻ തുടങ്ങിയത്.. " ജയദേവൻ ചിരിച്ചുകൊണ്ട്  ആദിത്തിന്റെ തോളിൽ  കൈയിട്ടു.
പ്രിയ ജയദേവനോട് ആ പഴയ അടുപ്പമൊന്നും കാട്ടിയില്ല..അവന് അതിൽ നല്ല വിഷമം ഉണ്ടായിരുന്നു.
"നിനക്കറിയാമല്ലോ ടാ പ്രിയേച്ചിയുടെ കാര്യങ്ങൾ..ലെറ്റസ്‌ ഗിവ് ഹേർ സം  ടൈം ."ആദിത് അവനെ ആശ്വസിപ്പിച്ചു.
പിറ്റേന്ന് വൈകിട്ട് പ്രിയയും വർഷയും ആദിത്തും ജയദേവനും വിഷുവിന് എല്ലാവര്ക്കും ഉടുക്കാനുള്ള തുണികളും  മറ്റും മേടിക്കാൻ കടയിൽ  പോയി. പ്രിയയ്ക്ക് താൽപര്യം  ഇല്ലായിരുന്നുവെങ്കിലും ആദിത് പ്രിയയേയും വർഷയേയും നിർബന്ധിച്ച് കൂടെ കൂട്ടി..പ്രിയയും വർഷയും സെറ്റ് സാരി നോക്കുകയായിരുന്നു.ആദിത്തും ജയദേവനും അവിടെ ഉള്ള കസേരയിൽ ഇരുന്ന് സംസാരിച്ചുകൊണ്ടിരുന്നു..അവിടെ ഒന്ന് രണ്ടു ചെറുപ്പക്കാർ പ്രിയയുടെയും വർഷയുടെയും തൊട്ടടുത്ത് നിന്ന് തുണികൾ നോക്കുകയാണെന്ന വ്യാജേന അവർക്ക് മാത്രം കേൾക്കാമെന്ന രീതിയിൽ വൃത്തികെട്ട കമന്റുകൾ പറയുന്നുണ്ടായിരുന്നു.. പ്രിയ പെട്ടെന്ന് വർഷയുടെ കൈപിടിച്ച് വേഗം അവിടെ നിന്ന് പോന്നു.
"എന്താ പ്രിയേച്ചി സാരി ഒന്നും കിട്ടിയില്ലേ?" ആദിത് അമ്പരപ്പോടെ ചോദിച്ചു.
"നമുക്ക് വേറെ കടയിൽ പോകാം.ഇവിടെ വേണ്ട.."വർഷ പറഞ്ഞു.
"നമുക്ക് പോവാം.."പ്രിയ ധൃതിവെച്ചു.. പ്രിയയുടെ മുഖം കണ്ടപ്പോൾ എന്തോ പന്തികേടുണ്ടെന്ന് അവർക്ക് മനസ്സിലായി.
"എന്ത് പറ്റി പ്രിയേച്ചി..?"ആദിത് ചോദിച്ചു.
"ഒന്നുമില്ല തലകറങ്ങുന്നപോലെ..പെട്ടെന്ന് പോവാം."പ്രിയ ആദിത്തിന്റെ മുഖത്തു നോക്കാതെ പറഞ്ഞു.
"ഞാൻ ഒന്ന് ബാത്‌റൂമിൽ പോയിട്ട് വരാം.നിങ്ങൾ നടന്നോളു.." വർഷ അവരോട് പറഞ്ഞു.
"ഞാൻ വർഷയുടെ കൂടെ വന്നേക്കാം.നീ പ്രിയേച്ചിയേം കൊണ്ട് കാറിലേക്ക്  പൊയ്ക്കോളൂ.."ജയദേവൻ പറഞ്ഞു. പ്രിയ വർഷയെ ഒന്ന് നോക്കി.അവൾ കുഴപ്പമില്ല എന്ന് കണ്ണുകൾ കൊണ്ട് ആംഗ്യം കാണിച്ചു.ആദിത്തും പ്രിയയും കാർ പാർക്ക് ചെയ്ത സ്ഥലത്തേക്ക് നടന്നു..
വർഷ ബാത്റൂം അന്വേഷിച്ച്  പോയി.ജയദേവൻ അവിടെ കസേരയിൽ തന്നെ ഇരുന്നു. വര്ഷയെയും പ്രിയയെയും കളിയാക്കിയ ചെറുപ്പക്കാരിൽ ഒരാൾ വർഷ പോയതിന് പിറകെ സ്ത്രീകളുടെ ബാത്റൂമിന്റെ സൈഡിലേക്ക് പോയി.വർഷ ഇറങ്ങിവന്നതും അവൻ വർഷയുടെ പിറകിൽ അറിയാത്തഭാവത്തിൽ തട്ടിയിട്ട് നടന്നുപോയി.
"ഛീ!"വർഷ കൈ നിവർത്തി അവന്റെ കരണത്ത് പൊട്ടിക്കാൻ തുടങ്ങി.പെട്ടെന്ന് അവൻ വർഷയുടെ കൈയിൽ കടന്നുപിടിച്ചു.
അവിടെ ഒച്ചയും ബഹളവും കേട്ടപ്പോൾ കാര്യമെന്തന്നറിയാൻ  ജയദേവൻ അങ്ങോട്ട് ചെന്നു. അവിടെ ആൾക്കൂട്ടത്തിന് നടുവിൽ കരഞ്ഞുകൊണ്ടിരുന്നു വര്ഷയെ കണ്ടതും ജയദേവൻ അമ്പരന്നു.
"എന്ത് പറ്റി?" ജയദേവൻ ചോദിച്ചു.
"വഴിയേ നടന്നുപോകുന്ന ആണുങ്ങളെ കൈ നീട്ടി അടിക്കാൻ തുടങ്ങുന്നു..ഇതെന്താ വെള്ളരിക്കാപ്പട്ടണമോ?" ആ ചെറുപ്പക്കാരൻ വർഷയെ ചൂണ്ടി ഒച്ചവെക്കുന്നു.ആൾക്കാർ അവിടെ നിന്ന് കാഴ്ച്ച കാണുന്നതല്ലാതെ ആരും ഇടപെടാൻ വന്നില്ല.
"വെറുതെ അല്ല.ഇയാൾ എന്റെ..എന്റെ.."വർഷ വാക്കുകൾ കിട്ടാതെ വിതുമ്പി.ജയദേവൻ വർഷയെ ചേർത്തുപിടിച്ചു.
"അനിയാ ഈ പ്രായമൊക്കെ കഴിഞ്ഞിട്ട് തന്നെയാ ഞാനും വന്നത്..ഒരു കാരണവുമില്ലാതെ ഈ കുട്ടി നിന്നെ അടിക്കാൻ കൈ ഓങ്ങില്ല . .അതുകൊണ്ട് ചെയ്ത തെറ്റിന് ഒരു മാപ്പ് പറഞ്ഞേക്ക്." ജയദേവൻ പറഞ്ഞു.അപ്പോഴേക്കും കടയുടെ മാനേജർ ഹരി അവിടേക്ക് വന്നു.
"പിന്നെ മാപ്പ്!കോപ്പ് പറയാം..ഓരോരോ അലവലാതികൾ ഇറങ്ങിക്കോളും മനുഷ്യന്റെ മാനം കളയാനായിട്ട്..ചുമ്മാ ഷോ കാണിക്കാൻ നോക്കാതെ പോവാൻ നോക്ക്‌ സാറെ.." ആ ചെറുപ്പക്കാരൻ  ജയദേവനെ  പുച്ഛത്തോടെ നോക്കി പറഞ്ഞു..
"നിങ്ങൾ ഒന്നും ചെയ്തിട്ടില്ല എന്ന് അല്ലെ പറഞ്ഞത്..?ഇവള് പറഞ്ഞത് ചിലപ്പോ കള്ളം ആയിരിക്കും."ജയദേവൻ പറഞ്ഞതുകേട്ട് വർഷ കരഞ്ഞുകൊണ്ട്   അവനെ നോക്കി. "എന്തായാലും നമുക്ക് ഇവിടുത്തെ സി.സി.ടി.വി ഒന്ന് പരിശോധിക്കാം..അനിയന്റെ നിരപരാധിത്വം എല്ലാവരുടെയും മുൻപിൽ വെച്ച് നമുക്ക് തെളിയിക്കാം."ജയദേവൻ പറഞ്ഞു.വർഷ അമ്പരപ്പോടെ അവനെ നോക്കി.
ജയദേവൻ പറഞ്ഞതുകേട്ട് ആ ചെറുപ്പക്കാരൻ ഒന്ന് പരുങ്ങി.
സി.സി.ടി.വി ദൃശ്യങ്ങൾ കാണിക്കണമെങ്കിൽ കടയുടമയുടെ പെർമിഷൻ വേണമെന്ന് മാനേജർ ഹരി പറഞ്ഞു.
"പുതിയ ആളാ അല്ലെ?" ജയദേവൻ ഹരിയോട് ചോദിച്ചു.
"അതെ സാർ . എങ്ങനെ മനസ്സിലായി?" ഹരി ചോദിച്ചു.
പെട്ടെന്ന് ജയദേവൻ ആരെയോ ഫോൺ വിളിച്ച് സംസാരിച്ചു.
"ആഹ് വൈശാഖെ ..ഇത് ദേവൻ ആണ്..അപ്പൂം ഉണ്ട് കൂടെ.ഞങ്ങളിപ്പോ നിന്റെ ഷോപ്പിലുണ്ട്..ഒരു ചെറിയ പ്രശ്നം.."ജയദേവൻ കാര്യങ്ങൾ പറഞ്ഞു.വൈശാഖൻ പെട്ടെന്ന് തന്നെ അവിടെ എത്താം എന്ന് പറഞ്ഞ് ഫോൺ വെച്ചു..കടയുടെ ഓണറും ജയദേവനും ആദിത്തും അടുത്ത കൂട്ടുകാർ ആണെന്ന് വർഷയ്ക്ക് മനസ്സിലായി.
സംഗതി പന്തിയല്ലെന്ന് കണ്ട ആ ചെറുപ്പക്കാരൻ അവിടെ നിന്നും ഓടി രക്ഷപെടാൻ ശ്രമിച്ചു.ജയദേവൻ അവന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ച് അവന്റെ മൂക്കിനിട്ട് തന്നെ നല്ലൊരിടി കൊടുത്തു.അവൻ മലർന്നടിച്ച് താഴെ വീണു. കൈകൾ കൊണ്ട് മൂക്ക് പൊത്തി അവിടെ കിടന്നു.അവന്റെ കൂടെ ഉണ്ടായിരുന്ന മറ്റു രണ്ടുപേർ അവിടെ നിന്നും ഓടി. അടികൊണ്ടവൻ  വേദനകൊണ്ട് ഞരങ്ങുന്നുണ്ടായിരുന്നു.
"പൊക്രിത്തരം  ചെയ്തതും പോരാ അത് ചോദിക്കാൻ വരുമ്പോ അവന്റെ ഒരു അഹങ്കാരം..! ഇവളോട്  മാപ്പ്‌ പറയെടാ. " ജയദേവൻ ദേഷ്യം കൊണ്ട്  നിന്ന്‌ വിറച്ചു.ആ ചെറുപ്പക്കാരൻ അവിടെ കിടന്നുകൊണ്ട് തന്നെ വർഷയെ നോക്കി മൂക്ക് പൊത്തിപ്പിടിച്ച് എന്തോ  പറഞ്ഞു.അവൻ പറഞ്ഞത് തിരിഞ്ഞില്ലെങ്കിലും അവന്റെ മുഖഭാവത്തിൽ നിന്നും അത് 'മാപ്പ്' ആണെന്ന് മനസ്സിലായി.
"ഇതങ് നേരത്തെ പറഞ്ഞാൽ പോരായിരുന്നോ അനിയാ.."ജയദേവൻ അവനെ കളിയാക്കി.
"ഹരി..ഇവനെ എടുത്ത് ഏതെങ്കിലും ഹോസ്പിറ്റലിൽ കോണ്ടാക്ക്... വൈശാഖനെ  ഞാൻ വിളിച്ച് പറഞ്ഞോളാം..."ജയദേവൻ ഹരിയോട് പറഞ്ഞു.
 "നിങ്ങളുടെ വീട്ടിലും ഈ പ്രായത്തിലുള്ള പെൺകുട്ടികൾ ഉണ്ടാവുമല്ലോ അല്ലെ?എന്നെങ്കിലും അവർക്കും ഈയൊരു അവസ്ഥ വരുകയാണെങ്കിൽ  അന്നും  ഇതേപോലെ കാഴ്ച്ചക്കാരായി നിൽക്കണം കേട്ടോ.."ജയദേവൻ അവിടെ  കൂടിനിന്നവരെ പുച്ഛത്തോടെ നോക്കി.
വർഷയുടെ കൈയും പിടിച്ച് അവിടെ നിന്നും ഇറങ്ങി.
എല്ലാം കണ്ട് സ്തംഭിച്ച് നിൽക്കുകയായിരുന്നു വർഷ.
"ഇതൊന്നും അവരോട് ചെന്ന് പറയണ്ട കേട്ടോ അമ്മു ..ചുമ്മാ ടെൻഷൻ അടിക്കും.." ജയദേവൻ വർഷയെ  നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു..
ജയദേവനെ ഇത്ര ദേഷ്യത്തിൽ ആദ്യം കാണുകയായിരുന്നു വർഷ..പക്ഷെ അതിനിടയിൽ അവൻ തന്നെ വിളിച്ച പേരും അവൾ ശ്രദ്ധിച്ചു.അമ്മു!
ഉച്ചയ്ക്ക് ശേഷം സതിക്ക്  നടുവ്  തിരുമ്മിക്കാൻ ആയുർവേദ ശാലയിൽ  പോവേണ്ടിയിരുന്നത്കൊണ്ട്  അവർ അതിരാവിലെ വന്ന് വർഷയെ  സഹായിച്ചിട്ട് നേരത്തെ തിരികെ പോവും. വർഷ അടുക്കളയിൽ ഒറ്റയ്ക്കുള്ളപ്പോളൊക്കെ ജയശങ്കർ ഓരോ ആവശ്യം പറഞ്ഞ് അവളുടെ അടുത്ത് വന്നു.ആദ്യമൊക്കെ മരിയാദയ്ക്ക് സംസാരിച്ചെങ്കിലും പിന്നീട് അറിഞ്ഞുകൊണ്ടുള്ള തട്ടലും മുട്ടലും കൂടിയപ്പോൾ അവൾ അയാളോട് കുറച്ച് കയർത്ത് തന്നെ സംസാരിച്ചു.പ്രശ്നം വലുതാക്കണ്ടല്ലോ എന്ന് കരുതി അവൾ അയാളെക്കുറിച്ച്  ആരോടും പറയാനും പോയില്ല.പിന്നീട് കുറച്ച്  ദിവസത്തേക്ക് അയാളുടെ ശല്യം  ഒന്നുമുണ്ടായില്ല.

വിഷുവിന്റെ തലേദിവസം ആദിത്തും ജയദേവനും വിഷുക്കണിക്കും സദ്യക്കുമുള്ള  സാധനങ്ങൾ മേടിക്കാനും  മായ ബ്യൂട്ടി പാർലറിലും  പോയിരിക്കുകയായിരുന്നു.. ജയശങ്കറും പ്രിയയും  തറവാട്ടിൽ തന്നെ ഉണ്ടായിരുന്നു.മുത്തശ്ശി പറഞ്ഞതനുസരിച്ച് വർഷ ജയശങ്കറിന്റെ വീട്‌ വൃത്തിയാക്കാൻ അപ്പുറത്തേക്ക്  പോയി.
വർഷ അവിടെ ചെന്ന് മുറികളെല്ലാം കഴുകി തൂത്ത് തുടച്ച് വൃത്തിയാക്കുന്നതിനിടയിൽ വാതിൽ ആരോ തുറക്കുന്ന  ശബ്ദം കേട്ടു .ആദിത് വീണ്ടും തന്നെ പേടിപ്പിക്കാൻ  വരികയാണെന്ന് വിചാരിച്ച് അവൾ വേഗം അങ്ങോട്ട്  ചെന്നു ..അവിടെ വാതിൽ കുറ്റി  ഇട്ട് അവളെ നോക്കി ചിരിച്ചുകൊണ്ട് നിൽക്കുന്നു ജയശങ്കർ! അയാൾ നന്നായി കുടിച്ചിട്ടുണ്ടെന്ന് അവൾക്ക് മനസ്സിലായി..കണ്ണുകൾ ചുവന്നിരിക്കുന്നു.ആടി ഉലഞ്ഞാണ് നിൽക്കുന്നത്.വർഷ ഭയന്നുവിറച്ചു.
"എന്തിനാ വാതിൽ കുറ്റി  ഇട്ടത്?വാതിൽ തുറക്ക്. " ഉള്ളിലെ ഭയം പുറത്തുകാട്ടാതെ വർഷ അയാളോട് പറഞ്ഞു..
"മുംബൈയിൽ നിന്ന് ഒരു വേലക്കാരിപ്പെണ്ണ് കൂടെ വന്നിട്ടുണ്ടെന്ന് പറഞ്ഞപ്പോ ഇത്ര സുന്ദരി ആവുമെന്ന് വിചാരിച്ചില്ല.." അയാൾ വർഷയെ  ആർത്തിയോടെ നോക്കി.അവൾക്ക് അയാളുടെ നോട്ടം കണ്ടപ്പോൾ ശർദിക്കാൻ  വന്നു.
"നിങ്ങളോട് വാതിൽ തുറക്കാനാണ് പറഞ്ഞത്.ഇല്ലെങ്കിൽ ഞാൻ ഒച്ചവെക്കും ." വർഷ ദേഷ്യത്തോടെ  പറഞ്ഞു.. എന്നിട്ട്  അവിടെ മേശയിലിരുന്ന  അവളുടെ  ഫോൺ  കൈയിൽ  എടുത്തു.
"ഒച്ചവെക്കുവോ അലറിക്കറയുവോ എന്ത് വേണമെങ്കിലും  ചെയ്തോ....ആരും വരില്ല...പിള്ളേര് പുറത്തുപോയേകുവാ.എന്റെ ഭാര്യ അവളുടെ മുഖം മിനുക്കാൻ  പോയി.. പിന്നെ ഉള്ളത് മുത്തശ്ശി തള്ള.അവർക്ക് വീണിടം വിഷ്ണുലോകം.. ഇനി ആരെയെങ്കിലും ഫോൺ വിളിക്കാൻ ആണെങ്കിൽ അവർ  വരുന്നതിനു മുൻപേ ഞാൻ എന്റെ കാര്യം സാധിച്ചിരിക്കും.."
അയാൾ അവളെ നോക്കി ഒരു വഷളൻ ചിരി ചിരിച്ചു.
"നാണമില്ലേ നിങ്ങൾക്ക്..എന്റെ അച്ഛന്റെ  പ്രായം ഉണ്ടല്ലോ ..മരിയാദയ്ക്ക് വാതിൽ തുറക്കുന്നുണ്ടോ " വർഷ അയാളെ അറപ്പോടെ നോക്കി.
"തുറക്കാം.എനിക്ക് ഇച്ചിരി പരുപാടിയുണ്ട് ..നീ സമ്മതിച്ചാ നമുക്ക് ഒരു ബഹളവുമില്ലാതെ  കാര്യം കഴിഞ്ഞ് മാനം മരിയാദയ്ക്ക് ഇവിടെ നിന്നും പോകാം ഇല്ലെങ്കിൽ ..."അയാളുടെ മുഖം രൗദ്രമാകുന്നത് അവൾ പേടിയോടെ കണ്ടു.
"നിങ്ങടെ ആഗ്രഹം നടക്കണമെങ്കിൽ ഞാൻ മരിക്കണം.." വർഷ അയാളുടെ നേർക്ക് കാർക്കിച്ചുതുപ്പി.
അയാൾ ഒറ്റ കുതിപ്പിന് വർഷയുടെ മേൽ ചാടിവീണു! അവളുടെ കൈയിലിരുന്ന ഫോൺ സോഫയിലേക്ക് വീണു..ഒച്ച വെക്കാൻ തുടങ്ങിയപ്പോൾ അവളുടെ വായും  അയാൾ ഒരു കൈകൊണ്ട് പൊത്തിപ്പിടിച്ചു.അവൾക്ക് ശ്വാസംമുട്ടി.ബലപ്രയോഗത്തിനിടയിൽ അയാൾ എന്തൊക്കെയോ ഉറക്കെ പുലമ്പിക്കൊണ്ടിരുന്നു..അയാൾ വർഷയുടെ ചുരിദാറിന്റെ ഷാളിൽ പിടിമുറക്കി.അവൾക്കാവുന്നത്പോലെ അവൾ ചെറുത്തുനിന്നു.പക്ഷെ അയാൾക്ക് ഒരാനയുടെ കരുത്തായിരുന്നു.അധികനേരം പൊരുതിനിൽക്കാൻ തനിക്കാവില്ലെന്നവൾക്ക് അറിയാമായിരുന്നു.അവളുടെ ദേഹം പതിയെ തളരുന്നത് അവളറിഞ്ഞു!
(തുടരും )
രചന:അഞ്ജന ബിജോയ്
പ്രസിദ്ധീകരിച്ച ഭാഗങ്ങൾ വായിക്കാൻ :- https://goo.gl/963Fji
By: Anjana Bijoy, USA

1 comment:

  1. ഒരുപാട് ദുരൂഹതകൾ, മനസ്സിന് കുളിരേകുന്ന പ്രണയം. ഓരോ part അവസാനിക്കുമ്പോഴും അടുത്തതിനായി മനസ്സ് ദാഹിച്ചുകൊണ്ടേയിരിക്കുന്നു.. വളരെ നല്ല കഥ.

    ReplyDelete

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot