Showing posts with label Lucifer. Show all posts
Showing posts with label Lucifer. Show all posts

ലൂസിഫർ - താരത്തിളക്കത്തോടെയുള്ള മാസിന്റെ പൊടിപൂരം

Image may contain: Saji Varghese, standing and outdoor

By സജി വർഗീസ്
ലൂസിഫർ നല്ല ഒന്നാന്തരം പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലർ കച്ചവടസിനിമയെന്ന് പറയാം.
മോഹൻലാൽ എന്ന മഹാനടന്റെ പ്രേക്ഷകർ ആഗ്രഹിച്ചരീതിയിലുള്ള പ്രകടനമാണ് സ്റ്റീഫൻ നെടുമ്പള്ളിയെന്ന കഥാപാത്രത്തിലൂടെയുണ്ടായത്.
സ്റ്റീഫൻ നെടുമ്പള്ളിയെന്ന കഥാപാത്രത്തെ ആവാഹിച്ചെടുക്കുന്നതിൽ താരരാജാവ് വിജയിച്ചിരിക്കുന്നു.
പി. കെ, ആർ എന്ന കേരള രാഷ്ട്രീയത്തിലെ അതികായന്റെ മരണവും, ഐ യു എഫ് എന്ന രാഷ്ട്രീയ പാർട്ടിയെ കൈപ്പിടിയിൽ ഒതുക്കുവാനും അതിലൂടെ തന്റെ അധോലോകം കേരളത്തിലേക്ക് വ്യാപിപ്പിക്കുവാനുള്ള ബിമൽനായർ എന്ന ബോബിയുടെ (വിവേക് ഒബ്റോയ് ) തന്ത്രങ്ങളാണ് സിനിമയെ മുന്നോട്ട് നയിക്കുന്നത്..പി.കെ.ആർ ന്റെ മകൾ പ്രിയദർശിനിയുടെ (മഞ്ജു വാര്യർ ) രണ്ടാം ഭർത്താവാണ് ബോബി.ഇന്ദ്രജിത്ത് സുകുമാരൻ അവതരിപ്പിക്കുന്ന ഗോവർദ്ധൻ എന്ന മീഡിയ ആക്ടിവിസ്റ്റിന്‍റെ വിവരണത്തിലൂടെയാണ് കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് ആദ്യ അരമണിക്കൂറിനുള്ളിൽ പരിചയപ്പെടുത്തുന്നത്.
സ്റ്റീഫൻ നെടുമ്പള്ളി ഒരു രക്ഷകനായ് അവതരിക്കുന്നതും അതിനിടയിലുള്ള സംഘട്ടനങ്ങളും രാഷ്ട്രീയ ചതുരംഗക്കളികളെല്ലാം സിനിമയിലൂടെ കാണിക്കുന്നു,
വർത്തമാനകാല രാഷ്ട്രീയത്തിൽ തെരഞ്ഞെടുപ്പിന് ഫണ്ട് ഒഴുക്കുന്നത് കള്ളപ്പണക്കാരും മയക്കുമരുന്ന് അധോലോകവും സ്വർണക്കള്ളക്കടത്തുകാരുമാണെന്ന യാഥാർത്ഥ്യം സിനിമയിലൂടെ അനാവരണം ചെയ്യുന്നു,
രാഷ്ട്രീയത്തിലെ ഉന്നതനേതാക്കൾ തമ്മിലുള്ള അവിശുദ്ധകൂട്ടുകെട്ടും രാഷ്ട്രിയനാടകങ്ങളും സ്ത്രീകളെ രാഷ്ട്രീയ ആവശ്യത്തിനായ് കപടവേഷം കെട്ടിച്ച് വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നതുമെല്ലാം സിനിമയിലൂടെ പ്രേക്ഷകരിലെത്തിക്കുന്നതിലൂടെ നിശിതമായവിമർശനത്തിന് കേരള രാഷ്ട്രീയംവിധേയമാകുന്നു
.
സിനിമയിലൂടെ ക്രിസ്തീയ വിശ്വാസത്തിന്റെ ധാർമ്മികതയും മൂല്യങ്ങളും ഉയർത്തിക്കാട്ടുന്നുണ്ട്.
വിവേക് ഒബ്റോയി ബോബിയെന്ന വില്ലൻ കഥാപാത്രത്തിലൂടെ അസാമാന്യമായ പ്രകടനമാണ് ചിത്രത്തിലുടനീളം കാഴ്ചവയ്ക്കുന്നത്.
ഒരു സ്വീറ്റ് വില്ലൻ എന്ന് തന്നെ പറയാം.
ഒരു ഘട്ടത്തിൽ നായകനേക്കാൾ ഒരു പടി മുന്നിൽനിൽക്കുന്ന അഭിനയമാണ് വിവേക് ഒബ്റോയ് കാഴ്ചവച്ചത്.
മുന്നിൽനിന്ന് നയിക്കുന്ന ജന നേതാവായ് മോഹൻലാലിന്റെ ആ നടന്നുവരവ് ഒരു മാസ് തന്നെയായിരുന്നു. സ്റ്റീഫൻ നെടുമ്പള്ളിയെന്ന കഥാപാത്രമായ് മാറുകയായിരുന്നു അദ്ദേഹം.ആ കണ്ണുകളിലെ ചലനങ്ങളിൽ പോലുമുണ്ട് മുഴുവൻ കരുത്തും. പൃഥ്വിരാജ്ന്റെ ഗസ്റ്റ് റോൾ ഭംഗിയായ് തന്നെ കൈകാര്യം ചെയ്യുവാൻ കഴിഞ്ഞിട്ടുണ്ട്.
ടോവിനോയുടെ അഭിനയവും ശക്തമായ കഥാപാത്രത്തെ ഉൾക്കൊണ്ടായിരുന്നു,
മഞ്ജുവാര്യരും വളരെ വികാരതീവ്രമായ അഭിനയ മുഹൂർത്തങ്ങളാണ് കാഴ്ചവച്ചത്
മുരളിഗോപിയുടെ ശക്തമായ തിരക്കഥയും പൃഥിരാജിന്റെ സംവിധാ ന മികവും ഒത്തുചേർന്നപ്പോൾ തിയേറ്ററിനെ പ്രകമ്പനം കൊള്ളിക്കുന്ന ദൃശ്യവിരുന്നാണ് പ്രേക്ഷകർക്ക് ലഭ്യമാകുന്നത്.
ഓരോ സീനിലും നിർത്താതെയുള്ള കരഘോഷം, നീളൻ ഡയലോഗുകളില്ലാതെ എന്നാൽ കാണികളെ ഹരംകൊള്ളിക്കുന്ന സംഘട്ടനരംഗങ്ങളും ഐറ്റംഡാൻസും സിനിമയുടെ മാറ്റ് കൂട്ടുന്നു, സുജിത് വാസുദേവിന്റെ ഛായാഗ്രഹണമികവും എടുത്തു പറയേണ്ടിയിരിക്കുന്നു. അത്രയ്ക്കും പ്രതിഭയാർന്ന ഫ്രെയിമുകളാണ് അദ്ദേഹത്തിന്റേത്. സായ്കുമാറും വർമ്മസാർ എന്ന നേതാവിലൂടെ സ്ഥിരം അഭിനയപാടവം കാഴ്ചവച്ചു.
മലയാളികൾക്ക് മോഹൻലാൽ ഒരു വികാരമാണ്. ആരാധകരുടെ ഹൃദയനായകന്റെ മാസ് ലുക്ക് ഉപയോഗപ്പെടുത്തി മലയാളത്തിലെ പ്രിയയുവതാരം പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് ലൂസിഫർ. ആശീർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്‍റണി പെരുമ്പാവൂരാണ് ചിത്രംനിർമ്മിച്ചിരിക്കുന്നത്.
ദീപക് ദേവാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. എഡിറ്റിംഗ് സംജിത്ത് മുഹമ്മദ് ആണ് ചെയ്തിരിക്കുന്നത്.
വലിയതിന്മയെ ചെറിയതിന്മകൊണ്ട് പരാജയപ്പെടുത്തുകയെന്നതാണ് സിനിമയിലൂടെ വ്യക്തമാകുന്നത്.
കേരളം ദൈവത്തിന്റെ സ്വന്തം നാടല്ല, സ്വർഗ്ഗത്തിൽനിന്നും പുറത്താക്കപ്പെട്ട ദൈവദൂത മാലാഖയായ ലൂസിഫറിന്റെ നാടാണെന്ന് പറയുന്നതിലൂടെ വ്യക്തമാകുന്നത് ചീഞ്ഞളിഞ്ഞ അധികാരരാഷ്ട്രീയത്തിന്റെ തിന്മകൾ സൃഷ്ടിച്ച സാമൂഹികാവസ്ഥയുടെ ഫലമായ് ദൈവം അപ്രത്യക്ഷമായിരിക്കുന്നു, എവിടെയും സാത്താന്മാർ നിറഞ്ഞിരിക്കുന്നു, ലൂസിഫറുമാരുടെ നാട്. അങ്ങിനെയുള്ള നാട്ടിൽ വലിയ തിന്മയെ ഇല്ലാതാക്കുന്ന ചെറിയ തിന്മയുടെ ലൂസിഫർ.
ലൂസിഫർ ഒരു അവാർഡ്‌ സിനിമയോ, ആഴത്തിൽ ചിന്തിപ്പിക്കുന്ന ഒരു കുടുംബചിത്രമോ അല്ല.എന്നാൽ ആക്ഷൻ രംഗങ്ങളും മാസിന്റെ പൊടിപൂരവുമായെത്തുന്ന ലൂസിഫറിനെ കാണുവാൻ കുടുംബ പ്രേക്ഷകരുടെ ഒഴുക്കുണ്ടാകുമെന്നുറപ്പാണ്.
സജി വർഗീസ്
Copyright protected.
ലൂസിഫർ
സംവിധാനം പൃഥ്വിരാജ്
നിർമ്മാണം ആന്റണി പെരുമ്പാവൂർ
രചന മുരളി ഗോപി
സംഗീതം ദീപക് ദേവ്
ഛായാഗ്രഹണം സുജിത് വാസുദേവ്
ചിത്രസംയോജനം സാംജിത്ത് മുഹമ്മദ്
സ്റ്റുഡിയോ ആശിർവാദ് സിനിമാസ്
അഭിനേതാക്കൾ
മോഹൻലാൽ - സ്റ്റീഫൻ നെടുമ്പള്ളി
മഞ്ജു വാര്യർ -പ്രിയദർശനി രാമദാസ്
വിവേക് ഒബ്റോയ് - ബോബി
ടൊവിനോ തോമസ് - ജതിൻ രാമദാസ്
ഇന്ദ്രജിത്ത് സുകുമാരൻ
കലാഭവൻ ഷാജോൺ - അലോഷി ജോസ്
നൈല ഉഷ - അരുന്ധതി
സയ്യ അയ്യപ്പൻ - ജാൻവി
നന്ദു - പി.എസ് പീതാംബരൻ
ബൈജു സന്തോഷ് - മുരുഗൻ
ബാല - ഭദ്രൻ
ആദിൽ ഇബ്രാഹിം
ജിജു ജോൺ
സായി കുമാർ- മഹേഷ വർമ്മ
ശിവജി ഗുരുവായൂർ - മേടയിൽ ദേവരാജൻ
ജോൺ വിജയ് - മയിൽവാഹനഠ ഐ.പി.എസ്
സച്ചിൻ ഖേദകർ - പി.കെ. രാമദാസ് ( പി.കെ. ആർ)
ഫാസിൽ - ഫാദർ നെടുമ്പള്ളി

Written by Saji Varghese

ലൂസിഫർ - Movie Review


എന്റെ പൊന്നു പ്രിത്വി
നിങ്ങൾ എജ്ജാതി തള്ളാ ഇഷ്ട !
പടം ആവറേജ് ആണ് ,സിമ്പിൾ ആണ് ,അത്ര വലിയ സംഭവം ഒന്നുമല്ല എന്നൊക്കെ തള്ളൽ കേട്ട് തീയേറ്ററിൽ പോയ ഞാൻ ഹാർട് അറ്റാക് വന്നു ചത്ത് പോകാതിരുന്നത് ആരുടയോ ഭാഗ്യം .എന്റെ കൈവെള്ളയില് തൊലി ഇല്ല അറിയോ (കയ്യടി നിർത്താൻ പറ്റണ്ടേ ).കൂട്ടത്തിലുണ്ടായിരുന്നത് അമ്മയായതു കൊണ്ട് വിസിലടിക്കാനും കയ്യടിക്കാനും അത്യവശ്യം ആർപ്പുവിളിക്കാനുമൊക്കെ പറ്റി.ഭർത്താവും മോനുമായിരുന്നെങ്കിൽ ഇത് വല്ലോം സാധിക്കുമോ?അല്ല പറഞ്ഞിട്ട് കാര്യമില്ല അറുപത്തിയഞ്ച് വയസ്സുള്ള എന്റെ 'അമ്മ ദാഹിച്ചിട്ട് വെള്ളം പോലും കുടിക്കാതെ (ഏകാഗ്രത പോകുമത്രേ ) കയ്യടിച്ചു കണ്ടോണ്ടിരുന്നു
ഇന്നെന്റെ അമ്മയുടെ പിറന്നാൾ ആയിരുന്നു .സിനിമ കണ്ടിട്ട് അമ്മയെന്നോട് പറഞ്ഞു .'അമ്മയുടെ ഓർമയിൽ ഇത്രയും രസിച്ച ഒരു പിറന്നാൾ ഉണ്ടായിട്ടില്ലന്ന് .ഇതാണ് പ്രിത്വി നിങ്ങൾക്കുള്ള അവാർഡ്
.'അമ്മ അത്രയും ആസ്വദിച്ചെങ്കിൽ ഞാൻ എന്ത് പറയാനാ കൂട്ടുകാരെ
"ലൂസിഫർ അസാധ്യ കിടുവാണ്"
ഇനി സിനിമയിലേക്ക് വരാം
"എന്റെ സാറെ തട്ടമിട്ട ഓളുടെ മുഖം കണ്ടാ പിന്നെ ചുറ്റുമുള്ളതൊന്നും കാണാൻ സാധിക്കില്ല "എന്ന് നിവിൻപോളി പറഞ്ഞത് പോലെ ലാലേട്ടൻ സ്‌ക്രീനിൽ വന്നാൽ ചുറ്റുമുള്ളതൊന്നും കാണാൻ സാധിക്കില്ല .ഞാൻ എന്തായാലും ഞായറാഴ്ച കൂടെ ബുക്ക് ചെയ്തിട്ടുണ്ട് .എനിക്ക് മറ്റുളളവരുടെ അഭിനയവും ശരിക്കും കാണണം .
എന്നാലും ചിലരെയൊക്കെ പറയാതെ വയ്യ
സായി കുമാർ . കക്ഷി ഒരു കിടുക്കാച്ചി ഐറ്റം ആണെന്ന് മുൻപ് തന്നെ തെളിയിച്ചിട്ടുള്ളതാ.ഒരു കണ്ണിൽ കള്ളത്തരവും മറ്റെല്ലാന്നിൽ കപടവിനയവും മുഖത്താണെങ്കിൽ നിഷ്‍കളങ്കതയും..പഹയൻ ..അടി ..ആ
ടോവിനോ , ടോവിനോയെകണ്ടപ്പോൾ രാഹുൽഗാന്ധിയെ ഓര്മ വന്നതു എനിക്ക് മാത്രമാണോ ? ഒരൊറ്റ മൈതാനപ്രസംഗം കൊണ്ട് ചെക്കൻ അങ്ങ് കിടുക്കി കളഞ്ഞു
മഞ്ജു "എപ്പോളുമെന്ന പോലെ നല്ല പെർഫോമൻസ്
ഫാസിൽ "ചെറിയ ഒരു റോൾ ആണെങ്കിലും ഉള്ളിൽ നിൽക്കും അത്ര അഭിനയം ആയിരുന്നു .മലയാളത്തിന് മികച്ച ഒരു സംവിധായകനെ കിട്ടിയപ്പോൾ നല്ല ഒരു നടനെ നഷ്ടമായി ..സൂപ്പർ ആയിട്ടോ പാച്ചിക്ക
ഇന്ദ്രജിത് : ഒന്നും പറയാനില്ല മാഷെ ..ഒരു ചിത്തരോഗിയുടെ ഭാവങ്ങൾ ,ചടുലമായ സംഭാഷണങ്ങൾ ...അതി ഗംഭീരം
ബൈജു " ഈശ്വര ! നിങ്ങൾ അടിപൊളിയാട്ടോ ..എന്ത് നാച്ചുറൽ ആണ് . അപ്പൊ ഇതാണല്ലേ ഇടതു വലതു രാഷ്ട്രീയം ?ഞങ്ങൾക്കെല്ലാം മനസിലായി
"വിവേക് ഒബ്‌റോയ് : ലാസ്റ്റ് ബട്ട് നോട് ദി ലീസ്റ്റ് ..അതിഗംഭീരം .വിനീതിന്റെ ശബ്ദത്തിൽ ഒരു 'അടാർ വില്ലൻ
മറക്കരുതാത്തവർ
മുരളി ഗോപി
മഹാനായ ഒരു അച്ഛന്റെ മഹാനായ ഒരു മകൻ .തിരക്കഥ .
ദീപക്‌ദേവ് : നമ്മളെ ഹരം പിടിപ്പിക്കുന്ന സംഗീതം ,ബിജിഎം ഒരു രക്ഷയുമില്ല
സുജിത് വാസുദേവ് : കാമറ കൊണ്ട് ചിത്രമെഴുതുന്ന ബുദ്ധിശാലി ..ഫ്രെയിമുകൾ ഒക്കെയും ഉള്ളിൽ തട്ടുന്നത് ...സൂപ്പർബ്
ഇനി
"രാജാവ് "
എന്റെ ലാലേട്ടാ
നിങ്ങള് എങ്ങനെയാണു ആ പോലീസ് കാരന്റെ കഴുത്തിൽ ഒരൊറ്റ ഷോട്ടിൽ കാല് കൊണ്ട് ഒരു പ്രയോഗം ചെയ്തത് ..ഒളിമ്പ്യൻ അന്തോണി ആദത്തിൽ ചെയ്തിട്ടിപ്പോ എത്ര വര്ഷം ആയി ? ഈ നൂറ്റിനെപതു ഡിഗ്രിക്കും തൊണ്ണൂറു ഡിഗ്രിലുമൊക്കെ കാല് വെക്കുന്നതു നിങ്ങള്ക്ക് ഒരു പൂവ് പറിക്കും പോലെ ഈസി ആണല്ലേ?
കഥ രത്‌നച്ചുരുക്കം
ഒരിടത്തു ഒരിടത്തു ഒരു ദൈവം ജീവിച്ചിരുന്നു ആ ദൈവത്തിനു മക്കൾ ഉണ്ടായിരുന്നു .വലിയ സൈന്യം ഉണ്ടായിരുന്നു .സ്തുതിപാഠകർ ഉണ്ടായിരുന്നു .ദൈവം ഒരു വലിയ രാജ്യത്തിൻറെ രാജാവായതു കൊണ്ട് കുറെ കള്ളന്മാർ മാലാഖാമാരായി ചമഞ്ഞു ദൈവത്തിന്റ കൊട്ടാരത്തിൽ കയറി കൂടി അങ്ങനെ ഒരു ദിവസം ദൈവം മരിച്ചു മാലാഖാമാരായി ചമഞ്ഞവർ ദൈവത്തെ കൊന്നു ദൈവത്തിന്റെ സ്വന്തം നാടായി .
പറഞ്ഞു കേട്ട കഥ തന്നെ പക്ഷെ ട്രീറ്റ്മെന്റ് പുതിയതാണ്
നമ്മളിപ്പൊളും കോഴിക്കറി വെയ്ക്കുന്നത് അല്ലെങ്കിൽ ഏതു കറിയും വെയ്ക്കുന്നത് ഒരേ മാതിരിയാണോ ?
കോഴിക്കഷണങ്ങൾ മസാലപുരട്ടി പലരീതികളിൽ മാറി മാറി നോക്കി പരീക്ഷിക്കും
സംഭവം കോഴിക്കറി തന്നെ
പക്ഷെ രുചി കൂടുതലായിരിക്കും ..അതുണ്ടാക്കുന്ന കൈകളെ കഴിക്കുന്നവർ അഭിനന്ദിക്കും വീണ്ടും ഉണ്ടാക്കി തരണമെന്ന് അഭ്യർത്ഥിക്കും .ആദ്യ സംരംഭം തന്നെ ഗംഭീരം ആണെങ്കിൽ ?
അതേ പ്രിത്വി
ഞങ്ങൾക്കിനിയും വേണം ഞങ്ങളുടെ ലാലേട്ടനെ ..
ഡോക്ടർ സണ്ണി പറയും പോലെ
"ഓജസ്സും തേജസ്സുമുള്ള നിന്റെ ഗംഗയെ തിരികെ തരാം എന്നാണ് ഞാൻ പറഞ്ഞത് "
അതെ ഓജസ്സും തേജസ്സുമുള്ള ഞങ്ങളുടെ ലാലേട്ടൻ ഇതാണ്
എനിക്ക് മനസിലായി ഒരു കാര്യം
ലാലേട്ടന്റ് തീവ്ര ആരാധകനാണ് പ്രിത്വി ..അത് പോലെ ഒരാൾ സിനിമയെടുത്താൽ അതിങ്ങനെ തന്നെ വരും
ഒരു തീവ്ര ആരാധിക അതിനെ കുറിച്ചെഴുതിയാൽ ദേ അതിങ്ങനെ ഇരിക്കും
എപ്പടി ?കാണാത്തവർ വേഗം .....

By Ammu Santhosh

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo