നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അന്നുപെയ്തമഴയിൽ - Part 15


"എനിക്കൊ അയാൾക്കൊ  നിന്റെ ഏട്ടനോട് ഒരു ദേഷ്യവുമില്ലായിരുന്നു മോളെ..പക്ഷെ എന്ത് പറയാനാ..ദാറ്റ് പുവർ  ഗൈ വാസ് ഇൻ ദി റോങ്ങ് പ്ലേസ് അറ്റ് ദി റോങ് ടൈം! അയാളുടെ  മുഖം നേരിട്ട് കണ്ട നിന്റെ വിനുവേട്ടനെ  ബാക്കിവെച്ചേക്കുന്നത് ശരിയല്ലെന്ന് അയാൾക്ക് തോന്നി...ഒറ്റ അടി! നിന്റെ ഏട്ടന്റെ  സ്കൾ ചിതറിപോകുന്ന സൗണ്ട് കേട്ടു  എന്നാ അയാൾ എന്നോട് പറഞ്ഞത്..പക്ഷെ പ്രിയയുടെ ഫോണിൽ നിന്നും എമർജൻസി നമ്പറിൽ പൊലീസിന് കാൾ പോയിട്ടുണ്ടെന്ന്  മനസ്സിലാക്കിയ ഉടനെ തന്നെ അയാൾ നിന്റെ ഏട്ടനേയും   പൊക്കിയെടുത്ത്  ഞാൻ കൊടുത്ത വാച്ചുമെടുത്ത്  അവിടുന്ന് സ്ഥലം വിട്ടു.ഇപ്പൊ നിന്റെ വിനുവേട്ടൻ അറ്റ്ലാന്റിക് ഓഷ്യന്റെ  മടിത്തട്ടിൽ സുഖനിദ്രയിലാണ് മോളെ! നിന്റെ വിനുവേട്ടനെ പരലോകത്തേക്കയച്ചവനെ ഇനി മഷിയിട്ട് നോക്കിയാൽ പോലും കിട്ടില്ല "പറഞ്ഞതും ജയദേവൻ ഒരു ഭ്രാന്തനെ പോലെ പൊട്ടിച്ചിരിച്ചു.
കേട്ടത് വിശ്വസിക്കാനാവാതെ  തന്റെ വിനുവേട്ടൻ ഇന്നീ ഭൂമിയിൽ ഇല്ല എന്ന സത്യം ഉൾക്കൊള്ളാൻ ആവാതെ  വർഷ അലറിക്കരഞ്ഞുകൊണ്ട്  നിലത്തിരുന്നു!
പ്രിയയും അതെ അവസ്ഥയിൽ ആയിരുന്നു.തന്നെ രക്ഷിക്കാൻ വന്ന് തനിക്കുവേണ്ടി മരണം ഏറ്റുവാങേണ്ടി വന്ന ആ പാവത്തെ ഓർത്ത് അവളും പൊട്ടിക്കരഞ്ഞു .
ജയദേവൻ തന്റെ കൊലച്ചിരി നിർത്തിയില്ല.മായയും ജയശങ്കറും മുത്തശ്ശിയും സതിയും കേട്ടതൊന്നും വിശ്വസിക്കാനാവാതെ അവനെ പകച്ച് നോക്കികൊണ്ടിരുന്നു.
ആദിത് സ്വയം നിയന്ത്രിക്കാനാവാതെ ജയദേവന്റെ കരണത്തടിച്ചു!ജയദേവൻ  അത് ആസ്വദിക്കുന്നെന്ന മട്ടിൽ വീണ്ടും ചിരിച്ചുകൊണ്ടിരുന്നു.
"ചിരിച്ചോളൂ " കരഞ്ഞുവീർത്ത കണ്ണുകളുമായി വർഷ മെല്ലെ എഴുന്നേറ്റ് വന്ന് ജയദേവന് നേരെ നിന്നുകൊണ്ട് പറഞ്ഞു.
അവൻ തന്റെ ചിരി നിർത്തിയില്ല..
"ഇത്  നിന്റെ അവസാനത്തെ കൊലച്ചിരിയായിരിക്കും .." വർഷ പറഞ്ഞതുകേട്ട് ജയദേവൻ അവളെ പുച്ഛത്തോടെ നോക്കി.
"ആദിത് സാറാണ് നിന്റെ സവിതയെ കൊന്നതെന്ന് വിചാരിച്ചല്ലേ നീ ഈ താണ്ഡവം അത്രയും  ആടിയത് ..പ്രിയേച്ചിയുടെ ജീവിതം നശിപ്പിച്ചത് ..ഒരുതെറ്റും ചെയ്യാത്ത എന്റെ വിനുവേട്ടനെ   കൊന്നത്....ഈ കൊലച്ചിരി  കഴിയുമ്പോ ഞാൻ മടക്കി  വെച്ച പേജുകൾ ഒന്ന് വായിച്ച് നോക്കുക..അത് കഴിയുമ്പോഴും നിന്റെ ചുണ്ടിൽ ഇതേ ചിരി ഉണ്ടായിരിക്കണം " വർഷ ജയദേവന്റെ  നേരെ അവളുടെ കൈയിലിരുന്ന സവിതയുടെ ബുക്ക് നീട്ടിപിടിച്ചു.
അവൻ ചിരി നിർത്തി അവളുടെ കൈൽ നിന്നും ബുക്ക് വാങ്ങി അവൾ മടക്കിവെച്ച  പേജുകൾ തുറന്ന് വായിച്ചു..ജയദേവന്   തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല.കണ്ണുനീർ മൂടി അവന്റെ കാഴ്ച മങ്ങി.കണ്ണുകൾ തുടച്ച് വീണ്ടും അത് വായിച്ചു. അത് കണ്ടു വർഷ പൊട്ടിച്ചിരിച്ചു.
ആർക്കും കാര്യമെന്തെന്ന് മനസ്സിലായില്ല.
"നിനക്ക് കരയാൻ ഒക്കെ അറിയാമോ?"വർഷ അവനെ പരിഹാസത്തോടെ നോക്കി.
"കരയാൻ സമയമായില്ല.ഇതും കൂടി കേട്ട് നോക്ക്."തന്റെ കൈയിലിരുന്ന ഫോൺ ഉയർത്തിപ്പിടിച്ച്  വർഷ അവനോട് പറഞ്ഞു.അവൾ വോയിസ്റെക്കോർഡർ ഓൺ ചെയ്തു.
"ഒച്ചവെക്കുവോ അലറിക്കറയുവോ എന്ത് വേണമെങ്കിലും  ചെയ്തോ....ആരും വരില്ല...പിള്ളേര് പുറത്തുപോയേകുവാ.എന്റെ ഭാര്യ അവളുടെ മുഖം മിനുക്കാൻ പോയി  .. പിന്നെ ഉള്ളത് മുത്തശ്ശി തള്ള.അവർക്ക് വീണിടം വിഷ്ണുലോകം..ഇനി  ആരെയെങ്കിലും ഫോൺ വിളിക്കാൻ ആണെങ്കിൽ അവര് വരുന്നതിനു മുൻപേ ഞാൻ എന്റെ കാര്യം സാധിച്ചിരിക്കും.."
ജയശങ്കറിന്റെ ശബ്ദം എല്ലാവരും കേട്ടു .
"നാണമില്ലേ നിങ്ങൾക്ക്..എന്റെ അച്ഛന്റെ  പ്രായം ഉണ്ടല്ലോ ..മരിയാദയ്ക്ക് വാതിൽ തുറക്കുന്നുണ്ടോ " വർഷ പറയുന്നു .
 "തുറക്കാം.എനിക്ക് ഇച്ചിരി പരുപാടിയുണ്ട് ..നീ സമ്മതിച്ചാ നമുക്ക് ഒരു ബഹളവുമില്ലാതെ കാര്യം കഴിഞ്ഞ് മാനം മരിയാദയ്ക്ക് ഇവിടെ നിന്നും പോകാം..ഇല്ലെങ്കിൽ!"അയാളുടെ പേടിപ്പിക്കുന്ന ശബ്ദം .
"നിങ്ങടെ ആഗ്രഹം നടക്കണമെങ്കിൽ ഞാൻ മരിക്കണം.." വർഷ കാർക്കിച്ചുതുപ്പുന്നു .
പിന്നെ അവിടെ എന്തൊക്കെയോ പിടിവലി നടക്കുന്ന ശബ്ദം കേൾക്കുന്നു.വർഷയുടെ വായ പൊത്തിപ്പിടിച്ചിരിക്കുന്നതുപോലെ അവളുടെ ഞരക്കവും പിന്നെ   ഫോൺ എങ്ങോട്ടോ  വീഴുന്ന ഒച്ചയും കേൾക്കുന്നു. അവിടെ  ബലപ്രായോഗത്തിനിടയിൽ അയാൾ പറയുന്നത് വ്യക്തമായി കേൾക്കാമായിരുന്നു.
"എടി അധികം കിടന്ന് നെഗളിക്കരുത്.പണ്ടൊരുത്തി ഇതുപോലെ എന്റെ മുൻപിൽ കിടന്ന് കുറെ വിലസിയതാ.ഒരു പ്രാവശ്യം അവളോടൊന്നു വഴങ്ങിത്തരാൻ പറഞ്ഞപ്പോൾ അവൾക്ക് അഹങ്കാരം.ഓരോ പ്രാവശ്യവും അവൾ എന്നെ ആട്ടി അകറ്റി.എന്നെങ്കിലും അവളെ എന്റെ കൈയിൽ  കിട്ടുമെന്ന്  എനിക്ക് അറിയാമായിരുന്നു.അങ്ങനെ കാത്തു കാത്തിരുന്ന് ഒരിക്കൽ അവളെ എന്റെ  കൈയിൽ  കിട്ടി.കാലുപിടിച്ചപേക്ഷിച്ചിട്ടും അവളെന്റെ നേരെ കാർക്കിച്ചുതുപ്പി.അലറിവിളിക്കാൻ തുടങ്ങിയപ്പോൾ ചവിട്ടിത്താഴ്ത്തിയെടി കുളത്തിലോട്ട് !പക്ഷെ എന്റെ നല്ലകാലത്തിന് ആ കുറ്റം  ഒരു ചെറുക്കൻ  സ്വമേധയാ ഏറ്റെടുത്തു. അവന്റെ തന്തേം  ഞാനും കൂടി ലക്ഷങ്ങൾ കൊടുത്താ പോലീസുകാരുടെ വായടപ്പിച്ചത്..അവളുടെ ഗതി നിനക്കും വരണ്ടെങ്കിൽ നീ മരിയാദയ്ക്ക് എന്നെ അനുസരിച്ച് നിന്നോ.." മദ്യലഹരിയിൽ അയാളുടെ സ്വരം കുഴയുന്നുണ്ടായിരുന്നു.
വർഷ അത് ഓഫ് ചെയ്തു. ആദിത് തരിച്ച് നിന്നുപോയി! താൻ ഒരു കൊലപാതകി ആണെന്നോർത്ത് ഇത്രനാളും നെഞ്ചുപൊട്ടി പാപഭാരവും പേറി നടന്നത്  അവന്റെ മനസ്സിലൂടെ കടന്നുപോയി. താൻ അച്ഛനെ പോലെ സ്നേഹിച്ച മനുഷ്യൻ അയാൾ ചെയ്ത കൊടുംക്രൂരത  ഒരു മടിയും കൂടാതെ തന്റെ തലയിലേക്ക് വെച്ചുതരികയായിരുന്നു. ജയദേവന്റെ   കണ്ണുകൾ കോപം കൊണ്ട് ചുവന്നു.അടക്കാനാവാത്ത ദേഷ്യത്തോടെ അവൻ ജയശങ്കറിന്റെ നേരെ ചെന്നു!
കുറ്റം പിടിക്കപ്പെട്ട  കള്ളനെ പോലെ ജയശങ്കർ ആലിലപോലെ വിറച്ചു.മുത്തശ്ശിയും ആദിത്തും അന്ധാളിപ്പോടെ അയാളെ നോക്കി.
"സവിതയുടെ ഡയറി കുറിപ്പുകൾ വായിച്ച് നിങ്ങളുടെ യഥാർത്ഥ സ്വഭാവം ഞാൻ മനസ്സിലാക്കിയിരുന്നു.എന്നെങ്കിലും നിങ്ങൾ എന്റടുത്തും വന്ന് ചാടുമെന്ന് എനിക്കറിയാമായിരുന്നു..കരുതിയിരിക്കുകയായിരുന്നു ഞാൻ..പക്ഷെ നിങ്ങളാണ് സവിതയുടെ മരണത്തിനുത്തരവാദി എന്നോ ഇങ്ങനൊരു കുറ്റസമ്മതം നിങ്ങളുടെ നാവിൽ നിന്ന് വീഴുമെന്നോ  ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല.."വർഷ ജയശങ്കറിനെ നോക്കി പല്ലുകടിച്ചു.
ജയദേവൻ  അയാളുടെ കോളറിൽ പിടിച്ചു.
"നിങ്ങൾ ഒരു സ്ത്രീലമ്പടനാണെന്ന് എനിക്കറിയാമായിരുന്നു.പക്ഷെ സ്വന്തം മകൻ സ്നേഹിക്കുന്ന പെണ്ണിലും നിങ്ങൾ കാമം കണ്ടെത്തുമെന്ന് ഞാൻവിചാരിച്ചില്ല." ജയദേവൻ മുരണ്ടു.
"മോനെ ഞാൻ ..മദ്യലഹരിയിൽ എന്തോ അറിയാതെ പുലമ്പിയതാണ്..അതൊന്നും സത്യമല്ല മോനെ.."ജയശങ്കർ മകന്റെ  മുഖത്തു നോക്കി വിക്കി വിക്കി പറഞ്ഞു.
"സത്യമല്ല അല്ലെ..അപ്പൊ ഇതോ?"ജയദേവൻ വർഷ അവന്  കൊടുത്ത സവിതയുടെ ബുക്കിലെ മടക്കി വെച്ച ചില പേജുകളിലെ  ചില വരികൾ അയാളെ വായിച്ചുകേൾപ്പിച്ചു.
"മുത്തശ്ശിയും അമ്മമാരും ദീപാരാധന  തൊഴാൻ  അമ്പലത്തിൽ പോയി.വികാസ് സാറിന് പനിയായത് കാരണം  അദ്ദേഹവും അപ്പേട്ടനും ഇവിടെ ഉണ്ടായിരുന്നു.അദ്ദേഹത്തിനുള്ള  അത്താഴവും തയാറാക്കിയിട്ട് മേല് കഴുകാൻ  ഞാൻ കുളപ്പുരയിലേക്ക് പോയി.മുഷിഞ്ഞ ബ്ലൗസും പാവാടയുമിട്ട് മുങ്ങിനിവർന്നപ്പോൾ പടവിൽ മാറാൻ വെച്ചിരുന്ന ദാവണിയും കൈയിൽ പിടിച്ച് എന്നെ നോക്കി വഷളച്ചിരിയുമായി അയാൾ ഇരിക്കുന്നു.എന്റെ കൈയിൽ  കടന്നുപിടിച്ചു.എന്നെ വലിച്ച്  അയാളുടെ ദേഹത്തേക്കിടാൻ നോക്കി .അപ്പോഴാണ് എന്റെ പേരും വിളിച്ചുകൊണ്ട് അപ്പേട്ടൻ എന്നെ അന്വേഷിച്ചുവരുന്ന ശബ്ദം കേട്ടത്..നിന്നെ പിന്നെ എടുത്തോളാമെന്ന് പറഞ്ഞ് അയാൾ അവിടെ നിന്നും ഓടി.അപ്പേട്ടൻ കുളപ്പുരയുടെ വാതിലിന്റെ സൈഡിൽ വന്ന് നിന്നു..കുറച്ച് സമയമായിട്ടും എന്നെ കാണാത്തത് കൊണ്ട് അന്വേഷിച്ചു വന്നതായിരുന്നു അപ്പേട്ടൻ.പെട്ടെന്ന് വസ്ത്രം വാരി വലിച്ചുടുത്ത് ഞാൻ അങ്ങോട്ട് ചെന്നു. എന്റെ കണ്ണുകൾ നിറഞ്ഞിരിക്കുന്നത്  കണ്ട്  അപ്പേട്ടൻ കാര്യമന്വേഷിച്ചു.എന്തോ കണ്ടു പേടിച്ചതാണെന്ന് പറഞ്ഞപ്പോൾ ഇനി ത്രിസന്ധ്യക്ക് ഒറ്റയ്ക്ക്   കുളത്തിൽ  വരരുതെന്നും അകത്ത്  ബാത്‌റൂമിൽ പോയി കുളിച്ചോളണമെന്നും അപ്പേട്ടൻ വഴക്ക്  പറഞ്ഞു.അപ്പേട്ടൻ വന്നതുകൊണ്ട്  മാത്രമാണ് ആ ചെകുത്താന്റെ  കൈയിൽ  നിന്നും ഞാൻ രക്ഷപ്പെട്ടത്..എന്നെ ജീവന് തുല്യം സ്നേഹിക്കുന്നുണ്ടെങ്കിലും ഇതുവരെ ആനാവശ്യമായി എന്റെ വിരൽത്തുമ്പിൽ പോലും ദേവേട്ടൻ തൊട്ടിട്ടില്ല. പണ്ട്  കവലയിൽ വെച്ച്  എന്നെ ഒന്ന് നോക്കി എന്തോ വഷളത്തരം പറഞ്ഞതിനാണ്  ദേവേട്ടൻ ശിവനെ അടിച്ച് കൈയും കാലും ഒടിച്ചതും  പിറ്റേന്ന് എന്നെ ഹോസ്പിറ്റലിലേക്ക് വിളിച്ച് ശിവനെ കൊണ്ട്  മാപ്പ് പറയിപ്പിച്ചതും .അങ്ങനെ ഉള്ള ഒരാളോട് സ്വന്തം അച്ഛൻ തന്നെ എന്നെ  നശിപ്പിക്കാൻ നോക്കുന്നുവെന്ന് പറഞ്ഞാൽ എങ്ങനെ  പ്രതികരിക്കും  എന്നെനിക്കറിയില്ല.ദേവേട്ടന്റെ സ്വഭാവം വെച്ച്  ചിലപ്പോ ഒരു കൊലപാതകം തന്നെ നടന്നേക്കാം . കാരണം ദേവേട്ടൻ അത്ര മാത്രം ഈ അമ്മൂനെ ഭ്രാന്തമായി സ്നേഹിക്കുന്നു.."
ജയദേവൻ ജയശങ്കറിന്റെ നോക്കി.അയാൾ നിന്ന് വിറയ്ക്കുന്നു!
" യാദൃശ്ചികമെങ്കിലും എനിക്ക് സവിതയുമായി മുഖസാമ്യം ഉള്ളത്കൊണ്ട് അല്ലെ അന്ന് കടയിൽ വെച്ച് പ്രശ്നമുണ്ടായപ്പോൾ നിങ്ങൾക്ക് അത്രയും ദേഷ്യം വന്നതും എന്നെ അപമാനിച്ചവനെ ഉപദ്രവിച്ചതും അവനെ കൊണ്ട് മാപ്പ് പറയിപ്പിച്ചതും?അറിയാതെ ആണെങ്കിൽ പോലും അന്ന് നിങ്ങൾ എന്നെ വിളിച്ച പേര് ഞാൻ മറന്നിട്ടില്ല..ഇഷ്ടം കൂടുമ്പോ നിങ്ങൾ സവിതയെ വിളിച്ചുകൊണ്ടിരുന്ന അതേ പേര് തന്നെ..അമ്മു..അതും സവിത കുറിച്ചിട്ടിട്ടുണ്ട്.. " വർഷ ജയദേവനോട് ചോദിച്ചു.
ആദിത് പകച്ച് വർഷയെ  നോക്കി. കടയിൽ വെച്ച് എന്തോ ഇഷ്യൂ ഉണ്ടായി എന്നുള്ളത് അവന് പുതിയ അറിവായിരുന്നു.ആരോടും പറയണ്ട എന്ന് പറഞ്ഞെങ്കിലും അന്ന് കടയിൽ വെച്ച് നടന്നതൊക്കെ  വർഷ  അന്നുതന്നെ പ്രിയയോട് മാത്രം പറഞ്ഞിരുന്നു.
ജയദേവൻ ഒന്നും മിണ്ടിയില്ല.അവൻ അടുത്ത പേജ് വായിച്ചു.
"വികാസ് സാറും ശാരദാമ്മയും പ്രിയേച്ചിയും മുത്തശ്ശിയും ഒരു ബന്ധുവീട്ടിൽ പോയി.മായമ്മ അവരുടെ വീട്ടിലും.അപ്പേട്ടനും ദേവേട്ടനും സിനിമ കാണാൻ പോയി.ഞാൻ അടുക്കളയിൽ പാത്രം കഴുകികൊണ്ടിരുന്നപ്പോൾ അയാൾ പിന്നിൽ നിന്നും വന്നെന്നെ വട്ടം ചുറ്റിപിടിച്ചു.എങ്ങനെയോ കുതറി  മാറി ഞാൻ അവിടെ നിന്നും ഓടി റോഡിലിറങ്ങി നിന്നു..അയാൾ സ്വന്തം വീട്ടിലേക്ക് പോയി എന്നുറപ്പ് വരുത്തിയ ശേഷമാണ് ഞാൻ തിരികെ പോയത്. പണ്ടൊക്കെ എല്ലാവരും വെക്കേഷന് വരുന്നെന്നു കേൾക്കുമ്പോൾ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ലായിരുന്നു. ദിവസങ്ങൾ  എണ്ണി  എണ്ണി  കാത്തിരിക്കുമായിരുന്നു.ഇപ്പൊ എല്ലാവരും  എങ്ങനെ എങ്കിലും ഒന്നുപോയി കിട്ടിയാൽ മതിയെന്നേ  ഉള്ളു.അടുക്കളയിലും കുളപ്പടവിലും ഒന്നും അയാളുടെ ഒളിഞ്ഞുനോട്ടം സഹിക്കാൻ പറ്റുന്നില്ല.സ്വന്തം  മകൻ സ്നേഹിക്കുന്ന പെണ്ണാണെന്ന് അറിഞ്ഞാൽ ഒരുപക്ഷെ എന്നോടുള്ള സമീപനത്തിന് മാറ്റം വരുമായിരിക്കും.പക്ഷെ തൽക്കാലം  ദേവേട്ടന്റെ പഠിത്തം കഴിഞ്ഞ് ഒരു ജോലി ആവുന്നതുവരെ ആരും ഈ കാര്യം അറിയരുതെന്നാണ് ഞങ്ങൾ തീരുമാനിച്ചിരിക്കുന്നത്.അതുവരെ അയാളുടെ കൈയിൽ  നിന്നും എങ്ങനെ  എങ്കിലും രക്ഷപെട്ട്  നിന്നെ പറ്റു ..എന്നെയും ദേവേട്ടനെയും പറ്റി  അമ്മയ്ക്ക് എന്തൊക്കെയോ സംശയങ്ങൾ ഉണ്ടെന്ന് തോന്നുന്നു..മുന വെച്ച് എന്തൊക്കെയോ സംസാരിക്കു ന്നുണ്ടായിരുന്നു . ഞാനും ദേവേട്ടനും തമ്മിൽ ഇഷ്ടത്തിലാണെന്നറിഞ്ഞാൽ അമ്മ എന്നെ കൊന്നുകളയും.. ദേവേട്ടന്റെ അച്ഛന്റെ കാര്യം അമ്മയും അറിയാതെ ഇരിക്കുകയാണ് നല്ലത്.പറഞ്ഞാൽ പിന്നെ എന്നെ തറവാട്ടിലേക്ക് പോവാൻ  അനുവദിക്കില്ല.എനിക്കെന്റെ ദേവേട്ടനെ കാണാൻ  പറ്റാതെ ആവും..  "നിറഞ്ഞുവന്ന കണ്ണുകൾ തുടച്ചുകൊണ്ട് ജയദേവൻ പേജുകൾ മറിച്ച്  വായിച്ചുകൊണ്ടിരുന്നു .അവന്റെ ശബ്ദം ഇടറുന്നുണ്ടായിരുന്നു...പിന്നെയുള്ളത് സവിത മരിച്ചതിന്റെ തലേന്നത്തെ കുറിപ്പായിരുന്നു.
"സഹിക്കാവുന്നതിനുമപ്പുറമായി..മുത്തശ്ശിയും ഞാനും തനിച്ചായിരുന്നു ഇന്ന്.. ഞങ്ങളുടെ വീട്ടിൽ കിണറുതേവാൻ ആൾ വരുന്നത്കൊണ്ട്  അമ്മ തറവാട്ടിലേക്ക് താമസിച്ചേ എത്തുകയുള്ളെന്ന് പറഞ്ഞിരുന്നു. .അപ്പേട്ടനും ദേവേട്ടനും കൂട്ടുകാരുടെ കൂടെ കറങ്ങാനും പോയി.വികാസ് സാറും ശാരദാമ്മയും പ്രിയേച്ചിയും മായമ്മയുമായി പ്രിയേച്ചിക്ക് കുറച്ച് സ്വർണം മാറിവാങ്ങാൻ    പോയിരിക്കുകയായിരിക്കുന്നു.അയാളും  അവരുടെ കൂടെ പോയിക്കാണുമെന്നാണ് ഞാൻ വിചാരിച്ചത്..മുത്തശ്ശി കുളിക്കാൻ കേറിയ സമയം ഞാൻ ചായ്പ്പിലായിരുന്നു .അമ്മ കാണാതെ എടുത്ത് വെച്ച കുറച്ച് പുസ്തകങ്ങൾ വായിക്കാൻ.ആരോ ചായ്പ്പടയ്ക്കുന്ന  ശബ്ദം കേട്ടു .ദേവേട്ടൻ എന്നെ പറ്റിക്കാൻ വന്നതാവുമെന്നാണ്  ഞാൻ വിചാരിച്ചത്.പക്ഷെ തൊട്ടുമുൻപിൽ അയാൾ! അയാൾ എന്നെ വലിച്ച്  താഴെ നിലത്തേക്കിട്ടു....പുറം ഇടിച്ച് ഞാൻ താഴെ വീണു.. എന്റെ ഉടുപ്പിൽ പിടിത്തമിട്ടപ്പോൾ എന്റെ പുറംപോളിയുന്ന  വേദനക്കിടയിലും അവിടെ അടുത്ത് കിടന്ന കുത്തുവിളക്കിൽ ഒരെണ്ണം എടുത്ത് ഞാൻ അയാളുടെ കാലിൽ ആഞ്ഞടിച്ചു.അയാൾ നിലംപൊത്തി വീണു.ആ തക്കത്തിന് ഉള്ള ജീവനും  കൊണ്ട് ഞാൻ എഴുന്നേറ്റോടി.അടുക്കളയിൽ കരഞ്ഞുകൊണ്ടിരിക്കുന്ന എന്നെയാണ് അമ്മ വന്നപ്പോൾ കണ്ടത്.കാര്യമന്വേഷിച്ചപ്പോ എല്ലാ സത്യങ്ങളും ഞാൻ തുറന്നുപറഞ്ഞു.അമ്മയും എന്നെ കെട്ടിപിടിച്ച് കരഞ്ഞു.."ജയദേവൻ വായിച്ച് നിർത്തി.എല്ലാവരും ഞെട്ടി സതിയെ നോക്കി.
"നിങ്ങൾക്കെലാം അറിയാമായിരുന്നു അല്ലെ .." ജയദേവൻ കത്തുന്നകണ്ണുകളോടെ സതിയെ നോക്കി.
"പറയ് സവിതയെ ഈ മനുഷ്യൻ ഉപദ്രവിക്കാറുണ്ടെന്നും അയാൾ അവളോട് മോശമായി പെരുമാറിയതും ഒക്കെ അവൾ നിങ്ങളോട് പറഞ്ഞിരുന്നില്ലേ? എന്നിട്ടും അയാളുടെ കൈകളിൽ കിടന്ന് മരിക്കാൻ  നിങ്ങൾ ആ പാവം പെണ്ണിനെ വിട്ടുകൊടുത്തില്ലേ ?  നിങ്ങൾ ഒരു അമ്മയാണോ?ഛീ !" ജയദേവൻ അവരുടെ മുഖത്ത്  നോക്കി പല്ലുകടിച്ചുകൊണ്ട് പറഞ്ഞു.
"എന്റെ കുഞ്ഞിനെ ഈ ദുഷ്ടൻ ഉപദ്രവിക്കുന്നുവെന്ന്  എന്റെ മോൾ അന്നാണ്  ആദ്യമായും  അവസാനമായും എന്നോട്  പറഞ്ഞത്..പക്ഷെ മോൻ പറഞ്ഞതിൽ ഒരു ചെറിയ പിഴവുണ്ട്..എന്റെ മോൾ ഇയാളുടെ കൈകളിൽ കിടന്നല്ല  മരിച്ചത്!" സതി പറഞ്ഞതുകേട്ട് എല്ലാവരും അവരെ തന്നെ കണ്ണുമിഴിച്ച് നോക്കി നിന്നു..
(തുടരും )
രചന:അഞ്ജന ബിജോയ്
പ്രസിദ്ധീകരിച്ച ഭാഗങ്ങൾ വായിക്കാൻ :- https://goo.gl/963Fji
By: Anjana Bijoy, USA

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot