സമയം ഏകദേശം പത്ത് മണി ആയിക്കാണും, എ. സി യുടെ തണുപ്പിൽ ചൂട് സുലൈമാനിയും കുടിച്ച് ഓഫീസിൽ ഇരിക്കുന്നതിനിടക്കാണ് എഞ്ചിനീയറുടെ കോൾ വന്നത്..
ഫോർമാൻമാരെല്ലാം തിരക്കിലായത് കൊണ്ട്, നൂറ്റി ഇരുപതാം നമ്പർ പ്രോജക്ടിന്റെ കീ എടുത്ത് സൈറ്റിൽ ചെല്ലാൻ പറഞ്ഞ് അവർ ഫോൺ വെച്ചു. ഒരു അറബിക്ക് വേണ്ടി ഉണ്ടാക്കുന്ന അവരുടെ ഔട്ട് house ന്റെ പ്രോജക്ടാണത്.. പണിയെല്ലാം തീർന്നിട്ടും ഹാൻഡോവർ ചെയ്യാനായി മുനിസിപ്പാലിറ്റിയുടെ കംപ്ലീഷൻ സർട്ടിഫിക്കറ്റ് കിട്ടാൻ കാത്ത് നിൽക്കുകയാണ് അത് ...
ആ സൈറ്റിൽ ഇത് വരെ പോയിട്ടില്ലാത്തത് കൊണ്ട് റൂട്ട് അറിയില്ലെന്ന് പറയാൻ വേണ്ടി തിരിച്ച് വിളിക്കാൻ ഫോണെടുത്തപ്പോഴേക്കും എഞ്ചിനീയറുടെ വാട്ട്സ്ആപ്പ് മെസ്സേജ് വന്നു... ഗൂഗിൾ മാപ്പിൽ കറക്ട് ലൊക്കേഷൻ അടക്കമുള്ള മുഴുവൻ വിവരങ്ങളും അതിൽ തന്നെ ഉണ്ടായിരുന്നു...
ഇറങ്ങുന്നതിന് മുമ്പ് ഗൂഗിൾ മാപ്പിൽ ലൊക്കേഷൻ ഒന്നൂടെ ചെക്ക് ചെയ്തു.. കണ്ണ് മഞ്ഞളിച്ച് പോയി.. ഗൂഗിൾ മാപ്പിൽ ലൊക്കേഷനടുത്ത് ഒരു റോഡ് പോലും കാണിക്കുന്നില്ല... ആകെ ഒരു ഇളം മഞ്ഞക്കളർ... പേര് പോലുമില്ലാത്ത ഒരു സ്ഥലം.. മരുഭൂമിയുടെ ഏതോ ഒരു അറ്റത്ത്.. യു.എ.ഇ യിലെ റാസൽ ഖൈമയിൽ ഇങ്ങനേയും ചില സ്ഥലങ്ങളുണ്ടെന്ന് അപ്പോഴാണ് അറിയുന്നത്.. എന്തായാലും പോകാനുറച്ച് കാറിൽ കയറിയപ്പോൾ എഞ്ചിനീയറുടെ അടുത്ത മെസ്സേജ്..
" It's dangerous way. Go slowly & take care "...
'വെറുതെ മനുഷ്യനെ പേടിപ്പിക്കല്ലേ ചെങ്ങായ്' എന്ന് മനസ്സിൽ പറഞ്ഞ് കാറെടുത്ത് യാത്ര തുടങ്ങി...
പരിചിത സ്ഥലങ്ങളെല്ലാം കഴിഞ്ഞ് വിജനമായ മരുഭൂമിയിലൂടെയായിരുന്നു പിന്നീടുള്ള യാത്ര... ആളനക്കമൊന്നുമില്ലെങ്കിലും നല്ല റോഡ്... മരുഭൂമിക്ക് നടുവിലൂടെ ഒരു നേർ രേഖ വരച്ച പോലെ റോഡങ്ങനെ നീണ്ട് നിവർന്ന് കിടക്കുന്നു.. ഇതായിരുന്നോ എഞ്ചിനീയർ പറഞ്ഞ അപകടം പിടിച്ച വഴി എന്നാലോചിച്ച് മുമ്പോട്ട് പോകുന്നതിനിടയിലാണ്, ആ റോഡിൽ നിന്നും വലത്തോട്ട് തിരിയാനുള്ള അടയാളം ഗൂഗിൾ മാപ്പിൽ തെളിഞ്ഞത്.. പക്ഷേ, അവിടെ വലത് ഭാഗത്ത് റോഡ് പോയിട്ട് 'ഒരിടവഴി' പോലുമില്ല... പല ഭാഗങ്ങളിലായി ടയറിന്റെ പാടുകൾ മണലിൽ പതിഞ്ഞ് കിടപ്പുണ്ട്... വഴി തെറ്റിയെന്നുറപ്പിച്ച് ഫോണെടുത്ത് എഞ്ചിനീയറെ വിളിച്ചു.
" വഴിയൊന്നും തെറ്റിയിട്ടില്ല. അത് തന്നെയാണ് സ്ഥലം. ഗൂഗിൾ മാപ്പിൽ കാണിക്കുന്ന അതേ ദിശയിൽ പോയാൽ മതി. ഏകദേശം ഒരു ഇരുപത് മിനിറ്റ് മുമ്പോട്ട് പോയാൽ കുറേ കുറ്റിച്ചെടികൾ കാണാം.. അവിടെ നിന്ന് നോക്കിയാൽ കാണുന്ന ഇലക്ട്രിക് ടവറിന്റെ അടുത്ത് നിന്നും ഇടത്തോട്ട് തിരിഞ്ഞ് കുറച്ച് ദൂരം മുമ്പോട്ട് പോകുമ്പോൾ കാണുന്ന മണൽക്കൂനയുടെ അപ്പുറത്താണ് പ്രോജക്ട് സൈറ്റ്. നീ പോകുന്ന വഴിയിൽ കൃത്യമായ റോഡില്ല, സൂക്ഷിച്ച് പോകണം.. അവിടേക്കുള്ള ശരിയായ റോഡിലൂടെയാണ് പോകുന്നതെങ്കിൽ പത്ത് കിലോമീറ്ററിലധികം ചുറ്റണം "
മനസ്സിലൊരു തീക്കനൽ കോരിയിട്ട് എഞ്ചിനീയർ ഫോൺ വെച്ചു.. അപ്പോഴാണ് അദ്ദേഹം സൂക്ഷിച്ച് പോകാൻ പറഞ്ഞതിന്റെ പൊരുൾ മനസ്സിലായത്.. കുറ്റിച്ചെടികളും മണൽക്കൂനയുമൊക്കെ അടയാളമാക്കിയുള്ള എന്റെ ജീവിതത്തിലെ ആദ്യ യാത്രയാണ്.. എന്തെങ്കിലും സംഭവിച്ചാൽ പോലും പുറം ലോകമറിയില്ല.. മെല്ലെ കണ്ണ് ഒന്നടച്ചപ്പോൾ തെളിഞ്ഞ് വന്നത് ബെന്യാമിന്റെ 'ആട് ജീവിതത്തിലെ' നജീബിന്റെ കോലമാണ്.. ആ രൂപത്തിന് എന്റെ മുഖ സാദൃശ്യമുള്ളതായി തോന്നി... ഞാനെങ്ങാനും അങ്ങനെ ഒരവസ്ഥയിൽ എത്തിയാൽ... ഹോ.. ഓർക്കാൻ കൂടി കഴിയുന്നില്ല..
നമ്മൾ പേടിക്കുന്ന സമയത്ത് നമ്മുടെ മനസ്സ് നമ്മെ വീണ്ടും വീണ്ടും പേടിപ്പിക്കാൻ ശ്രമിക്കുമെന്ന് ആരോ പറഞ്ഞത് അപ്പോഴാണ് ഓർമ്മ വന്നത്... പടച്ചോന്റെ ഓരോ കളികൾ !!!! വെറുതെ മനുഷ്യനെ പേടിപ്പിച്ച് കൊല്ലാൻ....!
നല്ല ഉറച്ച മണലാണ് അവിടെ എന്നത് കൊണ്ട് കാറിന്റെ ടയറിലെ കാറ്റ് കുറയ്ക്കേണ്ടെന്ന് എഞ്ചിനീയർ ആദ്യമേ പറഞ്ഞിരുന്നു... വീട്ടിലുള്ളവരെയെല്ലാം മനസ്സിൽ കരുതി കാർ മെല്ലെ റോഡിൽ നിന്നും മണലിലേക്കിറക്കി.. ഒന്ന്-രണ്ട് തവണ മാത്രമേ ഡെസേർട് ഡ്രൈവിങ് ചെയ്ത് എനിക്ക് പരിചയമുള്ളൂ. അത് കൊണ്ട് തന്നെ വളരെ സൂക്ഷിച്ചാണ് മുമ്പോട്ട് പോയത്..
മണൽക്കൂനകളും കുഴികളും ഓരോന്നായി കയറിയിറങ്ങി കാർ മുമ്പോട്ട് പോയിക്കൊണ്ടിരുന്നു.... കാറിന്റെ ഡാഷ് ബോർഡിലുള്ള സ്‌ക്രീനിൽ തെളിഞ്ഞ ചൂട് കണ്ട് ഞാൻ അമ്പരന്ന് പോയി... 48° സെൽഷ്യസ്... ഇത്രയും ചൂടുള്ള സ്ഥലത്ത് നിന്നാണല്ലോ ദൈവമേ ആ പണിക്കാർ ഇത്രയും ദിവസം ജോലി ചെയ്തത് എന്നാലോചിച്ചപ്പോൾ അവരോടൊക്കെ ഒരു ബഹുമാനം തോന്നി...
കുറച്ചധികം മുമ്പോട്ട് പോയപ്പോൾ തന്നെ മരുപ്പച്ച എനിക്ക് മുന്നിൽ തെളിഞ്ഞ് വന്നു.. കുറേ കുറ്റിച്ചെടികൾ അങ്ങിങ്ങായി പരന്ന് കിടക്കുന്നുണ്ട്.. അതിനടുത്തായി തന്നെ ഒരു ഇലക്ട്രിക്ക് ടവറുമുണ്ട്. എഞ്ചിനീയർ പറഞ്ഞ സ്ഥലമെത്തിയെന്ന് മനസ്സിലായി.. വഴി തെറ്റിയിട്ടില്ലെന്ന ആശ്വാസത്തോടെ കാർ വീണ്ടും മുമ്പോട്ടെടുത്തു.. അപ്പോഴേക്കും ഫോൺ ശബ്ദിച്ചു.. എഞ്ചിനീയറുടെ കോൾ ആയിരുന്നു അത്...
" നീ തിരിച്ച് പോന്നേക്ക്. ഓണറുടെ കൈവശമുള്ള കീ കാണാനില്ലെന്ന് പറഞ്ഞ് അയാൾ വിളിച്ചതായിരുന്നു.പിന്നെ അത് കിട്ടിയെന്ന് പറഞ്ഞ് എന്നെ ഇപ്പോൾ വിളിച്ചു. " .. സൂക്ഷിച്ച് പോര് എന്ന് വീണ്ടും ഓർമ്മിപ്പിച്ച് അദ്ദേഹം ഫോൺ വെച്ചു..
മനുഷ്യനെ ഇത്രയും ടെൻഷനടിപ്പിച്ച അറബിയെ മനസ്സിൽ പ്രാകി വണ്ടി വീണ്ടും തിരിച്ച് വിട്ടു.. ഒരു മണൽക്കൂന കയറിയിറങ്ങുമ്പോഴാണ് ആ കാഴ്ച്ച ഞാൻ കാണുന്നത്...
വെളുത്ത നിറത്തിൽ എന്തോ ഒന്ന് മണൽക്കൂനയിലെ കുറ്റിച്ചെടികൾക്കിടയിൽ കിടക്കുന്നു... ആദ്യം അത്ര ശ്രദ്ധിച്ചില്ലെങ്കിലും അടുത്തെത്തിയപ്പോഴേക്കും അതൊരു മനുഷ്യ രൂപമാണെന്ന് എനിക്ക് മനസ്സിലായി.. കാർ അടുത്തേക്ക് വരുന്നത് കണ്ടിട്ടാകണം അദ്ദേഹം അവിടെ നിന്നും എണീക്കാൻ ശ്രമിച്ചു...
അടുത്തെത്തിയപ്പോഴാണ് ഞാൻ ആ സത്യം മനസ്സിലാക്കിയത്. അയാൾ ധരിച്ചിരിക്കുന്നത് നീല നിറത്തിലുള്ളൊരു പൈജാമയാണ്.. വെയിൽ കൊണ്ട് നര കേറി വെളുത്തതാണത്... ഒരു അമ്പത് വയസ്സ് തോന്നിക്കുന്ന മധ്യവയസ്ക്കൻ.. തിങ്ങി നിറഞ്ഞ് കിടക്കുന്ന താടിയിൽ മണൽത്തരികൾ പറ്റിപ്പിടിച്ച് കിടക്കുന്നു. തലയിലൂടെ ചുറ്റിയ തുണിയുടെ അറ്റം കൊണ്ട് കഴുത്ത് മറച്ചിട്ടുണ്ട്... വെയിലിന്റെ കാഠിന്യം കൊണ്ടാകാം കണ്ണ് തുറക്കാൻ അയാൾ നന്നേ പാട് പെടുന്നുണ്ട്.. നര കേറിത്തുടങ്ങിയ താടിയിൽ തടവിക്കൊണ്ടയാൾ കാറിനരികിലേക്ക് വന്നു... ആദ്യം ആ രൂപം കണ്ടപ്പോൾ കാറിൽ നിന്നിറങ്ങാൻ മടിച്ചെങ്കിലും കയ്യിലെ വലിയ വടിയും ദൂരെ ആടുകളെയും കണ്ടപ്പോൾ അയാളൊരു ആട്ടിടയനാണെന്ന് മനസ്സിലായി...
കഥകളിൽ മാത്രം വായിച്ചറിഞ്ഞിട്ടുള്ളതാണ് ആട്ടിടയന്മാരുടെ ജീവിതം.. കഷ്‌ടതകൾ മാത്രം കൂടെയുള്ള അവരുടെ ജീവിതം ഒരു നേർക്കാഴ്ചയായി മുന്നിൽ തെളിയുന്നത് ഇത് ആദ്യമായാണ്. പക്ഷേ, ഇയാളുടെ കഥയെങ്കിലും അത്തരത്തിലുള്ള ഒന്നാകാരുതേയെന്ന് മനസ്സിലൊന്നാഗ്രഹിച്ചു...
സലാം ചൊല്ലി ഞാൻ കാറിൽ നിന്നിറങ്ങി, കാറിന്റെ മുമ്പിൽ നിൽക്കുകയായിരുന്ന അയാളുടെ അടുത്തേക്ക് ചെന്നു.. ഒറ്റനോട്ടത്തിൽ തന്നെ ആളൊരു പാകിസ്ഥാനി ആണെന്ന് മനസ്സിലായി.. വെയിലേറ്റ് വാടിയ ആ മുഖത്ത് നിന്നും ചിരി വിടരുന്നുണ്ടെന്ന് വരുത്തി അയാൾ സലാം മടക്കി..
" കൈസേ ഹേ ബാബാ.. " എന്ന ചോദ്യത്തിന് അയാളും " അൽഹംദുലില്ലാഹ് ഖൈർ" എന്ന് മറുപടി തന്നു... അതോടെ ഞാനൊരു തിരിച്ചറിവിലെത്തി.. നമ്മൾ മലയാളികൾ മാത്രമേ,
" സുഖമല്ലേ " എന്ന ചോദ്യത്തിന് " അങ്ങനെ പോകുന്നു " എന്ന ഒഴുക്കൻ മട്ടിലുള്ള ഉത്തരം നൽകുകയുള്ളൂ...
" സുഖമല്ലേ " എന്ന ചോദ്യത്തിന് " അങ്ങനെ പോകുന്നു " എന്ന ഒഴുക്കൻ മട്ടിലുള്ള ഉത്തരം നൽകുകയുള്ളൂ...
മിനിറ്റുകൾക്കുള്ളിൽ തന്നെ ഞാനൊരു കാര്യം മനസ്സിലാക്കി .. ഇനി ഞാൻ അവിടെ നിന്ന് സംസാരിച്ചാൽ പിന്നെ, തളർന്ന് വീണ എന്നെ അയാൾ പൊക്കിയെടുക്കാൻ നിൽക്കേണ്ടി വരും.. അത്രയ്ക്കും ചൂടാണ് അവിടെ...
ഞാനയാളോട് കാറിൽ കയറാൻ പറഞ്ഞെങ്കിലും ശരീരത്തിൽ മുഴുവൻ അഴുക്കാണെന്ന് പറഞ്ഞ് അയാളാദ്യം കയറാൻ കൂട്ടാക്കിയില്ല. അവസാനം ഞാൻ നിർബ്ബന്ധിച്ച് അയാളെ കാറിൽ കയറ്റി. എന്റെ കയ്യിലുണ്ടായിരുന്ന വെള്ളക്കുപ്പി അയാൾക്ക് നേരെ നീട്ടി. ആർത്തിയോടെ അയാൾ അത് വാങ്ങി കുടിച്ചു.. എന്നിട്ടയാൾ എന്നെ നോക്കി ഒന്ന് ചിരിച്ചു... ഇത്രയും ആത്മാർഥയോടെയുള്ള ഒരു ചിരി ഞാനെന്റെ ജീവിതത്തിൽ അന്നേ വരേയ്ക്കും കണ്ടിട്ടില്ലായിരുന്നു..
സംസാരങ്ങൾ പിന്നേയും തുടർന്നു. മടിച്ച് മടിച്ചാണെങ്കിലും ചോദ്യങ്ങൾക്കയാൾ മറുപടി തന്നു...
പേര്, ഖുലാൻ ജാവേദ്. പാക്കിസ്ഥാനിലെ കറാച്ചിയിൽ നിന്നും ദൂരെയുള്ള ഒരു ഗ്രാമത്തിലാണ് വീട്. വീട്ടിൽ ഉമ്മയും ഭാര്യയും മൂന്ന് കുട്ടികളും. എന്നും രാവിലെ അറബിയുടെ ഡ്രൈവർ അയാളുടെ പിക്കപ്പിൽ, ഈ ചുട്ടുപൊള്ളുന്ന മണലിൽ അയാളെയും ആടുകളെയും കൊണ്ട് വിടും. വൈകുന്നേരം ദൂരെയെവിടെയോ ഉള്ള അവരുടെ ഫാമിലേക്ക് തിരിച്ച് കൊണ്ട് പോവുകയും ചെയ്യും.. കയ്യിലാകെ ഭക്ഷണമായിട്ടുണ്ടാകുന്നത് രണ്ട് ഖുബ്ബൂസും ഒരു തൈരിന്റെ പായ്ക്കറ്റും ഒരു വെള്ളത്തിന്റെ ബോട്ടിലും.. ആയിരം ദിർഹംസ് ആണ് സാലറി. നാട്ടിലേക്ക് കാശ് അയക്കുന്നതും മൊബൈൽ റീചാർജ്ജ് ചെയ്ത് കൊടുക്കുന്നതും അറബിയുടെ ഡ്രൈവറായ ഒരു മലയാളിയാണ്...
പേര്, ഖുലാൻ ജാവേദ്. പാക്കിസ്ഥാനിലെ കറാച്ചിയിൽ നിന്നും ദൂരെയുള്ള ഒരു ഗ്രാമത്തിലാണ് വീട്. വീട്ടിൽ ഉമ്മയും ഭാര്യയും മൂന്ന് കുട്ടികളും. എന്നും രാവിലെ അറബിയുടെ ഡ്രൈവർ അയാളുടെ പിക്കപ്പിൽ, ഈ ചുട്ടുപൊള്ളുന്ന മണലിൽ അയാളെയും ആടുകളെയും കൊണ്ട് വിടും. വൈകുന്നേരം ദൂരെയെവിടെയോ ഉള്ള അവരുടെ ഫാമിലേക്ക് തിരിച്ച് കൊണ്ട് പോവുകയും ചെയ്യും.. കയ്യിലാകെ ഭക്ഷണമായിട്ടുണ്ടാകുന്നത് രണ്ട് ഖുബ്ബൂസും ഒരു തൈരിന്റെ പായ്ക്കറ്റും ഒരു വെള്ളത്തിന്റെ ബോട്ടിലും.. ആയിരം ദിർഹംസ് ആണ് സാലറി. നാട്ടിലേക്ക് കാശ് അയക്കുന്നതും മൊബൈൽ റീചാർജ്ജ് ചെയ്ത് കൊടുക്കുന്നതും അറബിയുടെ ഡ്രൈവറായ ഒരു മലയാളിയാണ്...
ഞാനും ഒരു മലയാളിയാണെന്ന് പറയുമ്പോൾ അയാളെന്റെ തലയിൽ കൈ വെച്ച് കൊണ്ടെന്നോട് പറഞ്ഞു.. " ആപ് ലോഗ് ബഹുത് അച്ചാഹേ ഭേട്ടാ " .. ഒരന്യ രാജ്യക്കാരന്റെ നാവിൽ (അതും ഒരു പാക്കിസ്ഥാനിയുടെ) നിന്നും ഇങ്ങനെയൊരു വാക്ക് കേൾക്കുന്നത് ഒരു ഭാഗ്യം തന്നെയാണ്...
വിശേഷങ്ങളോരോന്നും പറയുമ്പോഴും അയാൾ തന്റെ പുറം, കാറിന്റെ സീറ്റിൽ തട്ടാതെ ശ്രദ്ധിക്കുന്നത് ഞാൻ കാണുന്നുണ്ടായിരുന്നു.. വിയർപ്പിലൊട്ടി നിൽക്കുന്ന അയാളുടെ വസ്ത്രത്തിൽ മുഴുവൻ മണൽ പറ്റിപ്പിടിച്ചിട്ടുണ്ട്.. അത് സീറ്റിൽ ആകും എന്ന് വിചാരിച്ചായിരിക്കും അയാളങ്ങനെ ഇരിക്കുന്നതെന്നെനിക്ക് തോന്നി...
' ആദ്യം ജോലി ചെയ്തത് എവിടെയായിരുന്നു ' എന്ന എന്റെ ചോദ്യത്തിനുള്ള മറുപടി കേട്ട്
ആശ്ചര്യത്തോടെ ഞാനയാളെ നോക്കിയിരുന്നു.. ഈ കാണുന്നതെല്ലാം സത്യമോ മിഥ്യയോ എന്ന് തിരിച്ചറിയാൻ കഴിയാത്തൊരു അവസ്ഥ.. ഞാൻ കേട്ടത് തെറ്റിയതാണോ എന്നറിയാൻ വേണ്ടി ഒരിക്കൽക്കൂടി ചോദിച്ചു..
ആശ്ചര്യത്തോടെ ഞാനയാളെ നോക്കിയിരുന്നു.. ഈ കാണുന്നതെല്ലാം സത്യമോ മിഥ്യയോ എന്ന് തിരിച്ചറിയാൻ കഴിയാത്തൊരു അവസ്ഥ.. ഞാൻ കേട്ടത് തെറ്റിയതാണോ എന്നറിയാൻ വേണ്ടി ഒരിക്കൽക്കൂടി ചോദിച്ചു..
" മേം ഏക് ഫർണീച്ചർ ഷോപ്പ് മേം അക്കൗണ്ടന്റ് ധാ ഭേട്ടാ ".... അത്ഭുതത്തോടെ ഇരിക്കുന്ന എന്നെ നോക്കി അയാൾ ചെറുതായൊന്ന് പുഞ്ചിരിച്ചു.. എവിടെയോ വെച്ച് സ്വന്തത്തെ നഷ്ടപ്പെട്ട ഒരു പാമരന്റെ ചിരി.. പ്രതീക്ഷകളും സ്വപനങ്ങളും കൈ മോശം വന്ന ഒരു യഥാർത്ഥ മനുഷ്യന്റെ ചിരി... കുഴിഞ്ഞിരിക്കുന്ന കൺ കോണിൽ മിഴിനീർ മുത്തുകൾ പൊടിയുന്നത് ഞാൻ കണ്ടു... ഞാനറിയാതെ അയാളുടെ കൈകൾ രണ്ടും കൂട്ടിപ്പിടിച്ചു...
കൂടുതൽ സാലറിയുള്ള ജോലി വാഗ്ദാനം ചെയ്ത് ആരോ പറ്റിച്ചതായിരുന്നു ആ പാവത്തിനെ.. അവസാനം എങ്ങനെയൊക്കെയോ ഈ അറബിയുടെ കൈയ്യിൽ വന്ന് പെട്ടു.. പിന്നെ, ഡിഗ്രികളുടെ ഭാണ്ഡക്കെട്ടിറക്കിവെച്ച് അയാൾ ജീവിക്കാൻ തുടങ്ങി... " സ്റ്റാറ്റസ് ഉള്ള ജോലിയേക്കാളേറെ വീട്ടിലുള്ളവരുടെ വിശപ്പല്ലേ മോനെ വലുത് " എന്ന അയാളുടെ ചോദ്യത്തിന് മുമ്പിൽ കണ്ണിൽ വെള്ളം നിറച്ച് നിൽക്കാനേ എനിക്ക് കഴിഞ്ഞുള്ളൂ...
നവംബർ പകുതിയോടെ വിസ കാലാവധി തീരുമെന്നും അത് കഴിഞ്ഞാൽ നാട്ടിൽ വിടാമെന്ന് അറബി പറഞ്ഞിട്ടുണ്ടെന്നും പറയുമ്പോൾ അയാളുടെ കണ്ണിലൊരു പ്രത്യേക തിളക്കം ഞാൻ കണ്ടു.. പ്രതീക്ഷകൾ അസ്തമിച്ചവന്റെ മുമ്പിൽ ഒരു കച്ചിത്തുരുമ്പ് തെളിയുമ്പോഴുണ്ടാകുന്ന അതേ നിർവൃതിയായിരുന്നു അയാളുടെ മുഖത്ത്...
ഏറെ നേരത്തെ സംസാരത്തിനൊടുവിൽ യാത്ര പറഞ്ഞിറങ്ങുമ്പോൾ അയാളൊരു ചോദ്യം ചോദിച്ചു.. " മോന് ഫോട്ടോ എടുക്കേണ്ടേ ? " .. സംശയത്തോടെയുള്ള എന്റെ നോട്ടം കണ്ടത് കൊണ്ടാകണം, ഞാൻ അങ്ങോട്ട് എന്തെങ്കിലും ചോദിക്കുന്നതിന് മുമ്പ് തന്നെ അയാൾ അതിനുള്ള ഉത്തരം നൽകി...
" പല ആളുകളും ഇതിലൂടെ പോകുമ്പോൾ വണ്ടി നിർത്തി ഭക്ഷണവും വെള്ളവുമെല്ലാം തരും. എന്നിട്ട് കൂടെ നിർത്തി ഫോട്ടോയെടുക്കും.. എന്തിനാണെന്ന് ചോദിച്ചാൽ ഫെയ്സ്ബുക്കിലിടാനാണെന്ന് പറയും "...
ആ വാക്കുകൾക്ക് മറുപടിയായി എന്റെ കയ്യിലുണ്ടായിരുന്നത് ഒരു ചമ്മിയ ചിരി മാത്രമായിരുന്നു... കാരണം, സമയവും സന്ദർഭവും നോക്കാതെ ഓരോരുത്തരുടേയും ഫോട്ടോ എടുത്ത് ഫെയ്സ്ബുക്കിലും മറ്റും പോസ്റ്റുമ്പോൾ, ഞാനടക്കമുള്ള നമ്മളാരും അവരുടെ അപ്പോഴത്തെ മാനസികാവസ്ഥ മനസ്സിലാക്കാൻ ശ്രമിക്കാറില്ല എന്നതല്ലേ സത്യം...
യാത്ര പറഞ്ഞ് തിരിക്കുമ്പോൾ, " ശുക്രിയാ ഭേട്ടാ.. ഖുദാ ഹാഫിസ് " എന്ന് പറഞ്ഞയാൾ എന്റെ തലയിൽ കൈ വെച്ചു.. മനസ്സറിഞ്ഞുള്ള അനുഗ്രഹങ്ങൾ നമ്മുടെ മനസ്സിൽ കൊള്ളുമെന്ന് എനിക്കപ്പോൾ മനസ്സിലായി...
സുഖ സൗകര്യങ്ങളെല്ലാമുണ്ടായിട്ടും പിന്നേയും ഇല്ലായ്മകൾ പറഞ്ഞ് നടക്കുന്ന നമ്മൾക്കെല്ലാവർക്കും ഒരു പാഠമാണ് ആ മനുഷ്യന്റെ ജീവിതം... വിധിയുടെ കോമാളിത്തരത്തിൽ നിറം മങ്ങിപ്പോയ ഒരു മാണിക്യം തന്നെയാണവർ... മരുഭൂമിയിലെ മാണിക്യം.... വിദ്യാഭ്യാസമുണ്ടായിട്ടും കഷ്ടതയാനുഭവിക്കാൻ വിധിച്ച അയാളുടെ ജീവിതമൊക്കെയാണ് നമ്മൾ കണ്ട് പഠിക്കേണ്ടത്.. അവരോടൊത്ത് ചിലവഴിച്ച നിമിഷങ്ങളെരൊന്നും എന്റെ ജീവിതത്തിലെ പുതിയ പാഠങ്ങൾ പഠിക്കാനുള്ള വേദിയായി മാറുകയായിരുന്നു... അനുഭങ്ങളോരോന്നും ഓരോ പാഠമായിത്തീരുമ്പോഴാണല്ലോ തിരിച്ചറിവുകൾ നമ്മിലേക്കെത്തുന്നത്... സൗകര്യങ്ങളോരോന്നും അഹങ്കാരമായി തീരുമ്പോൾ ദൈവം നമുക്ക് മുമ്പിലേക്ക് ഇത് പോലുള്ള ചില ജീവിതങ്ങൾ വെച്ച് നീട്ടും.. ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്...

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക