Showing posts with label AnnuPeythaMazhayil. Show all posts
Showing posts with label AnnuPeythaMazhayil. Show all posts

അന്നുപെയ്തമഴയിൽ - Final Part (17)


 അവിടെ നടന്ന സംഭവങ്ങളുടെ ആഘാതത്തിൽ നിന്നും മുത്തശ്ശിയും പ്രിയയും വർഷയും സതിയും മോചിതരായിരുന്നില്ല..
കുറച്ച് ദിവസങ്ങൾ കഴിഞ്ഞ് പോലീസ് വിളിച്ചറിയിച്ചതുനസരിച്ച് ആദിത് അവിടെ അടുത്തുള്ള ഒരു ഹോസ്പിറ്റലിലേക്ക് പാഞ്ഞു.ഒരു ഹോട്ടൽ മുറിയിൽ ഉറക്ക ഗുളികകൾ കഴിച്ച് ആത്മഹത്യചെയ്യാൻ ശ്രമിച്ച  ജയദേവനെ  അവിടെ ഐ.സി.യു വിൽ  അഡ്മിറ്റ് ചെയ്തിരുന്നു. മരുന്നിന്റെ ഓവർ ഡോസ്  കാരണം ജയദേവൻ കോമാ സ്റ്റേജിലേക്ക് പോയി എന്നും ഇനി ഒരു തിരിച്ചുവരവിന് സാധ്യതയില്ലെന്നും ഡോക്ടർമാർ വിധിയെഴുതി. ജയദേവനെ ആരും ഏറ്റെടുക്കാൻ ഇല്ലാത്തത് കൊണ്ട് അവനെ തിരികെ തറവാട്ടിലേക്ക് തന്നെ കൊണ്ടുവരണമെന്ന് പ്രിയയുടെ വാശി ആദിത്തും സമ്മതിച്ചു.അവളോടിത്രയൊക്കെ ചെയ്തിട്ടും പ്രിയ ഇപ്പോഴും ജയദേവനെ സ്വന്തം അനിയനെ പോലെ തന്നെ സ്നേഹിക്കുണ്ടെന്ന് എല്ലാവർക്കും അറിയാം. ആദിത്തിന് അതിൽ ദേഷ്യവും അമർഷവും ഉണ്ടായിരുന്നു. തറവാട്ടിൽ കൊണ്ടുവന്ന് പ്രിയയും സതിയും ആയിരുന്നു  അവന്റെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നത്.വർഷയ്ക്ക് എതിർപ്പുണ്ടായിരുന്നെങ്കിലും പതിയെ വർഷയും ജയദേവന്റെ കാര്യങ്ങളിൽ പ്രിയയെ സഹായിച്ചു..ഒരിക്കൽ ആദിത് ജയദേവന്റെ മുറിയിൽ ചെന്നപ്പോൾ ജയദേവൻ  കണ്ണുകൾ തുറന്ന് കിടക്കുകയായിരുന്നു.അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു..
"അല്ലെങ്കിലും വിധി അങ്ങനെ ആണ് അല്ലെ ദേവാ...നമ്മൾ ഒരു സമയത്ത് ആട്ടിപ്പായിച്ചവരുടെയും അറിഞ്ഞുകൊണ്ട് ഉപദ്രവിച്ചവരുടെയും കാൽക്കീഴിൽ തന്നെ എന്നെങ്കിലും ദൈവം നമ്മളെ കൊണ്ടെത്തിച്ചിരിക്കും." ആദിത് പറഞ്ഞതുകേട്ടുകൊണ്ടാണ് വർഷയും  പ്രിയയും മുറിയിലേക്ക് വന്നത്..
"സഹതാപം തോന്നിയിട്ടല്ല നിങ്ങളെ ശുശ്രൂഷിക്കാൻ ഞാനും കൂടുന്നത്..ഒരാള് വീണുകിടക്കുമ്പോ അല്ല പ്രതികാരം തീർക്കേണ്ടതെന്ന് നിങ്ങൾ കൊന്നുതള്ളിയ എന്റെ വിനുവേട്ടൻ എന്നെ പഠിപ്പിച്ചിട്ടുണ്ട്.."വർഷ ജയദേവനോട് പറഞ്ഞു.
"മതി..രണ്ടാളും ചെല്ല് .ഞാൻ ദേവന് ആഹാരം കൊടുക്കട്ടെ.."പ്രിയ അവരെ ശാസിച്ചു.
"എങ്ങനെ പറ്റുന്നു പ്രിയേച്ചി?തീർത്ത് കളയാൻ തോന്നുന്നില്ലേ ഇവനെ?"ആദിത് പ്രിയയോട് ചോദിച്ചു.
"എന്തിനാ അപ്പു?ഒരു കരണത്തടിച്ചാൽ മറ്റേ കരണം കൂടി കാണിച്ചുകൊടുക്കണമെന്ന അഭിപ്രായം എനിക്കില്ല.പക്ഷെ നീ ഇവന്റെ ഈ അവസ്ഥ കണ്ടോ?ഇതിൽ കൂടുതൽ എന്ത് ശിക്ഷ ആണിവന് കിട്ടാനുള്ളത്? ഈ അവസ്ഥയിൽ നമ്മളും കൂടി കൈയൊഴിഞ്ഞാൽ പിന്നെ ഇവനും നമ്മളും തമ്മിൽ എന്ത് വ്യത്യാസം ആണ് മോനെ?കഴിഞ്ഞതൊക്കെ മറക്കുക.." പ്രിയ ആദിത്തിനെ  മാറ്റി നിർത്തി അവന്റെ ചെവിയിൽ പറഞ്ഞു.
ആദിത് ഒന്നും മിണ്ടാതെ മുറി വിട്ടിറങ്ങി.
"സാരമില്ല..ദേഷ്യം വന്നപ്പോ അവരെന്തൊക്കെയോ പറഞ്ഞതാ..നമ്മക്ക് ഫുഡ് കഴിക്കാം?" പ്രിയ ജയദേവന്റെ കണ്ണുകൾ തുടച്ചുകൊണ്ട് പറഞ്ഞു.
 താമസിയാതെ  വർഷ അനാഥാലയത്തിലേക്ക് തിരികെ പോവാണെന്ന് പ്രിയ ആദിത്തിനോട് പറഞ്ഞു.
"ഞങ്ങൾ എത്ര നിർബന്ധിച്ചിട്ടും  കേൾക്കുന്നില്ല   മോനെ.."സതി വിഷമത്തോടെ പറഞ്ഞു.
"ഇവിടെ നമ്മളൊക്കെ ഇല്ലേ..അവിടെ പോയാ ഇനി ആ കുട്ടിക്ക് ആരാ  ഉള്ളത്?എന്താകും അതിന്റെ ഭാവി?"മുത്തശ്ശിയും സങ്കടത്തോടെ പറഞ്ഞു.
"നീ പറഞ്ഞാൽ ഒരുപക്ഷെ.."പ്രിയ പ്രതീക്ഷയോടെ ആദിത്തിനെ നോക്കി.
"ഞാൻ എന്തിനാ പറയുന്നത്?അതിന് ഞാൻ ആരാ?സത്യങ്ങൾ എല്ലാം മറച്ചുവെച്ച്  എന്നോട് പോലും പറയാതെ നിങ്ങൾ  രണ്ടുപേരും നാടകം കളിച്ചില്ലേ ? അവൾക്കെങ്കിലും എന്നോടൊന്ന്  പറയാമായിരുന്നല്ലോ..പോകണമെന്ന് അത്ര നിർബന്ധം ആണെങ്കിൽ പോകട്ടെ.."ആദിത് ദേഷ്യത്തോടെ പറഞ്ഞു.അവന്റെ മനസ്സ് നീറുകയാണെന്ന് പ്രിയക്ക് അറിയാമായിരുന്നു .സത്യങ്ങൾ പുറത്തുകൊണ്ടുവരാൻ താനും വർഷയും  കൂടി ഒരുമിച്ച് തീരുമാനമെടുത്തിട്ടാണ് ജയശങ്കറിനെയും കുടുംബത്തെയും നാട്ടിൽ എത്തിച്ചതും തങ്ങൾ  മുൻകൂട്ടി നിശ്ചയിച്ചതുപോലെ താൻ വർഷയുടെ ഫോണിൽ അവളും വിനുവും കൂടി നിൽക്കുന്ന ഫോട്ടോ ആദിത്തിനെ കാണിച്ചതും അത് ചോദ്യം ചെയ്തപ്പോൾ വർഷ തന്നെപ്പറ്റി എല്ലാവരുടെയും മുൻപിൽ വെച്ച് അസഭ്യം പറഞ്ഞതും ഇതൊന്നുമറിയാതെ  ആദിത് അവളെ തല്ലിയതും  ഒക്കെ..അതിന്റെ ദേഷ്യവും വിഷമവും ആണ് ആദിത്തിനെന്ന് പ്രിയക്കറിയാം.. അതുകൊണ്ട് തന്നെ അന്നാ  ദിവസത്തിന് ശേഷം ആദിത് വർഷയോട് അധികം സംസാരിക്കാറില്ലായിരുന്നു ..
വർഷ പോകാൻ തുടങ്ങുന്നതിന്റെ തലേദിവസം ആദിത്  വെപ്രാളപ്പെട്ട് വർഷയുടെ മുറിയിൽ എത്തി.അവൾ കിടക്കുകയായിരുന്നു.ആദിത്തിനെ  കണ്ടതും അവൾ കട്ടിലിൽ നിന്നും എഴുന്നേറ്റു..അവളുടെ കണ്ണുകൾ ചുവന്ന് കലങ്ങിയിരുന്നു.അവൾ കരയുകയായിരുന്നു എന്ന് അവന് മനസ്സിലായി.ആദിത്  അന്ന് അടിച്ചപ്പോൾ  അവളുടെ ചുണ്ടിന്റെ കോണിൽ അവന്റെ മോതിരം  കൊണ്ടുള്ള മുറിവ്  കരിഞ്ഞ പാടുണ്ടായിരുന്നു .അവൻ വിഷമത്തോടെ അവളെ നോക്കി.
"പോവാണെന്ന് എല്ലാവരോടും പറഞ്ഞു..എന്നോട് ഒരക്ഷരം പോലും മിണ്ടാതെ പൊയ്ക്കളയാനായിരുന്നോ ഉദ്ദേശം  ?"ആദിത് ചോദിച്ചു.
വർഷ ഒന്നും മിണ്ടാതെ മുഖം കുനിച്ച് നിന്നു.
"നീ ശരിക്കും പോവാണോ?"ആദിത് ചോദിച്ചു.
"അതെ.." വർഷ കണ്ണുകൾ തുടച്ചുകൊണ്ട് പറഞ്ഞു.
"എന്തിന്..?"ആദിത് മുറിക്കകത്തേക്ക് കയറികൊണ്ട് ചോദിച്ചു.
"ഞാൻ ഇവിടേക്ക് വന്നതിന് പിന്നിൽ ഒരു ലക്ഷ്യമുണ്ടായിരുന്നു..എന്റെ വിനുവേട്ടൻ എവിടെയെയങ്കിലും ജീവിച്ചിരിപ്പുണ്ടെന്ന വിശ്വാസമുണ്ടായിരുന്നു.എന്നെങ്കിലും ഒരിക്കൽ എന്റെ വിനുവേട്ടൻ എന്നെ തേടി മടങ്ങിവരുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. .ഇനി അത് വേണ്ടല്ലോ.."വർഷ പൊട്ടിക്കരഞ്ഞു..
"നിനക്ക് ഇവിടെ താമസിച്ചുകൂടെ?അറിയാതെ ആണെങ്കിൽ പോലും ഞങ്ങൾ കാരണം അല്ലെ നിനക്കീ അവസ്ഥ വന്നത്   " ആദിത് അവളോട് ചോദിച്ചു.
"നിങ്ങൾ ആരും ഒരു തെറ്റും ചെയ്തില്ല...പിന്നെ ഞാൻ തിരിച്ച് പോവുന്നത് തന്നെ ആണ് നല്ലത്..എവിടെനിന്ന് തുടങ്ങിയോ അവിടേക്ക് തന്നെ.."
അവൾ പറഞ്ഞു.
"അവിടെ ചെന്നാൽ..നിനക്കാരുണ്ട്?നീ ഒറ്റയ്ക്കാവില്ലേ?അല്ലെങ്കിൽ നിനക്ക് ഞങ്ങളുടെ  കൂടെ വന്നുകൂടെ?പ്രിയേച്ചിക്കൊരു കൂട്ടാകുമല്ലോ.." ആദിത്  ചോദിച്ചു.പ്രിയേച്ചിയെക്കാളും തനിക്കാണ് അവളുടെ ആവശ്യം എന്ന് പറയണമെന്നുണ്ടായിരുന്നു അവന്.
"പ്രിയേച്ചിക്ക് ഇനി എന്റെ ആവശ്യമില്ല..അധികം താമസിയാതെ പ്രിയേച്ചി പഴയ ആളായിക്കൊള്ളും...പിന്നെ ഒരു സഹതാപത്തിന്റെ പേരിൽ ആർക്കും ഒരു ബാധ്യത ആവാൻ എനിക്ക് താല്പര്യമില്ല.. "കരച്ചിലിനിടയിൽ അവൾ പറഞ്ഞു.
"കഴുത്തിൽ ഒരു താലി ചാർത്തി ഈ ബാധ്യത ഞാൻ അങ് ഏറ്റെടുത്തോട്ടെ?" ആദിത് പറഞ്ഞതുകേട്ട് വർഷ അവനെ പകച്ച് നോക്കി.
"സഹതാപത്തിന്റെ പേരിലല്ല.നിന്നെ എനിക്ക് അത്രയ്ക്ക് ഇഷ്ടമായത്കൊണ്ടാ.. നിനക്കും അതറിയാമല്ലോ "ആദിത് പറഞ്ഞു.
"ഞാൻ..എനിക്ക്..ഇപ്പൊ ഒരു വിവാഹത്തെ പറ്റി ചിന്തിക്കാനുള്ള മാനസികാവസ്ഥ അല്ലെനിക്ക്..അറിയാമല്ലോ.."വർഷ കരച്ചിലടക്കാൻ പാടുപെട്ടു.
"ഞാൻ കാത്തിരുന്നോളാം.എത്ര വർഷം വേണമെങ്കിലും.പക്ഷെ നീ ഇല്ലാതെ എനിക്ക് പറ്റില്ല. ."ആദിത് അവളുടെ കൈകൾ രണ്ടും പൊതിഞ്ഞ് പിടിച്ചു.
"ഞാൻ ലോകം കണ്ടിട്ടില്ലാത്തവളാണ്.പഠിപ്പ് കുറവാണ്.അച്ഛനും അമ്മയും ആരാണെന്നറിയില്ല..നിങ്ങളുടെ നിലയ്ക്കും വിലയ്ക്കും ഒന്നും ഞാൻ ചേരില്ല..ഇപ്പൊ തോന്നുന്ന ആവേശമെല്ലാം കെട്ടടങ്ങുമ്പോ ഞാൻ നിങ്ങൾക്കൊരു ഭാരമാവും..ശല്യമാവും..സാറിന് എന്നേക്കാൾ നല്ല പഠിപ്പും വിവരവും ഉള്ള കുട്ടിയെ കിട്ടും.."വർഷ കണ്ണീരോടെ പറഞ്ഞു.
"കിട്ടുമായിരിക്കും പക്ഷെ അവരൊന്നും നിനക്ക് പകരം ആവില്ലല്ലോ..ഞാൻ പറഞ്ഞല്ലോ ആവേശത്തിന്റെ പുറത്ത് പറയുന്ന വെറുംവാക്കല്ല... എന്റെ പ്രിയേച്ചിയെ നീ പൊന്നുപോലെ നോക്കുന്നത് ഞാൻ കണ്ടിട്ടുള്ളതാണ്..സഹായിക്കാൻ ആരോരുമില്ലാതിരുന്നിട്ടും സ്വന്തം ഏട്ടന് വേണ്ടി ഒരു പരിചയവുമില്ലാത്ത കുറച്ചാൾക്കാരുടെ ഇടയിലേക്ക് ജയമോ തോൽവിയോ  എന്നറിയാതെ സ്വന്തം ജീവൻ പോലും പണയം വെച്ച് നീ സത്യങ്ങൾ അന്വേഷിച്ച് വന്നു.നിനക്ക് നല്ലൊരു മനസ്സുണ്ട് വർഷേ.പ്രിയപ്പെട്ടവർക്ക് വേണ്ടി എന്ത് ത്യാഗം സഹിക്കാനുമുള്ള മനക്കരുത്തും നിനക്കുണ്ട് ..ഞാൻ വേറൊന്നും ചോദിക്കുന്നില്ല..ഞാൻ കൊണ്ടുപോയ്‌ക്കോട്ടെ നിന്നെ?എനിക്ക് ജീവനുള്ളിടത്തോളം കാലം ഒരു കുറവും വരാതെ ഞാൻ നോക്കിക്കോളാം.."ആദിത്  അവളെ കെട്ടിപ്പിടിച്ചു.അവൾ കരഞ്ഞുകൊണ്ട് അവന്റെ നെഞ്ചിലേക്ക് വീണു.ആദിത് അവളുടെ മുഖം പിടിച്ചുയർത്തി.നെറ്റിയിൽ ഉമ്മ കൊടുത്തു.. അവളുടെ ചുണ്ടിന്റെ കോണിലെ മുറിപ്പാടിൽ പതിയെ തന്റെ ചുണ്ടുകൾ അമർത്തി..
-------****
കുറച്ച് വർഷങ്ങൾക്ക് ശേഷം..
"സവിതേ..മോളെ സവിതേ.." സതി വീടിന് ചുറ്റും ആരെയോ വിളിച്ച് നടന്നു.
"ആഹ് സതിയമ്മയ്ക്ക് ഇത് തന്നെ പണി..ഈ കുട്ടിയെ കൊണ്ട് തോറ്റു." വർഷ പറയുന്നത്കേട്ട് സതി ചിരിച്ചു.
പെട്ടെന്ന് ചായ്പ്പിൽ നിന്നും ഒരു നാല് വയസ്സ് പ്രായമുള്ള പെൺകുട്ടി പട്ടു പാവാടയും ബ്ലൗസും  ഇട്ട് മുടി രണ്ടു സൈഡിലായി പിന്നി ഇട്ട് പതിയെ നടന്ന് വന്നു.
"അമ്മുമ്മ..ഐ എം ഹിയർ.."അവൾ സതിയോടായി വിളിച്ചുപറഞ്ഞു..
"അപ്പേട്ടാ  ഇവിടെ വരുമ്പോ എങ്കിലും മലയാളത്തിൽ സംസാരിക്കാൻ ഈ കോച്ചിനോടൊന്ന് പറയ്.എപ്പോ നോക്കിയാലും ഇംഗ്ലീഷ് തുപ്പിക്കൊണ്ടിരിക്കും.രണ്ടാം വയസ്സ് തൊട്ടേ ഡേ കെയറിൽ വിട്ടാൽ ഇതാ കുഴപ്പം.. "ആദിത്തിനോട് പറഞ്ഞിട്ട് വർഷ അകത്തേക്ക് പോയി.
ആദിത്തിന്റെയും വർഷയുടെയും മകൾ സവിത! വെക്കേഷന് അമേരിക്കയിൽ നിന്നും നാട്ടിൽ വന്നതായിരുന്നു അവർ മൂന്നുപേരും .പ്രിയ ജയദേവനൊപ്പം അമേരിക്കയിൽ തന്നെ ആയിരുന്നു.ജയദേവന്റെ അവസ്ഥയിൽ കാര്യമായ മാറ്റങ്ങൾ ഒന്നുമില്ലായിരുന്നു.
"എന്തിനാ ചായ്പ്പിൽ പോയി ഒളിച്ചിരുന്നത് ?അമ്മൂമ്മ എവിടെയെല്ലാം നോക്കി?"സതി കുഞ്ഞിനോട്  ചോദിച്ചു.
"ഐ വാസ് ഹൈഡിങ് സം ബുക്ക്സ് ഹിയർ .ഐ ലവ് റ്റു റീഡ് മോൺസ്റ്റർ സ്റ്റോറീസ് അമ്മൂമ്മ..ബട്ട് അമ്മ വോണ്ട് ലെറ്റ് മി ടച്ച് ദെം. പ്ളീസ് ഡോണ്ട് ടെൽ അമ്മ ഓക്കേ ?"  കുഞ്ഞ് സവിതയുടെ ഇംഗ്ലീഷ് സതിക്ക് ഒട്ടും മനസ്സിലായില്ല.
"അമ്മയോട് എന്ത് പറയണ്ടെന്നാ എന്റെ പൊന്നുമോൾ പറയുന്നത്?അച്ഛൻ കേട്ടു.ഇപ്പൊ തന്നെ അമ്മയോട് പറയട്ടെ." ആദിത് അവിടെ നിൽക്കുന്ന കാര്യം സവിത അറിഞ്ഞില്ല.
"എന്താ മോനെ കുഞ്ഞ് പറഞ്ഞത്? "സതി ആദിത്തിനോട് കാര്യം തിരക്കി.
"ഇവൾക്ക് കുട്ടികളുടെ കുറച്ച്   കഥാ പുസ്തകങ്ങൾ  ഉണ്ട് സതിയാന്റി.മിക്കതും പ്രേത കഥകളാ..ഇവൾ അതൊക്കെ വായിച്ച് രാത്രി കിടന്ന് നിലവിളിക്കും.അതുകൊണ്ട് വർഷ അതെല്ലാമെടുത്ത് മാറ്റിവെക്കും.ഇപ്പൊ അതെല്ലാം ഇവൾ വർഷ കാണാതെ ചായ്പ്പിൽ സൂക്ഷിച്ച് വെച്ചിട്ടുണ്ടെന്ന്..നമ്മടെ സവിതയെ പോലെ തന്നെ.."ആദിത് പറഞ്ഞതുകേട്ട് സതി ചിരിച്ചു..അവർ മൂന്നുപേരും അകത്തേക്ക് നടന്നു.. മുത്തശ്ശിയുടെ അസ്ഥിത്തറയിൽ വർഷ  കത്തിച്ചുവെച്ച വിളക്ക് വീശിയടിച്ച കാറ്റിൽ  അണയാതെ നിന്നു..
(അവസാനിച്ചു)
(തുടരും )
രചന:അഞ്ജന ബിജോയ്
പ്രസിദ്ധീകരിച്ച ഭാഗങ്ങൾ വായിക്കാൻ :- https://goo.gl/963Fji
By: Anjana Bijoy, USA
===================================
A message from Author:-  (കൂട്ടുകാരെ..വർഷയുടെയും ആദിത്തിന്റെയും കഥ എല്ലാവർക്കും ഇഷ്ട്ടപ്പെട്ടോ?
ചെറുകഥകളും കവിതകളും എഴുതാറുണ്ടെങ്കിലും തുടർക്കഥ എഴുതാൻ തുടങ്ങിയത് അടുത്തിടെ ആണ്. മാളവിക ആയിരുന്നു എന്റെ ആദ്യ തുടർക്കഥ.
മാളവിക വായിച്ച് നിങ്ങളിൽ  നിന്നും നല്ല പോസിറ്റീവ് റെസ്പോൺസ് കിട്ടിയതാണ് വീണ്ടും ഒരു തുടർക്കഥ എഴുതാൻ എനിക്ക്  പ്രചോദനമായത്..
ഇത് ഒരു യഥാർത്ഥ സംഭവമോ എന്റെയോ എനിക്കറിയാവുന്നവരുടെയോ ജീവിത കഥയോ ഒന്നും  അല്ല.
ഒരുപാട് സമയമെടുത്ത് എന്റെ ഭാവനയിൽ നിന്നും ഞാൻ മെനഞ്ഞെടുത്ത കഥകൾ ആണ് 'മാളവിക'യും 'അന്നുപെയ്തമഴയിൽ’ എന്ന ഈ കഥയും.

കഥ തുടങ്ങിയ ദിവസങ്ങളിൽ ഈ കഥ എങ്ങോട്ടാണ് പോകുന്നതെന്ന് ആർക്കും ഒരു പിടിയും കിട്ടിയില്ലെന്ന് അറിയാം. ക്ലൈമാക്സിലേക്കുള്ള വഴിത്തിരിവായിരുന്നു ഓരോ പാർട്ടും.ഫ്ളാഷ്ബാക്കും തുടർന്നുള്ള സംഭവങ്ങളും കൂട്ടിയിണക്കി കഴിവതും ലോജിക് തെറ്റാതെ എഴുതാൻ കഴിഞ്ഞു എന്ന് കരുതുന്നു.ഒരു ക്രൈം ത്രില്ലെർ ആയത്കൊണ്ട് നിങ്ങൾ ഇത് സ്വീകരിക്കുമോ   എന്നെനിക്ക് ടെൻഷൻ ഉണ്ടായിരുന്നു.
തിരക്കുകൾ മൂലം രാത്രി ഉറക്കമളച്ച് എഴുതുന്നത്കൊണ്ട് ചിലയിടങ്ങളിൽ അക്ഷരത്തെറ്റ്  ഉണ്ടാവാൻ സാധ്യതയുണ്ട്.

അധികം വലിച്ചുനീട്ടാതെ പെട്ടെന്ന് തന്നെ തീർക്കാൻ പറ്റി  എന്നാണ് എന്റെ വിശ്വാസം.നിങ്ങളുടെ ഓരോരുത്തരുടേയും സപ്പോർട്ട് ഉണ്ടെങ്കിലേ എനിക്ക് തുടർന്നും ഇതുപോലെയുള്ള കഥകൾ എഴുതുവാൻ സാധിക്കു.ഈ കഥ നിങ്ങളിലേക്കെത്തിക്കാൻ എനിക്കവസരം തന്ന നല്ലെഴുത്ത് പേജിനോടും അഡ്മിനോടും എന്റെ നന്ദി അറിയിക്കുന്നു.വീണ്ടും ഒരു തുടർക്കഥയുമായി എന്നത്തേക്ക് തിരിച്ചുവരാൻ കഴിയുമെന്ന് അറിയില്ല..

വീണ്ടും കാണാമെന്ന പ്രതീക്ഷയിൽ..
സ്നേഹത്തോടെ അഞ്ജന)

അന്നുപെയ്തമഴയിൽ - Part 16


"പിന്നെ..?" ജയദേവൻ അവരുടെ അടുത്തേക്ക് ചെന്നു .
"ഇയാളല്ലെങ്കിൽ പിന്നെ ആരാ സവിതയെ കൊന്നത്?" ജയദേവൻ സതിയുടെ ചുമലിൽ പിടിച്ച് കുലുക്കി.
സതി ഒന്നും മിണ്ടാതെ നിന്നു ..
"എന്തൊക്കെയാ ഇവിടെ നടക്കുന്നതീശ്വരാ..എനിക്കൊന്നും മനസ്സിലാകുന്നില്ല.പറ സതി..ആരാ നമ്മടെ സവിതയെ ഇല്ലാതാക്കിയത്?"മുത്തശ്ശി കരഞ്ഞുകൊണ്ട് ചോദിച്ചു.
"വികാസ് സാറും ശാരദേച്ചിയും അമ്മയും അവരുടെ ഒരു ബന്ധുവിന്റെ വീട്ടിൽ പോയ  ദിവസം. അന്ന് നല്ല മഴയുള്ളൊരു ദിവസമായിരുന്നു.അപ്പു പറഞ്ഞതുപോലെ അന്ന് സവിതയെ കുളത്തിൽ പിടിച്ച് തള്ളി അവനും ദേവനും പ്രിയ മോളും കൂടി വെളിയിൽ  പോയി.അത് കഴിഞ്ഞ് ഞാൻ ചെന്ന് നോക്കുമ്പോൾ സവിത  അവിടെ തനിയെ ചിരിച്ചുകൊണ്ട് നിൽക്കുന്നു.എന്റെ കൂടെ മായയും ഉണ്ടായിരുന്നു.സവിതയുടെ  ഉടുപ്പുമുഴുവനും നഞ്ഞിട്ടുണ്ടായിരുന്നു.കാര്യം ചോദിച്ചപ്പോ അപ്പു  എന്തോ പറഞ്ഞ് കളിയാക്കിയെന്നും അവളെ അവൻ പിടിച്ച്  തള്ളിയെന്നും പറഞ്ഞു.പടവിനരികിൽ  തന്നെ ആയിരുന്നു അവൾ വീണത്..അപ്പു  വരുമ്പോൾ കുളത്തിന്  നടുവിലേക്ക് കുറെ ദൂരം പോയി എന്നും പേടിച്ച്  കുളത്തിൽ കുറച്ച് സമയം  കൈകാലിട്ടടിച്ചെന്നും അവളുടെ വിളി കേട്ട് അപ്പുറത്ത് പുറംപണിക്ക് വന്ന ആളുകൾ  ആണ് അവളെ രക്ഷപെടുത്തിയതിനും അപ്പുവിനോട് കള്ളം  പറഞ്ഞ് അവനെ പേടിപ്പിക്കണമെന്നും  അവൾ എന്നോട് പറഞ്ഞു. തുണി എല്ലാം അലക്കി കുറച്ചുകൂടി കഴിഞ്ഞിട്ട് തിരിച്ച് വരാമെന്ന് അവൾ പറഞ്ഞു.അടുത്ത മഴ വരുന്നതിനുമുൻപ് കയറിപ്പൊന്നേക്കണം  എന്ന് പറഞ്ഞിട്ട് ഞാനും മായയും അവിടെ നിന്ന്  തിരിച്ച് തറവാട്ടിലേക്ക് പോയി..ഞാൻ അടുക്കളയിൽ നല്ല തിരക്കിലായിരുന്നു.അടുത്ത മഴ പെയ്തുതുടങ്ങിയിട്ടും സവിതയെ  കാണാഞ്ഞത്  കൊണ്ട്  മായ അവളെ  അന്വേഷിച്ച് വീണ്ടും കുളപ്പുരയിലേക്ക് പോയി. കുറച്ച്  നേരം കഴിഞ്ഞിട്ടും മായയും സവിതയും തിരികെ വരാഞ്ഞത് കൊണ്ട് ഞാൻ കുളപ്പുരയിലേക്ക് ചെന്നു .അവിടെ കണ്ട കാഴ്ച്ച ..!" ഭയാനകമായ എന്തോ ഓർത്തിട്ടെന്നപോലെ സതിയുടെ മുഖം  വലിഞ്ഞുമുറുകി...
"അവിടെ ഞാൻ കണ്ടത് ഒരിറ്റ്  ശ്വാസത്തിന് വേണ്ടി വെള്ളത്തിൽ കിടന്ന് കൈകാലിട്ടടിക്കുന്ന എന്റെ കുഞ്ഞിനേയും അവളുടെ തല വെള്ളത്തിൽ മുക്കിപ്പിടിച്ചിരിക്കുന്ന മായയെയുമാണ്.!" കേട്ടത് വിശ്വസിക്കാനാവാതെ എല്ലാവരും തരിച്ചിരുന്നുപോയി !.സതി  ആ ഓർമയിൽ മുഖം പൊത്തി  കരഞ്ഞു.."ഞാൻ ഓടി ചെന്നപ്പോഴേക്ക് എല്ലാം കഴിഞ്ഞിരുന്നു..എന്റെ മോളുടെ ശരീരം കെട്ടിപ്പിടിച്ച് അലമുറ ഇട്ട് കരയാൻ തുടങ്ങിയ എന്നോട് ഒരബദ്ധം പറ്റിയതാണെന്ന് ഇവർ കരഞ്ഞുപറഞ്ഞു.പുറത്താരും  ഇതറിയരുതെന്ന് കാലുപിടിച്ചപേക്ഷിച്ചു.സവിത കൈയിൽ എന്തോ മുറുക്കെ പിടിച്ച് വെച്ചിട്ടുണ്ടായിരുന്നു .അത് തുറന്ന് നോക്കിയപ്പോൾ ഒരു രുദ്രാക്ഷം! എനിക്ക് കണ്ടു പരിചയമുള്ളയാതായിരുന്നു അത്..ഇവിടുത്തെ അമ്മ പണ്ട് അമ്പലത്തിൽ നിന്നും പൂജിച്ച് കൊടുത്ത് ദേവന്റെ അച്ഛൻ സ്ഥിരമായി കഴുത്തിലിട്ടോണ്ടിരുന്ന രുദ്രാക്ഷമായിരുന്നു അത്.. എന്റെ മോളെ  അയാൾ  നശിപ്പിക്കാൻ ശ്രമിച്ചുവെന്നും പിടിവലിക്കിടയിൽ അയാളുടെ രുദ്രാക്ഷം അവൾ പൊട്ടിച്ചെടുത്തതാകാമെന്നും എനിക്ക് മനസ്സിലായി.കാലുപിടിച്ചിട്ടും മോഹനവാഗ്ദാനങ്ങൾ  നൽകിയിട്ടും ഞാൻ  സമ്മതിക്കുന്നില്ലെന്ന് കണ്ടപ്പോൾ മായയുടെ ഭാവം മാറി! ഈ കുറ്റം  അപ്പുവിന്റെ തലയിൽ വെച്ചുകെട്ടുമെന്ന്  പറഞ്ഞെന്നെ ഭീഷണിപ്പെടുത്തി..കുറച്ച്‌ മുൻപ്  അപ്പു അവളെ കുളത്തിലേക്ക് തള്ളിയിട്ടു എന്ന് സവിത പറയുന്നത് മായയും കേട്ടിരുന്നു..പോലീസ് അന്വേഷണം വരുമ്പോ തന്റെ ഭർത്താവിന്റെ പണവും സ്വാധീനവും  വെച്ച് അപ്പു സവിതയെ കുളത്തിൽ തള്ളിയിടുന്നത് കണ്ടു എന്ന് ആരെക്കൊണ്ടെങ്കിലും കള്ളസാക്ഷി പറയിപ്പിക്കുമെന്നും  സവിതയുടെ മരണം എങ്ങനെയെങ്കിലും അപ്പുവിന്റെ തലയിൽ കെട്ടിവെയ്ക്കുമെന്നും  മായ എന്നോട്  പറഞ്ഞു.അതിനും പറ്റിയില്ലെങ്കിൽ അപ്പുവിനെ ഇവർ എങ്ങനെയെങ്കിലും അപായപ്പെടുത്തുമെന്നും പറഞ്ഞു. സ്വന്തം ഭർത്താവിനെ രക്ഷിക്കാൻ ഇവർ ഏതറ്റം വരെ പോവുമെന്നും എന്റെ കുഞ്ഞിന്റെ മരണം കൊണ്ട്  എനിക്കറിയാമായിരുന്നു.അപ്പുവിന്റെ ഭാവി പേടിച്ച് ഞാൻ ആരോടും ഒന്നും മിണ്ടിയില്ല. വികാസ് സാറിനോടും  ശാരദേച്ചിയോടും  അപ്പു സവിതയെ കുളത്തിലേക്ക് തള്ളിയിടുന്നത് താൻ കണ്ടുവെന്നും അപ്പുവിന് ഒരു കൈയബദ്ധം പറ്റിയതാണ് അവനെ ഇതിൽ നിന്നും എങ്ങനെ എങ്കിലും രക്ഷപെടുത്തണമെന്നും പറഞ്ഞ്   ഈ സ്ത്രീ അവരുടെ മുൻപിൽ നിന്ന് പൊട്ടിക്കരഞ്ഞുകൊണ്ട്‌ വളരെ ഭംഗി ആയി അഭിനയിക്കുന്നത് നിസ്സഹായയായി ഞാൻ നോക്കി നിന്നു .വെളിയിൽ പോയി തിരികെ വന്ന അപ്പു കാണുന്നത് ജീവനില്ലാത്ത എന്റെ മോളുടെ മുഖമാണ്.ഞാനും ശാരദേച്ചിയും മായയും അപ്പുവിനെ അന്വേഷിച്ച് അവന്റെ മുറിയിൽ ചെന്നപ്പോൾ അവൻ താനാണ് കൊലയാളി എന്ന് പറഞ്ഞ് വാവിട്ട് കരഞ്ഞു. അങ്ങനെ മായ  ഉദ്ദേശിച്ചത്  പോലെ കാര്യങ്ങളെല്ലാം  നടന്നു.."സതി മായയെ വെറുപ്പോടെ നോക്കി.ജയദേവൻ മായയുടെ ചുമലിൽ പിടിച്ച്  കുലുക്കി.
"എന്തൊക്കെയാ അമ്മെ ഇവർ പറയുന്നത്...അച്ഛന്റെ മാനം രക്ഷിക്കാൻ എന്റെ സവിതയെ കൊന്നത് ..അമ്മയാണോ?എന്തിനാ അമ്മെ..എന്തിനാ അമ്മെ അവളെ കൊന്നത്..?കുറച്ച് ജീവൻ ബാക്കി വെച്ചുകൂടായിരുന്നോ ?അവളേത്  അവസ്ഥയില്ലായിരുന്നുവെങ്കിലും  ഒരു താലിയും കെട്ടി ഒരു പരാതിയും പറയാതെ ജീവിതകാലം മുഴുവൻ ഞാൻ പൊന്നുപോലെ നോക്കില്ലായിരുന്നോ.. അവളെ..കൊന്നുകളയണമായിരുന്നോ?" ജയദേവൻ കരഞ്ഞുകൊണ്ട് മായയോട് ചോദിച്ചു.
"പറയ് എന്തിനാ അവളെ കൊന്നത്?" ജയദേവൻ മായയുടെ കഴുത്തിൽ പിടിമുറുക്കി..
മായ ശ്വാസം കിട്ടാതെ അവന്റെ കൈ എടുത്ത് തട്ടിമാറ്റാൻ നോക്കി.അവൻ വിട്ടില്ല.അത്രയ്ക്കും ഭ്രാന്തമായ ഒരവസ്ഥയിൽ ആയിരുന്നു ജയദേവൻ!
ആദിത്തും ജയശങ്കറും  എങ്ങനെയോ അവന്റെ കൈ പിടിച്ച് മാറ്റി.
ശ്വാസം കിട്ടാതെ മായ കുറച്ച് നേരം ചുമച്ചുകൊണ്ടിരുന്നു..
"എന്തിനാ മായെ നീ ആ പാവത്തിനെ കൊന്നുകളഞ്ഞത്..?നിന്റെ ഭർത്താവിനെ  രക്ഷിക്കാൻ  ഇങ്ങനൊരു  കടുംകൈ ചെയ്യണമായിരുന്നോ ?" ..ഒന്നുമില്ലെങ്കിലും നിന്റെ മകൻ സ്നേഹിച്ചിരുന്ന പെണ്ണല്ലേ .."മുത്തശ്ശി മായയെ നോക്കി കരഞ്ഞുകൊണ്ട് ചോദിച്ചു
"ആങ്ങളയും പെങ്ങളും തമ്മിൽ കല്യാണം കഴിക്കുന്നതിലും വലിയ മഹാപാപം വേറെ എന്തുണ്ട് അമ്മെ?" മായ ജയശങ്കറിനെയും സതിയേയും നോക്കി മുത്തശ്ശിയോട് ചോദിച്ചു.
കേട്ടത് വിശ്വസിക്കാനാവാതെ എല്ലാവരും തറച്ച് നിന്നു.
"നീ എന്താ പറയുന്നതെന്ന് നിനക്ക് വല്ല  നിശ്ചയവുമുണ്ടോ കുഞ്ഞേ.."?മുത്തശ്ശി അന്താളിപ്പോടെ മായയോട് ചോദിച്ചു.
"ഉണ്ട് അമ്മെ.ഞാൻ സത്യമാ പറഞ്ഞത്.വർഷങ്ങളായി  ഞാൻ മൂടിവച്ച സത്യം.സതിക്കും  എനിക്കും മാത്രമറിയാവുന്ന രഹസ്യം.അല്ലെന്ന് സതി പറയട്ടെ.."മായ സതിയെ നോക്കി പറഞ്ഞു.സതി പൊട്ടിക്കരഞ്ഞു..
"കല്യാണം കഴിഞ്ഞ നാളുകളിൽ ഒരു കുഞ്ഞില്ലാതെ സതിയും ഭർത്താവും എന്ത് മാത്രം വിഷമിച്ചിരുന്നു  എന്ന്  അമ്മയ്ക്ക്  ഓർമ്മയില്ലേ ..അതിനുള്ള ടെസ്റ്റുകൾ  ചെയ്ത്  തുടങ്ങിയപ്പോൾ തന്നെ ഡോക്ടർ  പറഞ്ഞിരുന്നു കുഴപ്പം സതിയുടെ ഭർത്താവിനാണെന്നും  കുഞ്ഞുങ്ങൾ ഉണ്ടാവാനുള്ള  ചാൻസ് വളരെ കുറവാണെന്നും.ചികിത്സകൾ  ആരംഭിച്ചെങ്കിലും വർഷങ്ങൾ കഴിഞ്ഞും ഫലമൊന്നും കണ്ടില്ല...ജോലി കിട്ടി  ജയേട്ടനും ഞാനും മോനും  അമേരിക്കയിലേക്ക് താമസം  മാറുന്നതിനു മുൻപ് ഞങ്ങൾ നാട്ടിൽ താമസിച്ചിരുന്ന സമയം. വികാസ് ഏട്ടനും ശാരദ ചേച്ചിയും പിള്ളേരും അന്ന് അമേരിക്കയിലായിരുന്നു.ഞാനും ദേവനും  എന്റെ വീട്ടിൽ പോയിരുന്ന ഒരു ദിവസം .സതി  ചായ്പ്പ്  വൃത്തിയാക്കുന്നതിനിടയിൽ ഇയാൾ അവിടെ കയറി.സതിയുടെ എതിർപ്പുകളെ എല്ലാം അവഗണിച്ചുകൊണ്ട്  ഇയാൾ അവരെ ക്രുരമായി മാനഭംഗപ്പെടുത്തി...കാര്യം കഴിഞ്ഞ്  അയാൾ അയാളുടെ പാട്ടിനു പോയി.തിരികെ എത്തിയ  ഞാൻ കാണുന്നത് കീറിപ്പറിഞ്ഞ വസ്ത്രങ്ങളുമായി ചായ്പ്പിൽ  ഇരുന്ന് പൊട്ടിക്കരയുന്ന  സതിയെയാണ്.അവർ എന്നോടെല്ലാം പറഞ്ഞു.എനിക്കെന്റെ ഭർത്താവിന്റെ സ്വഭാവം നല്ലത്പോലെ അറിയാമായിരുന്നത്കൊണ്ട് എനിക്കവരെ അവിശ്വസിക്കേണ്ട കാര്യം ഇല്ലായിരുന്നു . ഈ വിവരം തൽക്കാലം മറ്റാരുമറിയരുതെന്ന്  ഞാൻ അവരുടെ കാലുപിടിച്ചപേക്ഷിച്ചു.കുറച്ച്  ദിവസങ്ങൾ കഴിഞ്ഞപ്പോൾ സതി ജോലിക്ക് വരാതെ ആയി.അവരുടെ വീട്ടിൽ  ചെന്ന് കാര്യം അന്വേഷിച്ചപ്പോൾ എന്റെ ഭർത്താവിനാൽ അവർ  ഗർഭിണിയാണെന്ന സത്യം ഞാൻ അറിഞ്ഞു.സ്വന്തം ഭർത്താവിൽ നിന്നും അവർ ഒന്നും ഒളിച്ചുവെച്ചില്ലെന്നും സത്യങ്ങൾ എല്ലാം തുറന്നുപറഞ്ഞതിൽ പിന്നെ സതിയുടെ ഭർത്താവ്  അവരെ ഉപേക്ഷിച്ച് നാടുവിട്ടുപോയെന്നും  അവർ പറഞ്ഞു.എന്ത് പറഞ്ഞിട്ടും ആ കുഞ്ഞിനെ കളയാൻ  സതി തയാറായില്ല .തെറ്റ് പറ്റിയത് തനിക്കാണെന്നും അതിന്റെ പേരിൽ  ഒന്നുമറിയാത്ത ഒരു കുരുന്നുജീവനെ നുള്ളിയെടുക്കാൻ അവർ തയ്യാറല്ലെന്നും  എന്നോട് പറഞ്ഞു.ഈ  സത്യം നമ്മൾ രണ്ടാളും അല്ലാതെ മൂന്നാമതൊരാൾ അറിയരുതെന്നും ഇതിന്റെ പേരിൽ അവകാശവും  ചോദിച്ചുകൊണ്ട് ഞങ്ങളുടെ കുടുംബം തകർക്കാൻ വരരുതെന്നും  ഞാൻ ഇവരെക്കൊണ്ട് സത്യം ചെയ്യിച്ചു..പല തവണ ഞാൻ മറ്റാരുമറിയാതെ സാമ്പത്തികമായി സഹായിക്കാൻ ശ്രമിച്ചെങ്കിലും സതി അത് നിരസിച്ചു.വർഷങ്ങൾ കഴിഞ്ഞു..സവിത വളർന്നപ്പോൾ മറ്റെല്ലാ പെൺകുട്ടികളിലും  കാണുന്നതുപോലെ സവിതയിലും  ഇയാളുടെ നോട്ടം ചെല്ലുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു..അന്ന്  വഴങ്ങി കൊടുക്കാഞ്ഞതിന്റെ  പേരിൽ മദ്യലഹരിയിൽ ഇയാൾ ഇല്ലാതാക്കാൻ നോക്കിയത് സ്വന്തം മകളെ ആണെന്ന് ഇയാൾക്കിപ്പഴും അറിഞ്ഞുകൂടാ!" മായ വെറുപ്പോടെ ജയശങ്കറിന്റെ നോക്കി പറഞ്ഞു..അയാൾ അവിടെ എല്ലാം തകർന്നവനെപോലെ നിൽക്കുകയായിരുന്നു.വീഴാതിരിക്കാൻ  ഒരു കൈ മേശയുടെ സൈഡിൽ മുറുകെ പിടിച്ചിരുന്നു..
ജയശങ്കറും മായയും ജയദേവനും നാട്ടിൽ വന്ന സമയം നടു തിരുമ്മാൻ പോകണം എന്നും പറഞ്ഞ് സതി അതിരാവിലെ വന്ന് വർഷയെ സഹായിച്ചിട്ട് എല്ലാവരും എഴുന്നേൽക്കുന്നതിന് മുൻപ് തന്നെ തിരികെ പോയിരുന്നത്  ജയശങ്കറിന്റെ മുൻപിൽ ചെന്ന് പെടാതിരിക്കാനായിരുന്നുവെന്ന് വർഷയ്ക്ക് മനസ്സിലായി. അവൾ സതിയെ സഹതാപത്തോടെ  നോക്കി.സതി സാരിയുടെ മുന്താണി കൊണ്ട് വാ പൊത്തിപ്പിടിച്ച് കരയുകയായിരുന്നു.
"ആയിടയ്ക്കാണ് ദേവൻ സവിതയെ സ്‌നേഹിക്കുന്നുണ്ടെന്ന് എനിക്ക് മനസ്സിലായത് ..പല തവണ ഞാൻ സതിയോടു പറഞ്ഞു എന്തെങ്കിലും പറഞ്ഞ് സവിതയെ പിന്തിരിപ്പിക്കാൻ.സതി എത്ര  ശ്രമിച്ചിട്ടും നടന്നില്ല.പിന്നീടാണ് ആ ദിവസം  വന്നത്.സവിതയെ അന്വേഷിച്ച് സതിയുടെ കൂടെ ഞാനും പോയി..അന്ന് അവൾ അപ്പുവിന്റെ കാര്യം പറഞ്ഞ് കുറെ ചിരിച്ചു..തുണി നനച്ചിട്ട്  വന്നോളാം  എന്ന് പറഞ്ഞപ്പോൾ സതിയും ഞാനും തിരികെ പോയി.കുറച്ച് കഴിഞ്ഞും സവിതയെ കാണാതെ വന്നപ്പോൾ അടുത്ത മഴ പെയ്തുതുടങ്ങിയപ്പോഴേക്ക് അവളെ  അന്വേഷിച്ച് ഞാൻ കുളപ്പുരയിൽ  ചെന്നു. അവൾ പടവിൽ  അനങ്ങാൻ  വയ്യാതെ അവശനിലയിൽ കിടക്കുന്നതാണ്  ഞാൻ കണ്ടത്.കൈയിൽ  ഇയാളുടെ രുദ്രാക്ഷവുമുണ്ടായിരുന്നു.മരിച്ചെന്നുകരുതി ഇയാൾ  അവളെ  അവിടെ ഇട്ടിട്ട്  പോയതാണ്.എന്നെ കണ്ടതും അവൾ കരയാൻ തുടങ്ങി. എന്റെ ഭർത്താവ്  അവളെ നശിപ്പിക്കാൻ ശ്രമിച്ചതും അവളോട് ചെയ്തുകൊണ്ടിരുന്ന വൃത്തികേടുകളും ഓരോപ്രാവശ്യവും അവൾ കഷ്ടിച്ച്  രക്ഷപ്പെട്ടതും അവൾ എന്നോട് പറഞ്ഞു.. ഇത്ര നാളും  സഹിച്ചു പക്ഷെ ഇനി  സത്യങ്ങൾ എല്ലാം  അവൾ എല്ലാവരെയും  അറിയിക്കുമെന്നും പറഞ്ഞു. എന്റെ വാക്കുകളൊന്നും അവൾ ചെവികൊണ്ടില്ല.മകളാണെന്ന് അറിയാതെ അവളെ കാമത്തോടെ പ്രാപിക്കാൻ നടക്കുന്ന ഒരച്ഛൻ.സ്വന്തം പെങ്ങളാണെന്നറിയാതെ അവളെ പ്രണയിക്കുന്ന ദേവൻ..ദേവൻ എന്തായാലും അവളെ ഉപേക്ഷിക്കില്ല എന്നെനിക്ക് ഉറപ്പായിരുന്നു .അവനവളോട് ഭ്രാന്തമായ പ്രണയമായിരുന്നു.അവൾ ജീവിച്ചിരുന്നാൽ ആരെതിർത്താലും ദേവൻ അവളെ സ്വന്തമാക്കുമായിരുന്നു. അതിന് മുൻപ് സവിത ആരാണെന്നുള്ള സത്യം എനിക്ക്   ദേവനോട്  തുറന്ന് പറയേണ്ടിവരും.  വർഷങ്ങളായി   മൂടിവച്ച ആ സത്യം..  അവൾ എന്റെ ഭർത്താവിന്റെ ജാരസന്തതി ആണെന്നുള്ള സത്യം  താമസിയാതെ പുറത്തുവരും. എന്റെ ഭർത്താവിന്റെ ചരിത്രം നാട്ടുകാർ  അറിയും.എല്ലാം എല്ലാവരും  അറിഞ്ഞാൽ തകരാൻപോകുന്നത് എന്റെ  ജീവിതമായിരുന്നു.അതിന്  ഏറ്റവും നല്ല  പരിഹാരം സവിത.. അവൾ ഇല്ലാതാവുകായായിരുന്നു! രക്ഷിക്കണമേ എന്നും പറഞ്ഞ് എന്റെ നേരെ കൈ നീട്ടിയപ്പോൾ അതെ കൈ പിടിച്ച്  ഞാൻ അവളെ വെള്ളത്തിലേക്ക് വലിച്ചിട്ടു.തല വെള്ളത്തിൽ താഴ്ത്തിപ്പിടിച്ച്  എത്ര നേരം നിന്നുവെന്ന്  അറിയില്ല.അവൾ കൈകാലിട്ടടിച്ചു.മഴ പെയ്യുന്നത്കൊണ്ട്  ആരും ആ പരിസരത്തെങ്ങുമില്ലായിരുന്നു. പക്ഷെ താമസിയാതെ സതി  അവളെ അന്വേഷിച്ച്  വന്നു..അപ്പോഴേക്കും സവിതയുടെ പ്രാണൻ ഞാൻ എന്റെ കൈകൾ കൊണ്ട് പറിച്ചെടുത്തിരുന്നു.."മായയുടെ മുഖം ക്രൂരമായ ഭാവത്തോടെ തിളങ്ങി ! .
കേട്ടതൊന്നും  വിശ്വസിക്കാനാവാതെ എല്ലാവരും  സ്തബ്ധരായി നിന്നു .
"ഒരു വാക്ക്  എന്നോട് പറഞ്ഞാൽ പോരായിരുന്നോ..ഞാൻ ഒഴിയുമായിരുന്നല്ലോ ..അവളെ.. അവളെ കൊല്ലണമായിരുന്നോ .."ജയദേവന്റെ വാക്കുകൾ ഇടറി.അവൻ  മായയെ വെറുപ്പോടെ നോക്കി പറഞ്ഞു.
"സ്വന്തം ജീവിതം രക്ഷപ്പെടുത്തുന്ന  തത്രപ്പാടിൽ നിങ്ങൾ ഒറ്റ ഒരുത്തി കാരണം ഇന്ന് ആരുടെയൊക്കെ ജീവിതമാ തകർന്നതെന്ന് മനസ്സിലാവുന്നുണ്ടോ?ഒരു തെറ്റും ചെയ്യാത്ത പ്രിയേച്ചിയുടെ..പ്രിയേച്ചി ഇന്ന് ജീവനോടെ ഉണ്ടെന്നെങ്കിലും  പറയാം.പക്ഷെ എന്റെ ഏട്ടനോ?ഒരു ജീവൻ രക്ഷിക്കുക മാത്രമാണ് ഏട്ടൻ ചെയ്തത്..പക്ഷെ അതിന്   ഏട്ടന് കിട്ടിയ സമ്മാനം മരണമായിരുന്നു...അവസാനമായി  ആ മുഖം ഒന്ന് കാണാൻ കൂടി നിങ്ങളെന്നെ അനുവദിച്ചില്ല..എനിക്കിനി ആരുണ്ട്.."വർഷ മായയുടെ മുൻപിൽ ചെന്ന് പൊട്ടിക്കരഞ്ഞു.
"ഒരു കാര്യം ചെയ് ...പ്രയേച്ചിയെ ഇല്ലാതാക്കാൻ ക്വട്ടേഷൻ    കൊടുത്തത്പോലെ,എന്റെ ഏട്ടനെ ഇല്ലാതാക്കിയതുപോലെ,എന്നെയും തീർത്തുകള.ഇനി എന്നെ മാത്രമായിട്ടെന്തിനാ ബാക്കിവെച്ചിരിക്കുന്നത്..നിങ്ങളുടെ കൈകൾ  കൊണ്ട് തന്നെ എന്നെ തീർത്ത് കളയ് .."വർഷ ജയദേവന്റെ അടുത്ത് ചെന്ന് അവന്റെ കൈകൾ രണ്ടും അവളുടെ കഴുത്തിൽ എടുത്ത് മുറുക്കികൊണ്ട് പറഞ്ഞു .ജയദേവൻ പൊട്ടിക്കരഞ്ഞുകൊണ്ട്‌ പ്രിയയുടെയും വർഷയുടെയും മുൻപിൽ സാഷ്ടാംഗം വീണു.
"പൊറുക്കാൻ പറ്റാത്ത തെറ്റാണ് ഞാൻ ചെയ്തത്..എനിക്കൊന്നുമറിയില്ലായിരുന്നു.ക്ഷമിക്കണമെന്ന് പറയാൻ എനിക്കർഹതയില്ല..എന്ത് ശിക്ഷ വേണമെങ്കിലും വിധിച്ചോളു...."ജയദേവൻ  പൊട്ടിക്കരഞ്ഞു.
"എല്ലാവരെയും  ശിക്ഷിക്കാനും രക്ഷിക്കാനും     മുകളിലിരിക്കുന്ന ആൾക്ക് മാത്രമേ അവകാശമുള്ളൂ  ദേവാ ..നിന്റെ പ്രതികാരം തീർക്കാനായി സത്യമന്വേഷിക്കാതെ നീ  ഞങ്ങൾക്കുവേണ്ടി വിരിച്ച വലയിൽ ഞാനും പ്രിയേച്ചിയും  കുടുങ്ങി..നീ ആഗ്രഹിച്ചതുപോലെ  മനസ്സിനും ശരീരത്തിനും ഏറ്റ  മുറിവുമായി എന്റെ പ്രിയേച്ചിയും അത് കണ്ട്  ഞാനും  ജീവിതകാലം മുഴുവനും അതോർത്ത്  നീറിനീറി കഴിയുമായിരിക്കും.. വർഷയുടെ ഏട്ടനെ   പ്രിയേച്ചിയെ  സഹായിച്ചതിന്റെ പേരിൽ  നീയും നിന്റെ വിശ്വസ്തനും  ഇല്ലാതാക്കി..വർഷയ്ക്ക്  ആകെ ഉണ്ടായിരുന്ന രക്തബന്ധം നിന്റെ പകയുടെ പേരിൽ ഈ  ഭൂമിയിൽ നിന്നും  നിങ്ങൾ തുടച്ചുനീക്കി ...എന്ത് നേടി ദേവാ  നീ എന്നിട്ട്..നിനക്ക് നിന്റെ സവിതയെ തിരിച്ചുകിട്ടിയോ?"ആദിത് ദേവനെ പിടിച്ച എഴുനേൽപ്പിച്ചു നിർത്തിക്കൊണ്ട് ചോദിച്ചു. ജയദേവൻ മുഖം പൊത്തി  പൊട്ടിക്കരഞ്ഞു..
"ഇവരാ ഈ ഒറ്റ ഒരു സ്ത്രീയാ ഇതിനെല്ലാം കാരണം!"മായയുടെ നേരെ വിരൽചൂണ്ടി ജയദേവൻ ആക്രോശിച്ചു.
"സ്വന്തം ഭർത്താവിന്റെ കൊള്ളരുതായ്മകൾ കണ്ടില്ലെന്ന് നടിച്ചെന്ന് മാത്രമല്ല അയാൾ ചെയ്തുകൂട്ടിയ വൃത്തികേടുകളൊക്കെ മൂടിവെച്ചു... സത്യങ്ങളറിയാതെ ഞാൻ  എന്തൊക്കെ ചെയ്തുകൂട്ടി! ആരുടെയൊക്കെ ജീവിതം നശിപ്പിച്ചു.. ഈ പാപമൊക്കെ ഞാൻ എവിടെകൊണ്ടുപോയി തീർക്കും?ഇപ്പൊ ഞാനും എന്റെ അച്ഛനെന്ന് പറയുന്ന ഈ വൃത്തികെട്ട മനുഷ്യനും തമ്മിലെന്ത് വത്യാസം ?"കരച്ചിലിനിടയിലും ജയദേവൻ പറഞ്ഞുകൊണ്ടിരുന്നു.മായ ഒന്നും മിണ്ടാതെ കണ്ണീരോടെ തല താഴ്ത്തി നിന്നു..
പെട്ടെന്ന് തന്നെ ജയദേവൻ ആരോടും ഒന്നും മിണ്ടാതെ കരഞ്ഞുകൊണ്ട് വെളിയിലേക്കിറങ്ങി.. ആദിത് അവനെ തടയാൻ പോയില്ല.ആദിത് വിളിച്ചുപറഞ്ഞതനുസരിച്ച് പോലീസ് വന്ന് ജയശങ്കറിനെയും  മായയെയും  അറസ്റ്റ് ചെയ്തു.ദിവസങ്ങൾ കഴിഞ്ഞിട്ടും ജയദേവന്റെ വിവരം ഒന്നുമുണ്ടായില്ല...
(തുടരും )
രചന:അഞ്ജന ബിജോയ്
പ്രസിദ്ധീകരിച്ച ഭാഗങ്ങൾ വായിക്കാൻ :- https://goo.gl/963Fji
By: Anjana Bijoy, USA

അന്നുപെയ്തമഴയിൽ - Part 15


"എനിക്കൊ അയാൾക്കൊ  നിന്റെ ഏട്ടനോട് ഒരു ദേഷ്യവുമില്ലായിരുന്നു മോളെ..പക്ഷെ എന്ത് പറയാനാ..ദാറ്റ് പുവർ  ഗൈ വാസ് ഇൻ ദി റോങ്ങ് പ്ലേസ് അറ്റ് ദി റോങ് ടൈം! അയാളുടെ  മുഖം നേരിട്ട് കണ്ട നിന്റെ വിനുവേട്ടനെ  ബാക്കിവെച്ചേക്കുന്നത് ശരിയല്ലെന്ന് അയാൾക്ക് തോന്നി...ഒറ്റ അടി! നിന്റെ ഏട്ടന്റെ  സ്കൾ ചിതറിപോകുന്ന സൗണ്ട് കേട്ടു  എന്നാ അയാൾ എന്നോട് പറഞ്ഞത്..പക്ഷെ പ്രിയയുടെ ഫോണിൽ നിന്നും എമർജൻസി നമ്പറിൽ പൊലീസിന് കാൾ പോയിട്ടുണ്ടെന്ന്  മനസ്സിലാക്കിയ ഉടനെ തന്നെ അയാൾ നിന്റെ ഏട്ടനേയും   പൊക്കിയെടുത്ത്  ഞാൻ കൊടുത്ത വാച്ചുമെടുത്ത്  അവിടുന്ന് സ്ഥലം വിട്ടു.ഇപ്പൊ നിന്റെ വിനുവേട്ടൻ അറ്റ്ലാന്റിക് ഓഷ്യന്റെ  മടിത്തട്ടിൽ സുഖനിദ്രയിലാണ് മോളെ! നിന്റെ വിനുവേട്ടനെ പരലോകത്തേക്കയച്ചവനെ ഇനി മഷിയിട്ട് നോക്കിയാൽ പോലും കിട്ടില്ല "പറഞ്ഞതും ജയദേവൻ ഒരു ഭ്രാന്തനെ പോലെ പൊട്ടിച്ചിരിച്ചു.
കേട്ടത് വിശ്വസിക്കാനാവാതെ  തന്റെ വിനുവേട്ടൻ ഇന്നീ ഭൂമിയിൽ ഇല്ല എന്ന സത്യം ഉൾക്കൊള്ളാൻ ആവാതെ  വർഷ അലറിക്കരഞ്ഞുകൊണ്ട്  നിലത്തിരുന്നു!
പ്രിയയും അതെ അവസ്ഥയിൽ ആയിരുന്നു.തന്നെ രക്ഷിക്കാൻ വന്ന് തനിക്കുവേണ്ടി മരണം ഏറ്റുവാങേണ്ടി വന്ന ആ പാവത്തെ ഓർത്ത് അവളും പൊട്ടിക്കരഞ്ഞു .
ജയദേവൻ തന്റെ കൊലച്ചിരി നിർത്തിയില്ല.മായയും ജയശങ്കറും മുത്തശ്ശിയും സതിയും കേട്ടതൊന്നും വിശ്വസിക്കാനാവാതെ അവനെ പകച്ച് നോക്കികൊണ്ടിരുന്നു.
ആദിത് സ്വയം നിയന്ത്രിക്കാനാവാതെ ജയദേവന്റെ കരണത്തടിച്ചു!ജയദേവൻ  അത് ആസ്വദിക്കുന്നെന്ന മട്ടിൽ വീണ്ടും ചിരിച്ചുകൊണ്ടിരുന്നു.
"ചിരിച്ചോളൂ " കരഞ്ഞുവീർത്ത കണ്ണുകളുമായി വർഷ മെല്ലെ എഴുന്നേറ്റ് വന്ന് ജയദേവന് നേരെ നിന്നുകൊണ്ട് പറഞ്ഞു.
അവൻ തന്റെ ചിരി നിർത്തിയില്ല..
"ഇത്  നിന്റെ അവസാനത്തെ കൊലച്ചിരിയായിരിക്കും .." വർഷ പറഞ്ഞതുകേട്ട് ജയദേവൻ അവളെ പുച്ഛത്തോടെ നോക്കി.
"ആദിത് സാറാണ് നിന്റെ സവിതയെ കൊന്നതെന്ന് വിചാരിച്ചല്ലേ നീ ഈ താണ്ഡവം അത്രയും  ആടിയത് ..പ്രിയേച്ചിയുടെ ജീവിതം നശിപ്പിച്ചത് ..ഒരുതെറ്റും ചെയ്യാത്ത എന്റെ വിനുവേട്ടനെ   കൊന്നത്....ഈ കൊലച്ചിരി  കഴിയുമ്പോ ഞാൻ മടക്കി  വെച്ച പേജുകൾ ഒന്ന് വായിച്ച് നോക്കുക..അത് കഴിയുമ്പോഴും നിന്റെ ചുണ്ടിൽ ഇതേ ചിരി ഉണ്ടായിരിക്കണം " വർഷ ജയദേവന്റെ  നേരെ അവളുടെ കൈയിലിരുന്ന സവിതയുടെ ബുക്ക് നീട്ടിപിടിച്ചു.
അവൻ ചിരി നിർത്തി അവളുടെ കൈൽ നിന്നും ബുക്ക് വാങ്ങി അവൾ മടക്കിവെച്ച  പേജുകൾ തുറന്ന് വായിച്ചു..ജയദേവന്   തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല.കണ്ണുനീർ മൂടി അവന്റെ കാഴ്ച മങ്ങി.കണ്ണുകൾ തുടച്ച് വീണ്ടും അത് വായിച്ചു. അത് കണ്ടു വർഷ പൊട്ടിച്ചിരിച്ചു.
ആർക്കും കാര്യമെന്തെന്ന് മനസ്സിലായില്ല.
"നിനക്ക് കരയാൻ ഒക്കെ അറിയാമോ?"വർഷ അവനെ പരിഹാസത്തോടെ നോക്കി.
"കരയാൻ സമയമായില്ല.ഇതും കൂടി കേട്ട് നോക്ക്."തന്റെ കൈയിലിരുന്ന ഫോൺ ഉയർത്തിപ്പിടിച്ച്  വർഷ അവനോട് പറഞ്ഞു.അവൾ വോയിസ്റെക്കോർഡർ ഓൺ ചെയ്തു.
"ഒച്ചവെക്കുവോ അലറിക്കറയുവോ എന്ത് വേണമെങ്കിലും  ചെയ്തോ....ആരും വരില്ല...പിള്ളേര് പുറത്തുപോയേകുവാ.എന്റെ ഭാര്യ അവളുടെ മുഖം മിനുക്കാൻ പോയി  .. പിന്നെ ഉള്ളത് മുത്തശ്ശി തള്ള.അവർക്ക് വീണിടം വിഷ്ണുലോകം..ഇനി  ആരെയെങ്കിലും ഫോൺ വിളിക്കാൻ ആണെങ്കിൽ അവര് വരുന്നതിനു മുൻപേ ഞാൻ എന്റെ കാര്യം സാധിച്ചിരിക്കും.."
ജയശങ്കറിന്റെ ശബ്ദം എല്ലാവരും കേട്ടു .
"നാണമില്ലേ നിങ്ങൾക്ക്..എന്റെ അച്ഛന്റെ  പ്രായം ഉണ്ടല്ലോ ..മരിയാദയ്ക്ക് വാതിൽ തുറക്കുന്നുണ്ടോ " വർഷ പറയുന്നു .
 "തുറക്കാം.എനിക്ക് ഇച്ചിരി പരുപാടിയുണ്ട് ..നീ സമ്മതിച്ചാ നമുക്ക് ഒരു ബഹളവുമില്ലാതെ കാര്യം കഴിഞ്ഞ് മാനം മരിയാദയ്ക്ക് ഇവിടെ നിന്നും പോകാം..ഇല്ലെങ്കിൽ!"അയാളുടെ പേടിപ്പിക്കുന്ന ശബ്ദം .
"നിങ്ങടെ ആഗ്രഹം നടക്കണമെങ്കിൽ ഞാൻ മരിക്കണം.." വർഷ കാർക്കിച്ചുതുപ്പുന്നു .
പിന്നെ അവിടെ എന്തൊക്കെയോ പിടിവലി നടക്കുന്ന ശബ്ദം കേൾക്കുന്നു.വർഷയുടെ വായ പൊത്തിപ്പിടിച്ചിരിക്കുന്നതുപോലെ അവളുടെ ഞരക്കവും പിന്നെ   ഫോൺ എങ്ങോട്ടോ  വീഴുന്ന ഒച്ചയും കേൾക്കുന്നു. അവിടെ  ബലപ്രായോഗത്തിനിടയിൽ അയാൾ പറയുന്നത് വ്യക്തമായി കേൾക്കാമായിരുന്നു.
"എടി അധികം കിടന്ന് നെഗളിക്കരുത്.പണ്ടൊരുത്തി ഇതുപോലെ എന്റെ മുൻപിൽ കിടന്ന് കുറെ വിലസിയതാ.ഒരു പ്രാവശ്യം അവളോടൊന്നു വഴങ്ങിത്തരാൻ പറഞ്ഞപ്പോൾ അവൾക്ക് അഹങ്കാരം.ഓരോ പ്രാവശ്യവും അവൾ എന്നെ ആട്ടി അകറ്റി.എന്നെങ്കിലും അവളെ എന്റെ കൈയിൽ  കിട്ടുമെന്ന്  എനിക്ക് അറിയാമായിരുന്നു.അങ്ങനെ കാത്തു കാത്തിരുന്ന് ഒരിക്കൽ അവളെ എന്റെ  കൈയിൽ  കിട്ടി.കാലുപിടിച്ചപേക്ഷിച്ചിട്ടും അവളെന്റെ നേരെ കാർക്കിച്ചുതുപ്പി.അലറിവിളിക്കാൻ തുടങ്ങിയപ്പോൾ ചവിട്ടിത്താഴ്ത്തിയെടി കുളത്തിലോട്ട് !പക്ഷെ എന്റെ നല്ലകാലത്തിന് ആ കുറ്റം  ഒരു ചെറുക്കൻ  സ്വമേധയാ ഏറ്റെടുത്തു. അവന്റെ തന്തേം  ഞാനും കൂടി ലക്ഷങ്ങൾ കൊടുത്താ പോലീസുകാരുടെ വായടപ്പിച്ചത്..അവളുടെ ഗതി നിനക്കും വരണ്ടെങ്കിൽ നീ മരിയാദയ്ക്ക് എന്നെ അനുസരിച്ച് നിന്നോ.." മദ്യലഹരിയിൽ അയാളുടെ സ്വരം കുഴയുന്നുണ്ടായിരുന്നു.
വർഷ അത് ഓഫ് ചെയ്തു. ആദിത് തരിച്ച് നിന്നുപോയി! താൻ ഒരു കൊലപാതകി ആണെന്നോർത്ത് ഇത്രനാളും നെഞ്ചുപൊട്ടി പാപഭാരവും പേറി നടന്നത്  അവന്റെ മനസ്സിലൂടെ കടന്നുപോയി. താൻ അച്ഛനെ പോലെ സ്നേഹിച്ച മനുഷ്യൻ അയാൾ ചെയ്ത കൊടുംക്രൂരത  ഒരു മടിയും കൂടാതെ തന്റെ തലയിലേക്ക് വെച്ചുതരികയായിരുന്നു. ജയദേവന്റെ   കണ്ണുകൾ കോപം കൊണ്ട് ചുവന്നു.അടക്കാനാവാത്ത ദേഷ്യത്തോടെ അവൻ ജയശങ്കറിന്റെ നേരെ ചെന്നു!
കുറ്റം പിടിക്കപ്പെട്ട  കള്ളനെ പോലെ ജയശങ്കർ ആലിലപോലെ വിറച്ചു.മുത്തശ്ശിയും ആദിത്തും അന്ധാളിപ്പോടെ അയാളെ നോക്കി.
"സവിതയുടെ ഡയറി കുറിപ്പുകൾ വായിച്ച് നിങ്ങളുടെ യഥാർത്ഥ സ്വഭാവം ഞാൻ മനസ്സിലാക്കിയിരുന്നു.എന്നെങ്കിലും നിങ്ങൾ എന്റടുത്തും വന്ന് ചാടുമെന്ന് എനിക്കറിയാമായിരുന്നു..കരുതിയിരിക്കുകയായിരുന്നു ഞാൻ..പക്ഷെ നിങ്ങളാണ് സവിതയുടെ മരണത്തിനുത്തരവാദി എന്നോ ഇങ്ങനൊരു കുറ്റസമ്മതം നിങ്ങളുടെ നാവിൽ നിന്ന് വീഴുമെന്നോ  ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല.."വർഷ ജയശങ്കറിനെ നോക്കി പല്ലുകടിച്ചു.
ജയദേവൻ  അയാളുടെ കോളറിൽ പിടിച്ചു.
"നിങ്ങൾ ഒരു സ്ത്രീലമ്പടനാണെന്ന് എനിക്കറിയാമായിരുന്നു.പക്ഷെ സ്വന്തം മകൻ സ്നേഹിക്കുന്ന പെണ്ണിലും നിങ്ങൾ കാമം കണ്ടെത്തുമെന്ന് ഞാൻവിചാരിച്ചില്ല." ജയദേവൻ മുരണ്ടു.
"മോനെ ഞാൻ ..മദ്യലഹരിയിൽ എന്തോ അറിയാതെ പുലമ്പിയതാണ്..അതൊന്നും സത്യമല്ല മോനെ.."ജയശങ്കർ മകന്റെ  മുഖത്തു നോക്കി വിക്കി വിക്കി പറഞ്ഞു.
"സത്യമല്ല അല്ലെ..അപ്പൊ ഇതോ?"ജയദേവൻ വർഷ അവന്  കൊടുത്ത സവിതയുടെ ബുക്കിലെ മടക്കി വെച്ച ചില പേജുകളിലെ  ചില വരികൾ അയാളെ വായിച്ചുകേൾപ്പിച്ചു.
"മുത്തശ്ശിയും അമ്മമാരും ദീപാരാധന  തൊഴാൻ  അമ്പലത്തിൽ പോയി.വികാസ് സാറിന് പനിയായത് കാരണം  അദ്ദേഹവും അപ്പേട്ടനും ഇവിടെ ഉണ്ടായിരുന്നു.അദ്ദേഹത്തിനുള്ള  അത്താഴവും തയാറാക്കിയിട്ട് മേല് കഴുകാൻ  ഞാൻ കുളപ്പുരയിലേക്ക് പോയി.മുഷിഞ്ഞ ബ്ലൗസും പാവാടയുമിട്ട് മുങ്ങിനിവർന്നപ്പോൾ പടവിൽ മാറാൻ വെച്ചിരുന്ന ദാവണിയും കൈയിൽ പിടിച്ച് എന്നെ നോക്കി വഷളച്ചിരിയുമായി അയാൾ ഇരിക്കുന്നു.എന്റെ കൈയിൽ  കടന്നുപിടിച്ചു.എന്നെ വലിച്ച്  അയാളുടെ ദേഹത്തേക്കിടാൻ നോക്കി .അപ്പോഴാണ് എന്റെ പേരും വിളിച്ചുകൊണ്ട് അപ്പേട്ടൻ എന്നെ അന്വേഷിച്ചുവരുന്ന ശബ്ദം കേട്ടത്..നിന്നെ പിന്നെ എടുത്തോളാമെന്ന് പറഞ്ഞ് അയാൾ അവിടെ നിന്നും ഓടി.അപ്പേട്ടൻ കുളപ്പുരയുടെ വാതിലിന്റെ സൈഡിൽ വന്ന് നിന്നു..കുറച്ച് സമയമായിട്ടും എന്നെ കാണാത്തത് കൊണ്ട് അന്വേഷിച്ചു വന്നതായിരുന്നു അപ്പേട്ടൻ.പെട്ടെന്ന് വസ്ത്രം വാരി വലിച്ചുടുത്ത് ഞാൻ അങ്ങോട്ട് ചെന്നു. എന്റെ കണ്ണുകൾ നിറഞ്ഞിരിക്കുന്നത്  കണ്ട്  അപ്പേട്ടൻ കാര്യമന്വേഷിച്ചു.എന്തോ കണ്ടു പേടിച്ചതാണെന്ന് പറഞ്ഞപ്പോൾ ഇനി ത്രിസന്ധ്യക്ക് ഒറ്റയ്ക്ക്   കുളത്തിൽ  വരരുതെന്നും അകത്ത്  ബാത്‌റൂമിൽ പോയി കുളിച്ചോളണമെന്നും അപ്പേട്ടൻ വഴക്ക്  പറഞ്ഞു.അപ്പേട്ടൻ വന്നതുകൊണ്ട്  മാത്രമാണ് ആ ചെകുത്താന്റെ  കൈയിൽ  നിന്നും ഞാൻ രക്ഷപ്പെട്ടത്..എന്നെ ജീവന് തുല്യം സ്നേഹിക്കുന്നുണ്ടെങ്കിലും ഇതുവരെ ആനാവശ്യമായി എന്റെ വിരൽത്തുമ്പിൽ പോലും ദേവേട്ടൻ തൊട്ടിട്ടില്ല. പണ്ട്  കവലയിൽ വെച്ച്  എന്നെ ഒന്ന് നോക്കി എന്തോ വഷളത്തരം പറഞ്ഞതിനാണ്  ദേവേട്ടൻ ശിവനെ അടിച്ച് കൈയും കാലും ഒടിച്ചതും  പിറ്റേന്ന് എന്നെ ഹോസ്പിറ്റലിലേക്ക് വിളിച്ച് ശിവനെ കൊണ്ട്  മാപ്പ് പറയിപ്പിച്ചതും .അങ്ങനെ ഉള്ള ഒരാളോട് സ്വന്തം അച്ഛൻ തന്നെ എന്നെ  നശിപ്പിക്കാൻ നോക്കുന്നുവെന്ന് പറഞ്ഞാൽ എങ്ങനെ  പ്രതികരിക്കും  എന്നെനിക്കറിയില്ല.ദേവേട്ടന്റെ സ്വഭാവം വെച്ച്  ചിലപ്പോ ഒരു കൊലപാതകം തന്നെ നടന്നേക്കാം . കാരണം ദേവേട്ടൻ അത്ര മാത്രം ഈ അമ്മൂനെ ഭ്രാന്തമായി സ്നേഹിക്കുന്നു.."
ജയദേവൻ ജയശങ്കറിന്റെ നോക്കി.അയാൾ നിന്ന് വിറയ്ക്കുന്നു!
" യാദൃശ്ചികമെങ്കിലും എനിക്ക് സവിതയുമായി മുഖസാമ്യം ഉള്ളത്കൊണ്ട് അല്ലെ അന്ന് കടയിൽ വെച്ച് പ്രശ്നമുണ്ടായപ്പോൾ നിങ്ങൾക്ക് അത്രയും ദേഷ്യം വന്നതും എന്നെ അപമാനിച്ചവനെ ഉപദ്രവിച്ചതും അവനെ കൊണ്ട് മാപ്പ് പറയിപ്പിച്ചതും?അറിയാതെ ആണെങ്കിൽ പോലും അന്ന് നിങ്ങൾ എന്നെ വിളിച്ച പേര് ഞാൻ മറന്നിട്ടില്ല..ഇഷ്ടം കൂടുമ്പോ നിങ്ങൾ സവിതയെ വിളിച്ചുകൊണ്ടിരുന്ന അതേ പേര് തന്നെ..അമ്മു..അതും സവിത കുറിച്ചിട്ടിട്ടുണ്ട്.. " വർഷ ജയദേവനോട് ചോദിച്ചു.
ആദിത് പകച്ച് വർഷയെ  നോക്കി. കടയിൽ വെച്ച് എന്തോ ഇഷ്യൂ ഉണ്ടായി എന്നുള്ളത് അവന് പുതിയ അറിവായിരുന്നു.ആരോടും പറയണ്ട എന്ന് പറഞ്ഞെങ്കിലും അന്ന് കടയിൽ വെച്ച് നടന്നതൊക്കെ  വർഷ  അന്നുതന്നെ പ്രിയയോട് മാത്രം പറഞ്ഞിരുന്നു.
ജയദേവൻ ഒന്നും മിണ്ടിയില്ല.അവൻ അടുത്ത പേജ് വായിച്ചു.
"വികാസ് സാറും ശാരദാമ്മയും പ്രിയേച്ചിയും മുത്തശ്ശിയും ഒരു ബന്ധുവീട്ടിൽ പോയി.മായമ്മ അവരുടെ വീട്ടിലും.അപ്പേട്ടനും ദേവേട്ടനും സിനിമ കാണാൻ പോയി.ഞാൻ അടുക്കളയിൽ പാത്രം കഴുകികൊണ്ടിരുന്നപ്പോൾ അയാൾ പിന്നിൽ നിന്നും വന്നെന്നെ വട്ടം ചുറ്റിപിടിച്ചു.എങ്ങനെയോ കുതറി  മാറി ഞാൻ അവിടെ നിന്നും ഓടി റോഡിലിറങ്ങി നിന്നു..അയാൾ സ്വന്തം വീട്ടിലേക്ക് പോയി എന്നുറപ്പ് വരുത്തിയ ശേഷമാണ് ഞാൻ തിരികെ പോയത്. പണ്ടൊക്കെ എല്ലാവരും വെക്കേഷന് വരുന്നെന്നു കേൾക്കുമ്പോൾ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ലായിരുന്നു. ദിവസങ്ങൾ  എണ്ണി  എണ്ണി  കാത്തിരിക്കുമായിരുന്നു.ഇപ്പൊ എല്ലാവരും  എങ്ങനെ എങ്കിലും ഒന്നുപോയി കിട്ടിയാൽ മതിയെന്നേ  ഉള്ളു.അടുക്കളയിലും കുളപ്പടവിലും ഒന്നും അയാളുടെ ഒളിഞ്ഞുനോട്ടം സഹിക്കാൻ പറ്റുന്നില്ല.സ്വന്തം  മകൻ സ്നേഹിക്കുന്ന പെണ്ണാണെന്ന് അറിഞ്ഞാൽ ഒരുപക്ഷെ എന്നോടുള്ള സമീപനത്തിന് മാറ്റം വരുമായിരിക്കും.പക്ഷെ തൽക്കാലം  ദേവേട്ടന്റെ പഠിത്തം കഴിഞ്ഞ് ഒരു ജോലി ആവുന്നതുവരെ ആരും ഈ കാര്യം അറിയരുതെന്നാണ് ഞങ്ങൾ തീരുമാനിച്ചിരിക്കുന്നത്.അതുവരെ അയാളുടെ കൈയിൽ  നിന്നും എങ്ങനെ  എങ്കിലും രക്ഷപെട്ട്  നിന്നെ പറ്റു ..എന്നെയും ദേവേട്ടനെയും പറ്റി  അമ്മയ്ക്ക് എന്തൊക്കെയോ സംശയങ്ങൾ ഉണ്ടെന്ന് തോന്നുന്നു..മുന വെച്ച് എന്തൊക്കെയോ സംസാരിക്കു ന്നുണ്ടായിരുന്നു . ഞാനും ദേവേട്ടനും തമ്മിൽ ഇഷ്ടത്തിലാണെന്നറിഞ്ഞാൽ അമ്മ എന്നെ കൊന്നുകളയും.. ദേവേട്ടന്റെ അച്ഛന്റെ കാര്യം അമ്മയും അറിയാതെ ഇരിക്കുകയാണ് നല്ലത്.പറഞ്ഞാൽ പിന്നെ എന്നെ തറവാട്ടിലേക്ക് പോവാൻ  അനുവദിക്കില്ല.എനിക്കെന്റെ ദേവേട്ടനെ കാണാൻ  പറ്റാതെ ആവും..  "നിറഞ്ഞുവന്ന കണ്ണുകൾ തുടച്ചുകൊണ്ട് ജയദേവൻ പേജുകൾ മറിച്ച്  വായിച്ചുകൊണ്ടിരുന്നു .അവന്റെ ശബ്ദം ഇടറുന്നുണ്ടായിരുന്നു...പിന്നെയുള്ളത് സവിത മരിച്ചതിന്റെ തലേന്നത്തെ കുറിപ്പായിരുന്നു.
"സഹിക്കാവുന്നതിനുമപ്പുറമായി..മുത്തശ്ശിയും ഞാനും തനിച്ചായിരുന്നു ഇന്ന്.. ഞങ്ങളുടെ വീട്ടിൽ കിണറുതേവാൻ ആൾ വരുന്നത്കൊണ്ട്  അമ്മ തറവാട്ടിലേക്ക് താമസിച്ചേ എത്തുകയുള്ളെന്ന് പറഞ്ഞിരുന്നു. .അപ്പേട്ടനും ദേവേട്ടനും കൂട്ടുകാരുടെ കൂടെ കറങ്ങാനും പോയി.വികാസ് സാറും ശാരദാമ്മയും പ്രിയേച്ചിയും മായമ്മയുമായി പ്രിയേച്ചിക്ക് കുറച്ച് സ്വർണം മാറിവാങ്ങാൻ    പോയിരിക്കുകയായിരിക്കുന്നു.അയാളും  അവരുടെ കൂടെ പോയിക്കാണുമെന്നാണ് ഞാൻ വിചാരിച്ചത്..മുത്തശ്ശി കുളിക്കാൻ കേറിയ സമയം ഞാൻ ചായ്പ്പിലായിരുന്നു .അമ്മ കാണാതെ എടുത്ത് വെച്ച കുറച്ച് പുസ്തകങ്ങൾ വായിക്കാൻ.ആരോ ചായ്പ്പടയ്ക്കുന്ന  ശബ്ദം കേട്ടു .ദേവേട്ടൻ എന്നെ പറ്റിക്കാൻ വന്നതാവുമെന്നാണ്  ഞാൻ വിചാരിച്ചത്.പക്ഷെ തൊട്ടുമുൻപിൽ അയാൾ! അയാൾ എന്നെ വലിച്ച്  താഴെ നിലത്തേക്കിട്ടു....പുറം ഇടിച്ച് ഞാൻ താഴെ വീണു.. എന്റെ ഉടുപ്പിൽ പിടിത്തമിട്ടപ്പോൾ എന്റെ പുറംപോളിയുന്ന  വേദനക്കിടയിലും അവിടെ അടുത്ത് കിടന്ന കുത്തുവിളക്കിൽ ഒരെണ്ണം എടുത്ത് ഞാൻ അയാളുടെ കാലിൽ ആഞ്ഞടിച്ചു.അയാൾ നിലംപൊത്തി വീണു.ആ തക്കത്തിന് ഉള്ള ജീവനും  കൊണ്ട് ഞാൻ എഴുന്നേറ്റോടി.അടുക്കളയിൽ കരഞ്ഞുകൊണ്ടിരിക്കുന്ന എന്നെയാണ് അമ്മ വന്നപ്പോൾ കണ്ടത്.കാര്യമന്വേഷിച്ചപ്പോ എല്ലാ സത്യങ്ങളും ഞാൻ തുറന്നുപറഞ്ഞു.അമ്മയും എന്നെ കെട്ടിപിടിച്ച് കരഞ്ഞു.."ജയദേവൻ വായിച്ച് നിർത്തി.എല്ലാവരും ഞെട്ടി സതിയെ നോക്കി.
"നിങ്ങൾക്കെലാം അറിയാമായിരുന്നു അല്ലെ .." ജയദേവൻ കത്തുന്നകണ്ണുകളോടെ സതിയെ നോക്കി.
"പറയ് സവിതയെ ഈ മനുഷ്യൻ ഉപദ്രവിക്കാറുണ്ടെന്നും അയാൾ അവളോട് മോശമായി പെരുമാറിയതും ഒക്കെ അവൾ നിങ്ങളോട് പറഞ്ഞിരുന്നില്ലേ? എന്നിട്ടും അയാളുടെ കൈകളിൽ കിടന്ന് മരിക്കാൻ  നിങ്ങൾ ആ പാവം പെണ്ണിനെ വിട്ടുകൊടുത്തില്ലേ ?  നിങ്ങൾ ഒരു അമ്മയാണോ?ഛീ !" ജയദേവൻ അവരുടെ മുഖത്ത്  നോക്കി പല്ലുകടിച്ചുകൊണ്ട് പറഞ്ഞു.
"എന്റെ കുഞ്ഞിനെ ഈ ദുഷ്ടൻ ഉപദ്രവിക്കുന്നുവെന്ന്  എന്റെ മോൾ അന്നാണ്  ആദ്യമായും  അവസാനമായും എന്നോട്  പറഞ്ഞത്..പക്ഷെ മോൻ പറഞ്ഞതിൽ ഒരു ചെറിയ പിഴവുണ്ട്..എന്റെ മോൾ ഇയാളുടെ കൈകളിൽ കിടന്നല്ല  മരിച്ചത്!" സതി പറഞ്ഞതുകേട്ട് എല്ലാവരും അവരെ തന്നെ കണ്ണുമിഴിച്ച് നോക്കി നിന്നു..
(തുടരും )
രചന:അഞ്ജന ബിജോയ്
പ്രസിദ്ധീകരിച്ച ഭാഗങ്ങൾ വായിക്കാൻ :- https://goo.gl/963Fji
By: Anjana Bijoy, USA

അന്നുപെയ്തമഴയിൽ - Part 14


"ഈ സംഭവം നടന്ന രാത്രി നീ എവിടെയായിരുന്നു എന്നാ  എന്നോട് പറഞ്ഞത്?" ആദിത് നിറകണ്ണുകളോടെ ജയദേവനെ  സൂക്ഷിച്ച് നോക്കി.
"എന്താടാ..?" ജയദേവൻ കാര്യമെന്തന്നറിയാതെ ആദിത്തിനെ നോക്കി.
"നീ അന്നെവിടെ  ആയിരുന്നു.."ആദിത് വീണ്ടും അവനോട് ചോദിച്ചു.
"അത്..നിനക്കറിയാവുന്നതല്ലേ..ഞാൻ എല്ലാവരുടെയും മുൻപിൽ വെച്ച് പറയണോ ?" ജയദേവൻ മടിയോടെ ചോദിച്ചു.
"ചോദിച്ചതിന് ഉത്തരം പറയെടാ.." ആദിത് അലറി.
ആദിത്തിന്റെ ഭാവമാറ്റം കണ്ട് എല്ലാവരും പേടിച്ചു..
"ഞാൻ പറഞ്ഞല്ലോ..സ്ട്രിപ്പ് ക്ലബ്ബിൽ.." ജയദേവൻ മടിച്ച് മടിച്ച് പറഞ്ഞു.
ആദിത് കൈനിവർത്തി അവന്റെ മുഖത്തിനിട്ടൊരെണ്ണം പൊട്ടിച്ചു.
എല്ലാവരും സ്തബ്ധരായി നിന്നു !
"സ്ട്രിപ്പ് ക്ലബ്ബിൽ ആനന്ദിക്കാൻ  പോയ നിന്റെ വാച്ച് എങ്ങനെയാടാ ഈ  ഫോട്ടോയിൽ  എന്റെ പ്രിയേച്ചിയുടെ അടുത്ത് കിടക്കുന്നത്?"ആദിത് കത്തുന്ന കണ്ണുകളോടെ അവനെ നോക്കി.ജയദേവൻ ആ ഫോട്ടോ വാങ്ങി നോക്കി. ആ ഫോട്ടോയിൽ പ്രിയയുടെ  ശരീരത്തിനടിയിൽ   ഒരു വാച്ച് പുറംതിരിഞ്ഞ് പകുതി വെളിയിലേക്ക് നീണ്ടുകിടക്കുനുണ്ടായിരുന്നു..
"നിനക്കെന്താ ഭ്രാന്താണോ? ഇതുപോലത്തെ വാച്ച് ലോകത്ത് ഇവന്  മാത്രമേ ഉള്ളോ?" ജയശങ്കർ  ഒച്ചവെച്ചു.
"ഇത് പിറന്നാൾ സമ്മനമായി ഞാൻ ഇവന് കൊടുത്ത ലക്ഷങ്ങൾ വില  വരുന്ന ഹ്യൂബ്‌ളോട്ടിന്റെ വാച്ച് ആണ്. ഇതിൽ എൻഗ്രേവ് ചെയ്തിരിക്കുന്ന വേർഡ്‌സ്‌  കണ്ടോ? ' ബെസ്റ്റ് ഫ്രെണ്ട്സ്  ഫോറെവർ ജെ.എ.എസ്.പി '. ജെ.എ.എസ്.പി  എന്നാൽ ജയദേവ് ആദിത് സവിത പ്രിയ .നിന്റെ കൈയിൽ ഇത് കാണാഞ്ഞപ്പോ ഞാൻ നിന്നോട് ഇതിനെപറ്റി ചോദിച്ചിരുന്നു.എവിടെയോ വെച്ച് കളഞ്ഞുപോയി എന്ന്  ഒരു മടിയും കൂടാതെ നീ എന്റെ മുഖത്തു നോക്കി കള്ളം പറഞ്ഞു. ഇനി പറയ് ഞാൻ നിനക്ക് സമ്മാനിച്ച ഈ വാച്ച് എങ്ങനെ അവിടെ വന്നു എന്ന് .." ആദിത് ജയദേവന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ചു.
"എനിക്കറിയില്ല.. ആരെങ്കിലും എന്നെ ചതിച്ചതാകാം.. എന്നെ വിശ്വസിക്ക് അപ്പു  ......"ജയദേവൻ  കരഞ്ഞുപറഞ്ഞു.
"അന്ന് ആ ബോട്ട് ഹൗസിൽ നിന്നും ഇറങ്ങാൻ നേരം ആ മുഖംമൂടി ധരിച്ചയാൾ ആരോടോ ഫോണിൽ സംസാരിക്കുന്നത് കേട്ടുവെന്ന് ഞാൻ പറഞ്ഞല്ലോ.ഫോൺ വിളിച്ച അയാൾ പറഞ്ഞത് "ഷി  ഈസ് പേയിങ് ഫോർ വാട്ട് ഹേർ ബ്രദർ ഡിഡ് റ്റു യു.. " എന്നാണ്.എന്റെ ആങ്ങള ആരോടോ ചെയ്ത തെറ്റിന്റെ ശിക്ഷ ആണത്രേ ഞാൻ അനുഭവിക്കുന്നതെന്ന്..ആ ആരോ ഒരാൾ നീ ആയിരുന്നു എന്ന് വളരെ വൈകി ആണെങ്കിലും എനിക്ക് മനസ്സിലായി ദേവാ "പ്രിയ ജയദേവനെ നോക്കി പറഞ്ഞു.പ്രിയ പറയുന്നത്കേട്ട് ആദിത് കണ്ണുമിഴിച്ച് ജയദേവനെ  നോക്കി.
"ഞാൻ.. ഞാനെന്ത് തെറ്റാടാ നിന്നോട് ചെയ്തത്? സ്വന്തം കൂടപ്പിറപ്പായിട്ടാലേ ഞാൻ നിന്നെ കണ്ടിട്ടുള്ളു..എന്നിട്ടും എന്റെ പ്രിയേച്ചിയെ നീ..?" ആദിത് ജയദേവനെ തലങ്ങുംവിലങ്ങും തല്ലി .പിടിച്ച് മാറ്റാൻ ചെന്ന ജയ്ശങ്കറിനെയും അവൻ വകവെച്ചില്ല.
തനിക്കൊന്നുമറിയില്ല.. തന്നെ ആരോ ചതിച്ചതാണെന്ന് അടികൊള്ളുന്നതിനിടയിലും ജയദേവൻ കരഞ്ഞുകൊണ്ട് വിളിച്ച്പറയുന്നുണ്ടായിരുന്നു..ഒടുവിൽ മുത്തശ്ശി ഇടയിൽ കയറിനിന്നപ്പോൾ   ആദിത് ഒന്നടങ്ങി.. മായ ജയദേവനെ  കെട്ടിപ്പിടിച്ച് കരഞ്ഞു.
"ഏതോ ഒരുത്തി എന്തോ പറഞ്ഞെന്നു വെച്ച് എന്റെ കുഞ്ഞിനെ ഇങ്ങനെ  തല്ലിക്കൊല്ലണോ?"ദേഷ്യം കൊണ്ട് മായ വിറയ്ക്കുന്നുണ്ടായിരുന്നു.
"മകനെ രക്ഷിക്കാൻ നോക്കണ്ട മായാന്റി ..സ്വന്തം അമ്മയെ പോലെയാണ് ഞാൻ നിങ്ങളെ സ്നേഹിച്ചത്..സ്വന്തം മകന്റെ ശരീരം നൊന്തപ്പോ നിങ്ങൾക്ക് വേദനിച്ചു അല്ലെ? നിങ്ങളുടെ മകൻ കാരണം ഒരു  രാത്രി മണിക്കൂറുകളോളം ഒരുതെറ്റും ചെയ്യാത്ത ഞാൻ അനുഭവിക്കേണ്ടി വന്ന പറയാൻ അറയ്ക്കുന്ന യാതനകൾക്ക് ആര് സമാധാനം പറയും?എനിക്കും നീതി കിട്ടണ്ടേ മായാന്റി?വർഷ എന്നെ ഈ   ഫോട്ടോ കാണിച്ചപ്പോൾ തന്നെ എനിക്ക് മനസ്സിലായി  അപ്പു നിനക്ക് തന്ന ഗിഫ്റ്റ് ആണ് ഈ വാച്ച് എന്ന് ..ഒന്നും മനസ്സിലാകാതെ ഞാനും അപ്പുവിനെ പോലെ അന്ന് ആ ഫോട്ടോ നോക്കി സ്തബ്ധയായി നിന്നു ..ഞാൻ അത് വർഷയെ  അറിയിച്ചു.എന്നെ കൊല്ലാക്കൊല ചെയ്യാൻ  നീ അയാൾക്ക് നൽകിയ സമ്മാനങ്ങളിൽ ഒന്ന് മാത്രമായിരിക്കണം  ആ വാച്ച്..അല്ലെ ദേവാ?സ്വന്തം അനിയനെ  പോലെ കൂടെ നിന്ന് സ്നേഹിച്ചിട്ട് എന്തിനായുന്നു എന്നോടി കൊലച്ചതി ചെയ്തതെന്ന് എത്ര ആലോചിച്ചിട്ടും എനിക്കുത്തരം കിട്ടിയില്ല.. അപ്പോഴാണ് ദൈവനിശ്ചയമെന്നപോലെ മുത്തശ്ശി വീണുകിടക്കുന്നു എന്ന് പറഞ്ഞ് നാട്ടിൽ നിന്നും ഫോൺ  വന്നത്.മുംബൈയിലെ ഞങ്ങളുടെ വീട്ടിലെ  അടച്ചിട്ട മുറികൾ ഒന്നൊന്നായി തുറന്ന് വർഷ എന്തെങ്കിലും ഒരു തുമ്പിന് വേണ്ടി അലഞ്ഞു..നിരാശ ആയിരുന്നു ഫലം.. പക്ഷെ മുത്തശ്ശിയെ കാണാൻ നാട്ടിലെത്തിയ ഞങ്ങളെ എതിരേറ്റത് ഞെട്ടിക്കുന്ന കുറച്ച് കഥകൾ  ആയിരുന്നു.. നിനക്ക് സവിതയോടുണ്ടായിരുന്ന ഭ്രാന്തമായ പ്രണയത്തിന്റെ  കഥ!   " പ്രിയ  ജയദേവനെ നോക്കി പറഞ്ഞു..ആദിത്തും എല്ലാവരും കണ്ണും മിഴിച്ച്  നിന്നു!
"ടി  കൊച്ചെ  അനാവശ്യം പറയരുത്..കേറി കേറി അങ് മുറത്തിൽ കേറി കൊത്തുവാണല്ലോ.. വായിൽ നാവുണ്ടെന്ന് വെച്ച് ആരെപ്പറ്റിയും എന്ത് അനാവശ്യോം  പറയാം എന്ന് കരുതരുത്  "ജയശങ്കർ  പ്രിയയുടെ നേരെ വിരൽ ചൂണ്ടി ആക്രോശിച്ചു.
ജയദേവൻ മുഖം കുനിച്ച് നിന്നതേ ഉള്ളു..
"പ്രിയേച്ചി പറഞ്ഞത് സത്യമാണ്.ഒരിക്കൽ കുറച്ച് മാസികകൾ  എടുക്കാൻ ചായ്‌പിൽ  കയറിയ എനിക്ക് അവിടെ നിന്നും കുറച്ച് ബുക്ക്സ് കിട്ടി .സവിതയുടെ ഡയറിക്കുറിപ്പുകൾ ആയിരുന്നു അത്...ജയദേവന്റെ മനസ്സിൽ സവിതയോട്  മൊട്ടിട്ട തീവ്രമായ പ്രണയവും എപ്പോഴും കൂടെ നടക്കുന്ന ആദിത് സാറോ   പ്രിയേച്ചിയോ  പോലും അറിയാതെ ചായ്പ്പിലും കുളക്കരയിലും അവർ മനസ്സുകൊണ്ട്  പ്രണയം പങ്കിട്ടതും  ഒരിക്കൽ കവലയിൽ സവിതയെ നോക്കി വഷളൻ കമന്റ് പാസ്സാക്കിയ ഒരാളെ ഇരുട്ടിൽ മറഞ്ഞ് നിന്ന് ജയദേവൻ അടിച്ച് വീഴ്ത്തിയതും ഒക്കെ  സവിത തീയതി സഹിതം  കുറിച്ചിട്ടിട്ടുണ്ട്..."വർഷ കൈയിലിരുന്ന ബുക്ക്  എല്ലാവരെയും ഉയർത്തിക്കാണിച്ചു." ജയദേവൻ സവിതയെ അത്രത്തോളം ഭ്രാന്തമായി സ്നേഹിച്ചിരുന്നത് അവളും ആസ്വദിച്ചിരുന്നു..പക്ഷെ അപ്പോഴും ജയദേവന്  എന്തിന് ആദിത് സാറിനോട് വിരോധം തോന്നണം എന്നത് എനിക്കും പ്രിയേച്ചിക്കും ഉത്തരം കിട്ടാത്ത ചോദ്യമായിരുന്നു  ..അറിഞ്ഞുകൊണ്ടല്ലെങ്കിൽ പോലും സവിതയുടെ  മരണത്തിന്  താൻ  ആണ് കാരണക്കാരാണെന്ന്  ആദിത്  സാർ  എന്നോട് പറയും വരെ.." വർഷ  ആദിത്തിനെ  നോക്കി പറഞ്ഞു.
എല്ലാം കേട്ട് തരിച്ച് നിൽക്കുകയായിരുന്നു ആദിത്.
" എന്താ മോനെ ഇവൾ പറയുന്നത്..നമ്മടെ സവിതയെ മോൻ എന്ത് ചെയ്തെന്നാ .."മുത്തശ്ശി വിറച്ചുകൊണ്ട് അവന്റെ അടുത്തേക്ക് ചെന്നു ..
"കൊന്നു! ഞാൻ പ്രാണനായി കൊണ്ടുനടന്ന എന്റെ പെണ്ണിനെ ഇവൻ നിഷ്ക്കരുണം കൊന്നുകളഞ്ഞു !" അതുവരെ മുഖം താഴ്ത്തി മിണ്ടാതെ നിന്ന ജയദേവൻ മുഖമുയർത്തി ആദിത്തിനെ  നോക്കി അലറി!
അവന്റെ ഭാവമാറ്റം കണ്ട് എല്ലാവരും  അവനെ പകച്ച്  നോക്കി.
"നേരാണോ മോനെ?" മുത്തശ്ശി കരഞ്ഞുകൊണ്ട് ആദിത്തിന്റെ ചുമലിൽ പിടിച്ചു.അവൻ ഒന്നും മിണ്ടാതെ മുഖം താഴ്ത്തി നിൽക്കുകയാണ്..അവൻ കരയുകയായിരുന്നു..
"അറിയാതെ പറ്റിയതാണ് മുത്തശ്ശി..ഒരു തമാശയ്ക്ക് വേണ്ടി അവളെ ഒന്ന് പേടിപ്പിക്കാൻ  വേണ്ടി അവൾക്ക് നീന്തൽ അറിയാമെന്ന ധൈര്യത്തിൽ ചെയ്താണ്...പക്ഷെ പക്ഷെ.."ആദിത് വിതുമ്പി..
"സവിത മരിച്ച അന്ന് നിനക്കൊരബദ്ധം പറ്റി എന്ന് പറഞ്ഞ്  നീ സതിയാന്റിയോട്  കുറ്റസമ്മതം  നടത്തുന്നത് നിന്റെ മുറിയുടെ വാതിൽക്കൽ മറഞ്ഞ് നിന്ന് ഞാൻ കേൾക്കുന്നുണ്ടായിരുന്നു .എന്റെ പെണ്ണിന്റെ ജീവിതം വെച്ച് തമാശ കളിച്ചതാണ്  നിനക്ക് പറ്റിയ അബദ്ധം എന്ന് എനിക്ക് മനസ്സിലായ അന്ന് ഞാൻ തീരുമാനിച്ചതാണ് ഞാൻ എന്ത് അവസ്ഥയിൽ കൂടികടന്നു പോകുന്നോ  അതിന്റെ നൂറിരട്ടി വേദന നിനക്ക് തരണമെന്ന്.കാശ് വാരി എറിഞ്ഞ് നിന്റെയും എന്റെയും തന്തമാര് ചേർന്ന് അതൊരു നാച്ചുറൽ ഡെത്ത്  ആക്കി നിന്നെ രക്ഷപ്പെടുത്തി..ഒരു ഉളുപ്പിമില്ലാതെ ഒരു കുറ്റബോധവുമില്ലാതെ നീ  മൂവ് ഓൺ ചെയ്തു..എന്റെ സവിതയുടെ ശ്വാസം നിലച്ച ആ കുളത്തിൽ തന്നെ നിന്നെ കൊന്നുതാക്കണമെന്ന് ഞാൻ നിശ്ചയിച്ചു.പക്ഷെ അതിൽ പിന്നെ നീ ഒരിക്കൽ പോലും നാട്ടിൽവന്നില്ല.അത് കഴിഞ്ഞായിരുന്നു നിന്റെ തന്തയുടെയും  തള്ളയുടെയും മരണം.ഞാൻ മനസ്സുകൊണ്ട് സന്തോഷിച്ചു.നിന്റെ കണ്ണീരുകണ്ടപ്പോൾ എനിക്ക് കുറച്ചാശ്വാസം കിട്ടി.പക്ഷെ എനിക്ക് നിന്നെ മുഴുവനായും തകർക്കണമായിരുന്നു.അതിനു വേണ്ടി നീ  ഈ ലോകത്ത് ഏറ്റവും സ്നേഹിക്കുന്ന നിന്റെ പെങ്ങളുടെ  ജീവിതം നശിപ്പിക്കാൻ ഞാൻ തീരുമാനിച്ചു.നീണ്ട നാളത്തെ പരിശ്രമത്തിനൊടുവിൽ  ഒരു വാടകക്കൊലയാളിയെ ഞാൻ കണ്ടുപിടിച്ചു..എ റിയൽ സൈക്കോ! " ജയദേവന്റെ കണ്ണുകളിൽ പക ആളിക്കത്തി . " ഞാൻ അയാളെ നേരിട്ട് കണ്ട്  കാര്യങ്ങൾ സംസാരിച്ചു. കൊല്ലരുതെന്ന് ഞാൻ   പ്രത്യേകം പറഞ്ഞിരുന്നു.കാരണം നിന്റെ പ്രിയേച്ചിയുടെ അവസ്ഥ  കണ്ട് നീ ജീവിതകാലം മുഴുവനും നീറി നീറി കഴിയണം.നമ്മൾ അളവറ്റു സ്നേഹിക്കുന്നവർക്ക് എന്തെങ്കിലും ആപത്തുവരുമ്പോൾ നമ്മൾ അനുഭവിക്കുന്ന വേദനയുടെ ആഴം എന്തെന്ന്  നീ മനസ്സിലാക്കണം. പണത്തിനു പുറമെ അയാൾ എന്റെ കൈയിൽ  കിടന്നവാച്ച് കൂടി ആവശ്യപ്പെട്ടപ്പോൾ ഞാൻ സന്തോഷത്തോടെ കൊടുത്തു.കൊടുത്ത പണി ഭംഗിയായി ചെയ്തു എന്ന് പറയാൻ  ആ രാത്രി അയാൾ എന്നെവിളിച്ചു.ഇട്ടിരുന്ന വസ്ത്രവും  മുഖം മൂടിയും എല്ലാം മാറ്റി കുറച്ച് ദൂരം പോയി കഴിഞ്ഞപ്പോളാണ് ഞാൻ അയാൾക്ക് സമ്മാനിച്ച ലക്ഷങ്ങൾ വിലയുള്ള വാച്ച് കൈയിൽ ഇല്ല എന്നയാൾ മനസ്സിലാക്കിയത്.നിന്റെ പ്രിയേച്ചിയുമൊത്ത് നടന്ന പിടിവലിക്കിടയിൽ അവിടെ തന്നെ വീണുപോയതാകാമെന്ന്   അയാൾ വിചാരിച്ചു.തിരിച്ച്  ബോട്ട് ഹൗസിലേക്ക്  ചെന്നപ്പോളാണ് അവിടെ പ്രിയയുടെ ഫോൺ കൈയിൽ  പിടിച്ചിരിക്കുന്ന ഒരു ഹതഭാഗ്യനെ   കണ്ടത്.."പറഞ്ഞിട്ട് ജയദേവൻ വർഷയെ നോക്കി ക്രൂരമായി  ചിരിച്ചു .വർഷ ഓടിച്ചെന്ന് ജയദേവന്റെ ഷർട്ടിന്റെ  കോളറിൽ പിടിച്ചു.
"അയാൾ അയാൾ ആണോ എന്റെ ഏട്ടനെ ഉപദ്രവിച്ചത്?എന്റെ ഏട്ടന് എന്ത് സംഭവിച്ചു?പറ എന്റെ ഏട്ടൻ ജീവനോടെ ഉണ്ടോ?"വർഷ അവനെ പിടിച്ച്കുലുക്കി.അവന്റെ   ഉത്തരത്തിനായി എല്ലാവരും ആകാംഷയോടെ കാതുകൂർപ്പിച്ചു… (തുടരും)

(തുടരും )
രചന:അഞ്ജന ബിജോയ്
പ്രസിദ്ധീകരിച്ച ഭാഗങ്ങൾ വായിക്കാൻ :- https://goo.gl/963Fji
By: Anjana Bijoy, USA

അന്നുപെയ്തമഴയിൽ - Part 13



രചന:അഞ്ജന ബിജോയ്
വർഷ പറഞ്ഞുതുടങ്ങി "കമ്പനിയുടെ പുതിയ പ്രൊജക്റ്റിന്റെ  ഓൺസൈറ്റ് വർക്കിന്‌ വേണ്ടി ആറ്  മാസത്തേക്ക് അമേരിക്കയിൽ ചെന്നതായിരുന്നു വിനു.പ്രൊജക്റ്റ് കഴിഞ്ഞ് പോവുന്നതിന്റെ തലേദിവസം അയാൾ ഫ്രണ്ട്സുമൊത്ത് ബീച്ച്  റോഡിൽ ഉള്ള ഒരു പബ്ബിൽ പോയി. അയാൾ മദ്യപിക്കാറില്ലായിരുന്നു.കൂട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങിയാണ് കൂടെ ചെല്ലാമെന്നേറ്റത്.മൂക്കറ്റം മദ്യപിക്കുന്ന കൂട്ടുകാർകിടയിൽ ജ്യൂസും  കുടിച്ച് മുഷിഞ്ഞിരിക്കുന്ന  സമയം അയാൾ നാട്ടിലുള്ള അയാളുടെ പെങ്ങൾക്ക് ഫോൺ ചെയ്തു. തൊട്ടടുത്തുള്ള ബീച്ച് ഹൗസിൽ  ഉച്ചത്തിലുള്ള പാട്ടും ബഹളവുമായി  പാർട്ടി നടക്കുന്നതിനാൽ ഫോണിൽ അവൾ പറയുന്നതൊന്നും  അയാൾക്ക്  കേൾക്കാൻ സാധിച്ചില്ല.അപ്പോഴാണ് അധികം ദൂരത്തല്ലാതെ ഒരു ബോട്ട് ഹൌസ്  കണ്ടത്. അയാൾ ഫോണുമായി അങ്ങോട്ട്  നടന്നു.ബോട്ട് ഹൗസിന്റെ  സൈഡിൽ നിന്നും അയാൾ സംസാരിച്ചു. തിരികെ വീട്ടിലെത്തുമ്പോൾ   കഴിക്കാൻ തന്റെ പ്രിയപ്പെട്ട വിഭവങ്ങൾ ഉണ്ടാക്കിവെക്കണമെന്നും വരുമ്പോൾ അവൾക്ക് തരാൻ അവിടെ നിന്നും ഏതൊക്കെയോ വാങ്ങികൂട്ടിയിട്ടുണ്ടെന്നും ഒക്കെ അയാൾ പെങ്ങളോട്   പറഞ്ഞു.. പെട്ടെന്നാണ്  ബോട്ട് ഹൗസിൽ  നിന്നും ആരുടെയോ ഞരക്കം കേട്ടത്..ഫോൺ കട്ട് ചെയ്യാതെ അയാൾ ബോട്ട് ഹൗസിലേക്ക്  കയറി..ലൈറ്റ് ഇട്ടപ്പോൾ കണ്ട കാഴ്ച അതിഭയാനകമായിരുന്നു! ചോരയിൽ മുങ്ങിക്കുളിച്ച്  പാതിനഗ്നയായി കിടക്കുന്ന  ഒരു സ്ത്രീരൂപം.അയാൾ അവിടെ കിടന്നിരുന്ന ഒരു തുണി എടുത്ത് അവരെ പുതപ്പിച്ചു.ഫോണിൽ കൂടി പെങ്ങളോട്   കാര്യം പറഞ്ഞു. അയാൾ പറഞ്ഞത് പെങ്ങൾക്ക് വിശ്വസിക്കാനായില്ല.. അയാൾ അവരുടെ അടുത്ത് ചെന്ന് അവരുടെ ഒരു ഫോട്ടോ പെങ്ങളുടെ ഫോണിലേക്ക് അയച്ചു.ആ സ്ത്രീയുടെ  പേഴ്സ്  തൊട്ടടുത്ത് തന്നെ കിടപ്പുണ്ടായിരുന്നു..അതിൽ അവരുടെ ഐഡന്റിറ്റി കാർഡും  ഫോണും ഉണ്ടായിരുന്നു. അവരുടെ ഫോണിലെ  ലോക്ക്സ്‌ക്രീനിൽ   ഒരു ഫോട്ടോയുണ്ടായിരുന്നു. ആ ഫോട്ടോ കണ്ടപ്പോൾ വിനുവിന്  ആ സ്ത്രീ ആരാണെന്ന് മനസ്സിലായി. വിനു ആ ഫോട്ടോയും പെങ്ങളുടെ ഫോണിലേക്ക് അയച്ചു. താൻ അയച്ച ഫോട്ടോസ് അബദ്ധത്തിൽ പോലും ആർക്കും ഫോർവേഡ് ചെയ്യരുത് എന്ന് അയാൾ പെങ്ങളോട് പറഞ്ഞു. ആ സ്ത്രീയുടെ ഫോൺ ലോക്ക് ആയിരുന്നതിനാൽ അയാൾക്കത് തുറന്ന് നോക്കാൻ   പറ്റിയില്ല. അയാൾ അവിടെ കണ്ട ഒരു വാട്ടർ ബോട്ടിൽ
 എടുത്ത് ആ സ്ത്രീയുടെ മുഖത്തേക്ക് വെള്ളം തളിച്ചു.പാതിബോധത്തിൽ കിടന്ന അവർക്ക് അയാൾ കുടിക്കാൻ വെള്ളം  കൊടുത്തു..പ്രൊജക്റ്റ് കഴിഞ്ഞ് പിറ്റേന്ന്  നാട്ടിലേക്ക് തിരിച്ച് പോകേണ്ടതുകൊണ്ട്  പോലീസ് കേസിൽ ഇൻവോൾവ്ഡ് ആയാൽ  ഉടനെ എങ്ങും നാട്ടിലേക്ക് തിരികെപോവാൻ പറ്റാതെ അമേരിക്കയിൽ  ഓരോ നൂലാമാലകളിൽ കുടുങ്ങിക്കിടക്കേണ്ടി വരുമോ  എന്ന  ചിന്തയിലും പിന്നെ ഒരുപക്ഷെ  വാദി പ്രതിയായേക്കുമോ എന്നുള്ള ഭയം കൊണ്ടും അയാൾ  ആ സ്ത്രീയോട് താൻ  അവരുടെ ഫോണിൽ നിന്ന് തന്നെ എമർജൻസി നമ്പർ വിളിക്കുകയാണെന്നും   പറയുന്നത്  പെങ്ങൾ  കേൾക്കുന്നുണ്ടായിരുന്നു..  പക്ഷെ പെട്ടെന്നാണ് എന്തോ ഒരു ശബ്ദം കേട്ടത്..കൂടെ വിനുവിന്റെ  അലർച്ചയും! എന്താണ് സംഭവിച്ചതെന്ന് പെങ്ങൾക്ക്  മനസ്സിലായില്ല..ഫോൺ കട്ട് ആയി..പിന്നീട് ഇന്നുവരെ ആരും  വിനുവിനെ കണ്ടിട്ടില്ല അയാളുടെ ശബ്ദം കേട്ടിട്ടില്ല.."വർഷയുടെ കണ്ണുകൾ നിറഞ്ഞൊഴുകി..
"കുറച്ച് നാളുകൾക്ക് മുൻപ് അമേരിക്കയിൽ നിങ്ങളുടെ കമ്പനിയിൽ വെച്ച് ഒരു സ്റ്റാഫിനെ കാണാതായത് ഓർമ്മയുണ്ടോ ? മിസ്സിംഗ് കേസ് ഒക്കെ രജിസ്റ്റർ ചെയ്തിരുന്നു.പക്ഷെ ഇന്നും അയാൾ എവിടെയാണെന്നോ അയാൾക്കെന്തു സംഭവിച്ചുവെന്നോ ആർക്കുമറിയില്ല.  ഒരു വിനീത് ? "വർഷ ആദിത്യനെ നോക്കി ചോദിച്ചു.
"അതെന്റെ ചേട്ടനാ! എന്റെ വിനുവേട്ടൻ.." വർഷ മുഖം പൊത്തി  കരഞ്ഞു..
പ്രിയ ഒഴികെ  ആദിത്തും മറ്റുള്ളവരും കേട്ടതൊന്നും വിശ്വസിക്കാനാവാതെ പകച്ച്  നിന്നു .

"പ്രിയേച്ചിയുടെ ഐഡി കാർഡ് നോക്കിയപ്പോൾ ഏട്ടന്  സംശയം തോന്നിയിരുന്നു ..പിന്നെ പ്രിയേച്ചിയുടെ  ഫോണിലെ  ആദിത് സാറിന്റെ   ഫോട്ടോ കണ്ടപ്പോൾ  ഏട്ടന് മനസ്സിലായി  അത് സാറിന്റെ പെങ്ങളാണെന്ന്.ഓർമ്മ വെക്കാത്ത പ്രായത്തിൽ ആരോ ഓർഫനേജിൽ ഉപേക്ഷിച്ച് പോയതാ എന്നെയും ഏട്ടനേയുംചിലരുടെ ഒക്കെ സഹായം കൊണ്ട് ഞങ്ങൾക്ക് സ്കൂളിൽ പോയി പഠിക്കാൻ പറ്റി ...ഏട്ടൻ പഠിക്കാൻ മിടുക്കനായിരുന്നു..മെറിറ്റിൽ തന്നെ ഏട്ടന് എഞ്ചിനീയറിംഗ് കോളേജിൽ അഡ്മിഷൻ കിട്ടി.  പഠിത്തം കഴിഞ്ഞ് ഒരു കമ്പനിയിൽ ഏട്ടന് ജോലി കിട്ടി.ഒരു വാടക വീടെടുത്ത് ഏട്ടൻ എന്നെയും കൂട്ടി അവിടെ താമസമാക്കി.കുറച്ച്  നാൾ കഴിഞ്ഞ് പ്രോജക്ടിന്റെ ഭാഗമായി അമേരിക്കയിലുള്ള നിങ്ങളുടെ കമ്പനിയിലേക്ക് ഓൺസൈറ്റ്  പോവാൻ ഏട്ടന് ഒരവസരം കിട്ടി. ആറ് മാസത്തേക്കായാലും അങ്ങോട്ട് പോയാൽ ശമ്പളം കൂടുതൽ കിട്ടുമെന്നുള്ളത് ഏട്ടന് വലിയൊരാശ്വാസമായിരുന്നു..എന്നെ തിരികെ ഓർഫനേജിൽ തന്നെ നിർത്തി ഏട്ടൻ അമേരിക്കയിലേക്ക് പോയി.എല്ലാ ദിവസവും എന്നെ വിളിച്ച് സംസാരിക്കും.. അവിടുത്തെ വിശേഷങ്ങൾ പറയും. തിരിച്ച് വരുന്നതിന്റെ തലേദിവസമായിരുന്നു കൂട്ടുകാരോടൊപ്പമുള്ള ആ പാർട്ടി.ആ ഫോൺ കോളിന് ശേഷം  ഏട്ടന്റെ  ശബ്ദം ഞാൻ കേട്ടിട്ടില്ല വിനുവേട്ടനെ പിന്നെ ആരും കണ്ടിട്ടുമില്ല!ആരോട് ചോദിക്കണം എന്ത്  ചെയ്യണമെന്ന് ഒരു നിശ്ചയവുമില്ലായിരുന്നു. വിനുവേട്ടന്റെ  ഫ്രെണ്ട്സിൽ ചിലരോട്  ചോദിച്ചപ്പോൾ അവരും കൈമലർത്തി. ആകെ കൈയിൽ  ഉണ്ടായിരുന്നത് ഏട്ടൻ അയച്ച്  തന്ന രണ്ടു ഫോട്ടോസ് ആയിരുന്നു..
അനാഥാലയത്തിലെ മദറിനോട് കാര്യങ്ങൾ പറഞ്ഞു.അവരും അവർക്കാവുന്നത്പോലെ ആരെയൊക്കെയോ വിളിച്ച്  ഏട്ടനെ കണ്ടുപിടിക്കുന്നതിന് എന്തെങ്കിലും സഹായം ചെയ്യണമെന്ന് അപേക്ഷിച്ചു.പക്ഷെ ഞങ്ങളെപ്പോലെ ആരും ചോദിക്കാനും പറയാനും ഇല്ലാത്തവരെ കാണാതായാൽ ആർക്കെന്ത് നഷ്ടം.. അതുകൊണ്ട് വിനുവേട്ടന്റെ മിസ്സിംഗ് ഒരു ലോക്കൽ പത്രത്തിലെ ഒരു ചെറിയ കോളത്തിൽ ഒതുങ്ങി. അപ്പോഴാണ് ഞാൻ പ്രിയേച്ചിയെ കുറിച്ച് ഓർത്തത് .പ്രിയേച്ചി ജീവനോടെ ഉണ്ടെങ്കിൽ ഒരുപക്ഷെ എന്നെ സഹായിക്കാൻ പറ്റുമായിരിക്കും  എന്ന് എനിക്ക് തോന്നി.കാരണം പ്രിയേച്ചി ആണ് അവസാനമായി  എന്റെ വിനുവേട്ടനെ നേരിട്ട് കണ്ടത്..പ്രിയേച്ചിയോടാണ് വിനുവേട്ടൻ അവസാനമായി സംസാരിച്ചതും..കിട്ടാവുന്ന ന്യൂസ് പേപ്പറുകളും ഇന്റർനെറ്റും ഒക്കെ ഞാൻ അരിച്ചുപെറുക്കി..പക്ഷെ അമേരിക്കയിൽ ഇങ്ങനെ ഒരു സംഭവം നടന്നതായി എവിടെയും വായിച്ച് കണ്ടില്ല..ആ രാത്രിക്കു ശേഷം പ്രിയേച്ചി ജീവനോടെ ഉണ്ടോ ഇല്ലയോ എന്നെനിക്ക്  അറിയില്ലായിരുന്നു.പിന്നെ ഉള്ള ഒരേ ഒരു വഴി നിങ്ങളെ തേടി വരിക എന്നായിരുന്നു..അതിന് നിങ്ങൾ നാട്ടിലെത്തുന്നത് വരെ കാക്കണമായിരുന്നു..പിന്നീട്  കുറച്ച് നാൾ കഴിഞ്ഞാണ് ആദിത് സാറിന്റെ ഒരു ഇന്റർവ്യൂ ഒരു പത്രത്തിൽ വായിച്ചത്...അതിൽ ആർട്ടിൻ സൊല്യൂഷൻസ്   സി.ഇ.ഓ   ഇപ്പൊ മുംബൈയിൽ  അദ്ദേഹത്തിന്റെ അവധിക്കാല വസതിയിൽ ഉണ്ട് എന്ന് എഴുതിയിരുന്നു ..നിങ്ങളുടെ കൂടെ പ്രിയേച്ചി ഉണ്ടോ ഇല്ലയോ എന്നെനിക്ക് കണ്ടുപിടിക്കണമായിരുന്നു..ഞങ്ങളുടെ കൂടെ അനാഥാലയത്തിലുണ്ടായിരുന്ന  ഒരു കുട്ടി കല്യാണം കഴിഞ്ഞ് മുബൈയിലായിരുന്നു താമസം.ഇടയ്ക്ക്  ഞങ്ങൾ ഫോൺ വിളിച്ച് സംസാരിക്കുമായിരുന്നു.ഈ പത്ര വാർത്ത കണ്ടശേഷം ഞാൻ അവളെ വിളിച്ച് സംസാരിച്ചു.ഞാൻ എന്തിനാണ് വരുന്നതെന്ന് അറിഞ്ഞപ്പോൾ ആദ്യം അവൾ വിലക്കി.ഞാൻ കരഞ്ഞുപറഞ്ഞപ്പോൾ ഒരുകാരണവശാലും ഇതിന്റെ പേരിൽ അവൾക്കോ അവളുടെ ഭർത്താവിനോ ഒരാപത്തും  സംഭവിക്കരുത് എന്ന ഉറപ്പിന്മേൽ  അവൾ സമ്മതിച്ചു. അങ്ങനെ  അവളുടെ അടുത്തേക്ക് പോകാൻ ഞാൻ തീരുമാനിച്ചു.മദറിനോട് കാര്യങ്ങൾ പറഞ്ഞാൽ  സമ്മതിക്കില്ല എന്ന്  എനിക്കറിയാമായിരുന്നു.അതുകൊണ്ട് ഒരു ജോലി തേടി അവളുടെ അടുത്തേക്ക് പോവാണെന്ന് കള്ളം പറഞ്ഞു.
അങ്ങനെ ഞാൻ മുബൈയിൽ എത്തി അവരുടെ കൂടെ താമസം തുടങ്ങി..നിങ്ങളുടെ വീട്ടിൽ കയറാനുള്ള  എളുപ്പവഴി ആയാണ്  ഞാൻ സെയിൽസ് ഗേളിന്റെ  ജോലി ഏറ്റെടുത്തത്..അങ്ങനെ സതിയമ്മയുമായി അടുത്തു...പിന്നെ അമ്മയുടെ കാലുപിടിച്ച് ആ വീട്ടിൽ  കയറിപ്പറ്റി. പക്ഷെ ഇവിടെ വരുന്നത് വരെ എനിക്ക് അറിയില്ലായിരുന്നു യാദൃശ്ചികമായിട്ടാണെങ്കിലും സവിതയുമായി ചെറിയ മുഖ സാമ്യം ഉള്ളത് കൊണ്ടാണ് സതിയമ്മ എന്നെ ഉപേക്ഷിക്കാഞ്ഞതെന്ന്…  പിന്നീടാണ്  അടച്ചിട്ട ആ  മുറിക്കുള്ളിൽ  പ്രിയേച്ചി ഉണ്ടെന്ന  സത്യം മനസ്സിലാക്കിയത്.പ്രിയേച്ചി ജീവനോടെ ഉണ്ടെന്നറിഞ്ഞപ്പോൾ തന്നെ എനിക്ക് പാതി ആശ്വാസമായി.പ്രിയേച്ചിയുടെ അവസ്ഥ വളരെ മോശമാണെന്ന് എനിക്ക് മനസ്സിലായിരുന്നു.പല തവണ ഞാൻ പ്രിയേച്ചിയുടെ മുറിക്കുള്ളിൽ കയറാൻ ശ്രമിച്ചു.പക്ഷെ സതിയമ്മ ഒരിക്കലും സമ്മതിച്ചില്ല.ആരും കാണാതെ കയറിയ ദിവസമാണ് പ്രിയേച്ചി എന്നെ അടിച്ചതും ഞാൻ ബോധം കേട്ട് വീണതും ..പക്ഷെ ഞാൻ പിന്മാറാൻ ഒരുക്കമല്ലായിരുന്നു..എന്റെ ഏട്ടന് വേണ്ടി എന്തും നേരിടാൻ ഞാൻ തയാറായിരുന്നു. പിന്നീട് കയറിയപ്പോളും  പ്രിയേച്ചി  എന്നെ ഉപദ്രവിക്കാൻ വന്നു.പക്ഷെ ഞാൻ പ്രിയേച്ചിയോട് ആ രാത്രി പ്രിയേച്ചിക്ക് എന്താണ് സംഭവിച്ചതെന്ന് എനിക്കറിയാമെന്നും  ആ രാത്രി അതുപോലെ തന്നെ വേദന ഏറ്റുവാങേണ്ടി വന്ന ഒരാളുണ്ട് അയാളിന്ന് എവിടെയാണെന്നോ ഏതവസ്ഥയിലാണെന്നോ   ഒന്നും എനിക്കറിയില്ല പ്രിയേച്ചി എന്നെ സഹായിക്കണം എന്നും പറഞ്ഞ് പ്രിയേച്ചിയുടെ കാലുപിടിച്ച് കരഞ്ഞു.. വിനുവേട്ടന്റെ ഫോട്ടോയും ഏട്ടൻ എനിക്കയച്ച് തന്ന ഫോട്ടോസും  ഞാൻ പ്രിയേച്ചിയെ  കാണിച്ചു." പറഞ്ഞതും വർഷ പൊട്ടിക്കരഞ്ഞു.. അവൾ പറഞ്ഞതൊന്നും  വിശ്വസിക്കാനാവാതെ ആദിത്തും മുത്തശ്ശിയും മറ്റുള്ളവരും അവളെ  നോക്കി..
 "വർഷ പറഞ്ഞത് സത്യമാണ്..വിനു അയച്ചിരുന്ന ഫോട്ടോസ് വർഷ എന്നെ കാണിച്ചു.വിനു എന്റെ ഫോണിൽ നിന്നും എമർജൻസി നമ്പർ വിളിച്ചു. അതെ സമയം തന്നെയായിരുന്നിരിക്കണം  വിനു  ആക്രമിക്കപ്പെട്ടത്. തൊട്ടടുത്ത നിമിഷം  അയാൾ അപ്രത്യക്ഷനായി ! എന്റെ ഫോണിൽ നിന്നും കാൾ വന്നതനുസരിച്ച് ലൊക്കേഷൻ ട്രാക്ക് ചെയ്ത്  പോലീസ് ബോട്ട് ഹൗസിൽ വന്നെന്നെ രക്ഷപെടുത്തി..അവർ അപ്പുവിനെ  വിളിച്ചുവരുത്തി.. മരണവെപ്രാളത്തിനിടയ്ക്ക് ഞാൻ തന്നെ നമ്പർ ഡയൽ ചെയ്തതാകാമെന്നാണ്  അവരും വിചാരിച്ചത്.. അന്ന് രാത്രി ജീവച്ഛമായി കിടന്ന  എന്നോട് കരുണ കാണിച്ച എന്നെ രക്ഷപ്പെടുത്തിയ ആ പാവം ഇന്നെവിടെയാണെന്ന് ആർക്കുമറിയില്ല.. "പ്രിയ കരഞ്ഞുകൊണ്ട് പറഞ്ഞു...

"ആ ഫോട്ടോസ് ..അതെവിടെ?" ജയദേവൻ ചോദിച്ചു.
വർഷ തന്റെ ഫോൺ എടുത്ത് ആദിത്തിന് നേരെ നീട്ടി.വിനുവിന്റെ ഫോട്ടോ  കണ്ടപ്പോൾ കുറച്ച് നാളുകൾക്ക് മുൻപ് ഇങ്ങനെ ഒരാൾ തന്റെ കമ്പനിയിൽ  നിന്നും  മിസ്സിംഗ് ആയതും മിസ്സിംഗ് കേസ് രെജിസ്റ്റർ ചെയ്തിട്ടും ഒരു തുമ്പും കിട്ടാത്തതും ആദിത്തിന്  ഓർമ്മവന്നു...
പിന്നെ വിനു വർഷയ്ക്ക് അയച്ചുകൊടുത്ത ഫോട്ടോസ് അവൻ കണ്ടു.
താനും ജയദേവനും തോളിൽ കൈയിട്ട്  ചിരിച്ചുകൊണ്ട് നിൽക്കുന്നതായിരുന്നു   പ്രിയയുടെ ഫോണിലെ ലോക്ക് സ്ക്രീൻ ഫോട്ടോ.
രണ്ടാമത് അയച്ച ഫോട്ടോ കാണാൻ ശക്തി ഇല്ലാതെ ആദിത് കണ്ണുകളടച്ചു..
അതിൽ ചോരയിൽ കുളിച്ചുകിടക്കുന്ന പ്രിയയുടെ മുഖം വ്യെക്തമായിരുന്നു ! അവൻ കണ്ണുതുറന്ന് ആ ഫോട്ടോയിലേക്ക് നോക്കി..  പെട്ടെന്ന് അവന്റെ കണ്ണുകൾ ഒന്ന് കുറുകി..ആ ഫോട്ടോ മുഖത്തോടടുപ്പിച്ച് വീണ്ടും അതിൽ നോക്കി.അവന്റെ തലയ്ക്കകത്  ഒരു വിസ്ഫോടനം നടന്നു.. കണ്ടത് വിശ്വസിക്കാനാകാതെ കണ്ണിമചിമ്മാതെ അവൻ വീണ്ടും വീണ്ടും അതിൽ നോക്കികൊണ്ടിരുന്നു..
കാര്യമെന്തെന്നറിയാതെ മുത്തശ്ശിയും ജയശങ്കറും മായയും ദേവനും അവനെ നോക്കികൊണ്ടിരുന്നു..
"എന്ത് പറ്റി  മോനെ?"മായ ചോദിച്ചു.
അവൻ പതിയെ മുഖമുയർത്തി എല്ലാവരെയും നോക്കി.അവന്റെ കണ്ണുകൾ നിറഞ്ഞുകവിഞ്ഞിരുന്നു..
അവൻ പതിയെ ആ ഫോട്ടോയുമായി അവിടെ നിന്ന ഒരാളുടെ അടുത്തേക്ക് ചെന്നു.
(ഈ കഥ അതിന്റെ അവസാന ഭാഗങ്ങളിലേക്ക് എത്തിച്ചേരുകയാണ്.. ...)

(തുടരും )
രചന:അഞ്ജന ബിജോയ്
പ്രസിദ്ധീകരിച്ച ഭാഗങ്ങൾ വായിക്കാൻ :- https://goo.gl/963Fji
By: Anjana Bijoy, USA

അന്നുപെയ്തമഴയിൽ - Part 12


രചന:അഞ്ജന ബിജോയ്

പെട്ടെന്നാണ് വാതിലിൽ ആരോ മുട്ടിയത്.പിന്നെ തുടരെ തുടരെ ഉള്ള മുട്ട് കേട്ടു .അയാൾ വർഷയുടെ വായ നല്ലതുപോലെ പൊത്തിപ്പിടിച്ചു.അവളെ റൂമിലേക്ക്  വലിച്ചിഴയ്ക്കുന്നതിനിടയിൽ അവിടെ  മേശയിൽ ഇരുന്ന  ഒരു പേന എടുത്ത് അവൾ അയാളുടെ കൈയിൽ ആഞ്ഞുവരഞ്ഞു.അയാൾ വേദന കൊണ്ട്  പുളഞ്ഞു.ആ തക്കം നോക്കി വർഷ  അയാളുടെ കൈ തട്ടിമാറ്റി  ഓടിച്ചെന്ന് വാതിൽ തുറന്നു .അവിടെ ജയശങ്കറിനെ  നോക്കി കത്തുന്ന കണ്ണുകളുമായി നിൽക്കുന്നു സതി!
സതിയെ കണ്ടതും  വർഷ അവരെ കെട്ടിപ്പിടിച്ച്  കരഞ്ഞു.ജയശങ്കർ  ഒന്നും മിണ്ടാതെ അവരെ രണ്ടുപേരെയും  പുച്ഛത്തോടെ നോക്കിയ ശേഷം വീടിന്  പിൻവശത്തെ വാതിലിൽ കൂടി ഇറങ്ങി പോയി.

ഈ സംഭവം തൽക്കാലം  ആരോടും പറഞ്ഞ് വഷളാക്കണ്ട എന്ന് സതി വർഷയെ  ഉപദേശിച്ചു.
അവൾ കരഞ്ഞുകൊണ്ട് അവളുടെ മുറിയിലേക്ക് പോയി  കതകടച്ചു..അവളുടെ ശരീരം  ആലിലപോലെ വിറയ്ക്കുണ്ടായിരുന്നു.അവൾ തന്റെ ഫോൺ എടുത്ത് അതിലെ ഫോട്ടോ നോക്കി .അവളുടെ കണ്ണുകളിൽ വല്ലാത്തൊരു തിളക്കം വന്നു.അവളുടെ ചുണ്ടിന്റെ കോണിൽ ഒരു ചിരി പടർന്നു..
സതിയും വർഷയും  കൂടിയ വിഷുക്കണി ഒരുക്കി.രാവിലെ എല്ലാവരും എഴുന്നേറ്റ്  വിഷുക്കണി കണ്ടു. പ്രിയയും സതിയും വർഷയും മായയും  എല്ലാവരും കൂടി വിഷു സദ്യ ഒരുക്കി..അമ്പലത്തിൽ പോയി ഭഗവാനെ തൊഴുതു.. മുത്തശ്ശി എല്ലാവർക്കും  വിഷുക്കൈനീട്ടം കൊടുത്തു.  അവർ എല്ലാവരും ഊണ് കഴിക്കാനായി ഇരുന്നു. പ്രിയ മാത്രം കഴുത്തും കൈകളും മറഞ്ഞുകിടക്കുന്ന സെറ്റിന്റെ ഒരു  ചുരിദാറും ബാക്കി സ്ത്രീകൾ എല്ലാവരും മുണ്ടും നേര്യതും പുരുഷന്മാർ ജുബ്ബയും  മുണ്ടുമായിരുന്നു വേഷം .എല്ലാവരും ഒരുമിച്ചിരുന്ന് വിഭവസമൃദ്ധനായ  വിഷു സദ്യ ഉണ്ടു .വർഷ ജയശങ്കറിനെ  ശ്രദ്ധിച്ചുകൂടി ഇല്ല.ജയശങ്കറിനും അത്  അത്ഭുതമായിരുന്നു.അവളുടെ നടത്തം കണ്ടാൽ  ഇന്നലെ അങ്ങനൊരു സംഭവം നടന്നതിന്റെ യാതൊരു ലക്ഷണവുമില്ല.
പ്രിയയുടെ  മുഖത്ത് വലിയ തെളിച്ചമില്ലായിരുന്നു.ആദിത്തും വർഷയും  തമ്മിലുള്ള മൗനസല്ലപങ്ങൾ അവൾ  ശ്രദ്ധിക്കുണ്ടായിരുന്നു.
സദ്യ  കഴിഞ്ഞ് എല്ലാവരും ഉമ്മറത്ത്  ഒരുമിച്ചിരിക്കുകയായിരുന്നു. പ്രിയ കുറച്ച് കിടക്കണമെന്ന് പറഞ്ഞ് മുറിയിലേക്ക് പോയി.ആദിത് അവളുടെ പിറകെ ചെന്നു.
"എന്ത് പറ്റി  പ്രിയേച്ചി..എന്താ ഒരു വിഷമം പോലെ?" ആദിത് വെപ്രാളത്തോടെ കാര്യം തിരക്കി .പ്രിയയ്ക് പിന്നെയും എന്തെങ്കിലും വയ്യായ്ക വന്നോ എന്നായിരുന്നു അവന്റെ പേടി.
"നീ.. നിനക്ക് വർഷയെ  ഇഷ്ടമാണോ?" പ്രിയ ചോദിച്ചു.
ആദിത്ത് ഒന്ന് പരുങ്ങി.പ്രിയേച്ചി മനസ്സിലാക്കിയിരിക്കുന്നു..
"ഞാൻ പറയാൻ ഇരിക്കുകയായിരുന്നു.എനിക്ക് അവളെ കല്യാണം കഴിക്കാൻ ആഗ്രഹമുണ്ട് പ്രിയേച്ചി .."ആദിത് ചമ്മലോടെ പറഞ്ഞു.
"നിനക്കവളെ കുറിച്ച് എന്തറിയാം അപ്പു?" പ്രിയ ഗൗരവത്തോടെ ചോദിച്ചു.
പ്രിയ എന്താണ് ഉദ്ദേശിച്ചതെന്ന് ആദിത്തിന്  മനസിലായില്ല.
"എന്താ പ്രിയേച്ചി അങ്ങനെ ചോദിച്ചത്.." ആദിത്ത് ചോദിച്ചു.
"അവളെ എനിക്കും ഇഷ്ടമായിരുന്നു.പക്ഷെ എപ്പോഴോ അവൾ നമ്മളിൽ നിന്നും എന്തൊക്കെയോ മറച്ചുപിടിക്കുന്നത്പോലെ എനിക്ക് തോന്നി.. സംശയം തോന്നി ഞാൻ അവളുടെ ഫോൺ പരിശോധിച്ചു .ഓർഫനേജിൽ ആരോ ഉപേക്ഷിച്ചുപോയി  ആരോരുമില്ലാതെ അവിടെ വളർന്ന അനാഥക്കുട്ടിയോട് ഇതാരാണെന്ന്  ചോദിച്ച്  നോക്ക് അപ്പു! " പ്രിയ തന്റെ കൈയിലിരുന്ന  വർഷയുടെ ഫോൺ ആദിത്തിന് നേരെ നീട്ടിക്കൊണ്ട് പറഞ്ഞു.ആദിത് അവളുടെ കൈയിലിരുന്ന ഫോൺ മേടിച്ച് നോക്കി.അതിന്റെ ലോക്ക് സ്‌ക്രീനിൽ വർഷയും  ഒരു ചെറുപ്പക്കാരനും  തോളിൽ കൈയിട്ട് നിൽക്കുന്ന  ഫോട്ടോ കണ്ടു .  ആദിത്തിന്റെ ഉള്ളൊന്ന് പിടച്ചു..ആരായിരിക്കും ഇത്? ഈ ചെറുപ്പക്കാരനെ താൻ എവിടെയോ കണ്ടിട്ടുണ്ടെന്ന് അവന് തോന്നി.പക്ഷെ ഓർത്തെടുക്കാൻ പറ്റുന്നില്ല..ഇതായിരിക്കണം അവൾ അന്ന് തന്നെ കണ്ടപ്പോൾ ഒളിപ്പിക്കാൻ ശ്രമിച്ചത്. ആദിത്തിന് താൻ ചതിക്കപ്പെടുന്നത്പോലെ തോന്നി .അവന് വർഷയോട് അടങ്ങാത്ത  ദേഷ്യം വന്നു.നേരെ അടുക്കളയിലേക്ക്  ചെന്നു .
അവിടെ സതിയുടെ കൂടെ എന്തോ പണിയിലായിരുന്നു വർഷ .
ആദിത്തിന്റെ വരവ് കണ്ട് സതി  പേടിച്ചുപോയി.
ആദിത് വർഷയുടെ  കൈക്ക് പിടിച്ച് അവളെ അവന്റെ അടുത്തേക്ക് മാറ്റിനിർത്തി.
"ഇതാരാ ? നീയും ഇവനും തമ്മിൽ എന്താ ബന്ധം " വർഷയുടെ  ഫോൺ അവൾക്ക്  നേരെ നീട്ടി ആദിത് നിന്ന് വിറച്ചു.
വർഷ  പകച്ച് നിന്നു!
"ചോദിച്ചതുകേട്ടില്ലേ അനാഥ ആണ് ആരോരുമില്ലാത്തവൾ ആണെന്ന് പറഞ്ഞിട്ട് നീ തോളിൽ കൈയിട്ട് കെട്ടിപ്പിടിച്ച് നിൽക്കുന്നത്  ഏതവന്റെ കൂടെയാ ?" ആദിത്തിന്റെ  ഒച്ച കേട്ട് ഉമ്മറത്ത്  നിന്നും എല്ലാവരും അങ്ങോട്ട്  വന്നു.
"സൂക്ഷിച്ച്  സംസാരിക്കണം.ഞാൻ അറിയാതെ എന്റെ ഫോൺ പരിശോധിക്കുന്നത് മരിയാദ അല്ല." വർഷയ്ക്കും ദേഷ്യം  വന്നു.
"നിന്റെ കള്ളത്തരം കണ്ടുപിടിച്ചപ്പോൾ ഇപ്പൊ ഞാൻ മരിയാദ  ഇല്ലാത്തവൻ അല്ലെ.എന്തിനു വേണ്ടിയാ കള്ളം പറഞ്ഞ്  ഞങ്ങളുടെ  അടുത്ത്   നീ കൂടിപ്പറ്റിയത്?"ആദിത് ഒച്ചവെച്ചു.
"മോനെ പതുക്കെ അവൾക്കെന്താ  പറയാനുള്ളതെന്ന് കേട്ടുനോക്ക്" സതി പറഞ്ഞു.
"എനിക്കൊന്നും പറയാനില്ല.എന്റെ ഫോൺ തന്നേക്ക് ഞാൻ പോയേക്കാം" വർഷ പറഞ്ഞു.
"അവൾക്ക് ഒന്നും പറയാനുണ്ടാവില്ല സതിയാന്റി.എന്റെ അനിയത്തിയെപ്പോലെയാ  ഞാൻ ഇവളെ കണ്ടത്..സ്നേഹിച്ചത്.സതിയാന്റിക്കും  ഇവൾ സ്വന്തം മകളെ പോലെ ആയിരുന്നില്ലേ. എന്നിട്ട് സതിയാന്റിയോട്  പോലും ഇവൾ എന്തെങ്കിലും പറഞ്ഞോ?ഇനിയും എന്തൊക്കെ കള്ളത്തരങ്ങൾ കൈയിലിരിപ്പുണ്ടെന്ന്  ആർക്കറിയാം. " പ്രിയ വർഷയെ  നോക്കി ദേഷ്യത്തോടെ പറഞ്ഞു..
"നിങ്ങൾ കൂടുതൽ ഷൈൻ ചെയ്യണ്ട.നിങ്ങളുടെ കൈയിലിരുപ്പിന്റെ ഫലം ആണല്ലോ നിങ്ങളിന്ന് അനുഭവിക്കുന്നത്..കുറേകാലം ഭ്രാന്താശുപത്രിയിൽ ആയിരുന്നല്ലോ."വർഷ പ്രിയയെ നോക്കി പറഞ്ഞു.എല്ലാവരും പകച്ചുപോയി!
"എന്താ മോളെ ഇവള് പറയുന്നത്.." മുത്തശ്ശി കണ്ണുമിഴിച്ച് പ്രിയയെ നോക്കി.
പ്രിയയും ആദിത്തും എല്ലാവരും ഞെട്ടിനിൽക്കുകയാണ്!
"അതെ ഈ സ്ത്രീയുടെ തന്നെ വായിൽ നിന്നും ഒരിക്കൽ അറിയാതെ വീണുപോയതാ.. ആരുടെയോ കൂടെ കറങ്ങിനടന്ന്  അവരുടെ ആവശ്യം കഴിഞ്ഞ്  അവർക്ക് വേണ്ടാതായപ്പോ കറിവേപ്പിലപോലെ വലിച്ചെറിഞ്ഞു.എന്നിട്ടിപ്പോ എന്റെ കൈയിലിരിപ്പാണത്രെ  മോശം!" വർഷ പുച്ഛത്തോടെ പ്രിയയെ നോക്കി പറഞ്ഞു.
ആദിത് കൈനിവർത്തി വർഷയുടെ കവിളത്താഞ്ഞടിച്ചു!അരിശം തീരാഞ്ഞ് അവൻ ഒന്നുകൂടി അടിച്ചു .അടിയുടെ ശക്തിയിൽ വർഷ കമഴ്ന്നടിച്ച്  നിലത്തേക്ക് വീണു.അവളുടെ ചുണ്ടിന്റെ കോണിൽ  നിന്നും ചോര ഒലിച്ചിറങ്ങി..ജയദേവൻ തടഞ്ഞില്ലായിരുന്നുവെങ്കിൽ ആദിത്  വർഷയെ  വീണ്ടും ഉപദ്രവിച്ചേനേം..
"ഹോ സത്യം പറഞ്ഞപ്പോ ഇയാൾക്ക് നൊന്തു അല്ലെ..എല്ലാവരും കേൾക്കട്ടെ  പെങ്ങളുടെ  കൈയിലിരുപ്പിന്റെ ഗുണം."
"മിണ്ടരുത് നായെ..ഒരക്ഷരം മിണ്ടരുത്..ഇപ്പൊ ഇറങ്ങിക്കോണം ഇവിടുന്ന്.."ആദിത് അലറി.
"മോളെ ഈ പെണ്ണ് പറയുന്നതൊക്കെ സത്യമാണോ മോളെ? " മുത്തശ്ശി കണ്ണീരോടെ പ്രിയയോട് ചോദിച്ചു.
"മുത്തശ്ശി ഇതെന്തറിഞ്ഞിട്ടാ ?  എവിടുന്നോ വന്ന ഏതോ ഒരുത്തി പറയുന്നതൊക്കെ വിശ്വസിക്കാനും മാത്രം മണ്ടി  ആണോ മുത്തശ്ശി?"  ആദിത് മുത്തശ്ശിയോട് ഒച്ചവെച്ചു..
"വേണ്ട അപ്പു.മുത്തശ്ശിയോട് ഇനിയൊന്നും മറച്ചുവെക്കണ്ട..എന്നായാലും  എല്ലാവരും അറിയും." പ്രിയ കണ്ണുകൾ തുടച്ചുകൊണ്ട് പറഞ്ഞു..
"പ്രിയേച്ചി.."ആദിത് അവളെ ശാസനപോലെ വിളിച്ചു.
"വർഷ പറഞ്ഞത് ഒരു പരിധിവരെ സത്യമാണ് മുത്തശ്ശി..ഞാൻ കുറച്ച് നാൾ അമേരിക്കയിലെ ഒരു  മെന്റൽ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു...അതിവിടെ നിൽക്കുന്ന ജയശങ്കർ അങ്കിളിനും  മായാന്റിക്കും  ദേവനും ഒക്കെ അറിയാം.അത് പക്ഷെ വർഷ പറഞ്ഞതുപോലെ കാമം മൂത്ത് എന്റെ ഇഷ്ടക്കാരന്റെ കൂടെ ചുറ്റിനടന്നിട്ടോ അയാൾ ഉപേക്ഷിച്ചിട്ടോ അല്ല..."പ്രിയ കണ്ണുകളടച്ചു.ആ നശിച്ച രാത്രിയിലെ ഭയാനകമായ  ഓർമ്മകളിൽ അവളുടെ ശരീരം വിറച്ചു.അവൾ എല്ലാവരോടുമായി പറഞ്ഞുതുടങ്ങി..
"ഞാനും ഞാൻ പുതിയതായി ജോയിൻ ചെയ്ത  കമ്പനിയിലുള്ള കുറച്ചുപേരും ഞങ്ങളുടെ ബോസ്സിന്റെ ബീച്ച് കോട്ടേജിൽ  ഹാലോവീൻ പാർട്ടി ആഘോഷിക്കുകയായിരുന്നു...ഹാലോവീൻ  എന്നാൽ മരിച്ചവരെ  ഓർമ്മിക്കുന്ന ദിവസം..അന്ന്  പ്രേതങ്ങളുടേതുപോലെ മുഖം മൂടി ഇട്ടും വസ്ത്രം ധരിച്ചും അങ്ങനെ പേടിപ്പിക്കുന്ന രീതിയിലുള്ള ഹാലോവീൻ കോസ്ററ്യൂംസ്  ധരിച്ചായിരുന്നു എല്ലാവരും വന്നത്..പരസ്പരം കണ്ടാൽ തിരിച്ചറിയില്ല.. അല്ലെങ്കിലും പുതിയ കമ്പനിയും പുതിയ ആൾക്കാരും ആയത്കൊണ്ട് എന്റെ ടീമിലെ ഒന്ന് രണ്ടുപേരെ അല്ലാതെ എനിക്കവിടെ അധികം ആരെയും പരിചയമില്ലായിരുന്നു.. ഞങ്ങളുടെ  ടീമിൽ എന്നെപോലെ  പുതിയതതായി ജോയിൻ ചെയ്ത  ലിഡിയ എന്നൊരു പെൺകുട്ടിയുടെ ഒപ്പമായിരുന്നു ഞാൻ അവിടെ ചെന്നത്..പാർട്ടിക്ക് നമ്മുടെ പാർട്ണറെയും നമ്മുടെ ഒപ്പം കൂട്ടാമായിരുന്നു .ലിഡിയയുടെ ബോയ്‌ഫ്രണ്ട്‌ വന്നതോടെ ഞാൻ അവരുടെ അടുത്ത് നിന്നും മാറിനിന്നു.പാട്ടും ഡാൻസും  ബഹളവുമായി പാർട്ടി കൊഴുക്കുകയായിരുന്നു.ഞാൻ അധികം നിൽക്കില്ല അപ്പു എന്നെ  വിളിക്കാൻ വരുമെന്ന് ഞാൻ ലിഡിയയോട് നേരത്തെ പറഞ്ഞിരുന്നു.കുറച്ച് കഴിഞ്ഞപ്പോ മുഖം മൂടി ഇട്ട് ആരോ വന്ന് അവിടെ ലിഡിയ ബോട്ട് ഹൗസിൽ  വീണുകിടക്കുന്നു എന്നോട് അങ്ങോട്ട്  ചെല്ലാമോ എന്ന് അവൾ  ചോദിച്ചെന്നു പറഞ്ഞു.. അയാൾ ഓഫീസിലെ  തന്നെ സ്റ്റാഫ് ആണെന്ന് കരുതി അയാൾ പറഞ്ഞതുപോലെ ഞാൻ ബോട്ട് ഹൗസിലേക്ക്  ഓടി... ബീച്ച് കോട്ടേജിൽ  നിന്നും കുറച്ച്  ദൂരം മാറി ആയിരുന്നു ആ ബോട്ട് ഹൗസ് .വാതിൽ തുറന്നുകിടപ്പുണ്ടായിരുന്നു.അവിടെ അധികം  വെളിച്ചമില്ലായിരുന്നു.ഞാൻ ലിഡിയയുടെ പേര് വിളിച്ച് അകത്തേക്ക് കയറിയതും  ആരോ വാതിൽ കുറ്റി  ഇടുന്ന ശബ്ദം കേട്ടു .തിരിഞ്ഞുനോക്കിയതും ലിഡിയ വീണ്  കിടക്കുന്നു എന്ന്  എന്നോട് വന്ന്  പറഞ്ഞ ആ മുഖംമൂടിക്കാരൻ! എന്തെങ്കിലും ചോദിക്കാൻ പറ്റുന്നതിന്  മുൻപേ  അയാൾ എന്റെ വാ തുണികൊണ്ട് മൂടിക്കെട്ടി. പിന്നെ അയാൾ എന്നെ..എന്നെ.." വാക്കുകൾ കിട്ടാതെ പ്രിയ വിതുമ്പി..
"മതി പ്രിയേച്ചി .."ആദിത് അവളെ ചേർത്തുപിടിച്ചു .കത്തുന്ന കണ്ണുകളോടെ അവൻ വർഷയെ  നോക്കി..അവളുടെ മുഖഭാവമെന്തെന്ന് അവന്  മനസ്സിലാക്കാൻ പറ്റിയില്ല..
"ഇല്ല അപ്പു.ഒരു റേപ്പ് നടന്നു എന്നല്ലാതെ അന്ന് ഞാൻ എന്ത് മാത്രം വേദന അനുഭവിച്ചു എന്ന് ഇവർക്കാർക്കും അറിയില്ല..അപ്പോഴും അയാൾ മുഖം മൂടി ഉപേക്ഷിച്ചിരുന്നില്ല .അയാളുടെ ആവശ്യം കഴിഞ്ഞപ്പോൾ എന്നെ അവിടെ ഉപേക്ഷിച്ചു പോവുമെന്നാണ് ഞാൻ വിചാരിച്ചത്. പക്ഷെ അതുകഴിഞ്ഞാണ് അയാൾ ശരിക്കും കളി  തുടങ്ങിയത്.കൈയിൽ കരുതിയിരുന്ന ബ്ലേഡും കല്ലുകളും റ്റെയ്‌സറും കൊണ്ട്   പാതിച്ചത്ത  എന്റെ ശരീരത്തിൽ അയാൾക്ക് അയാളുടെ വൈകൃതങ്ങൾ തീർക്കാനുണ്ടായിരുന്നു. റ്റെയ്‌സർ വെച്ച് എന്റെ ശരീര ഭാഗങ്ങളിൽ ഷോക്ക് അടിപ്പിച്ചുകൊണ്ടിരുന്നു... എന്റെ ഉള്ളിലേക്ക് കല്ലുകൾ കുത്തി ഇറക്കി.
വായിൽ തുണി കെട്ടിയത്കൊണ്ട് ഒന്നലറിക്കരയാൻ  പോലുമാകാതെ പച്ചമാംസത്തിലൂടെ ബ്ലേഡ് ഉറഞ്ഞിറങ്ങുന്ന സുഖം ഞാൻ അനുഭവിച്ചു. .ശബ്ദമില്ലാത്ത എന്റെ കരച്ചിലും ഞരക്കവും  എല്ലാം അയാളുടെ ആവേശം കൂട്ടികൊണ്ടിരുന്നു..അയാളുടെ ആവേശമെല്ലാം കഴിഞ്ഞ്  ഞാൻ മരിച്ചു എന്ന് തോന്നിയിട്ടാകണം അയാൾ പതിയെ അവിടെ നിന്നുമിറങ്ങി. ഇറങ്ങാൻ നേരം അയാൾ ആരെയോ വിളിച്ച് എന്തോ പറയുന്നത് കേട്ടു... നേരത്തെ വരാമെന്ന് വാക്ക് പറഞ്ഞെങ്കിലും ഓഫീസ് മീറ്റിങിനിടയിൽ  അപ്പു എന്നെ വിളിക്കാൻ വരണമെന്ന കാര്യം  വിട്ടുപോയി. അപ്പു വന്ന് എന്നെ കൂട്ടിക്കൊണ്ട്  പോയി കാണുമെന്ന് വിചാരിച്ച് ലിഡിയയും എന്നെ അന്വേഷിച്ചില്ല… ” പ്രിയ പറയുന്നതുകേൾക്കാൻ  ത്രാണി ഇല്ലാതെ മുത്തശ്ശി ചെവിരണ്ടും പൊത്തിപ്പിടിച്ച്   നിലത്തിരുന്നു. .
"എന്റെ പൊന്നു കുഞ്ഞേ എന്തോരം അനുഭവിച്ചു മോളെ നീ..ആവതില്ലാഞ്ഞിട്ടും രണ്ടുനേരവും മുടങ്ങാതെ ഈ വൃദ്ധ അമ്പലത്തിൽ പോയി മനസ്സുരുകി വിളിക്കാറുണ്ട് ഭഗവാനെ എന്റെ കുഞ്ഞുങ്ങൾക്ക്  ആപത്തൊന്നും വരുത്തല്ലേ എന്നും പറഞ്ഞ് ..എന്നിട്ടും ഒരു ദാക്ഷണ്യവുമില്ലാതെ  എന്റെ കുഞ്ഞിനെ  കൈവിട്ടല്ലോ ഭഗവാനെ..  "മുത്തശ്ശി പ്രിയയെ നോക്കി ഉച്ചത്തിൽ  ഏങ്ങലടിച്ച് കരഞ്ഞു.
"അങ്ങനെ വിളിച്ചതുകൊണ്ടായിരിക്കാം മുത്തശ്ശി ഇത്രയൊക്കെ അനുഭവിച്ചിട്ടും ഞാനിന്നും ജീവനോടെ നിൽക്കുന്നത്...
കുറച്ചുനേരം ഞാൻ അവിടെ കിടന്നു.എന്റെ ശരീരം പിളർന്നുപോവുന്ന വേദനായിരുന്നു..പതിയെ എന്റെ ബോധം മറഞ്ഞു..കുറച്ച് കഴിഞ്ഞപ്പോൾ ആരോ എന്റെ മുഖത്ത് വെള്ളം തളിക്കുന്നത്പോലെ എനിക്ക് തോന്നി.പാതി കണ്ണുതുറന്ന് നോക്കിയപ്പോൾ ഒരു ചെറുപ്പക്കാരനായിരുന്നു അത്!"
പ്രിയ പറഞ്ഞു..
ആദിത്തും ബാക്കി ഉള്ളവരും അവളെ ചോദ്യഭാവത്തിൽ നോക്കി..
"ഞാൻ നിങ്ങളോട് അയാളെക്കുറിച്ച് പറഞ്ഞിട്ടില്ല അപ്പു..ബോധം വീണതുമുതൽ ഞാൻ ഭ്രാന്തമായ ഒരവസ്ഥയിൽ ആയിരുന്നല്ലോ."പ്രിയ പറഞ്ഞുതുടങ്ങി.
"അയാൾ മുറിയിലെ ലൈറ്റ് ഇട്ടിരുന്നു..മുഖം മൂടി ധരിച്ച ആളെപോലെ എന്നെ ഉപദ്രവിക്കാൻ വന്ന ആളാകുമെന്നായിരുന്നു ഞാൻ ആദ്യം വിചാരിച്ചത്..ഞാൻ ശബ്ദമില്ലാതെ അലറിക്കരഞ്ഞു.. ഞാൻ നോക്കിയപ്പോൾ പാതി നഗ്നയായി ദേഹം മുഴുവൻ ചോര ഒലിപ്പിച്ച്  കിടക്കുന്ന എന്നെ അയാൾ അവിടെ കിടന്നിരുന്ന ഒരു ഷീറ്റുകൊണ്ട് പുതപ്പിച്ചിരുന്നു.എന്റെ വായിൽ നിന്നും തുണി എടുത്ത് മാറ്റി.കൈയിലിരുന്ന  കുപ്പിയിൽ നിന്നും അയാൾ എന്റെ വായിലേക്ക് വെള്ളം ഇറ്റിച്ചു .വിക്കി ചുമച്ച് ഞാൻ അയാളുടെ മുഖത്തേക്ക് ചോര തുപ്പി.ആ പാവം അതെല്ലാം തുടച്ച്  വിഷമിക്കണ്ട എന്ന് പറഞ്ഞ് എന്നെ ആശ്വസിപ്പിച്ചു .എന്റെ ഫോണിൽ നിന്ന് തന്നെ അയാൾ എമർജൻസി നമ്പർ വിളിക്കാൻ പോവുകയാണെന്നും പറഞ്ഞു. പക്ഷെ ശരീരം നുറുങ്ങുന്ന വേദനയിൽ എന്റെ ബോധം പിന്നെയും മറഞ്ഞു..ഉണർന്നെഴുന്നേൽക്കുമ്പോൾ ഞാൻ ഹോസ്പിറ്റലിൽ ആയിരുന്നു..മനസ്സിനും ശരീരത്തിനും ഏറ്റ മുറിവിന്റെ ഷോക്കിൽ എന്റെ മാനസികനില ആകെ തെറ്റിയിരുന്നു..പിന്നീട് കുറച്ചുനാൾ ഞാൻ അവിടെ മെന്റൽ ഹോസ്പിറ്റലിൽ ആയിരുന്നു.ആരെ കണ്ടാലും അലറിവിളിക്കും.എന്റെ അടുത്ത് ആരെങ്കിലും  വന്നാൽ ചിലപ്പോൾ ഉപദ്രവിക്കും.ഇരുട്ടായിരുന്നു എനിക്കിഷ്ടം.ഉണർന്നിരുന്നാൽ അലറിവിളിക്കുകയും അടുത്ത് ചെല്ലുന്നവരെ ഉപദ്രവിക്കുകയും ചെയ്തിരുന്നത്കൊണ്ട് മിക്കപ്പോഴും ഞാൻ സെഡേഷനിലായിരുന്നു. നാളുകൾ കഴിഞ്ഞിട്ടും എന്റെ അവസ്ഥ മോശമായികൊണ്ടിരുന്നത്കൊണ്ട്  അപ്പു എന്നെ മുംബൈയിലെ ഞങ്ങളുടെ വീട്ടിലേക്ക്  കൊണ്ടുവന്നു.കാര്യങ്ങൾ എല്ലാം ധരിപ്പിച്ച് സതിയാന്റിയെ നാട്ടിൽ നിന്നും വിളിച്ചുവരുത്തി..  കുഞ്ഞുന്നാളിലേ തൊട്ട് എനിക്ക് അടുപ്പമുള്ള ഞാൻ അമ്മയെപ്പോലെ സ്നേഹിക്കുന്ന സതിയാന്റിയുടെ സാമീപ്യവും സ്നേഹത്തോടെയുള്ള പരിചരണവും ഒരുപക്ഷെ  എന്നെ നോർമൽ ആക്കുമെന്ന് അപ്പുവിന് തോന്നി." പ്രിയ പറഞ്ഞുനിർത്തി.
"പ്രിയേച്ചിയെ രക്ഷിക്കാൻ ശ്രമിച്ച ആ ചെറുപ്പക്കാരൻ ആരാണെന്ന്  അറിയാമോ  പ്രിയേച്ചി?അയാളെ നേരത്തെ കണ്ടിട്ടുണ്ടോ? "
ജയദേവൻ ചോദിച്ചു.
"അയാളുടെ  പേര് വിനു!" വർഷ പറഞ്ഞു.
എല്ലാവരും  അവളെ അമ്പരപ്പോടെ നോക്കി.
(ഇതാ രഹസ്യങ്ങളുടെ ചുഴുളഴിയാൻ തുടങ്ങുന്നു..!)

(തുടരും )
രചന:അഞ്ജന ബിജോയ്
പ്രസിദ്ധീകരിച്ച ഭാഗങ്ങൾ വായിക്കാൻ :- https://goo.gl/963Fji
By: Anjana Bijoy, USA

അന്നുപെയ്തമഴയിൽ - Part 11


രചന:അഞ്ജന ബിജോയ്
"നിങ്ങൾ എന്നാ  ഇനി അങ്ങോട്ട്?" ജയദേവൻ  ചോദിച്ചു.
"അറിയില്ലെടാ.പ്രിയേച്ചിക്കുവേണ്ടിയാ ഇവിടെ വന്നത്..ചേച്ചിയെ ഇവിടെ ഒറ്റയ്ക്കാക്കിയിട്ട്  അങ്ങോട്ട്  പോകാനും മനസ്സുവരുന്നില്ല..പിന്നെ ഇൻഡെഫിനിറ്റ്  ആയിട്ട് ഇവിടെ നിൽക്കാനും പറ്റില്ലല്ലോ.."ആദിത് പറഞ്ഞു.
"ചേച്ചിയെ ഇട്ടേച്ചു പോവുന്നത് മാത്രമാണോ അതോ .." ജയദേവൻ  വർഷയുടെ റൂമിലേക്ക് നോക്കി ചോദിച്ചു.
"ഒന്ന് പോടാ..എത്തിയില്ല അതിനുമുൻപ് എഫ്.ബി.ഐ പണി തുടങ്ങി.. "ആദിത് കപട ദേഷ്യത്തോടെ  അവനെ നോക്കി.
"എന്തായാലും നീ പെട്ടെന്ന് അങ് വാ..നീ  ഇല്ലാതെ അവിടെ ഒരു രസ്സവുമില്ലടാ.."ജയദേവൻ പറഞ്ഞു.
"വരാം..ഇപ്പൊ പ്രിയേച്ചിയുടെ കാര്യമാടാ  എന്റെ പ്രയോറിറ്റി...അവിടെ ആയിരുന്നപ്പോഴത്തെ  കണ്ടിഷൻ നിനക്ക് ഓർമ്മയുണ്ടല്ലോ..ഇറ്റ് വാസ് ഹൊറിബിൾ! സഹിക്കാൻ വയ്യാതായപ്പഴാ  മുംബൈയിലേക്ക് കൊണ്ടുവന്നതും സത്യങ്ങളെല്ലാം പറഞ്ഞ് സതിയാന്റിയെ കൂട്ടിന് വിളിച്ചതും..ആ സമയം നാട്ടിലേക്ക് കൊണ്ടുവന്നിരുന്നെങ്കിൽ..  മുത്തശ്ശി അറിഞ്ഞിരുന്നെങ്കിൽ.. തകർന്നുപോയെനേം ആ പാവം.ഞങ്ങളെന്ന്  വെച്ചാ ജീവനാ മുത്തശ്ശിക്ക്....പിന്നെ നാട്ടുകാരുടെ ചോദ്യവും പറച്ചിലും ഒക്കെ ഉണ്ടാവും..."ആദിത് വേദനയോടെ  പറഞ്ഞു.
"എന്തായാലും ആ കുട്ടി കൊള്ളാം .നമ്മുടെ പ്രിയേച്ചിക്ക് ഇത്രയും മാറ്റം വരാൻ ആ കുട്ടിയല്ലേ കാരണം. കാണാനും വലിയ കുഴപ്പമില്ല.നിനക്ക് താൽപ്പര്യം ഇല്ലെങ്കിൽ  ഞാൻ എടുത്തോളാം.."ജയദേവൻ ആദിത്തിനെ   നോക്കി പറഞ്ഞു.
"കൊല്ലും ഞാൻ.."ആദിത് ചിരിച്ചുകൊണ്ട്  അവന്റെ തോളത്ത് ഇടിച്ചു .
"അങ്ങനെ വഴിക്ക് വാ മോനെ..നിന്നെ വിറ്റ  കാശ് എന്റെ കൈയിൽ  ഉണ്ട്..നിന്നെ ഞാൻ ഇന്നും ഇന്നലെയും അല്ലല്ലൊ  കാണാൻ തുടങ്ങിയത്.. " ജയദേവൻ ചിരിച്ചുകൊണ്ട്  ആദിത്തിന്റെ തോളിൽ  കൈയിട്ടു.
പ്രിയ ജയദേവനോട് ആ പഴയ അടുപ്പമൊന്നും കാട്ടിയില്ല..അവന് അതിൽ നല്ല വിഷമം ഉണ്ടായിരുന്നു.
"നിനക്കറിയാമല്ലോ ടാ പ്രിയേച്ചിയുടെ കാര്യങ്ങൾ..ലെറ്റസ്‌ ഗിവ് ഹേർ സം  ടൈം ."ആദിത് അവനെ ആശ്വസിപ്പിച്ചു.
പിറ്റേന്ന് വൈകിട്ട് പ്രിയയും വർഷയും ആദിത്തും ജയദേവനും വിഷുവിന് എല്ലാവര്ക്കും ഉടുക്കാനുള്ള തുണികളും  മറ്റും മേടിക്കാൻ കടയിൽ  പോയി. പ്രിയയ്ക്ക് താൽപര്യം  ഇല്ലായിരുന്നുവെങ്കിലും ആദിത് പ്രിയയേയും വർഷയേയും നിർബന്ധിച്ച് കൂടെ കൂട്ടി..പ്രിയയും വർഷയും സെറ്റ് സാരി നോക്കുകയായിരുന്നു.ആദിത്തും ജയദേവനും അവിടെ ഉള്ള കസേരയിൽ ഇരുന്ന് സംസാരിച്ചുകൊണ്ടിരുന്നു..അവിടെ ഒന്ന് രണ്ടു ചെറുപ്പക്കാർ പ്രിയയുടെയും വർഷയുടെയും തൊട്ടടുത്ത് നിന്ന് തുണികൾ നോക്കുകയാണെന്ന വ്യാജേന അവർക്ക് മാത്രം കേൾക്കാമെന്ന രീതിയിൽ വൃത്തികെട്ട കമന്റുകൾ പറയുന്നുണ്ടായിരുന്നു.. പ്രിയ പെട്ടെന്ന് വർഷയുടെ കൈപിടിച്ച് വേഗം അവിടെ നിന്ന് പോന്നു.
"എന്താ പ്രിയേച്ചി സാരി ഒന്നും കിട്ടിയില്ലേ?" ആദിത് അമ്പരപ്പോടെ ചോദിച്ചു.
"നമുക്ക് വേറെ കടയിൽ പോകാം.ഇവിടെ വേണ്ട.."വർഷ പറഞ്ഞു.
"നമുക്ക് പോവാം.."പ്രിയ ധൃതിവെച്ചു.. പ്രിയയുടെ മുഖം കണ്ടപ്പോൾ എന്തോ പന്തികേടുണ്ടെന്ന് അവർക്ക് മനസ്സിലായി.
"എന്ത് പറ്റി പ്രിയേച്ചി..?"ആദിത് ചോദിച്ചു.
"ഒന്നുമില്ല തലകറങ്ങുന്നപോലെ..പെട്ടെന്ന് പോവാം."പ്രിയ ആദിത്തിന്റെ മുഖത്തു നോക്കാതെ പറഞ്ഞു.
"ഞാൻ ഒന്ന് ബാത്‌റൂമിൽ പോയിട്ട് വരാം.നിങ്ങൾ നടന്നോളു.." വർഷ അവരോട് പറഞ്ഞു.
"ഞാൻ വർഷയുടെ കൂടെ വന്നേക്കാം.നീ പ്രിയേച്ചിയേം കൊണ്ട് കാറിലേക്ക്  പൊയ്ക്കോളൂ.."ജയദേവൻ പറഞ്ഞു. പ്രിയ വർഷയെ ഒന്ന് നോക്കി.അവൾ കുഴപ്പമില്ല എന്ന് കണ്ണുകൾ കൊണ്ട് ആംഗ്യം കാണിച്ചു.ആദിത്തും പ്രിയയും കാർ പാർക്ക് ചെയ്ത സ്ഥലത്തേക്ക് നടന്നു..
വർഷ ബാത്റൂം അന്വേഷിച്ച്  പോയി.ജയദേവൻ അവിടെ കസേരയിൽ തന്നെ ഇരുന്നു. വര്ഷയെയും പ്രിയയെയും കളിയാക്കിയ ചെറുപ്പക്കാരിൽ ഒരാൾ വർഷ പോയതിന് പിറകെ സ്ത്രീകളുടെ ബാത്റൂമിന്റെ സൈഡിലേക്ക് പോയി.വർഷ ഇറങ്ങിവന്നതും അവൻ വർഷയുടെ പിറകിൽ അറിയാത്തഭാവത്തിൽ തട്ടിയിട്ട് നടന്നുപോയി.
"ഛീ!"വർഷ കൈ നിവർത്തി അവന്റെ കരണത്ത് പൊട്ടിക്കാൻ തുടങ്ങി.പെട്ടെന്ന് അവൻ വർഷയുടെ കൈയിൽ കടന്നുപിടിച്ചു.
അവിടെ ഒച്ചയും ബഹളവും കേട്ടപ്പോൾ കാര്യമെന്തന്നറിയാൻ  ജയദേവൻ അങ്ങോട്ട് ചെന്നു. അവിടെ ആൾക്കൂട്ടത്തിന് നടുവിൽ കരഞ്ഞുകൊണ്ടിരുന്നു വര്ഷയെ കണ്ടതും ജയദേവൻ അമ്പരന്നു.
"എന്ത് പറ്റി?" ജയദേവൻ ചോദിച്ചു.
"വഴിയേ നടന്നുപോകുന്ന ആണുങ്ങളെ കൈ നീട്ടി അടിക്കാൻ തുടങ്ങുന്നു..ഇതെന്താ വെള്ളരിക്കാപ്പട്ടണമോ?" ആ ചെറുപ്പക്കാരൻ വർഷയെ ചൂണ്ടി ഒച്ചവെക്കുന്നു.ആൾക്കാർ അവിടെ നിന്ന് കാഴ്ച്ച കാണുന്നതല്ലാതെ ആരും ഇടപെടാൻ വന്നില്ല.
"വെറുതെ അല്ല.ഇയാൾ എന്റെ..എന്റെ.."വർഷ വാക്കുകൾ കിട്ടാതെ വിതുമ്പി.ജയദേവൻ വർഷയെ ചേർത്തുപിടിച്ചു.
"അനിയാ ഈ പ്രായമൊക്കെ കഴിഞ്ഞിട്ട് തന്നെയാ ഞാനും വന്നത്..ഒരു കാരണവുമില്ലാതെ ഈ കുട്ടി നിന്നെ അടിക്കാൻ കൈ ഓങ്ങില്ല . .അതുകൊണ്ട് ചെയ്ത തെറ്റിന് ഒരു മാപ്പ് പറഞ്ഞേക്ക്." ജയദേവൻ പറഞ്ഞു.അപ്പോഴേക്കും കടയുടെ മാനേജർ ഹരി അവിടേക്ക് വന്നു.
"പിന്നെ മാപ്പ്!കോപ്പ് പറയാം..ഓരോരോ അലവലാതികൾ ഇറങ്ങിക്കോളും മനുഷ്യന്റെ മാനം കളയാനായിട്ട്..ചുമ്മാ ഷോ കാണിക്കാൻ നോക്കാതെ പോവാൻ നോക്ക്‌ സാറെ.." ആ ചെറുപ്പക്കാരൻ  ജയദേവനെ  പുച്ഛത്തോടെ നോക്കി പറഞ്ഞു..
"നിങ്ങൾ ഒന്നും ചെയ്തിട്ടില്ല എന്ന് അല്ലെ പറഞ്ഞത്..?ഇവള് പറഞ്ഞത് ചിലപ്പോ കള്ളം ആയിരിക്കും."ജയദേവൻ പറഞ്ഞതുകേട്ട് വർഷ കരഞ്ഞുകൊണ്ട്   അവനെ നോക്കി. "എന്തായാലും നമുക്ക് ഇവിടുത്തെ സി.സി.ടി.വി ഒന്ന് പരിശോധിക്കാം..അനിയന്റെ നിരപരാധിത്വം എല്ലാവരുടെയും മുൻപിൽ വെച്ച് നമുക്ക് തെളിയിക്കാം."ജയദേവൻ പറഞ്ഞു.വർഷ അമ്പരപ്പോടെ അവനെ നോക്കി.
ജയദേവൻ പറഞ്ഞതുകേട്ട് ആ ചെറുപ്പക്കാരൻ ഒന്ന് പരുങ്ങി.
സി.സി.ടി.വി ദൃശ്യങ്ങൾ കാണിക്കണമെങ്കിൽ കടയുടമയുടെ പെർമിഷൻ വേണമെന്ന് മാനേജർ ഹരി പറഞ്ഞു.
"പുതിയ ആളാ അല്ലെ?" ജയദേവൻ ഹരിയോട് ചോദിച്ചു.
"അതെ സാർ . എങ്ങനെ മനസ്സിലായി?" ഹരി ചോദിച്ചു.
പെട്ടെന്ന് ജയദേവൻ ആരെയോ ഫോൺ വിളിച്ച് സംസാരിച്ചു.
"ആഹ് വൈശാഖെ ..ഇത് ദേവൻ ആണ്..അപ്പൂം ഉണ്ട് കൂടെ.ഞങ്ങളിപ്പോ നിന്റെ ഷോപ്പിലുണ്ട്..ഒരു ചെറിയ പ്രശ്നം.."ജയദേവൻ കാര്യങ്ങൾ പറഞ്ഞു.വൈശാഖൻ പെട്ടെന്ന് തന്നെ അവിടെ എത്താം എന്ന് പറഞ്ഞ് ഫോൺ വെച്ചു..കടയുടെ ഓണറും ജയദേവനും ആദിത്തും അടുത്ത കൂട്ടുകാർ ആണെന്ന് വർഷയ്ക്ക് മനസ്സിലായി.
സംഗതി പന്തിയല്ലെന്ന് കണ്ട ആ ചെറുപ്പക്കാരൻ അവിടെ നിന്നും ഓടി രക്ഷപെടാൻ ശ്രമിച്ചു.ജയദേവൻ അവന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ച് അവന്റെ മൂക്കിനിട്ട് തന്നെ നല്ലൊരിടി കൊടുത്തു.അവൻ മലർന്നടിച്ച് താഴെ വീണു. കൈകൾ കൊണ്ട് മൂക്ക് പൊത്തി അവിടെ കിടന്നു.അവന്റെ കൂടെ ഉണ്ടായിരുന്ന മറ്റു രണ്ടുപേർ അവിടെ നിന്നും ഓടി. അടികൊണ്ടവൻ  വേദനകൊണ്ട് ഞരങ്ങുന്നുണ്ടായിരുന്നു.
"പൊക്രിത്തരം  ചെയ്തതും പോരാ അത് ചോദിക്കാൻ വരുമ്പോ അവന്റെ ഒരു അഹങ്കാരം..! ഇവളോട്  മാപ്പ്‌ പറയെടാ. " ജയദേവൻ ദേഷ്യം കൊണ്ട്  നിന്ന്‌ വിറച്ചു.ആ ചെറുപ്പക്കാരൻ അവിടെ കിടന്നുകൊണ്ട് തന്നെ വർഷയെ നോക്കി മൂക്ക് പൊത്തിപ്പിടിച്ച് എന്തോ  പറഞ്ഞു.അവൻ പറഞ്ഞത് തിരിഞ്ഞില്ലെങ്കിലും അവന്റെ മുഖഭാവത്തിൽ നിന്നും അത് 'മാപ്പ്' ആണെന്ന് മനസ്സിലായി.
"ഇതങ് നേരത്തെ പറഞ്ഞാൽ പോരായിരുന്നോ അനിയാ.."ജയദേവൻ അവനെ കളിയാക്കി.
"ഹരി..ഇവനെ എടുത്ത് ഏതെങ്കിലും ഹോസ്പിറ്റലിൽ കോണ്ടാക്ക്... വൈശാഖനെ  ഞാൻ വിളിച്ച് പറഞ്ഞോളാം..."ജയദേവൻ ഹരിയോട് പറഞ്ഞു.
 "നിങ്ങളുടെ വീട്ടിലും ഈ പ്രായത്തിലുള്ള പെൺകുട്ടികൾ ഉണ്ടാവുമല്ലോ അല്ലെ?എന്നെങ്കിലും അവർക്കും ഈയൊരു അവസ്ഥ വരുകയാണെങ്കിൽ  അന്നും  ഇതേപോലെ കാഴ്ച്ചക്കാരായി നിൽക്കണം കേട്ടോ.."ജയദേവൻ അവിടെ  കൂടിനിന്നവരെ പുച്ഛത്തോടെ നോക്കി.
വർഷയുടെ കൈയും പിടിച്ച് അവിടെ നിന്നും ഇറങ്ങി.
എല്ലാം കണ്ട് സ്തംഭിച്ച് നിൽക്കുകയായിരുന്നു വർഷ.
"ഇതൊന്നും അവരോട് ചെന്ന് പറയണ്ട കേട്ടോ അമ്മു ..ചുമ്മാ ടെൻഷൻ അടിക്കും.." ജയദേവൻ വർഷയെ  നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു..
ജയദേവനെ ഇത്ര ദേഷ്യത്തിൽ ആദ്യം കാണുകയായിരുന്നു വർഷ..പക്ഷെ അതിനിടയിൽ അവൻ തന്നെ വിളിച്ച പേരും അവൾ ശ്രദ്ധിച്ചു.അമ്മു!
ഉച്ചയ്ക്ക് ശേഷം സതിക്ക്  നടുവ്  തിരുമ്മിക്കാൻ ആയുർവേദ ശാലയിൽ  പോവേണ്ടിയിരുന്നത്കൊണ്ട്  അവർ അതിരാവിലെ വന്ന് വർഷയെ  സഹായിച്ചിട്ട് നേരത്തെ തിരികെ പോവും. വർഷ അടുക്കളയിൽ ഒറ്റയ്ക്കുള്ളപ്പോളൊക്കെ ജയശങ്കർ ഓരോ ആവശ്യം പറഞ്ഞ് അവളുടെ അടുത്ത് വന്നു.ആദ്യമൊക്കെ മരിയാദയ്ക്ക് സംസാരിച്ചെങ്കിലും പിന്നീട് അറിഞ്ഞുകൊണ്ടുള്ള തട്ടലും മുട്ടലും കൂടിയപ്പോൾ അവൾ അയാളോട് കുറച്ച് കയർത്ത് തന്നെ സംസാരിച്ചു.പ്രശ്നം വലുതാക്കണ്ടല്ലോ എന്ന് കരുതി അവൾ അയാളെക്കുറിച്ച്  ആരോടും പറയാനും പോയില്ല.പിന്നീട് കുറച്ച്  ദിവസത്തേക്ക് അയാളുടെ ശല്യം  ഒന്നുമുണ്ടായില്ല.

വിഷുവിന്റെ തലേദിവസം ആദിത്തും ജയദേവനും വിഷുക്കണിക്കും സദ്യക്കുമുള്ള  സാധനങ്ങൾ മേടിക്കാനും  മായ ബ്യൂട്ടി പാർലറിലും  പോയിരിക്കുകയായിരുന്നു.. ജയശങ്കറും പ്രിയയും  തറവാട്ടിൽ തന്നെ ഉണ്ടായിരുന്നു.മുത്തശ്ശി പറഞ്ഞതനുസരിച്ച് വർഷ ജയശങ്കറിന്റെ വീട്‌ വൃത്തിയാക്കാൻ അപ്പുറത്തേക്ക്  പോയി.
വർഷ അവിടെ ചെന്ന് മുറികളെല്ലാം കഴുകി തൂത്ത് തുടച്ച് വൃത്തിയാക്കുന്നതിനിടയിൽ വാതിൽ ആരോ തുറക്കുന്ന  ശബ്ദം കേട്ടു .ആദിത് വീണ്ടും തന്നെ പേടിപ്പിക്കാൻ  വരികയാണെന്ന് വിചാരിച്ച് അവൾ വേഗം അങ്ങോട്ട്  ചെന്നു ..അവിടെ വാതിൽ കുറ്റി  ഇട്ട് അവളെ നോക്കി ചിരിച്ചുകൊണ്ട് നിൽക്കുന്നു ജയശങ്കർ! അയാൾ നന്നായി കുടിച്ചിട്ടുണ്ടെന്ന് അവൾക്ക് മനസ്സിലായി..കണ്ണുകൾ ചുവന്നിരിക്കുന്നു.ആടി ഉലഞ്ഞാണ് നിൽക്കുന്നത്.വർഷ ഭയന്നുവിറച്ചു.
"എന്തിനാ വാതിൽ കുറ്റി  ഇട്ടത്?വാതിൽ തുറക്ക്. " ഉള്ളിലെ ഭയം പുറത്തുകാട്ടാതെ വർഷ അയാളോട് പറഞ്ഞു..
"മുംബൈയിൽ നിന്ന് ഒരു വേലക്കാരിപ്പെണ്ണ് കൂടെ വന്നിട്ടുണ്ടെന്ന് പറഞ്ഞപ്പോ ഇത്ര സുന്ദരി ആവുമെന്ന് വിചാരിച്ചില്ല.." അയാൾ വർഷയെ  ആർത്തിയോടെ നോക്കി.അവൾക്ക് അയാളുടെ നോട്ടം കണ്ടപ്പോൾ ശർദിക്കാൻ  വന്നു.
"നിങ്ങളോട് വാതിൽ തുറക്കാനാണ് പറഞ്ഞത്.ഇല്ലെങ്കിൽ ഞാൻ ഒച്ചവെക്കും ." വർഷ ദേഷ്യത്തോടെ  പറഞ്ഞു.. എന്നിട്ട്  അവിടെ മേശയിലിരുന്ന  അവളുടെ  ഫോൺ  കൈയിൽ  എടുത്തു.
"ഒച്ചവെക്കുവോ അലറിക്കറയുവോ എന്ത് വേണമെങ്കിലും  ചെയ്തോ....ആരും വരില്ല...പിള്ളേര് പുറത്തുപോയേകുവാ.എന്റെ ഭാര്യ അവളുടെ മുഖം മിനുക്കാൻ  പോയി.. പിന്നെ ഉള്ളത് മുത്തശ്ശി തള്ള.അവർക്ക് വീണിടം വിഷ്ണുലോകം.. ഇനി ആരെയെങ്കിലും ഫോൺ വിളിക്കാൻ ആണെങ്കിൽ അവർ  വരുന്നതിനു മുൻപേ ഞാൻ എന്റെ കാര്യം സാധിച്ചിരിക്കും.."
അയാൾ അവളെ നോക്കി ഒരു വഷളൻ ചിരി ചിരിച്ചു.
"നാണമില്ലേ നിങ്ങൾക്ക്..എന്റെ അച്ഛന്റെ  പ്രായം ഉണ്ടല്ലോ ..മരിയാദയ്ക്ക് വാതിൽ തുറക്കുന്നുണ്ടോ " വർഷ അയാളെ അറപ്പോടെ നോക്കി.
"തുറക്കാം.എനിക്ക് ഇച്ചിരി പരുപാടിയുണ്ട് ..നീ സമ്മതിച്ചാ നമുക്ക് ഒരു ബഹളവുമില്ലാതെ  കാര്യം കഴിഞ്ഞ് മാനം മരിയാദയ്ക്ക് ഇവിടെ നിന്നും പോകാം ഇല്ലെങ്കിൽ ..."അയാളുടെ മുഖം രൗദ്രമാകുന്നത് അവൾ പേടിയോടെ കണ്ടു.
"നിങ്ങടെ ആഗ്രഹം നടക്കണമെങ്കിൽ ഞാൻ മരിക്കണം.." വർഷ അയാളുടെ നേർക്ക് കാർക്കിച്ചുതുപ്പി.
അയാൾ ഒറ്റ കുതിപ്പിന് വർഷയുടെ മേൽ ചാടിവീണു! അവളുടെ കൈയിലിരുന്ന ഫോൺ സോഫയിലേക്ക് വീണു..ഒച്ച വെക്കാൻ തുടങ്ങിയപ്പോൾ അവളുടെ വായും  അയാൾ ഒരു കൈകൊണ്ട് പൊത്തിപ്പിടിച്ചു.അവൾക്ക് ശ്വാസംമുട്ടി.ബലപ്രയോഗത്തിനിടയിൽ അയാൾ എന്തൊക്കെയോ ഉറക്കെ പുലമ്പിക്കൊണ്ടിരുന്നു..അയാൾ വർഷയുടെ ചുരിദാറിന്റെ ഷാളിൽ പിടിമുറക്കി.അവൾക്കാവുന്നത്പോലെ അവൾ ചെറുത്തുനിന്നു.പക്ഷെ അയാൾക്ക് ഒരാനയുടെ കരുത്തായിരുന്നു.അധികനേരം പൊരുതിനിൽക്കാൻ തനിക്കാവില്ലെന്നവൾക്ക് അറിയാമായിരുന്നു.അവളുടെ ദേഹം പതിയെ തളരുന്നത് അവളറിഞ്ഞു!
(തുടരും )
രചന:അഞ്ജന ബിജോയ്
പ്രസിദ്ധീകരിച്ച ഭാഗങ്ങൾ വായിക്കാൻ :- https://goo.gl/963Fji
By: Anjana Bijoy, USA

അന്നുപെയ്തമഴയിൽ - Part 10


രചന:അഞ്ജന ബിജോയ്
അവന്റെ കണ്ണിൽ നിന്നും ചുടുകണ്ണീർ ഒലിച്ചിറങ്ങി..
"ഞങ്ങൾ നാട്ടിൽ വെക്കേഷന് വന്ന സമയം. അന്ന് നല്ല മഴ പെയ്ത് തോർന്നൊരു ദിവസമായിരുന്നു ..കുളപ്പുരയിൽ  സവിത  തുണികൾ നനച്ചുകൊണ്ടിരുന്നപ്പോ ഞാൻ ചെന്നു.ഞാനും ദേവനും പ്രിയേച്ചിയും വെളിയിൽ  പോവാണ് വരുന്നുണ്ടോ എന്ന്  ചോദിക്കാൻ..എൻട്രൻസ് പരീക്ഷ അടുത്തതിനാൽ പഠിക്കാനുണ്ട് വരുന്നില്ല എന്നവൾ പറഞ്ഞു..പിന്നെയും എന്തൊക്കെയോ പറഞ്ഞ് കുറച്ച് നേരം സംസാരിച്ചിരുന്നു..പോവാൻ നേരം അവൾ എന്നെ എന്തോ പറഞ്ഞ്  കളിയാക്കി..അത് കേട്ട് അവളെ ഒന്ന്‌ പേടിപ്പിക്കാൻ പടവിലിരുന്ന  അവളെ ഞാൻ കുളത്തിലേക്ക് പിടിച്ച് തള്ളി. പടവിന്റെ അരികിൽ  തന്നെ  ആണ് അവൾ വീണത്.ഞാൻ അവിടെ നിന്നും ഓടിപ്പോയി.എനിക്ക് നീന്താൻ അറിയില്ല അപ്പേട്ടാ  എന്നവൾ വിളിച്ചുപറയുന്നുണ്ടായിരുന്നു..അത് കേട്ടിട്ടും കളിയാക്കിയതല്ലേ അവിടെ കിടന്ന് വെള്ളംകുടിച്ചോ എന്ന പറഞ്ഞ് ഞാൻ പോയി..  അവിടുന്ന് നേരെ ഞാനും ദേവനും പ്രിയേച്ചിയും കവലയിലും കടകളിലുമൊക്കെ  ചുമ്മാ കറങ്ങാൻ പോയി. അവൾക്ക് നീന്തൽ ഒരുവിധം വശമുണ്ടായിരുന്നു എന്ന് എനിക്കറിയാമായിരുന്നു..കുളത്തിന്റെ ഉള്ളിലേക്ക് ഒരുപാട് ദൂരം  പോവില്ലെങ്കിലും പടവിന്റെ  അരികെ ഇടയ്ക്ക്  നീന്തുന്നത്  ഞാൻ കണ്ടിട്ടുള്ളതുമാണ്.ആ ധൈര്യത്തിലാണ്  അങ്ങനെ ചെയ്തതും. നീന്തൽ അറിയില്ല എന്ന്  പറഞ്ഞ് അവൾ എന്നെ കളിപ്പിക്കുകയാണെന്നേ   ഞാൻ വിചാരിച്ചുള്ളു.. ഇടയ്ക്ക് ഞങ്ങളെ ഒന്ന് പേടിപ്പിക്കാൻ അവൾ അങ്ങനെ ഒരോ കുസൃതികൾ ചെയ്യാറുണ്ടായിരുന്നു. പക്ഷെ അന്ന് നല്ല മഴ പെയ്തത് കൊണ്ട്  കുളം നിറഞ്ഞ് കിടക്കുകയായിരുന്നു.പടവിലും നല്ല വഴുക്കലുണ്ടായിരുന്നു . എങ്കിലും പടവിന്റെ  അരികിൽ തന്നെ ആയത്കൊണ്ട് അവൾ തിരിച്ച് വീട്ടിലേക്ക് കയറിപ്പോയ്ക്കാണുമെന്നായിരുന്നു എന്റെ ചിന്ത.വെളിയിൽ പോയി കറങ്ങി കുറച്ച്  കഴിഞ്ഞ് തിരികെ വന്നതും വീട് നിറയെ ആളുകളെ കൊണ്ട് നിറഞ്ഞിരുന്നു.കാര്യമെന്തെന്ന് മനസ്സിലാവാതെ നിന്ന ഞങ്ങളുടെ മുൻപിലേക്ക് ആരൊക്കെയോ ചേർന്ന് ജീവനറ്റ  അവളുടെ ശരീരം കൊണ്ടുവരുന്നത്കണ്ടു..കുളത്തിൽ വീണ് മരിച്ചതാണെന്ന് ആരൊക്കെയോ  പറയുന്നത് കേട്ടു.. അതല്ല ആരോ തള്ളിയിട്ട് കൊന്നതനാണെന്നും വേറെ ചിലർ  പറഞ്ഞു.കേട്ടത് വിശ്വസിക്കാനാകാതെ  മരവിച്ച് നിൽക്കാനേ എനിക്കായുള്ളു.. എനിക്ക് നീന്തൽ അറിയില്ല അപ്പേട്ടാ എന്നുള്ള അവളുടെ വിളി എന്റെ കാതിൽ മുഴങ്ങിക്കൊണ്ടിരുന്നു..എല്ലാവരിൽ നിന്നും ഓടിയൊളിക്കാനെന്നപോലെ ഞാൻ എന്റെ മുറിയിലേക്കോടി..മുറിയിൽ പോയി കട്ടിലിൽ  കയറി കിടന്നു.അലറിക്കരയണമെന്നുണ്ടായിരുന്നു എനിക്ക്..കുറച്ച് കഴിഞ്ഞപ്പോ അമ്മയും സതിയാന്റിയും മായാന്റിയും എന്റെ മുറിയിലേക്ക് വന്നു.അവരെ കണ്ടതും അവളെ ഞാനാണ് കുളത്തിലേക്ക് തള്ളിയിട്ടതെന്ന് അറിയാതെ ചെയ്തുപോയതാണെന്നും പറഞ്ഞ് സതിയാന്റിയുടെ  കാലുപിടിച്ച്  ഞാൻ വാവിട്ട്  കരഞ്ഞു..
ഒരു പൊട്ടിത്തെറി ആണ് ഞാൻ പ്രതീക്ഷിച്ചത്.പക്ഷെ സതിയാന്റി  എന്നെ കെട്ടിപ്പിടിച്ചാശ്വസിപ്പിച്ചു.ഇനി ഒരിക്കലും മോന്റെ നാവിൽ നിന്നും ഇങ്ങനെ ഒരു സംസാരം  ഉണ്ടാവരുതെന്നും തങ്ങളോട് പറഞ്ഞത്പോലെ ദേവനോടോ പ്രിയയോടൊ മറ്റാരോടും ഒന്നും  പറയരുതെന്നും  സതിയാന്റി പറഞ്ഞു.സ്വന്തം മക്കളെ പോലെ ഒരു പക്ഷെ സവിതയെക്കാളേറെ  ആ സ്ത്രീ എന്നെയും ദേവനെയും പ്രിയേച്ചിയെയും സ്നേഹിച്ചിരുന്നു .അതുകൊണ്ട് തന്നെ അറിയാതെ  ചെയ്തുപോയൊരു തെറ്റിന് എന്നെ ശിക്ഷിക്കാൻ അവർക്കവുമായിരുന്നില്ല..ഞാൻ സവിതയെ കുളത്തിലേക്ക് പിടിച്ചുതള്ളി ഇടുന്നത് അവിടെ എന്തോ ആവശ്യത്തിന് വേണ്ടി വന്ന മായാന്റി കണ്ടിരുന്നു എന്ന് പിന്നീട് അമ്മ പറഞ്ഞ് ഞാൻ അറിഞ്ഞു. ഞങ്ങളുടെ  വഴക്കും തമാശകളും  അറിയാവുന്നത്കൊണ്ടും സവിതയ്ക്ക് നീന്തൽ അറിയാമെന്ന ധാരണയിലും   മായാന്റിയും അത് കാര്യമാക്കാതെ അവരുടെ വീട്ടിലേക്ക് പോയി.  സവിത മരിച്ച അന്ന് മായാന്റി പറഞ്ഞാണ് ഈ വിവരം അച്ഛനും അമ്മയും സതിയാന്റിയും അറിഞ്ഞതും പേടിച്ച് വിറച്ചിരുന്ന എന്നെ കാണാൻ അവർ മൂന്നുപേരും മുറിയിലേക്ക് വന്നതും.. അച്ഛനും ജയശങ്കർ അങ്കിളും എന്റെ നേർക്ക് അന്വേഷണം ഒന്നും വരാതിരിക്കാൻ  അന്ന് കേസ് അന്വേഷിച്ച പോലീസ് ഓഫീസറിനും കൂട്ടർക്കും പിന്നെ സവിതയുടെ ബോഡി പോസ്റ്റ് മോർട്ടും ചെയ്ത ഡോക്ടർക്കും കാശ് വാരിക്കോരി കൊടുത്തു.അതോടെ സവിതയുടെ മരണത്തിൽ യാതൊരു ദുരൂഹത ഇല്ലെന്നും  അതൊരു നാച്ചുറൽ ഡെത്ത്  ആണെന്നും അവർ റിപ്പോർട്ട് എഴുതി. പിന്നീട് ഞങ്ങൾ എല്ലാവരും തിരികെ  അമേരിക്കയിലേക്ക് പോയി.പിന്നീടുള്ള വെക്കേഷനൊന്നും ഞാൻ നാട്ടിൽ വരാതെ ആയി. അച്ഛനും അമ്മയും പ്രിയേച്ചിയും ജയശങ്കർ അങ്കിളും മായാന്റിയും  ഒക്കെ പോവുമ്പോൾ ഞാൻ മാത്രം ഓരോരോ ഒഴിവുകഴിവുകൾ പറഞ്ഞവിടെ നിൽക്കും.ഞാൻ പോവാത്തതുകൊണ്ട് ദേവനും എനിക്ക് കൂട്ടായി അമേരിക്കയിൽ നിൽക്കുമായിരുന്നു... ദേവനോടോ പ്രിയേച്ചിയോടോ ഒന്നും ഞാൻ ഇതുവരെ ഈ  സത്യം പറഞ്ഞിട്ടില്ല.. ഓരോ പ്രാവശ്യവും മഴ പെയ്യുന്നത് കാണുമ്പോൾ ആ ദിവസവും സവിതയുടെ അപ്പേട്ടാ എന്നുള്ള വിളിയും ഓർമ്മ വരും.. പിന്നീട് ഒരു തരം ശ്വാസം മുട്ടൽ ആണ്..നെഞ്ചിനകത്ത് ഒരു തരം വിങ്ങൽ ആണ്.. ആ കുളം അത്  അന്നും ഇന്നും എനിക്കൊരു പേടിസ്വപ്നമാണ്.അന്ന് പെയ്ത മഴയിൽ തമാശയ്ക്ക് വേണ്ടി ചെയ്ത ഒരു കാര്യത്തിന് ഇത്ര വലിയ വില കൊടുക്കേണ്ടി വരുമെന്ന് ഞാൻ ഓർത്തില്ല.. അന്ന് ഞങ്ങൾ വെളിയിൽ ചിരിച്ചുകളിച്ചിരുന്ന സമയത്ത് അത്രനേരം അവൾ കുളത്തിൽ സ്വന്തം ജീവനുവേണ്ടി കിടന്നുപിടയുകാണെന്നും ഞാൻ അറിഞ്ഞില്ല..” ആദിത് വർഷയുടെ മുൻപിലിരുന്ന്  പൊട്ടിക്കരഞ്ഞു.വർഷയ്ക്ക് ഒരേ സമയം അവനോടു ദേഷ്യവും സഹതാപവും തോന്നി..അവൾ നിലത്ത് അവന്റെ അടുത്തിരുന്നു.അവനെ മെല്ലെ അവളുടെ മടിയിലേക്ക് പിടിച്ച് കിടത്തി.അവൻ ഒരു കൊച്ചുകുട്ടിയെ പോലെ അവളുടെ മടിയിൽ തലവെച്ച് ചുരുണ്ടുകൂടി  കിടന്നു.ഇടയ്ക്കിടയ്ക്ക് അവൻ ഏങ്ങലടിക്കുണ്ടായിരുന്നു.അവൾ അവന്റെ മുടിയിൽ വിരലൊടിച്ചുകൊണ്ടിരുന്നു.. കുറച്ച് കഴിഞ്ഞ് ചായ്പ്പിൽ നിന്നിറങ്ങി വരുന്ന വർഷയെയും  ആദിത്തിനെയും  പ്രിയ കണ്ടു.അവർ അവളെ കണ്ടതുമില്ല.പ്രിയ തന്റെ മുറിയിലേക്ക് കയറിപ്പോയി.

ഒരു വൈകുന്നേരം എല്ലാവരും ആഹാരം കഴിച്ചുകൊണ്ടിരുന്നപ്പോൾ വിഷു അടുത്തമാസമാണ്  ആദിത്തും പ്രിയയും നാട്ടിൽ ഉള്ളത് കൊണ്ട്  ഇത്തവണ വിഷു കെങ്കേമം ആക്കണമെന്ന് മുത്തശ്ശി സതിയോട് പറഞ്ഞു.
അപ്പോഴാണ്  പ്രിയ അവളുടെ ഒരാഗ്രഹം അറിയിച്ചത്.അമേരിക്കയിൽ നിന്നും ജയശങ്കറിനോടും  മായയോടും ജയദേവനോടും കൂടി വരാൻ പറയണമെന്നും എല്ലാവരും ഒന്നിച്ച് പണ്ട്  ആദിത്തിന്റെയും  പ്രിയയുടെയും അച്ഛനും അമ്മയും ഉണ്ടായിരുന്നപ്പോൾ കൂടിയിരുന്നത്പോലെ വിഷു ആഘോഷിക്കണമെന്നും.ആദിത് അവരെ വിളിച്ച് സംസാരിക്കാമെന്ന് ഏറ്റു.
അന്ന് തന്നെ ആദിത് ജയദേവനെ  വിളിച്ച് സംസാരിച്ചു അടുത്ത മാസത്തേക്ക് ആദിത് തന്നെ അവർക്ക് മൂന്ന് പേർക്കും ടിക്കറ്റ് ബുക്ക്  ചെയ്തോളാം എന്നും അറിയിച്ചു.എന്നിട്ട് വിഷു അടുപ്പിച്ച് അവർക്ക് ടിക്കറ്റ് ബുക്ക് ചെയ്‌തു .
വിഷുവിന് ഒരാഴ്ച്ച  മുൻപ്   അവർ മൂന്നുപേരും ആദിത്തിന്റെ തറവാട്ടിൽ  എത്തി.ആദിത്  തന്നെയാണ് അവരെ എയർപോർട്ടിൽ നിന്നും കൂട്ടികൊണ്ട് വന്നത്.മായ പ്രിയയെ കെട്ടിപ്പിടിച്ചു കരഞ്ഞു.
"പ്രിയേച്ചിയുടെ കാര്യം ഇവിടെ മുത്തശ്ശിക്ക്  അറിയില്ല..സതിയാന്റിയും വർഷയും  അതുപോലെ കെയർഫുൾ ആയിട്ടാ നിൽക്കുന്നത് .  എല്ലാവരോടും ഒന്ന് സൂക്ഷിച്ച്  സംസാരിക്കണമെന്ന് മായാന്റിയോട്‌ പറയണം  .."  ആദിത് ജയദേവനോട് സ്വകാര്യമായി പറഞ്ഞു.
"നീ ടെൻഷൻ ആവണ്ട.ഞാൻ അച്ഛനോടും  അമ്മയോടും പറഞ്ഞിട്ടുണ്ട്." ജയദേവൻ അവനെ സമാധാനിപ്പിച്ചു.
എല്ലാവരും അകത്തേക്ക് നടന്നു.കുളിച്ച് ഫ്രഷ് ആയി അവരെല്ലാവരും ഊണ് കഴിക്കാനിരുന്നു.ആദിത് വർഷയുടെ കാര്യം അവരോട് നേരത്തെ സൂചിപ്പിച്ചിരുന്നു . വർഷയെ  നേരിട്ട് കണ്ടതും ജയശങ്കറും മായയും ജയദേവനും അമ്പരന്നു.
"ഈ കുട്ടിക്ക് നമ്മടെ സവിതയുടെ ഛായ ഉണ്ട് അല്ലെ അമ്മെ..?"മായ അത്ഭുതത്തോടെ മുത്തശ്ശിയോട് പറഞ്ഞു.
"അതെ അതെ..മുഖത്ത് എവിടെയൊക്കെയോ നല്ല സാമ്യം  ഉണ്ട്..എന്നാലും എന്റെ സവിതയുടെ അത്ര ഐശ്വര്യം ഇല്ല കേട്ടോ." മുത്തശ്ശി പറഞ്ഞതുകേട്ട് വർഷ അവരെ നോക്കി മുഖം വീർപ്പിച്ചു.
"ചുമ്മാ പറഞ്ഞതാ കൊച്ചെ.നീയും അവളെ പോലെ നല്ല സുന്ദരിക്കുട്ടി തന്നെയാ." മുത്തശ്ശി അവളെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു.
വർഷ  എല്ലാവരെയും  പരിചെയ്യപ്പെട്ടു. സതിക്ക്  നടുവേദന ആയത് കൊണ്ട് അവർ അന്ന് വന്നില്ല.വർഷയാണ് വിരുന്നുകാർക്കെല്ലാം  ആഹാരം വിളമ്പിക്കൊടുത്തത് ..വർഷയെ  നേരിട്ട് കണ്ടതുമുതൽ  ജയശങ്കറിന്‌  അവളിൽ നിന്നും കണ്ണെടുക്കാൻ തോന്നിയില്ല..ജയശങ്കറിന്റെ നോട്ടം അത്ര ശെരിയല്ലെന്ന് വർഷയ്ക്ക് മനസ്സിലായി..ആരും കാണാതെ അയാൾ തന്റെ ശരീരം കണ്ണുകൾകൊണ്ട് കൊത്തിപ്പറിക്കുന്നത് അവൾ കണ്ടു. സഹിക്കാൻ വയ്യാതായപ്പോൾ തലവേദന ആണെന്ന് പറഞ്ഞ് അവൾ അവിടെ നിന്നും തന്റെ മുറിയിലേക്ക് പോയി.
"ഞങ്ങൾ ഇന്ന് തന്നെ അപ്പുറത്തേക്ക് പോവാ അമ്മെ" മായ മുത്തശ്ശിയോട്  പറഞ്ഞു.തറവാടിന്റെ തൊട്ടപ്പുറത്ത്  ഒരു മതിലിനപ്പുറം ആയിരുന്നു ജയശങ്കറിന്റെ  വീട്.
" നിങ്ങൾ ഇന്ന് വന്നതല്ലേ ഉള്ളു മായെ .കുറച്ച്  ദിവസം ഇവിടെ താമസിക്ക്.വർഷയോട് പറഞ്ഞ് ആ വീടൊക്കെ ഒന്ന്  വൃത്തിയാക്കാം.പൂട്ടികിടക്കുവായിരുന്നില്ലേ കുറെ നാൾ.വല്ല  പാമ്പോ പഴുതാരയോ  ഉണ്ടോ എന്നറിയില്ലല്ലോ.." മുത്തശ്ശി പറഞ്ഞു.
കുറച്ച് കഴിഞ്ഞ് ആദിത് വർഷയുടെ മുറിയിലേക്ക്  ചെന്നു.അവൾ കട്ടിലിൽ ഫോൺ തന്റെ നെഞ്ചോടു ചേർത്ത് കിടക്കുകയായിരുന്നു..
"വയ്യേ നിനക്ക്?" ആദിത്തിനെ  കണ്ടതും അവൾ ചാടി എഴുനേറ്റു ഫോൺ ഒളിപ്പിക്കാൻ ശ്രമിക്കുന്നത് അവൻ കണ്ടു..
വർഷയുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നത്  ആദിത് ശ്രദ്ധിച്ചു.
"എന്താ മോളെ ..എന്തെങ്കിലും പ്രശ്നമുണ്ടോ?" ആദിത് ചോദിച്ചു.
"ഹേയ്  ഒന്നുമില്ല.." വർഷ ആദിത്തിന്റെ മുഖത്തുനോക്കാതെ പറഞ്ഞു.
"പനിയോ മറ്റോ ഉണ്ടോ?" ആദിത് അവളുടെ നെറ്റിയിൽ കൈവെച്ചുനോക്കി.
"ഹമ്മ് ഐസ് പോലെ തണുത്തിരിക്കുന്നു..എന്താ നിന്റെ മുഖത്തൊരു സന്തോഷമില്ലാത്തെ ?"ആദിത് വീണ്ടും ചോദിച്ചു.
"ചെറിയൊരു തലവേദന.കുറച്ച് കിടന്നാൽ ഒന്ന് മാറും." വർഷ പറഞ്ഞു.അവളോട്   വിശ്രമിച്ചുകൊള്ളാൻ പറഞ്ഞിട്ട് അവൻ വെളിയിലേക്ക് ഇറങ്ങി.അവിടെ  അവനെ കാത്ത് ജയദേവൻ നിൽപ്പുണ്ടായിരുന്നു.
(തുടരും )
രചന:അഞ്ജന ബിജോയ്
പ്രസിദ്ധീകരിച്ച ഭാഗങ്ങൾ വായിക്കാൻ :- https://goo.gl/963Fji
By: Anjana Bijoy, USA

അന്നുപെയ്തമഴയിൽ - Part 9



രചന:അഞ്ജന ബിജോയ്

പിന്നീട് വർഷയ്ക്ക് ആദിത്തിന്റെ മുഖത്ത് നോക്കാൻ പ്രയാസമായിരുന്നു.അവനെ കാണുമ്പോൾ ഒക്കെ വർഷയുടെ മുഖം നാണം കൊണ്ട് ചുവന്ന് തുടുക്കുന്നത് പ്രിയ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.വർഷയും  മുത്തശ്ശിയും പ്രിയയും സതിയും അടുക്കളയിൽ ആയിരുന്ന സമയം ആദിത് അങ്ങോട്ട് ചെന്നു..
"വർഷേ എന്റെ മുറിയിൽ വേട്ടാവളിയന്റെ  കൂടുണ്ട്..ഒന്ന് കളഞ്ഞുതരാമോ.." ആദിത്  പറഞ്ഞിട്ട് പോയി.
"അപ്പൂന്  പണ്ടേ  പാറ്റ ചിലന്തി  വേട്ടാവളിയൻ ഈ വക സാധനങ്ങൾ ഒക്കെ   പേടിയാ.അവിടെ അമേരിക്കയിൽ  ഇതൊക്കെ ഉണ്ടോ മോളെ?" മുത്തശ്ശി പ്രിയയോട് ചോദിച്ചു.
"ഞങ്ങൾ താമസിക്കുന്നിടത്ത് ഇതൊന്നും ഇല്ല മുത്തശ്ശി."പ്രിയ ചിരിച്ചുകൊണ്ട് പറഞ്ഞു.
"മുത്തശ്ശി ഇതുവരെ അമേരിക്കയിൽ പോയിട്ടില്ലേ?"വർഷ ചോദിച്ചു.
"വികാസ് സാറും ശാരദേച്ചിയും എത്ര പറഞ്ഞതാ ഒരിക്കലെങ്കിലും അങ്ങോട്ട് ചെല്ലാൻ..എവിടെ..അമ്മയ്ക്ക് ഇവിടെയാ ഇഷ്ടം.. "സതി ചിരിച്ചുകൊണ്ട് പറഞ്ഞു.
"എന്റെ മോന്റെ അച്ഛൻ ഉറങ്ങുന്ന മണ്ണാ. ഈ തറവാട്  വിട്ട് ഒരു ദിവസം പോലും എനിക്ക് മാറിനിൽക്കാൻ പറ്റില്ല. "മുത്തശ്ശി തീർത്തു പറഞ്ഞു..കുറച്ച് കഴിഞ്ഞ് വർഷ ഒരു കമ്പും കൊണ്ട്  ആദിത്തിന്റെ മുറിയിലേക്ക് ചെന്നു.
ആദിത് മുറിയിൽ ഇല്ലായിരുന്നു. വർഷ മുറിക്കകത്ത് കയറിയതും എവിടെനിന്നോ ആദിത്തും അങ്ങോട്ട് വന്നു.
"എവിടെ വേട്ടാവളിയന്റെ കൂട് ?" വർഷ ആദിത്തിന്റെ മുഖത്തു നോക്കാതെ ചോദിച്ചു.
ആദിത് അവളെ തന്നെ നോക്കി മുറിയുടെ  വാതിൽ അടച്ച് കുറ്റി ഇട്ടു.
"എന്തിനാ കുറ്റി ഇടുന്നെ?" വർഷ  ചോദിച്ചു.
ആദിത് ഒന്നും മിണ്ടാതെ അവളുടെ നേർക്ക് ചെന്നു.വർഷ  പെട്ടെന്ന് വാതിലിന് നേർക്ക് നടക്കാൻ തുടങ്ങിയതും അവൻ അവളുടെ കൈ പിടിച്ച്  അവളെ അവനിലേക്ക് വലിച്ചടുപ്പിച്ചു.അവൾ കരയിലിട്ട മീനിനെപ്പോലെ പിടച്ചുകൊണ്ടിരുന്നു.
"എന്താ ഈ ചെയ്യുന്നേ?പ്ളീസ് വിട്ടേ.." വർഷ ശബ്ദം താഴ്ത്തി പറഞ്ഞു.
"വിട്ടില്ലെങ്കിൽ ?" ആദിത് ചോദിച്ചു.
"ഞാൻ പൊക്കോട്ടെ ..അവിടെ  എന്നെ അന്വേഷിക്കും.."വർഷ അവന്റെ മുഖത്ത് നോക്കാതെ പറഞ്ഞു.
"നിനക്കെന്താ എന്റെ മുഖത്ത് നോക്കാൻ ഇത്ര നാണം ?"ആദിത് ചോദിച്ചു.
വർഷ മുഖം കുനിച്ചിരുന്നു.അവൾ അവന്റെ കൈകൾ മാറ്റാൻ ശ്രമിച്ചു. അവൻ അവളെ ഒന്നുകൂടി തന്റെ ദേഹത്തേക്ക് ചേർത്ത് നിർത്തി.
"അന്ന് കാറിൽ വെച്ച് ഞാൻ അങ്ങനെ ചെയ്തതുകൊണ്ടാണോ?"ആദിത് അവളുടെ മുഖത്തേക്ക് നോക്കി ചോദിച്ചു.
വർഷയുടെ മുഖം ചുവക്കുന്നത് അവൻ കണ്ടു.ആദിത്  ഒരു കൈകൊണ്ട് അവളുടെ  താടി പിടിച്ചുയർത്തി.അവൾ കണ്ണുകൾ മെല്ലെ ഉയർത്തി അവനെ നോക്കി.അവൻ അവളുടെ മുഖത്തേക്ക് മുഖം അടുപ്പിച്ചു.വർഷ കണ്ണുകൾ ഇറുക്കി അടച്ചു.
"വർഷേ കഴിഞ്ഞില്ലേ മോളെ?" സതി വിളിക്കുന്നത് കേട്ടതും വർഷ പെട്ടെന്ന് ആദിത്തിന്റെ കൈക്കുള്ളിൽ നിന്നും തെന്നി മാറി.വാതിൽ തുറന്ന് അടുക്കളയിലേക്ക് ഓടി…
 മുത്തശ്ശി പറഞ്ഞതനുസരിച്ച് ചായ്പ്പിൽ സൂക്ഷിച്ചിരുന്ന കുത്തുവിളക്കുകൾ എടുക്കാൻ കയറിയതായിരുന്നു വർഷ..പഴയ കുറെ ബുക്കുകളും കുഞ്ഞിലേ ആദിത്തും പ്രിയയും കിടന്നിരുന്ന രണ്ടു തൊട്ടിലുകളും  ചെമ്പ് ,ഉരുളി തുടങ്ങിയ പഴയ പാത്രങ്ങളും അങ്ങനെ എന്തൊക്കെയോ  കുറെ സാധനങ്ങൾ  അവിടെ ഉണ്ടായിരുന്നു.അധികം വെളിച്ചമില്ലാത്തതിനാലും സാധനങ്ങൾ കൂട്ടി ഇട്ടിരുന്നതിനാലും  അതിനിടയ്ക്ക് നിന്ന്   കുത്തുവിളക്കെടുക്കാൻ അവൾ നന്നേ പാടുപെട്ടു..പെട്ടന്നാണ് ഒരു തടിപ്പെട്ടി അവളുടെ ശ്രദ്ധയിൽ പെട്ടത്.കുറെ മാസികകൾ അതിൽ കുന്നുകൂടി കിടപ്പുണ്ടായിരുന്നു.മാസികകൾ വായിക്കാൻ പിന്നീടെപ്പോഴെങ്കിലും തിരികെ വരണമെന്നോർത്ത് കുത്തുവിളക്കുമെടുത്ത്  അവൾ അവിടെ നിന്നും ഇറങ്ങി.പിന്നീട് ഒരു ദിവസം വർഷയും സതിയും കൂടി  അടുക്കളയിലെ പണികളെല്ലാം തീർത്ത് വർഷ  മുത്തശ്ശിക്കുള്ള മരുന്ന് കൊടുത്ത് അവളുടെ മുറിയിൽ വെറുതെ ഇരിക്കുകയായിരുന്നു..സതി അവരുടെ വീട്ടിൽ പോയിട്ട് ഇനി വൈകിട്ടെ തിരികെ വരൂ. പ്രിയ നല്ല ഉറക്കവുമാണ്.വർഷയ്ക്ക് വെറുതെ ഇരുന്ന് മുഷിവുതോന്നി.അപ്പോഴാണ് മുത്തശ്ശി അവളുടെ അടുത്തേക്ക് വന്നത്.
"എന്താ കുട്ടി ഉച്ചമയക്കം  ഒന്നുമില്ലേ?" മുത്തശ്ശി ചോദിച്ചു.
"ഇല്ല മുത്തശ്ശി ഞാൻ ഉച്ചയ്ക്ക് ഉറങ്ങാറില്ല.പണ്ടുതൊട്ടേ അങ്ങനെയാ..വെറുതെ ഇരിക്കാൻ നേരം കിട്ടാറുമില്ല.എപ്പോഴും  എന്തെങ്കിലുമൊക്കെ പണികൾ കാണും ഓർഫനേജില്.." വർഷ പറഞ്ഞു.
"ആരുമില്ലെന്നൊന്നും കരുതണ്ട കുട്ടിയെ. ഞങ്ങളൊക്കെ ഉണ്ടല്ലോ നിനക്ക്..പിന്നെ വായിക്കണ  ശീലം ഉണ്ടെങ്കിൽ ആ ചായ്പ്പിൽ  കയറി നോയ്‌ക്കോളൂ.പഴയ ഒരുപാട് മാസികകളും  നോവലുകളും  പണ്ട് സവിത സതി കാണാതെ  അവിടെ സൂക്ഷിച്ച് വെച്ചിട്ടുണ്ട്.തൂക്കിവിൽക്കാമെന്ന് ഞാൻ പറയുമായിരുന്നു .പക്ഷെ അവള് സമ്മതിക്കില്ല.കഥകൾ വായിക്കാൻ ഭയങ്കര ഇഷ്ടമായിരുന്നു അവൾക്ക്.വായിച്ചതാണെങ്കിലും അത് തന്നെ പിന്നേം പിന്നേം എടുത്ത് വായിക്കും.അതും വായിച്ചോണ്ടിരുന്നാൽ പരീക്ഷയ്ക്ക് തോറ്റുപോകുമെന്ന് പറഞ്ഞ് സതി എപ്പോഴും  അവളെ വഴക്ക്പറയും.സതിയെ പേടിച്ച് അവൾ എല്ലാം ചായ്പ്പിൽ എവിടെയോ  ഒളിച്ച്  വെച്ചിട്ടുണ്ട്..ഇടയ്ക്ക് തക്കം കിട്ടുമ്പോ സതി കാണാതെ അവിടെപോയിരുന്ന്  അതെടുത്ത് വായിക്കും.."മുത്തശ്ശി പഴയ ഓർമ്മയിൽ ഒന്ന് ചിരിച്ചു.
അപ്പോഴാണ് വർഷയ്ക്ക് അന്ന് കണ്ട തടിപ്പെട്ടിയുടെ കാര്യമോർമ്മ  വന്നത്.അവൾക്ക് സന്തോഷമായി ..അവൾ നേരെ ചായ്പ്പിലേക്ക്  ചെന്നു.അവിടെ  തടിപ്പെട്ടിയിൽ  കുറെ മാസികകളും അതിന്റെ കൂടെ  മുട്ടത്ത് വർക്കിയുടെയും കമല സുരൈയ്യയുടെയും കുറച്ച്  നോവലുകളും ഉണ്ടായിരുന്നു..അവൾ മുകളിലിരുന്ന മാസികളിൽ ചിലത്  പൊടിതട്ടി എടുത്ത് അവളുടെ മുറിയിൽ കൊണ്ടുപോയി .. ഒറ്റയിരുപ്പിൽ അതെല്ലാം വായിച്ച് തീർത്തു.പിന്നീട്ട് ഒഴിവ് സമയം കിട്ടുമ്പോഴൊക്കെ അവൾ ചായ്പ്പിൽ പോയി ആ പെട്ടിയിൽ നിന്നും കുറച്ചുകുറച്ചായി മാസികളകൾ എടുത്ത് കൊണ്ടുവരും .പെട്ടിയിലെ നോവലുകളും മാസികകളും മിക്കതും അവൾ വായിച്ചുതീർത്തു. ഒരു ദിവസം അവൾ ബാക്കി വന്ന ചില മാസികകൾ തപ്പുന്നതിനിടയിൽ പെട്ടിയുടെ അടിയിൽ കുറച്ച്  നോട്ടുബുക്കുകൾ  അവളുടെ ശ്രദ്ധയിൽപെട്ടു.അവൾ അതിലൊരെണ്ണം  തുറന്നുനോക്കി.ചായ്പ്പിൽ അധികം വെളിച്ചം ഇല്ലാത്ത കാരണം അതിലെന്താണെന്ന് ശരിക്ക് കാണാൻ കഴിഞ്ഞില്ല.അവൾ ആ ബുക്കുകളും  കുറച്ച് മാസികകളും  എടുത്ത്  തന്റെ മുറിയിലേക്ക് പോയി.. ഒരിക്കൽ ചായ്പ്പിൽ നിന്നിറങ്ങി വരും  വഴി ആദിത് അവളെ കണ്ടു.
"എപ്പോ നോക്കിയാലും ഇതിനകത്താണല്ലോ ..അകത്തെന്താ വല്ല  നിധിയുമുണ്ടോ?" ആദിത് അവളെ കളിയാക്കി.
"ആഹ് ആർക്കും വേണ്ടാത്ത സാധനങ്ങൾ അല്ലെ അകത്ത് ..തപ്പി നോക്കട്ടെ,ചിലപ്പോ നിധി കിട്ടിയാലോ,അല്ലെ സാർ ? "വർഷ ചിരിച്ചുകൊണ്ട് ചോദിച്ചു.
"നിനക്കിനിയെങ്കിലും  ഈ സാർ വിളി നിർത്തിക്കൂടെ?" ആദിത് ചോദിച്ചു.
"ആലോചിക്കാം.. "വർഷ ചിരിച്ചുകൊണ്ട് വീടിനകത്തേക്ക്  പോയി.
വന്നിട്ട് കുറച്ചുദിവസമായിട്ടും ആദിത് തറവാട്ടുകുളത്തിനടുത്തേയ്ക്ക് പോയതേയില്ല.വർഷയും പ്രിയയും ഇടയ്ക്ക് തുണി നനയ്ക്കാൻ  അവിടെ പോവുമായിരുന്നു.ഒരു ദിവസം ആദിത് ഫോൺ വിളിച്ച്  ആരോടോ സംസാരിച്ച്  നടക്കുന്നതിനിടയിൽ കുളപ്പുരയിലെത്തി ..അവൻ പെട്ടെന്ന് ഫോൺ  വെച്ചു..പെട്ടെന്ന് മഴ ചാറാൻ തുടങ്ങി.. ആദിത് കുളപ്പുരയുടെ വാതിൽ തുറന്ന്  കുളത്തിലേക്കുള്ള പടവുകൾ പതിയെ ഇറങ്ങി.അവന്റെ കാലുകൾ വിറച്ചു..
"അപ്പേട്ടൻ ഇതേതെല്ലാം സ്റ്റൈലിലാ നീന്തുന്നെ...അമേരിക്കയില് നിങ്ങടെ  വീട്ടില് പൂള് ഇല്ലേ അപ്പേട്ടാ ?" ഒരു പെൺകുട്ടിയുടെ സ്വരം അവന്റെ ഓർമ്മയിൽ  എത്തി.
"പിന്നേ ഉണ്ടോ എന്നോ..എല്ലാ മുറിയിലും ഓരോ പൂള് ഉണ്ട്.അപ്പൂന്റെ  അച്ഛനും അമ്മയ്ക്കും പ്രിയേച്ചിക്കും  ഒക്കെ ഓരോരോ പൂള് വീതം.." ജയദേവൻ  അവളെ കളിയാക്കും..
"ഇയാളോട് ഞാൻ ഒന്നും ചോദിച്ചില്ല..അപ്പേട്ടാ എന്നെക്കൂടി ഇതുപോലെ നീന്താൻ പഠിപ്പിക്കുവോ?" അവൾ പ്രതീക്ഷയോടെ ആദിത്തിനെ  നോക്കുന്നു.
"നിനക്ക് അത്യാവശ്യം നീന്താൻ അറിയാമല്ലോ." ആദിത് പറയുന്നു.
"ആർക്കിവൾക്കോ?ഈ പടവിന്റെ  സൈഡ് വിട്ട്  കുളത്തിന്റെ നടുക്കോട്ട് പോവില്ല.പേടിച്ചുതൂറിയാ.."ജയദേവൻ  ചിരിക്കുന്നു.
"എനിക്ക് ഉള്ളിലേക്ക് പോവാൻ പേടിയാ..അങ്ങോട്ട് നോക്കുമ്പോഴേ തലകറങ്ങും .അതിനെന്തിനാ കളിയാക്കുന്നെ?" അവൾ ജയദേവനെ   ദേഷ്യത്തോടെ നോക്കുന്നു.
"സ്റ്റൈലിൽ ഒക്കെ നീന്താൻ   പഠിക്കണമെങ്കിൽ കുറെ സമയമെടുക്കും.ഞാൻ സ്കൂളിൽ പഠിക്കുമ്പൊ തൊട്ട്  പൊയ്ക്കൊണ്ടിരുന്നതാ  അവിടെ സ്വിമ്മിങ് ക്ലാസ്സിന് ..അടുത്ത വെക്കേഷന് വരുമ്പോ ആട്ടെ.പഠിപ്പിച്ച്  തരാം."ആദിത് പറയുന്നു.
"കോളജിൽ ആയെ പിന്നെ ഈ അപ്പേട്ടന് ഭയങ്കര ജാടയാ.." അവൾ മുഖം വീർപ്പിക്കുന്നു.
"നിനക്ക് എൻട്രൻസിന് റാങ്ക് കിട്ടുമോടി ?അതോ തോറ്റ് തൊപ്പിയിട്ട്  വല്ലവന്റെയും തലയിൽ കെട്ടിവെക്കേണ്ടിവരുമോ?"  ജയദേവൻ  വീണ്ടും അവളെ കളിയാക്കുന്നു..
ആദിത്തിന്റെ  ഓർമ്മകൾ ഏതൊക്കെയോ വഴിക്ക് പോയി..അപ്പോഴേക്കും മഴ തിമിർത്ത് പെയ്യാൻ തുടങ്ങി..മഴ നനഞ്ഞ്  അവന്റെ ശരീരം തണുത്ത് വിറയ്ക്കുന്നുണ്ടെങ്കിലും അവന്റെ മനസ്സ് ചുട്ടുപൊള്ളുകയായിരുന്നു..അവനൊന്നുറക്കെ കരയണമെന്ന് തോന്നി..അമ്മ ഇപ്പൊ അടുത്തുണ്ടായിരുന്നെങ്കിലെന്ന് അവൻ അതിയായി ആശിച്ചു.വേറൊന്നും വേണ്ട അമ്മയെ കെട്ടിപ്പിടിച്ച്  അമ്മയുടെ മടിയിൽ കിടന്ന് ഒന്നുമയങ്ങണം...ഉറങ്ങിയെഴുനേൽക്കുമ്പോൾ കഴിഞ്ഞുപോയതൊക്കെയും വെറും ഒരു സ്വപ്നം മാത്രമായിരുന്നുവെന്ന് അമ്മ പറയണം.  ..പക്ഷെ അതൊന്നും ഒരിക്കലും നടക്കാത്ത കാര്യമാണെന്ന് അവനറിയാമായിരുന്നു..അവന്റെ മനസ്സ് കലങ്ങിമറഞ്ഞു.അവന് വല്ലാത്ത ഭയം തോന്നി.. അപ്പോഴായിരുന്നു അയയിൽ ഉണക്കാനിട്ടിരുന്ന തുണികൾ എടുക്കാൻ  വർഷ ഓടി വന്നതും മഴയത്ത് കുളത്തിന്റെ പടവിൽ എന്തോ ആലോചിച്ചുനിൽക്കുന്ന ആദിത്തിനെ  കാണുന്നതും .അവനെ ഒന്ന് പേടിപ്പിക്കാൻ  തന്നെ അവൾ തീരുമിച്ചു...അവൾ ശബ്ദമുണ്ടാക്കാതെ അങ്ങോട്ട് നടന്ന് അവന്റെ  പിറകിൽ ചെന്നു നിന്നു .
"ഠോ !" അവൾ അവന്റെ ചെവിക്കരികെ നിന്ന് ഒച്ചവെച്ചു... ആദിത് ഞെട്ടി തിരിഞ്ഞുനോക്കിയതും പിറകിൽ വർഷ ചിരിച്ചുകൊണ്ടുനിൽക്കുന്നു.
ആദിത് അവളുടെ കരണം നോക്കി ഒന്ന് പൊട്ടിച്ചു!
"മനുഷ്യനെ മനഃസമാധാനമായിട്ട് ഒരു സ്ഥലത്ത് നിക്കാനും സമ്മതിക്കില്ല ശല്യം! " ആദിത് അവളോട് അലറി.
 വർഷ കവിൾപൊത്തിപ്പിടിച്ച്  കണ്ണുമിഴിച്ച് അവനെ നോക്കി നിന്നു.ആദിത്തിന്  അവളോടുള്ള ഇഷ്ടം  അവൾ കഴിഞ്ഞ കുറച്ച് ദിവസങ്ങൾ കൊണ്ട്  മനസ്സിലാക്കിയിരുന്നു.അതുകൊണ്ടുതന്നെ അവനിൽ നിന്നും ഇങ്ങനൊരു പ്രതികരണം അവൾ ഒരിക്കലും പ്രതീക്ഷിച്ചില്ല .അവൾ കരഞ്ഞുകൊണ്ട് അവിടെ  നിന്നും ഓടിപ്പോയി..
അപ്പോഴാണ് ആദിത്തിന്  സ്ഥലകാലബോധം വന്നത്.. ..ഓർമ്മകളുടെ വേലിയേറ്റത്തിൽ താൻ സ്വയം മറന്ന് എന്ത് ഭ്രാന്താണ്  ചെയ്തതെന്ന് അവനോർത്തു..അവൻ വേഗം പടവുകൾ കയറി തറവാട്ടിലേക്ക് നടന്നു..
വർഷയെ നോക്കിയിട്ട് അവിടെങ്ങും കണ്ടില്ല..രാത്രി കഴിക്കാൻ നേരവും  വർഷയെ  കാണാഞ്ഞപ്പോൾ അവൻ സതിയോട് അവൾ എവിടെ എന്നന്വേഷിച്ചു..
"വർഷ കിടക്കുവാ മോനെ..ഉച്ചയ്ക്ക് അയയിൽ കിടന്ന  തുണി  എടുക്കാൻ പോയപ്പൊ ആ കുളത്തിന്റെ സൈഡിലോട്ട് വെറുതെ ഒന്ന് പോയതാ. പടവ് വഴുതി കിടക്കുവായിരുന്നു.. പടവില് കാലുതെന്നി വീണു.മുഖമടിച്ചാ വീണത്.നല്ല നീരുവെച്ചിട്ടുണ്ടേ."സതി പറഞ്ഞു.
"ഞങ്ങളാരും അറിഞ്ഞില്ല അപ്പുവേ..അടുക്കളയിൽ കാണാഞ്ഞ് ചെന്നപ്പോ മുഖം  മുഴുവൻ മരുന്ന്  പൊതിഞ്ഞ് വെച്ചിരിക്കുന്നു.അപ്പഴാ വീണ കാര്യം പറഞ്ഞെ. ആഹ് കണ്ണില് കൊള്ളാനുള്ളത് പിരികത്തിൽ കൊണ്ട് പോയി എന്ന് പറഞ്ഞാൽ മതീല്ലോ..വേറെ എന്തോ വരാനിരുന്നതാവും.. "മുത്തശ്ശി പറഞ്ഞു.
ആദിത് രണ്ട് വറ്റ്  കഴിച്ചെന്നുവരുത്തി അവിടെ നിന്നും എഴുനേറ്റു.അവന്റെ ഓരോ ചലനങ്ങളും പ്രിയ ശ്രദ്ധിക്കുണ്ടായിരുന്നു..
അവൻ മുറിയിൽ ചെന്ന് കിടന്നിട്ടും ഉറക്കം വന്നില്ല.മനസ്സ് നിറയെ അവളുടെ മുഖമായിരുന്നു.അടിച്ചതെന്തിനെന്നറിയാതെ കവിൾ പൊത്തിപ്പിടിച്ച് കണ്ണീരോടെ തന്നെ നോക്കി നിൽക്കുന്ന വർഷയുടെ മുഖം..അവൻ എങ്ങനെയോ നേരം വെളുപ്പിച്ചു.
ഒഴിവുസമയത്ത് ചായ്പ്പിൽ എന്തെങ്കിലും പുസ്തകങ്ങൾ വായിക്കാൻ ബാക്കി ഉണ്ടോ എന്ന് നോക്കാൻ  കയറിയതായിരുന്നു വർഷ..കുറച്ചുനേരം തപ്പിയിട്ടും അവൾക്കൊന്നും കിട്ടിയില്ല..പെട്ടെന്ന്  ചായ്പ്പിന്റെ  വാതിൽ അടയുന്ന ശബ്ദം കേട്ട് അവൾ തിരിഞ്ഞുനോക്കിയതും ആദിത് അവളുടെ തൊട്ടുപിന്നിൽ നിൽപ്പുണ്ടായിരുന്നു.പെട്ടെന്നവനെ കണ്ട ഷോക്കിൽ അവൾ പേടിച്ച് ഒച്ചവെയ്ക്കാൻ വാ തുറന്നതും അവൻ അവളുടെ വായ പൊത്തിപ്പിടിച്ചു! അവൾ എന്തോ പറയാൻ ശ്രമിച്ചു..
"ഒച്ചവെക്കരുത്..എങ്കിൽ ഞാൻ കൈമാറ്റം." അവൻ ശബ്ദം താഴ്ത്തി പറഞ്ഞു.
അവൾ തലയാട്ടി. ആദിത്  പതുക്കെ അവളുടെ വായിൽ നിന്നും അവന്റെ കൈ എടുത്ത് മാറ്റി.
അവൾക്ക്  ശ്വാസം മുട്ടി. പേടിച്ച് അവനെ തന്നെ നോക്കി നിന്നു .
അവളുടെ നീര് വന്ന കവിളിൽ അവൻ പതുക്കെ തന്റെ വിരലോടിച്ചു..അവൾ അവന്റെ കൈകൾ തട്ടിമാറ്റി..
അവൻ അവളുടെ മുഖം തന്റെ കൈകളിലെടുത്ത്  തിണിർത്തുകിടക്കുന്ന അവളുടെ കവിളിലേക്ക്  അവന്റെ ചുണ്ടുകൾ അടുപ്പിച്ചു .അവൾ ദേഷ്യത്തോടെ  അവന്റെ കൈകൾ തട്ടിമാറ്റി അവനെ ആഞ്ഞുതള്ളി.
"ഞാൻ എന്ത് തെറ്റ് ചെയ്തിട്ടാ എന്നെ അടിച്ചത്..? പുറകിൽ വന്ന് ശബ്ദമുണ്ടാക്കിയത് തമാശയ്ക്ക് വേണ്ടി ചെയ്തതാണെന്ന് നിങ്ങൾക്ക് നല്ലതുപോലെ അറിയാം..എന്നിട്ടും ഒരു ദാക്ഷണ്യവുമില്ലാതെ എന്നെ അടിച്ചില്ലേ.." അവൾ കരയാൻ തുടങ്ങി..ആദിത് ഒന്നും മിണ്ടാതെ  അത് കേട്ടുകൊണ്ടിരുന്നു..
"ഞാൻ മണ്ടിയാ.നിങ്ങളെന്നോട്  അടുത്ത് പെരുമാറിയപ്പോഴൊക്കെ  എന്നോട് എന്തോ ഒരിഷ്ടമുണ്ടാകുമെന്ന് ഞാൻ തെറ്റിദ്ധരിച്ചു.പക്ഷെ  എന്നോട് ഇത്രമാത്രം ദേഷ്യമുള്ളിൽ  ഉണ്ടെന്ന്  ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല.."അവൾ കരച്ചിലിനിടയിൽ പറഞ്ഞുകൊണ്ടിരുന്നു ..
"പൊറുക്കാനാവാത്ത തെറ്റാ ഞാൻ ചെയ്തത്..ഒരിക്കലും ന്യായീകരിക്കുന്നില്ല.പക്ഷെ നീ ഉദ്ദേശിക്കുന്നത്പോലെ മനപ്പൂർവം അല്ല ..ഞാൻ ഒരിക്കലും ഓർക്കാൻ ഇഷ്ടപെടാത്ത ഒരു ഭൂതകാലത്തിന്റെ ഓർമ്മകളിലേക്ക് പോയി  ഭയന്ന് വിറച്ച് നിന്നപ്പോഴായാണ്  നീ അവിടെ വന്നത്.എന്റെ കൈവിട്ടുപോയതാണ്..അറിയാതെ ചെയ്തുപോയതാണ്.."അവന്റെ കണ്ണുകൾ നിറഞ്ഞുവന്നു.
"നീ പറഞ്ഞതുപോലെ നിന്നോട് എന്തോ ഒരിഷ്ടം അല്ല..നിന്നെ കണ്ട മാത്രയിൽ തന്നെ  എനിക്ക് നിന്നോട് വല്ലാത്തൊരടുപ്പം  തോന്നിയിരുന്നു .കാരണം നിന്നെ കാണുമ്പോൾ എനിക്കെന്തോ ഞങ്ങളുടെ സവിതയെ ഓർമ്മവരുന്നു."വർഷ അവനെ നോക്കി.
"അതുകൊണ്ടുതന്നെയാണ് ഓരോന്ന് പറഞ്ഞ് നിന്നെ കളിയാക്കിയും ശുണ്ഠിപിടിപ്പിച്ചും ഞാൻ പിറകെ നടന്നത്.. പക്ഷെ എപ്പഴോ ഞാൻ പോലും അറിയാതെ എന്റെ മനസ്സ് കൈവിട്ടുപോയി.നിന്നെ ഞാൻ സ്നേഹിച്ചുതുടങ്ങി..അന്ന് നീ എന്റെ ലാപ്ടോപ്പിൽ ഒരു പെൺകുട്ടിയുടെ ഫോട്ടോ കണ്ട് നോക്കി നിന്നില്ലേ?അതാണ് സവിത. നിന്നെപ്പോലെ ഒരുപാട് കുറുമ്പും കുസൃതികളുമുണ്ടായിരുന്ന ഒരു പാവം നാട്ടുമ്പുറത്തുകാരി...സവിത സതിയാന്റിയുടെ മോൾ ആണ്.. ഞാൻ, പ്രിയേച്ചി, സവിത, ദേവൻ ചെറുപ്പം മുതലേ ഞങ്ങൾ നാലുപേരുമായിരുന്നു കൂട്ട്. ദേവൻ എന്റെ അച്ഛന്റെ ഫ്രണ്ട് ജയശങ്കർ അങ്കിളിന്റെ  മോനാ. സവിത   ഞങ്ങളുടെ കുഞ്ഞനിയത്തി ആയിരുന്നു.ഞാൻ എപ്പോഴും  അമ്മയോടും സതിയാന്റിയോടും   പറയും എനിക്ക് രണ്ടു പെങ്ങന്മാരുണ്ട്ന്ന്.മുത്തശ്ശി എന്നെ അപ്പു എന്ന് വിളിക്കുന്നതുകേട്ട് അവൾ എന്നെ അപ്പേട്ടാ എന്ന് വിളിച്ചു.അവളുടെ അപ്പേട്ടാ എന്നുള്ള വിളി എനിക്ക് അത്രയ്ക്കും ഇഷ്ടമായിരുന്നു... ഓരോ തവണയും  വെക്കേഷന് ഞങ്ങളുടെ വരവും കാത്ത് അവളിരിക്കും. വന്നുകഴിഞ്ഞാൽ പിന്നെ ഞങ്ങളുടെ ലോകം ആണ്.ഞങ്ങളുടെ വാലിൽ തൂങ്ങി എവിടെയും അവളുണ്ടാവും.ഞാനും ദേവനും  ഓരോന്നും പറഞ്ഞ് ചുമ്മാ എപ്പഴും അവളെ കളിയാക്കും. ഇന്ന്..ഇന്ന് അവളീ  ഭൂമിയിൽ ഇല്ല!"ആദിത് പറഞ്ഞുനിർത്തി..
"എന്ത് പറ്റി ആ കുട്ടിക്ക്..?"വർഷ ചോദിച്ചു.ആദിത് കുറച്ചുനേരമൊന്നും മിണ്ടിയില്ല.പിന്നീട്  അവൻ വർഷയെ  നോക്കി.
"കൊന്നു!" ആദിത് പറഞ്ഞു.
വർഷ ഞെട്ടിപ്പോയി.
"ആര്?" അവൾ ആകാംഷയോടെ ചോദിച്ചു.
"ഈ ഞാൻ! എന്റെ ഈ കൈകൾകൊണ്ട്.." ആദിത് വല്ലാത്തൊരു മുഖഭാവത്തോടെ  വർഷയെ  നോക്കി പറഞ്ഞു.
വർഷ ഞെട്ടിത്തരിച്ചുനിന്നു!
(തുടരും )
രചന:അഞ്ജന ബിജോയ്
പ്രസിദ്ധീകരിച്ച ഭാഗങ്ങൾ വായിക്കാൻ :- https://goo.gl/963Fji
By: Anjana Bijoy, USA

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo