
"നിങ്ങൾക്കു എന്താണോ ഇഷ്ടം, അതുപോലെ എന്ത് വേണമെങ്കിലും തീരുമാനിച്ചു കൊള്ളൂ…... എന്നെ അധികം ബുദ്ധിമുട്ടിക്കാതിരുന്നാൽ മാത്രം മതി. എപ്പോൾ, എവിടെയെന്ന് പറഞ്ഞാൽ മതി... വന്നു ഒപ്പിട്ടു തരാം….. പിന്നെ മ്യൂച്ചൽ ഡിവോഴ്സ് ഫയൽ ചെയ്താൽ രണ്ടുപേർക്കും സൗകര്യവുമാകും "
ഡിവോഴ്സ് വേണമെന്ന ഭാര്യയുടെ ആവശ്യത്തിന് ഭർത്താവിന്റെ മറുപടി ഇങ്ങനെയായിരുന്നു. ഡിവോഴ്സ് വേണമെന്ന് ഭാര്യ ആ നിമിഷം വരെ ചിന്തിച്ചിരുന്നില്ല. ആഴ്കകൾ നീണ്ടു പോയ ഒരു വഴക്കിന്റെ ശ്വാസം മുട്ടലിനിടയിലെ ഒരു നിമിഷത്തിൽ വായിൽ നിന്നും വീണു പോയതാണ്... പിന്നെ പറഞ്ഞു കഴിഞ്ഞപ്പോൾ അയാളുടെ മനസ്സറിയാൻ അവൾ ആഗ്രഹിച്ചു..... എന്നാലയാളുടെ പ്രതികരണം അവളെ വല്ലാതെ ഉലച്ചു കളഞ്ഞു. അയാൾ അത് ആഗ്രഹിക്കുന്നുണ്ടെന്നു പറയാതെ പറയുകയായിരുന്നു .
അത് പറഞ്ഞയാൾ റൂമിൽ നിന്നും ഇറങ്ങി പോയി. ആശയുടെ കണ്ണിൽ നിന്നും നീർച്ചാലുകൾ അനുവാദമില്ലാതെ പുറത്തേക്കു ചാടി. ചുറ്റുമുള്ളതൊക്കെ മങ്ങി കാഴ്ച ഇരുണ്ടു നേർത്തപ്പോൾ അവർ സ്റ്റഡി ടേബിളിലേക്ക് തല കുമ്പിട്ടു കുറേ നേരം അങ്ങനെ തന്നെ ഇരുന്നു .
"ആശമ്മായി" എന്ന് വിളിച്ചു, അപ്പു ഓടിവന്നു അവരെ പിന്നിൽ നിന്നും കെട്ടിപിടിച്ചു.
അപ്പു എപ്പോഴാണ് വന്നത്? അവൻ വന്നതു ആശ അറിഞ്ഞിരുന്നില്ല.. പുറത്തെ ശബ്ദങ്ങൾ ഒന്നും കുറെ നേരമായി കേട്ടിരുന്നില്ല. അവരുടെ മനസ്സിൽ കഴിഞ്ഞ നിമിഷങ്ങളിൽ നടന്ന വലിയ സ്ഫോടനം ചുറ്റുമുള്ള ശബ്ദങ്ങളെ കേൾവിയിൽ എത്തിക്കാതെ നിഷ്പ്രഭമാക്കിയിരുന്നു....
ആ വീട്ടിലെ മറ്റുള്ളവർ അവരുടെ ഉച്ചതിലുള്ള ശബ്ദത്തിലുള്ള സംസാരം കേട്ടിട്ടുകുമോ എന്ന് ആശാ ഒരു നിമിഷം ശങ്കിച്ചു. കേട്ടിട്ടുണ്ടെങ്കിൽ അവരൊക്കെ ഏന്തു വിചാരിച്ചിട്ടുണ്ടാകും?
കണ്ണ് തുടച്ചു, കണ്ണാടിയിൽ നോക്കി കരച്ചിലിന്റെ പാടുകളൊന്നും ശേഷിച്ചിട്ടില്ലെന്നു ഉറപ്പു വരുത്തി, അപ്പുവിന്റെ കൈപിടിച്ച് ആശാ താഴേക്ക് സ്റ്റെപ്പിറങ്ങി ഡൈനിങ്ങ് റൂമിലെത്തി.
ഗൗരി ചേച്ചി അടുക്കളയുടെ സ്ലാബില് കയറിയിരുന്നു രാവിലത്തെ ബ്രേക്‌ഫാസ്റ് വച്ചിരുന്ന കാസറോൾ മടിയിൽ വച്ച്, അതിൽ നിന്ന് തന്നെ തിന്നുകൊണ്ടു ആശയുടെ ഭർത്താവിന്റെ അമ്മയോടു സംസാരിക്കുന്നു. അവരുടെ സംസാരം തടസ്സപ്പെടുത്തണ്ട എന്നുകരുതി ആശ അവളുടെ അമ്മായി അമ്മ ഡൈനിങ്ങ് ടേബിളിൽ പകുതി മുറിച്ചു വച്ച പച്ചക്കറികൾ നുറുക്കാൻ തുടങ്ങി.
"നിന്നെ വിവാഹം കഴിപ്പിച്ചത് തണ്ടും തടിയും ഉള്ള ഒരു ആണിന്റെ കൂടെയല്ലേ, നാട്ടുകാരുടെ ഒക്കെ കാര്യം നോക്കാൻ അവനു സമയം ഉണ്ടല്ലോ , സ്വന്തം വീട്ടിലെ കാര്യങ്ങൾക്കു മാത്രം സമയമില്ലല്ലേ?" അടുക്കളയിൽ തിരക്കിട്ടു ജോലി ചെയ്യുന്നതിനിടയിൽ അവരുടെ ശബ്ദവും ഉയർന്നു പൊങ്ങി.
"അമ്മയ്ക്ക് അച്ഛനെപ്പോലെ എല്ലാത്തിനും കൂടെ നിൽക്കുന്ന നല്ല ഒരു ഭർത്താവിനെ കിട്ടിയതിന്റെ അഹങ്കാരമാണ്" ഗൗരി ചേച്ചി ധൃതിയിൽ ചവച്ചു കൊണ്ട് പകുതി തമാശയായും പകുതി കാര്യമായും പറഞ്ഞു.
ആശ ഡൈനിങ്ങ് റൂമിലേക്ക് വന്നത് കണ്ടതു കൊണ്ടാവാം, അവർ അതിനു മറുപടി ഒന്നും പറയാതെ വീണ്ടും ജോലിയിൽ മുഴുകി.
ഇതുപോലെയുള്ള വഴക്കുകൾ അവർക്കിടയിൽ പതിവാണ്.
കാര്യം എപ്പോഴും ഒന്നുതന്നെ. ഗൗരിചേച്ചിക്ക് അച്ഛനെ കൊണ്ട് പല ആവശ്യങ്ങളുണ്ട്. ചിലപ്പോൾ എന്തെങ്കിലും ബില്ലടയ്ക്കാൻ, ചിലപ്പോൾ അവരുടെ വീട്ടിലെ ഏതെങ്കിലും കാര്യങ്ങൾക്കു, കുല വെട്ടാനോ കേടായ എന്തെങ്കിലും ശരിയാക്കുവാനോ അങ്ങനെ എന്തെങ്കിലും. ചേച്ചി അതൊന്നും ഭർത്താവിനെ കൊണ്ട് ചെയ്യിക്കാതെ അച്ഛനെ ബുദ്ധിമുട്ടിക്കുന്നതിലാണ് അമ്മക്ക് ദേഷ്യം.
എന്നാൽ എപ്പോഴുമെന്നപോലെ. ചേച്ചിയെ കണ്ടപ്പോൾ തന്നെ അച്ഛൻ ഷർട്ടു മാറ്റി അവരുടെ സംസാരം തീരാൻ കാത്തു സ്വീകരണമുറിയിൽ ഇരിപ്പുണ്ടാകും എന്നു ആശ ഊഹിച്ചു.
"എന്റമ്മേ ഇതെന്താണ്, റെസ്റ്ററെന്റിലെ പോലെ, മീൻ പൊരിച്ചതു, കറി വച്ചതു, ചെമ്മീൻ ഉലർത്തിയത്. മോനും മരുമകളും വരുമ്പോൾ കാണിക്കുന്ന സ്നേഹം വല്ലപ്പോഴും എന്നോടും ആകാം." ചേച്ചി വീണ്ടും പരിഭവിച്ചു.
ഗാരി ചേച്ചി യാത്ര പറഞ്ഞതു ഇറങ്ങി. അവർ ഓഫീസിൽ നിന്നും വരുന്നത് വരെ അപ്പു ഇനി ഇവിടെയാണ്.
ആശ ആ വീട്ടിൽ ഉള്ളപ്പോൾ മിക്ക സമയവും അവരുടെ പിന്നാലെ തന്നെ….. ആശയെ അപ്പുവിനു വലിയ ഇഷ്ടമാണ്... അപ്പുവിന് മാത്രമല്ല ആ വീട്ടിൽ ഉള്ള എല്ലാവര്ക്കും…..
ആശ ആ വീട്ടിൽ ഉള്ളപ്പോൾ മിക്ക സമയവും അവരുടെ പിന്നാലെ തന്നെ….. ആശയെ അപ്പുവിനു വലിയ ഇഷ്ടമാണ്... അപ്പുവിന് മാത്രമല്ല ആ വീട്ടിൽ ഉള്ള എല്ലാവര്ക്കും…..
അച്ഛൻ വരെ ഓഫീസിൽ കൊണ്ടാക്കാൻ സ്കൂട്ടർ സ്റ്റാർട്ട് ചെയ്തപ്പോൾ അമ്മ പുറകിൽനിന്നും ഒരു ചെറിയ കവറുമായി ഓടി പുറകെ ചെന്നു . "മൊബൈൽ എടുത്തില്ലേ"? എന്ന് അച്ഛനെ ഓർമിപ്പിക്കുന്നു. വെയിലത്ത് അധിക നേരം അധ്വാനിക്കാൻ നിൽക്കരുതെന്നു ശാസിക്കുന്നു.അച്ഛൻ ഗൗരിചേച്ചിയെ ഓഫീസിൽ ആക്കി യശേഷം പോകുന്നത് രണ്ടു കിലോമീറ്റർ അപ്പുറമുള്ള അവരുടെ വീട്ടിലേക്കാണ്. ആ വീടിനു പുറകിൽ ചെറിയ ഒരു തൊടിയിൽ അച്ഛന്റെ കൃഷിയിടമുണ്ട്.
അമ്മ പൊതിഞ്ഞു കൊടുക്കുന്ന കവറിൽ ഇടനേരത്തേക്കു കഴിക്കാനുള്ളതാകും. ഷുഗർ ഉള്ളതിനാൽ ആഹാരം കഴിക്കാൻ താമസിക്കുന്ന ദിവസങ്ങളിലൊക്കെ അമ്മയുടെ വക എങ്ങനെ എന്തെങ്കിലുമൊക്കെ പൊതിഞ്ഞു കൊടുത്തയക്കുന്നത് കണ്ടിട്ടുണ്ട്..
അച്ഛൻ സ്‌കൂട്ടർ സ്റ്റാർട്ട് ആക്കുന്ന സമയം ടി വിയിൽ കണ്ണും നട്ടിരിക്കുന്ന ഗിരീഷ് എന്ന ഗിരിയോട് ചേച്ചി പറഞ്ഞു "എടാ ജ്യോതി നാട്ടിൽ വന്നിട്ടുണ്ട്...ഒരാഴ്ചയായി…....എന്നെ വിളിച്ചിരുന്നു. ഞായറാഴ്ച ചിലപ്പോൾ ഇവിടേക്കു വന്നേക്കുമെന്നു പറഞ്ഞു. നീ ഇവിടെ ഉണ്ടാകുമോ എന്ന് അന്വേഷിച്ചിരുന്നു…"
ഗിരി ഒന്ന് മൂളി. പിന്നെ പറഞ്ഞു, "എന്നെ വിളിച്ചിരുന്നു"..... അത്രമാത്രം….......
"ജ്യോതി അമേരിക്കയിൽ നിന്നും എത്തിയിട്ട് ഒരാഴ്ചയല്ല, പത്തു ദിവസമായി. വന്നിട്ട് ഗിരിയെ നാലുപ്രാവശ്യം വിളിച്ചിരുന്നു". ആശ മനസ്സിൽ പറഞ്ഞു.
എല്ലാ കോളുകളും രാത്രിയിൽ, വളരെ വൈകി. അവർ സംസാരിച്ചപ്പോൾ ഒക്കെ ആശ അടുത്തുണ്ടായിരുന്നു. അതിൽ രണ്ടു കോളുകൾ ലാപ്ടോപിൽ ടൈപ്പ് ചെയ്തു കൊണ്ടിരുന്ന ഗിരി, സ്പീക്കർ മോഡിലാണ് സംസാരിച്ചത്. ഉറക്കം വരാതെ കട്ടിലിൽ മൂടിപ്പുതച്ചു കിടന്ന ആശ അതെല്ലാം കേട്ടതുമാണ്.
അതുകേട്ടു, ഗിരിയുടെ അമ്മയുടെ മുഖം ഒന്ന് വല്ലാതെ ആയതു പോലെ തോന്നി. ആശാ അത് ശ്രദ്ധിച്ചെന്ന് മനസ്സിലായപ്പോൾ, അവർ ആശയുടെ കയ്യിൽ നിന്നും കത്തി കൈയ്യിൽ വാങ്ങി, ആശ ചെയ്തിരുന്നതിന്റെ ബാക്കി ചെയ്യാൻ തുടങ്ങി...
ജ്യോതി ഗിരിയുടെ അകന്ന ബന്ധുവും കുടുംബ സുഹൃത്തുമാണ്. അവർ ഈ നഗരത്തിൽ പഠിക്കുമ്പോൾ ഗിരിയുടെ വീട്ടിൽ സ്ഥിരമായി വരാറുണ്ടായിരുന്നു... കുറെ നാളുകൾ അവിടെ താമസിച്ചു പഠിച്ചിട്ടുമുണ്ട്.. ഗിരിയെ അവർക്ക് ഇഷ്ടമായിരുന്നെന്നും വിവാഹം ആലോചിച്ചിരുന്നെന്നും, ജാതകം ചേരാത്തതുകൊണ്ടു അത് നടക്കാതെ പോയി എന്ന് ഗൗരി ചേച്ചി ഒരിക്കൽ പറഞ്ഞിരുന്നു ...
എന്നാൽ ഗിരി പറഞ്ഞത്, "അമ്മയ്ക്ക് അത് ഇഷ്ടമില്ലായിരുന്നതു കൊണ്ടു ഞാൻ അതിനെ പറ്റി ആലോചിച്ചട്ടില്ല എന്നാണ്!!! "...
ഒരു നിമിഷം അവരുടെ ശ്രദ്ധ ആശയുടെ ഒഴിഞ്ഞ കഴുത്തിലേക്ക് വന്നു വീണു..പിന്നെ മുൻവശത്തിരിക്കു മകൻ കൂടി കേൾക്കാൻ ശബ്ദം ഉയർത്തി പറഞ്ഞു "മോളെ, നീ അവനെ കൂട്ടി പോയി ആ മാല ഒന്ന് ശരിയാക്കു, അല്ലെങ്കിൽ പുതിയത് ഒന്ന് വാങ്ങു." മറുപടിയായി ആശ ഒന്ന് ചിരിച്ചെന്നു മാത്രം വരുത്തി.
താലി കോർത്തിരുന്ന മാല കൊളുത്തു പൊട്ടി ആശയുടെ ബാഗിൽ കിടക്കാൻ തുടങ്ങിയിട്ട് ആഴ്ചകളായി . ഒറ്റയ്ക്ക് പോകാൻ മടിച്ചിട്ടു, അതൊന്നു മാറ്റി വാങ്ങാൻ പോകണമെന്ന് പറയാമെന്നു പലവട്ടം തുനിഞ്ഞതാണ്. എന്നാൽ ഒരു സഹായം ചോദിക്കുന്നത് ഒരു കീഴടങ്ങൽ ആയി തോന്നാവുന്നത് കൊണ്ട് പറഞ്ഞില്ല. മാത്രവുമല്ല, കണ്ണികൾ പൊട്ടിത്തുടങ്ങിയ ഒരു ബന്ധത്തിൽ, ഒരു മാലയിൽ കൊരുത്ത താലി കഴുത്തിൽ അണിഞ്ഞു നടക്കുന്നതിൽ പ്രാധാന്യം കൊടുത്തതുമില്ല.
ഇപ്രാവശ്യമെങ്കിലും ആരോടെങ്കിലും ഒന്ന് ഉള്ളു തുറന്നു സംസാരിക്കണമെന്ന് ആശ നാട്ടിലേക്കു പുറപ്പെടും മുൻപ് ആഗ്രഹിച്ചിരുന്നു. ആരോട്? എന്ന ചോദ്യത്തിനു മാത്രം ഉത്തരം കിട്ടിയില്ല. കുറച്ചു നാളത്തെ അടുപ്പമേ ഉള്ളുവെങ്കിലും സ്വന്തം അമ്മയേക്കാൾ അവളെ മനസിലാക്കിയത് ഗിരിയുടെ അമ്മയാണ്. പക്ഷെ അവരോട്, എങ്ങനെയാണു അവരുടെ മകനുമായുള്ള പൊരുത്തക്കേടുകൾ പറയുന്നത് എന്ന് അവൾക്കറില്ലായിരുന്നു.
അവളെ മകളോടൊപ്പമോ അതിലേറെയോ സ്നേഹിക്കുന്ന ഒരമ്മയോട്, അവരുടെ മകനുമായുള്ള ജീവിതം കലഹപൂർണ്ണമാണ് എന്ന് പറയാനുള്ള ഔചിത്യമില്ലായ്മയും ജാള്യതയും ഓരോ പ്രവശ്യവും ആശയെ ഒരു തുറന്നു പറച്ചിലിൽ നിന്ന് പിന്നോട്ട് വലിച്ചു….
ചിലപ്പോഴൊക്കെ ധൈര്യം സംഭരിച്ചു പറയാൻ തുടങ്ങിയപ്പോൾ ആ വീട്ടിലെ ഗിരി ഒഴികെയുള്ളവരുടെ പെരുമാറ്റം അവരെ വീണ്ടും വീണ്ടും നിശ്ശബ്ദയാക്കികൊണ്ടിരുന്നു…...
"ഇതൊന്നും ഞാൻ കഴിക്കാറില്ലല്ലോ...'അമ്മ എനിക്കിഷ്ടപ്പെട്ട ഒന്നും ഉണ്ടാക്കിയില്ലേ? ഉച്ചയൂണിന്റെ സമയത്തു ഗിരി അമ്മയുണ്ടാക്കിയ വിഭവങ്ങളിൽ നോക്കി മുഖം ചുളിച്ചു…" '
അപ്രതീക്ഷിതമായി അന്ന് ഉച്ചതിരിഞ്ഞു ആശയുടെ വല്യച്ചനും വല്യമ്മയും മറ്റെവിടെയോ പോകുന്നവഴി അവിടെയെത്തി. ആശാ അവരുടെ കൂടെ വീട്ടിലേക്കു പോകാൻ തീരുമാനിച്ചു.
നാട്ടിൽ വരുമ്പോൾ അവർ ഒരുമിച്ചാണ് ആശയുടെ വീട്ടിലേക്കു പോകാറ്. എന്നാൽ ഈ പ്രാവശ്യം ആശ പതിവ് തെറ്റിച്ചു. "പോകുന്നു" എന്ന് പറഞ്ഞപ്പോൾ ഗിരി ഒന്നും മിണ്ടിയില്ല…അയാൾ "ഇപ്പോൾ പോകണമോ" എന്നോ , "നമുക്ക് ഒരുമിച്ചു പോകാമെന്നോ" മറ്റോ ഒന്ന് പറഞ്ഞിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചാണത് പറഞ്ഞത്.
പക്ഷേ അയാൾ ഒന്നുംമിണ്ടിയില്ല….."എല്ലാം നിങ്ങളുടെ തീരുമാനങ്ങൾ, എന്നോട് എന്തിനു പറയുന്നു"? എന്ന ഒരു ഭാവം.
അവരോടൊപ്പമുള്ള യാത്രയിലും പിന്നീടുള്ള ദിവസങ്ങളിലും ഒക്കെ ആശ ചിന്തിച്ചത് അവളുടെ ചൊവ്വ ദോഷത്തെ കുറിച്ചാണ്….ആശയുടെ ജീവിതം മാറ്റി മറിച്ച കാരണക്കാരനെ കുറിച്ച്!!!!!….
കുട്ടിയായിരുന്നപ്പോൾ മുതൽ കേട്ടു വളർന്നതാണ് "ചൊവ്വ ദോഷമുള്ള ജാതകം"...അതുകാരണം വീട്ടുകാരും ബന്ധുക്കളും അവളുടെ വിവാഹകാര്യത്തിലുള്ള ആശങ്കകൾ പലപ്പോഴും പരസ്യമായി പങ്കുവെച്ചിരുന്നു....പഠിക്കുമ്പോൾ തന്നെ ആശയറിയാതെ രഹസ്യമായി വിവാഹാലോചനകൾ തുടങ്ങി, ജോലികിട്ടിയ ഉടൻ പരസ്യമായും.
ഒത്തു വന്ന ആദ്യ ജാതകത്തിൽ തന്നെ വീട്ടുകാർ കല്യാണവുമുറപ്പിച്ചു...ചൊവ്വാ ദോഷക്കാരിയായതിനാൽ ആശയുടെ അഭിപ്രായത്തിനു ആരും വലിയ പ്രാധാന്യം കൊടുത്തതുമില്ല. കൊടുത്തിരുന്നെങ്കിലും ആ വിവാഹം നടക്കുമായിരുന്നു..കാരണം പ്രത്യക്ഷത്തിൽ അവർ തമ്മിൽ പൊരുത്തക്കേടുകൾ ഒന്നും ഉണ്ടായിരുന്നില്ല. അത് തുടങ്ങിയത് അവർ ഒരുമിച്ചുള്ള ഒരു ജീവിതം തുടങ്ങിയപ്പോൾ മാത്രമായിരുന്നു.
വിരുദ്ധ ധ്രുവങ്ങളിൽ നിൽക്കുന്ന രണ്ടുപേർ. അവരുടെ താല്പര്യങ്ങളും ഇഷ്ടങ്ങളുമൊക്കെ രണ്ടു രീതിയിൽ. കഴിക്കാൻ ഇഷ്ടപ്പെടുന്ന ഭക്ഷണം മുതൽ ജീവിതത്തോടുള്ള സമീപനം വരെ വേറെ രീതിയിൽ. പൊതുവായി സംസാരിക്കാൻ താല്പര്യമുള്ള ഒരു വിഷയം കൂടി ഇല്ലെന്നു അവർ മനസ്സിലാക്കിയപ്പോഴേക്കും ഒരു പാടു വൈകിപ്പോയിരുന്നു.
അവർക്കു രണ്ടുപേർക്കും പൊതുവായി ഉണ്ടായിരുന്നത്, മുൻകോപവും ഈഗോയും പിന്നെ ചൊവ്വാദോഷവും മാത്രമായിരുന്നു…….
ചെറിയ പൊരുത്തക്കേടുകൾ കലഹങ്ങളിലേക്കും, പറഞ്ഞു തീർക്കാത്ത പിണക്കങ്ങൾ അകൽച്ചയിലേക്കും വഴിമാറി. ഒരു പക്ഷേ, അവരിൽ ഒരാൾ ഒരൽപം താണു കൊടുത്തിരുന്നെങ്കിലോ തുറന്നു സംസാരിച്ചിരുന്നെങ്കിലൊ തീർക്കാവുന്ന പ്രശ്നങ്ങളെ ഉള്ളൂ എന്ന് മറ്റുള്ളവരെക്കാൾ അവർക്കു തന്നെ നനന്നായിഅറിയാമായിരുന്നു.
എന്നാൽ രണ്ടുപേരും തോൽക്കാൻ തയ്യാറായിരുന്നില്ല…….
ആശ അവളുടെ വീട്ടിന്റെ മുകളിലെത്തെ നിലയിൽ നിന്ന് ടെറസ്സിലേക്കുള്ള വാതിൽ തുറന്നു, അവിടെയുള്ള ചെറിയ പടിക്കെട്ടിൽ ചെന്നിരുന്നു.
ആകാശത്തിൽ മിന്നിത്തെളിയുന്ന നക്ഷത്ര കൂട്ടത്തിൽ നിന്നും ചുമന്ന തുടുത്ത ജാതക ദോഷക്കാരനെ കണ്ടെത്താൻ അധികം പണിപ്പെടേണ്ടി വന്നില്ല. അവൻ പതിവുപോലെ ദേഷ്യക്കാരനായി മുഖം വീർപ്പിച്ചു ഒറ്റയ്ക്ക് ഒരു കോണിൽ നിൽപ്പുണ്ട്.
ഗിരി പിന്നെയും മനസ്സിലേക്ക് വന്നു. കഴിഞ്ഞ ഒരു മണിക്കൂറിൽ പോലും എത്രമത്തെ തവണ ആണ് അയാളെ ഓർക്കുന്നതെന്നു സ്വയം ചോദിച്ചു. സ്വന്തമായി പോയ ഒരാളെ എപ്പോഴും നെഞ്ചിൽ കൊണ്ടുനടക്കാൻ ഒരു ഒരു താലിയുടെയും ആവശ്യമില്ല എന്ന് തിരിച്ചറിവുണ്ടാവുക ആയിരുന്നു …
അവരുടെ മുൻപുള്ള വഴക്കുകൾ ഒന്നും സംസാരിച്ചു തീർത്തതല്ല ..അത്പോലെ ഒരവസരം ഒന്നു കൂടി വന്നിരുന്നികിൽ എന്നാശിച്ചു പോയി..
അവർ രണ്ടുപേരും അവരവരുടെ ഈഗോയെ എടുത്തു പുതച്ചു കിടക്കയുടെ രണ്ടറ്റതു കിടക്കിന്ന രാത്രികളിൽ, അറിയാതെ എന്ന് തോന്നിപ്പിക്കുന്ന ചെറു സ്പര്ശനങ്ങളിലൂടെ, ദൃഢമായ ആലിംഗനങ്ങളിലൂടെ പിന്നെ പതുക്കെയുള്ള ചുംബനങ്ങളിലൂടെ രണ്ടുപേരും ധരിച്ചിരുന്ന ഈഗോയെ തിടപ്പെട്ടു ഊരിയെറിഞ്ഞു ഒരു പുരുഷൻ സ്ത്രീയെയും തിരിച്ചും അറിയുന്ന നിമിഷങ്ങൾ...….
ആ നിമിഷങ്ങളിൽ, നിങ്ങളാണ് എനിക്ക് ഈ ജീവിതത്തിൽ ഏറ്റവും പ്രിയപ്പെട്ടതെന്നു അവരിരുവരും എണ്ണമറ്റ തവണ പറയാതെ പറഞ്ഞിരുന്നു …
പിന്നിൽ ഒരു കാൽപ്പെരുമാറ്റം കേട്ട് ആശ തിരിഞ്ഞു നോക്കിയപ്പോൾ ഗിരിയായാണ്!!!!!!
കുറച്ചുമുമ്പ് മുറ്റത്തു ഒരു വാഹനത്തിന്റെ ശബ്‌ദം കേട്ടിരുന്നുവെങ്കിലും ഗിരി ആയിരിക്കുമെന്ന് വിചാരിച്ചരുന്നില്ല!!!!!!!…
കുറച്ചു നേരം അവർ മതിവരാതെ പരസ്പരം നോക്കി നിന്നു... മൗനമായി കലഹിച്ചു... പിന്നെ ആ നിശബ്ദദയിൽ തന്നെ പരസ്പരം ക്ഷമ ചോദിച്ചു....
ഗിരി ആശയുടെ അടുത്തേക്ക് ചെന്നു അവരുടെ കണ്ണുലേക്കു നോക്കി പതുക്കെ പറഞ്ഞു "നിങ്ങൾ കാരണം ഞാൻ ചീത്ത കേട്ടതിനു കണക്കില്ല…സമാധാനമായില്ലേ ഇപ്പോൾ" എന്തിനെന്ന ആശയുടെ മുഖഭാവം കണ്ടയാൾ തുടർന്നു:
"നിങ്ങൾക്ക് മാത്രമാല്ലല്ലോ കാര്യങ്ങൾ മനസിലാക്കാനുള്ള ബുദ്ധിയുള്ളതു….നിങ്ങൾ വീട്ടിൽ നിന്നും പിണങ്ങി പോയതിൽ പിന്നെ എനിക്ക് വീട്ടുകാർ സമാധാനം തന്നിട്ടില്ല….മുതിർന്നതിനു ശേഷം എന്റെ അമ്മ എന്നെ ഇങ്ങനെ വഴക്കു പറഞ്ഞിട്ടില്ല..."
"അവരുടെ ഒക്കെ വിചാരം ജ്യോതിയാണ് നമുക്കിടയിലെ പ്രശ്നമെന്നു ...….അതൊന്നും നമുക്കിടയിൽ ഒരു വിഷയമേ അല്ലെന്നു ഞാൻ പറഞ്ഞിട്ടു ആരും വിശ്വസിക്കുന്നില്ല!!!….. നമ്മൾ വഴക്കിട്ട കാര്യങ്ങൾ പറഞ്ഞപ്പോൾ അതൊക്കെ പിണങ്ങാൻ ഒരു കാരണമാണോ എന്നാണ് അവരുടെ ചോദ്യം!!!!!"..
ഗിരി അയാളുടെ അച്ഛന്റെയും അമ്മയുടെയും സ്വഭാവഗുണങ്ങൾ കിട്ടിയിട്ടുള്ള മകനാണ്...അവരുടെ ജീവിതം കണ്ടും മനസ്സിലാക്കിയുമാണ് അയാൾ വളർന്നത്...അയാളെ എത്ര ജ്യോതിമാർ എപ്പോഴൊക്കെ, ഏതൊക്കെ രീതിയിൽ വിളിച്ചു സംസാരിച്ചാലും, ആശക്കു അയാളെളെപ്പറ്റി അങ്ങനെ ഒരു പരാതിയോ ആശങ്കയോ ഇല്ല..... അത് അയാൾക്കും നല്ല ബോധ്യമുണ്ട്….
കലഹിക്കുവാനും സ്നേഹിക്കുവാനും പരസ്പരം താങ്ങായിരിക്കാനും അവർക്കു അവർ മാത്രമേ ഉള്ളുവെന്നു അവരെന്നേ മനസ്സിലാക്കിയാണ്!!!!
കുറച്ചു നേരം അവരിരുവരും പിന്നെയും മൗനമായി നിന്നു. ഒരു തമാശ കലർന്ന സ്വരത്തിൽ പതുക്കെ ഗിരി ചോദിച്ചു "താൻ എന്തു കൈവിഷമാണ് എന്റെ അമ്മക്ക് കൊടുത്ത്? അതിൽ ബാക്കിയുണ്ടെകിൽ കുറച്ചു എനിക്കും തരു!!!!"..
മറുപടിയൊന്നും പറയാതെ, ആശയുടെ കണ്ണുകൾ വീണ്ടും ചുവപ്പൻ ഗ്രഹത്തെ തിരഞ്ഞു മുകളിലേക്കു പോയി... ..ചൊവ്വാഗ്രഹം മുന്നിൽ വരാൻ മടിച്ചു മേഘക്കൂട്ടത്തിൽ മറഞ്ഞു നിന്നു.....
ആശയുടെ അനുവാദത്തിനു കാത്തു നിൽക്കാതെ ഗിരി അയാളുടെ കഴുത്തിൽ അണിഞ്ഞിരുന്ന സ്വർണ്ണ മാല ഊരി ആവരുടെ ഒഴിഞ്ഞ കഴുത്തിൽ ഇട്ടുകൊടുത്തു പറഞ്ഞു .. "ഇതിന്റെ പേരിലും കുറേ ചീത്ത കിട്ടി"….പിന്നെ പുഞ്ചിരിച്ചു ശബ്ദം താഴ്ത്തി അവളുടെ ചെവിയിൽ ചുണ്ടകൾ ഉരസി പറഞ്ഞു…….
"എന്നെ ഡിവോഴ്സ് ചെയ്യുമ്പോൾ തിരികെ തന്നാൽ മതി" …..
പിന്നെ അയാളുടെ കൈകൾ, അയാൾ തന്നെ അറിയാതെ അവരെ സ്പർശിച്ചു തുടങ്ങി...ഏതു നിമിഷവുമായാളുടെ നെഞ്ചോട് ചേർക്കപ്പെടുവാനായി ആശ കണ്ണുകൾ പതുക്കെ അടച്ചു…..
പത്തു വർഷങ്ങൾപ്പുറം, അതേ പടിക്കെട്ടിൽ ആശയുടെ മടിയിൽ തല വച്ചു കിടന്ന ഒരു രാത്രിയിൽ, അവരുടെ കഴുത്തിൽ ഇട്ടിരുന്ന മാല മുഖത്ത് ഉരസി അലോസരപ്പെടുത്തിയപ്പോൾ, ഗിരി അന്വേഷിച്ചു,
"ഇതെനിക്ക് തിരിച്ചു തരാൻ സമയമായില്ലേ?"
അപ്പോൾ ചൊവ്വ ഗ്രഹത്തെ കണ്ടെത്താൻ, ആകാശത്തേക്കു കണ്ണും നട്ടു പരതിക്കൊണ്ടിരുന്ന ആശ, അലസമായി മറുപടികൊടുത്തു "ഡിവോഴ്സ് ചെയ്യുമ്പോൾ തിരികെ തന്നാൽ മതിയെന്നല്ലേ പറഞ്ഞത്? അത് ചെയ്യുമ്പോൾ തരാം".
By: Anitha Shankar @ Nallezhuth FB group

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക