Slider

ൻ്റപ്പനൊരാനയൊണ്ടാർന്നു.

0

അപ്പാ നമുക്ക് ഒരാനയല്ലെ ഉള്ളൂ.
അതേ മോനേ, മോനെന്താ ഒരു സംശയം പോലെ. ആനയെന്താ അത്ര ചെറിയ ജീവിയാണോ കൂടുതൽ ഉണ്ടെങ്കിൽ നിനക്ക് കാണാതിരിയ്ക്കാനായിട്ട്.
അതല്ലപ്പാ എൻ്റെ സംശയം നമ്മുടെ സ്റ്റോറിൽ ആനയുടെ കഴുത്തിൽ പേര് എഴുതി തൂക്കുന്ന നെയിംപ്ലേറ്റ്
കുറെയെണ്ണം കണ്ടല്ലോ, ഏകദേശം പത്തിരുപതെണ്ണത്തോളം അവിടെ ഉണ്ടല്ലോ.
സന്തോഷം,മോനതെല്ലാം കണ്ടു പിടിച്ചോ?
പിന്നെ എന്തെല്ലാം കൂടെ അവിടെ കണ്ടു.
പിന്നെ പല നിറമുള്ള മുണ്ടുകളും, തോർത്തുകളും, പച്ച, വെള്ള, കറുപ്പ് , കാവി, ചുവപ്പ് എല്ലാ നിറത്തിലും കണ്ടു. അതെന്തിനാണ് ഇത്രയധികം നെയിം പ്ലേറ്റുകളും, കുറെയേറെ ആന പാപ്പാന്മാർക്കുള്ള ഡ്രസ്സുകളും മറ്റും ഉള്ളത്. നമ്മൾ കുറെ ആനകളെ വാങ്ങാൻ പോകുന്നുണ്ടോ?
ഹ ഹ ഹ,
പുതിയ ആനകളെ വാങ്ങുകയോ,
അതാണിപ്പോ നന്നായത്.
അല്ലാതെ തന്നെ നമ്മൾ
ബിസിനസ്സ് കൂട്ടില്ലേ.
അതൊക്കെയല്ലേ അപ്പൻ്റെ
കാലികമായ ബിസിനസ്സ് തന്ത്രം. അത് വളരെ സീക്ക്രട്ടാണ്.
എനിക്കും പറഞ്ഞു താ അപ്പാ ഈ ബിസിനസ്സ് സീക്ക്രട്ടെല്ലാം, അപ്പൻ്റെ കാലശേഷം ഞാനല്ലെ ഇതെല്ലാം നോക്കി നടത്തേണ്ടത്.
ആദ്യം മോൻ +2 പരീക്ഷ പാസ്സാകാനുള്ള തന്ത്രങ്ങൾ നോക്ക്, അതിനു ശേഷം മതി ബിസിനസ്സ്.
ഏഴാം ക്ലാസ്സുള്ള അപ്പൻ്റെ മകൻ +2 വരേ ആയില്ലേ, അതെല്ലാം ധാരാളം ആണപ്പാ,
നമ്മൾ തല മറന്ന് എണ്ണ തേയ്ക്കരുത്.
ശരി ശരി സമ്മതിച്ചു, നീ അപ്പൻ്റെ മകൻ തന്നേ.
എന്നാലിനി പറഞ്ഞു താ അപ്പാ അതിൻ്റെ കാര്യകാരണങ്ങൾ
പുറത്താരോടും പറയരുത്, രഹസ്യമാണ്,അതു കൊണ്ട്
ശ്രദ്ധിച്ചു കേൾക്കണം.
ശരി അപ്പാ.
നമുക്ക് ഒരാനയേ ഉള്ളൂ എന്ന സത്യം നമ്മൾ മാത്രം അറിഞ്ഞാൽ മതി. പണ്ട് നമ്മൾ ഒരു പശുവിനേയും കൊണ്ടീ ഗ്രാമത്തിൽ എല്ലാവർക്കും പാലു കൊടുത്തില്ലേ ഒരർത്ഥത്തിൽ അതു തന്നേ.
പാലിൽ നമ്മൾ നന്നായി വെള്ളം ചേർത്തല്ലേ അന്ന്
കൊടുത്തിരുന്നത്, ആനയുടെ കാര്യത്തിൽ അതെങ്ങിനെ വർക്ക് ഔട്ട് ആകും.
അതിനല്ലേ പുതിയ രീതികൾ.
നമ്മൾ ഏതു ജാതി, മതത്തിൽപ്പെട്ട ആഘോഷങ്ങൾക്കും കിടിലിൻ മേക്ക് ഓവറിലൂടെ അവരുടെ ജാതിയിലും,മതത്തിലുംപ്പെട്ട
ആനയേയും, പാപ്പൻമാരേയും നൽകും.
ഉത്സവത്തിനും, പെരുന്നാളിനും, ചന്ദനക്കുടത്തിനും ആഘോഷങ്ങൾ എന്തായാലും ആന നമ്മുടേത് തന്നേ. പല പേരുകളിൽ, പല വ്യത്യസ്ഥ ഗെറ്റപ്പുകളിൽ ആനയും, ആന പാപ്പാൻമാരും, പത്തു പുത്തൻ കൂടുതൽ മേടിച്ചാലെന്താ നമുക്ക് കൈയ്ക്കുമോ? ആൾക്കാർക്ക് അതു മതി, സ്വന്തം ജാതിയിലും മതത്തിലും പെട്ട ആന. പാപ്പാൻമാർ കൂടെ സ്വന്തം ജാതിയായാൽ അവർ പൂർണ്ണ തൃപ്തർ.
അടിപൊളി അപ്പനാണപ്പാ
അപ്പൻ. അപ്പോൾ പിന്നെ കുറെ കൊടികളും, രാഷ്ട്രീയക്കാർ അണിയുന്ന വസ്ത്രങ്ങളും, പ്രാദേശിക, ദേശീയ നേതാക്കളുടെ നെയിം പ്ലേറ്റുകളും കൂടെ കണ്ടല്ലോ.
അതിപ്പോൾ ഇലക്ഷൻ ടൈമല്ലേ, അവർക്കുമുണ്ടാകില്ലേ, ആനപ്പുറത്തുള്ള പ്രകടനവും,
സ്ഥാനാർത്ഥിയെ എഴുന്നുള്ളിക്കലും, വിജയഘോഷയാത്രയും എല്ലാം. അതിനുള്ള സജ്ജീകരണങ്ങൾ ആണ്.
അതും ഉഗ്രനായി. ഇനി ഇപ്പോൾ ഒരു കാര്യവും കൂടി മതി അപ്പാ, രണ്ടു വനിതകളെ കൂടി ഒന്നും, രണ്ടും പാപ്പാന്മാരായി വച്ചാൽ വനിതകളുടെ കാര്യത്തിൽ
സംവരണവും ആയി, വനിതാ സംഘടനകൾ നടത്തുന്ന പരിപാടിയ്ക്കും നമ്മുടെ ആന തന്നേ മുഖ്യ ആഘർഷണം.
അതു ചെയ്യാം മോനെ, നമുക്ക് ഒരാനയേകൊണ്ട്
ഒരായിരം വേഷപകർച്ച
ചെയ്യിക്കാം. നാടോടുമ്പോൾ
നടുവേ ഓടണം. ഏതായാലും
നാട്ടുകാർ നന്നാകില്ല. നമുക്കെങ്കിലും നന്നാകാം.
നാലു കാശ് കൂടുതൽ ഉണ്ടാക്കാം.

By PS Anilkumar Devidiya
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo